വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ശീലങ്ങൾ നിങ്ങളുടെ നന്മയ്‌ക്ക്‌ ഉതകട്ടെ

ശീലങ്ങൾ നിങ്ങളുടെ നന്മയ്‌ക്ക്‌ ഉതകട്ടെ

ശീലങ്ങൾ നിങ്ങളുടെ നന്മയ്‌ക്ക്‌ ഉതകട്ടെ

ഏഥൻസിന്റെ ഒരു പ്രാന്തപ്രദേശത്താണ്‌ പന്ത്രണ്ടു വർഷമായി അയാൾ താമസിച്ചിരുന്നത്‌. ദിവസവും ജോലികഴിഞ്ഞു വീട്ടിലേക്കു മടങ്ങിയിരുന്നത്‌ ഒരേ വഴിക്ക്‌. അങ്ങനെയിരിക്കെ നഗരത്തിന്റെ മറുഭാഗത്തുള്ള മറ്റൊരു പ്രദേശത്തേക്ക്‌ അയാൾ താമസം മാറി. ഒരു ദിവസം ജോലികഴിഞ്ഞ്‌ പതിവുപോലെ അയാൾ വീട്ടിലേക്കു പുറപ്പെട്ടു. പഴയ വീടിന്റെ പരിസരത്ത്‌ എത്തിയപ്പോഴാണ്‌ പറ്റിയ അമളി മനസ്സിലായത്‌. അത്രയും കാലത്തെ ശീലം വെച്ച്‌ അയാൾ പോയത്‌ നേരെ പഴയ വീട്ടിലേക്കായിരുന്നു!

ഉപബോധ പ്രവർത്തനങ്ങൾ, നമ്മുടെ ജീവിതത്തെ ശക്തമായ വിധങ്ങളിൽ ബാധിക്കുന്ന ഒരു സ്വാധീനം എന്നൊക്കെ ശീലങ്ങളെ വിശേഷിപ്പിക്കാവുന്നതാണ്‌. ഈ അർഥത്തിൽ ശീലങ്ങളെ തീയോട്‌ ഉപമിക്കാൻ കഴിയും. കൂരിരുട്ടിൽ ആശ്വാസമായേക്കാവുന്ന വെളിച്ചം പ്രദാനം ചെയ്യാൻ അതിനു കഴിയും. കൂടാതെ തണുപ്പകറ്റാനും ഭക്ഷണം ചൂടാക്കാനുമൊക്കെ അതു സഹായകമാണ്‌. എന്നാൽ തീയ്‌ക്ക്‌ മറ്റൊരു മുഖം കൂടെയുണ്ട്‌, ജീവനും സ്വത്തും നശിപ്പിക്കുന്ന ഒരു ഭീകര ശത്രുവിന്റെ മുഖം. ശീലങ്ങളുടെ കാര്യത്തിലും ഇതു സത്യമാണ്‌. നല്ലതെങ്കിൽ അവ വളരെ പ്രയോജനപ്രദമാണ്‌, അല്ലെങ്കിൽ വിനാശകവും.

തുടക്കത്തിൽ പരാമർശിച്ച വ്യക്തിക്ക്‌ തന്റെ ശീലത്തിന്റെ ഫലമായി നഷ്ടമായത്‌ നഗരത്തിലെ ഗതാഗതക്കുരുക്കിൽ അകപ്പെട്ട്‌ അൽപ്പം സമയം മാത്രമായിരുന്നു. എന്നാൽ കൂടുതൽ പ്രധാനപ്പെട്ട കാര്യങ്ങൾ ഉൾപ്പെട്ടിരിക്കുമ്പോൾ ശീലങ്ങൾക്ക്‌ നമ്മെ വിജയത്തിലേക്കോ ദുരന്തത്തിലേക്കോ നയിക്കാൻ കഴിയും. ശീലങ്ങൾക്ക്‌ നമ്മുടെ ദൈവസേവനത്തെയും ദൈവവുമായുള്ള നമ്മുടെ ബന്ധത്തെയും തടസ്സപ്പെടുത്താനോ ഉന്നമിപ്പിക്കാനോ കഴിയുന്നത്‌ എങ്ങനെ എന്നു പ്രകടമാക്കുന്ന ചില യഥാർഥ ബൈബിൾ ദൃഷ്ടാന്തങ്ങൾ പരിചിന്തിക്കുക.

നല്ലതും മോശവുമായ ശീലങ്ങളുടെ ബൈബിൾ ദൃഷ്ടാന്തങ്ങൾ

ദൈവവുമായി അടുത്ത ബന്ധം ആസ്വദിച്ചിരുന്നവരായിരുന്നു നോഹ, ഇയ്യോബ്‌, ദാനീയേൽ എന്നിവർ. ‘അവരുടെ നീതി’ നിമിത്തം ബൈബിൾ അവരെ പ്രകീർത്തിച്ചിരിക്കുന്നു. (യെഹെസ്‌കേൽ 14:14) ശ്രദ്ധേയമായി, മൂവരുടെയും ജീവിതഗതി അവർ നല്ല ശീലങ്ങൾ നട്ടുവളർത്തിയിരുന്നു എന്നു തെളിയിക്കുന്നതായിരുന്നു.

നോഹയ്‌ക്ക്‌ ഒരു പെട്ടകം പണിയാനുള്ള നിയമനം നൽകപ്പെട്ടു. ഒരു ഫുട്‌ബോൾ ഗ്രൗണ്ടിനെക്കാൾ നീളവും അഞ്ചു നില കെട്ടിടത്തെക്കാൾ ഉയരവുമുള്ള ഒരു പെട്ടകമായിരിക്കണമായിരുന്നു അത്‌. പുരാതന കാലത്തെ ഏതൊരു കപ്പൽ നിർമാതാവിനും ചിന്തിക്കാൻ പോലും കഴിയുകയിലാഞ്ഞ അത്ര ബൃഹത്തായ ഒരു പദ്ധതിതന്നെ! ആധുനിക ഉപകരണങ്ങളുടെ സഹായം കൂടാതെയാണ്‌ നോഹയും അവന്റെ ഏഴു കുടുംബാംഗങ്ങളും പെട്ടകം നിർമിച്ചത്‌. കൂടാതെ, നോഹ തന്റെ സമകാലികരോട്‌ പ്രസംഗിക്കുന്നതിൽ തുടരുകയും ചെയ്‌തു. ഒപ്പം, അവൻ തന്റെ കുടുംബത്തിന്റെ ആത്മീയവും ഭൗതികവുമായ ആവശ്യങ്ങൾക്കായി കരുതിയിരുന്നുവെന്നും ഉറപ്പാണ്‌. (2 പത്രൊസ്‌ 2:⁠5) ഇതെല്ലാം ചെയ്യുന്നതിന്‌ തീർച്ചയായും നോഹയ്‌ക്ക്‌ നല്ല ജോലി ശീലങ്ങൾ ഉണ്ടായിരുന്നിരിക്കണം. കൂടാതെ, ‘ദൈവത്തോടുകൂടെ നടന്നവൻ, ദൈവം തന്നോടു കല്‌പിച്ചതൊക്കെയും ചെയ്‌തവൻ’ എന്നൊക്കെ ബൈബിൾ ചരിത്രം അവനെ വിശേഷിപ്പിക്കുന്നു. (ഉല്‌പത്തി 6:​9, 22; 7:⁠5) ബൈബിൾ അവനെ “കുറ്റമറ്റ മനുഷ്യൻ” [ഓശാന ബൈബിൾ] എന്നു വിളിക്കുന്നതിൽനിന്ന്‌, പ്രളയത്തിനു ശേഷമുള്ള കാലത്തും ബാബേലിൽ യഹോവയ്‌ക്ക്‌ എതിരെയുള്ള മത്സരം തല പൊക്കിയപ്പോഴും അവൻ ദൈവത്തോടൊത്തു നടക്കുന്നതിൽ തുടർന്നതായി മനസ്സിലാക്കാം. തീർച്ചയായും, 950-ാം വയസ്സിൽ മരിക്കുന്നതു വരെ നോഹ ദൈവത്തോടുകൂടെ നടക്കുന്നതിൽ തുടർന്നു.​—⁠ഉല്‌പത്തി 9:29.

ഇയ്യോബിന്റെ നല്ല ശീലങ്ങൾ അവനെ “നിഷ്‌കളങ്കനും നേരുള്ളവനും” ആയ ഒരു വ്യക്തി ആയിത്തീരാൻ സഹായിച്ചു. (ഇയ്യോബ്‌ 1:​1, 8; 2:⁠3) ഓരോ പ്രാവശ്യം വിരുന്നു കഴിക്കുമ്പോഴും തന്റെ മക്കൾ ഒരുപക്ഷേ “പാപം ചെയ്‌തു ദൈവത്തെ ഹൃദയംകൊണ്ടു ത്യജിച്ചു പോയിരിക്കു”മോ എന്നു വിചാരിച്ച്‌ അതേത്തുടർന്ന്‌ അവർക്കു വേണ്ടി കുടുംബ പുരോഹിതനായി വർത്തിച്ച്‌ യാഗങ്ങൾ അർപ്പിക്കുന്ന പതിവ്‌ അഥവാ ശീലം ഇയ്യോബിന്‌ ഉണ്ടായിരുന്നു. “ഇങ്ങനെ ഇയ്യോബ്‌ എല്ലായ്‌പോഴും ചെയ്‌തുപോന്നു.” (ചെരിച്ചെഴുതിയിരിക്കുന്നത്‌ ഞങ്ങൾ.) (ഇയ്യോബ്‌ 1:⁠5) യഹോവയുടെ ആരാധനയെ കേന്ദ്രീകരിച്ചുള്ള ആചാരങ്ങൾക്ക്‌ ഇയ്യോബിന്റെ കുടുംബത്തിൽ പ്രമുഖ സ്ഥാനം ഉണ്ടായിരുന്നുവെന്നതിൽ സംശയമില്ല.

ദാനീയേൽ തന്റെ നീണ്ട ആയുഷ്‌കാലത്ത്‌ ഒക്കെയും യഹോവയെ “ഇടവിടാതെ” സേവിച്ചു. (ദാനീയേൽ 6:​16, 20) ദാനീയേലിന്‌ ഉണ്ടായിരുന്ന നല്ല ആത്മീയ ശീലങ്ങൾ എന്തൊക്കെയായിരുന്നു? അവൻ ക്രമമായി യഹോവയോട്‌ പ്രാർഥിച്ചിരുന്നു എന്നതാണ്‌ ഒരു സംഗതി. അതിനെതിരെയുള്ള രാജകൽപ്പന നിലവിൽ ഉണ്ടായിരുന്നപ്പോൾ പോലും ദാനീയേൽ “താൻ മുമ്പെ ചെയ്‌തുവന്നതുപോലെ ദിവസം മൂന്നു പ്രാവശ്യം മുട്ടുകുത്തി തന്റെ ദൈവത്തിന്റെ സന്നിധിയിൽ പ്രാർത്ഥിച്ചു സ്‌തോത്രംചെയ്‌തു.” (ചെരിച്ചെഴുതിയിരിക്കുന്നത്‌ ഞങ്ങൾ.) (ദാനീയേൽ 6:10) ജീവൻ അപകടത്തിൽ ആയിരുന്നിട്ടും, ദൈവത്തോടു പ്രാർഥിക്കുന്ന ശീലം ഉപേക്ഷിക്കാൻ അവനായില്ല. ദൈവത്തോടുള്ള അസാധാരണ വിശ്വസ്‌തതയുടെ ഒരു ജീവിതഗതിയിൽ ഈ ശീലം ദാനീയേലിനെ ശക്തീകരിച്ചിരുന്നു എന്നതിൽ സംശയമില്ല. ദൈവത്തിന്റെ ആവേശജനകമായ വാഗ്‌ദാനങ്ങളെ കുറിച്ചു പഠിക്കുകയും അവയെ കുറിച്ച്‌ ആഴമായി ധ്യാനിക്കുകയും ചെയ്യുന്ന നല്ല ശീലവും ദാനീയേലിന്‌ ഉണ്ടായിരുന്നു എന്നു വ്യക്തമാണ്‌. (യിരെമ്യാവു 25:​11, 12; ദാനീയേൽ 9:⁠2) ജീവനുവേണ്ടിയുള്ള ഓട്ടം വിശ്വസ്‌തമായി പൂർത്തീകരിക്കുന്നതിന്‌, അവസാനം വരെ സഹിച്ചു നിൽക്കുന്നതിന്‌ ഈ നല്ല ശീലങ്ങൾ തീർച്ചയായും അവനെ സഹായിച്ചു.

നേരെ മറിച്ച്‌, ദീനയുടെ കാര്യത്തിൽ മോശമായ ഒരു ശീലം അവളുടെ ദുരന്തത്തിൽ കലാശിച്ചു. അവൾ യഹോവയുടെ ആരാധകരല്ലായിരുന്ന “ദേശത്തിലെ പുത്രിമാരെ കാണാൻ പോകാറുണ്ടായിരുന്നു.” (ഉല്‌പത്തി 34:⁠1, NW) നിർദോഷകരമെന്നു തോന്നിച്ച ആ ശീലം വിപത്‌കരമെന്നു തെളിഞ്ഞു. ആദ്യം, “തന്റെ പിതൃഭവനത്തിൽ എല്ലാവരിലും ശ്രേഷ്‌ഠനായി” കരുതപ്പെട്ടിരുന്ന ശേഖേം എന്ന യുവാവ്‌ അവളെ മാനഭംഗപ്പെടുത്തി. പിന്നെ അവളുടെ രണ്ടു സഹോദരന്മാരുടെ പ്രതികാര നടപടി ഒരു പട്ടണത്തിലെ സകല പുരുഷന്മാരുടെയും കൂട്ടക്കൊലയിലേക്കു നയിച്ചു. എത്ര ഭയാനകമായ പരിണതഫലം!​—⁠ഉല്‌പത്തി 34:​19, 25-29.

നമ്മുടെ ശീലങ്ങൾ നമുക്ക്‌ ദ്രോഹമല്ല മറിച്ച്‌ പ്രയോജനം ചെയ്യുമെന്ന്‌ നമുക്ക്‌ എങ്ങനെ ഉറപ്പാക്കാൻ കഴിയും?

നല്ല ശീലങ്ങൾ നട്ടുവളർത്തുക

“ശീലങ്ങൾ വിധിയാൽ നിർണയിക്കപ്പെടുന്നു” എന്ന്‌ ഒരു തത്ത്വചിന്തകൻ എഴുതി. എന്നാൽ അവ അങ്ങനെ ആയിരിക്കേണ്ടതില്ല. മോശമായ ശീലങ്ങൾ മാറ്റി പകരം നല്ല ശീലങ്ങൾ നട്ടുവളർത്താനുള്ള ഒരു തിരഞ്ഞെടുപ്പ്‌ നമുക്കു നടത്താൻ കഴിയുമെന്ന്‌ ബൈബിൾ വ്യക്തമാക്കുന്നു.

നല്ല ശീലങ്ങൾ ഉള്ളപ്പോൾ നമ്മുടെ ക്രിസ്‌തീയ ജീവിത രീതി കൂടുതൽ ഫലപ്രദവും എളുപ്പവും ആയിത്തീരുന്നു. ഗ്രീസിൽനിന്നുള്ള ഒരു ക്രിസ്‌ത്യാനിയായ അലിക്‌സ്‌ പറയുന്നു: “വിവിധ ജോലികൾ ചെയ്‌തുതീർക്കാനായി ഒരു പട്ടികയോടു പറ്റിനിൽക്കുക എന്ന ശീലം വിലപ്പെട്ട സമയം ലാഭിക്കാൻ എന്നെ സഹായിക്കുന്നു.” കാര്യങ്ങൾ ആസൂത്രണം ചെയ്യുക എന്ന ശീലം ഫലപ്രദനായിരിക്കാൻ തന്നെ സഹായിക്കുന്നുവെന്ന്‌ തിയോഫിലസ്‌ എന്ന ക്രിസ്‌തീയ മൂപ്പൻ ചൂണ്ടിക്കാട്ടുന്നു. അദ്ദേഹം പറയുന്നതു ശ്രദ്ധിക്കുക: “കാര്യങ്ങളെല്ലാം വേണ്ടവിധം ആസൂത്രണം ചെയ്യുന്ന ശീലം ഇല്ലായിരുന്നെങ്കിൽ എനിക്കെന്റെ ക്രിസ്‌തീയ ഉത്തരവാദിത്വങ്ങൾ വിജയകരമായി കൈകാര്യം ചെയ്യാൻ കഴിയുമായിരുന്നില്ല എന്ന്‌ ഉറപ്പാണ്‌.”

‘ഇതേ ചര്യയിൽ ക്രമമായി നടക്കുന്നതിൽ തുടരുക’ എന്ന പ്രോത്സാഹനം ക്രിസ്‌ത്യാനികളായ നമുക്ക്‌ നൽകപ്പെട്ടിരിക്കുന്നു. (ഫിലിപ്പിയർ 3:​16, NW) നാം പതിവായി അനുഷ്‌ഠിക്കുന്ന കർമങ്ങളെയാണ്‌ “ചര്യ” എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. ഇത്തരത്തിലുള്ള നല്ല ഒരു പതിവ്‌ അല്ലെങ്കിൽ ശീലം ഉള്ളതു പ്രയോജനപ്രദമാണ്‌. കാരണം അടുത്തതായി എന്തു ചെയ്യണമെന്നു ചിന്തിച്ച്‌ നമുക്കു സമയം പാഴാക്കേണ്ടി വരില്ല. ശീലമാക്കി പിൻപറ്റിപ്പോരുന്ന ഒരു നല്ല രീതി നാം സ്ഥാപിച്ചുകഴിഞ്ഞിരിക്കും. രൂഢമൂലമായ ശീലങ്ങൾ അനുഷ്‌ഠിക്കാൻ പ്രത്യേകിച്ച്‌ ശ്രമം ചെലുത്തേണ്ടതില്ല, നാം അവ താനേ ചെയ്‌തുകൊള്ളും. റോഡിൽ അപകടങ്ങൾ നേരിടുമ്പോൾ ഞൊടിയിടയിൽ ജീവരക്ഷാകരമായ തീരുമാനങ്ങൾ എടുക്കാൻ നല്ല ഡ്രൈവിങ്‌ ശീലങ്ങൾ ഒരു ഡ്രൈവറെ സഹായിക്കുന്നതുപോലെ, ക്രിസ്‌തീയ പാതയിൽ നടക്കവേ താമസംവിനാ ശരിയായ തീരുമാനങ്ങൾ എടുക്കാൻ നല്ല ശീലങ്ങൾ നമ്മെ പ്രാപ്‌തരാക്കും.

ഇംഗ്ലീഷ്‌ ലേഖകനായ ജെറമി ടെയ്‌ലർ പറഞ്ഞതു പോലെ “ശീലങ്ങൾ പ്രവൃത്തിയുടെ പുത്രിമാരാണ്‌.” നമ്മുടെ ശീലങ്ങൾ നല്ലതാണെങ്കിൽ നല്ല കാര്യങ്ങൾ ബുദ്ധിമുട്ടില്ലാതെ ചെയ്യാൻ നമുക്കു കഴിയും. ഉദാഹരണത്തിന്‌, ക്രിസ്‌തീയ ശുശ്രൂഷകരെന്ന നിലയിൽ പ്രസംഗ പ്രവർത്തനത്തിൽ പതിവായി പങ്കുപറ്റുന്ന ശീലം നമുക്കുണ്ടെങ്കിൽ വയൽസേവനം നമുക്ക്‌ കൂടുതൽ എളുപ്പവും ആസ്വാദ്യവും ആയിത്തീരും. അപ്പൊസ്‌തലന്മാരെ കുറിച്ചു നാം ഇങ്ങനെ വായിക്കുന്നു: “അവർ ദിനമ്പ്രതി ദൈവാലയത്തിലും വീടുതോറും വിടാതെ ഉപദേശിക്കയും യേശുവിനെ ക്രിസ്‌തു എന്നു സുവിശേഷിക്കയും ചെയ്‌തുകൊണ്ടിരുന്നു.” (ചെരിച്ചെഴുതിയിരിക്കുന്നത്‌ ഞങ്ങൾ.) (പ്രവൃത്തികൾ 5:42; 17:⁠2) നേരെ മറിച്ച്‌ വല്ലപ്പോഴുമാണ്‌ നാം ശുശ്രൂഷയിൽ പങ്കെടുക്കുന്നതെങ്കിൽ നമുക്കു പേടി തോന്നും. കൂടാതെ, ഓരോ പ്രാവശ്യവും ഈ സുപ്രധാന ക്രിസ്‌തീയ വേലയിൽ പങ്കെടുക്കുമ്പോൾ അസ്വസ്ഥത മാറിക്കിട്ടാൻ കുറേ സമയം വേണ്ടിവരികയും ചെയ്യും.

നമ്മുടെ ക്രിസ്‌തീയ ജീവിതചര്യയുടെ മറ്റു വശങ്ങളുടെ കാര്യത്തിലും ഇതു സത്യമാണ്‌. ‘ദൈവത്തിന്റെ വചനം രാവും പകലും വായിക്കുന്നതിൽ’ ക്രമമുള്ളവർ ആയിരിക്കാൻ നല്ല ശീലങ്ങൾക്കു നമ്മെ സഹായിക്കാനാകും. (യോശുവ 1:8; സങ്കീർത്തനം 1:⁠2) ഒരു ക്രിസ്‌ത്യാനിക്ക്‌ രാത്രി ഉറങ്ങുന്നതിനു മുമ്പായി 20 മുതൽ 30 വരെ മിനിട്ടു ബൈബിൾ വായിക്കുന്ന ശീലമുണ്ട്‌. വളരെയധികം ക്ഷീണമുള്ളപ്പോൾ പോലും വായിക്കാതെ കിടന്നാൽ അദ്ദേഹത്തിന്‌ ശരിക്ക്‌ ഉറങ്ങാൻ കഴിയാറില്ല. എഴുന്നേറ്റ്‌ ഈ ആത്മീയ ആവശ്യത്തിനു ശ്രദ്ധ നൽകിയേ തീരൂ. ഈ നല്ല ശീലം ഒരു വർഷംകൊണ്ട്‌ മുഴു ബൈബിളും വായിച്ചുതീർക്കാൻ അദ്ദേഹത്തെ പ്രാപ്‌തനാക്കിയിരിക്കുന്നു. വർഷങ്ങളായി അദ്ദേഹം അതു തുടരുന്നു.

ബൈബിൾ ചർച്ച ചെയ്യപ്പെട്ടിരുന്നിടങ്ങളിൽ കൂടിവരുന്ന ശീലം നമ്മുടെ മാതൃകാ പുരുഷനായ യേശുക്രിസ്‌തുവിന്‌ ഉണ്ടായിരുന്നു. “അവൻ . . . ശബ്ബത്തിൽ തന്റെ പതിവുപോലെ പള്ളിയിൽ ചെന്നു വായിപ്പാൻ എഴുന്നേറ്റുനിന്നു.” (ലൂക്കൊസ്‌ 4:16) ഒരു വലിയ കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങളുള്ള ജോ എന്ന ക്രിസ്‌തീയ മൂപ്പന്റെ കാര്യമെടുക്കുക. ദിവസത്തിന്റെ നല്ലൊരു പങ്കും ജോലി ചെയ്യേണ്ടത്‌ ഉണ്ടെങ്കിലും താൻ വളർത്തിയെടുത്തിരിക്കുന്ന ശീലം യോഗങ്ങൾക്കു ക്രമമായി ഹാജരാകേണ്ടതിന്റെ ആവശ്യവും ആഗ്രഹവും അദ്ദേഹത്തിൽ ഉളവാക്കുന്നു. അദ്ദേഹം പറയുന്നു: “പ്രയാസങ്ങളെയും പ്രശ്‌നങ്ങളെയും വിജയകരമായി നേരിടാൻ അനിവാര്യമായ ആത്മീയ ശക്തി പകർന്നുതന്നുകൊണ്ട്‌ ഈ ശീലം പിടിച്ചുനിൽക്കാൻ എന്നെ പ്രാപ്‌തനാക്കുന്നു.”​—⁠എബ്രായർ 10:​24, 25.

ഇത്തരം ശീലങ്ങൾ ജീവനു വേണ്ടിയുള്ള ക്രിസ്‌തീയ ഓട്ടത്തിൽ ഒഴിച്ചുകൂടാനാവാത്തവയാണ്‌. യഹോവയുടെ ജനത്തിന്‌ പീഡനങ്ങൾ നേരിടേണ്ടി വന്ന ഒരു രാജ്യത്തുനിന്നുള്ള റിപ്പോർട്ട്‌ ഇപ്രകാരം പറഞ്ഞു: “നല്ല ആത്മീയ ശീലങ്ങളും സത്യത്തോടുള്ള ആഴമായ വിലമതിപ്പും ഉള്ളവർക്ക്‌ പരിശോധനകൾ ഉണ്ടാകുമ്പോൾ ഉറച്ചുനിൽക്കാൻ ബുദ്ധിമുട്ടില്ല. എന്നാൽ ‘അനുകൂല കാലത്ത്‌’ യോഗങ്ങളും വയൽസേവനവും മുടക്കുകയും ചെറിയ സംഗതികളിൽ വിട്ടുവീഴ്‌ച കാണിക്കുകയും ചെയ്യുന്നവർ പലപ്പോഴും ‘അഗ്നി പരിശോധന’കളിൻ കീഴിൽ വീണുപോകുന്നു.”​—⁠2 തിമൊഥെയൊസ്‌ 4:⁠2, NW.

മോശമായ ശീലങ്ങൾ ഒഴിവാക്കുക, നല്ല ശീലങ്ങളിൽനിന്നു പ്രയോജനം നേടുക

‘തന്റെമേൽ മേധാവിത്വം പുലർത്താൻ താൻ ഇഷ്ടപ്പെടുന്ന ശീലങ്ങൾ മാത്രമേ ഒരുവൻ വളർത്തിയെടുക്കാവൂ’ എന്നു പറയപ്പെട്ടിരിക്കുന്നു. മോശമായ ശീലങ്ങൾ തീർച്ചയായും ഞെരുക്കുന്ന ഒരു യജമാനനെ പോലെയാണ്‌. എന്നിരുന്നാലും അവയുടെ ബന്ധനത്തിൽനിന്നു മോചിതരാവാൻ നമുക്കു സാധിക്കും.

ഒരു സമയത്ത്‌ അമിതമായി ടിവി കാണുന്ന ശീലം ഉണ്ടായിരുന്നു സ്റ്റെല്ലയ്‌ക്ക്‌. അവർ ഇങ്ങനെ സമ്മതിച്ചു പറയുന്നു: “ഞാൻ അടിമപ്പെട്ടിരിക്കുന്ന ഓരോ മോശമായ ശീലത്തിനും പിന്നിൽ സാധാരണഗതിയിൽ വളരെ ‘നിർദോഷമായ’ ഒരു കാരണം ഉണ്ടായിരുന്നിട്ടുണ്ട്‌.” ടിവി കാണുന്ന കാര്യത്തിലും ഇതു സത്യമായിരുന്നു. “ഒരൽപ്പം വിശ്രമത്തിന്‌” അല്ലെങ്കിൽ “ഒരു മാറ്റത്തിന്‌” വേണ്ടി മാത്രമാണ്‌ താൻ ടിവി കാണുന്നതെന്ന്‌ സ്റ്റെല്ല തന്നോടുതന്നെ പറഞ്ഞു. എന്നാൽ ആ ശീലം നിയന്ത്രണം വിട്ടുപോയി. മണിക്കൂറുകളോളം സ്റ്റെല്ല ടെലിവിഷനു മുന്നിൽ ചെലവഴിച്ചു. “ഈ മോശമായ ശീലം നിമിത്തം കുറഞ്ഞപക്ഷം എന്റെ ആത്മീയ പുരോഗതിക്കു താമസം നേരിടുകയെങ്കിലും ചെയ്‌തു,” അവർ പറയുന്നു. ഒടുവിൽ, ബോധപൂർവകമായ ശ്രമത്തിലൂടെ സ്റ്റെല്ല ടിവി കാണുന്ന സമയം വെട്ടിച്ചുരുക്കി. പരിപാടികൾ കൂടുതൽ ശ്രദ്ധാപൂർവം തിരഞ്ഞെടുക്കാനും തുടങ്ങി. “ഈ ശീലം ഉപേക്ഷിക്കാൻ ഞാൻ ആഗ്രഹിച്ചത്‌ എന്തുകൊണ്ടെന്ന്‌ എപ്പോഴും എന്നെത്തന്നെ ഓർമിപ്പിക്കാൻ ഞാൻ ശ്രമിക്കുന്നു. എന്റെ ദൃഢനിശ്ചയത്തോടു പറ്റിനിൽക്കാനുള്ള ശക്തിക്കായി ഞാൻ യഹോവയിൽ ആശ്രയിക്കുന്നു,” സ്റ്റെല്ല പറയുന്നു.

ഷാരാലാമ്പൂസ്‌ എന്ന ക്രിസ്‌ത്യാനി തന്റെ ആത്മീയ പുരോഗതിയെ തടസ്സപ്പെടുത്തിയ ഒരു മോശമായ ശീലം ചൂണ്ടിക്കാണിക്കുന്നു​—⁠കാര്യങ്ങൾ നീട്ടിവെക്കൽ. “കാര്യങ്ങൾ നീട്ടിവെക്കുന്ന ശീലം ദോഷകരമാണെന്നു മനസ്സിലാക്കിയപ്പോൾ ജീവിതരീതിക്കു മാറ്റം വരുത്താൻ ഞാൻ തീരുമാനിച്ചു. ലക്ഷ്യങ്ങൾ വെക്കുമ്പോൾ അവ എത്തിപ്പിടിക്കുന്നതിന്‌ എപ്പോൾ, എങ്ങനെ പ്രവർത്തിക്കും എന്നു ഞാൻ കൃത്യമായി ആസൂത്രണം ചെയ്യാൻ തുടങ്ങി. തീരുമാനങ്ങളും പദ്ധതികളും ക്രമമായി നടപ്പാക്കുന്നതായിരുന്നു എന്റെ പ്രശ്‌നത്തിനുള്ള പരിഹാരം, അത്‌ ഇന്നും ഒരു നല്ല ശീലമായി തുടരുന്നു.” തീർച്ചയായും മോശമായ ശീലങ്ങൾക്കു പറ്റിയ മറുമരുന്ന്‌ നല്ല ശീലങ്ങൾ നട്ടുവളർത്തുക എന്നതാണ്‌.

ശീലങ്ങൾ നല്ലതാണെങ്കിലും മോശമാണെങ്കിലും അവ വളർത്തിയെടുക്കുന്നതിൽ നമ്മുടെ സഹവാസങ്ങൾക്ക്‌ ഒരു പങ്കുണ്ട്‌. മോശമായ ശീലങ്ങളെ പോലെതന്നെ നല്ല ശീലങ്ങളും സാംക്രമികമാണ്‌. “മോശമായ സഹവാസങ്ങൾ പ്രയോജനപ്രദമായ ശീലങ്ങളെ പാഴാക്കുന്ന”തു പോലെതന്നെ നല്ല വ്യക്തികളുമായി സഹവസിക്കുമ്പോൾ നാം അവരുടെ നല്ല ശീലങ്ങൾ പകർത്തിയേക്കാം. (1 കൊരിന്ത്യർ 15:​33, NW) ഏറ്റവും പ്രധാനമായി, ശീലങ്ങൾക്ക്‌ ദൈവവുമായുള്ള നമ്മുടെ ബന്ധത്തെ ശക്തീകരിക്കാനോ ദുർബലീകരിക്കാനോ കഴിയും. സ്റ്റെല്ല പറയുന്നു: “നമ്മുടെ ശീലങ്ങൾ നല്ലതാണെങ്കിൽ യഹോവയെ സേവിക്കുന്നതിനുള്ള നമ്മുടെ പോരാട്ടം കൂടുതൽ എളുപ്പമായിത്തീരും. മറിച്ച്‌, മോശമാണെങ്കിൽ അവ നമ്മുടെ ശ്രമങ്ങൾക്കു തടസ്സമായിത്തീരും.”

നല്ല ശീലങ്ങൾ വളർത്തിയെടുക്കുക. നിങ്ങളെ നയിക്കാൻ അവയെ അനുവദിക്കുക. അവ നിങ്ങളുടെ ജീവിതത്തിലെ ശക്തവും പ്രയോജനപ്രദവുമായ ഒരു സ്വാധീനം ആയിരിക്കും.

[19-ാം പേജിലെ ചിത്രം]

തീയുടെ കാര്യത്തിലെന്ന പോലെ ശീലങ്ങൾക്ക്‌ പ്രയോജനപ്രദമോ വിനാശകമോ ആയിരിക്കാൻ കഴിയും

[21-ാം പേജിലെ ചിത്രം]

ദൈവവചനത്തിന്റെ വായനയ്‌ക്കായി ശബത്തു ദിവസം സിന്നഗോഗിൽ പോകുക എന്നത്‌ യേശുവിന്റെ പതിവ്‌ ആയിരുന്നു

[22-ാം പേജിലെ ചിത്രം]

നല്ല ആത്മീയ ശീലങ്ങൾ ദൈവവുമായുള്ള നമ്മുടെ ബന്ധത്തെ ശക്തീകരിക്കും