വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങളുടെ അഭിവൃദ്ധി പ്രകടമായിത്തീരട്ടെ

നിങ്ങളുടെ അഭിവൃദ്ധി പ്രകടമായിത്തീരട്ടെ

നിങ്ങളുടെ അഭിവൃദ്ധി പ്രകടമായിത്തീരട്ടെ

“നിന്റെ അഭിവൃദ്ധി എല്ലാവർക്കും പ്രസിദ്ധമായിത്തീരേണ്ടതിന്നു [“പ്രകടമായിത്തീരേണ്ടതിന്‌,” NW] ഇതു കരുതുക, ഇതിൽ തന്നേ ഇരുന്നുകൊൾക.”​—⁠1 തിമൊഥെയൊസ്‌ 4:⁠15.

1. ഒരു പഴം കഴിക്കാൻ പാകമായെന്ന്‌ നിങ്ങൾ എങ്ങനെ മനസ്സിലാക്കും?

ഒരു നിമിഷം, നിങ്ങൾക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ട പഴത്തെ കുറിച്ച്‌ ചിന്തിക്കുക. ചക്ക, മാങ്ങ, കൈതച്ചക്ക അല്ലെങ്കിൽ മറ്റെന്തെങ്കിലും. അതു കഴിക്കാൻ പാകമാകുമ്പോൾ നിങ്ങൾക്ക്‌ അറിയാൻ കഴിയുമോ? തീർച്ചയായും. അതു തൊട്ടു നോക്കുമ്പോൾ, അതിന്റെ മണവും നിറവും മാറുമ്പോൾ നിങ്ങളെ കാത്തിരിക്കുന്ന സന്തോഷകരമായ അനുഭവം ഓർത്ത്‌ നിങ്ങളുടെ വായിൽ വെള്ളമൂറുന്നു. ഒരു കഷണം വായിൽ വെക്കുന്ന നിമിഷം നിങ്ങൾ സംതൃപ്‌തിയുടേതായ ഒരു ദീർഘനിശ്വാസം ഉതിർത്തേക്കാം. എന്തൊരു സ്വാദ്‌! എന്തൊരു മധുരം! അത്‌ നിങ്ങൾക്ക്‌ വളരെയധികം ആസ്വാദനവും സന്തോഷം നൽകുന്നു.

2. പക്വത പ്രകടമാകുന്നത്‌ എങ്ങനെ, വ്യക്തി ബന്ധങ്ങളുടെമേലുള്ള അതിന്റെ ഫലം എന്ത്‌?

2 ലളിതമെങ്കിലും ആനന്ദദായകമായ ഈ അനുഭവത്തിന്‌ ജീവിതത്തിന്റെ മറ്റു മണ്ഡലങ്ങളിലും സമാന്തരങ്ങളുണ്ട്‌. ഒന്ന്‌ ആത്മീയ പക്വതയോടുള്ള ബന്ധത്തിലാണ്‌. കഴിക്കാൻ പാകമായ ഒരു പഴത്തിന്റെ കാര്യത്തിലെന്ന പോലെ ഒരു വ്യക്തിയുടെ ആത്മീയ പക്വതയും വ്യത്യസ്‌ത വിധങ്ങളിൽ പ്രകടമാകും. ഒരാളിൽ വിവേകം, ഉൾക്കാഴ്‌ച, ജ്ഞാനം എന്നിങ്ങനെയുള്ള ഗുണങ്ങൾ കാണുമ്പോൾ അയാൾ പക്വതയുള്ളവനാണെന്നു നാം മനസ്സിലാക്കുന്നു. (ഇയ്യോബ്‌ 32:​7-9) മനോഭാവത്തിലും പ്രവർത്തനത്തിലും അത്തരം ഗുണങ്ങൾ പ്രകടിപ്പിക്കുന്നവരോടൊപ്പം സഹവസിക്കുന്നതും ജോലി ചെയ്യുന്നതും തീർച്ചയായും ആനന്ദദായകമാണ്‌.​—⁠സദൃശവാക്യങ്ങൾ 13:⁠20.

3. തന്റെ നാളിലെ ആളുകളെ കുറിച്ചുള്ള യേശുവിന്റെ വിവരണം പക്വതയെ കുറിച്ച്‌ എന്തു വെളിപ്പെടുത്തി?

3 നേരെ മറിച്ച്‌, ഒരു വ്യക്തിക്ക്‌ ശാരീരിക പക്വത ഉണ്ടെങ്കിലും അയാളുടെ സംസാരവും നടത്തയും അയാൾക്ക്‌ വൈകാരികവും ആത്മീയവുമായ പക്വത ഇല്ല എന്നു വെളിപ്പെടുത്തിയേക്കാം. ഉദാഹരണത്തിന്‌, തന്റെ നാളിലെ വഴിപിഴച്ച തലമുറയെ കുറിച്ചു സംസാരിക്കവേ യേശുക്രിസ്‌തു ഇങ്ങനെ പറഞ്ഞു: “യോഹന്നാൻ തിന്നുകയും കുടിക്കയും ചെയ്യാത്തവനായി വന്നു; അവന്നു ഭൂതമുണ്ടെന്നു അവർ പറയുന്നു. മനുഷ്യപുത്രൻ തിന്നും കുടിച്ചുംകൊണ്ടു വന്നു; തിന്നിയും കുടിയനുമായ മനുഷ്യൻ . . . എന്നു അവർ പറയുന്നു.” ആ ആളുകൾ ശാരീരിക പക്വതയുള്ളവർ ആയിരുന്നെങ്കിലും അവരുടെ പെരുമാറ്റം പക്വതയില്ലാത്ത ‘കുട്ടികളെ’ പോലെ ആയിരുന്നെന്ന്‌ യേശു പറഞ്ഞു. അതുകൊണ്ട്‌ അവൻ ഇങ്ങനെ കൂട്ടിച്ചേർത്തു: “ജ്ഞാനമോ തന്റെ പ്രവൃത്തികളാൽ നീതീകരിക്കപ്പെട്ടിരിക്കുന്നു.”​—⁠മത്തായി 11:​16-19.

4. അഭിവൃദ്ധിയും പക്വതയും പ്രകടമാകുന്നത്‌ ഏതു വിധങ്ങളിൽ?

4 യേശുവിന്റെ വാക്കുകളിൽനിന്ന്‌, ഒരു വ്യക്തിക്ക്‌ യഥാർഥ ജ്ഞാനം​—⁠പക്വതയെ തിരിച്ചറിയിക്കുന്ന ഒരു അടയാളം​—⁠ഉണ്ടോ എന്നത്‌ അയാളുടെ പ്രവൃത്തികളിൽനിന്നും അവയുടെ ഫലത്തിൽനിന്നും പ്രകടമായിത്തീരുന്നു എന്നു നാം മനസ്സിലാക്കുന്നു. ഇതിനോടുള്ള ബന്ധത്തിൽ അപ്പൊസ്‌തലനായ പൗലൊസ്‌ തിമൊഥെയൊസിനു നൽകിയ ബുദ്ധിയുപദേശം ശ്രദ്ധിക്കുക. തിമൊഥെയൊസ്‌ ചെയ്യേണ്ടതും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങളുടെ ഒരു പട്ടിക നൽകിയ ശേഷം പൗലൊസ്‌ പറഞ്ഞു: “നിന്റെ അഭിവൃദ്ധി എല്ലാവർക്കും പ്രസിദ്ധമായിത്തീരേണ്ടതിന്നു [“പ്രകടമായിത്തീരേണ്ടതിന്‌,” NW] ഇതു കരുതുക, ഇതിൽ തന്നേ ഇരുന്നുകൊൾക.” (1 തിമൊഥെയൊസ്‌ 4:15) അതേ, പക്വതയിലേക്കുള്ള ഒരു ക്രിസ്‌ത്യാനിയുടെ അഭിവൃദ്ധി ‘പ്രകടമായി’രിക്കും, അതായത്‌, അതു വ്യക്തമായി തിരിച്ചറിയാൻ കഴിയും. പ്രകാശിക്കുന്ന ഒരു ദീപം പോലെയാണ്‌ ക്രിസ്‌തീയ പക്വത. അത്‌ അദൃശ്യമായ, മറഞ്ഞിരിക്കുന്ന ഒരു ഗുണമല്ല. (മത്തായി 5:​14-16) അതുകൊണ്ട്‌, നമുക്കിപ്പോൾ അഭിവൃദ്ധിയും പക്വതയും പ്രകടമാകുന്ന പ്രധാനപ്പെട്ട രണ്ടു വിധങ്ങളെ കുറിച്ചു പരിചിന്തിക്കാം: (1) അറിവിലും ഗ്രാഹ്യത്തിലും ജ്ഞാനത്തിലും ഉള്ള വളർച്ച; (2) ദൈവാത്മാവിന്റെ ഫലം പ്രകടമാക്കൽ.

വിശ്വാസത്തിലും പരിജ്ഞാനത്തിലുമുള്ള ഐക്യം

5. പക്വതയെ എങ്ങനെ നിർവചിക്കാം?

5 മിക്ക നിഘണ്ടുക്കളും പക്വതയെ വർണിക്കുന്നത്‌ പാകം വന്ന, പൂർണ വളർച്ചയെത്തിയ അല്ലെങ്കിൽ അഭികാമ്യമായ ഒരു നിലവാരത്തിൽ എത്തിച്ചേർന്ന അവസ്ഥ എന്നാണ്‌. നേരത്തേ പരാമർശിച്ചതു പോലെ ഒരു പഴം കഴിക്കാൻ പാകമാകുന്നത്‌ അതിന്റെ സ്വാഭാവിക വളർച്ചാപ്രക്രിയ പൂർത്തിയാകുകയും അതിന്റെ രൂപം, നിറം, മണം, രുചി എന്നിവ അഭികാമ്യം എന്നു കരുതപ്പെടുന്ന ഒരു അവസ്ഥയിൽ എത്തുകയും ചെയ്യുമ്പോഴാണ്‌. അതുകൊണ്ട്‌ പക്വതയെ ശ്രേഷ്‌ഠത, തികവ്‌, എന്തിന്‌ പൂർണതയുടെ പോലും പര്യായമായി കണക്കാക്കാവുന്നതാണ്‌.​—⁠യെശയ്യാവു 18:​5, NW; മത്തായി 5:​45-48; യാക്കോബ്‌ 1:⁠4.

6, 7. (എ) തന്റെ ആരാധകരെല്ലാം ആത്മീയ പക്വത പ്രാപിക്കുന്നതിൽ യഹോവ അതീവ തത്‌പരനാണെന്ന്‌ എന്തു പ്രകടമാക്കുന്നു? (ബി) ആത്മീയ പക്വത മറ്റെന്തുമായി അടുത്തു ബന്ധപ്പെട്ടിരിക്കുന്നു?

6 തന്റെ ആരാധകരെല്ലാം ആത്മീയ പക്വതയിലേക്ക്‌ അഭിവൃദ്ധി പ്രാപിക്കുന്നത്‌ കാണുന്നതിൽ യഹോവ അതീവ തത്‌പരനാണ്‌. അതിനായി അവൻ ക്രിസ്‌തീയ സഭയ്‌ക്കുള്ളിൽ അത്ഭുതകരമായ ചില കരുതലുകൾ ചെയ്‌തിരിക്കുന്നു. എഫെസൊസിലെ ക്രിസ്‌ത്യാനികൾക്ക്‌ പൗലൊസ്‌ അപ്പൊസ്‌തലൻ ഇപ്രകാരം എഴുതി: “അവൻ ചിലരെ അപ്പൊസ്‌തലന്മാരായും ചിലരെ പ്രവാചകന്മാരായും ചിലരെ സുവിശേഷകന്മാരായും ചിലരെ ഇടയന്മാരായും ഉപദേഷ്ടാക്കന്മാരായും നിയമിച്ചിരിക്കുന്നു; അതു നാം എല്ലാവരും വിശ്വാസത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പരിജ്ഞാനത്തിലുമുള്ള ഐക്യതയും തികഞ്ഞ പുരുഷത്വവും [“പൂർണവളർച്ചയും,” NW] ക്രിസ്‌തുവിന്റെ സമ്പൂർണ്ണതയായ പ്രായത്തിന്റെ അളവും പ്രാപിക്കുവോളം വിശുദ്ധന്മാരുടെ യഥാസ്ഥാനത്വത്തിന്നായുള്ള ശുശ്രൂഷയുടെ വേലെക്കും ക്രിസ്‌തുവിന്റെ ശരീരത്തിന്റെ ആത്മികവർദ്ധനെക്കും ആകുന്നു. അങ്ങനെ നാം ഇനി മനുഷ്യരുടെ ചതിയാലും ഉപായത്താലും തെറ്റിച്ചുകളയുന്ന തന്ത്രങ്ങളിൽ കുടുങ്ങിപ്പോകുവാൻ തക്കവണ്ണം ഉപദേശത്തിന്റെ ഓരോ കാറ്റിനാൽ അലഞ്ഞുഴലുന്ന ശിശുക്കൾ ആയിരി”ക്കുകയില്ല.​—⁠എഫെസ്യർ 4:​11-14.

7 ഈ വാക്യങ്ങളിലൂടെ പൗലൊസ്‌ വ്യക്തമാക്കുന്നതു പോലെ ദൈവം സഭയിൽ ഇത്രയധികം ആത്മീയ കരുതലുകൾ ചെയ്‌തിരിക്കുന്നതിന്റെ കാരണങ്ങളിൽ ചിലത്‌ ഇവയാണ്‌: എല്ലാവരും ‘വിശ്വാസത്തിലും പരിജ്ഞാനത്തിലുമുള്ള ഐക്യം പ്രാപിക്കുക,’ ‘പൂർണ വളർച്ചയിൽ എത്തുക,’ ‘ക്രിസ്‌തുവിന്റെ സമ്പൂർണത പ്രാപിക്കുക.’ എങ്കിൽ മാത്രമേ ആത്മീയ ശിശുക്കളെ പോലെ വ്യാജ ആശയങ്ങളാലും പഠിപ്പിക്കലുകളാലും അലഞ്ഞുഴലുന്നതിൽനിന്നു നാം സംരക്ഷിക്കപ്പെടുകയുള്ളൂ. അതുകൊണ്ട്‌ ക്രിസ്‌തീയ പക്വതയിലേക്ക്‌ അഭിവൃദ്ധി പ്രാപിക്കുന്നതും ‘വിശ്വാസത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പരിജ്ഞാനത്തിലുമുള്ള ഐക്യം’ നേടുന്നതും എത്ര അടുത്തു ബന്ധപ്പെട്ടിരിക്കുന്നുവെന്ന്‌ നമുക്കു കാണാൻ കഴിയും. പൗലൊസിന്റെ ബുദ്ധിയുപദേശത്തിൽ നാം ശ്രദ്ധ നൽകേണ്ട അനേകം ആശയങ്ങൾ അടങ്ങിയിട്ടുണ്ട്‌.

8. വിശ്വാസത്തിലും പരിജ്ഞാനത്തിലും ‘ഐക്യം’ നേടാൻ എന്ത്‌ ആവശ്യമാണ്‌?

8 ഒന്നാമതായി, ‘ഐക്യം’ നേടേണ്ടത്‌ ഉള്ളതിനാൽ പക്വതയുള്ള ഒരു ക്രിസ്‌ത്യാനി വിശ്വാസത്തിന്റെയും പരിജ്ഞാനത്തിന്റെയും കാര്യത്തിൽ സഹവിശ്വാസികളുമായി പൂർണ യോജിപ്പിൽ ആയിരിക്കേണ്ടതുണ്ട്‌. ബൈബിൾ ഗ്രാഹ്യത്തോടുള്ള ബന്ധത്തിൽ അയാൾ വ്യക്തിപരമായ അഭിപ്രായങ്ങളെ ഉന്നമിപ്പിക്കുകയോ അത്തരം ആശയങ്ങൾ വെച്ചുപുലർത്തുകയോ ഇല്ല. പകരം, യഹോവയാം ദൈവം തന്റെ പുത്രനായ യേശുക്രിസ്‌തുവിലൂടെയും “വിശ്വസ്‌തനും വിവേകിയുമായ അടിമ”യിലൂടെയും വെളിപ്പെടുത്തുന്ന സത്യത്തിൽ അയാൾക്കു പൂർണ വിശ്വാസമുണ്ട്‌. ക്രിസ്‌തീയ പ്രസിദ്ധീകരണങ്ങൾ, യോഗങ്ങൾ, സമ്മേളനങ്ങൾ, കൺവെൻഷനുകൾ എന്നിവയിലൂടെ “തക്ക സമയത്ത്‌” ലഭിക്കുന്ന ആത്മീയ ആഹാരം ക്രമമായി ഭക്ഷിക്കുകവഴി വിശ്വാസത്തിലും പരിജ്ഞാനത്തിലും സഹക്രിസ്‌ത്യാനികളുമായി ‘ഐക്യം’ നിലനിറുത്തുന്നുവെന്ന്‌ നമുക്ക്‌ ഉറപ്പു വരുത്താൻ കഴിയും.​—⁠മത്തായി 24:⁠45, NW.

9. എഫെസ്യർക്കുള്ള ലേഖനത്തിൽ പൗലൊസ്‌ ‘വിശ്വാസം’ എന്ന പദം ഏത്‌ അർഥത്തിലാണ്‌ ഉപയോഗിച്ചതെന്നു വിശദീകരിക്കുക.

9 രണ്ടാമതായി, ‘വിശ്വാസം’ എന്നതിൽ ഓരോ ക്രിസ്‌ത്യാനിക്കുമുള്ള വ്യക്തിപരമായ ബോധ്യമല്ല, മറിച്ച്‌ നമ്മുടെ മുഴു പഠിപ്പിക്കലുകളും, അവയുടെ “വീതിയും നീളവും ഉയരവും ആഴവും” ആണ്‌ ഉൾപ്പെട്ടിരിക്കുന്നത്‌. (എഫെസ്യർ 3:​18; 4:5; കൊലൊസ്സ്യർ 1:23; 2:⁠7) അല്ല, ഒരു ക്രിസ്‌ത്യാനി ‘വിശ്വാസത്തിന്റെ’ ചില വശങ്ങൾ മാത്രമേ സ്വീകരിക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നുള്ളുവെങ്കിൽ അയാൾക്ക്‌ എങ്ങനെയാണ്‌ സഹവിശ്വാസികളുമായി ഐക്യത്തിൽ ആയിരിക്കാൻ കഴിയുക? ഇതിന്റെ അർഥം ബൈബിളിന്റെ അടിസ്ഥാന പഠിപ്പിക്കലുകൾ മനസ്സിലാക്കുന്നതുകൊണ്ടു മാത്രം, അല്ലെങ്കിൽ സത്യം സംബന്ധിച്ച്‌ അവ്യക്തമോ ഭാഗികമോ ആയ അറിവു നേടുന്നതുകൊണ്ടു മാത്രം നാം തൃപ്‌തിപ്പെടരുത്‌ എന്നാണ്‌. മറിച്ച്‌, ദൈവവചനത്തിലേക്ക്‌ ആഴത്തിൽ കുഴിച്ചിറങ്ങുന്നതിനായി യഹോവ തന്റെ സംഘടന മുഖാന്തരം നൽകിയിരിക്കുന്ന എല്ലാ കരുതലുകളും പ്രയോജനപ്പെടുത്തുന്നതിൽ നാം തത്‌പരരായിരിക്കണം. ദൈവത്തിന്റെ ഇഷ്ടവും ഉദ്ദേശ്യവും സംബന്ധിച്ച്‌ കഴിയുന്നത്ര സൂക്ഷ്‌മവും പൂർണവുമായ ഗ്രാഹ്യം നേടാൻ നാം പരിശ്രമിക്കണം. ബൈബിളും ബൈബിൾ പ്രസിദ്ധീകരണങ്ങളും വായിച്ച്‌ പഠിക്കാനും സഹായത്തിനും മാർഗനിർദേശത്തിനുമായി ദൈവത്തോട്‌ പ്രാർഥിക്കാനും ക്രിസ്‌തീയ യോഗങ്ങൾക്കു ക്രമമായി ഹാജരാകാനും രാജ്യ പ്രസംഗ വേലയിലും ശിഷ്യരാക്കൽ വേലയിലും പൂർണ പങ്ക്‌ ഉണ്ടായിരിക്കാനും സമയം എടുക്കുന്നത്‌ ഇതിൽ ഉൾപ്പെടുന്നു.​—⁠സദൃശവാക്യങ്ങൾ 2:​1-5.

10. എഫെസ്യർ 4:​12-ൽ ഉപയോഗിച്ചിരിക്കുന്ന ‘നാം എല്ലാവരും’ എന്ന വാക്കുകളുടെ പ്രാധാന്യം എന്ത്‌?

10 മൂന്നാമതായി, യഹോവ ആത്മീയ കരുതലുകൾ പ്രദാനം ചെയ്‌തിരിക്കുന്നതിന്റെ മൂന്നു കാരണങ്ങളെ കുറിച്ചുള്ള തന്റെ വിവരണം ‘നാം എല്ലാവരും’ എന്ന വാക്കുകളോടെയാണ്‌ പൗലൊസ്‌ തുടങ്ങിയത്‌. “നാം എല്ലാവരും” എന്ന പ്രയോഗം “എല്ലാവരും വെവ്വേറെയല്ല, മറിച്ച്‌ ഒറ്റക്കെട്ടായി” പ്രവർത്തിക്കുന്നതിനെ അർഥമാക്കുന്നുവെന്ന്‌ ഒരു ബൈബിൾ പരാമർശഗ്രന്ഥം പറയുന്നു. മറ്റു വാക്കുകളിൽ പറഞ്ഞാൽ, ക്രിസ്‌തീയ പക്വത നേടുക എന്ന ലക്ഷ്യത്തിൽ എത്തിച്ചേരുന്നതിന്‌ നാമോരോരുത്തരും മുഴു സഹോദരവർഗത്തോടുമൊപ്പം ന്യായമായ ശ്രമം ചെലുത്തേണ്ടതുണ്ട്‌. വ്യാഖ്യാതാവിന്റെ ബൈബിൾ ഇങ്ങനെ പറയുന്നു: “മുഴു ശരീരവും ആരോഗ്യകരമായ വളർച്ച തുടരാത്തപക്ഷം ശരീരത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്തിനു മാത്രം പൂർണ വളർച്ചയിലെത്താൻ കഴിയാത്തതു പോലെ സമ്പൂർണമായ ആത്മീയ വിജയം വ്യക്തികൾ ഒറ്റയ്‌ക്കൊറ്റയ്‌ക്കു നേടുന്നില്ല.” വിശ്വാസത്തിന്റെ മുഴു വ്യാപ്‌തിയും ഗ്രഹിക്കാൻ ശ്രമിക്കേണ്ടത്‌ “സകല വിശുദ്ധന്മാരോടുംകൂടെ” ആയിരിക്കണമെന്ന കാര്യം പൗലൊസ്‌ എഫെസ്യ ക്രിസ്‌ത്യാനികളെ ഓർമിപ്പിച്ചു.​—⁠എഫെസ്യർ 3:18.

11. (എ) ആത്മീയ അഭിവൃദ്ധി വരുത്തുന്നതിന്റെ അർഥം എന്തല്ല? (ബി) അഭിവൃദ്ധി പ്രാപിക്കുന്നതിനു നാം എന്തു ചെയ്യണം?

11 ആത്മീയ അഭിവൃദ്ധിയിൽ, മനസ്സിനെ അറിവും ജ്ഞാനവുംകൊണ്ട്‌ നിറയ്‌ക്കുന്നതിലും അധികം ഉൾപ്പെട്ടിട്ടുണ്ടെന്ന്‌ പൗലൊസിന്റെ വാക്കുകളിൽനിന്നു വ്യക്തമാണ്‌. പക്വതയുള്ള ഒരു ക്രിസ്‌ത്യാനി തന്റെ അറിവിന്റെ പെരുപ്പം കാട്ടിക്കൊണ്ട്‌ മറ്റുള്ളവരുടെ മുമ്പാകെ തിളങ്ങാൻ ശ്രമിക്കുകയില്ല. മറിച്ച്‌ ബൈബിൾ പറയുന്നു: “നീതിമാന്മാരുടെ പാതയോ പ്രഭാതത്തിന്റെ വെളിച്ചംപോലെ; അതു നട്ടുച്ചവരെ അധികമധികം ശോഭിച്ചു വരുന്നു.” (സദൃശവാക്യങ്ങൾ 4:18) ശ്രദ്ധിക്കുക: വ്യക്തിയല്ല മറിച്ച്‌ “പാത”യാണ്‌ “അധികമധികം ശോഭിച്ചു വരുന്ന”ത്‌. യഹോവ തന്റെ ജനത്തിനു നൽകുന്ന ദൈവവചനത്തിന്റെ പ്രകാശമാനമായിത്തീർന്നുകൊണ്ടിരിക്കുന്ന ഗ്രാഹ്യത്തോടൊപ്പം മുന്നേറാൻ തുടർച്ചയായ ശ്രമം ചെയ്യുന്നെങ്കിൽ നാം ആത്മീയ അഭിവൃദ്ധി പ്രാപിക്കും. ഇത്‌ നമുക്കെല്ലാം ചെയ്യാവുന്ന കാര്യമാണ്‌.​—⁠സങ്കീർത്തനം 97:11; 119:105.

‘ആത്മാവിന്റെ ഫലം’ പ്രകടമാക്കുക

12. ആത്മീയ അഭിവൃദ്ധി പ്രാപിക്കാൻ ശ്രമിക്കവേ ആത്മാവിന്റെ ഫലം പ്രകടമാക്കുന്നത്‌ പ്രധാനം ആയിരിക്കുന്നത്‌ എന്തുകൊണ്ട്‌?

12 ‘വിശ്വാസത്തിലും പരിജ്ഞാനത്തിലുമുള്ള ഐക്യം’ ഉണ്ടായിരിക്കുന്നതു പോലെതന്നെ പ്രധാനമാണ്‌ ജീവിതത്തിന്റെ എല്ലാ വശങ്ങളിലും ദൈവാത്മാവിന്റെ ഫലം പ്രകടമാക്കുന്നതും. എന്തുകൊണ്ട്‌? കാരണം, നാം കണ്ടുകഴിഞ്ഞതു പോലെ പക്വത എന്നത്‌ അദൃശ്യമായ അല്ലെങ്കിൽ മറഞ്ഞിരിക്കുന്ന ഒരു ഗുണമല്ല. പകരം, വ്യക്തമായി കാണാൻ കഴിയുന്ന, മറ്റുള്ളവർക്ക്‌ പ്രയോജനം ചെയ്യുകയും അവരെ കെട്ടുപണി ചെയ്യുകയും ചെയ്യുന്ന സവിശേഷതകളാൽ അത്‌ തിരിച്ചറിയിക്കപ്പെടുന്നു. തീർച്ചയായും, ആത്മീയ അഭിവൃദ്ധി പ്രാപിക്കുന്നതിലെ നമ്മുടെ ഉദ്ദേശ്യം കേവലം നല്ല പെരുമാറ്റരീതികൾ ഉള്ളവരായി കാണപ്പെടുക എന്നതല്ല. മറിച്ച്‌, ദൈവാത്മാവിന്റെ നടത്തിപ്പ്‌ പിൻപറ്റിക്കൊണ്ട്‌ നാം ആത്മീയമായി വളരുമ്പോൾ നമ്മുടെ മനോഭാവങ്ങളിലും പ്രവർത്തനത്തിലും അത്ഭുതകരമായ രൂപാന്തരീകരണം സംഭവിക്കുന്നു. “ആത്മാവിനെ അനുസരിച്ചുനടപ്പിൻ; എന്നാൽ നിങ്ങൾ ജഡത്തിന്റെ മോഹം നിവർത്തിക്കയില്ല” എന്ന്‌ അപ്പൊസ്‌തലനായ പൗലൊസ്‌ പറഞ്ഞു.​—⁠ഗലാത്യർ 5:⁠16.

13. ഏതു മാറ്റം അഭിവൃദ്ധിയുടെ വ്യക്തമായ തെളിവാണ്‌?

13 തുടർന്ന്‌ പൗലൊസ്‌ അനേകവും ‘വെളിവാകുന്നതുമായ’ ‘ജഡത്തിന്റെ പ്രവൃത്തികൾ’ പട്ടികപ്പെടുത്തി. ഒരു വ്യക്തി ദൈവത്തിന്റെ നിബന്ധനകളുടെ മൂല്യം വിലമതിക്കാനിടയാകുന്നതിനു മുമ്പ്‌ അയാളുടെ ജീവിതം ലോകത്തിന്റെ രീതികളുമായി അനുരൂപപ്പെട്ടതായിരിക്കും. “ദുർന്നടപ്പു, അശുദ്ധി, ദുഷ്‌കാമം, വിഗ്രഹാരാധന, ആഭിചാരം, പക, പിണക്കം, ജാരശങ്ക, ക്രോധം, ശാഠ്യം, ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്തു” എന്നിങ്ങനെ പൗലൊസ്‌ പരാമർശിച്ച കാര്യങ്ങളിൽ ചിലത്‌ അയാളുടെ ജീവിതത്തിന്റെ ഭാഗമായിരിക്കാം. (ഗലാത്യർ 5:​19-21) എന്നാൽ ആത്മീയ അഭിവൃദ്ധി വരുത്താൻ തുടങ്ങുന്നതോടെ അയാൾ ക്രമേണ അനഭികാമ്യമായ ‘ജഡത്തിന്റെ പ്രവൃത്തികൾ’ ഉപേക്ഷിച്ച്‌ തത്‌സ്ഥാനത്ത്‌ ‘ആത്മാവിന്റെ ഫലം’ നട്ടുവളർത്തുന്നു. ദൃശ്യമായ ഈ മാറ്റം അയാൾ ക്രിസ്‌തീയ പക്വതയിലേക്ക്‌ അഭിവൃദ്ധി പ്രാപിക്കുകയാണ്‌ എന്നുള്ളതിന്റെ വ്യക്തമായ തെളിവാണ്‌.​—⁠ഗലാത്യർ 5:⁠22.

14. ‘ജഡത്തിന്റെ പ്രവൃത്തികൾ,’ ‘ആത്മാവിന്റെ ഫലം’ എന്നീ പ്രയോഗങ്ങൾ വിശദീകരിക്കുക.

14 ‘ജഡത്തിന്റെ പ്രവൃത്തികൾ,’ ‘ആത്മാവിന്റെ ഫലം’ എന്നീ പ്രയോഗങ്ങൾ ശ്രദ്ധാർഹമാണ്‌. ‘പ്രവൃത്തികൾ’ എന്ന പദം ഒരുവന്റെ ചെയ്‌തികളെ കുറിക്കുന്നു. അതുകൊണ്ട്‌, ജഡത്തിന്റെ പ്രവൃത്തികളായി പൗലൊസ്‌ പട്ടികപ്പെടുത്തിയ സംഗതികൾ ഒരുവൻ മനഃപൂർവമോ അല്ലെങ്കിൽ വീഴ്‌ച ഭവിച്ച ജഡത്തിന്‌ അടിപ്പെട്ടുകൊണ്ടോ ചെയ്യുന്നവയാണ്‌. (റോമർ 1:​24, 28; 7:​21-25) നേരെ മറിച്ച്‌, ‘ആത്മാവിന്റെ ഫലം’ എന്ന പ്രയോഗം, പട്ടികപ്പെടുത്തിയിരിക്കുന്ന ഗുണങ്ങൾ എന്തെങ്കിലും സ്വഭാവ രൂപീകരണ അല്ലെങ്കിൽ വ്യക്തിത്വ വികസന ശ്രമങ്ങളുടെ ഫലമല്ല എന്നു സൂചിപ്പിക്കുന്നു. മറിച്ച്‌ അവ ഒരു വ്യക്തിയുടെ മേൽ ദൈവാത്മാവു പ്രവർത്തിക്കുന്നതിന്റെ ഫലമാണ്‌. നല്ല പരിചരണം ലഭിക്കുമ്പോൾ ഒരു വൃക്ഷം ഫലം ഉത്‌പാദിപ്പിക്കുന്നതു പോലെതന്നെ ഒരു വ്യക്തിയുടെ ജീവിതത്തിൽ പരിശുദ്ധാത്മാവിന്റെ സ്വതന്ത്രമായ ഒഴുക്കുണ്ടായിരിക്കുമ്പോൾ അയാൾ ആത്മാവിന്റെ ഫലം പ്രകടിപ്പിക്കും.​—⁠സങ്കീർത്തനം 1:​1-3.

15. ‘ആത്മാവിന്റെ ഫല’ത്തിന്റെ എല്ലാ വശങ്ങൾക്കും ശ്രദ്ധ കൊടുക്കേണ്ടത്‌ പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

15 പൗലൊസ്‌ താൻ പരാമർശിച്ച എല്ലാ നല്ല ഗുണങ്ങളെയും കുറിക്കാൻ ‘ഫലം’ എന്ന പദമാണ്‌ ഉപയോഗിച്ചത്‌ എന്നുള്ളതും പരിചിന്തനാർഹമാണ്‌. നമ്മുടെ ഇഷ്ടാനുസരണം തിരഞ്ഞെടുക്കുന്നതിനായി ആത്മാവ്‌ വിവിധ ഫലങ്ങൾ ഉത്‌പാദിപ്പിക്കുകയല്ല ചെയ്യുന്നത്‌. പൗലൊസ്‌ പട്ടികപ്പെടുത്തിയ എല്ലാ ഗുണങ്ങളും​—⁠സ്‌നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്‌തത, സൗമ്യത, ഇന്ദ്രിയജയം​—⁠തുല്യ പ്രാധാന്യമുള്ളവയാണ്‌. അവയെല്ലാം ഒരുമിച്ചു കൂടുമ്പോഴാണ്‌ പുതിയ ക്രിസ്‌തീയ വ്യക്തിത്വം രൂപം കൊള്ളുന്നത്‌. (എഫെസ്യർ 4:​24, NW; കൊലൊസ്സ്യർ 3:​10, NW) അതുകൊണ്ട്‌ സ്വന്തം വ്യക്തിത്വവും ചായ്‌വുകളും അനുസരിച്ച്‌ ഈ ഗുണങ്ങളിൽ ചിലത്‌ നമ്മുടെ ജീവിതത്തിൽ കൂടുതൽ പ്രകടമായി കണ്ടേക്കാമെന്നിരിക്കെ പൗലൊസ്‌ പരാമർശിച്ച എല്ലാ വശങ്ങൾക്കും നാം ശ്രദ്ധ നൽകേണ്ടതു പ്രധാനമാണ്‌. അങ്ങനെ ചെയ്യുന്നതിനാൽ നമുക്ക്‌ നമ്മുടെ ജീവിതത്തിൽ ക്രിസ്‌തുസമാന വ്യക്തിത്വം കൂടുതൽ തികവോടെ പ്രതിഫലിപ്പിക്കാൻ കഴിയും.​—⁠1 പത്രൊസ്‌ 2:​12, 21.

16. ക്രിസ്‌തീയ പക്വത നേടാൻ നാം ശ്രമിക്കുന്നതിന്റ ഉദ്ദേശ്യം എന്ത്‌, അത്‌ എങ്ങനെ പ്രാപിക്കാനാകും?

16 പൗലൊസിന്റെ ചർച്ചയിൽനിന്നു നാം പഠിക്കുന്ന പ്രധാനപ്പെട്ട പാഠം ഇതാണ്‌: ക്രിസ്‌തീയ പക്വത നേടാൻ ശ്രമിക്കുന്നതിലെ നമ്മുടെ ഉദ്ദേശ്യം, വളരെയധികം അറിവും ജ്ഞാനവും സമ്പാദിക്കുക എന്നതോ മെച്ചപ്പെട്ട വ്യക്തിത്വ സവിശേഷതകൾ വളർത്തിയെടുക്കുക എന്നതോ അല്ല. മറിച്ച്‌ നമ്മുടെ ജീവിതത്തിൽ ദൈവാത്മാവിന്റെ സ്വതന്ത്രമായ ഒഴുക്ക്‌ ഉണ്ടായിരിക്കാൻ ഇടയാക്കുക എന്നതാണ്‌. നമ്മുടെ ചിന്തയും പ്രവർത്തനവും ദൈവാത്മ നടത്തിപ്പിനോട്‌ എത്രമാത്രം ചേർച്ചയിലാണോ നാം ആത്മീയമായി അത്രമാത്രം പക്വത നേടും. ഈ ലക്ഷ്യം നമുക്ക്‌ എങ്ങനെ നേടാൻ കഴിയും? ദൈവാത്മാവിനു സ്വാധീനം ചെലുത്താൻ സാധിക്കത്തക്കവിധം നാം നമ്മുടെ മനസ്സിനെയും ഹൃദയത്തെയും തുറക്കേണ്ടതുണ്ട്‌. ഇതിൽ ക്രിസ്‌തീയ യോഗങ്ങൾക്ക്‌ ക്രമമായി ഹാജരാകുന്നതും അവയിൽ പങ്കുപറ്റുന്നതും ഉൾപ്പെടുന്നു. കൂടാതെ നാം ക്രമമായി ദൈവവചനം പഠിക്കുകയും അതിനെക്കുറിച്ചു ധ്യാനിക്കുകയും വേണം. മറ്റുള്ളവരുമായുള്ള നമ്മുടെ ഇടപെടലുകളെയും നമ്മുടെ തിരഞ്ഞെടുപ്പുകളെയും തീരുമാനങ്ങളെയും വഴിനയിക്കാൻ അതിലെ തത്ത്വങ്ങളെ നാം അനുവദിക്കണം. അപ്പോൾ തീർച്ചയായും നമ്മുടെ അഭിവൃദ്ധി പ്രകടമായിത്തീരും.

ദൈവ മഹത്ത്വത്തിനായി അഭിവൃദ്ധി പ്രാപിക്കുക

17. അഭിവൃദ്ധി പ്രാപിക്കുന്നത്‌ നമ്മുടെ സ്വർഗീയ പിതാവിനെ മഹത്ത്വപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നത്‌ എങ്ങനെ?

17 അവസാനമായി, അഭിവൃദ്ധി പ്രകടമാക്കുന്നത്‌ നമുക്കല്ല മറിച്ച്‌ ആത്മീയ പക്വത നേടുന്നത്‌ സാധ്യമാക്കിത്തീർക്കുന്ന നമ്മുടെ സ്വർഗീയ പിതാവായ യഹോവയ്‌ക്ക്‌ മഹത്ത്വവും സ്‌തുതിയും കൈവരുത്തുന്നു. തന്റെ മരണത്തിന്റെ തലേ രാത്രി യേശു ശിഷ്യന്മാരോടു പറഞ്ഞു: “നിങ്ങൾ വളരെ ഫലം കായ്‌ക്കുന്നതിനാൽ എന്റെ പിതാവു മഹത്വപ്പെടുന്നു.” (യോഹന്നാൻ 15:⁠8) ആത്മാവിന്റെ ഫലം പ്രകടമാക്കിക്കൊണ്ടും ശുശ്രൂഷയിലെ രാജ്യഫലങ്ങൾ ഉത്‌പാദിപ്പിച്ചുകൊണ്ടും ശിഷ്യന്മാർ യഹോവയ്‌ക്കു മഹത്ത്വം കൈവരുത്തി.​—⁠പ്രവൃത്തികൾ 11:​4, 18; 13:⁠48.

18. (എ) ഇന്ന്‌ ഏതു സന്തോഷകരമായ കൊയ്‌ത്താണു നടന്നുകൊണ്ടിരിക്കുന്നത്‌? (ബി) ഈ കൊയ്‌ത്ത്‌ എന്തു വെല്ലുവിളി ഉയർത്തുന്നു?

18 ഇന്ന്‌, ഒരു ആഗോള ആത്മീയ കൊയ്‌ത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന തന്റെ ജനത്തിന്മേൽ യഹോവയാം ദൈവം അനുഗ്രഹം ചൊരിയുകയാണ്‌. കഴിഞ്ഞ അനേകം വർഷങ്ങളായി പ്രതിവർഷം 3,00,000-ത്തോളം പുതിയവർ യഹോവയ്‌ക്ക്‌ തങ്ങളെത്തന്നെ സമർപ്പിക്കുകയും ജലസ്‌നാപനത്താൽ അത്‌ പ്രതീകപ്പെടുത്തുകയും ചെയ്‌തിരിക്കുന്നു. നമ്മെ മാത്രമല്ല യഹോവയുടെ ഹൃദയത്തെയും ഇത്‌ ആനന്ദിപ്പിക്കുന്നു എന്നതിൽ സംശയമില്ല. (സദൃശവാക്യങ്ങൾ 27:11) എന്നാൽ ഇത്‌ തുടർച്ചയായി യഹോവയ്‌ക്ക്‌ സന്തോഷവും സ്‌തുതിയും കൈവരുത്തണമെങ്കിൽ ഈ പുതിയവരെല്ലാം ക്രിസ്‌തുവിൽ ‘വേരൂന്നിയും പണിതുയർത്തപ്പെട്ടും വിശ്വാസത്തിൽ സ്ഥിരതയുള്ളവരായി അവനോടുള്ള ഐക്യത്തിൽ നടക്കുന്നതിൽ തുടരേണ്ടതുണ്ട്‌.’ (കൊലൊസ്സ്യർ 2:​6, 7, NW) യഹോവയുടെ ആരാധകരെ സംബന്ധിച്ചിടത്തോളം ഇത്‌ രണ്ടു വശങ്ങളുള്ള ഒരു വെല്ലുവിളി ഉയർത്തുന്നു. എങ്ങനെ? ഒന്നാമത്‌, നിങ്ങൾ പുതുതായി സ്‌നാപനമേറ്റ ഒരു വ്യക്തിയാണെങ്കിൽ ‘നിങ്ങളുടെ അഭിവൃദ്ധി എല്ലാവർക്കും പ്രകടമാക്കിത്തീർക്കുക’ എന്ന വെല്ലുവിളി നിങ്ങൾ സ്വീകരിക്കുമോ? രണ്ടാമത്‌, നിങ്ങൾ സത്യത്തിലായിട്ട്‌ കുറെ നാളായെങ്കിൽ പുതിയവരുടെ ആത്മീയ ക്ഷേമത്തിനുവേണ്ടി കരുതുന്നതിനുള്ള ഉത്തരവാദിത്വം നിങ്ങൾ ഏറ്റെടുക്കുമോ? ഇരുകൂട്ടരുടെയും കാര്യത്തിൽ പക്വതയിലേക്കു മുന്നേറേണ്ടതിന്റെ ആവശ്യം വ്യക്തമാണ്‌.​—⁠ഫിലിപ്പിയർ 3:16; എബ്രായർ 6:⁠1.

19. നിങ്ങളുടെ അഭിവൃദ്ധി പ്രകടമാക്കുന്നെങ്കിൽ ഏത്‌ പദവിയും അനുഗ്രഹങ്ങളും നിങ്ങൾക്ക്‌ ആസ്വദിക്കാൻ കഴിയും?

19 തങ്ങളുടെ അഭിവൃദ്ധി പ്രകടമാക്കിത്തീർക്കാൻ കഠിന ശ്രമം ചെയ്യുന്നവരെ അത്ഭുതകരമായ അനുഗ്രഹങ്ങൾ കാത്തിരിക്കുന്നു. അഭിവൃദ്ധി പ്രാപിക്കാൻ തിമൊഥെയൊസിനെ ഉദ്‌ബോധിപ്പിച്ച ശേഷം പൗലൊസ്‌ പറഞ്ഞ പ്രോത്സാഹജനകമായ വാക്കുകൾ ഓർക്കുക: “നിന്നെത്തന്നേയും ഉപദേശത്തെയും സൂക്ഷിച്ചുകൊൾക; ഇതിൽ ഉറെച്ചുനില്‌ക്ക; അങ്ങനെ ചെയ്‌താൽ നീ നിന്നെയും നിന്റെ പ്രസംഗം കേൾക്കുന്നവരെയും രക്ഷിക്കും.” (1 തിമൊഥെയൊസ്‌ 4:16) നിങ്ങളുടെ അഭിവൃദ്ധി പ്രകടമാക്കിത്തീർക്കാൻ ഉത്സാഹിച്ചുകൊണ്ട്‌ നിങ്ങൾക്കും ദൈവനാമം മഹത്ത്വീകരിക്കുന്നതിനുള്ള പദവിയും അവന്റെ അനുഗ്രഹങ്ങളും ആസ്വദിക്കാൻ കഴിയും.

നിങ്ങൾ ഓർക്കുന്നുവോ?

• ആത്മീയ പക്വത പ്രകടമാക്കാൻ കഴിയുന്ന വിധങ്ങൾ ഏവ?

• ഏതു തരത്തിലുള്ള പരിജ്ഞാനവും ഗ്രാഹ്യവും പക്വതയെ പ്രതിഫലിപ്പിക്കുന്നു?

• ‘ആത്മാവിന്റെ ഫലം’ പ്രകടമാക്കുന്നത്‌ ആത്മീയ അഭിവൃദ്ധിയുടെ തെളിവ്‌ ആയിരിക്കുന്നത്‌ എങ്ങനെ?

• പക്വതയിലേക്കു മുന്നേറവേ നാം ഏതു വെല്ലുവിളി സ്വീകരിക്കണം?

[അധ്യയന ചോദ്യങ്ങൾ]

[13-ാം പേജിലെ ചിത്രം]

പാകത അഥവാ പക്വത വ്യക്തമായി ദർശിക്കാൻ കഴിയും

[15-ാം പേജിലെ ചിത്രം]

വെളിപ്പെടുത്തപ്പെടുന്ന സത്യത്തോടൊപ്പം മുന്നേറുമ്പോൾ നാം ആത്മീയ അഭിവൃദ്ധി പ്രാപിക്കുന്നു

[17-ാം പേജിലെ ചിത്രം]

‘ആത്മാവിന്റെ ഫലം’ പ്രകടമാക്കാൻ പ്രാർഥന നമ്മെ സഹായിക്കുന്നു