‘ദൈവം എന്റെ കണ്ണുനീർ തുടച്ചു കളഞ്ഞിരിക്കുന്നു’
രാജ്യഘോഷകർ റിപ്പോർട്ടു ചെയ്യുന്നു
‘ദൈവം എന്റെ കണ്ണുനീർ തുടച്ചു കളഞ്ഞിരിക്കുന്നു’
ജീവിതത്തെ യഹോവയുടെ നിയമങ്ങൾക്കും തത്ത്വങ്ങൾക്കും ചേർച്ചയിൽ കൊണ്ടുവരുന്നവർ സമൃദ്ധമായ അനുഗ്രഹങ്ങൾ ആസ്വദിക്കുന്നു. ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നത് എളുപ്പമല്ലായിരിക്കാമെങ്കിലും അതിനുള്ള സഹായവും പ്രോത്സാഹനവും എല്ലായ്‌പോഴും ലഭ്യമാണ്. (സങ്കീർത്തനം 84:11) അതിന്റെ തെളിവാണ് തെക്കുകിഴക്കൻ ഏഷ്യയിൽ നിന്നുള്ള പിൻവരുന്ന അനുഭവം.
അവധിയിലായിരിക്കെ ഫ്രാൻസിൽനിന്നുള്ള ഒരു സാക്ഷി, കിം * എന്നു പേരുള്ള ഒരു കടയുടമസ്ഥയോട് ഭൂമിയെ സംബന്ധിച്ച യഹോവയുടെ ഉദ്ദേശ്യത്തെ കുറിച്ചു സംസാരിച്ചു. നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്‌തകവും അവർ കിമ്മിനു നൽകി. പുസ്‌തകം മറിച്ചുനോക്കവേ “അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും” എന്ന വാക്കുകൾ കിമ്മിന്റെ ശ്രദ്ധയിൽ പെട്ടു. (വെളിപ്പാടു 21:4) കിം ഇപ്രകാരം അനുസ്‌മരിക്കുന്നു: “ഈ വാക്യം എന്റെ ഹൃദയത്തെ ആഴത്തിൽ സ്‌പർശിച്ചു. ദിവസം മുഴുവനും കടയിൽ കളിച്ചുചിരിച്ചു നടക്കുന്ന എന്നെ കണ്ടാൽ ആർക്കാണു തോന്നുക സന്ധ്യക്ക് വീട്ടിൽ എത്തിയശേഷം കരഞ്ഞു കരഞ്ഞാണ് ഞാൻ ഉറങ്ങിയിരുന്നതെന്ന്?” തന്റെ ദുഃഖത്തിനുള്ള കാരണം അവർ വെളിപ്പെടുത്തുന്നു: “18 വർഷമായി ഞാൻ ഒരു പുരുഷനോടൊപ്പം ജീവിക്കുകയായിരുന്നെങ്കിലും അയാൾ എന്നെ വിവാഹം ചെയ്യാൻ വിസമ്മതിച്ചതിനാൽ ഞാൻ വളരെ ദുഃഖിതയായിരുന്നു. ജീവിതം ആ വിധത്തിൽ തുടർന്നു കൊണ്ടുപോകാൻ ഞാൻ ആഗ്രഹിച്ചില്ല. പക്ഷേ ഇത്രയും കാലം അയാളോടൊന്നിച്ചു ജീവിച്ച ശേഷം അത് അവസാനിപ്പിക്കാനുള്ള ധൈര്യവും എനിക്ക് ഇല്ലായിരുന്നു.”
കുറച്ചുനാൾ കഴിഞ്ഞപ്പോൾ, ലിൻ എന്നു പേരുള്ള ഒരു യഹോവയുടെ സാക്ഷിയോടൊപ്പം കിം ബൈബിൾ പഠിക്കാൻ തുടങ്ങി. “പഠിച്ച കാര്യങ്ങൾ പെട്ടെന്നു തന്നെ ബാധകമാക്കാൻ ഞാൻ ആഗ്രഹിച്ചു,” കിം പറയുന്നു. “ഉദാഹരണത്തിന്, കുടുംബത്തിൽനിന്നുള്ള എതിർപ്പിനെ വകവെക്കാതെ ഞാൻ പൂർവികരെ ആരാധിക്കുന്നതു നിറുത്തി. കൂടാതെ, എന്റെ പങ്കാളിയുമായുള്ള ബന്ധം നിയമപരമാക്കാൻ ഞാൻ ശ്രമിച്ചു. പക്ഷേ അയാൾ അതിനു വിസമ്മതിച്ചു. ഈ പ്രയാസ സമയത്ത് ഉടനീളം ഫ്രാൻസിലെ സാക്ഷി എനിക്ക് ബൈബിൾ പ്രസിദ്ധീകരണങ്ങൾ അയച്ചുതന്നുകൊണ്ടിരുന്നു. കൂടാതെ, ലിൻ എന്നെ വളരെയധികം പ്രോത്സാഹിപ്പിച്ചു. ഈ സഹോദരിമാരുടെ ക്ഷമയും സ്‌നേഹപൂർവകമായ പിന്തുണയും പിടിച്ചുനിൽക്കാൻ എന്നെ സഹായിച്ചു. ഒടുവിൽ എന്റെ പങ്കാളിയുടെ തനിനിറം വ്യക്തമായി. അയാൾക്ക് അപ്പോൾത്തന്നെ 5 ‘ഭാര്യമാരും’ 25 കുട്ടികളും ഉണ്ടെന്ന് ഞാൻ മനസ്സിലാക്കി! ഇത് അയാളുമായുള്ള ബന്ധം അവസാനിപ്പിക്കാൻ എനിക്കു ധൈര്യം തന്നു.
“എല്ലാവിധ സുഖസൗകര്യങ്ങളുമുള്ള ഒരു വലിയ വീടു വിട്ട് ചെറിയ ഒരു അപ്പാർട്ടുമെന്റിലേക്കു മാറുക എന്നത് എളുപ്പമല്ലായിരുന്നു. മാത്രമല്ല, എന്റെ മുൻ പങ്കാളി വീണ്ടും അയാളോടൊപ്പം താമസമാക്കാൻ എന്നെ നിർബന്ധിച്ചുകൊണ്ടുമിരുന്നു. വിസമ്മതിച്ചാൽ ആസിഡ് ഒഴിച്ച് എന്നെ വിരൂപയാക്കുമെന്നു വരെ അയാൾ ഭീഷണിപ്പെടുത്തി. എങ്കിലും യഹോവയുടെ സഹായത്താൽ ശരിയായതു ചെയ്യാൻ എനിക്കു കഴിഞ്ഞു.” കിം പുരോഗതി വരുത്തുന്നതിൽ തുടരുകയും 1998 ഏപ്രിലിൽ സ്‌നാപനമേൽക്കുകയും ചെയ്‌തു. കൂടാതെ, അവരുടെ രണ്ടു സഹോദരിമാരും കൗമാരപ്രായക്കാരനായ മകനും യഹോവയുടെ സാക്ഷികളോടൊത്ത് ബൈബിൾ പഠിക്കാൻ തുടങ്ങി.
“എന്റെ ജീവിതം എന്നും ഇരുളടഞ്ഞത് ആയിരിക്കുമെന്നാണ് ഞാൻ വിചാരിച്ചിരുന്നത്,” കിം പറയുന്നു. “എന്നാൽ ഇന്ന് ഞാൻ സന്തുഷ്ടയാണ്. ഞാൻ രാത്രിയിൽ കരയാറില്ല. യഹോവ ഇപ്പോൾത്തന്നെ എന്റെ കണ്ണിൽനിന്നു കണ്ണുനീർ തുടച്ചുകളഞ്ഞിരിക്കുന്നു.”
[അടിക്കുറിപ്പുകൾ]
^ ഖ. 4 പേരുകൾക്കു മാറ്റം വരുത്തിയിട്ടുണ്ട്.