നിങ്ങളുടെ വിശ്വാസങ്ങൾക്കുള്ള അടിസ്ഥാനം എന്ത്?
നിങ്ങളുടെ വിശ്വാസങ്ങൾക്കുള്ള അടിസ്ഥാനം എന്ത്?
വിശ്വസിക്കുക എന്നതിന്റെ അർഥം സത്യവും യഥാർഥവുമായി കരുതുക എന്നാണ്. ഐക്യരാഷ്‌ട്ര സംഘടനയുടെ ‘സാർവലൗകിക മനുഷ്യാവകാശ പ്രഖ്യാപനം’ “ചിന്താ സ്വാതന്ത്ര്യത്തിനും മനഃസാക്ഷി സ്വാതന്ത്ര്യത്തിനും മത സ്വാതന്ത്ര്യത്തിനും ഉള്ള” ഓരോ വ്യക്തിയുടെയും “അവകാശ”ത്തെ സംരക്ഷിക്കുന്നു. ആഗ്രഹിക്കുന്നപക്ഷം “തന്റെ മതമോ വിശ്വാസമോ മാറാനുള്ള” സ്വാതന്ത്ര്യവും ഇതിൽ പെടും.
എന്നാൽ തന്റെ മതം അല്ലെങ്കിൽ വിശ്വാസം മാറാൻ ഒരു വ്യക്തി എന്തുകൊണ്ട് ആഗ്രഹിക്കണം? “എനിക്ക് എന്റെ വിശ്വാസങ്ങൾ ഉണ്ട്. അവയിൽ ഞാൻ സംതൃപ്‌തനാണ്” എന്ന വീക്ഷണമാണ് പൊതുവെ ആളുകൾക്ക് ഉള്ളത്. തെറ്റായ വിശ്വാസങ്ങൾ പോലും ആർക്കും ദ്രോഹം ചെയ്യുന്നില്ല എന്ന് അനേകരും വിചാരിക്കുന്നു. ഉദാഹരണത്തിന്, ഒരു വ്യക്തി ഭൂമി പരന്നതാണെന്നു വിശ്വസിക്കുന്നതുകൊണ്ട് അയാൾക്കോ മറ്റുള്ളവർക്കോ ദോഷമൊന്നും ഉണ്ടാവാൻ ഇടയില്ല. “ഓരോരുത്തരെയും അവരവരുടെ വിശ്വാസങ്ങൾ അനുസരിച്ചു പ്രവർത്തിക്കാൻ അനുവദിക്കുക, അതിൽ മറ്റുള്ളവർ കൈകടത്തേണ്ട കാര്യമില്ല” എന്നു ചിലർ പറയുന്നു. എന്നാൽ അത് എല്ലായ്‌പോഴും ജ്ഞാനപൂർവകമാണോ? ഉദാഹരണത്തിന്, മോർച്ചറിയിൽ ശവശരീരങ്ങൾ കൈകാര്യം ചെയ്‌തശേഷം നേരെ വാർഡിലെ രോഗികളെ പരിശോധിക്കാൻ പോകാമെന്നാണ് തന്റെ സഹപ്രവർത്തകരിൽ ഒരാൾ വിശ്വസിക്കുന്നതെങ്കിൽ ഒരു ഡോക്‌ടർ അതു സമ്മതിച്ചു കൊടുക്കുമോ?
മതത്തിന്റെ ചരിത്രത്താളുകൾ പരിശോധിച്ചാൽ തെറ്റായ വിശ്വാസങ്ങൾ വളരെയധികം ദ്രോഹം വരുത്തിവെച്ചിരിക്കുന്നതായി കാണാം. മധ്യയുഗങ്ങളിലെ വിശുദ്ധമെന്നു വിളിക്കപ്പെട്ട കുരിശു യുദ്ധ കാലത്ത് മതനേതാക്കന്മാർ “നിർദയമായ അക്രമത്തിന് ക്രിസ്‌തീയ മതഭ്രാന്തരെ” ഇളക്കി വിട്ടതിന്റെ ഫലമായി എന്തുമാത്രം കൊടും ഭീകരതകളാണ് അരങ്ങേറിയത് എന്നു ചിന്തിക്കുക. ഇനി, “വിശുദ്ധന്മാരുടെ പേരുകളെഴുതിയ വാളുകളുമേന്തി യുദ്ധം ചെയ്‌ത മധ്യയുഗങ്ങളിലെ യോദ്ധാക്കളെ പോലെതന്നെ” അടുത്തയിടെ നടന്ന ഒരു ആഭ്യന്തര യുദ്ധത്തിൽ “തങ്ങളുടെ തോക്കുകളുടെ പിടിയിൽ കന്യാമറിയത്തിന്റെ ചിത്രങ്ങൾ പതിപ്പിച്ചു” പോരാടിയ ആധുനിക
“ക്രിസ്‌തീയ” പോരാളികളുടെ കാര്യമോ? തങ്ങൾ ചെയ്യുന്നത് ശരിയാണെന്നായിരുന്നു ഈ മതഭ്രാന്തന്മാരുടെയെല്ലാം വിശ്വാസം. എന്നാൽ ഇവയിലും മതത്തിന്റെ പേരിൽ നടന്ന മറ്റു പോരാട്ടങ്ങളിലും കലഹങ്ങളിലും എന്തോ കാര്യമായ കുഴപ്പം ഉണ്ടായിരുന്നു എന്നതു വ്യക്തമല്ലേ?ഇത്രയധികം കുഴപ്പങ്ങളും പ്രശ്‌നങ്ങളും ഉള്ളത് എന്തുകൊണ്ടാണ്? ബൈബിൾ പറയുന്നത് അനുസരിച്ച് പിശാചായ സാത്താൻ “ഭൂതലത്തെ മുഴുവൻ തെററിച്ചുകളയുന്ന”തിന്റെ ഫലമാണ് ഇത്. (വെളിപ്പാടു 12:9; 2 കൊരിന്ത്യർ 4:4; 11:3) ദുഃഖകരമെന്നു പറയട്ടെ, ‘വ്യാജമായ അടയാളങ്ങളും അത്ഭുതങ്ങളും’ കാണിച്ചുകൊണ്ട് സാത്താൻ മതഭക്തരായ പലരെയും വഞ്ചിക്കുമെന്നും തത്‌ഫലമായി അവർ ‘നശിച്ചുപോകു’മെന്നും അപ്പൊസ്‌തലനായ പൗലൊസ് മുന്നറിയിപ്പു നൽകി. “രക്ഷിക്കപ്പെടുവാന്തക്കവണ്ണം സത്യത്തെ സ്‌നേഹിച്ചു കൈക്കൊള്ളായ്‌കയാൽ” അവർ ‘ഭോഷ്‌കു വിശ്വസിക്കുമാറാകും’ എന്ന് അവൻ പറഞ്ഞു. (2 തെസ്സലൊനീക്യർ 2:9-12) എന്നാൽ ഭോഷ്‌ക് അഥവാ നുണ വിശ്വസിക്കാനുള്ള സാധ്യത പരമാവധി കുറയ്‌ക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയും? വാസ്‌തവത്തിൽ, നിങ്ങളുടെ ഇപ്പോഴത്തെ വിശ്വാസങ്ങളെ രൂപപ്പെടുത്തിയിരിക്കുന്നത് എന്താണ്?
വളർത്തിക്കൊണ്ടുവന്ന വിധമോ?
ഒരുപക്ഷേ നിങ്ങളുടെ കുടുംബത്തിന്റെ വിശ്വാസപ്രകാരം ആയിരിക്കാം മാതാപിതാക്കൾ നിങ്ങളെ വളർത്തിക്കൊണ്ടുവന്നത്. അത് ഒരു നല്ല കാര്യം ആയിരിക്കാം. മാതാപിതാക്കൾ തങ്ങളുടെ മക്കളെ പഠിപ്പിക്കാൻ ദൈവം ആഗ്രഹിക്കുന്നു. (ആവർത്തനപുസ്‌തകം 6:4-9; 11:18-21) തന്റെ അമ്മയും വല്ല്യമ്മയും പറഞ്ഞ കാര്യങ്ങൾക്കു ചെവികൊടുത്തതിൽനിന്ന് വളരെയധികം പ്രയോജനം അനുഭവിച്ച ഒരു വ്യക്തിയായിരുന്നു യുവാവായ തിമൊഥെയൊസ്. (2 തിമൊഥെയൊസ് 1:5; 3:14, 15) മാതാപിതാക്കളുടെ വിശ്വാസങ്ങളെ മാനിക്കാൻ തിരുവെഴുത്തുകൾ പ്രോത്സാഹിപ്പിക്കുന്നു. (സദൃശവാക്യങ്ങൾ 1:8; എഫെസ്യർ 6:1) എന്നാൽ മാതാപിതാക്കൾ ഒരു സംഗതി വിശ്വസിക്കുന്നു എന്നതു കൊണ്ടു മാത്രം നിങ്ങളും അതു വിശ്വസിക്കണം എന്നാണോ നിങ്ങളുടെ സ്രഷ്ടാവ് ഉദ്ദേശിച്ചത്? വാസ്‌തവത്തിൽ, മുൻ തലമുറകൾ വിശ്വസിക്കുകയും പ്രവർത്തിക്കുകയും ചെയ്‌ത കാര്യങ്ങൾ വെറുതെ കണ്ണുമടച്ച് പിൻപറ്റുന്നത് അപകടകരമായേക്കാം.—സങ്കീർത്തനം 78:8; ആമോസ് 2:4.
യേശുക്രിസ്‌തു കണ്ടുമുട്ടിയ ഒരു ശമര്യ സ്‌ത്രീ തന്റെ ശമര്യ മതത്തിൽ വിശ്വസിക്കാൻ തക്കവണ്ണമാണു വളർന്നുവന്നത്. (യോഹന്നാൻ 4:20) എന്തു വിശ്വസിക്കണമെന്നു തിരഞ്ഞെടുക്കാനുള്ള അവളുടെ സ്വാതന്ത്ര്യത്തെ യേശു മാനിച്ചെങ്കിലും അവൻ ഒരു സംഗതി അവളുടെ ശ്രദ്ധയിൽ പെടുത്തി. അവൻ പറഞ്ഞു: “നിങ്ങൾ അറിയാത്തതിനെ നമസ്‌കരിക്കുന്നു.” അവളുടെ മതവിശ്വാസങ്ങളിൽ പലതും തെറ്റായിരുന്നു. ദൈവത്തെ അവനു സ്വീകാര്യമായ വിധത്തിൽ, അതായത് “ആത്മാവിലും സത്യത്തിലും” ആരാധിക്കണമെങ്കിൽ അവൾ തന്റെ വിശ്വാസങ്ങളിൽ മാറ്റം വരുത്തേണ്ടതുണ്ടെന്ന് യേശു അവളോടു പറഞ്ഞു. വളരെ പ്രിയപ്പെട്ടതായി കരുതിപ്പോന്ന വിശ്വാസങ്ങളിൽ കടിച്ചുതൂങ്ങുന്നതിനു പകരം അവളും അവളെ പോലുള്ള മറ്റുള്ളവരും കാലക്രമത്തിൽ യേശുക്രിസ്‌തു വെളിപ്പെടുത്തിയ ‘വിശ്വാസത്തിന് അധീനരായിത്തീരേണ്ടിയിരുന്നു.’—യോഹന്നാൻ 4:21-24, 39-41; പ്രവൃത്തികൾ 6:7.
വിദഗ്‌ധരുടെ അഭിപ്രായങ്ങളോ?
വിജ്ഞാനത്തിന്റെ വിവിധ ശാഖകളിൽ ബഹുമാന്യരായ അനേകം പണ്ഡിതന്മാരും വിദഗ്‌ധരും ഉണ്ട്. എന്നാൽ വിഖ്യാത ആചാര്യന്മാർ പോലും തീർത്തും തെറ്റായ വിശ്വാസങ്ങൾ വെച്ചുപുലർത്തിയതിന്റെ അനവധി ദൃഷ്ടാന്തങ്ങൾ ചരിത്രത്തിൽ കാണാം. ഉദാഹരണത്തിന്, ശാസ്‌ത്ര വിഷയങ്ങളെ പറ്റി ഗ്രീക്ക് തത്ത്വചിന്തകനായ അരിസ്റ്റോട്ടിൽ എഴുതിയ രണ്ടു ഗ്രന്ഥങ്ങളെ കുറിച്ച് ചരിത്രകാരനായ ബർട്രൻഡ് റസ്സൽ ഇപ്രകാരം പറഞ്ഞു: “ആധുനിക ശാസ്‌ത്രത്തിന്റെ വെളിച്ചത്തിൽ അവ രണ്ടിലെയും ഒരൊറ്റ വാചകം പോലും നമുക്കു സ്വീകരിക്കാനാവില്ല.” ആധുനികകാലത്തു പോലും വിദഗ്‌ധർ പലപ്പോഴും വളരെ തെറ്റായ നിഗമനങ്ങളിൽ എത്താറുണ്ട്. “വായുവിനെക്കാൾ ഭാരമേറിയ പറക്കൽ യന്ത്രങ്ങൾ നിർമിക്കുക അസാധ്യമാണ്” എന്ന് ബ്രിട്ടീഷ് ശാസ്‌ത്രജ്ഞനായ ലോർഡ് കെൽവിൻ 1895-ൽ ഉറപ്പോടെ നടത്തിയ പ്രസ്‌താവന ഇതിന് ഉദാഹരണമാണ്. അതുകൊണ്ട് ജ്ഞാനിയായ ഒരു വ്യക്തി, ആധികാരികമെന്നു തോന്നുന്ന ഒരു ഉറവിൽനിന്നു വരുന്നു എന്നതുകൊണ്ടു മാത്രം എന്തെങ്കിലും കണ്ണുമടച്ചു വിശ്വസിക്കുകയില്ല.—സങ്കീർത്തനം 146:3.
മതപരമായ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും ഇതേ ജാഗ്രത പുലർത്തേണ്ടതുണ്ട്. അപ്പൊസ്‌തലനായ പൗലൊസ് മത ഉപദേഷ്ടാക്കന്മാരാൽ നന്നായി പഠിപ്പിക്കപ്പെട്ടവനും തന്റെ ‘പിതൃപാരമ്പര്യത്തെക്കുറിച്ച് അത്യന്തം എരിവ്’ ഉള്ളവനും ആയിരുന്നു. എന്നാൽ പൂർവികരുടെ പരമ്പരാഗത വിശ്വാസങ്ങൾ സംബന്ധിച്ച എരിവ് വാസ്‌തവത്തിൽ അവനുതന്നെ വിനയായി. ‘ദൈവത്തിന്റെ സഭയെ അത്യന്തം ഉപദ്രവിച്ചു മുടിക്കുന്നതിലേക്ക്’ അത് അവനെ നയിച്ചു. (ഗലാത്യർ 1:13, 14; യോഹന്നാൻ 16:2, 3) തന്നെയുമല്ല, കുറേ കാലത്തേക്ക് പൗലൊസ് ‘മുള്ളിന്റെ നേരെ ഉതെച്ചുകൊണ്ടിരുന്നു’ അതായത്, യേശുക്രിസ്‌തുവിൽ വിശ്വസിക്കുന്നതിലേക്കു തന്നെ നയിക്കേണ്ടിയിരുന്ന സ്വാധീനങ്ങളോടു മറുത്തുനിന്നു. തന്റെ വിശ്വാസങ്ങളിൽ പൊരുത്തപ്പെടുത്തലുകൾ വരുത്തണമെന്നു പൗലൊസിനെ ബോധ്യപ്പെടുത്താൻ യേശു തന്നെ നേരിട്ട് ഇടപെടേണ്ടിവന്നു.—പ്രവൃത്തികൾ 9:1-6; 26:14.
മാധ്യമങ്ങളുടെ സ്വാധീനമോ?
ഒരുപക്ഷേ മാധ്യമങ്ങൾ നിങ്ങളുടെ വിശ്വാസങ്ങളെ വലിയൊരു പരിധിവരെ സ്വാധീനിച്ചിട്ടുണ്ടാകും. മാധ്യമങ്ങൾക്ക് അഭിപ്രായ സ്വാതന്ത്ര്യം ഉള്ളതിൽ മിക്കവരും സന്തുഷ്ടരാണ്. തത്‌ഫലമായി പ്രയോജനകരമായ പല വിവരങ്ങളും അവയിലൂടെ ലഭ്യമാകുന്നു. എന്നാൽ സ്വാർഥ നേട്ടങ്ങൾക്കായി മാധ്യമങ്ങളെ കൂടെക്കൂടെ
ദുരുപയോഗം ചെയ്യുന്ന വൻശക്തികളുണ്ട്. പലപ്പോഴും മുൻവിധിയോടു കൂടിയ വിവരങ്ങളാണ് അവതരിപ്പിക്കപ്പെടുന്നത്. നിങ്ങൾ അറിയാതെതന്നെ നിങ്ങളുടെ ചിന്താരീതിയെ സ്വാധീനിക്കാൻ അവയ്‌ക്കു കഴിയും.കൂടാതെ, കൂടുതൽ ആളുകളെ ആകർഷിക്കുന്നതിനായി വികാരോദ്ദീപകവും അസാധാരണവുമായ സംഗതികൾക്കു പ്രചാരം നൽകാനുള്ള ചായ്‌വ് മാധ്യമങ്ങൾക്കുണ്ട്. ഏതാനും വർഷം മുമ്പ് പൊതുസമക്ഷം പറയുകയോ അച്ചടിക്കുകയോ ഇല്ലാഞ്ഞ സംഗതികൾ ഇന്നു സാധാരണം ആയിത്തീർന്നിരിക്കുന്നു. വ്യവസ്ഥാപിതമായ പെരുമാറ്റച്ചട്ടങ്ങൾ സാവധാനത്തിലാണെങ്കിലും നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്നുള്ളതു വാസ്‌തവമാണ്. ആളുകളുടെ ചിന്താരീതി ക്രമേണ വികലമായിക്കൊണ്ടിരിക്കുകയാണ്. ‘തിന്മ നന്മയെന്നും നന്മ തിന്മയെന്നും’ അവർ വിശ്വസിക്കാനിടയാകുന്നു.—യെശയ്യാവു 5:20; 1 കൊരിന്ത്യർ 6:9, 10.
വിശ്വാസങ്ങൾക്ക് ഈടുറ്റ അടിസ്ഥാനം കണ്ടെത്തൽ
മാനുഷിക ആശയങ്ങളുടെയും തത്ത്വചിന്തകളുടെയും മേൽ വിശ്വാസം പണിതുയർത്തുന്നത് മണലിന്മേൽ വീടു പണിയുന്നതു പോലെയാണ്. (മത്തായി 7:26; 1 കൊരിന്ത്യർ 1:19, 20) അപ്പോൾപ്പിന്നെ നിങ്ങൾക്ക് എന്തിന്മേലാണ് ഉറപ്പോടെ നിങ്ങളുടെ വിശ്വാസങ്ങൾ അടിസ്ഥാനപ്പെടുത്താൻ കഴിയുക? ചുറ്റുമുള്ള ലോകത്തെ കുറിച്ചു പഠിക്കാനും ആത്മീയ കാര്യങ്ങൾ സംബന്ധിച്ച ചോദ്യങ്ങൾ ഉന്നയിക്കാനുമുള്ള വിവേകം ദൈവം നിങ്ങൾക്കു തന്നിരിക്കുന്ന സ്ഥിതിക്ക് ആ ചോദ്യങ്ങൾക്കുള്ള കൃത്യമായ ഉത്തരങ്ങൾ കണ്ടെത്തുന്നതിനുള്ള വഴിയും അവൻ പ്രദാനം ചെയ്യും എന്നു കരുതുന്നത് ന്യായയുക്തമല്ലേ? (1 യോഹന്നാൻ 5:20) തീർച്ചയായും! എന്നാൽ ആരാധനയുടെ കാര്യത്തിൽ സത്യവും യഥാർഥവും ആയിട്ടുള്ളത് എന്താണെന്ന് നിങ്ങൾക്ക് എങ്ങനെ തിട്ടപ്പെടുത്താനാകും? ഉറപ്പോടെ പറയാം, അതിനുള്ള ഏക അടിസ്ഥാനം ദൈവവചനമായ ബൈബിളാണ്.—യോഹന്നാൻ 17:17; 2 തിമൊഥെയൊസ് 3:16, 17.
എന്നാൽ ചിലർ ഇങ്ങനെ പറഞ്ഞേക്കാം: “ബൈബിൾ കൈയിലുള്ളവർ തന്നെയല്ലേ ലോകത്തിൽ ഏറ്റവുമധികം പ്രശ്‌നങ്ങൾക്കും കുഴപ്പങ്ങൾക്കും ഇടയാക്കിയിരിക്കുന്നത്?” ബൈബിൾ അനുസരിക്കുന്നതായി അവകാശപ്പെടുന്ന മതനേതാക്കന്മാർതന്നെ, കുഴപ്പിക്കുന്നതും പരസ്‌പര വിരുദ്ധങ്ങളുമായ പല ആശയങ്ങളും ഉടലെടുക്കുന്നതിന് ഇടയാക്കിയിരിക്കുന്നു എന്നതു ശരിയാണ്. എന്നാൽ അവർ വാസ്‌തവത്തിൽ തങ്ങളുടെ വിശ്വാസങ്ങൾ ബൈബിളിൽ അടിസ്ഥാനപ്പെടുത്താത്തതിനാലാണ് ഇതു സംഭവിച്ചിരിക്കുന്നത്. അപ്പൊസ്‌തലനായ പത്രൊസ് അവരെ ‘കള്ളപ്രവാചകന്മാരെന്നും’ ‘ദുരുപദേഷ്ടാക്കന്മാരെന്നും’ വിളിക്കുകയും അവർ ‘നാശകരമായ മതഭേദങ്ങളെ’ സൃഷ്ടിക്കുമെന്നു പറയുകയും ചെയ്‌തു. അവരുടെ പ്രവൃത്തികളുടെ ഫലമായി “സത്യമാർഗ്ഗം ദുഷിക്കപ്പെടും” എന്നും അവൻ പറഞ്ഞു. (2 പത്രൊസ് 2:1, 2) എന്നിരുന്നാലും പത്രൊസ് ഇങ്ങനെ എഴുതുന്നു: “പ്രവാചകവാക്യവും അധികം സ്ഥിരമായിട്ടു നമുക്കുണ്ടു. . . . ഇരുണ്ട സ്ഥലത്തു പ്രകാശിക്കുന്ന വിളക്കുപോലെ അതിനെ കരുതിക്കൊണ്ടാൽ നന്നു.”—2 പത്രൊസ് 1:19; സങ്കീർത്തനം 119:105.
ബൈബിളിന്റെ പഠിപ്പിക്കലുകളുമായി നമ്മുടെ വിശ്വാസങ്ങളെ തട്ടിച്ചു നോക്കാൻ അതു നമ്മെ പ്രോത്സാഹിപ്പിക്കുന്നു. (1 യോഹന്നാൻ 4:1) അങ്ങനെ ചെയ്‌തിരിക്കുന്നത് തങ്ങളുടെ ജീവിതത്തിന് ഉദ്ദേശ്യവും ഉറപ്പും നൽകിയിട്ടുണ്ടെന്ന് ഈ മാസികയുടെ ദശലക്ഷക്കണക്കിനു വായനക്കാർക്ക് സാക്ഷ്യപ്പെടുത്താനാവും. അതുകൊണ്ട് “ഉത്തമന്മാരായിരുന്ന” ബെരോവാക്കാരെ പോലെ ആയിരിക്കുക. എന്തു വിശ്വസിക്കണമെന്നു തീരുമാനിക്കുന്നതിനു മുമ്പ് ‘തിരുവെഴുത്തുകൾ ദിനമ്പ്രതി പൂർണജാഗ്രതയോടെ പരിശോധിക്കുക.’ (പ്രവൃത്തികൾ 17:11) ഇതു ചെയ്യുന്നതിന് നിങ്ങളെ സഹായിക്കാൻ യഹോവയുടെ സാക്ഷികൾക്കു സന്തോഷമേയുള്ളൂ. തീർച്ചയായും, എന്തു വിശ്വസിക്കണം എന്നുള്ളത് നിങ്ങളുടെ തീരുമാനമാണ്. എന്നാൽ നിങ്ങളുടെ വിശ്വാസങ്ങളെ രൂപപ്പെടുത്തുന്നത് മാനുഷിക ജ്ഞാനമോ ആഗ്രഹങ്ങളോ അല്ല മറിച്ച് ദൈവത്തിന്റെ വെളിപ്പെടുത്തപ്പെട്ട സത്യ വചനമാണ് എന്ന് ഉറപ്പു വരുത്തുന്നത് ബുദ്ധിപൂർവകമായിരിക്കും.—1 തെസ്സലൊനീക്യർ 2:13; 5:21.
[6-ാം പേജിലെ ചിത്രം]
ഉറപ്പോടെ നിങ്ങൾക്ക് നിങ്ങളുടെ വിശ്വാസങ്ങളെ ബൈബിളിൽ അടിസ്ഥാനപ്പെടുത്താൻ കഴിയും