വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പ്രതിബന്ധങ്ങളെ മറികടന്ന്‌ പുരോഗതി പ്രാപിക്കുക!

പ്രതിബന്ധങ്ങളെ മറികടന്ന്‌ പുരോഗതി പ്രാപിക്കുക!

പ്രതിബന്ധങ്ങളെ മറികടന്ന്‌ പുരോഗതി പ്രാപിക്കുക!

നിങ്ങൾ കാർ സ്റ്റാർട്ടു ചെയ്‌ത്‌ ഗിയറിലിട്ടു. എന്നാൽ വണ്ടി മുന്നോട്ടു നീങ്ങുന്നില്ല. എന്താണു കുഴപ്പം, യന്ത്രത്തകരാറാണോ? അല്ല, ഒരു ചക്രത്തിന്റെ മുന്നിൽ ഒരു വലിയ കല്ല്‌ ഇരിപ്പുണ്ട്‌. അത്‌ എടുത്തുമാറ്റിയാൽ മതി, വണ്ടി മുന്നോട്ടു നീങ്ങിക്കൊള്ളും.

സമാനമായി, യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിക്കുന്ന ചിലരുടെ ആത്മീയ പുരോഗതിക്കു തടസ്സമായി നിൽക്കുന്ന പല സംഗതികളുണ്ട്‌. ഉദാഹരണത്തിന്‌, “ഈ ലോകത്തിന്റെ ചിന്തയും ധനത്തിന്റെ വഞ്ചനയും” പോലെയുള്ള സംഗതികൾക്ക്‌ സത്യത്തിന്റെ ‘വചനത്തെ ഞെരുക്കാനും’ അതിന്റെ വളർച്ചയെ തടസ്സപ്പെടുത്താനും കഴിയുമെന്ന്‌ യേശു മുന്നറിയിപ്പു നൽകി.​—⁠മത്തായി 13:⁠22.

മറ്റു ചിലരുടെ കാര്യത്തിൽ, രൂഢമൂലമായ ശീലങ്ങളോ ബലഹീനതകളോ അവരുടെ പുരോഗതിയെ തടസ്സപ്പെടുത്തുന്നു. ഉദാഹരണത്തിന്‌, ജപ്പാനിൽനിന്നുള്ള യൂട്ടാക്കായുടെ കാര്യമെടുക്കുക. ബൈബിളിന്റെ സന്ദേശം ഇഷ്ടമായെങ്കിലും ചൂതാട്ടത്തോടുള്ള ആസക്തി അദ്ദേഹത്തിനു വലിയ പ്രശ്‌നമായിരുന്നു. ആ ദുശ്ശീലത്തെ മറികടക്കാൻ പലവട്ടം ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ചൂതാട്ടത്തിൽ അദ്ദേഹം കുറച്ചൊന്നുമല്ല പണം കളഞ്ഞുകുളിച്ചത്‌. കൂടാതെ, മൂന്നു വീടുകൾ, കുടുംബാംഗങ്ങളുടെ ആദരവ്‌, ആത്മാഭിമാനം എന്നിവയും അദ്ദേഹത്തിനു നഷ്ടമായി. ഈ പ്രതിബന്ധത്തെ തരണം ചെയ്‌ത്‌ ഒരു ക്രിസ്‌ത്യാനി ആയിത്തീരാൻ അദ്ദേഹത്തിനു കഴിയുമായിരുന്നോ?

ഇനി, കെയ്‌കോ എന്ന സ്‌ത്രീയുടെ കാര്യം പരിചിന്തിക്കുക. ബൈബിളിന്റെ സഹായത്തോടെ വിഗ്രഹാരാധന, അധാർമികത, ഭാവിപറച്ചിൽ തുടങ്ങിയ സംഗതികൾ അവർ ഉപേക്ഷിച്ചു. എന്നാൽ കെയ്‌കോ ഇങ്ങനെ സമ്മതിച്ചു പറയുന്നു: “എന്റെ കാര്യത്തിൽ ഏറ്റവും വലിയ പ്രതിബന്ധം പുകവലി ആയിരുന്നു. പല പ്രാവശ്യം ശ്രമിച്ചെങ്കിലും എനിക്ക്‌ അത്‌ ഉപേക്ഷിക്കാൻ കഴിഞ്ഞില്ല.”

സമാനമായി, നിങ്ങളുടെ പുരോഗതിയുടെ പാതയിൽ നീക്കം ചെയ്യാൻ കഴിയാത്തതെന്നു തോന്നിക്കുന്ന ഒരു പ്രതിബന്ധം നിലകൊള്ളുന്നുണ്ടായിരിക്കാം. അതെന്തുമായിക്കൊള്ളട്ടെ ഒരു കാര്യം സംബന്ധിച്ച്‌ ഉറപ്പുണ്ടായിരിക്കുക, ദൈവത്തിന്റെ സഹായത്താൽ നിങ്ങൾക്ക്‌ അതു തരണം ചെയ്യാൻ കഴിയും.

ഒരു അപസ്‌മാര രോഗിയിൽനിന്നു ഭൂതത്തെ പുറത്താക്കാൻ ശിഷ്യന്മാർ പരാജയപ്പെട്ടപ്പോൾ യേശു അവർക്കു നൽകിയ ബുദ്ധിയുപദേശം ഓർക്കുക. ശിഷ്യന്മാർക്കു കഴിയാതിരുന്നത്‌ ചെയ്‌തശേഷം അവൻ അവരോടു പറഞ്ഞു: “നിങ്ങൾക്കു കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ ഈ മലയോടു: ഇവിടെനിന്നു അങ്ങോട്ടു നീങ്ങുക എന്നു പറഞ്ഞാൽ അതു നീങ്ങും; നിങ്ങൾക്കു ഒന്നും അസാദ്ധ്യമാകയുമില്ല.” (മത്തായി 17:​14-21; മർക്കൊസ്‌ 9:​17-29) അതേ, നമ്മുടെ ദൃഷ്ടിയിൽ കൂറ്റൻ പർവതം പോലെ കാണപ്പെടുന്ന ഒരു പ്രശ്‌നം സർവശക്തനായ സ്രഷ്ടാവിന്റെ മുന്നിൽ ഒന്നുമല്ല.​—⁠ഉല്‌പത്തി 18:14; മർക്കൊസ്‌ 10:⁠27.

പുരോഗതിക്കു പ്രതിബന്ധമായി നിൽക്കുന്ന സംഗതികൾ തിരിച്ചറിയുക

പ്രതിബന്ധങ്ങളെ തരണം ചെയ്യാൻ കഴിയണമെങ്കിൽ അവ എന്തൊക്കെയാണെന്ന്‌ തിരിച്ചറിയേണ്ടതുണ്ട്‌. നിങ്ങൾക്ക്‌ എങ്ങനെയാണ്‌ അതു സാധിക്കുക? ചിലപ്പോൾ സഭയിലുള്ള ആരെങ്കിലും, ഒരു മൂപ്പനോ നിങ്ങൾക്ക്‌ അധ്യയനം എടുക്കുന്ന വ്യക്തിയോ ഒരു സംഗതി നിങ്ങളുടെ ശ്രദ്ധയിൽ പെടുത്തിയേക്കാം. സ്‌നേഹപൂർവകമായ അത്തരം ബുദ്ധിയുപദേശം ലഭിക്കുമ്പോൾ നീരസപ്പെടുന്നതിനു പകരം താഴ്‌മയോടെ “പ്രബോധനം കേട്ടു ബുദ്ധിമാന്മാരായി”ത്തീരുകയാണു വേണ്ടത്‌. (സദൃശവാക്യങ്ങൾ 8:33) മറ്റു ചിലപ്പോൾ സ്വന്തമായി ബൈബിൾ പഠിക്കുമ്പോഴായിരിക്കും സ്വന്തം ബലഹീനതകളെ കുറിച്ചു നിങ്ങൾ ബോധവാന്മാരായിത്തീരുന്നത്‌. അതേ, ‘ദൈവത്തിന്റെ വചനം ജീവനും ചൈതന്യവും’ ഉള്ളതാണ്‌. (എബ്രായർ 4:12) ബൈബിളിന്റെയും ബൈബിളധിഷ്‌ഠിത പ്രസിദ്ധീകരണങ്ങളുടെയും വായനയ്‌ക്ക്‌ ഉള്ളിന്റെയുള്ളിലെ ചിന്തകളെയും വികാരങ്ങളെയും മനോഭാവങ്ങളെയും വെളിപ്പെടുത്താൻ കഴിയും. യഹോവയുടെ ഉന്നത നിലവാരങ്ങളനുസരിച്ച്‌ നിങ്ങളെത്തന്നെ അളക്കാൻ അതു സഹായിക്കും. നിങ്ങളുടെ ആത്മീയ പുരോഗതിക്കു പ്രതിബന്ധമായി നിന്നേക്കാവുന്ന സംഗതികളെ അതു വെളിപ്പെടുത്തുകയും തിരിച്ചറിയിക്കുകയും ചെയ്യും.​—⁠യാക്കോബ്‌ 1:​23-25.

ഉദാഹരണത്തിന്‌, ഒരു ബൈബിൾ വിദ്യാർഥിക്ക്‌ അധാർമിക കാര്യങ്ങളെ കുറിച്ചു ദിവാസ്വപ്‌നം കാണുന്ന ശീലം ഉണ്ടെന്നിരിക്കട്ടെ. അതിൽ അയാൾ ഒരു കുഴപ്പവും കാണുന്നില്ലായിരിക്കാം. താൻ തെറ്റായ ഒന്നും യഥാർഥത്തിൽ ചെയ്യുന്നില്ലല്ലോ എന്നായിരിക്കാം അയാളുടെ ന്യായവാദം. “ഓരോരുത്തൻ പരീക്ഷിക്കപ്പെടുന്നതു സ്വന്തമോഹത്താൽ ആകർഷിച്ചു വശീകരിക്കപ്പെടുകയാൽ ആകുന്നു. മോഹം ഗർഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു; പാപം മുഴുത്തിട്ടു മരണത്തെ പെറുന്നു” എന്നു പറയുന്ന യാക്കോബ്‌ 1:​14, 15 ബൈബിൾ പഠനത്തിനിടയിൽ അയാളുടെ ശ്രദ്ധയിൽ പെടുന്നു. ഈ ഗതിയിൽ തുടരുന്നത്‌ തന്റെ പുരോഗതിക്ക്‌ എത്ര ഹാനികരമാണെന്ന്‌ ഇപ്പോൾ അയാൾക്കു കാണാൻ കഴിയുന്നു! ഈ പ്രതിബന്ധം അയാൾക്ക്‌ എങ്ങനെയാണു നീക്കം ചെയ്യാൻ കഴിയുക?​—⁠മർക്കൊസ്‌ 7:​21-23.

പ്രതിബന്ധങ്ങളെ തരണം ചെയ്യൽ

ഒരുപക്ഷേ പക്വതയുള്ള ഒരു ക്രിസ്‌ത്യാനിയുടെ സഹായത്തോടെ വിദ്യാർഥിക്ക്‌ വാച്ച്‌ടവർ പ്രസിദ്ധീകരണ സൂചിക (ഇംഗ്ലീഷ്‌) * ഉപയോഗിച്ച്‌ ദൈവവചനത്തിൽ കൂടുതലായി ഗവേഷണം നടത്താൻ കഴിയും. ഉദാഹരണത്തിന്‌, “ചിന്തകൾ” എന്ന ശീർഷകത്തിൻ കീഴിൽ വഴിവിട്ട അധാർമിക ചിന്തകൾ ഒഴിവാക്കുന്നത്‌ എങ്ങനെ എന്നതു സംബന്ധിച്ച നിരവധി ലേഖനങ്ങൾ പട്ടികപ്പെടുത്തിയിട്ടുണ്ട്‌. ഈ ലേഖനങ്ങൾ ഫിലിപ്പിയർ 4:8 പോലെയുള്ള സഹായകമായ ബൈബിൾ വാക്യങ്ങൾ വിശേഷവത്‌കരിക്കുന്നു. അവിടെ ഇങ്ങനെ പറയുന്നു: “സത്യമായതു ഒക്കെയും ഘനമായതു ഒക്കെയും നീതിയായതു ഒക്കെയും നിർമ്മലമായതു ഒക്കെയും രമ്യമായതു ഒക്കെയും സല്‌ക്കീർത്തിയായതു ഒക്കെയും സൽഗുണമോ പുകഴ്‌ചയോ അതു ഒക്കെയും ചിന്തിച്ചുകൊൾവിൻ.” അതേ, അധാർമിക ചിന്തകളുടെ സ്ഥാനത്ത്‌ നിർമലവും കെട്ടുപണി ചെയ്യുന്നതുമായ ചിന്തകൾ നട്ടുവളർത്തേണ്ടതുണ്ട്‌!

തന്റെ പ്രശ്‌നം കൂടുതൽ രൂക്ഷമാകുന്നതിനെ തടയാൻ സഹായിക്കുന്ന മറ്റു ബൈബിൾ തത്ത്വങ്ങളും ഗവേഷണത്തിനിടയിൽ വിദ്യാർഥി കണ്ടെത്തും എന്നതിനു സംശയമില്ല. ഉദാഹരണത്തിന്‌, സദൃശവാക്യങ്ങൾ 6:​27-ഉം മത്തായി 5:​28-ഉം ലൈംഗികമായി ഉത്തേജിപ്പിക്കുന്ന സംഗതികളെക്കൊണ്ട്‌ ഒരുവന്റെ മനസ്സിനെ നിറയ്‌ക്കുന്നതിന്‌ എതിരെ മുന്നറിയിപ്പു നൽകുന്നു. ‘വ്യാജത്തെ നോക്കാതവണ്ണം എന്റെ കണ്ണുകളെ തിരിക്കേണമേ’ എന്നു സങ്കീർത്തനക്കാരൻ പ്രാർഥിച്ചു. (സങ്കീർത്തനം 119:37) എന്നാൽ ഇത്തരം ബൈബിൾ ഭാഗങ്ങൾ വെറുതെ വായിച്ചതുകൊണ്ടായില്ല. ‘നീതിമാൻ മനസ്സിൽ ആലോചിക്കുന്നു’ എന്നു ജ്ഞാനിയായ മനുഷ്യൻ പറയുന്നു. (സദൃശവാക്യങ്ങൾ 15:28) ദൈവം എന്തു കൽപ്പിക്കുന്നു എന്നതിനെ കുറിച്ചു മാത്രമല്ല എന്തുകൊണ്ട്‌ അങ്ങനെ കൽപ്പിക്കുന്നു എന്നതിനെ കുറിച്ചും ധ്യാനിക്കുന്നതിനാൽ വിദ്യാർഥി യഹോവയുടെ വഴികളുടെ ജ്ഞാനവും ന്യായയുക്തതയും സംബന്ധിച്ച്‌ കൂടുതൽ ആഴമായ ഗ്രാഹ്യം നേടും.

അവസാനമായി, തന്റെ പുരോഗതിക്കു തടസ്സമായി നിൽക്കുന്ന കാര്യങ്ങളെ മറികടക്കാൻ പരിശ്രമിക്കുന്ന വ്യക്തി യാതൊരു മടിയും കൂടാതെ യഹോവയുടെ സഹായം തേടേണ്ടതുണ്ട്‌. നമ്മുടെ പ്രകൃതി നന്നായി അറിയാവുന്ന, നാം അപൂർണരാണെന്നും പൊടിയിൽനിന്നു നിർമിക്കപ്പെട്ടവരാണെന്നും തിരിച്ചറിയുന്ന ഒരു ദൈവമാണ്‌ അവൻ. (സങ്കീർത്തനം 103:14) സഹായത്തിനായി ഇടവിടാതെ ദൈവത്തോടു പ്രാർഥിക്കുന്നതും ഒപ്പം അധാർമിക ചിന്തകളിൽ നീന്തിത്തുടിക്കുന്നത്‌ ഒഴിവാക്കുന്നതിനായുള്ള കഠിന പരിശ്രമവും ഒടുവിൽ വളരെ നല്ല ഫലം​—⁠ശുദ്ധവും കുറ്റബോധ വിമുക്തവുമായ ഒരു മനസ്സാക്ഷി​—⁠നേടിത്തരും.​—⁠എബ്രായർ 9:⁠14.

മടുത്തു പോകരുത്‌

നിങ്ങൾ മല്ലിടുന്നത്‌ ഏതു പ്രശ്‌നവുമായിട്ടാണെങ്കിലും ശരി, ചിലപ്പോൾ തിരിച്ചടികൾ ഉണ്ടാകുമെന്നുള്ളത്‌ മനസ്സിൽ പിടിക്കുക. അങ്ങനെ സംഭവിക്കുമ്പോൾ ഇച്ഛാഭംഗവും നിരാശയും തോന്നുക സ്വാഭാവികമാണ്‌. എന്നിരുന്നാലും ഗലാത്യർ 6:​9-ലെ വാക്കുകൾ ഓർക്കുക: “നന്മ ചെയ്‌കയിൽ നാം മടുത്തുപോകരുതു; തളർന്നുപോകാഞ്ഞാൽ തക്കസമയത്തു നാം കൊയ്യും.” ദാവീദിനെയും പത്രൊസിനെയും പോലെയുള്ള സമർപ്പിത ദൈവദാസർക്കു പോലും ലജ്ജാകരമായ ചില വീഴ്‌ചകൾ സംഭവിച്ചു. എന്നാൽ തെറ്റിൽനിന്നു കരകയറാനുള്ള തങ്ങളുടെ ശ്രമം അവർ ഉപേക്ഷിച്ചില്ല. അവർ താഴ്‌മയോടെ ബുദ്ധിയുപദേശം സ്വീകരിച്ച്‌ ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും തങ്ങൾ ഉത്തമരായ ദൈവദാസരാണെന്ന്‌ പിന്നീട്‌ തെളിയിക്കുകയും ചെയ്‌തു. (സദൃശവാക്യങ്ങൾ 24:16) ദാവീദു തെറ്റുകൾ ചെയ്‌തെങ്കിലും യഹോവ അവനെ ‘തനിക്കു ബോധിച്ച പുരുഷൻ’ എന്നു വിളിച്ചു. ‘അവൻ തന്റെ ഹിതം എല്ലാം ചെയ്യും എന്ന’ ഉറപ്പും യഹോവയ്‌ക്ക്‌ ഉണ്ടായിരുന്നു. (പ്രവൃത്തികൾ 13:22) അതുപോലെ പത്രൊസും തന്റെ ബലഹീനതകളെ തരണംചെയ്‌ത്‌ ക്രിസ്‌തീയ സഭയുടെ ഒരു തൂൺ ആയിത്തീർന്നു.

സമാനമായി, ഇന്ന്‌ പലരും പ്രതിബന്ധങ്ങളെ തരണം ചെയ്യുന്നതിൽ വിജയിച്ചിരിക്കുന്നു. നേരത്തേ പരാമർശിച്ച യൂട്ടാക്കാ ഒരു ബൈബിളധ്യയനം സ്വീകരിച്ചു. അദ്ദേഹം ഇങ്ങനെ പറയുന്നു: “ഞാൻ ഓരോ ചുവട്‌ മുമ്പോട്ട്‌ വെച്ചപ്പോഴും യഹോവയുടെ പിന്തുണയും അനുഗ്രഹവും അനുഭവിക്കാൻ കഴിഞ്ഞു. ചൂതാട്ട പ്രശ്‌നത്തെ തരണം ചെയ്യാൻ അതെന്നെ സഹായിച്ചു. വിശ്വാസംകൊണ്ട്‌ ‘മലകളെ’ പോലും നീക്കാൻ കഴിയുമെന്ന യേശുവിന്റെ വാക്കുകളുടെ നിവൃത്തി അനുഭവിക്കാൻ കഴിഞ്ഞിരിക്കുന്നതിൽ എനിക്കു വളരെ സന്തോഷമുണ്ട്‌.” പിന്നീട്‌ യൂട്ടാക്കാ സഭയിൽ ഒരു ശുശ്രൂഷാദാസനായി നിയമിക്കപ്പെട്ടു.

പുകവലിക്ക്‌ അടിമപ്പെട്ടിരുന്ന കെയ്‌കോയുടെ കാര്യമോ? കെയ്‌കോയെ ബൈബിൾ പഠിപ്പിച്ചിരുന്ന സഹോദരി ഈ വിഷയത്തെ കുറിച്ചു പറയുന്ന വിവിധ ഉണരുക! ലേഖനങ്ങൾ വായിക്കാൻ പ്രോത്സാഹിപ്പിച്ചു. യഹോവയുടെ ദൃഷ്ടിയിൽ ശുദ്ധയായി നിലകൊള്ളാനുള്ള ഒരു ദൈനംദിന ഓർമിപ്പിക്കൽ എന്നനിലയിൽ കെയ്‌കോ 2 കൊരിന്ത്യർ 7:​1-ലെ വാക്കുകൾ തന്റെ വാഹനത്തിൽ പ്രദർശിപ്പിക്കുക പോലും ചെയ്‌തു. എന്നിട്ടും ആ ശീലം ഉപേക്ഷിക്കാൻ അവർക്കായില്ല. “എനിക്ക്‌ വല്ലാത്ത നിരാശ അനുഭവപ്പെട്ടു,” കെയ്‌കോ അനുസ്‌മരിക്കുന്നു. “അതുകൊണ്ട്‌ ഞാൻ സ്വയം ചോദിച്ചു​—⁠ഞാൻ യഥാർഥത്തിൽ ആഗ്രഹിക്കുന്നത്‌ എന്താണ്‌, യഹോവയെ സേവിക്കാനോ സാത്താനെ സേവിക്കാനോ?” യഹോവയെ സേവിക്കാനാണ്‌ താൻ ആഗ്രഹിക്കുന്നതെന്നു നിശ്ചയിച്ച ശേഷം അവർ സഹായത്തിനു വേണ്ടി ആത്മാർഥമായി പ്രാർഥിച്ചു. കെയ്‌കോ പറയുന്നു: “അതിശയകരമെന്നു പറയട്ടെ വലിയ ബുദ്ധിമുട്ടില്ലാതെ എനിക്കു പുകവലി നിറുത്താൻ കഴിഞ്ഞു. ഇതു നേരത്തേ ചെയ്‌തില്ലല്ലോ എന്ന ഒറ്റയൊരു വിഷമമേ എനിക്കിപ്പോൾ ഉള്ളൂ.”

പ്രതിബന്ധങ്ങളെ മറികടന്ന്‌ പുരോഗതി പ്രാപിക്കുന്ന കാര്യത്തിൽ വിജയിക്കാൻ നിങ്ങൾക്കും കഴിയും. നിങ്ങളുടെ ചിന്തകൾ, ആഗ്രഹങ്ങൾ, വാക്കുകൾ, പ്രവൃത്തികൾ എന്നിവയെ ദൈവിക നിലവാരങ്ങളുമായി എത്രയധികം ചേർച്ചയിൽ കൊണ്ടുവരുന്നുവോ അത്രയധികം ആത്മാഭിമാനവും ആത്മവിശ്വാസവും നിങ്ങൾ നേടും. നിങ്ങളുടെ സഹവാസം ആത്മീയ സഹോദരങ്ങൾക്കും കുടുംബാംഗങ്ങൾക്കും ഉന്മേഷവും പ്രോത്സാഹനവും പ്രദാനം ചെയ്യും. സർവോപരി, യഹോവയാം ദൈവവുമായുള്ള നിങ്ങളുടെ ബന്ധം കൂടുതൽ ശക്തമായിത്തീരും. സാത്താന്റെ അധീനതയിൽനിന്നു രക്ഷപ്പെട്ടോടുന്ന ‘തന്റെ ജനത്തിന്റെ മാർഗ്ഗത്തിൽനിന്നു പ്രതിബന്ധങ്ങൾ നീക്കിക്കളയും’ എന്ന്‌ അവൻ വാഗ്‌ദാനം ചെയ്‌തിരിക്കുന്നു. (യെശയ്യാവു 57:​14, പി.ഒ.സി ബൈബിൾ) പ്രതിബന്ധങ്ങളെ നീക്കം ചെയ്‌തും മറികടന്നും ആത്മീയ പുരോഗതി പ്രാപിക്കാൻ ശ്രമിക്കുന്നെങ്കിൽ യഹോവ നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കുമെന്ന്‌ ഉറപ്പുണ്ടായിരിക്കാവുന്നതാണ്‌.

[അടിക്കുറിപ്പ്‌]

^ ഖ. 12 യഹോവയുടെ സാക്ഷികൾ ഇതു പല ഭാഷകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

[28-ാം പേജിലെ ചിത്രം]

വിശ്വാസത്താൽ പർവതസമാന പ്രതിബന്ധങ്ങളെ മറികടക്കാൻ കഴിയുമെന്ന്‌ യേശു ഉറപ്പുനൽകി

[30-ാം പേജിലെ ചിത്രം]

ആത്മീയ ബലഹീനതകളെ തരണം ചെയ്യാൻ ബൈബിൾ വായന നമ്മെ ശക്തീകരിക്കും