സന്തുഷ്ട കൊയ്‌ത്തു വേലക്കാർ ആയിരിക്കുവിൻ!
സന്തുഷ്ട കൊയ്‌ത്തു വേലക്കാർ ആയിരിക്കുവിൻ!
“കൊയ്‌ത്തു വളരെ ഉണ്ടു സത്യം, വേലക്കാരോ ചുരുക്കം; ആകയാൽ കൊയ്‌ത്തിന്റെ യജമാനനോടു കൊയ്‌ത്തിലേക്കു വേലക്കാരെ അയക്കേണ്ടതിന്നു യാചിപ്പിൻ.” —മത്തായി 9:37, 38.
1. ദൈവേഷ്ടം ചെയ്യുന്നതിൽ സ്ഥിരോത്സാഹം പ്രകടമാക്കാൻ നമ്മെ എന്തു സഹായിക്കുന്നു?
നാം സ്‌നാപനമേറ്റ് യഹോവയുടെ ദാസരായിത്തീർന്നിട്ട് വർഷങ്ങൾ എത്ര കഴിഞ്ഞിരിക്കാമെങ്കിലും അത് ഇന്നലെ നടന്നതു പോലെ തോന്നിയേക്കാം. യഹോവയെ സ്‌തുതിക്കുന്നത് നമ്മുടെ സമർപ്പിത ജീവിതത്തിന്റെ കേന്ദ്രബിന്ദു ആയിത്തീർന്നു. രാജ്യസന്ദേശം കേൾക്കുന്നതിനും സാധ്യതയനുസരിച്ച് അതു സ്വീകരിക്കുന്നതിനും മറ്റുള്ളവരെ സഹായിക്കുന്നതിന് അവസരോചിത സമയം വിലയ്‌ക്കു വാങ്ങവേ യഹോവയെ സന്തോഷപൂർവം സേവിക്കുക എന്നതായിരുന്നു നമ്മുടെ മുഖ്യ താത്‌പര്യം. (എഫെസ്യർ 5:15, 16, NW) ഇന്നുവരെ ഉള്ള നമ്മുടെ അനുഭവത്തിൽനിന്ന്, ‘കർത്താവിന്റെ വേലയിൽ വർദ്ധിച്ചുവരുന്നതിൽ’ തിരക്കുള്ളവർ ആയിരിക്കുമ്പോൾ സമയം പറന്നുപോകുന്നതായി നാം കണ്ടെത്തിയിരിക്കുന്നു. (1 കൊരിന്ത്യർ 15:58) പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നെങ്കിലും യഹോവയുടെ ഇഷ്ടം ചെയ്യുന്നതിലെ സന്തോഷം വേലയിൽ തുടരാൻ നമ്മെ പ്രചോദിപ്പിക്കുന്നു.—നെഹെമ്യാവു 8:10.
2. ആലങ്കാരിക കൊയ്‌ത്തു വേലയിൽ നമുക്ക് അനുഭവപ്പെടുന്ന സന്തോഷത്തിനു സംഭാവന ചെയ്യുന്നത് എന്ത്?
2 ക്രിസ്‌ത്യാനികളെന്ന നിലയിൽ, നാം ഒരു ആലങ്കാരിക കൊയ്‌ത്തു വേലയിൽ ഏർപ്പെട്ടിരിക്കുകയാണ്. നിത്യജീവനായുള്ള ആളുകളുടെ കൂട്ടിച്ചേർക്കലിനെ യേശുക്രിസ്‌തു ഒരു കൊയ്‌ത്തിനോട് ഉപമിച്ചു. (യോഹന്നാൻ 4:35-38) ഇന്നു നാം അത്തരമൊരു കൊയ്‌ത്തിൽ പങ്കെടുക്കുന്നതുകൊണ്ട് ആദിമ ക്രിസ്‌തീയ കൊയ്‌ത്തുകാർ അനുഭവിച്ച സന്തോഷത്തെ കുറിച്ചുള്ള ഒരു പരിചിന്തനം നമുക്ക് പ്രോത്സാഹനമാകും. ഇന്നത്തെ കൊയ്‌ത്തു വേലയിൽ നമുക്കു സന്തോഷം പ്രദാനം ചെയ്യുന്ന മൂന്നു ഘടകങ്ങൾ നാം പരിശോധിക്കും. (1) പ്രത്യാശ നൽകുന്ന നമ്മുടെ സന്ദേശം, (2) നമ്മുടെ അന്വേഷണത്തിന്റെ വിജയം, (3) കൊയ്‌ത്തു വേലക്കാരെന്ന നിലയിലുള്ള നമ്മുടെ സമാധാനപാലന മനോഭാവം എന്നിവയാണ് അവ.
കൊയ്‌ത്തു വേലക്കാർ എന്ന നിലയിൽ അയയ്‌ക്കപ്പെടുന്നു
3. യേശുവിന്റെ ആദിമ ശിഷ്യന്മാർ സന്തോഷം അനുഭവിച്ചത് ഏതു കാര്യത്തിൽ?
3 പൊ.യു. 33-ൽ പുനരുത്ഥാനം ചെയ്‌ത ക്രിസ്‌തുവിനെ കാണാനായി ഗലീലയിലെ ഒരു മലയിലേക്കു പോയ ദിവസം ആദിമ കൊയ്‌ത്തു വേലക്കാരുടെ—പ്രത്യേകിച്ചും യേശുവിന്റെ 11 വിശ്വസ്‌ത അപ്പൊസ്‌തലന്മാരുടെ—ജീവിതത്തിൽ എത്ര വലിയ മാറ്റമാണ് ഉണ്ടായത്! (മത്തായി 28:16) “അഞ്ഞൂററിൽ അധികം സഹോദരന്മാർ” അന്ന് അവിടെ സന്നിഹിതരായിരുന്നിരിക്കണം. (1 കൊരിന്ത്യർ 15:6) യേശു നൽകിയ നിയോഗം അവരുടെ കാതുകളിൽ മുഴങ്ങിക്കൊണ്ടിരുന്നു. അവൻ അവരോടു പറഞ്ഞു: “നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്‌നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്‌പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ.” (മത്തായി 28:19, 20) കഠിനമായ പീഡനം ഉണ്ടായിരുന്നിട്ടും ഒന്നിനു പുറകേ ഒന്നായി അനേകം സ്ഥലങ്ങളിൽ ക്രിസ്‌തുശിഷ്യന്മാരുടെ സഭകൾ സ്ഥാപിക്കപ്പെടുന്നതു കണ്ടപ്പോൾ അവർക്ക് കൊയ്‌ത്തു വേലയിൽനിന്നു വളരെയധികം സന്തോഷം ലഭിച്ചു. സമയം കടന്നു പോയതോടെ, ‘ആകാശത്തിൻകീഴെ സകലസൃഷ്ടികളുടെയും ഇടയിൽ സുവിശേഷം ഘോഷിക്കപ്പെട്ടു.’—കൊലൊസ്സ്യർ 1:23; പ്രവൃത്തികൾ 1:8; 16:5.
4. ഏതു സാഹചര്യങ്ങളിൻ കീഴിലാണ് യേശു തന്റെ ശിഷ്യന്മാരെ അയച്ചത്?
4 ഗലീലയിലെ തന്റെ ശുശ്രൂഷയുടെ പ്രാരംഭഘട്ടത്തിൽ യേശു 12 അപ്പൊസ്‌തലന്മാരെ വിളിച്ച്, “സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു” എന്നു ഘോഷിക്കുന്നതിനുള്ള പ്രത്യേക നിയോഗവുമായി അവരെ പറഞ്ഞയച്ചു. മത്തായി 10:1-7) അവൻതന്നെയും “[ഗലീലയിലെ] പട്ടണംതോറും ഗ്രാമംതോറും സഞ്ചരിച്ചു അവരുടെ പള്ളികളിൽ ഉപദേശിച്ചു രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കയും സകലവിധദീനവും വ്യാധിയും സൌഖ്യമാക്കുകയും ചെയ്‌തു.” “പുരുഷാരത്തെ ഇടയനില്ലാത്ത ആടുകളെപ്പോലെ കുഴഞ്ഞവരും ചിന്നിയവരുമായി കണ്ടിട്ടു” അവന് അവരോടു മനസ്സലിവു തോന്നി. (മത്തായി 9:35, 36) ആഴമായ വികാരത്തോടെ അവൻ തന്റെ ശിഷ്യന്മാരോടു പറഞ്ഞു: “കൊയ്‌ത്തു വളരെ ഉണ്ടു സത്യം, വേലക്കാരോ ചുരുക്കം; ആകയാൽ കൊയ്‌ത്തിന്റെ യജമാനനോടു [യഹോവയാം ദൈവത്തോടു] കൊയ്‌ത്തിലേക്കു വേലക്കാരെ അയക്കേണ്ടതിന്നു യാചിപ്പിൻ.” (മത്തായി 9:37, 38) തന്റെ ഭൗമിക ശുശ്രൂഷ അവസാനിക്കുന്നതിന് ആറു മാസം മാത്രം ഉള്ളപ്പോൾ യെഹൂദ്യയിലെ കൊയ്‌ത്തു വേലക്കാരുടെ ആവശ്യം സംബന്ധിച്ചും അവന്റെ വിലയിരുത്തൽ അതുതന്നെ ആയിരുന്നു. (ലൂക്കൊസ് 10:2) രണ്ട് അവസരങ്ങളിലും യേശു തന്റെ അനുഗാമികളെ കൊയ്‌ത്തു വേലക്കാർ എന്ന നിലയിൽ അയച്ചു.—മത്തായി 10:5; ലൂക്കൊസ് 10:3.
(പ്രത്യാശ നൽകുന്ന നമ്മുടെ സന്ദേശം
5. ഏതു തരം സന്ദേശമാണ് നാം ഘോഷിക്കുന്നത്?
5 യഹോവയുടെ ആധുനികകാല ദാസരായ നാം കൊയ്‌ത്തു വേലക്കാർക്കായുള്ള വിളിയോട് സന്തോഷത്തോടെ പ്രതികരിക്കുന്നു. ഹൃദയം തകർന്നവരുടെയും വിഷാദചിത്തരുടെയും അടുക്കൽ നാം പ്രത്യാശയുടെ ഒരു സന്ദേശം എത്തിക്കുന്നു എന്ന സംഗതിയാണ് നമുക്കു വളരെയധികം സന്തോഷം കൈവരുത്തുന്ന ഒരു ഘടകം. യേശുവിന്റെ ഒന്നാം നൂറ്റാണ്ടിലെ ശിഷ്യന്മാർക്ക് ഉണ്ടായിരുന്നതു പോലെ, “ഇടയനില്ലാത്ത ആടുകളെപ്പോലെ കുഴഞ്ഞവരും ചിന്നിയവരുമായ” ആളുകളോട് സുവാർത്ത—യഥാർഥ പ്രത്യാശയുടെ സന്ദേശം—ഘോഷിക്കുന്നതിനുള്ള എത്ര മഹത്തായ പദവിയാണ് നമുക്കുള്ളത്!
6. ഒന്നാം നൂറ്റാണ്ടിൽ അപ്പൊസ്‌തലന്മാർ ഏതു പ്രവർത്തനത്തിൽ ഏർപ്പെട്ടു?
6 ഒന്നാം നൂറ്റാണ്ടിന്റെ പകുതി ആയപ്പോഴേക്കും അപ്പൊസ്‌തലനായ പൗലൊസ് സുവിശേഷം പ്രസംഗിക്കുന്നതിൽ തിരക്കുള്ളവനായിരുന്നു. അവന്റെ കൊയ്‌ത്തു വേല ഫലപ്രദമായിരുന്നു എന്നതിൽ സംശയമില്ല. കാരണം, പൊ.യു. ഏകദേശം 55-ൽ കൊരിന്തിലെ ക്രിസ്‌ത്യാനികൾക്ക് എഴുതിയപ്പോൾ അവൻ ഇങ്ങനെ പറഞ്ഞു: “സഹോദരരേ, നിങ്ങൾ സ്വീകരിച്ചതും നിങ്ങളുടെ അടിസ്ഥാനമായി നിലകൊള്ളുന്നതും നിങ്ങൾക്കു രക്ഷ പ്രദാനംചെയ്‌തതുമായ സുവിശേഷം ഞാൻ എപ്രകാരമാണ് നിങ്ങളോടു പ്രസംഗിച്ചതെന്ന് ഇനി നിങ്ങളെ അനുസ്‌മരിപ്പിക്കാം.” (1 കൊരിന്ത്യർ 15:1, പി.ഒ.സി. ബൈബിൾ) അപ്പൊസ്‌തലന്മാരും മറ്റ് ആദിമ ക്രിസ്‌ത്യാനികളും കഠിനാധ്വാനികളായ കൊയ്‌ത്തു വേലക്കാർ ആയിരുന്നു. പൊ.യു. 70-ലെ യെരൂശലേമിന്റെ നാശത്തിൽ കലാശിച്ച നിർണായക സംഭവങ്ങളെ എത്ര അപ്പൊസ്‌തലന്മാർ അതിജീവിച്ചുവെന്ന് ബൈബിൾ പറയുന്നില്ലെങ്കിലും ഏതാണ്ട് 25 വർഷത്തിനു ശേഷവും യോഹന്നാൻ അപ്പൊസ്‌തലൻ പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നതായി നമുക്ക് അറിയാം.—വെളിപ്പാടു 1:9.
7, 8. മുമ്പെന്നത്തേതിലും അടിയന്തിരമായി യഹോവയുടെ സാക്ഷികൾ ഘോഷിച്ചുകൊണ്ടിരിക്കുന്ന പ്രത്യാശയുടെ സന്ദേശം എന്ത്?
7 അതിനു ശേഷം നൂറ്റാണ്ടുകളോളം വിശ്വാസത്യാഗിയായ “അധർമ്മമൂർത്തി,” അതായത് ക്രൈസ്‌തവലോകത്തിലെ വൈദികർ ആധിപത്യം പുലർത്തി. (2 തെസ്സലൊനീക്യർ 2:3) എന്നാൽ 19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടടുത്ത്, തങ്ങളുടെ ജീവിതത്തെ ആദിമ ക്രിസ്‌ത്യാനിത്വത്തിന് ചേർച്ചയിൽ കൊണ്ടുവരാൻ ആഗ്രഹിച്ച ഒരു കൂട്ടം ആളുകൾ രാജ്യത്തെ പ്രസിദ്ധമാക്കിക്കൊണ്ട് പ്രത്യാശയുടെ സന്ദേശം ഏറ്റെടുത്തു. വാസ്‌തവത്തിൽ, ഈ മാസികയുടെതന്നെ ഒന്നാമത്തെ പതിപ്പു മുതൽ (ജൂലൈ 1879) അതിന്റെ ശീർഷകത്തിൽ “ക്രിസ്‌തു സാന്നിദ്ധ്യ സാരഥി” “ക്രിസ്‌തു രാജ്യ സാരഥി” അല്ലെങ്കിൽ “യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു” എന്നീ വാക്കുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
8 യേശുക്രിസ്‌തുവിന്റെ കൈകളിലെ ദൈവത്തിന്റെ സ്വർഗീയ രാജ്യം 1914-ൽ സ്ഥാപിതമായി. നാമിപ്പോൾ മുമ്പെന്നത്തേതിലും അടിയന്തിരതയോടെ പ്രത്യാശയുടെ സന്ദേശം ഘോഷിച്ചുകൊണ്ടിരിക്കുകയാണ്. എന്തുകൊണ്ട്? കാരണം, രാജ്യഭരണത്തിന്റെ അനുഗ്രഹങ്ങളിൽ ഇപ്പോഴത്തെ ദുഷ്ട വ്യവസ്ഥിതിയുടെ ആസന്നമായ നാശവും ഉൾപ്പെടുന്നു. (ദാനീയേൽ 2:44) ഇതിനെക്കാൾ നല്ല എന്തു സന്ദേശമാണ് ഉള്ളത്? അതുപോലെ, “മഹോപദ്രവം” ആഞ്ഞടിക്കുന്നതിനു മുമ്പ് രാജ്യം പ്രസിദ്ധമാക്കുന്നതിൽ ഒരു പങ്കുണ്ടായിരിക്കുന്നതിനെക്കാൾ വലിയ എന്ത് സന്തോഷമാണ് നമുക്ക് ആസ്വദിക്കാനാവുക?—മത്തായി 24:21, NW; മർക്കൊസ് 13:10.
വിജയകരമായ ഒരു അന്വേഷണം
9. ശിഷ്യന്മാർക്ക് യേശു എന്തു നിർദേശം നൽകി, ആളുകൾ രാജ്യ സന്ദേശത്തോടു പ്രതികരിച്ചത് എങ്ങനെ?
9 കൊയ്‌ത്തുകാർ എന്ന നിലയിൽ നമുക്കു സന്തോഷം നൽകുന്ന മറ്റൊരു ഘടകം ശിഷ്യരായിത്തീരുകയും കൊയ്‌ത്തു വേലയിൽ നമ്മോടൊപ്പം ചേരുകയും ചെയ്യുന്നവർക്കായുള്ള നമ്മുടെ അന്വേഷണത്തിന്റെ വിജയമാണ്. പൊ.യു. 31-32-ൽ യേശു ശിഷ്യന്മാർക്ക് ഈ നിർദേശം നൽകി: “ഏതു പട്ടണത്തിലോ ഗ്രാമത്തിലോ കടക്കുമ്പോൾ അവിടെ യോഗ്യൻ ആർ എന്നു അന്വേഷിപ്പിൻ.” (മത്തായി 10:11) എല്ലാ ആളുകളും യോഗ്യരായിരുന്നില്ല എന്ന് രാജ്യസന്ദേശത്തോടുള്ള അവരുടെ പ്രതികരണം വെളിപ്പെടുത്തി. എന്നിരുന്നാലും, ആളുകളെ കണ്ടെത്താൻ കഴിയുമായിരുന്നിടങ്ങളിലെല്ലാം യേശുവിന്റെ ശിഷ്യന്മാർ സുവാർത്ത സതീക്ഷ്‌ണം പ്രസംഗിച്ചു.
10. യോഗ്യരായവർക്കായുള്ള അന്വേഷണത്തിൽ പൗലൊസ് തുടർന്നത് എങ്ങനെ?
പ്രവൃത്തികൾ 17:17, 34; 20:20.
10 യേശു മരിച്ച് പുനരുത്ഥാനം ചെയ്‌ത ശേഷവും യോഗ്യരായവർക്കായുള്ള അന്വേഷണം ഊർജിതമായി മുന്നോട്ടു പോയി. പൗലൊസ് യഹൂദന്മാരുടെ പള്ളിയിൽവെച്ച് അവരോടും അഥേനയിൽ ചന്തസ്ഥലത്തു കണ്ടുമുട്ടിയവരോടും സംഭാഷിച്ചുപോന്നു. ആ ഗ്രീക്കു നഗരത്തിലെ അരയോപഗയിൽ സാക്ഷ്യം നൽകിയപ്പോൾ, “ചില പുരുഷന്മാർ അവനോടു ചേർന്നു വിശ്വസിച്ചു; അവരിൽ അരയോപഗസ്ഥാനിയായ ദിയൊനുസ്യോസും ദമരിസ് എന്നു പേരുള്ളോരു സ്‌ത്രീയും മററുചിലരും ഉണ്ടായിരുന്നു.” പൗലൊസ് എവിടെയൊക്കെ പോയോ അവിടെയെല്ലാം “പരസ്യമായും വീടുതോറും” പ്രസംഗിക്കുന്നതിൽ നല്ല മാതൃക വെച്ചു.—11. വർഷങ്ങൾക്കു മുമ്പ് ശുശ്രൂഷ നിർവഹിക്കുന്നതിന് ഏതെല്ലാം രീതികൾ ഉപയോഗിച്ചിരുന്നു?
11 പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ അഭിഷിക്ത ക്രിസ്‌ത്യാനികൾ യോഗ്യരായവർക്കായുള്ള അന്വേഷണത്തിൽ സധൈര്യം ഏർപ്പെട്ടു. സീയോന്റെ വീക്ഷാഗോപുരത്തിന്റെ 1881 ജൂലൈ/ആഗസ്റ്റ് ലക്കത്തിൽ വന്ന “പ്രസംഗിക്കുന്നതിന് അഭിഷേകം ചെയ്യപ്പെട്ടവർ” എന്ന ഒരു ലേഖനം ഇങ്ങനെ പറഞ്ഞു: “സുവാർത്ത പ്രസംഗം ‘സൗമ്യരായവരുടെ’ അടുക്കലേക്കു പോകുകയാണ്—ശ്രദ്ധിക്കാൻ കഴിവും മനസ്സൊരുക്കവുമുള്ള അവരിൽനിന്ന് ക്രിസ്‌തുവിന്റെ കൂട്ടവകാശികളാകുന്ന അവന്റെ ശരീരത്തിനു രൂപം നൽകാൻ കഴിയേണ്ടതിനു തന്നെ.” ദൈവത്തിന്റെ കൊയ്‌ത്തു വേലക്കാർ പലപ്പോഴും പള്ളിശുശ്രൂഷ കഴിഞ്ഞു മടങ്ങിപ്പോകുന്ന ആളുകളെ സമീപിച്ച് യോഗ്യരായവരിൽ അനുകൂല പ്രതികരണം ഉണർത്താൻ തക്കവിധം തയ്യാറാക്കിയ തിരുവെഴുത്ത് സന്ദേശങ്ങൾ അടങ്ങിയ ലഘുലേഖകൾ വിതരണം ചെയ്‌തു. ഈ വിധത്തിലുള്ള സാക്ഷീകരണത്തിന്റെ ഫലപ്രദത്വം ശ്രദ്ധാപൂർവം വിശകലനം ചെയ്‌ത ശേഷം 1903, മേയ് 15-ലെ വീക്ഷാഗോപുരം “ഞായറാഴ്‌ച രാവിലെകളിൽ വീടുതോറും” ലഘുലേഖകൾ വിതരണം ചെയ്യാൻ കൊയ്‌ത്തു വേലക്കാരെ ഉദ്‌ബോധിപ്പിച്ചു.
12. പ്രസംഗ പ്രവർത്തനം കൂടുതൽ ഫലപ്രദമായി നിർവഹിക്കാൻ നാം എന്തു ചെയ്‌തിരിക്കുന്നു? ദൃഷ്ടാന്തീകരിക്കുക.
12 ആളുകളെ അവരുടെ വീടുകളിൽ മാത്രമല്ല മറ്റിടങ്ങളിലും കണ്ടുമുട്ടി സുവാർത്ത പങ്കുവെച്ചുകൊണ്ട് അടുത്ത കാലത്ത് നാം നമ്മുടെ ശുശ്രൂഷ വിപുലപ്പെടുത്തിയിരിക്കുന്നു. നിലവിലുള്ള സാമ്പത്തിക സ്ഥിതി നിമിത്തമോ ആളുകൾ ഒഴിവുസമയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനാലോ നമ്മൾ സാധാരണ ചെല്ലുന്ന സമയത്ത് അവരെ വീടുകളിൽ കണ്ടുമുട്ടാൻ കഴിയാതെ വരുന്ന രാജ്യങ്ങളിൽ ഇതു വളരെ ഫലപ്രദം എന്നു തെളിഞ്ഞിട്ടുണ്ട്. കടൽത്തീരത്ത് ദിവസം ചെലവഴിച്ച ശേഷം ആളുകൾ പതിവായി ബസ്സിൽ മടങ്ങിപ്പോകുന്നതു നിരീക്ഷിച്ച ഇംഗ്ലണ്ടിലെ രണ്ടു സാക്ഷികൾ ആ ബസ്സുകളിൽ കയറി യാത്രക്കാർക്ക് വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും പ്രതികൾ സമർപ്പിക്കുന്നതിനു ധൈര്യം സംഭരിച്ചു. ഒരു മാസത്തിൽ അവർ 229 മാസികകൾ സമർപ്പിച്ചു. അവർ ഇങ്ങനെ പറയുന്നു: “കടൽത്തീരത്തും ബിസിനസ് പ്രദേശങ്ങളിലും സാക്ഷീകരിക്കാനോ ഉയർന്നു വന്നേക്കാവുന്ന മറ്റേതൊരു വെല്ലുവിളിയെയും നേരിടാനോ ഞങ്ങൾക്കു ഭയമില്ല. കാരണം യഹോവ എപ്പോഴും ഞങ്ങളുടെ കൂടെ ഉണ്ടെന്ന് ഞങ്ങൾക്ക് അറിയാം.” അവർ ഒരു മാസികാ റൂട്ടും ബൈബിളധ്യയനവും ആരംഭിച്ചു. കൂടാതെ, രണ്ടു പേരും സഹായ പയനിയർ സേവനത്തിലും പങ്കെടുത്തിരിക്കുന്നു.
13. ചില സ്ഥലങ്ങളിൽ നമ്മുടെ ശുശ്രൂഷയിൽ എന്തു പൊരുത്തപ്പെടുത്തൽ വരുത്തേണ്ടതായി വന്നിരിക്കുന്നു?
13 യോഗ്യരായവർക്കായുള്ള അന്വേഷണം തുടരവേ ചില സ്ഥലങ്ങളിൽ നമ്മുടെ ശുശ്രൂഷ നിർവഹിക്കുന്ന വിധം ശ്രദ്ധാപൂർവം പുനഃപരിശോധിക്കേണ്ടത് ഉണ്ടായിരിക്കാം. ഞായറാഴ്‌ച രാവിലെ വീടുതോറുമുള്ള വേലയിൽ പങ്കെടുക്കുക എന്നത് അനേകം സാക്ഷികളുടെയും പതിവായിരുന്നിട്ടുണ്ട്. എന്നാൽ ചില സ്ഥലങ്ങളിൽ വളരെ നേരത്തേ ചെല്ലുമ്പോൾ വീട്ടുകാർ ഉറക്കമായിരിക്കും എന്നതിനാൽ അത്തരം സന്ദർശനങ്ങൾ അത്ര ഫലപ്രദമല്ല എന്നു കണ്ടെത്തിയിരിക്കുന്നു. തങ്ങളുടെ പട്ടികയിൽ പൊരുത്തപ്പെടുത്തലുകൾ വരുത്തിക്കൊണ്ട് ഇപ്പോൾ പലരും കുറേക്കൂടെ വൈകി, ഒരുപക്ഷേ
ക്രിസ്‌തീയ യോഗങ്ങൾക്കു ശേഷമുള്ള സമയത്ത് ഈ അന്വേഷണത്തിൽ ഏർപ്പെടുന്നു. ഇതു വളരെ ഫലപ്രദമെന്നു തെളിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം ലോകവ്യാപകമായി രാജ്യ പ്രസാധകരുടെ എണ്ണത്തിൽ 2.3 ശതമാനം വർധനവ് ഉണ്ടായി. ഇത് കൊയ്‌ത്തിന്റെ യജമാനനു ബഹുമതി കൈവരുത്തുകയും നമുക്കു ഹൃദയാനന്ദം നൽകുകയും ചെയ്യുന്നു.കൊയ്‌ത്തു വേലയിൽ സമാധാനം നിലനിറുത്തുക
14. ഏതു മനോഭാവത്തോടെയാണ് നാം സന്ദേശം അവതരിപ്പിക്കുന്നത്, എന്തുകൊണ്ട്?
14 സമാധാനപാലനത്തിന്റെ ഒരു മനോഭാവത്തോടെ കൊയ്‌ത്തു വേലയിൽ ഏർപ്പെടുന്നതാണ് നമ്മുടെ സന്തോഷത്തിനുള്ള മറ്റൊരു കാരണം. യേശു പറഞ്ഞു: “വീട്ടിൽ ചെല്ലുമ്പോൾ അതിന്നു വന്ദനം പറവിൻ. വീട്ടിന്നു യോഗ്യതയുണ്ടെങ്കിൽ നിങ്ങളുടെ സമാധാനം അതിന്മേൽ വരട്ടെ.” (മത്തായി 10:12, 13) എബ്രായർക്കിടയിൽ നിലവിലുണ്ടായിരുന്ന അഭിവാദനത്തിനും ബൈബിൾ എഴുത്തുകാർ ഉപയോഗിച്ച ഗ്രീക്കിലെ തത്തുല്യ പദത്തിനും ‘നിങ്ങൾക്കു നന്മ വരട്ടെ’ എന്ന ആശയമാണുള്ളത്. സുവാർത്തയുമായി ആളുകളെ സമീപിക്കുമ്പോൾ ഇത്തരത്തിലുള്ള ഒരു മനോഭാവമാണ് നാം പ്രകടിപ്പിക്കുന്നത്. അവർ രാജ്യ സന്ദേശത്തോട് അനുകൂലമായി പ്രതികരിക്കുമെന്ന് നാം പ്രതീക്ഷിക്കുന്നു. അങ്ങനെ ചെയ്യുന്നവർ തങ്ങളുടെ പാപങ്ങൾ സംബന്ധിച്ച് അനുതപിച്ച്, മാറ്റം വരുത്തി, ദൈവേഷ്ടം ചെയ്യുമ്പോൾ അവർക്ക് ദൈവവുമായി നിരപ്പിലാകാനുള്ള അവസരം ലഭിക്കുന്നു. ദൈവവുമായുള്ള ഈ സമാധാനം അവരെ നിത്യജീവനിലേക്കു നയിക്കും.—യോഹന്നാൻ 17:3; പ്രവൃത്തികൾ 3:19; 13:38, 48; 2 കൊരിന്ത്യർ 5:18-20.
15. പ്രസംഗ പ്രവർത്തനത്തിൽ പ്രതികൂല പ്രതികരണം ഉണ്ടാകുമ്പോൾ നമുക്ക് എങ്ങനെ സമാധാനപരമായ ഒരു മനോഭാവം നിലനിറുത്താനാകും?
15 പ്രതികരണം പ്രതികൂലമായിരിക്കുമ്പോൾ നമുക്ക് എങ്ങനെ സമാധാനം നിലനിറുത്താൻ കഴിയും? യേശു നിർദേശിച്ചു: “[വീടിനു] യോഗ്യതയില്ല എന്നു വരികിൽ സമാധാനം നിങ്ങളിലേക്കു മടങ്ങിപ്പോരട്ടെ.” (മത്തായി 10:13) 70 ശിഷ്യന്മാരെ അയച്ചതു സംബന്ധിച്ച ലൂക്കൊസിന്റെ വിവരണത്തിൽ യേശുവിന്റെ പിൻവരുന്ന വാക്കുകൾ രേഖപ്പെടുത്തിയിരിക്കുന്നു: “അവിടെ ഒരു സമാധാനപുത്രൻ ഉണ്ടെങ്കിൽ നിങ്ങളുടെ സമാധാനം അവന്മേൽ വസിക്കും; ഇല്ലെന്നുവരികിലോ നിങ്ങളിലേക്കു മടങ്ങിപ്പോരും.” (ലൂക്കൊസ് 10:6) ഹൃദ്യവും സമാധാനപരവുമായ ഒരു വിധത്തിലാണ് നാം ആളുകളുടെ അടുക്കൽ സുവാർത്ത എത്തിക്കുന്നത്. അത് ഉചിതവുമാണ്. ആളുകളുടെ താത്‌പര്യമില്ലായ്‌മയോ പരാതിയോ ദയാരഹിതമായ സംസാരമോ ഒക്കെ നമ്മുടെ സമാധാന സന്ദേശം ‘നമ്മിലേക്കു തന്നെ മടങ്ങുന്നതിന്’ ഇടയാക്കുക മാത്രമാണു ചെയ്യുന്നത്. ഇവയൊന്നും യഹോവയുടെ ആത്മാവിന്റെ ഫലമായ സമാധാനം നമ്മിൽനിന്നു കവർന്നു കളയുന്നില്ല.—ഗലാത്യർ 5:22, 23.
കൊയ്‌ത്തു വേലക്കാർക്ക് ഒരു ഉത്‌കൃഷ്ട ലക്ഷ്യം
16, 17. (എ) മടക്കസന്ദർശനങ്ങൾ നടത്തുമ്പോഴത്തെ നമ്മുടെ ലക്ഷ്യം എന്ത്? (ബി) ബൈബിൾ ചോദ്യങ്ങൾ ഉള്ളവരെ നമുക്ക് എങ്ങനെ സഹായിക്കാൻ കഴിയും?
16 കൊയ്‌ത്തു വേലക്കാരെന്ന നിലയിൽ നിത്യജീവനായുള്ള ആളുകളുടെ കൂട്ടിച്ചേർപ്പിൽ ഒരു പങ്കുണ്ടായിരിക്കാൻ കഴിയുന്നതിൽ നാം ആനന്ദിക്കുന്നു. നാം പ്രസംഗിക്കുന്ന ഒരു വ്യക്തി അനുകൂലമായി പ്രതികരിക്കുകയും കൂടുതൽ അറിയാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും “സമാധാനപുത്രൻ” ആണെന്നു തെളിയുകയും ചെയ്യുമ്പോൾ നമുക്ക് എത്ര വലിയ സന്തോഷമാണ്
അനുഭവപ്പെടുന്നത്! ഒരുപക്ഷേ അയാൾക്ക് അനേകം ബൈബിൾ ചോദ്യങ്ങൾ ഉണ്ടായിരിക്കാം. അവയ്‌ക്കെല്ലാം ഒരു സന്ദർശനത്തിൽ ഉത്തരം നൽകുക അസാധ്യമാണെന്ന് നാം കണ്ടെത്തുന്നു. ആദ്യ സന്ദർശനം വളരെ നേരം ദീർഘിപ്പിക്കുന്നത് ഉചിതമല്ലായിരുന്നേക്കാവുന്നതിനാൽ എന്തു ചെയ്യാൻ കഴിയും? ഏകദേശം 60 വർഷം മുമ്പ് ശുപാർശ ചെയ്യപ്പെട്ടതു പോലെയുള്ള ഒരു ലക്ഷ്യം നമുക്കു വെക്കാവുന്നതാണ്.17 “യഹോവയുടെ സാക്ഷികൾ എല്ലാവരും മാതൃകാ ബൈബിളധ്യയനങ്ങൾ നടത്താൻ തയ്യാറായിരിക്കണം.” 1937 മുതൽ 1941 വരെയുള്ള കാലഘട്ടത്തിൽ പ്രസിദ്ധീകരിച്ച, നിർദേശങ്ങൾ അടങ്ങിയ, മാതൃകാ അധ്യയനം (ഇംഗ്ലീഷ്) എന്ന പേരോടു കൂടിയ മൂന്നു ചെറുപുസ്‌തകങ്ങളിൽ അവസാനത്തേതിൽ വന്ന ഒരു വാചകമായിരുന്നു അത്. അത് ഇങ്ങനെ തുടർന്നു: “രാജ്യ സന്ദേശത്തിൽ താത്‌പര്യം കാണിക്കുന്ന ദൈവപ്രസാദമുള്ള ആളുകളെ സാധിക്കുന്ന ഏതു വിധത്തിലും സഹായിക്കുന്നതിൽ എല്ലാ [രാജ്യ] പ്രസാധകരും ഉത്സാഹമുള്ളവർ ആയിരിക്കണം. . . . വിവിധ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനായി ഈ ആളുകൾക്കു മടക്കസന്ദർശനങ്ങൾ നടത്തണം. എത്രയും പെട്ടെന്ന് . . . ഒരു മാതൃകാ അധ്യയനം ആരംഭിക്കുക.” അതേ, മടക്കസന്ദർശനങ്ങൾ നടത്തുന്നതിലെ നമ്മുടെ ലക്ഷ്യം ക്രമമായ ഒരു ഭവന ബൈബിളധ്യയനം ആരംഭിക്കുക എന്നതാണ്. * ഒരു സൗഹൃദ മനോഭാവവും താത്‌പര്യക്കാരനോടുള്ള സ്‌നേഹപൂർവകമായ കരുതലും നന്നായി തയ്യാറാകാനും അധ്യയനം ഫലപ്രദമായ രീതിയിൽ നടത്താനും നമ്മെ പ്രേരിപ്പിക്കും.
18. യേശുക്രിസ്‌തുവിന്റെ ശിഷ്യന്മാരായിത്തീരുന്നതിന് നമുക്ക് എങ്ങനെ പുതിയവരെ സഹായിക്കാൻ കഴിയും?
18 നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്‌തകവും ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? എന്നതുപോലുള്ള ലഘുപത്രികകളും ഉപയോഗിച്ച് നമുക്ക് ഫലപ്രദമായ ഭവന ബൈബിളധ്യയനങ്ങൾ നടത്താൻ കഴിയും. അങ്ങനെ പുതിയ താത്‌പര്യക്കാരെ ശിഷ്യരായിത്തീരാൻ നമുക്കു സഹായിക്കാനാവും. ശ്രേഷ്‌ഠ അധ്യാപകനായ യേശുക്രിസ്‌തുവിനെ അനുകരിക്കാൻ ശ്രമിക്കവേ സാധ്യതയനുസരിച്ച് ബൈബിൾ വിദ്യാർഥികൾ സമാധാനവും സന്തോഷവും പ്രതിഫലിപ്പിക്കുന്ന നമ്മുടെ പെരുമാറ്റം, നമ്മുടെ ആത്മാർഥത, യഹോവയുടെ നിലവാരങ്ങളോടും മാർഗനിർദേശങ്ങളോടുമുള്ള നമ്മുടെ ആദരവ് എന്നിവയിൽനിന്നും പഠിക്കും. പുതിയവരുടെ ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കുമ്പോൾത്തന്നെ അവരോട് ചോദ്യങ്ങൾ ചോദിക്കുന്നവർക്ക് എങ്ങനെ ഉത്തരം നൽകാമെന്ന് അവരെ പഠിപ്പിക്കുന്നതിനും നമ്മാലാവുന്നത് ചെയ്യാം. (2 തിമൊഥെയൊസ് 2:1, 2; 1 പത്രൊസ് 2:21) കഴിഞ്ഞ സേവന വർഷത്തിൽ ലോകവ്യാപകമായി ശരാശരി 47,66,631 ഭവന ബൈബിളധ്യയനങ്ങൾ നടത്തപ്പെട്ടുവെന്നതിൽ ആലങ്കാരിക കൊയ്‌ത്തു വേലക്കാരായ നമുക്ക് തീർച്ചയായും സന്തോഷിക്കാൻ കഴിയും. ഭവന ബൈബിളധ്യയന വേലയിൽ വ്യക്തിപരമായ പങ്കുള്ള കൊയ്‌ത്തു വേലക്കാരാണു നമ്മളെങ്കിൽ സന്തോഷിക്കുന്നതിനു നമുക്ക് വിശേഷിച്ചും കാരണമുണ്ട്.
കൊയ്‌ത്തിൽ സന്തോഷിക്കുന്നതിൽ തുടരുക
19. യേശുവിന്റെ ശുശ്രൂഷാ കാലത്തും അതിനു തൊട്ടു പിന്നാലെയുള്ള സമയങ്ങളിലും സന്തോഷിക്കുന്നതിനുള്ള നല്ല കാരണം ഉണ്ടായിരുന്നത് എന്തുകൊണ്ട്?
19 യേശുവിന്റെ ശുശ്രൂഷാ കാലത്തും അതിനു തൊട്ടു പിന്നാലെയുള്ള സമയങ്ങളിലും കൊയ്‌ത്തിൽ സന്തോഷിക്കുന്നതിനുള്ള നല്ല കാരണങ്ങൾ ഉണ്ടായിരുന്നു. അനേകർ സുവാർത്തയോട് അനുകൂലമായി പ്രതികരിച്ചു. വിശേഷിച്ചും പൊ.യു. 33-ലെ പെന്തെക്കൊസ്‌തു നാളിൽ സന്തോഷത്തിനുള്ള വലിയ കാരണമുണ്ടായി. അന്ന് പത്രൊസിന്റെ വാക്കുകൾ കൈക്കൊണ്ട 3,000-ത്തോളം പേർക്ക് യഹോവയുടെ പരിശുദ്ധാത്മാവു ലഭിക്കുകയും അവർ ആത്മീയ ഇസ്രായേലായ ദൈവജനതയുടെ ഭാഗമായിത്തീരുകയും ചെയ്‌തു. അവരുടെ എണ്ണം വർധിച്ചുകൊണ്ടേയിരുന്നു. “കർത്താവു രക്ഷിക്കപ്പെടുന്നവരെ ദിനമ്പ്രതി സഭയോടു ചേർത്തുകൊണ്ടിരുന്ന”തിനാൽ സന്തോഷം നിറഞ്ഞൊഴുകി.—പ്രവൃത്തികൾ 2:37-41, 46, 47; ഗലാത്യർ 6:16; 1 പത്രൊസ് 2:9.
20. കൊയ്‌ത്തു വേലയിൽ നമുക്ക് വലിയ സന്തോഷം നൽകുന്നത് എന്ത്?
20 ആ സമയത്ത് യെശയ്യാവിന്റെ പ്രവചനം നിവൃത്തിയാകുകയായിരുന്നു: “നീ [യഹോവ] വർദ്ധിപ്പിച്ചിട്ടില്ലാത്ത ജാതിയെ വർദ്ധിപ്പിക്കുന്നു; അവർ നിന്റെ സന്നിധിയിൽ സന്തോഷിക്കുന്ന സന്തോഷം കൊയ്‌ത്തുകാലത്തിലെ സന്തോഷംപോലെയും കൊള്ളപങ്കിടുമ്പോൾ ആനന്ദിക്കുന്നതുപോലെയും ആകുന്നു.” യെശയ്യാവു 9:3) ‘വർദ്ധിപ്പിക്കപ്പെട്ട ജാതിയായ’ അഭിഷിക്തരുടെ എണ്ണം ഇപ്പോൾ ഏതാണ്ടു പൂർത്തിയായിരിക്കുന്നതായി നാം കാണുന്നുവെങ്കിലും മറ്റു കൊയ്‌ത്തുകാരുടെ എണ്ണം വർഷംതോറും കൂടിക്കൂടി വരുന്നത് കാണുമ്പോൾ നമുക്കു വലിയ സന്തോഷം അനുഭവപ്പെടുന്നു.—സങ്കീർത്തനം 4:7; സെഖര്യാവു 8:23; യോഹന്നാൻ 10:16.
(21. അടുത്ത ലേഖനത്തിൽ നാം എന്തു ചർച്ച ചെയ്യും?
21 കൊയ്‌ത്തു വേലയിൽ സന്തോഷിച്ചുകൊണ്ടേയിരിക്കുന്നതിന് നമുക്കു തീർച്ചയായും തക്ക കാരണങ്ങളുണ്ട്. പ്രത്യാശ നൽകുന്ന നമ്മുടെ സന്ദേശം, യോഗ്യരായവർക്കു വേണ്ടിയുള്ള അന്വേഷണം, നാം പ്രകടിപ്പിക്കുന്ന സമാധാനപാലന മനോഭാവം—ഈ ഘടകങ്ങളെല്ലാം കൊയ്‌ത്തു വേലക്കാർ എന്ന നിലയിൽ നമുക്കു സന്തോഷം പ്രദാനം ചെയ്യുന്നു. എന്നിരുന്നാലും പ്രതികൂലമായി പ്രതികരിക്കാൻ അതു പലരെയും പ്രേരിപ്പിക്കുന്നു. അപ്പൊസ്‌തലനായ യോഹന്നാന്റെ കാര്യത്തിൽ ഇതു സത്യമായിരുന്നു. ‘ദൈവത്തെ കുറിച്ചു സംസാരിക്കുകയും യേശുവിനു സാക്ഷ്യം വഹിക്കുകയും’ ചെയ്‌തതു നിമിത്തം അവന് പത്മൊസ് ദ്വീപിൽ തടവിൽ കഴിയേണ്ടി വന്നു. (വെളിപ്പാടു 1:9, NW) അങ്ങനെയെങ്കിൽ, പീഡനവും എതിർപ്പും അഭിമുഖീകരിക്കുമ്പോൾ നമുക്ക് എങ്ങനെ നമ്മുടെ സന്തോഷം നിലനിറുത്താനാകും? ഇന്ന് നാം പ്രസംഗിക്കുന്ന ആളുകളിൽ പലരും പ്രകടമാക്കുന്ന കഠിന മനോഭാവത്തെ നേരിടാൻ നമ്മെ എന്തു സഹായിക്കും? അടുത്ത ലേഖനം ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നതിനുള്ള തിരുവെഴുത്തുപരമായ സഹായം നൽകും.
[അടിക്കുറിപ്പുകൾ]
^ ഖ. 17 താത്‌പര്യക്കാരുടെ കൂട്ടങ്ങൾക്ക് ഒരുമിച്ചു കൂടിവരാൻ കഴിയുമായിരുന്ന സ്ഥലങ്ങളിലാണ് ആദ്യം അധ്യയനങ്ങൾ ക്രമീകരിച്ചിരുന്നത്. എന്നാൽ, പെട്ടെന്നുതന്നെ വ്യക്തികളുമായും കുടുംബങ്ങളുമായും അധ്യയനങ്ങൾ നടത്താൻ തുടങ്ങി.—യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചിട്ടുള്ള യഹോവയുടെ സാക്ഷികൾ—ദൈവരാജ്യ ഘോഷകർ (ഇംഗ്ലീഷ്) എന്ന പുസ്‌തകത്തിന്റെ 574-ാം പേജു കാണുക.
നിങ്ങളുടെ ഉത്തരം എന്ത്?
• ആലങ്കാരിക കൊയ്‌ത്തു വേല എന്താണ്?
• ഏതുതരം സന്ദേശമാണ് നാം പ്രഖ്യാപിക്കുന്നത്?
• ശിഷ്യർക്കായുള്ള നമ്മുടെ അന്വേഷണം വിജയപ്രദം ആയിരിക്കുന്നത് എന്തുകൊണ്ട്?
• കൊയ്‌ത്തു വേലയിൽ സമാധാനം നിലനിറുത്തുന്നത് എങ്ങനെ?
• കൊയ്‌ത്തുവേലയിൽ സന്തോഷിക്കുന്നതിൽ നാം തുടരുന്നത് എന്തുകൊണ്ട്?
[അധ്യയന ചോദ്യങ്ങൾ]
[12, 13 പേജിലെ ചിത്രങ്ങൾ]
1-ാം നൂറ്റാണ്ടിലെയും 20-ാം നൂറ്റാണ്ടിലെയും പ്രസംഗ പ്രവർത്തനം
[13-ാം പേജിലെ ചിത്രങ്ങൾ]
പൗലൊസിനെ പോലെ ആധുനികകാല കൊയ്‌ത്തു വേലക്കാർ എല്ലായിടത്തുമുള്ള ആളുകളുടെ അടുക്കൽ എത്താൻ ശ്രമിക്കുന്നു
[13-ാം പേജിലെ ചിത്രം]
ഹൃദ്യമായ ഒരു വിധത്തിൽ സുവാർത്ത ഘോഷിക്കുക