വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നന്മ ചെയ്യുന്നതിൽ മടുത്തുപോകരുത്‌

നന്മ ചെയ്യുന്നതിൽ മടുത്തുപോകരുത്‌

നന്മ ചെയ്യുന്നതിൽ മടുത്തുപോകരുത്‌

“നന്മ ചെയ്‌കയിൽ നാം മടുത്തുപോകരുതു; തളർന്നുപോകാഞ്ഞാൽ തക്കസമയത്തു നാം കൊയ്യും.”​—⁠ഗലാത്യർ 6:⁠9.

1, 2. (എ) ദൈവത്തെ സേവിക്കുന്നതിനു സഹിഷ്‌ണുത ആവശ്യമായിരിക്കുന്നത്‌ എന്തുകൊണ്ട്‌? (ബി) അബ്രാഹാം എങ്ങനെ സഹിഷ്‌ണുത കാട്ടി, അതിന്‌ അവനെ സഹായിച്ചതെന്ത്‌?

യഹോവയുടെ സാക്ഷികളായ നാം ദൈവഹിതം ചെയ്യുന്നതിൽ സന്തോഷിക്കുന്നു. ശിഷ്യത്വത്തിന്റെ “നുകം” ചുമക്കുന്നതിൽ നാം ആശ്വാസം കണ്ടെത്തുകയും ചെയ്യുന്നു. (മത്തായി 11:29) എന്നിരുന്നാലും, ക്രിസ്‌തുവിനോടൊപ്പം യഹോവയെ സേവിക്കുന്നത്‌ എപ്പോഴും എളുപ്പമല്ല. സഹക്രിസ്‌ത്യാനികളെ പിൻവരുന്നപ്രകാരം ഉദ്‌ബോധിപ്പിച്ചപ്പോൾ പൗലൊസ്‌ അപ്പൊസ്‌തലൻ അതു വ്യക്തമാക്കി: “ദൈവേഷ്ടം ചെയ്‌തു വാഗ്‌ദത്തം പ്രാപിപ്പാൻ സഹിഷ്‌ണുത നിങ്ങൾക്കു ആവശ്യം.” (എബ്രായർ 10:36) ദൈവത്തെ സേവിക്കുന്നതിൽ നിരവധി വെല്ലുവിളികൾ ഉൾപ്പെട്ടിരിക്കുന്നതിനാൽ സഹിഷ്‌ണുത അനിവാര്യമാണ്‌.

2 അബ്രാഹാമിന്റെ ജീവിതം ആ വസ്‌തുതയ്‌ക്കു തെളിവാണ്‌. അവൻ പലവട്ടം ദുഷ്‌കരമായ തീരുമാനങ്ങളെയും സമ്മർദപൂരിത സാഹചര്യങ്ങളെയും അഭിമുഖീകരിച്ചു. ഊർ നഗരത്തിലെ സുഖസമൃദ്ധമായ ജീവിതം ഉപേക്ഷിച്ചു പോകാൻ അവനു ലഭിച്ച കൽപ്പന അതിന്റെ വെറുമൊരു തുടക്കം മാത്രമായിരുന്നു. താമസിയാതെ അവനു ക്ഷാമവും ചുറ്റുമുള്ളവരുടെ വിദ്വേഷവും ഭാര്യയ്‌ക്കുണ്ടായ വിപത്തും ചില ബന്ധുക്കളിൽ നിന്നുള്ള ശത്രുതയും യുദ്ധത്തിന്റെ കാഠിന്യവുമെല്ലാം അനുഭവിക്കേണ്ടിവന്നു. അവയെക്കാൾ വലിയ പരിശോധനകൾ വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ നന്മ ചെയ്യുന്നതിൽ അബ്രാഹാം ഒരിക്കലും മടുത്തുപോയില്ല. നമുക്ക്‌ ഇന്ന്‌ ഉള്ളതുപോലെ, ദൈവത്തിന്റെ സമ്പൂർണ വചനം അവന്‌ ഇല്ലായിരുന്നുവെന്ന വസ്‌തുത കണക്കിലെടുക്കുമ്പോൾ അതു വിശേഷാൽ ശ്രദ്ധേയമാണ്‌. എന്നിരുന്നാലും, പിൻവരുന്നപ്രകാരം ദൈവം നൽകിയ ആദ്യ പ്രവചനത്തെ കുറിച്ച്‌ നിസ്സംശയമായും അവന്‌ അറിയാമായിരുന്നു: “ഞാൻ നിനക്കും സ്‌ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും.” (ഉല്‌പത്തി 3:15) ആ സന്തതി വരുന്നത്‌ അബ്രാഹാമിന്റെ വംശത്തിലൂടെ ആയതിനാൽ, അവൻ സ്വാഭാവികമായും സാത്താന്റെ എതിർപ്പിനു പാത്രമാകുമെന്നു മനസ്സിലാക്കാവുന്നതാണ്‌. ആ വസ്‌തുത മനസ്സിലാക്കിയത്‌ പരിശോധനകൾ സസന്തോഷം സഹിച്ചുനിൽക്കാൻ അബ്രാഹാമിനെ സഹായിച്ചു.

3. (എ) യഹോവയുടെ ജനം ഇന്ന്‌ എന്തുകൊണ്ട്‌ പീഡനങ്ങൾ പ്രതീക്ഷിക്കണം? (ബി) ഗലാത്യർ 6:9 എന്തു പ്രോത്സാഹനം നൽകുന്നു?

3 യഹോവയുടെ ഇന്നത്തെ ജനവും പീഡനങ്ങൾ പ്രതീക്ഷിക്കേണ്ടതാണ്‌. (1 പത്രൊസ്‌ 1:6, 7) സാത്താൻ അഭിഷിക്ത ശേഷിപ്പിനോടു ‘യുദ്ധം ചെയ്യുന്ന’തായി വെളിപ്പാടു 12:17 നമുക്കു മുന്നറിയിപ്പു നൽകുന്നു. അഭിഷിക്തരുമായുള്ള അടുത്ത സഹവാസം നിമിത്തം “വേറെ ആടുക”ളും സാത്താന്റെ കോപത്തിനു പാത്രങ്ങളാണ്‌. (യോഹന്നാൻ 10:16) പരസ്യ ശുശ്രൂഷയിൽ ക്രിസ്‌ത്യാനികൾക്കു നേരിടുന്ന എതിർപ്പിനു പുറമേ, വ്യക്തിപരമായ ജീവിതത്തിലും അവർക്കു പീഡാകരമായ സമ്മർദങ്ങൾ ഉണ്ടായേക്കാം. പൗലൊസ്‌ നമ്മെ ഇങ്ങനെ ഉദ്‌ബോധിപ്പിക്കുന്നു: “നന്മ ചെയ്‌കയിൽ നാം മടുത്തുപോകരുതു; തളർന്നുപോകാഞ്ഞാൽ തക്കസമയത്തു നാം കൊയ്യും.” (ഗലാത്യർ 6:9) നമ്മുടെ വിശ്വാസത്തെ തകർക്കാൻ സാത്താൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണെങ്കിലും, വിശ്വാസത്തിൽ ബലിഷ്‌ഠരായി നാം അവനോട്‌ എതിർത്തു നിൽക്കേണ്ടതുണ്ട്‌. (1 പത്രൊസ്‌ 5:8, 9) നാം സ്വീകരിക്കുന്ന വിശ്വസ്‌ത ഗതിയുടെ ഫലമായി എന്ത്‌ ഉണ്ടായേക്കാം? യാക്കോബ്‌ 1:2, 3 ഇങ്ങനെ വിശദീകരിക്കുന്നു: “എന്റെ സഹോദരന്മാരേ, നിങ്ങൾ വിവിധപരീക്ഷകളിൽ അകപ്പെടുമ്പോൾ നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന സ്ഥിരത ഉളവാക്കുന്നു എന്നു അറിഞ്ഞു അതു അശേഷം സന്തോഷം എന്നു എണ്ണുവിൻ.”

നേരിട്ടുള്ള ആക്രമണം

4. ദൈവജനത്തിന്റെ നിർമലത തകർക്കാനുള്ള ശ്രമത്തിൽ സാത്താൻ നേരിട്ടുള്ള ആക്രമണം ഉപയോഗിച്ചിരിക്കുന്നത്‌ എങ്ങനെ?

4 ഇന്ന്‌ ഒരു ക്രിസ്‌ത്യാനി അഭിമുഖീകരിച്ചേക്കാവുന്ന ‘വിവിധ പരീക്ഷകളെ’ അബ്രാഹാമിന്റെ ജീവിതം വളരെ നന്നായി ചിത്രീകരിക്കുന്നു. ഉദാഹരണത്തിന്‌, ശിനാർദേശക്കാരുടെ ആക്രമണത്തോട്‌ അവനു പ്രതികരിക്കേണ്ടിവന്നു. (ഉല്‌പത്തി 14:11-16) പീഡനത്തിന്റെ രൂപത്തിൽ സാത്താൻ നേരിട്ടുള്ള ആക്രമണങ്ങൾ നടത്തുന്നത്‌ ആശ്ചര്യകരമല്ല. രണ്ടാം ലോകമഹായുദ്ധം അവസാനിച്ച ശേഷം, ഡസൻ കണക്കിനു രാജ്യങ്ങളിലെ ഗവൺമെന്റുകൾ യഹോവയുടെ സാക്ഷികളുടെ ക്രിസ്‌തീയ വിദ്യാഭ്യാസ പ്രവർത്തനത്തിന്റെമേൽ വിലക്കുകൾ ഏർപ്പെടുത്തി. യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്‌തകം​—⁠2001 അംഗോളയിലെ ക്രിസ്‌ത്യാനികൾക്ക്‌ ശത്രുക്കളിൽനിന്നു നേരിട്ട ആക്രമണത്തെ കുറിച്ചു പറയുന്നു. അത്തരം ദേശങ്ങളിലെ നമ്മുടെ സഹോദരന്മാർ യഹോവയിൽ ആശ്രയിച്ചുകൊണ്ട്‌ അചഞ്ചലരായി മുന്നേറിയിരിക്കുന്നു! അക്രമത്തിൽ ഏർപ്പെടുകയോ മത്സരിക്കുകയോ ചെയ്‌തുകൊണ്ടല്ല, മറിച്ച്‌ സുവാർത്താ പ്രസംഗവേലയിൽ വിവേകപൂർവം സ്ഥിരോത്സാഹം കാട്ടിക്കൊണ്ടാണ്‌ അവർ പ്രതികരിച്ചിരിക്കുന്നത്‌.​—⁠മത്തായി 24:⁠14.

5. ക്രിസ്‌തീയ യുവജനങ്ങൾ സ്‌കൂളിൽ പീഡനത്തിന്റെ ഇരകൾ ആയേക്കാവുന്നത്‌ എങ്ങനെ?

5 എന്നിരുന്നാലും, പീഡനത്തിൽ അവശ്യം അക്രമം ഉൾപ്പെടണമെന്നില്ല. അബ്രാഹാമിന്‌ ഒടുവിൽ രണ്ടു പുത്രന്മാർ​—⁠ഇശ്‌മായേലും യിസ്‌ഹാക്കും​—⁠ജനിച്ചതായി ഓർക്കുക. ഒരിക്കൽ ഇശ്‌മായേൽ ഇസ്‌ഹാക്കിനെ ‘പരിഹസി’ച്ചതായി ഉല്‌പത്തി 21:8-12 നമ്മോടു പറയുന്നു. അതു കുട്ടിക്കളിയെക്കാൾ ഗൗരവമായ ഒന്നായിരുന്നുവെന്ന്‌ ഗലാത്യർക്ക്‌ എഴുതിയ ലേഖനം സൂചിപ്പിക്കുന്നു. ഇശ്‌മായേൽ യിസ്‌ഹാക്കിനെ ഉപദ്രവിച്ചു എന്ന്‌ അവിടെ പൗലൊസ്‌ പറയുന്നു! (ഗലാത്യർ 4:29) സഹപാഠികളിൽ നിന്നുള്ള പരിഹാസവും എതിരാളികളിൽ നിന്നുള്ള കുത്തുവാക്കുകളും ഉചിതമായും പീഡനമായി കണക്കാക്കാവുന്നതാണ്‌. ഒരു യുവ ക്രിസ്‌ത്യാനിയായ റയൻ സഹപാഠികളിൽനിന്നു തനിക്ക്‌ അനുഭവിക്കേണ്ടിവന്ന കഷ്ടതകളെ കുറിച്ചു പറയുന്നു: “സ്‌കൂളിലേക്കും സ്‌കൂളിൽനിന്നുമുള്ള 15 മിനിട്ട്‌ നേരത്തെ ബസ്‌ യാത്ര മണിക്കൂറുകൾ ദൈർഘ്യമുള്ളതു പോലെ എനിക്കു തോന്നിച്ചു. കാരണം, ആ സമയത്ത്‌ എനിക്കു മറ്റു കുട്ടികളിൽനിന്നു വളരെയധികം പരിഹാസം സഹിക്കേണ്ടിവന്നു. സിഗരറ്റ്‌ ലൈറ്ററുകൾകൊണ്ട്‌ ചൂടാക്കിയ പേപ്പർ ക്ലിപ്പുകൾ ഉപയോഗിച്ച്‌ അവർ എന്നെ പൊള്ളിക്കുമായിരുന്നു.” ഈ പരുഷമായ പെരുമാറ്റത്തിനു കാരണം എന്തായിരുന്നു? “എനിക്കു ലഭിച്ച ദിവ്യാധിപത്യ പരിശീലനം സ്‌കൂളിലെ മറ്റു യുവജനങ്ങളിൽനിന്നും എന്നെ വ്യത്യസ്‌തനാക്കി നിറുത്തി, അതുതന്നെ.” എന്നിരുന്നാലും, മാതാപിതാക്കളുടെ സഹായത്തോടെ അതു സഹിച്ചുനിൽക്കാൻ റയനു കഴിഞ്ഞു. യുവജനങ്ങളേ, സമപ്രായക്കാരിൽ നിന്നുള്ള പരിഹാസങ്ങൾ നിങ്ങളെ നിരുത്സാഹപ്പെടുത്തിയിരിക്കുന്നുവോ? എങ്കിൽ, മടുത്തുപോകരുത്‌! വിശ്വസ്‌തമായി സഹിച്ചുനിൽക്കുന്നതിനാൽ, യേശുവിന്റെ വാക്കുകളുടെ നിവൃത്തി നിങ്ങൾ അനുഭവിച്ചറിയും: “എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ടു എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ.”​—⁠മത്തായി 5:⁠11.

അനുദിന ഉത്‌കണ്‌ഠകൾ

6. ഇന്നു ക്രിസ്‌ത്യാനികളുടെ ഇടയിലെ ബന്ധങ്ങളെ ദുർബലമാക്കിയേക്കാവുന്ന കാര്യങ്ങൾ എന്തെല്ലാം?

6 ഇന്നു നാം അഭിമുഖീകരിക്കുന്ന പീഡാനുഭവങ്ങളിൽ പലതും അനുദിന ഉത്‌കണ്‌ഠകളോടു ബന്ധപ്പെട്ടതാണ്‌. തന്റെ ഇടയന്മാരും സഹോദരപുത്രനായ ലോത്തിന്റെ ഇടയന്മാരും തമ്മിലുണ്ടായ വഴക്ക്‌ അബ്രാഹാമിനു സഹിക്കേണ്ടിവന്നു. (ഉല്‌പത്തി 13:5-7) സമാനമായി, ഇന്ന്‌ വ്യക്തിത്വ ഭിന്നതകളും നിസ്സാരമായ ഈർഷ്യയും മറ്റും മറ്റുള്ളവരുമായുള്ള ബന്ധങ്ങളെ ദുർബലമാക്കുകയും സമാധാനത്തിനു തുരങ്കം വെക്കുകയും ചെയ്‌തേക്കാം. “ഈർഷ്യയും ശാഠ്യവും ഉള്ളേടത്തു കലക്കവും സകല ദുഷ്‌പ്രവൃത്തിയും ഉണ്ടു.” (യാക്കോബ്‌ 3:16) അബ്രാഹാം ചെയ്‌തതുപോലെ, ദുരഭിമാനത്തെക്കാൾ പ്രാധാന്യം സമാധാനത്തിനു കൊടുത്തുകൊണ്ട്‌ മറ്റുള്ളവരുടെ താത്‌പര്യങ്ങൾ അന്വേഷിക്കുന്നത്‌ എത്ര പ്രധാനമാണ്‌!​—⁠1 കൊരിന്ത്യർ 13:5; യാക്കോബ്‌ 3:⁠17.

7. (എ) ഒരു സഹക്രിസ്‌ത്യാനി തന്നെ വ്രണപ്പെടുത്തിയിരിക്കുന്നെങ്കിൽ, ഒരുവൻ എന്തു ചെയ്യണം? (ബി) മറ്റുള്ളവരുമായി നല്ല ബന്ധങ്ങൾ നിലനിറുത്തുന്നതിൽ അബ്രാഹാം നല്ല മാതൃക വെച്ചത്‌ എങ്ങനെ?

7 ഒരു സഹവിശ്വാസി നമ്മോട്‌ അന്യായമായി പെരുമാറിയിരിക്കുന്നു എന്നു തോന്നുമ്പോൾ ആ വ്യക്തിയുമായി സമാധാനബന്ധം നിലനിറുത്തുക ഒരു വെല്ലുവിളിയാണ്‌. സദൃശവാക്യങ്ങൾ 12:18 ഇങ്ങനെ പറയുന്നു: “വാളുകൊണ്ടു കുത്തുംപോലെ മൂർച്ചയായി സംസാരിക്കുന്നവർ ഉണ്ടു; ജ്ഞാനികളുടെ നാവോ സുഖപ്രദം.” നിഷ്‌കളങ്കമായി സംസാരിച്ചാൽ പോലും, ചിന്താശൂന്യമായ വാക്കുകൾ ആഴമായ വേദന ഉളവാക്കിയേക്കാം. മറ്റുള്ളവർ നമ്മെക്കുറിച്ചു ദുഷി പറയുകയോ നാം ക്രൂരമായ ഏഷണിയുടെ ബലിയാടാകുകയോ ചെയ്‌തിരിക്കുന്നുവെന്നു തോന്നുന്നെങ്കിലുള്ള വേദന വളരെ വലുതായിരിക്കും. (സങ്കീർത്തനം 6:6, 7) എന്നാൽ മടുത്തു പിന്മാറാൻ വ്രണിത വികാരങ്ങൾ ഒരു ക്രിസ്‌ത്യാനിയെ അനുവദിക്കരുത്‌! നിങ്ങൾ അത്തരമൊരു സാഹചര്യത്തിൽ ആണെങ്കിൽ, തെറ്റു ചെയ്‌ത വ്യക്തിയോട്‌ ദയാപൂർവം സംസാരിച്ചുകൊണ്ട്‌ കാര്യങ്ങൾ നേരെയാക്കാൻ മുൻകൈ എടുക്കുക. (മത്തായി 5:23, 24; എഫെസ്യർ 4:26) ആ വ്യക്തിയോടു ക്ഷമിക്കുക. (കൊലൊസ്സ്യർ 3:13) നീരസം ഒഴിവാക്കുകവഴി നമ്മുടെ വികാരങ്ങളെ സുഖപ്പെടുത്താനും നമ്മുടെ സഹോദരനുമായുള്ള ബന്ധം നേരെയാക്കാനും നമുക്കു സാധിച്ചേക്കാം. ലോത്തിനോട്‌ ഒരുപക്ഷേ തോന്നിയ നീരസം അബ്രാഹാം വെച്ചുകൊണ്ടിരുന്നില്ല. എന്തിന്‌, അവൻ ലോത്തിന്റെയും കുടുംബത്തിന്റെയും രക്ഷയ്‌ക്ക്‌ ഓടിയെത്തുക പോലും ചെയ്‌തു!​—⁠ഉല്‌പത്തി 14:12-16.

സ്വയം വരുത്തിവെക്കുന്ന കഷ്ടതകൾ

8. (എ) ക്രിസ്‌ത്യാനികൾ ‘ബഹുദുഃഖങ്ങൾക്ക്‌ അധീനർ’ ആയിത്തീർന്നേക്കാവുന്നത്‌ എങ്ങനെ? (ബി) ഭൗതിക സംഗതികൾ സംബന്ധിച്ച്‌ സമനിലയുള്ള ഒരു വീക്ഷണം പുലർത്താൻ അബ്രാഹാമിനു കഴിഞ്ഞത്‌ എന്തുകൊണ്ട്‌?

8 ചില കഷ്ടതകൾ നാം സ്വയം വരുത്തിവെക്കുന്നവയാണ്‌. ഉദാഹരണത്തിന്‌, യേശു തന്റെ അനുഗാമികളോട്‌ ഇങ്ങനെ കൽപ്പിച്ചു: “പുഴുവും തുരുമ്പും കെടുക്കയും കള്ളന്മാർ തുരന്നു മോഷ്ടിക്കയും ചെയ്യുന്ന ഈ ഭൂമിയിൽ നിങ്ങൾ നിക്ഷേപം സ്വരൂപിക്കരുതു.” (മത്തായി 6:19) രാജ്യ താത്‌പര്യങ്ങൾക്ക്‌ ഉപരി ഭൗതിക താത്‌പര്യങ്ങൾ പ്രതിഷ്‌ഠിക്കുകവഴി ചില സഹോദരങ്ങൾ “ബഹുദുഃഖങ്ങൾക്കു അധീനരായിത്തീർന്നിരിക്കുന്നു.” (1 തിമൊഥെയൊസ്‌ 6:9, 10) ദൈവത്തെ പ്രസാദിപ്പിക്കുന്നതിനു ഭൗതിക സുഖങ്ങൾ ത്യജിക്കാൻ അബ്രാഹാം മനസ്സുള്ളവൻ ആയിരുന്നു. “വിശ്വാസത്താൽ അവൻ വാഗ്‌ദത്തദേശത്തു ഒരു അന്യദേശത്തു എന്നപോലെ ചെന്നു വാഗ്‌ദത്തത്തിന്നു കൂട്ടവകാശികളായ യിസ്‌ഹാക്കിനോടും യാക്കോബിനോടുംകൂടെ കൂടാരങ്ങളിൽ പാർത്തുകൊണ്ടു ദൈവം ശില്‌പിയായി നിർമ്മിച്ചതും അടിസ്ഥാനങ്ങളുള്ളതുമായ നഗരത്തിന്നായി കാത്തിരുന്നു.” (എബ്രായർ 11:9, 10) ഈ ഭാവി “നഗര”ത്തിൽ അഥവാ ദൈവത്തിന്റെ ഗവൺമെന്റിൽ ഉള്ള അബ്രാഹാമിന്റെ വിശ്വാസം സമ്പത്തിൽ ആശ്രയിക്കാതിരിക്കാൻ അവനെ സഹായിച്ചു. നാമും അങ്ങനെ ചെയ്യുന്നത്‌ ജ്ഞാനമല്ലേ?

9, 10. (എ) പ്രാമുഖ്യത ലഭിക്കാനുള്ള ആഗ്രഹം ഒരു പരിശോധന ആയിരിക്കാവുന്നത്‌ എങ്ങനെ? (ബി) ഒരു സഹോദരന്‌ ഇന്ന്‌ എങ്ങനെ ‘ചെറിയവൻ’ ആയി നടക്കാൻ കഴിയും?

9 മറ്റൊരു സാധ്യത പരിചിന്തിക്കുക. ബൈബിൾ ശക്തമായ ഈ മാർഗനിർദേശം നൽകുന്നു: “താൻ അല്‌പനായിരിക്കെ മഹാൻ ആകുന്നു എന്നു ഒരുത്തൻ നിരൂപിച്ചാൽ തന്നെത്താൻ വഞ്ചിക്കുന്നു.” (ഗലാത്യർ 6:3) മാത്രമല്ല, ‘ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യരുത്‌’ എന്നും തിരുവെഴുത്തുകൾ നമ്മെ ഉദ്‌ബോധിപ്പിച്ചിരിക്കുന്നു. (ഫിലിപ്പിയർ 2:3) ഈ ബുദ്ധിയുപദേശം ബാധകമാക്കാൻ പരാജയപ്പെടുകവഴി ചിലർ തങ്ങളുടെമേൽ കഷ്ടതകൾ വരുത്തിവെച്ചിരിക്കുന്നു. “നല്ലവേല” ചെയ്യാനുള്ള ആഗ്രഹത്തിനുപരി പ്രാമുഖ്യത ലഭിക്കാനുള്ള ആഗ്രഹം വെച്ചുപുലർത്തുന്ന അവർ സഭയിൽ സേവനപദവികൾ ലഭിക്കാതെ വരുമ്പോൾ നിരുത്സാഹിതരും അതൃപ്‌തരും ആയിത്തീരുന്നു.​—⁠1 തിമൊഥെയൊസ്‌ 3:⁠1.

10 ‘ഉള്ളതിലധികം വലിമ സ്വയം ഭാവിക്കാതിരിക്കു’ന്നതിൽ അബ്രാഹാം നല്ല മാതൃക വെച്ചു. (റോമർ 12:​3, ഓശാന ബൈബിൾ) മൽക്കീസേദെക്കിനെ കണ്ടുമുട്ടിയപ്പോൾ, ദൈവമുമ്പാകെയുള്ള തന്റെ അനുഗൃഹീത സ്ഥാനം നിമിത്തം താൻ വലിയവൻ ആണെന്നപോലെ അബ്രാഹാം പ്രവർത്തിച്ചില്ല. നേരെ മറിച്ച്‌ ദശാംശം കൊടുത്തുകൊണ്ട്‌ പുരോഹിതൻ എന്ന മൽക്കീസേദെക്കിന്റെ ഉയർന്ന സ്ഥാനത്തെ അവൻ അംഗീകരിക്കുകയാണു ചെയ്‌തത്‌. (എബ്രായർ 7:4-7) ഇന്നു ക്രിസ്‌ത്യാനികളും അതുപോലെ ‘ചെറിയവർ’ എന്ന നിലയിൽ പെരുമാറാനും പ്രാമുഖ്യത കിട്ടണമെന്നു നിർബന്ധം പിടിക്കാതിരിക്കാനും ശ്രമിക്കണം. (ലൂക്കൊസ്‌ 9:48) സഭയിൽ ഉത്തരവാദിത്വം വഹിക്കുന്നവർ ചില പദവികൾ നിങ്ങളിൽനിന്നു പിടിച്ചുവെക്കുന്നതായി തോന്നുന്നെങ്കിൽ, നിങ്ങളുടെ വ്യക്തിത്വത്തിലും നിങ്ങൾ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന വിധത്തിലും എന്തു പൊരുത്തപ്പെടുത്തലുകളാണ്‌ വരുത്തേണ്ടത്‌ എന്നു കാണാൻ സത്യസന്ധമായ വിലയിരുത്തൽ നടത്തുക. നിങ്ങൾക്കു ലഭിക്കാത്ത പദവികളെ ചൊല്ലി നീരസം പുലർത്തുന്നതിനു പകരം, നിങ്ങൾക്ക്‌ ഉള്ള പദവി​—⁠യഹോവയെ അറിയാൻ മറ്റുള്ളവരെ സഹായിക്കുക എന്ന പദവി​—⁠പൂർണമായി പ്രയോജനപ്പെടുത്തുക. അതേ, “[ദൈവം] തക്കസമയത്തു നിങ്ങളെ ഉയർത്തുവാൻ [അവന്റെ] ബലമുള്ള കൈക്കീഴു താണിരിപ്പിൻ.”​—⁠1 പത്രൊസ്‌ 5:⁠6.

കാണപ്പെടാത്ത കാര്യങ്ങളിലുള്ള വിശ്വാസം

11, 12. (എ) സഭയിലെ ചിലർക്ക്‌ അടിയന്തിരതാബോധം നഷ്ടപ്പെട്ടേക്കാവുന്നത്‌ എന്തുകൊണ്ട്‌? (ബി) ദൈവത്തിന്റെ വാഗ്‌ദാനങ്ങളിലുള്ള വിശ്വാസത്തിൽ അധിഷ്‌ഠിതമായ ജീവിതം നയിക്കുന്നതിൽ അബ്രാഹാം നല്ല മാതൃക വെച്ചത്‌ എങ്ങനെ?

11 മറ്റൊരു പരിശോധന ഈ ദുഷ്ട വ്യവസ്ഥിതിയുടെ അന്ത്യം വൈകുന്നു എന്ന തോന്നലിനോടു ബന്ധപ്പെട്ടതാകാം. 2 പത്രൊസ്‌ 3:12 പറയുന്നതനുസരിച്ച്‌, ക്രിസ്‌ത്യാനികൾ “ദൈവദിവസത്തിന്റെ വരവു കാത്തിരുന്നും ബദ്ധപ്പെടുത്തിയും” ജീവിക്കേണ്ടത്‌ അനിവാര്യമാണ്‌. എന്നിരുന്നാലും, അനേകർ ആ “ദിവസ”ത്തിനായി വർഷങ്ങളോളം, ചിലർ ദശകങ്ങളോളം പോലും, കാത്തിരുന്നിട്ടുണ്ട്‌. തത്‌ഫലമായി, ചിലർക്കു നിരുത്സാഹം തോന്നുകയും അങ്ങനെ അടിയന്തിരതാബോധം നഷ്ടപ്പെടുകയും ചെയ്‌തിരിക്കുന്നു.

12 വീണ്ടും അബ്രാഹാമിന്റെ ദൃഷ്ടാന്തം പരിചിന്തിക്കുക. ദൈവത്തിന്റെ വാഗ്‌ദാനങ്ങളിലുള്ള വിശ്വാസത്തിൽ അധിഷ്‌ഠിതമായിരുന്നു അവന്റെ മുഴു ജീവിതവും. തന്റെ ആയുഷ്‌കാലത്ത്‌ ആ വാഗ്‌ദാനങ്ങൾ നിവൃത്തിയേറാനുള്ള സാധ്യത ഇല്ലായിരുന്നിട്ടു കൂടിയാണ്‌ അവൻ അങ്ങനെ ചെയ്‌തത്‌. തന്റെ പുത്രനായ ഇസ്‌ഹാക്കിനു പ്രായപൂർത്തിയാകുന്നതുവരെ അവൻ ജീവിച്ചിരുന്നുവെന്നതു ശരിയാണ്‌. അബ്രാഹാമിന്റെ സന്തതികളെ “ആകാശത്തിലെ നക്ഷത്രങ്ങ”ളോടും ‘കടല്‌ക്കരയിലെ മണലി’നോടും താരതമ്യം ചെയ്യാൻ പിന്നെയും നൂറ്റാണ്ടുകൾതന്നെ കഴിയണമായിരുന്നു. (ഉല്‌പത്തി 22:17) എന്നാൽ അബ്രാഹാം നീരസപ്പെടുകയോ നിരുത്സാഹം കാണിക്കുകയോ ചെയ്‌തില്ല. തന്മൂലം, പൗലൊസ്‌ അപ്പൊസ്‌തലൻ അബ്രാഹാമിനെയും മറ്റു ഗോത്രപിതാക്കന്മാരെയും കുറിച്ച്‌ ഇങ്ങനെ പറഞ്ഞു: “ഇവർ എല്ലാവരും വാഗ്‌ദത്തനിവൃത്തി പ്രാപിക്കാതെ ദൂരത്തുനിന്നു അതു കണ്ടു അഭിവന്ദിച്ചും ഭൂമിയിൽ തങ്ങൾ അന്യരും പരദേശികളും എന്നു ഏററുപറഞ്ഞുംകൊണ്ടു വിശ്വാസത്തിൽ മരിച്ചു.”​—⁠എബ്രായർ 11:⁠13.

13. (എ) ഇന്നു ക്രിസ്‌ത്യാനികൾ എങ്ങനെയാണ്‌ ‘പരദേശികൾ’ ആയിരിക്കുന്നത്‌? (ബി) യഹോവ ഈ വ്യവസ്ഥിതിക്ക്‌ അന്ത്യം വരുത്തുന്നതിന്റെ കാരണം എന്താണ്‌?

13 അബ്രാഹാമിനെ സംബന്ധിച്ചിടത്തോളം ദൈവത്തിന്റെ വാഗ്‌ദാനങ്ങളുടെ നിവൃത്തി “ദൂരത്തു” ആയിരുന്നെങ്കിലും, അവയെ കേന്ദ്രീകരിച്ചായിരുന്നു അവന്റെ ജീവിതം. അങ്ങനെയെങ്കിൽ, ആ വാഗ്‌ദാനങ്ങളുടെ നിവൃത്തി വളരെ അടുത്തിരിക്കുന്ന ഇക്കാലത്ത്‌ ജീവിക്കുന്നവരെന്ന നിലയിൽ നാം എത്രമാത്രം അങ്ങനെ ചെയ്യേണ്ടതാണ്‌! അബ്രാഹാമിനെ പോലെ നാം സാത്താന്റെ ഈ വ്യവസ്ഥിതിയിൽ നമ്മെത്തന്നെ ‘പരദേശികൾ’ ആയി കാണുകയും ഒരു സുഖലോലുപ ജീവിതഗതി നയിക്കാതിരിക്കുകയും വേണം. സ്വാഭാവികമായും നാം ഈ “എല്ലാററിന്റെയും അവസാനം” സമീപിച്ചിരുന്നെങ്കിൽ എന്നല്ല, സത്വരം വന്നെങ്കിൽ എന്നു പോലും ആശിക്കുന്നു. (1 പത്രൊസ്‌ 4:7) ഒരുപക്ഷേ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ നമുക്ക്‌ ഉണ്ടായിരിക്കാം. അല്ലെങ്കിൽ സാമ്പത്തിക സമ്മർദങ്ങൾ നമ്മെ ഭാരപ്പെടുത്തുന്നുണ്ടായിരിക്കാം. ദാരുണമായ അവസ്ഥയിൽനിന്നു നമ്മെ രക്ഷിക്കാൻ മാത്രമല്ല, തന്റെ നാമത്തെ വിശുദ്ധീകരിക്കാൻ കൂടിയാണ്‌ യഹോവ അന്ത്യം വരുത്തുന്നത്‌ എന്നു നാം ഓർക്കണം. (യെഹെസ്‌കേൽ 36:23; മത്തായി 6:9, 10) അതു വരുന്നത്‌ നമുക്കു സൗകര്യപ്രദമായ ഒരു സമയത്ത്‌ ആയിരിക്കില്ല, മറിച്ച്‌ യഹോവയുടെ ഉദ്ദേശ്യങ്ങൾക്ക്‌ ഏറ്റവും അനുയോജ്യമായ സമയത്ത്‌ ആയിരിക്കും.

14. ദൈവത്തിന്റെ ക്ഷമ ഇന്നു ക്രിസ്‌ത്യാനികൾക്കു പ്രയോജനപ്രദം ആയിരിക്കുന്നത്‌ എങ്ങനെ?

14 “ചിലർ താമസം എന്നു വിചാരിക്കുന്നതുപോലെ [ദൈവം] തന്റെ വാഗ്‌ദത്തം നിവർത്തിപ്പാൻ താമസിക്കുന്നില്ല” എന്നും “ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാൻ അവൻ ഇച്ഛിച്ചു നിങ്ങളോടു ദീർഘക്ഷമ കാണിക്കുന്നതേയുള്ളു” എന്നും ഓർക്കുക. (2 പത്രൊസ്‌ 3:9) ദൈവം ‘നിങ്ങളോട്‌’​—⁠ക്രിസ്‌തീയ സഭയിലെ അംഗങ്ങളോട്‌​—⁠‘ദീർഘക്ഷമ കാണിക്കുന്നു’ എന്നതു ശ്രദ്ധിക്കുക. “കറയും കളങ്കവും ഇല്ലാത്തവരായി” കാണപ്പെടേണ്ടതിനു മാറ്റങ്ങളും പൊരുത്തപ്പെടുത്തലും വരുത്താൻ നമ്മിൽ ചിലർക്കു കൂടുതൽ സമയം ആവശ്യമായിരിക്കാം. (2 പത്രൊസ്‌ 3:14) ദൈവം അത്തരം ക്ഷമ കാണിച്ചിരിക്കുന്നതിൽ നാം നന്ദിയുള്ളവർ ആയിരിക്കേണ്ടതല്ലേ?

പ്രതിബന്ധങ്ങൾക്കു മധ്യേയും സന്തോഷം കണ്ടെത്തൽ

15. പരിശോധനകൾക്കു മധ്യേ സന്തോഷം നിലനിറുത്താൻ യേശുവിന്‌ കഴിഞ്ഞത്‌ എങ്ങനെ, അവനെ അനുകരിക്കുന്നതിൽനിന്ന്‌ ഇന്നു ക്രിസ്‌ത്യാനികൾ എങ്ങനെ പ്രയോജനം നേടുന്നു?

15 അബ്രാഹാമിന്റെ ജീവിതം ഇന്നത്തെ ക്രിസ്‌ത്യാനികൾക്കു പല പാഠങ്ങളും നൽകുന്നു. അവൻ വിശ്വാസം മാത്രമല്ല ക്ഷമയും സൂക്ഷ്‌മബുദ്ധിയും ധൈര്യവും നിസ്വാർഥ സ്‌നേഹവും പ്രകടമാക്കി. അവൻ ജീവിതത്തിൽ ഏറ്റവും പ്രാധാന്യം കൊടുത്തത്‌ യഹോവയുടെ ആരാധനയ്‌ക്ക്‌ ആയിരുന്നു. എന്നിരുന്നാലും, നമുക്ക്‌ അനുകരിക്കാനുള്ള അതിശ്രേഷ്‌ഠ മാതൃക വെച്ചിരിക്കുന്നത്‌ യേശുക്രിസ്‌തുവാണ്‌ എന്ന കാര്യം ഓർക്കണം. അവനും നിരവധി പീഡാനുഭവങ്ങളും പരിശോധനകളും അഭിമുഖീകരിച്ചു. എങ്കിലും അവന്‌ ഒരിക്കലും തന്റെ സന്തോഷം നഷ്ടമായില്ല. എന്തുകൊണ്ട്‌? അവൻ മുന്നിലുള്ള തന്റെ പ്രത്യാശയിൽ മനസ്സു കേന്ദ്രീകരിച്ചു എന്നതായിരുന്നു കാരണം. (എബ്രായർ 12:2, 3) അതിനാൽ പൗലൊസ്‌ ഇങ്ങനെ പ്രാർഥിച്ചു: “സഹിഷ്‌ണുതയും ആശ്വാസവും നൽകുന്ന ദൈവം, ക്രിസ്‌തുയേശുവിന്‌ ഉണ്ടായിരുന്ന അതേ മാനസികഭാവം നിങ്ങളുടെ ഇടയിൽ ഉണ്ടായിരിക്കാൻ ഇപ്പോൾ കൃപ നൽകുമാറാകട്ടെ.” (റോമർ 15:​5, NW) ശരിയായ മാനസികഭാവം ഉണ്ടെങ്കിൽ, സാത്താൻ വരുത്തിയേക്കാവുന്ന പ്രതിബന്ധങ്ങൾക്കു മധ്യേയും നമുക്കു സന്തോഷിക്കാനാകും.

16. നമ്മുടെ പ്രശ്‌നങ്ങൾ താങ്ങാനാവാത്തതായി തോന്നുമ്പോൾ എന്തു ചെയ്യാനാകും?

16 പ്രശ്‌നങ്ങൾ താങ്ങാനാവാത്തതായി തോന്നുമ്പോൾ, യഹോവ അബ്രാഹാമിനെ സ്‌നേഹിച്ചതുപോലെ നിങ്ങളെയും സ്‌നേഹിക്കുന്നുവെന്ന കാര്യം ഓർക്കുക. നിങ്ങൾ വിജയം വരിക്കാൻ അവൻ ആഗ്രഹിക്കുന്നു. (ഫിലിപ്പിയർ 1:4) “നിങ്ങൾക്കു കഴിയുന്നതിന്നുമീതെ പരീക്ഷ നേരിടുവാൻ സമ്മതിക്കാതെ നിങ്ങൾക്കു സഹിപ്പാൻ കഴിയേണ്ടതിന്നു പരീക്ഷയോടുകൂടെ അവൻ പോക്കുവഴിയും ഉണ്ടാക്കും” എന്ന ഉറപ്പോടെ യഹോവയിൽ നിങ്ങളുടെ ആശ്രയം അർപ്പിക്കുക. (1 കൊരിന്ത്യർ 10:13) ദിവസവും ദൈവവചനം വായിക്കുന്ന ശീലം വളർത്തിയെടുക്കുക. (സങ്കീർത്തനം 1:2) പ്രാർഥനയിൽ ഉറ്റിരിക്കുക, സഹിച്ചുനിൽക്കാൻ നിങ്ങളെ സഹായിക്കുന്നതിനു ദൈവത്തോടു പ്രാർഥിക്കുക. (ഫിലിപ്പിയർ 4:6) ‘തന്നോടു യാചിക്കുന്നവർക്ക്‌ [അവൻ] പരിശുദ്ധാത്മാവിനെ കൊടുക്കും.’ (ലൂക്കൊസ്‌ 11:13) ആത്മീയമായി ബലിഷ്‌ഠരായി നിലകൊള്ളാൻ യഹോവ പ്രദാനം ചെയ്‌തിരിക്കുന്ന ബൈബിൾ അധിഷ്‌ഠിത പ്രസിദ്ധീകരണങ്ങൾ പോലുള്ള കരുതലുകൾ പ്രയോജനപ്പെടുത്തുക. സഹോദരവർഗത്തിന്റെ പിന്തുണ തേടുക. (1 പത്രൊസ്‌ 2:17) വിശ്വസ്‌തതയോടെ ക്രിസ്‌തീയ യോഗങ്ങളിൽ സംബന്ധിക്കുക, സഹിച്ചുനിൽക്കാൻ ആവശ്യമായ പ്രോത്സാഹനം നിങ്ങൾക്ക്‌ അവിടെനിന്നു ലഭിക്കും. (എബ്രായർ 10:24, 25) നിങ്ങളുടെ സഹിഷ്‌ണുത ദൈവദൃഷ്ടിയിൽ അംഗീകൃതമായ ഒരു അവസ്ഥയിലേക്കു നയിക്കുന്നുവെന്നും നിങ്ങളുടെ വിശ്വസ്‌തത അവന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു എന്നുമുള്ള ബോധ്യത്തിൽ സന്തോഷിക്കുക!​—⁠സദൃശവാക്യങ്ങൾ 27:11; റോമർ 5:3-5.

17. ക്രിസ്‌ത്യാനികൾ നിരാശയ്‌ക്കു വഴിപ്പെട്ട്‌ പിൻവാങ്ങുന്നില്ലാത്തത്‌ എന്തുകൊണ്ട്‌?

17 ദൈവം അബ്രാഹാമിനെ ഒരു “സ്‌നേഹിതൻ” എന്നപോലെ സ്‌നേഹിച്ചു. (യാക്കോബ്‌ 2:23) അപ്പോൾ പോലും അബ്രാഹാമിന്റെ ജീവിതം സമ്മർദപൂരിതമായ പരിശോധനകളും കഷ്ടങ്ങളും നിറഞ്ഞതായിരുന്നു. ഈ ദുഷ്ടമായ ‘അന്ത്യകാലത്തും’ അതുതന്നെ ക്രിസ്‌ത്യാനികൾക്കു പ്രതീക്ഷിക്കാനാകും. വാസ്‌തവത്തിൽ, “ദുഷ്ടമനുഷ്യരും മായാവികളും വഞ്ചിച്ചും വഞ്ചിക്കപ്പെട്ടുംകൊണ്ടു മേല്‌ക്കുമേൽ ദോഷത്തിൽ മുതിർന്നുവരും” എന്നു ബൈബിൾ മുന്നറിയിപ്പു നൽകുന്നു. (2 തിമൊഥെയൊസ്‌ 3:1, 13, 14) നിരാശയ്‌ക്കു വഴിപ്പെടുന്നതിനു പകരം, നാം നേരിടുന്ന സമ്മർദങ്ങൾ സാത്താന്റെ ദുഷ്ട വ്യവസ്ഥിതിയുടെ അന്ത്യം ആസന്നമായിരിക്കുന്നു എന്നതിന്റെ തെളിവാണെന്നു മനസ്സിലാക്കുക. “അവസാനത്തോളം സഹിച്ചുനില്‌ക്കുന്നവൻ രക്ഷിക്കപ്പെടും” എന്ന്‌ യേശു നമ്മെ ഓർമിപ്പിക്കുന്നു. (മത്തായി 24:13) അതിനാൽ, ‘നന്മ ചെയ്യുന്നതിൽ മടുത്തുപോകാതിരിക്കുക!’ അബ്രാഹാമിനെ അനുകരിച്ചുകൊണ്ട്‌ “വിശ്വാസത്താലും ദീർഘക്ഷമയാലും വാഗ്‌ദത്തങ്ങളെ അവകാശമാക്കുന്നവരുടെ” കൂട്ടത്തിൽ ആയിരിക്കുക.​—⁠എബ്രായർ 6:⁠12.

നിങ്ങൾ ശ്രദ്ധിച്ചോ?

• യഹോവയുടെ ജനം ഇന്ന്‌ എന്തുകൊണ്ട്‌ പരിശോധനകളും പീഡനങ്ങളും പ്രതീക്ഷിക്കണം?

• സാത്താൻ ഏതു വിധങ്ങളിൽ നേരിട്ടുള്ള ആക്രമണങ്ങൾ നടത്തിയേക്കാം?

• ക്രിസ്‌ത്യാനികൾക്കിടയിലെ വ്യക്തിപരമായ ഭിന്നതകൾ എങ്ങനെ പരിഹരിക്കാനാകും?

• അഹങ്കാരവും ദുരഭിമാനവും നിമിത്തം എങ്ങനെ കഷ്ടതകൾ ഉണ്ടായേക്കാം?

• ദൈവത്തിന്റെ വാഗ്‌ദാനങ്ങളുടെ നിവൃത്തിക്കായി കാത്തിരിക്കവേ, അബ്രാഹാം ഏതു വിധത്തിൽ നല്ല മാതൃക വെച്ചു?

[അധ്യയന ചോദ്യങ്ങൾ]

[26-ാം പേജിലെ ചിത്രം]

സമപ്രായക്കാരുടെ പരിഹാസം അനേകം ക്രിസ്‌തീയ യുവജനങ്ങൾക്കും ഒരു പീഡനമാണ്‌

[29-ാം പേജിലെ ചിത്രം]

അബ്രാഹാമിന്റെ നാളിൽ ദൈവവാഗ്‌ദാനങ്ങളുടെ നിവൃത്തി ‘ദൂരത്ത്‌’ ആയിരുന്നു, എങ്കിലും അവയെ കേന്ദ്രീകരിച്ചാണ്‌ അവൻ തന്റെ ജീവിതം നയിച്ചത്‌