വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അബ്രാഹാമിന്റേതു പോലുള്ള വിശ്വാസം ഉണ്ടായിരിക്കുക!

അബ്രാഹാമിന്റേതു പോലുള്ള വിശ്വാസം ഉണ്ടായിരിക്കുക!

അബ്രാഹാമിന്റേതു പോലുള്ള വിശ്വാസം ഉണ്ടായിരിക്കുക!

‘വിശ്വാസികൾ അബ്രഹാമിന്റെ മക്കൾ എന്നു അറിവിൻ.’​—⁠ഗലാത്യർ 3:⁠7.

1. കനാനിലെ പുതിയ പരിശോധനയെ അബ്രാം എങ്ങനെ നേരിടുമായിരുന്നു?

യഹോവയുടെ കൽപ്പന അനുസരിച്ചുകൊണ്ട്‌ അബ്രാം ഊർ നഗരത്തിലെ സുഖസമൃദ്ധമായ ജീവിതം വേണ്ടെന്നുവെച്ചു. തുടർന്നുള്ള വർഷങ്ങളിൽ അവന്‌ ഉണ്ടായ കഷ്ടപ്പാടുകൾ, ഈജിപ്‌തിൽ തന്റെ വിശ്വാസത്തെപ്രതി അവനു നേരിട്ട പരിശോധനയുടെ വെറുമൊരു മുന്നോടി ആയിരുന്നു. “ദേശത്തു ക്ഷാമം ഉണ്ടായി” എന്നു ബൈബിൾ വിവരണം പറയുന്നു. അബ്രാമിനു തന്റെ സാഹചര്യത്തിൽ അമർഷം തോന്നുക എത്ര എളുപ്പമായിരുന്നു! എന്നാൽ അവൻ തന്റെ കുടുംബത്തിനു വേണ്ടി കരുതുന്നതിനുള്ള പ്രായോഗിക നടപടികൾ സ്വീകരിച്ചു. “ദേശത്തു ക്ഷാമം കഠിനമായി തീർന്നതുകൊണ്ടു അബ്രാം മിസ്രയീമിൽ ചെന്നുപാർപ്പാൻ അവിടേക്കു പോയി.” അബ്രാമിന്റെ വലിയ കുടുംബം ഈജിപ്‌തിൽ (മിസ്രയീമിൽ) ശ്രദ്ധിക്കപ്പെടാതിരിക്കുമായിരുന്നില്ല. യഹോവ തന്റെ വാഗ്‌ദാനം നിവർത്തിച്ചുകൊണ്ട്‌ അബ്രാമിനെ ആപത്തിൽനിന്നു രക്ഷിക്കുമോ?​—⁠ഉല്‌പത്തി 12:10; പുറപ്പാടു 16:2, 3.

2, 3. (എ) തന്റെ ഭാര്യ യഥാർഥത്തിൽ ആരാണെന്ന കാര്യം അബ്രാം മറച്ചുവെച്ചത്‌ എന്തുകൊണ്ട്‌? (ബി) പ്രസ്‌തുത സാഹചര്യത്തിൽ അബ്രാം തന്റെ ഭാര്യയോട്‌ ഇടപെട്ടത്‌ എങ്ങനെ?

2 ഉല്‌പത്തി 12:11-13-ൽ നാം ഇപ്രകാരം വായിക്കുന്നു: “മിസ്രയീമിൽ എത്തുമാറായപ്പോൾ അവൻ തന്റെ ഭാര്യ സാറായിയോടു പറഞ്ഞതു: ഇതാ, നീ സൌന്ദര്യമുള്ള സ്‌ത്രീയെന്നു ഞാൻ അറിയുന്നു. മിസ്രയീമ്യർ നിന്നെ കാണുമ്പോൾ: ഇവൾ അവന്റെ ഭാര്യയെന്നു പറഞ്ഞു എന്നെ കൊല്ലുകയും നിന്നെ ജീവനോടെ രക്ഷിക്കയും ചെയ്യും. നീ എന്റെ സഹോദരിയെന്നു [“ദയവായി,” NW] പറയേണം; എന്നാൽ നിന്റെ നിമിത്തം എനിക്കു നന്മവരികയും ഞാൻ ജീവിച്ചിരിക്കയും ചെയ്യും.” സാറായിക്ക്‌ അപ്പോൾ 65 വയസ്സുണ്ടായിരുന്നെങ്കിലും, അവൾ അപ്പോഴും അതിസുന്ദരി ആയിരുന്നു. അത്‌ അബ്രാമിന്റെ ജീവനെ അപകടത്തിലാക്കി. * (ഉല്‌പത്തി 12:4, 5; 17:17) അതിലും പ്രധാനമായി, അങ്ങനെ സംഭവിച്ചാൽ അതു യഹോവയുടെ ഉദ്ദേശ്യത്തോടു ബന്ധപ്പെട്ട കാര്യങ്ങളെ പ്രതികൂലമായി ബാധിക്കുമായിരുന്നു. കാരണം, അബ്രാമിന്റെ സന്തതി മുഖാന്തരം ഭൂമിയിലെ സകലവംശങ്ങളും അനുഗ്രഹിക്കപ്പെടും എന്ന്‌ അവൻ പറഞ്ഞിരുന്നു. (ഉല്‌പത്തി 12:2, 3, 7) അബ്രാമിന്‌ അപ്പോഴും കുട്ടികൾ ഇല്ലായിരുന്നതിനാൽ, അവൻ ജീവിച്ചിരിക്കേണ്ടതു പ്രധാനമായിരുന്നു.

3 നേരത്തേ പറഞ്ഞൊത്തതു പോലെ, അബ്രാം തന്റെ ഭാര്യയോട്‌ അവൾ തന്റെ സഹോദരിയാണെന്നു പറയാൻ ആവശ്യപ്പെട്ടു. ഗോത്രപിതാവ്‌ എന്ന നിലയിലുള്ള അധികാരം അവന്‌ ഉണ്ടായിരുന്നെങ്കിലും, അവൻ തന്റെ സ്ഥാനത്തെ ദുരുപയോഗം ചെയ്‌തില്ല, മറിച്ച്‌ സഹകരണത്തിനും പിന്തുണയ്‌ക്കുമായി അവൻ തന്റെ ഭാര്യയോട്‌ അഭ്യർഥിക്കുകയാണ്‌ ചെയ്‌തത്‌. (ഉല്‌പത്തി 12:​11-13; 20:13) അങ്ങനെ, സ്‌നേഹപൂർവകമായ ശിരഃസ്ഥാനം പ്രയോഗിക്കുന്നതിൽ ഇന്നത്തെ ഭർത്താക്കന്മാർക്ക്‌ അബ്രാമും കീഴ്‌പെടൽ പ്രകടമാക്കുന്നതിൽ ഭാര്യമാർക്ക്‌ സാറായിയും വളരെ നല്ല മാതൃകകളാണ്‌.​—⁠എഫെസ്യർ 5:23-28; കൊലൊസ്സ്യർ 4:⁠6.

4. സഹോദരങ്ങളുടെ ജീവൻ അപകടത്തിൽ ആയിരിക്കുമ്പോൾ ഇന്നത്തെ വിശ്വസ്‌ത ദൈവദാസന്മാർ എങ്ങനെ പ്രവർത്തിക്കണം?

4 താൻ അബ്രാമിന്റെ സഹോദരി ആണെന്ന്‌ സാറായിക്കു പറയാൻ കഴിയുമായിരുന്നു. കാരണം, അവൾ യഥാർഥത്തിൽ അവന്റെ അർധസഹോദരി ആയിരുന്നു. (ഉല്‌പത്തി 20:12) മാത്രമല്ല, അർഹതപ്പെട്ടവർക്ക്‌ അല്ലാതെ മറ്റാർക്കും വിവരങ്ങൾ നൽകാൻ അബ്രാമിനു യാതൊരു ബാധ്യതയും ഇല്ലായിരുന്നു. (മത്തായി 7:6) ആധുനിക കാലങ്ങളിലെ വിശ്വസ്‌ത ദൈവദാസന്മാർ, സത്യസന്ധർ ആയിരിക്കാനുള്ള ബൈബിളിന്റെ കൽപ്പന അനുസരിക്കുന്നു. (എബ്രായർ 13:​18, NW) ഉദാഹരണത്തിന്‌, ഒരു കോടതിയിൽ സത്യം ചെയ്‌തിട്ട്‌ അവർ ഒരിക്കലും നുണ പറയുകയില്ല. എന്നിരുന്നാലും, പീഡനമോ ആഭ്യന്തര കുഴപ്പങ്ങളോ ഉള്ള സമയങ്ങളിൽ തങ്ങളുടെ സഹോദരങ്ങൾക്ക്‌ ശാരീരികമോ ആത്മീയമോ ആയ അപകടമുള്ളപ്പോൾ “പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും പ്രാവിനെപ്പോലെ കളങ്കമില്ലാത്തവരും” ആയിരിക്കാനുള്ള യേശുവിന്റെ ബുദ്ധിയുപദേശം അവർ അനുസരിക്കുന്നു.​—⁠മത്തായി 10:16; 1996 നവംബർ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 18-ാം പേജിലെ 19-ാം ഖണ്ഡിക കാണുക.

5. സാറായി അബ്രാമിന്റെ അഭ്യർഥന അനുസരിക്കാൻ സന്നദ്ധ ആയിരുന്നത്‌ എന്തുകൊണ്ട്‌?

5 അബ്രാമിന്റെ അഭ്യർഥനയോട്‌ സാറായി എങ്ങനെയാണു പ്രതികരിച്ചത്‌? അവളെ പോലുള്ള സ്‌ത്രീകളെ അപ്പൊസ്‌തലനായ പത്രൊസ്‌ വിളിക്കുന്നത്‌ ‘ദൈവത്തിൽ പ്രത്യാശവെച്ചവർ’ എന്നാണ്‌. അതുകൊണ്ട്‌ ഉൾപ്പെട്ടിരിക്കുന്ന ആത്മീയ വിഷയങ്ങൾ മനസ്സിലാക്കാൻ സാറായിക്കു കഴിഞ്ഞു. മാത്രമല്ല, അവൾ തന്റെ ഭർത്താവിനെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്‌തിരുന്നു. അങ്ങനെ സാറായി ‘തന്റെ ഭർത്താവിനു കീഴടങ്ങിയിരിക്കുക’യും താൻ വിവാഹിത ആണെന്ന കാര്യം മറച്ചുവെക്കുകയും ചെയ്‌തു. (1 പത്രൊസ്‌ 3:5) തീർച്ചയായും അത്‌ അവൾക്ക്‌ അപകടങ്ങൾ വരുത്തിവെക്കുമായിരുന്നു. “അങ്ങനെ അബ്രാം മിസ്രയീമിൽ എത്തിയപ്പോൾ സ്‌ത്രീ അതിസുന്ദരി എന്നു മിസ്രയീമ്യർ കണ്ടു. ഫറവോന്റെ പ്രഭുക്കന്മാരും അവളെ കണ്ടു, ഫറവോന്റെ മുമ്പാകെ അവളെ പ്രശംസിച്ചു; സ്‌ത്രീ ഫറവോന്റെ അരമനയിൽ പോകേണ്ടിവന്നു.”​—⁠ഉല്‌പത്തി 12:14, 15.

യഹോവ വിടുവിക്കുന്നു

6, 7. അബ്രാമും സാറായിയും ഏതു പ്രയാസ സാഹചര്യത്തിൽ അകപ്പെട്ടു, യഹോവ സാറായിയെ വിടുവിച്ചത്‌ എങ്ങനെ?

6 അബ്രാമിനെയും സാറായിയെയും സംബന്ധിച്ചിടത്തോളം അത്‌ എത്ര പ്രയാസകരം ആയിരുന്നിരിക്കണം! സാറായിയുടെ മാനം നഷ്ടപ്പെടാൻ പോകുകയായിരുന്നു എന്നു തോന്നുന്നു. മാത്രമല്ല, സാറായി വിവാഹിത ആണെന്ന കാര്യം അറിയില്ലായിരുന്ന ഫറവോൻ അബ്രാമിനു പാരിതോഷികങ്ങൾ വാരിക്കോരി നൽകി. അങ്ങനെ “അവന്നു ആടുമാടുകളും ആൺകഴുതകളും ദാസന്മാരും ദാസിമാരും പെൺകഴുതകളും ഒട്ടകങ്ങളും ഉണ്ടായി.” * (ഉല്‌പത്തി 12:16) ആ സമ്മാനങ്ങളോട്‌ അബ്രാമിന്‌ എത്രയധികം അവജ്ഞ തോന്നിയിരിക്കണം! ആ സാഹചര്യം വളരെ ഇരുണ്ടതായി തോന്നിയെങ്കിലും, യഹോവ അബ്രാമിനെ ഉപേക്ഷിച്ചില്ല.

7 “അബ്രാമിന്റെ ഭാര്യയായ സാറായിനിമിത്തം യഹോവ ഫറവോനെയും അവന്റെ കുടുംബത്തെയും അത്യന്തം ദണ്ഡിപ്പിച്ചു” അഥവാ “മഹാമാരികളാൽ പീഡിപ്പിച്ചു.” [പി.ഒ.സി. ബൈബിൾ] (ഉല്‌പത്തി 12:17) ഈ “മഹാമാരിക”ളുടെ യഥാർഥ കാരണം ഫറവോനു വെളിപ്പെടുത്തപ്പെട്ടു, അത്‌ എപ്രകാരമെന്നു ബൈബിളിൽ രേഖപ്പെടുത്തിയിട്ടില്ല. ഏതായാലും അവൻ സത്വരം അതിനോടു പ്രതികരിച്ചു: “അപ്പോൾ ഫറവോൻ അബ്രാമിനെ വിളിച്ചു: നീ എന്നോടു ഈ ചെയ്‌തതു എന്തു? ഇവൾ നിന്റെ ഭാര്യയെന്നു എന്നെ അറിയിക്കാഞ്ഞതു എന്തു? അവൾ എന്റെ സഹോദരിയെന്നു എന്തിന്നു പറഞ്ഞു? ഞാൻ അവളെ ഭാര്യയായിട്ടു എടുപ്പാൻ സംഗതി വന്നു പോയല്ലോ; ഇപ്പോൾ ഇതാ, നിന്റെ ഭാര്യ; അവളെ കൂട്ടിക്കൊണ്ടുപോക എന്നു പറഞ്ഞു. ഫറവോൻ അവനെക്കുറിച്ചു തന്റെ ആളുകളോടു കല്‌പിച്ചു; അവർ അവനെയും അവന്റെ ഭാര്യയെയും അവന്നുള്ള സകലവുമായി പറഞ്ഞയച്ചു.”​—⁠ഉല്‌പത്തി 12:18-20; സങ്കീർത്തനം 105:14, 15.

8. യഹോവ ഇന്നു ക്രിസ്‌ത്യാനികൾക്ക്‌ എങ്ങനെയുള്ള സംരക്ഷണം വാഗ്‌ദാനം ചെയ്യുന്നു?

8 മരണം, കുറ്റകൃത്യം, ക്ഷാമം, പ്രകൃതിവിപത്ത്‌ എന്നിവയുടെ ഫലങ്ങളിൽനിന്ന്‌ യഹോവ ഇന്നു നമുക്ക്‌ സംരക്ഷണം ഉറപ്പു നൽകുന്നില്ല. എന്നിരുന്നാലും, നമ്മുടെ ആത്മീയതയെ അപകടപ്പെടുത്തിയേക്കാവുന്ന കാര്യങ്ങളിൽനിന്ന്‌ യഹോവ എപ്പോഴും സംരക്ഷണം ലഭ്യമാക്കുമെന്നു നമ്മോടു വാഗ്‌ദാനം ചെയ്‌തിരിക്കുന്നു. (സങ്കീർത്തനം 91:1-4) തന്റെ വചനവും “വിശ്വസ്‌തനും വിവേകിയുമായ അടിമ”യും മുഖാന്തരം കാലോചിതമായ മുന്നറിയിപ്പുകൾ തന്നുകൊണ്ടാണ്‌ അവൻ പ്രാഥമികമായും അതു നിവർത്തിക്കുന്നത്‌. (മത്തായി 24:​45, NW) പീഡനത്താലുള്ള മരണഭീഷണിയുടെ കാര്യത്തിലോ? വ്യക്തികൾ മരിക്കാൻ അവൻ അനുവദിച്ചാലും, തന്റെ ജനം ഒന്നടങ്കം നശിച്ചുപോകാൻ ദൈവം ഒരിക്കലും അനുവദിക്കുകയില്ല. (സങ്കീർത്തനം 116:15) ചില വിശ്വസ്‌തരുടെ ജീവനെ മരണം കവർന്നെടുക്കുന്നെങ്കിൽ, അവർ തീർച്ചയായും പുനരുത്ഥാനം പ്രാപിക്കുമെന്നു നമുക്ക്‌ ഉറപ്പുണ്ടായിരിക്കാനാകും.​—⁠യോഹന്നാൻ 5:28, 29.

സമാധാനം നിലനിറുത്തുന്നതിനു ത്യാഗം ചെയ്യാൻ ഒരുക്കം

9. കനാനിൽ ആയിരിക്കെ അബ്രാം ഒരിടത്തുതന്നെ താമസിച്ചില്ല എന്ന്‌ എന്തു സൂചിപ്പിക്കുന്നു?

9 കനാനിലെ ക്ഷാമം അവസാനിച്ചതോടെ, “അബ്രാമും ഭാര്യയും അവന്നുള്ളതൊക്കെയും അവനോടുകൂടെ ലോത്തും മിസ്രയീമിൽനിന്നു പുറപ്പെട്ടു തെക്കെ ദേശത്തു [മഴ കുറവുള്ള യഹൂദയിലെ മലമ്പ്രദേശമായ നേഗെബിൽ] വന്നു. കന്നുകാലി, വെള്ളി, പൊന്നു ഈ വകയിൽ അബ്രാം ബഹുസമ്പന്നനായിരുന്നു.” (ഉല്‌പത്തി 13:1, 2) ആ പ്രദേശത്തെ ആളുകൾ അവനെ അധികാരവും സ്വാധീനവുമുള്ള ശക്തനായ ഒരു പ്രഭുവായി വീക്ഷിക്കുമായിരുന്നു. (ഉല്‌പത്തി 23:6) അവിടെ സ്ഥിരതാമസമാക്കുന്നതിനോ കനാന്യരുടെ രാഷ്‌ട്രീയ കാര്യങ്ങളിൽ ഉൾപ്പെടുന്നതിനോ അബ്രാമിന്‌ യാതൊരു ആഗ്രഹവും ഇല്ലായിരുന്നു. പകരം “അവൻ തന്റെ യാത്രയിൽ തെക്കുനിന്നു [നേഗെബിൽനിന്ന്‌] ബേഥേൽവരെയും ബേഥേലിന്നും ഹായിക്കും മദ്ധ്യേ തനിക്കു ആദിയിൽ കൂടാരം ഉണ്ടായിരുന്ന . . . സ്ഥലംവരെയും ചെന്നു.”​—⁠ഉല്‌പത്തി 13:3, 4.

10. അബ്രാമിന്റെയും ലോത്തിന്റെയും ഇടയന്മാർക്കിടയിൽ എന്തു പ്രശ്‌നം ഉടലെടുത്തു, അത്‌ ഉടൻ പരിഹരിക്കേണ്ടത്‌ അനിവാര്യമായിരുന്നത്‌ എന്തുകൊണ്ട്‌?

10 “അബ്രാമിനോടുകൂടെ വന്ന ലോത്തിന്നും ആടുമാടുകളും കൂടാരങ്ങളും ഉണ്ടായിരുന്നു. അവർ ഒന്നിച്ചുപാർപ്പാൻ തക്കവണ്ണം ദേശത്തിന്നു അവരെ വഹിച്ചു കൂടാഞ്ഞു; സമ്പത്തു വളരെ ഉണ്ടായിരുന്നതുകൊണ്ടു അവർക്കു ഒന്നിച്ചു പാർപ്പാൻ കഴിഞ്ഞില്ല. അബ്രാമിന്റെ കന്നുകാലികളുടെ ഇടയന്മാർക്കും ലോത്തിന്റെ കന്നുകാലികളുടെ ഇടയന്മാർക്കും തമ്മിൽ പിണക്കമുണ്ടായി; കനാന്യരും പെരീസ്യരും അന്നു ദേശത്തു പാർത്തിരുന്നു.” (ഉല്‌പത്തി 13:5-7) അബ്രാമിന്റെയും ലോത്തിന്റെയും ആടുമാടുകൾക്ക്‌ വേണ്ടത്ര വെള്ളവും മേച്ചിൽപ്പുറവും ആ ദേശത്ത്‌ ഇല്ലാതെവന്നു. അങ്ങനെ ഇരുവരുടെയും ഇടയന്മാർക്കിടയിൽ പിരിമുറുക്കവും അമർഷവും ഉടലെടുത്തു. അത്തരമൊരു സംഗതി സത്യദൈവത്തെ ആരാധിക്കുന്നവർക്ക്‌ അനുചിതം ആയിരുന്നു. ആ വഴക്കു തുടർന്നാൽ, അവരുടെ ബന്ധത്തിനു സ്ഥായിയായ ക്ഷതം സംഭവിക്കുമായിരുന്നു. അതുകൊണ്ട്‌ അബ്രാം ഈ സാഹചര്യത്തെ എങ്ങനെ കൈകാര്യം ചെയ്യുമായിരുന്നു? ലോത്തിന്റെ പിതാവിന്റെ മരണശേഷം, അബ്രാം അവനെ തന്റെ കുടുംബത്തിന്റെ ഭാഗമായി കൈക്കൊണ്ടിരുന്നു. അവരിൽ മൂത്തവൻ എന്ന നിലയിൽ ഏറ്റവും മികച്ച സ്ഥലം എടുക്കാനുള്ള അവകാശം അബ്രാമിനായിരുന്നു.

11, 12. അബ്രാം ലോത്തിനോട്‌ ഉദാരമായ എന്തു പരിഗണന കാട്ടി, ലോത്തിന്റെ തീരുമാനം ജ്ഞാനരഹിതം ആയിരുന്നത്‌ എന്തുകൊണ്ട്‌?

11 എന്നാൽ “അബ്രാം ലോത്തിനോടു: എനിക്കും നിനക്കും എന്റെ ഇടയന്മാർക്കും നിന്റെ ഇടയന്മാർക്കും തമ്മിൽ പിണക്കം ഉണ്ടാകരുതേ; നാം സഹോദരന്മാരല്ലോ. ദേശമെല്ലാം നിന്റെ മുമ്പാകെ ഇല്ലയോ? എന്നെ വിട്ടുപിരിഞ്ഞാലും. നീ ഇടത്തോട്ടെങ്കിൽ ഞാൻ വലത്തോട്ടു പൊയ്‌ക്കൊള്ളാം; നീ വലത്തോട്ടെങ്കിൽ ഞാൻ ഇടത്തോട്ടു പൊയ്‌ക്കൊള്ളാം എന്നു പറഞ്ഞു.” “പാലസ്‌തീനിലെ വലിയ നിരീക്ഷണ സ്ഥാനങ്ങളിൽ ഒന്ന്‌” എന്നു വിളിക്കപ്പെടുന്ന ഒരു സ്ഥലം ബേഥേലിന്‌ അടുത്തായി ഉണ്ട്‌. ഒരുപക്ഷേ അവിടെനിന്ന്‌ “ലോത്ത്‌ നോക്കി യോർദ്ദാന്നരികെയുള്ള പ്രദേശം ഒക്കെയും നീരോട്ടമുള്ളതെന്നു കണ്ടു; യഹോവ സൊദോമിനെയും ഗൊമോരയെയും നശിപ്പിച്ചതിന്നു മുമ്പെ അതു യഹോവയുടെ തോട്ടംപോലെയും സോവർവരെ മിസ്രയീംദേശംപോലെയും ആയിരുന്നു.”​—⁠ഉല്‌പത്തി 13:8-10.

12 ലോത്തിനെ ബൈബിൾ ‘നീതിമാൻ’ എന്നു പറയുന്നുണ്ടെങ്കിലും, എന്തോ അവൻ ഇക്കാര്യത്തിൽ അബ്രാമിന്‌ ആദരപൂർവം കീഴ്‌പെട്ടില്ല. അവൻ പ്രായമുള്ളവനായ അബ്രാഹാമിന്റെ ബുദ്ധിയുപദേശം തേടിയതായും രേഖയില്ല. (2 പത്രൊസ്‌ 2:8) “ലോത്ത്‌ യോർദ്ദാന്നരികെയുള്ള പ്രദേശം ഒക്കെയും തിരഞ്ഞെടുത്തു; ഇങ്ങനെ ലോത്ത്‌ കിഴക്കോട്ടു യാത്രയായി; അവർ തമ്മിൽ പിരിഞ്ഞു. അബ്രാം കനാൻദേശത്തു പാർത്തു; ലോത്ത്‌ ആ പ്രദേശത്തിലെ പട്ടണങ്ങളിൽ പാർത്തു സൊദോംവരെ കൂടാരം നീക്കി നീക്കി അടിച്ചു.” (ഉല്‌പത്തി 13:11, 12) സമ്പന്ന നഗരമായിരുന്ന സോദോമിൽ ഭൗതികമായ പല നേട്ടങ്ങളും ഉണ്ടായിരുന്നു. (യെഹെസ്‌കേൽ 16:49, 50) ലോത്തിന്റെ തിരഞ്ഞെടുപ്പ്‌ ഭൗതികമായ ഒരു വീക്ഷണത്തിൽ ജ്ഞാനമേറിയത്‌ എന്നു തോന്നിയാലും, ആത്മീയമായി അത്‌ മോശമായ ഒന്നായിരുന്നു. എന്തുകൊണ്ട്‌? കാരണം “സൊദോംനിവാസികൾ ദുഷ്ടന്മാരും യഹോവയുടെ മുമ്പാകെ മഹാപാപികളും ആയിരുന്നു” എന്ന്‌ ഉല്‌പത്തി 13:13 പറയുന്നു. അവിടേക്കു മാറിപ്പാർക്കാനുള്ള ലോത്തിന്റെ തീരുമാനം ഒടുവിൽ അവന്റെ കുടുംബത്തിനു വളരെ ദുഃഖം വരുത്തിവെച്ചു.

13. സാമ്പത്തിക തർക്കത്തിൽ ഏർപ്പെട്ടേക്കാവുന്ന ക്രിസ്‌ത്യാനികളെ അബ്രാമിന്റെ ദൃഷ്ടാന്തം സഹായിച്ചേക്കാവുന്നത്‌ എങ്ങനെ?

13 എന്നാൽ, തന്റെ സന്തതി ഒടുവിൽ ആ മുഴുദേശവും കൈവശമാക്കുമെന്ന യഹോവയുടെ വാഗ്‌ദാനത്തിൽ അബ്രാം വിശ്വാസം പ്രകടിപ്പിച്ചു. അതിന്റെ ചെറിയ ഒരു ഭാഗത്തെപ്രതി അവൻ വഴക്കടിച്ചില്ല. പിന്നീട്‌ 1 കൊരിന്ത്യർ 10:​24-ൽ പ്രസ്‌താവിക്കപ്പെട്ട തത്ത്വത്തിനു ചേർച്ചയിൽ അവൻ ഉദാരമായി പ്രവർത്തിച്ചു: “ഓരോരുത്തൻ സ്വന്ത ഗുണമല്ല, മററുള്ളവന്റെ ഗുണം അന്വേഷിക്കട്ടെ.” ഒരു സഹവിശ്വാസിയുമായി സാമ്പത്തിക തർക്കങ്ങളിൽ ഏർപ്പെടുന്നവർക്ക്‌ അത്‌ നല്ലൊരു മുന്നറിയിപ്പാണ്‌. മത്തായി 18:15-17-ലെ ബുദ്ധിയുപദേശം പിൻപറ്റുന്നതിനു പകരം, ചിലർ തങ്ങളുടെ സഹോദരങ്ങളെ കോടതി കയറ്റിയിട്ടുണ്ട്‌. (1 കൊരിന്ത്യർ 6:1, 7) യഹോവയുടെ നാമത്തിനു നിന്ദ വരുത്തുകയോ ക്രിസ്‌തീയ സഭയുടെ സമാധാനം തകർക്കുകയോ ചെയ്യുന്നതിനെക്കാൾ നല്ലത്‌ സാമ്പത്തിക നഷ്ടം സഹിക്കുന്നതാണെന്ന്‌ അബ്രാമിന്റെ ദൃഷ്ടാന്തം പ്രകടമാക്കുന്നു.​—⁠യാക്കോബ്‌ 3:⁠18.

14. തന്റെ ഔദാര്യം നിമിത്തം അബ്രാം എങ്ങനെ അനുഗ്രഹിക്കപ്പെടുമായിരുന്നു?

14 തന്റെ ഔദാര്യം നിമിത്തം അബ്രാം അനുഗ്രഹിക്കപ്പെടുമായിരുന്നു. ദൈവം ഇങ്ങനെ കൽപ്പിച്ചു: “ഞാൻ നിന്റെ സന്തതിയെ ഭൂമിയിലെ പൊടിപോലെ ആക്കും: ഭൂമിയിലെ പൊടിയെ എണ്ണുവാൻ കഴിയുമെങ്കിൽ നിന്റെ സന്തതിയെയും എണ്ണാം.” കുട്ടികൾ ഇല്ലാതിരുന്ന അബ്രാമിനെ സംബന്ധിച്ചിടത്തോളം ആ വെളിപ്പെടുത്തൽ എത്ര പ്രോത്സാഹജനകം ആയിരുന്നിരിക്കണം! അടുത്തതായി ദൈവം ഇങ്ങനെ കൽപ്പിച്ചു: “നീ പുറപ്പെട്ടു ദേശത്തു നെടുകെയും കുറുകെയും സഞ്ചരിക്ക; ഞാൻ അതു നിനക്കു തരും.” (ഉല്‌പത്തി 13:16, 17) ഒരു നഗരജീവിതത്തിന്റെ സുഖസൗകര്യങ്ങൾ ആസ്വദിച്ചു ജീവിക്കാൻ അബ്രാമിന്‌ അനുവാദമുണ്ടായിരുന്നില്ല. അവൻ കനാന്യരിൽനിന്നു വേറിട്ടു ജീവിക്കണമായിരുന്നു. സമാനമായി, ക്രിസ്‌ത്യാനികൾ ഇന്ന്‌ ലോകത്തിൽനിന്നു വേറിട്ടുനിൽക്കണം. തങ്ങൾ മറ്റുള്ളവരെക്കാൾ ശ്രേഷ്‌ഠർ ആണെന്ന്‌ അവർ കണക്കാക്കുന്നില്ല. അതേസമയം, തിരുവെഴുത്തുപരമല്ലാത്ത നടത്തയിൽ ഏർപ്പെടാൻ തങ്ങളെ പ്രലോഭിപ്പിച്ചേക്കാവുന്ന ആളുകളുമൊത്തുള്ള സഹവാസം അവർ ഒഴിവാക്കുന്നു.​—⁠1 പത്രൊസ്‌ 4:3, 4.

15. (എ) അബ്രാമിന്റെ യാത്രകൾക്ക്‌ എന്തു പ്രാധാന്യം ഉണ്ടായിരുന്നിരിക്കാം? (ബി) ഇന്നത്തെ ക്രിസ്‌തീയ കുടുംബങ്ങൾക്കായി അബ്രാം എന്തു മാതൃക വെച്ചു?

15 ബൈബിൾ കാലങ്ങളിൽ, ഒരു ദേശം അവകാശമാക്കുന്നതിനു മുമ്പ്‌ അതു പരിശോധിക്കാനുള്ള അവകാശം ഒരുവന്‌ ഉണ്ടായിരുന്നു. അതുകൊണ്ട്‌ അതിലൂടെയുള്ള യാത്ര, ആ ദേശം ഒരു നാൾ അബ്രാമിന്റെ സന്തതിക്കു ലഭിക്കുമെന്നതിന്റെ തുടർച്ചയായ ഒരു ഓർമിപ്പിക്കലായി ഉതകിയിരിക്കാം. അനുസരണപൂർവം “അബ്രാം കൂടാരം നീക്കി ഹെബ്രോനിൽ മമ്രേയുടെ തോപ്പിൽ വന്നുപാർത്തു; അവിടെ യഹോവെക്കു ഒരു യാഗപീഠം പണിതു.” (ഉല്‌പത്തി 13:18) അങ്ങനെ താൻ ആരാധനയ്‌ക്കു കൊടുത്തിരുന്ന മുന്തിയ പ്രാധാന്യം അബ്രാം ഒരിക്കൽ കൂടെ പ്രകടമാക്കി. കുടുംബ അധ്യയനത്തിനും പ്രാർഥനയ്‌ക്കും യോഗഹാജരിനും നിങ്ങളുടെ കുടുംബം മുന്തിയ പ്രാധാന്യം കൊടുക്കുന്നുവോ?

ശത്രുവിന്റെ ആക്രമണം

16. (എ) ഉല്‌പത്തി 14:​1-ലെ പ്രാരംഭ വാക്കുകൾ അശുഭസൂചകം ആയിരുന്നത്‌ എന്തുകൊണ്ട്‌? (ബി) കിഴക്കുദേശത്തെ നാലു രാജാക്കന്മാരുടെ ആക്രമണത്തിനു കാരണം എന്ത്‌?

16 “ശിനാർരാജാവായ അമ്രാഫെൽ, എലാസാർരാജാവായ അര്യോക്‌, ഏലാംരാജാവായ * കെദൊർലായോമെർ, ജാതികളുടെ രാജാവായ തീദാൽ എന്നിവരുടെ കാലത്തു ഇവർ . . . യുദ്ധം ചെയ്‌തു.” മൂല എബ്രായ ഭാഷയിൽ, അശുഭസൂചക ധ്വനിയുള്ള ഒരു പ്രയോഗത്തോടെയാണ്‌ ഈ വാക്യം ആരംഭിക്കുന്നത്‌. അത്‌ പരിശോധനയുടെ ഒരു കാലഘട്ടത്തിലേക്കു വിരൽ ചൂണ്ടുന്നു, തുടർന്ന്‌ അനുഗ്രഹത്തിന്റെയും. (ഉല്‌പത്തി 14:1, 2) കിഴക്കുദേശത്തെ ഈ നാലു രാജാക്കന്മാരും അവരുടെ സൈന്യങ്ങളും കനാനിൽ നാശകരമായ ആക്രമണം നടത്തിയപ്പോൾ ആ പരിശോധന ആരംഭിച്ചു. അവരുടെ ലക്ഷ്യം എന്തായിരുന്നു? സൊദോം, ഗൊമോര, ആദ്‌മാ, സെബോയീം, ബേല എന്നീ അഞ്ചു നഗരങ്ങൾ ഇളക്കിവിട്ട കലഹം അടിച്ചമർത്തുക എന്നതായിരുന്നു. സകല പ്രതിരോധങ്ങളും തുടച്ചുനീക്കിക്കൊണ്ട്‌ “ഇവരെല്ലാവരും സിദ്ദീംതാഴ്‌വരയിൽ ഒന്നിച്ചുകൂടി. അതു ഇപ്പോൾ ഉപ്പുകടലാകുന്നു.” അതിനടുത്താണ്‌ ലോത്തും കുടുംബവും താമസിച്ചിരുന്നത്‌.​—⁠ഉല്‌പത്തി 14:3-7.

17. ലോത്തിനെ ശത്രുക്കൾ പിടിച്ചുകൊണ്ടുപോയത്‌ അബ്രാമിന്റെ വിശ്വാസത്തിന്റെ ഒരു പരിശോധന ആയിരുന്നത്‌ എന്തുകൊണ്ട്‌?

17 കനാന്യ രാജാക്കന്മാർ ശത്രുക്കളുടെ ആക്രമണത്തെ ശക്തമായി ചെറുത്തുനിന്നെങ്കിലും, അവർ ദയനീയമായി പരാജയപ്പെട്ടു. “സൊദോമിലും ഗൊമോരയിലും ഉള്ള സമ്പത്തും ഭക്ഷണസാധനങ്ങളും എല്ലാം അവർ എടുത്തു കൊണ്ടുപോയി. അബ്രാമിന്റെ സഹോദരന്റെ മകനായി സൊദോമിൽ പാർത്തിരുന്ന ലോത്തിനെയും അവന്റെ സമ്പത്തിനെയും അവർ കൊണ്ടുപോയി.” താമസിയാതെ ഇതേക്കുറിച്ചുള്ള വാർത്ത അബ്രാമിന്റെ അടുക്കലെത്തി: ‘ഓടിപ്പോന്ന ഒരുത്തൻ വന്നു എബ്രായനായ അബ്രാമിനെ അറിയിച്ചു. അവൻ എശ്‌ക്കോലിന്റെയും ആനേരിന്റെയും സഹോദരനായി അമോര്യനായ മമ്രേയുടെ തോപ്പിൽ പാർത്തിരുന്നു; അവർ അബ്രാമിനോടു സഖ്യത ചെയ്‌തവർ ആയിരുന്നു. തന്റെ സഹോദരനെ ബദ്ധനാക്കി കൊണ്ടുപോയി എന്നു അബ്രാം കേട്ടു.’ (ഉല്‌പത്തി 14:8-14) വിശ്വാസത്തിന്റെ എത്ര വലിയ ഒരു പരിശോധന! ദേശത്തിന്റെ ഏറ്റവും നല്ല ഭാഗം എടുത്തതിനെപ്രതി അബ്രാം തന്റെ സഹോദരപുത്രനോട്‌ അമർഷം വെച്ചുകൊണ്ടിരിക്കുമോ? ആ ആക്രമണകാരികൾ വന്നത്‌ അവന്റെ സ്വദേശമായ ശിനാറിൽനിന്ന്‌ ആണെന്ന്‌ ഓർക്കുക. അവർക്കെതിരെ ചെല്ലുക എന്നതിന്റെ അർഥം, സ്വദേശത്തേക്കു മടങ്ങിപ്പോകാനുള്ള സകല സാധ്യതയും കളഞ്ഞുകുളിക്കുക എന്നാണ്‌. മാത്രമല്ല, കനാനിലെ സംഘടിത സൈന്യങ്ങൾക്കു പരാജയപ്പെടുത്താൻ കഴിയാഞ്ഞ ഒരു സൈന്യത്തിനെതിരെ അബ്രാമിന്‌ എന്തു ചെയ്യാനാകും?

18, 19. (എ) അബ്രാമിനു ലോത്തിനെ രക്ഷിക്കാൻ കഴിഞ്ഞത്‌ എങ്ങനെ? (ബി) ആ വിജയത്തിനുള്ള ബഹുമതി ആർക്കു ലഭിച്ചു?

18 അബ്രാം വീണ്ടും യഹോവയിൽ അചഞ്ചലമായി ആശ്രയിച്ചു. “അവൻ തന്റെ വീട്ടിൽ ജനിച്ചവരും അഭ്യാസികളുമായ മുന്നൂററിപതിനെട്ടു പേരെ കൂട്ടിക്കൊണ്ടു ദാൻവരെ പിന്തുടർന്നു. രാത്രിയിൽ അവനും അവന്റെ ദാസന്മാരും അവരുടെ നേരെ ഭാഗംഭാഗമായി പിരിഞ്ഞു ചെന്നു അവരെ തോല്‌പിച്ചു ദമ്മേശെക്കിന്റെ ഇടത്തുഭാഗത്തുള്ള ഹോബാവരെ അവരെ പിന്തുടർന്നു. അവൻ സമ്പത്തൊക്കെയും മടക്കിക്കൊണ്ടു വന്നു; തന്റെ സഹോദരനായ ലോത്തിനെയും അവന്റെ സമ്പത്തിനെയും സ്‌ത്രീകളെയും ജനത്തെയും കൂടെ മടക്കിക്കൊണ്ടുവന്നു.” (ഉല്‌പത്തി 14:14-16) യഹോവയിൽ ശക്തമായ വിശ്വാസം പ്രകടമാക്കിക്കൊണ്ട്‌ അബ്രാം എണ്ണത്തിൽ തീരെ കുറഞ്ഞ തന്റെ സൈന്യത്തെ ഉപയോഗിച്ച്‌ ലോത്തിനെയും കുടുംബത്തെയും രക്ഷപ്പെടുത്തി. തുടർന്ന്‌ അബ്രാം ശാലേമിലെ രാജപുരോഹിതനായ മൽക്കീസേദെക്കിനെ കണ്ടുമുട്ടി. “ശാലേംരാജാവായ മൽക്കീസേദെക്ക്‌ അപ്പവും വീഞ്ഞും കൊണ്ടുവന്നു; അവൻ അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനായിരുന്നു. അവൻ അവനെ അനുഗ്രഹിച്ചു: സ്വർഗ്ഗത്തിന്നും ഭൂമിക്കും നാഥനായി അത്യുന്നതനായ ദൈവത്താൽ അബ്രാം അനുഗ്രഹിക്കപ്പെടുമാറാകട്ടെ; നിന്റെ ശത്രുക്കളെ നിന്റെ കയ്യിൽ ഏല്‌പിച്ച അത്യുന്നതനായ ദൈവം സ്‌തുതിക്കപ്പെടുമാറാകട്ടെ എന്നു പറഞ്ഞു. അവന്നു അബ്രാം സകലത്തിലും ദശാംശം കൊടുത്തു.”​—⁠ഉല്‌പത്തി 14:18-20.

19 അതേ, വിജയം യഹോവയ്‌ക്കുള്ളതാണ്‌. തന്റെ വിശ്വാസം നിമിത്തം അബ്രാം വീണ്ടും യഹോവ കൈവരുത്തിയ വിടുതൽ അനുഭവിച്ചറിഞ്ഞു. ദൈവജനം ഇന്ന്‌ അക്ഷരീയമായ യുദ്ധത്തിൽ ഏർപ്പെടുന്നില്ല. പകരം, അവർക്ക്‌ പല പരിശോധനകളെയും വെല്ലുവിളികളെയും നേരിടേണ്ടതായി വരുന്നു. അവയെ വിജയകരമായി നേരിടാൻ അബ്രാമിന്റെ മാതൃക നമ്മെ എങ്ങനെ സഹായിക്കുമെന്ന്‌ അടുത്ത ലേഖനം പ്രകടമാക്കുന്നു.

[അടിക്കുറിപ്പുകൾ]

^ ഖ. 2 തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച (ഇംഗ്ലീഷ്‌) അനുസരിച്ച്‌, “സുന്ദരിയായ ഒരു സ്‌ത്രീയെ പിടിക്കാനും അവളുടെ ഭർത്താവിനെ വധിക്കാനും ഒരു ഫറവോൻ സായുധരായ പുരുഷന്മാർക്ക്‌ ഉത്തരവു നൽകിയതായി ഒരു പുരാതന പപ്പൈറസ്‌ പറയുന്നു.” അതുകൊണ്ട്‌ അബ്രാമിന്റെ ഭയം അസ്ഥാനത്തായിരുന്നില്ല.

^ ഖ. 6 അബ്രാമിന്‌ ഈ സമയത്തു ലഭിച്ച ദാസിമാരിൽ ഒരുവൾ ആയിരിക്കാം പിന്നീട്‌ അവന്റെ വെപ്പാട്ടി ആയിത്തീർന്ന ഹാഗാർ.​—⁠ഉല്‌പത്തി 16:⁠1.

^ ഖ. 16 ശിനാറിൽ ഏലാമിന്‌ ഒരിക്കലും അത്തരമൊരു സ്വാധീനം ഇല്ലായിരുന്നുവെന്നും കെദൊർലായോമെറുടെ ആക്രമണത്തെ കുറിച്ചുള്ള വിവരണം വ്യാജമാണെന്നും വിമർശകർ ഒരിക്കൽ അവകാശപ്പെട്ടിരുന്നു. ഈ ബൈബിൾ വിവരണത്തെ പിന്താങ്ങുന്ന പുരാവസ്‌തുശാസ്‌ത്ര തെളിവുകൾക്കായി 1989 ജൂലൈ 1 ലക്കം (ഇംഗ്ലീഷ്‌) വീക്ഷാഗോപുരത്തിന്റെ 4-7 പേജുകൾ കാണുക.

നിങ്ങൾ ശ്രദ്ധിച്ചോ?

• കനാൻദേശത്തെ ക്ഷാമം അബ്രാമിന്‌ വിശ്വാസത്തിന്റെ ഒരു പരിശോധന ആയത്‌ എങ്ങനെ?

• ഇന്നത്തെ ഭാര്യാഭർത്താക്കന്മാർക്ക്‌ അബ്രാമും സാറായിയും നല്ലൊരു മാതൃക വെച്ചത്‌ എങ്ങനെ?

• തന്റെ ദാസന്മാരും ലോത്തിന്റെ ദാസന്മാരും തമ്മിലുണ്ടായ വഴക്കിനെ അബ്രാം കൈകാര്യം ചെയ്‌ത വിധത്തിൽനിന്നു നമുക്ക്‌ എന്തു പാഠങ്ങൾ പഠിക്കാനാകും?

[അധ്യയന ചോദ്യങ്ങൾ]

[22-ാം പേജിലെ ചിത്രം]

അബ്രാം തന്റെ അവകാശങ്ങൾക്കായി നിലകൊണ്ടില്ല, മറിച്ച്‌ തന്റേതിന്‌ ഉപരി ലോത്തിന്റെ താത്‌പര്യങ്ങൾക്ക്‌ അവൻ പരിഗണന കൊടുത്തു

[24-ാം പേജിലെ ചിത്രം]

തന്റെ സഹോദരപുത്രനായ ലോത്തിനെ രക്ഷിക്കുന്നതിൽ അബ്രാം യഹോവയിൽ ആശ്രയം പ്രകടമാക്കി