വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അമൂല്യ സ്‌മരണകൾക്കായി നന്ദിയുള്ളവൾ!

അമൂല്യ സ്‌മരണകൾക്കായി നന്ദിയുള്ളവൾ!

ജീവിത കഥ

അമൂല്യ സ്‌മരണകൾക്കായി നന്ദിയുള്ളവൾ!

ഡ്രൂസില്ല കെയ്‌ൻ പറഞ്ഞപ്രകാരം

വർഷം 1933. സനോവ കെയ്‌നുമായുള്ള എന്റെ വിവാഹം കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. എന്നെപ്പോലെ തന്നെ അദ്ദേഹവും ഒരു കോൾപോർട്ടർ​—⁠മുഴുസമയ ശുശ്രൂഷകൻ​—⁠ആയിരുന്നു. ഭർത്താവിന്റെ നിയമനത്തിൽ അദ്ദേഹത്തോടൊപ്പം ചേരുന്നതിന്‌ ഞാൻ വളരെ ഉത്സാഹത്തോടെ തയ്യാറെടുത്തു. എന്നാൽ അതിന്‌ എനിക്ക്‌ ഒരു സൈക്കിൾ ആവശ്യമായിരുന്നു. സാമ്പത്തിക മാന്ദ്യത്തിന്റെ നാളുകളിൽ പണത്തിനു ഞെരുക്കം അനുഭവപ്പെട്ടിരുന്നതിനാൽ അതുവരെ എനിക്ക്‌ ഒരു സൈക്കിൾ സ്വന്തമാക്കാൻ കഴിഞ്ഞിരുന്നില്ല. ഇനി ഇപ്പോൾ എന്തു ചെയ്യും?

എന്റെ വിഷമസ്ഥിതിയെ കുറിച്ചു കേട്ട ഭർത്താവിന്റെ അനുജന്മാർ എനിക്ക്‌ വേണ്ടി ഒരു സൈക്കിൾ സംഘടിപ്പിക്കാനുള്ള ശ്രമം തുടങ്ങി. പഴയ സൈക്കിളുകളുടെ ഭാഗങ്ങൾ കിട്ടുമോ എന്നറിയാനായി അവർ വേണ്ടാത്ത സാധനങ്ങൾ കൂട്ടിയിടുന്ന സ്ഥലങ്ങളിൽ പോയി അന്വേഷിച്ചു. അവരുടെ ശ്രമം വിജയിച്ചു, അങ്ങനെ ഒടുവിൽ എനിക്ക്‌ സ്വന്തമായി ഒരു സൈക്കിൾ ലഭിച്ചു! ഞാൻ സൈക്കിൾ ഓടിക്കാൻ പഠിച്ച ഉടനെ സനോവയും ഞാനും യാത്രയായി. വുസ്റ്റർ, ഹെറെഫൊർഡ്‌ എന്നീ ഇംഗ്ലീഷ്‌ കൗണ്ടികളിലൂടെ സന്തോഷപൂർവം സൈക്കിളിൽ പോയി ഞങ്ങൾ കണ്ടുമുട്ടുന്നവർക്കെല്ലാം സാക്ഷ്യം നൽകി.

വിശ്വാസത്തിന്റെ ഈ ചെറിയ പ്രകടനം സന്തോഷനിർഭരമായ സ്‌മരണകൾ നിറഞ്ഞ ഒരു ജീവിതത്തിലേക്കുള്ള ചവിട്ടുപടി ആയിത്തീരുമെന്ന്‌ ഞാൻ കരുതിയതേയില്ല. എന്നാൽ എന്റെ പ്രിയപ്പെട്ട മാതാപിതാക്കളാണ്‌ എന്റെ ജീവിതത്തിന്റെ ആത്മീയ അടിത്തറ പാകിയത്‌.

ബുദ്ധിമുട്ടു നിറഞ്ഞ മഹായുദ്ധ വർഷങ്ങൾ

ആയിരത്തിത്തൊള്ളായിരത്തൊമ്പത്‌ ഡിസംബറിലാണ്‌ ഞാൻ ജനിച്ചത്‌. ഏറെ നാൾ കഴിയുന്നതിനു മുമ്പ്‌ മമ്മിക്ക്‌ യുഗങ്ങളുടെ ദൈവിക നിർണയം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം ലഭിച്ചു. 1914-ൽ മാതാപിതാക്കൾ എന്നെ ലാങ്ക്‌ഷയറിലെ ഓൾഡമിൽ “സൃഷ്ടിപ്പിൻ ഫോട്ടോ നാടകം” കാണിക്കാൻ കൊണ്ടുപോയി. (പുസ്‌തകത്തിന്റെയും നാടകത്തിന്റെയും നിർമാതാക്കൾ ഇപ്പോൾ യഹോവയുടെ സാക്ഷികൾ എന്ന്‌ അറിയപ്പെടുന്നവർ ആയിരുന്നു.) തീരെ ചെറുപ്പമായിരുന്നെങ്കിലും അതു കണ്ട്‌ മടങ്ങുന്ന വഴിക്ക്‌ ഞാൻ സന്തോഷം കൊണ്ട്‌ തുള്ളിച്ചാടിയിരുന്നത്‌ എനിക്ക്‌ ഇപ്പോഴും നല്ല ഓർമയുണ്ട്‌! തുടർന്ന്‌ ഫ്രാങ്ക്‌ ഹീലി ഞങ്ങൾ താമസിച്ചിരുന്ന റോച്ച്‌ഡെയ്‌ലിൽ ഒരു ബൈബിളധ്യയന കൂട്ടം ആരംഭിച്ചു. അതിൽ സംബന്ധിച്ചതിലൂടെ ഒരു കുടുംബമെന്ന നിലയിൽ തിരുവെഴുത്തുകളെ കുറിച്ചുള്ള ഗ്രാഹ്യം നേടാൻ ഞങ്ങൾക്കു സാധിച്ചു.

ഞങ്ങളുടെ ജീവിതത്തിന്റെ ശാന്തത തകർത്തു കൊണ്ട്‌ അതേ വർഷം മഹായുദ്ധം​—⁠ഇപ്പോൾ ഒന്നാം ലോകമഹായുദ്ധം എന്നു വിളിക്കുന്നത്‌​—⁠പൊട്ടിപ്പുറപ്പെട്ടു. ഡാഡിയെ സൈന്യത്തിലേക്കു തിരഞ്ഞെടുത്തെങ്കിലും അദ്ദേഹം നിഷ്‌പക്ഷ നിലപാടു കൈക്കൊണ്ടു. കോടതിയിൽ അദ്ദേഹം “വളരെ മാന്യനായ വ്യക്തി” എന്നു വിശേഷിപ്പിക്കപ്പെട്ടതായും “ആയുധം എടുക്കാതിരിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം വളരെ ആത്മാർഥമായ ഒന്നാണെന്നു തങ്ങൾ വിചാരിക്കുന്നതായി ബോധിപ്പിച്ചുകൊണ്ട്‌ ബഹുമാന്യരായ വ്യക്തികൾ” നിരവധി കത്തുകൾ കോടതി മുമ്പാകെ സമർപ്പിച്ചതായും ഒരു പ്രാദേശിക വർത്തമാനപ്പത്രം റിപ്പോർട്ടു ചെയ്‌തു.

എന്നാൽ “യുദ്ധമുഖത്തെ പോരാട്ടത്തിൽ നിന്നു മാത്രമാണ്‌” അദ്ദേഹത്തിന്‌ ഒഴിവു ലഭിച്ചത്‌. ഡാഡിയും മമ്മിയും ഞാനും പെട്ടെന്നുതന്നെ പരിഹാസപാത്രങ്ങളായി. പിന്നീട്‌ സംഗതി പുനർവിചിന്തനം ചെയ്യുകയും അദ്ദേഹത്തെ കൃഷിപ്പണിക്കായി നിയമിക്കുകയും ചെയ്‌തു. എന്നാൽ ചില കർഷകർ ഡാഡിയുടെ അവസ്ഥ മുതലെടുത്തുകൊണ്ട്‌ അദ്ദേഹത്തിനു കൂലിയൊന്നും നൽകിയില്ല. കുടുംബം പുലർത്തുന്നതിന്‌ മമ്മി ഒരു സ്വകാര്യ അലക്കുശാലയിൽ പണിക്കു പോയിത്തുടങ്ങി. എല്ലുമുറിയെ പണിയെടുത്തിട്ടും വളരെ തുച്ഛമായ പ്രതിഫലമേ മമ്മിക്കു ലഭിച്ചിരുന്നുള്ളൂ. എന്നാൽ എന്റെ യൗവന കാലം ഇത്രയും ബുദ്ധിമുട്ടു നിറഞ്ഞ സാഹചര്യങ്ങളിൽ ചെലവഴിച്ചത്‌ എന്നെ എത്രമാത്രം ശക്തിപ്പെടുത്തിയെന്ന്‌ എനിക്ക്‌ ഇപ്പോൾ കാണാൻ കഴിയുന്നു. കൂടുതൽ പ്രാധാന്യമുള്ള ആത്മീയ കാര്യങ്ങൾ വിലമതിക്കാൻ അത്‌ എന്നെ സഹായിച്ചു.

ചെറിയ തുടക്കം

ഞങ്ങൾ ഓസ്വെസ്‌ട്രിയിലേക്കു താമസം മാറി. അവിടെനിന്ന്‌ ഏകദേശം 20 കിലോമീറ്റർ അകലെയുള്ള റൂയാബോൺ എന്ന ഗ്രാമത്തിൽനിന്നുള്ള ഡാനിയൽ ഹ്യൂസ്‌ എന്ന തീക്ഷ്‌ണതയുള്ള ബൈബിൾ വിദ്യാർഥി പെട്ടെന്നുതന്നെ ഞങ്ങളുടെ കുടുംബത്തിലെ ഒരു അംഗത്തെപ്പോലെ ആയിത്തീർന്നു. അദ്ദേഹം ഒരു ഖനിത്തൊഴിലാളി ആയിരുന്നു. ഞാൻ അദ്ദേഹത്തെ ഡാൻ അങ്കിൾ എന്നാണ്‌ വിളിച്ചിരുന്നത്‌. അദ്ദേഹം ഞങ്ങളുമായി നിരന്തരം സമ്പർക്കം പുലർത്തി. വീട്ടിൽ വരുമ്പോഴൊക്കെ അദ്ദേഹത്തിന്റെ സംഭാഷണം തിരുവെഴുത്തു വിഷയങ്ങളെ കുറിച്ചായിരിക്കും. നാട്ടുവർത്തമാനം പറയുക എന്നൊരു പതിവേ അദ്ദേഹത്തിന്‌ ഇല്ലായിരുന്നു. 1920-ൽ ഓസ്വെസ്‌ട്രിയിൽ ഒരു ബൈബിളധ്യയന ക്ലാസ്സ്‌ തുടങ്ങി. 1921-ൽ ഡാൻ അങ്കിൾ എനിക്ക്‌ ദൈവത്തിന്റെ കിന്നരം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകത്തിന്റെ ഒരു പ്രതി തന്നു. ബൈബിൾ പഠിപ്പിക്കലുകൾ വളരെ എളുപ്പത്തിൽ ഗ്രഹിക്കാൻ സഹായിച്ചതിനാൽ ഞാൻ ആ പുസ്‌തകം നിധി പോലെ സൂക്ഷിച്ചു.

കൂടാതെ, പ്രൈസ്‌ ഹ്യൂസുമായും * ഞങ്ങൾ സഹവാസം ആസ്വദിച്ചു. അദ്ദേഹം പിന്നീട്‌ യഹോവയുടെ സാക്ഷികളുടെ ലണ്ടൻ ബ്രാഞ്ചിൽ ബ്രാഞ്ച്‌ ദാസനായിത്തീർന്നു. അടുത്തുള്ള ബ്രോണിഗാർത്തിലാണ്‌ (വെയിൽസിന്റെ അതിർത്തിയിൽ) അദ്ദേഹം കുടുംബസമേതം താമസിച്ചിരുന്നത്‌. അദ്ദേഹത്തിന്റെ സഹോദരി, സിസ്സി എന്റെ മമ്മിയുടെ അടുത്ത സ്‌നേഹിതയായിത്തീർന്നു.

‘രാജാവിനെയും അവന്റെ രാജ്യത്തെയും പ്രസിദ്ധമാക്കാൻ’ 1922-ൽ ക്ഷണം ലഭിച്ചപ്പോഴത്തെ ആവേശം ഞാൻ ഇനിയും മറന്നിട്ടില്ല. അപ്പോഴും സ്‌കൂളിൽ ആയിരുന്നെങ്കിലും തുടർന്നു വന്ന വർഷങ്ങളിലെ പ്രത്യേക ലഘുലേഖാ വിതരണത്തിൽ ഞാൻ ഉത്സാഹപൂർവം പങ്കെടുത്തു. പ്രത്യേകിച്ചും 1924-ലെ പുരോഹിതന്മാർ കുറ്റംചുമത്തപ്പെട്ടിരിക്കുന്നു (ഇംഗ്ലീഷ്‌) എന്ന ലഘുലേഖയുടെ വിതരണത്തിൽ. ആ പതിറ്റാണ്ടിലേക്കു പിന്തിരിഞ്ഞു നോക്കുമ്പോൾ വിശ്വസ്‌തരായ എത്രയധികം സഹോദരീസഹോദരന്മാരുമായി സഹവസിക്കാനുള്ള വിശിഷ്ട പദവിയാണ്‌ എനിക്ക്‌ ഉണ്ടായിരുന്നത്‌. മോഡ്‌ ക്ലാർക്ക്‌, * അവരുടെ പയനിയർ പങ്കാളിയായിരുന്ന മേരി ഗ്രാന്റ്‌,# എഡ്‌ഗർ ക്ലേ,# റോബർട്ട്‌ ഹാഡ്‌ലിങ്‌ട്ടൺ, കേറ്റി റോബർട്ട്‌സ്‌, എഡ്വിൻ സ്‌കിന്നർ,# കാനഡയിലെ വേലയിൽ സഹായിക്കുന്നതിനായി പോയ പേഴ്‌സി ചാപ്‌മാൻ, ജാക്ക്‌ നേഥൻ# എന്നിവർ അവരിൽ പെടുന്നു.

“ഇപ്പോൾ ജീവിക്കുന്ന ദശലക്ഷങ്ങൾ ഒരിക്കലും മരിക്കയില്ല” എന്ന ബൈബിൾ പ്രസംഗം ഞങ്ങളുടെ വിശാലമായ പ്രദേശത്തെ സംബന്ധിച്ചിടത്തോളം സമയോചിതമായ ഒരു സാക്ഷ്യമായിരുന്നു. 1922 മേയ്‌ 14-ന്‌, പ്രൈസ്‌ ഹ്യൂസിന്റെ ബന്ധുവായ സ്റ്റാൻലി റോജേഴ്‌സ്‌ ലിവർപൂളിൽനിന്ന്‌ ഞങ്ങളുടെ പട്ടണത്തിന്റെ തൊട്ടു വടക്കുള്ള ചിർക്ക്‌ എന്ന ഗ്രാമത്തിൽ എത്തി ഈ പ്രസംഗം നടത്തി. അന്നേ ദിവസം വൈകുന്നേരം തന്നെ ഓസ്വെസ്‌ട്രിയിലെ സിനിമാ തിയേറ്ററിൽ വെച്ചും അദ്ദേഹം പ്രസംഗം നിർവഹിച്ചു. അതിനുവേണ്ടി പ്രത്യേകം അച്ചടിച്ച നോട്ടീസുകളുടെ ഒരു പ്രതി ഇപ്പോഴും എന്റെ കൈവശമുണ്ട്‌. ഈ സമയത്തുടനീളം ഹെർബർട്ട്‌ സീനിയർ, ആൽബർട്ട്‌ ലോയിഡ്‌, ജോൺ ബ്ലേനി എന്നീ മൂന്ന്‌ സഞ്ചാര മേൽവിചാരകന്മാർ​—⁠ഞങ്ങൾ അവരെ പിൽഗ്രിമുകൾ എന്നാണു വിളിച്ചിരുന്നത്‌​—⁠ഞങ്ങളുടെ ചെറിയ കൂട്ടത്തെ സന്ദർശിച്ച്‌ ശക്തീകരിച്ചുകൊണ്ടിരുന്നു.

തീരുമാനം എടുക്കേണ്ട ഒരു സമയം

ആയിരത്തിത്തൊള്ളായിരത്തിരുപത്തൊമ്പതിൽ സ്‌നാപനമേൽക്കാൻ ഞാൻ തീരുമാനിച്ചു. അപ്പോൾ എനിക്ക്‌ 19 വയസ്സായിരുന്നു. ഞാൻ ആദ്യമായി യഥാർഥ പരിശോധനയെ നേരിട്ടതും ആ സമയത്തു തന്നെയാണ്‌. ഞാൻ ഒരു രാഷ്‌ട്രീയക്കാരന്റെ മകനെ കണ്ടുമുട്ടി. ആ ചെറുപ്പക്കാരൻ എന്നോട്‌ വിവാഹാഭ്യർഥന നടത്തി. എനിക്കും അദ്ദേഹത്തെ ഇഷ്ടമായിരുന്നു. തലേ വർഷം പ്രകാശനം ചെയ്‌ത ഗവൺമെന്റ്‌ എന്ന പുസ്‌തകം ഞാൻ അദ്ദേഹത്തിനു നൽകി. എന്നാൽ പെട്ടെന്നുതന്നെ, പുസ്‌തകത്തിന്റെ വിഷയത്തിൽ, അതായത്‌ സ്വർഗീയ ഗവൺമെന്റിൽ അദ്ദേഹത്തിന്‌ ഒരു താത്‌പര്യവുമില്ല എന്നു വ്യക്തമായി. പുരാതനകാലത്തെ ഇസ്രായേല്യരോട്‌ അവിശ്വാസികളുമായി വിവാഹബന്ധത്തിൽ ഏർപ്പെടരുത്‌ എന്നു കൽപ്പിച്ചിരുന്നെന്നും ആ തത്ത്വം ക്രിസ്‌ത്യാനികൾക്കു ബാധകമാണെന്നും തിരുവെഴുത്തു പഠനത്തിൽനിന്ന്‌ എനിക്ക്‌ അറിയാമായിരുന്നു. അതുകൊണ്ട്‌ വിഷമത്തോടെയാണെങ്കിലും ഞാൻ ആ വിവാഹാഭ്യർഥന നിരസിച്ചു.​—⁠ആവർത്തനപുസ്‌തകം 7:3; 2 കൊരിന്ത്യർ 6:14.

“നന്മ ചെയ്‌കയിൽ നാം മടുത്തുപോകരുതു; തളർന്നുപോകാഞ്ഞാൽ തക്കസമയത്തു നാം കൊയ്യും” എന്ന അപ്പൊസ്‌തലനായ പൗലൊസിന്റെ വാക്കുകൾ എന്നെ ശക്തീകരിച്ചു. (ഗലാത്യർ 6:⁠9) പ്രിയപ്പെട്ട ഡാൻ അങ്കിളും എന്നെ സഹായിച്ചു. അദ്ദേഹം എനിക്ക്‌ ഇങ്ങനെ എഴുതി: “പരിശോധനകൾ വലുതോ ചെറുതോ ആയിക്കൊള്ളട്ടെ, റോമർ 8:28 മനസ്സിൽ പിടിക്കുക.” അവിടെ ഇങ്ങനെ പറയുന്നു: “എന്നാൽ ദൈവത്തെ സ്‌നേഹിക്കുന്നവർക്കു, നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർക്കു തന്നേ, സകലവും നന്മെക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു.” എളുപ്പമല്ലായിരുന്നെങ്കിലും ഞാൻ ശരിയായ തീരുമാനമാണ്‌ എടുത്തതെന്ന്‌ എനിക്ക്‌ അറിയാമായിരുന്നു. ആ വർഷം ഞാൻ ഒരു കോൾപോർട്ടറായി പേർ ചാർത്തി.

വെല്ലുവിളിയെ നേരിടുന്നു

ഞങ്ങൾ 1931-ൽ യഹോവയുടെ സാക്ഷികൾ എന്ന പുതിയ പേർ സ്വീകരിച്ചു. ആ വർഷം രാജ്യം, ലോകത്തിന്റെ പ്രത്യാശ (ഇംഗ്ലീഷ്‌) എന്ന ചെറുപുസ്‌തകം സമർപ്പിക്കുന്നതിനുള്ള ഒരു വമ്പിച്ച പ്രസ്ഥാനം സംഘടിപ്പിക്കപ്പെട്ടു. ഓരോ രാഷ്‌ട്രീയക്കാരനും വൈദികനും ബിസിനസുകാരനും അതിന്റെ ഒരു പ്രതി നൽകുകയുണ്ടായി. ഓസ്വെസ്‌ട്രി മുതൽ 25-ഓളം കിലോമീറ്റർ വടക്കോട്ടു മാറി സ്ഥിതി ചെയ്യുന്ന റെക്‌സം വരെയുള്ള പ്രദേശം എന്റേതായിരുന്നു. അതു മുഴുവനും പ്രവർത്തിച്ചു തീർക്കുക എന്നത്‌ ഒരു വെല്ലുവിളിയായിരുന്നു.

തുടർന്നുള്ള വർഷം ബർമിങ്‌ഹാമിൽ നടത്തപ്പെട്ട കൺവെൻഷനിൽ സേവനത്തിന്റെ ഒരു പുതിയ വശത്തിൽ പങ്കെടുക്കുന്നതിനായി 24 സ്വമേധയാ സേവകർക്കായുള്ള ഒരു ക്ഷണം ലഭിച്ചു. നിയമനം എന്തായിരിക്കുമെന്ന്‌ അറിയില്ലായിരുന്നെങ്കിലും ഞങ്ങൾ 24 പേർ ഉത്സാഹപൂർവം പേർ നൽകി. രാജ്യത്തെ പ്രസിദ്ധമാക്കുന്ന വലിയ പ്ലാക്കാർഡുകൾ മുന്നിലും പിന്നിലും തൂക്കിയിട്ട്‌ രാജ്യം, ലോകത്തിന്റെ പ്രത്യാശ എന്ന അതേ ചെറുപുസ്‌തകംതന്നെ സമർപ്പിക്കാൻ ഞങ്ങളെ ജോഡികളായി തിരിച്ചപ്പോൾ ഉണ്ടായ അതിശയം ഒന്നു സങ്കൽപ്പിച്ചു നോക്കൂ.

കത്തീഡ്രലിന്റെ ചുറ്റുവട്ടത്തു പ്രവർത്തിച്ചുകൊണ്ടിരിക്കവേ ആളുകൾ എന്തു വിചാരിക്കും എന്ന്‌ ഓർത്ത്‌ എനിക്കു വളരെ അസ്വസ്ഥത തോന്നി. ആ നഗരത്തിൽ ആർക്കും എന്നെ അറിയില്ല എന്നു പറഞ്ഞ്‌ ഞാൻ സ്വയം ആശ്വസിക്കാൻ ശ്രമിച്ചു. എന്നാൽ എന്നെ സമീപിച്ച ഏറ്റവും ആദ്യത്തെ വ്യക്തി സ്‌കൂളിലെ ഒരു പഴയ കൂട്ടുകാരിയായിരുന്നു. അവൾ എന്നെ തുറിച്ചുനോക്കിക്കൊണ്ട്‌ ചോദിച്ചു: “ഇത്‌ എന്തൊരു കോലമാണ്‌?” ആ അനുഭവത്തോടെ എനിക്ക്‌ ഉണ്ടായിരുന്ന മാനുഷഭയം പാടേ മാറിക്കിട്ടി!

കൂടുതൽ അകലേക്കു മാറുന്നു

ആയിരത്തിത്തൊള്ളായിരത്തിമുപ്പത്തിമൂന്നിൽ ഞാൻ എന്നെക്കാൾ 25 വയസ്സിനു മൂത്ത സനോവയെ വിവാഹം കഴിച്ചു. അദ്ദേഹത്തിന്റെ ആദ്യ ഭാര്യ മരിച്ചു പോയിരുന്നു. തീക്ഷ്‌ണതയുള്ള ഒരു ബൈബിൾ വിദ്യാർഥി ആയിരുന്നു അവർ. ഭാര്യയുടെ മരണശേഷവും സനോവ തന്റെ നിയമനത്തിൽ വിശ്വസ്‌തനായി തുടർന്നു. പെട്ടെന്നുതന്നെ ഞങ്ങൾ ഇംഗ്ലണ്ടിൽനിന്ന്‌ ഏകദേശം 150 കിലോമീറ്റർ ദൂരെയുള്ള നോർത്ത്‌ വെയിൽസിലെ പുതിയ നിയമന പ്രദേശത്തേക്കു പോയി. കാർട്ടനുകളും പെട്ടികളും മറ്റു വിലപ്പെട്ട വസ്‌തുക്കളും സൈക്കിളിന്റെ പിടിയിലും ബാറുകൾക്കിടയിലും പുറകിലത്തെ ബാസ്‌ക്കറ്റുകളിലുമൊക്കെ വെച്ചാണ്‌ കൊണ്ടുപോയത്‌. ഏതായാലും കുഴപ്പമൊന്നും കൂടാതെ സാധനങ്ങളെല്ലാം ലക്ഷ്യസ്ഥാനത്ത്‌ എത്തിക്കാൻ സാധിച്ചു! ആ നിയമനത്തിൽ ഞങ്ങളുടെ സൈക്കിളുകൾ ഒഴിച്ചു കൂടാനാവാത്തവയായിരുന്നു. എല്ലായിടത്തേക്കും, 900 മീറ്റർ ഉയരമുള്ള വെയിൽസിലെ കാഡെർ ഇഡ്രിസ്‌ എന്ന പർവതത്തിന്റെ ഏതാണ്ട്‌ മുകളിലേക്കു വരെ ഈ സൈക്കിളുകളിൽ ഞങ്ങൾ പോയിട്ടുണ്ട്‌. “രാജ്യത്തിന്റെ ഈ സുവിശേഷം” കേൾക്കാൻ ദാഹിച്ചിരുന്ന ആളുകളെ കണ്ടെത്താൻ സാധിച്ചത്‌ വളരെ പ്രതിഫലദായകമായ അനുഭവമായിരുന്നു.​—⁠മത്തായി 24:14.

അവിടെയെത്തി അധികം കഴിഞ്ഞില്ല, ഞങ്ങളെ പോലെ തന്നെ ടോം പ്രൈസ്‌ എന്ന ഒരു വ്യക്തി തങ്ങളോടു പ്രസംഗിക്കുന്നുണ്ടെന്ന്‌ ആളുകൾ ഞങ്ങളോടു പറഞ്ഞു. വെൽഷ്‌പൂളിനടുത്തുള്ള ലോങ്‌ പർവതത്തിൽ താമസിച്ചിരുന്ന ടോമിനെ ഞങ്ങൾ ഒടുവിൽ കണ്ടുമുട്ടി. ഒരു വലിയ അതിശയമാണ്‌ ഞങ്ങളെ കാത്തിരുന്നത്‌. എന്റെ സാക്ഷീകരണ നാളുകളുടെ തുടക്കത്തിൽ അനുരഞ്‌ജനം (ഇംഗ്ലീഷ്‌) എന്ന ബൈബിൾ പഠന സഹായി ഞാൻ അദ്ദേഹത്തിനു സമർപ്പിച്ചിരുന്നു. അദ്ദേഹം അതു സ്വന്തമായി പഠിക്കുകയും ലണ്ടനിലേക്ക്‌ കൂടുതൽ പ്രസിദ്ധീകരണങ്ങൾ ആവശ്യപ്പെട്ടുകൊണ്ട്‌ എഴുതുകയും ചെയ്‌തു. അപ്പോൾ മുതൽ ടോം തന്റെ പുതിയ വിശ്വാസം സതീക്ഷ്‌ണം മറ്റുള്ളവരുമായി പങ്കുവെച്ചുപോന്നു. ഞങ്ങൾ ഒരുമിച്ച്‌ സന്തോഷകരമായ പല മണിക്കൂറുകൾ ചെലവഴിച്ചു. പരസ്‌പരം പ്രോത്സാഹിപ്പിക്കുന്നതിന്‌ ഞങ്ങൾ മൂവരും പലപ്പോഴും ഒരുമിച്ചിരുന്നു പഠിച്ചിരുന്നു.

ഒരു ദുരന്തം അനുഗ്രഹങ്ങളിലേക്കു നയിക്കുന്നു

നീതിയുള്ള ഭരണാധികാരി (ഇംഗ്ലീഷ്‌) എന്ന ചെറുപുസ്‌തകത്തിന്റെ വിതരണത്തിൽ സഹായിക്കുന്നതിന്‌ റെക്‌സം പട്ടണത്തിൽ എത്തിച്ചേരുന്നതിന്‌ 1934-ൽ നോർത്ത്‌ വെയിൽസിനടുത്തുള്ള എല്ലാ കോൾപോർട്ടർമാർക്കും ക്ഷണം ലഭിച്ചു. ഞങ്ങൾ ഈ പ്രത്യേക പ്രസ്ഥാനം തുടങ്ങുന്നതിന്റെ തലേന്ന്‌ ഒരു ദേശീയ ദുരന്തം സംഭവിച്ചിരുന്നു. റെക്‌സമിൽനിന്നു മൂന്നു കിലോമീറ്റർ വടക്കുള്ള ഗ്രെസ്‌ഫൊർഡ്‌ കൽക്കരി ഖനിയിൽ നടന്ന ഒരു സ്‌ഫോടനത്തിൽ 266 തൊഴിലാളികൾ കൊല്ലപ്പെട്ടു. 200-ലധികം കുട്ടികൾക്ക്‌ അച്ഛന്മാരെയും 160 സ്‌ത്രീകൾക്കു ഭർത്താക്കന്മാരെയും നഷ്ടപ്പെട്ടു.

മരണത്തിൽ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടവരുടെ ഒരു ലിസ്റ്റ്‌ ഉണ്ടാക്കി ഞങ്ങൾ അവരെ വ്യക്തിപരമായി സന്ദർശിച്ച്‌ ഈ ചെറുപുസ്‌തകം നൽകണമായിരുന്നു. എനിക്ക്‌ ലഭിച്ച പേരുകളിൽ ഒന്ന്‌ 19 വയസ്സുള്ള മകനെ നഷ്ടപ്പെട്ട ഒരു മിസിസ്സ്‌ ചാഡ്വിക്കിന്റേതായിരുന്നു. ഞാൻ അവരുടെ വീട്ടിൽ ചെല്ലുമ്പോൾ ജാക്ക്‌ എന്ന മറ്റൊരു മകൻ​—⁠മരിച്ച മകന്റെ മൂത്തത്‌​—⁠അമ്മയെ ആശ്വസിപ്പിക്കാൻ എത്തിയിരുന്നു. ഈ ചെറുപ്പക്കാരൻ എന്നെ തിരിച്ചറിഞ്ഞെങ്കിലും എന്നോട്‌ അതു പറഞ്ഞില്ല. ചെറുപുസ്‌തകം വായിച്ച ശേഷം ജാക്ക്‌ അന്തിമയുദ്ധം (ഇംഗ്ലീഷ്‌) എന്ന മറ്റൊരു ചെറുപുസ്‌തകം തപ്പിയെടുത്തു കൊണ്ടുവന്നു. ഏതാനും വർഷം മുമ്പ്‌ ഞാൻ നൽകിയതായിരുന്നു അത്‌.

ജാക്കും ഭാര്യ മേയും എന്റെ താമസസ്ഥലം കണ്ടുപിടിച്ച്‌ കൂടുതൽ സാഹിത്യത്തിനായി വന്നു. 1936-ൽ റെക്‌സമിലെ അവരുടെ ഭവനത്തിൽ യോഗങ്ങൾ നടത്താൻ അവർ സമ്മതിച്ചു. ആറു മാസത്തിനു ശേഷം ആൽബർട്ട്‌ ലോയ്‌ഡ്‌ നടത്തിയ ഒരു സന്ദർശനത്തെ തുടർന്ന്‌ അവിടെ ഒരു സഭ സ്ഥാപിക്കപ്പെട്ടു. ജാക്ക്‌ ചാഡ്വിക്ക്‌ അധ്യക്ഷ മേൽവിചാരകനായി നിയമിക്കപ്പെട്ടു. ഇപ്പോൾ റെക്‌സമിൽ മൂന്നു സഭകൾ ഉണ്ട്‌.

ഒരു ജിപ്‌സി കാരവനിലെ ജീവിതം

ഓരോ സ്ഥലത്തേക്കും മാറി പോകുമ്പോൾ അവിടെ ലഭ്യമായിരുന്ന താമസസൗകര്യങ്ങൾ ഉപയോഗിക്കുക എന്നതായിരുന്നു ഞങ്ങളുടെ പതിവ്‌. എന്നാൽ സ്വന്തമായി ഒരു വീട്‌, ഒരു സ്ഥലത്തുനിന്ന്‌ മറ്റൊരു സ്ഥലത്തേക്കു കൊണ്ടുപോകാവുന്ന ഒന്ന്‌ പണിയാൻ സനോവ തീരുമാനിച്ചു. ജിപ്‌സി പാരമ്പര്യമുള്ള ഒരു വിദഗ്‌ധ മരപ്പണിക്കാരനായിരുന്നു എന്റെ ഭർത്താവ്‌. അദ്ദേഹം ഞങ്ങൾക്കു വേണ്ടി ജിപ്‌സികളുടെ രീതിയിലുള്ള ഒരു കാരവൻ (വാഹനഭവനം) പണിതു. ഞങ്ങൾ അതിന്‌ എലിസബത്ത്‌ എന്നു പേരിട്ടു. “സമൃദ്ധിയുടെ ദൈവം” എന്നാണ്‌ ആ ബൈബിൾ പേരിന്റെ അർഥം.

ഞങ്ങൾ താമസിച്ച ഒരു സ്ഥലം എനിക്കു പ്രത്യേകിച്ചും നല്ല ഓർമയുണ്ട്‌​—⁠അരുവിയുടെ ഓരത്തുള്ള ഒരു ഫലവൃക്ഷത്തോപ്പ്‌. എന്നെ സംബന്ധിച്ചിടത്തോളം അതു പറുദീസാ തുല്യമായിരുന്നു! വളരെയധികം പരിമിതികൾ ഉണ്ടായിരുന്നെങ്കിലും ആ കാരവനിൽ ഞങ്ങൾ ഒരുമിച്ചു കഴിഞ്ഞ വർഷങ്ങളിലെ സന്തോഷത്തിനു പോറൽ വീഴ്‌ത്താൻ യാതൊന്നിനും കഴിഞ്ഞില്ല. തണുപ്പു കാലത്ത്‌ മിക്കപ്പോഴും കിടക്ക വിരികൾ തണുത്തുറഞ്ഞ്‌ കാരവന്റെ ഭിത്തിയിൽ പറ്റിപ്പിടിക്കുമായിരുന്നു. ഈർപ്പം ഘനീഭവിച്ച്‌ സാധനങ്ങളുടെ പുറത്ത്‌ ജലകണങ്ങൾ രൂപം കൊള്ളുന്നത്‌ എപ്പോഴും ഒരു പ്രശ്‌നമായിരുന്നു. കൂടാതെ, വെള്ളം പുറത്തുനിന്ന്‌, ചിലപ്പോൾ വളരെ ദൂരത്തുനിന്ന്‌ കൊണ്ടുവരേണ്ടിയിരുന്നു. എന്നാൽ ഞങ്ങൾ ഒരുമിച്ച്‌ ഈ ബുദ്ധിമുട്ടുകളെ തരണം ചെയ്‌തു.

ഒരു ശൈത്യകാലത്ത്‌ ഞാൻ സുഖമില്ലാതെ കിടപ്പിലായി. ഞങ്ങൾക്കു ഭക്ഷണവും പണവും ഇല്ലായിരുന്നു. സനോവ കട്ടിലിലിരുന്ന്‌ എന്റെ കൈ പിടിച്ച്‌ സങ്കീർത്തനം 37:25 എന്നെ വായിച്ചു കേൾപ്പിച്ചു: “ഞാൻ ബാലനായിരുന്നു, വൃദ്ധനായിത്തീർന്നു; നീതിമാൻ തുണയില്ലാതിരിക്കുന്നതും അവന്റെ സന്തതി ആഹാരം ഇരക്കുന്നതും ഞാൻ കണ്ടിട്ടില്ല.” എന്റെ മുഖത്തേക്ക്‌ ഉറ്റു നോക്കിക്കൊണ്ട്‌ അദ്ദേഹം പറഞ്ഞു: “എന്തെങ്കിലും പെട്ടെന്നു സംഭവിച്ചില്ലെങ്കിൽ നമ്മൾ ഇരക്കാൻ പോകേണ്ടി വരും. അതു ദൈവം സമ്മതിക്കുമെന്നു തോന്നുന്നില്ല!” അതും പറഞ്ഞ്‌ അദ്ദേഹം അയൽക്കാരോട്‌ സാക്ഷീകരിക്കാൻ പോയി.

ഉച്ചയ്‌ക്ക്‌ എനിക്ക്‌ എന്തെങ്കിലും കുടിക്കാൻ തരാനായി സനോവ മടങ്ങിവന്നപ്പോൾ അദ്ദേഹത്തെയും കാത്ത്‌ ഒരു കവർ ഇരിപ്പുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പിതാവ്‌ അയച്ചുകൊടുത്ത 50 പൗണ്ടായിരുന്നു അതിനുള്ളിൽ. വർഷങ്ങൾക്കു മുമ്പ്‌ സനോവ പണം അപഹരിച്ചതായി തെറ്റായി ആരോപിക്കപ്പെട്ടിരുന്നു. അദ്ദേഹം കുറ്റക്കാരനല്ല എന്ന്‌ തെളിഞ്ഞപ്പോൾ ഒരു പരിഹാരം എന്ന നിലയിൽ അയച്ചതായിരുന്നു ഈ സമ്മാനം. എത്ര സമയോചിതം!

ഒരു ഗുണപാഠം

ചിലപ്പോൾ വർഷങ്ങൾക്കു ശേഷമായിരിക്കും നാം ചില പാഠങ്ങൾ പഠിക്കുന്നത്‌. ഉദാഹരണത്തിന്‌, 1927-ൽ സ്‌കൂൾ വിട്ടു പോരുന്നതിനു മുമ്പായി ലവിന്യ ഫാർക്ലോ എന്ന ഒരു അധ്യാപിക ഒഴിച്ചുള്ള എന്റെ എല്ലാ സഹപാഠികളോടും അധ്യാപകരോടും ഞാൻ സാക്ഷീകരിച്ചിരുന്നു. ഞാൻ ഭാവിയിൽ എന്താണു ചെയ്യാൻ പോകുന്നതെന്ന്‌ അറിയാൻ ആർക്കും താത്‌പര്യം ഇല്ലായിരുന്നതിനാലും ഞാനും ഫാർക്ലോ ടീച്ചറും തമ്മിൽ അത്ര ചേർച്ചയിലല്ലാഞ്ഞതിനാലും അവരോട്‌ ഒന്നും പറയേണ്ട എന്നു ഞാൻ തീരുമാനിച്ചു. ഏതാണ്ട്‌ 20 വർഷം കഴിഞ്ഞ്‌ ഈ അധ്യാപിക താൻ ഇപ്പോൾ യഹോവയുടെ സാക്ഷികളിൽ ഒരാളാണെന്നു തന്റെ പഴയ സുഹൃത്തുക്കളോടും വിദ്യാർഥികളോടും പറയാനായി മടങ്ങി വന്നുവെന്ന്‌ മമ്മിയിൽനിന്ന്‌ അറിഞ്ഞപ്പോഴത്തെ എന്റെ അത്ഭുതം​—⁠സന്തോഷവും​—⁠ഒന്നു സങ്കൽപ്പിച്ചു നോക്കൂ!

ഞങ്ങൾ തമ്മിൽ കണ്ടപ്പോൾ, എന്റെ വിശ്വാസത്തെ കുറിച്ചും ഭാവി പരിപാടികളെ കുറിച്ചും നേരത്തേ ടീച്ചറോടു പറയാഞ്ഞത്‌ എന്തുകൊണ്ടാണെന്നു ഞാൻ വിശദീകരിച്ചു. എല്ലാം നിശ്ശബ്ദം കേട്ടുനിന്ന ശേഷം ടീച്ചർ പറഞ്ഞു: “ഞാൻ എല്ലായ്‌പോഴും സത്യത്തിനായി അന്വേഷിക്കുകയായിരുന്നു. അത്‌ കണ്ടെത്തുക എന്നതായിരുന്നു എന്റെ ജീവിതാഭിലാഷം!” ഈ അനുഭവം എനിക്കൊരു ഗുണപാഠം ആയിരുന്നു​—⁠കണ്ടുമുട്ടുന്ന ഒരാളോടുപോലും സാക്ഷീകരിക്കാതിരിക്കരുത്‌, ആരെയും മുൻവിധിയോടെ വീക്ഷിക്കുകയുമരുത്‌.

മറ്റൊരു യുദ്ധവും അതിനു ശേഷവും

യുദ്ധത്തിന്റെ കാർമേഘങ്ങൾ 1930-കളുടെ അവസാനത്തോടെ വീണ്ടും ഉരുണ്ടുകൂടാൻ തുടങ്ങി. എന്നെക്കാൾ പത്തു വയസ്സിന്‌ ഇളപ്പമുള്ള എന്റെ സഹോദരൻ ഡെന്നീസിന്‌ തന്റെ ലൗകിക ജോലി തുടരണമെന്നുള്ള വ്യവസ്ഥയിൽ സൈനിക സേവനത്തിൽനിന്ന്‌ ഒഴിവു കിട്ടി. അവൻ ഒരിക്കലും സത്യത്തിൽ വലിയ താത്‌പര്യം കാണിച്ചിരുന്നില്ല. അതുകൊണ്ട്‌ പ്രാദേശിക പയനിയർമാരായ റൂപർട്ട്‌ ബ്രാഡ്‌ബറിയോടും അനുജൻ ഡേവിഡിനോടും അവനെയൊന്നു ചെന്നു കാണാൻ ഞങ്ങൾ ആവശ്യപ്പെട്ടു. അവർ അങ്ങനെ ചെയ്‌തു. അവരോടൊപ്പം അവൻ ബൈബിൾ പഠിക്കാൻ തുടങ്ങി. 1942-ൽ ഡെന്നീസ്‌ സ്‌നാപനമേറ്റു. പിന്നീട്‌ അവൻ പയനിയർ സേവനം തുടങ്ങുകയും 1957-ൽ സഞ്ചാര മേൽവിചാരകനായി നിയമിക്കപ്പെടുകയും ചെയ്‌തു.

ആയിരത്തിത്തൊള്ളായിരത്തിമുപ്പത്തെട്ടിൽ ഞങ്ങളുടെ മകൾ എലിസബത്ത്‌ ജനിച്ചു. കുടുംബത്തിന്റെ ആവശ്യത്തിനൊത്ത്‌ സനോവ ഞങ്ങളുടെ കാരവന്റെ വലിപ്പം കൂട്ടി. 1942-ൽ രണ്ടാമത്തെ മകളായ യൂനിസ്‌ ഉണ്ടായപ്പോൾ കുറേക്കൂടെ സ്ഥിരമായ ഒരു താമസസ്ഥലം കണ്ടുപിടിക്കുന്നതായിരിക്കും ബുദ്ധിയെന്നു തോന്നി. അതുകൊണ്ട്‌ സനോവ കുറച്ചു കാലത്തേക്കു പയനിയറിങ്‌ നിറുത്തി. ഞങ്ങൾ റെക്‌സമിനടുത്തുള്ള ഒരു ചെറിയ വീട്ടിലേക്കു താമസം മാറി. പിന്നീട്‌ ഞങ്ങൾ അയൽ കൗണ്ടിയായ ചെഷയറിലെ മിഡ്‌ലിജിൽ സ്ഥിരതാമസമാക്കി. അവിടെവെച്ച്‌ 1956-ൽ എന്റെ പ്രിയപ്പെട്ട ഭർത്താവു മരിച്ചു.

ഞങ്ങളുടെ രണ്ടു മക്കളും മുഴുസമയ ശുശ്രൂഷകരായിത്തീർന്നു. രണ്ടുപേരും വിവാഹം കഴിച്ച്‌ സന്തോഷമായി കഴിയുന്നു. യൂനിസും മൂപ്പനായ അവളുടെ ഭർത്താവും ഇപ്പോഴും ലണ്ടനിൽ പ്രത്യേക പയനിയർമാരായി സേവിക്കുന്നു. എലിസബത്തിന്റെ ഭർത്താവും സഭാ മൂപ്പനാണ്‌. അവരും അവരുടെ മക്കളും നാലു കൊച്ചുമക്കളും ഇവിടെ ലാങ്ക്‌ഷയറിലെ പ്രെസ്റ്റണിൽ എന്റെ അടുത്തുതന്നെ ഉള്ളതിൽ ഞാൻ വളരെ സന്തുഷ്ടയാണ്‌.

എന്റെ അപ്പാർട്ടുമെന്റിന്റെ മുൻ വാതിലിൽനിന്നു റോഡിനപ്പുറമുള്ള രാജ്യഹാളിലേക്കു നടന്നു കയറാം എന്നതിൽ ഞാൻ നന്ദിയുള്ളവളാണ്‌. ഇവിടെ കൂടി വരുന്ന ഗുജറാത്തി ഭാഷാ കൂട്ടത്തോടൊപ്പമാണ്‌ സമീപ വർഷങ്ങളിൽ ഞാൻ സഹവസിക്കുന്നത്‌. ഇപ്പോൾ ചെവി നല്ലവണ്ണം കേൾക്കാൻ കഴിയാത്തതിനാൽ ഭാഷ പഠിക്കുക എന്നത്‌ എളുപ്പമല്ല. ചെറുപ്പക്കാരെ പോലെ ശബ്ദങ്ങളിലെ ഓരോ ചെറിയ വ്യത്യാസവും മനസ്സിലാക്കിയെടുക്കാൻ ചിലപ്പോൾ ബുദ്ധിമുട്ടാണ്‌. എന്നാൽ ഇത്‌ രസകരമായ ഒരു വെല്ലുവിളിയാണ്‌.

എനിക്ക്‌ ഇപ്പോഴും വീടുതോറും പ്രസംഗിക്കാനും എന്റെ വീട്ടിൽവെച്ച്‌ ബൈബിളധ്യയനങ്ങൾ നടത്താനും കഴിയുന്നുണ്ട്‌. സുഹൃത്തുക്കൾ എന്നെ സന്ദർശിക്കുമ്പോൾ പണ്ടത്തെ ചില അനുഭവങ്ങൾ അയവിറക്കുന്നത്‌ ഞാൻ എപ്പോഴും ആസ്വദിക്കുന്നു. 90 വർഷത്തോളം യഹോവയുടെ ജനവുമായി സഹവസിച്ചതിൽ നിന്നു ലഭിച്ച അനുഗ്രഹങ്ങളെ കുറിച്ചുള്ള അമൂല്യ സ്‌മരണകൾക്കായി ഞാൻ വളരെ നന്ദിയുള്ളവളാണ്‌.

[അടിക്കുറിപ്പുകൾ]

^ ഖ. 13 “വിശ്വസ്‌ത സംഘടനയോടൊത്ത്‌ നടക്കുന്നു” എന്ന ശീർഷകത്തിലുള്ള പ്രൈസ്‌ ഹ്യൂസിന്റെ ജീവിത കഥ 1963 ഏപ്രിൽ 1 വീക്ഷാഗോപുരത്തിൽ (ഇംഗ്ലീഷ്‌) വന്നിരുന്നു.

^ ഖ. 14 യഹോവയുടെ ഈ വിശ്വസ്‌ത ദാസരുടെ ജീവിതകഥകൾ വീക്ഷാഗോപുരത്തിന്റെ മുൻ ലക്കങ്ങളിൽ വന്നിട്ടുണ്ട്‌.

[25-ാം പേജിലെ ചിത്രം]

1922 മേയ്‌ 14-ന്‌ ഞാൻ കേട്ട “ഇപ്പോൾ ജീവിക്കുന്ന ദശലക്ഷങ്ങൾ ഒരിക്കലും മരിക്കയില്ല” എന്ന ബൈബിൾ പ്രസംഗത്തെ പരസ്യപ്പെടുത്തുന്ന നോട്ടീസ്‌

[26-ാം പേജിലെ ചിത്രം]

1933-ലെ ഞങ്ങളുടെ വിവാഹത്തിനു ശേഷം അധികം കഴിയുന്നതിനു മുമ്പ്‌ സനോവയോടൊപ്പം

[26-ാം പേജിലെ ചിത്രം]

എന്റെ ഭർത്താവു നിർമിച്ച ഞങ്ങളുടെ കാരവനായ ‘എലിസബത്തിനു’ സമീപം