വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശ്വസിക്കുന്നതിനുള്ള നിങ്ങളുടെ അവകാശം

വിശ്വസിക്കുന്നതിനുള്ള നിങ്ങളുടെ അവകാശം

വിശ്വസിക്കുന്നതിനുള്ള നിങ്ങളുടെ അവകാശം

എന്തു വേണമെങ്കിലും വിശ്വസിക്കുന്നതിനുള്ള അവകാശത്തെ സാധ്യതയനുസരിച്ച്‌ നിങ്ങൾ വളരെ വിലപ്പെട്ടതായി വീക്ഷിക്കുന്നു. ഏതാണ്ട്‌ എല്ലാവരുടെയും കാര്യത്തിൽ അതു സത്യമാണ്‌. ഭൂമിയിലെ അറുനൂറു കോടി ജനങ്ങൾ ഈ അവകാശം പ്രയോജനപ്പെടുത്തിയിരിക്കുന്നതിന്റെ ഫലമായി ഇന്ന്‌ വ്യത്യസ്‌തങ്ങളായ ഒട്ടനവധി വിശ്വാസങ്ങൾ രൂപംകൊണ്ടിരിക്കുന്നു. സൃഷ്ടിയിലെ വ്യത്യസ്‌ത നിറങ്ങൾ, രൂപങ്ങൾ, ഘടനകൾ, രുചികൾ, ഗന്ധങ്ങൾ, ശബ്ദങ്ങൾ എന്നിവ പോലെ, വ്യത്യസ്‌തമായ വിശ്വാസങ്ങളും പലപ്പോഴും ജീവിതത്തിനു രസവും ആവേശവും ആസ്വാദനവും പകരുന്നു. ഇത്തരം വൈവിധ്യത്തിന്‌ വാസ്‌തവത്തിൽ ജീവിതത്തെ വർണശബളമാക്കാനാവും.​—⁠സങ്കീർത്തനം 104:⁠24.

എന്നാൽ ഇക്കാര്യത്തിൽ ജാഗ്രത പാലിക്കേണ്ടത്‌ ആവശ്യമാണ്‌. കാരണം, ചില വിശ്വാസങ്ങൾ വ്യത്യസ്‌തം മാത്രമല്ല അപകടകരവും കൂടെയാണ്‌. ഉദാഹരണത്തിന്‌, യഹൂദന്മാർക്കും ഫ്രീമേസൺകാർക്കും “ക്രിസ്‌തീയ സംസ്‌കാരത്തെ തകർത്ത്‌ തങ്ങളുടെ സംയുക്ത ഭരണത്തിൻകീഴിൽ ഒരു ലോകരാജ്യം പടുത്തുയർത്താൻ” പദ്ധതിയുള്ളതായി 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ചിലർ വിശ്വസിക്കാനിടയായി. ഈ വിശ്വാസം പ്രചരിക്കുന്നതിന്‌ ഇടയാക്കിയ ഒരു ഉറവിടം പ്രോട്ടോക്കോൾസ്‌ ഓഫ്‌ ദ ലേണെഡ്‌ എൽഡേഴ്‌സ്‌ ഓഫ്‌ സയൺ എന്ന യഹൂദ-വിരുദ്ധ ലഘുലേഖ ആയിരുന്നു. ലഘുലേഖ അനുസരിച്ച്‌ അവരുടെ പദ്ധതികളിൽ പിൻവരുന്ന സംഗതികൾ ഉൾപ്പെട്ടിരുന്നു: അമിത നികുതി പിരിവ്‌, ആയുധ നിർമാണം എന്നിവ പ്രോത്സാഹിപ്പിക്കുക; ‘ഒറ്റയടിക്ക്‌ വിജാതീയ സമ്പത്ത്‌ നശിപ്പിക്കുന്നതിന്‌’ കുത്തക വ്യാപാരം ഉന്നമിപ്പിക്കുക. കൂടാതെ, പ്രസ്‌തുത ആരോപണങ്ങളിൽ ‘വിജാതീയരെ ചിന്താപ്രാപ്‌തിയില്ലാത്ത മൃഗങ്ങൾ ആക്കിത്തീർക്കാൻ പോന്ന’ ഒരു വിദ്യാഭ്യാസ സമ്പ്രദായത്തിനു രൂപം നൽകുക എന്നതും ‘തലസ്ഥാന നഗരികളെ നശിപ്പിക്കുകവഴി തങ്ങൾക്കെതിരെയുള്ള ഏത്‌ എതിർപ്പിനെയും അടിച്ചമർത്താൻ’ യഹൂദ മൂപ്പന്മാരെ പ്രാപ്‌തരാക്കുന്നതിന്‌ അവയെ തമ്മിൽ ബന്ധിപ്പിക്കുന്ന ഭൂഗർഭ റെയിൽപ്പാതകൾ നിർമിക്കുക എന്നതും ഉൾപ്പെട്ടിരുന്നു.

വാസ്‌തവത്തിൽ യഹൂദ വിരുദ്ധ വികാരങ്ങൾ ഇളക്കിവിടുന്നതിന്‌ കെട്ടിച്ചമച്ച നുണകൾ ആയിരുന്നു ഇവയെല്ലാം. 1903-ൽ റഷ്യയിലെ ഒരു വർത്തമാനപ്പത്രത്തിലാണ്‌ ഇവ ആദ്യമായി പ്രത്യക്ഷപ്പെട്ടത്‌. പിന്നീട്‌, ‘ഈ കെട്ടുകഥ റഷ്യയിൽനിന്നു മറ്റിടങ്ങളിലേക്കും പടർന്ന’തായി ബ്രിട്ടീഷ്‌ മ്യൂസിയത്തിലെ മാർക്ക്‌ ജോൺസ്‌ പറയുന്നു. 1920 മേയ്‌ 8-ന്‌ ലണ്ടനിലെ ദ ടൈംസ്‌ അതു പ്രസിദ്ധീകരിച്ചു. ഒരു വർഷത്തിലധികം കഴിഞ്ഞപ്പോൾ ദ ടൈംസ്‌ അതിനെ ഒരു വ്യാജരേഖയായി തുറന്നുകാട്ടി. എന്നാൽ വരുത്തേണ്ട വിനയൊക്കെ അതിനോടകം അതു വരുത്തി കഴിഞ്ഞിരുന്നു. ‘ഇതുപോലുള്ള നുണകൾ ഊതിക്കെടുത്താൻ ബുദ്ധിമുട്ടാണ്‌’ എന്ന്‌ ജോൺസ്‌ പറയുന്നു. ഒരിക്കൽ ആളുകൾ അംഗീകരിച്ചു കഴിഞ്ഞാൽ പിന്നെ അവ വിഷലിപ്‌തവും ശത്രുതാപരവും അപകടകരവുമായ ചില വിശ്വാസങ്ങളെ ജനിപ്പിക്കുന്നു. 20-ാം നൂറ്റാണ്ടിന്റെ ചരിത്രം സാക്ഷ്യപ്പെടുത്തുന്നതു പോലെ പലപ്പോഴും അവയുടെ പ്രത്യാഘാതങ്ങൾ വിപത്‌കരമായിരിക്കും.​—⁠സദൃശവാക്യങ്ങൾ 6:​16-19.

വിശ്വാസവും സത്യവും തമ്മിലുള്ള പോരാട്ടം

മനഃപൂർവ നുണകളുടെ ഫലം ആയിരിക്കണമെന്നില്ല തെറ്റായ വിശ്വാസങ്ങൾ. ചിലപ്പോൾ നാം കാര്യങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്നതായിരിക്കാം അതിനു കാരണം. ശരിയാണെന്നു വിശ്വസിച്ച്‌ ചില കാര്യങ്ങൾ ചെയ്‌തതിന്റെ ഫലമായി അകാല മരണത്തിന്‌ ഇരയാകേണ്ടിവന്ന എത്രയോ പേരുണ്ട്‌? കൂടാതെ, വിശ്വസിക്കാൻ ആഗ്രഹിക്കുന്നതുകൊണ്ടു മാത്രം നാം പലപ്പോഴും പല കാര്യങ്ങളും വിശ്വസിക്കാറുണ്ട്‌. ശാസ്‌ത്രജ്ഞർ പോലും “പലപ്പോഴും സ്വന്തം സിദ്ധാന്തങ്ങളുമായി പ്രണയത്തിലാകുന്നു” എന്ന്‌ ഒരു പ്രൊഫസർ പറയുന്നു. അവരുടെ വിശ്വാസങ്ങൾ അവരുടെ വിവേചനാ പ്രാപ്‌തിയെ വികലമാക്കുന്നു. അങ്ങനെ, തെറ്റായ വിശ്വാസങ്ങൾ ശരിയാണെന്നു തെളിയിക്കുന്നതിനുള്ള വൃഥാ ശ്രമത്തിൽ അവർ തങ്ങളുടെ ജന്മം മുഴുവൻ പാഴാക്കിയേക്കാം.​—⁠യിരെമ്യാവു 17:⁠9.

വളരെയധികം വിരുദ്ധ ആശയങ്ങൾ നിലനിൽക്കുന്ന മത വിശ്വാസങ്ങളുടെ കാര്യത്തിലും സമാനമായ സംഗതികൾ സംഭവിച്ചിട്ടുണ്ട്‌. (1 തിമൊഥെയൊസ്‌ 4:1; 2 തിമൊഥെയൊസ്‌ 4:​3, 4) ദൈവത്തിൽ അടിയുറച്ചു വിശ്വസിക്കുന്നവരാണ്‌ ചിലർ. എന്നാൽ അതു ശുദ്ധ അസംബന്ധമാണെന്നാണ്‌ മറ്റു ചിലരുടെ പക്ഷം. മരണത്തെ അതിജീവിക്കുന്ന ഒരു അമർത്യ ആത്മാവ്‌ ഉണ്ടെന്ന്‌ ചിലർ കരുതുന്നു. എന്നാൽ മരിക്കുമ്പോൾ നിങ്ങൾ അസ്‌തിത്വരഹിതനാകുന്നു, പൂർണമായി ഇല്ലാതാകുന്നു എന്നാണ്‌ വേറെ ചിലർ വിശ്വസിക്കുന്നത്‌. കടകവിരുദ്ധമായ ഇത്തരം എല്ലാ വിശ്വാസങ്ങൾക്കും ഒരേസമയം സത്യമായിരിക്കാൻ കഴിയില്ല എന്നു വ്യക്തമാണ്‌. അതുകൊണ്ട്‌, നിങ്ങൾ വിശ്വസിക്കുന്ന കാര്യങ്ങൾ, വിശ്വസിക്കാൻ ഇഷ്ടപ്പെടുന്നു എന്നതുകൊണ്ടു മാത്രം സ്വീകരിച്ചവ അല്ല മറിച്ച്‌, യഥാർഥത്തിൽ സത്യമായവ ആണെന്ന്‌ ഉറപ്പുവരുത്തുന്നത്‌ ജ്ഞാനം ആയിരിക്കുകയില്ലേ? (സദൃശവാക്യങ്ങൾ 1:⁠5) നിങ്ങൾക്ക്‌ എങ്ങനെ അതു ചെയ്യാൻ കഴിയും? അടുത്ത ലേഖനം അതു ചർച്ച ചെയ്യും.

[3-ാം പേജിലെ ചിത്രം]

‘പ്രോട്ടോക്കോൾസ്‌ ഓഫ്‌ ദ ലേണെഡ്‌ എൽഡേഴ്‌സ്‌ ഓഫ്‌ സയണി’നെ വ്യാജ രേഖയായി തുറന്നുകാട്ടിയ 1921-ലെ ലേഖനം