വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

നെബൂഖദ്‌നേസർ ദൂരാ സമഭൂമിയിൽ സ്ഥാപിച്ച കൂറ്റൻ ബിംബത്തോടുള്ള ബന്ധത്തിൽ മൂന്ന്‌ എബ്രായ യുവാക്കൾ പരിശോധിക്കപ്പെട്ടപ്പോൾ ദാനീയേൽ എവിടെയായിരുന്നു?

അതേക്കുറിച്ച്‌ ബൈബിൾ ഒന്നും പറയുന്നില്ല. അതുകൊണ്ട്‌, ആ പരിശോധനാ സമയത്ത്‌ ദാനീയേൽ എവിടെ ആയിരുന്നുവെന്ന്‌ കൃത്യമായി പറയാൻ ഇന്ന്‌ ആർക്കും കഴിയില്ല.

ശദ്രക്‌, മേശക്‌, അബേദ്‌നെഗോ എന്നിവരുടേതിനെക്കാൾ ഉയർന്ന ഔദ്യോഗിക പദവിയാണു ദാനീയേലിന്‌ ഉണ്ടായിരുന്നതെന്നും നെബൂഖദ്‌നേസർ അവന്‌ കൂടുതലായ ആനുകൂല്യങ്ങൾ അനുവദിച്ചിരുന്നതിനാൽ അവന്‌ ദൂരാ സമഭൂമിയിൽ പോകേണ്ടിവന്നില്ല എന്നും ചിലർ പറയുന്നു. ഒരു സമയത്ത്‌ ദാനീയേലിന്‌ തന്റെ മൂന്നു കൂട്ടുകാരെക്കാൾ ഉയർന്ന സ്ഥാനം ഉണ്ടായിരുന്നു എന്ന്‌ ദാനീയേൽ 2:49 സൂചിപ്പിക്കുന്നുണ്ട്‌. എന്നാൽ ഇത്‌ മറ്റുള്ളവരോടൊപ്പം ബിംബത്തിനു മുമ്പിൽ കൂടിവരുന്നതിൽനിന്ന്‌ അവനെ ഒഴിവുള്ളവനാക്കി എന്നു നമുക്ക്‌ തെളിയിക്കാൻ കഴിയില്ല.

ഇനി മറ്റു ചിലർ, ദാനീയേലിന്റെ അസാന്നിധ്യത്തെ വിശദീകരിക്കാനുള്ള ശ്രമത്തിൽ അവൻ ഒരു ഔദ്യോഗിക നിയമനത്തിന്റെ ഭാഗമായി മറ്റെവിടെയെങ്കിലും പോയതായിരുന്നിരിക്കാമെന്നും അല്ലെങ്കിൽ ഒരുപക്ഷേ അവന്‌ ആ സമയത്ത്‌ എന്തെങ്കിലും അസുഖമായിരുന്നിരിക്കാമെന്നും പറഞ്ഞിട്ടുണ്ട്‌. എന്നാൽ ബൈബിൾ അങ്ങനെ പറയുന്നില്ല. എന്തായിരുന്നാലും ദാനീയേലിന്റെ ഗതി വിമർശനത്തിന്‌ കാരണം നൽകാത്തത്‌ ആയിരുന്നിരിക്കണം. അല്ലെങ്കിൽ അസൂയാലുക്കളായ ബാബിലോണിയൻ ഉദ്യോഗസ്ഥർ അവനെതിരെ കുറ്റാരോപണങ്ങൾ നടത്തുന്നതിന്‌ ആ സന്ദർഭം തീർച്ചയായും ഉപയോഗിച്ചേനെ. (ദാനീയേൽ 3:⁠8) ഈ സംഭവത്തിനു മുമ്പും പിമ്പും ദാനീയേൽ താൻ ഒരു നിർമലതാ പാലകനാണെന്ന്‌, ഏതു പരിശോധനയെ നേരിടേണ്ടി വന്നാലും ദൈവത്തോടു വിശ്വസ്‌തനായിരിക്കുമെന്ന്‌ തെളിയിക്കുകയുണ്ടായി. (ദാനീയേൽ 1:8; 5:17; 6:​4, 10, 11) അതുകൊണ്ട്‌, ദൂരാ സമഭൂമിയിൽ ദാനീയേൽ സന്നിഹിതനല്ലാഞ്ഞത്‌ എന്തുകൊണ്ടായിരുന്നു എന്നതിനെ കുറിച്ച്‌ ബൈബിൾ ഒന്നും പറയുന്നില്ലെങ്കിലും അവൻ യഹോവയാം ദൈവത്തോടുള്ള വിശ്വസ്‌തതയിൽ ഒരിക്കലും വിട്ടുവീഴ്‌ച ചെയ്‌തില്ലെന്നു നമുക്ക്‌ ഉറപ്പുണ്ടായിരിക്കാൻ കഴിയും.​—⁠യെഹെസ്‌കേൽ 14:14; എബ്രായർ 11:⁠33.