വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

1 പത്രൊസ്‌ 4:​3-ൽ (NW) ചില ക്രിസ്‌ത്യാനികൾ ഒരു കാലത്ത്‌ ‘നിയമവിരുദ്ധ വിഗ്രഹാരാധനയിൽ’ ഏർപ്പെട്ടിരുന്നുവെന്ന്‌ നാം വായിക്കുന്നു. എല്ലാ വിഗ്രഹാരാധനയും നിയമവിരുദ്ധമല്ലേ, അതായത്‌, ദൈവം കുറ്റംവിധിക്കുകയും വിലക്കുകയും ചെയ്യുന്നവ?

അതേ, ദൈവത്തിന്റെ ദൃഷ്ടിയിൽ എല്ലാ വിഗ്രഹാരാധനയും നിയമവിരുദ്ധമാണ്‌. അവന്റെ അംഗീകാരം തേടുന്നവർക്ക്‌ വിഗ്രഹാരാധനയിൽ ഏർപ്പെടാൻ കഴിയുകയില്ല.​—⁠1 കൊരിന്ത്യർ 5:11; വെളിപ്പാടു 21:⁠8.

എന്നിരുന്നാലും അപ്പൊസ്‌തലനായ പത്രൊസ്‌ ഇവിടെ, മറ്റൊരു ദൃഷ്ടികോണിൽനിന്നുകൊണ്ട്‌ വിഗ്രഹാരാധനയെ പരാമർശിക്കുന്നതായി തോന്നുന്നു. ഒരു കാരണം, പുരാതന കാലത്തെ അനേകം ദേശങ്ങളിലും വിഗ്രഹാരാധന സാധാരണവും അധികാരികളിൽനിന്നുള്ള യാതൊരു നിയമ വിലക്കും ഇല്ലാത്തതുമായിരുന്നു എന്നതാണ്‌. അതായത്‌, ദേശത്തിന്റെ നിയമം അത്തരം വിഗ്രഹാരാധനയെ വിലക്കിയിരുന്നില്ല. ചില വിഗ്രഹാരാധന ദേശീയ നയത്തിന്റെ അഥവാ ഗവൺമെന്റ്‌ നയത്തിന്റെ ഭാഗം പോലുമായിരുന്നു. അതുകൊണ്ട്‌, ക്രിസ്‌ത്യാനികൾ ആകുന്നതിനു മുമ്പ്‌ ചിലർ ‘നിയമവിലക്കു കൂടാതെയുള്ള വിഗ്രഹാരാധനയിൽ’ പങ്കുപറ്റിയിരുന്നു. (പുതിയലോക ഭാഷാന്തരം, 1950-ലെ പതിപ്പ്‌) ഉദാഹരണത്തിന്‌, ബാബിലോണിയൻ രാജാവായ നെബൂഖദ്‌നേസർ ഒരു സ്വർണ ബിംബം സ്ഥാപിച്ചെന്ന്‌ ഓർക്കുക. എന്നാൽ യഹോവയുടെ ദാസന്മാരായ ശദ്രക്‌, മേശക്‌, അബേദ്‌-നെഗോ എന്നിവർ അതിനെ ആരാധിക്കാൻ വിസമ്മതിച്ചു.​—⁠ദാനീയേൽ 3:​1-12.

മറ്റൊരു വീക്ഷണകോണിൽനിന്ന്‌ നോക്കിയാൽ വിഗ്രഹാരാധനാപരമായ പല ചടങ്ങുകളിലും എല്ലാ പ്രകൃതി നിയമങ്ങൾക്കും മനുഷ്യന്റെ ജന്മസിദ്ധ മനസ്സാക്ഷിയിൽനിന്ന്‌ ഉടലെടുക്കുന്ന ഏതൊരു ധാർമിക ബോധത്തിനും കടക വിരുദ്ധമായ പ്രവൃത്തികൾ ഉൾപ്പെട്ടിരുന്നു. (റോമർ 2:​14, 15) ‘സ്വഭാവവിരുദ്ധവും’ ‘അവലക്ഷണവും’ ആയ അധഃപതിച്ച പ്രവൃത്തികളെ കുറിച്ച്‌ പൗലൊസ്‌ അപ്പൊസ്‌തലൻ എഴുതി. പലപ്പോഴും മതപരമായ ചടങ്ങുകളിൽ ഇത്തരം പ്രവൃത്തികൾ സ്ഥാനം പിടിച്ചിരുന്നു. (റോമർ 1:​26, 27) ‘നിയമവിരുദ്ധ വിഗ്രഹാരാധനയിൽ’ ഉൾപ്പെട്ടിരുന്ന സ്‌ത്രീപുരുഷന്മാർ മനുഷ്യ മനസ്സാക്ഷി വെക്കുന്ന നിയമ വിലക്കിനെ മാനിച്ചില്ല. ക്രിസ്‌ത്യാനികളാകുന്നവർ അത്തരം ദുഷിച്ച നടപടികൾ ഉപേക്ഷിച്ചത്‌ തീർച്ചയായും ഉചിതമായിരുന്നു.

കൂടാതെ, യഹൂദേതരരുടെ ഇടയിൽ സാധാരണമായിരുന്ന ഇത്തരം വിഗ്രഹാരാധനയെ യഹോവയാം ദൈവം കുറ്റംവിധിച്ചിരുന്നു. അതുകൊണ്ട്‌ അവ നിയമവിരുദ്ധമായിരുന്നു. *​—⁠കൊലൊസ്സ്യർ 3:​5-7.

[അടിക്കുറിപ്പുകൾ]

^ ഖ. 6 ഗ്രീക്കു പാഠത്തിൽ 1 പത്രൊസ്‌ 4:​3-ൽ ഉപയോഗിച്ചിരിക്കുന്ന പദപ്രയോഗത്തിന്റെ അക്ഷരീയ അർഥം “നിയമപരമല്ലാത്ത വിഗ്രഹാരാധന” എന്നാണ്‌. വ്യത്യസ്‌ത മലയാളം ബൈബിളുകളിൽ “നിഷിദ്ധ വിഗ്രഹാരാധന,” “അധർമ്മ ബിംബാരാധന,” “ധർമവിരുദ്ധ വിഗ്രഹാരാധന” എന്നിങ്ങനെയുള്ള വ്യത്യസ്‌ത പദപ്രയോഗങ്ങൾ ഉപയോഗിച്ചിരിക്കുന്നു.