വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മിക്ക യുവജനങ്ങളും ഒഴിവാക്കുന്ന ഒരു ഗ്രന്ഥം

മിക്ക യുവജനങ്ങളും ഒഴിവാക്കുന്ന ഒരു ഗ്രന്ഥം

മിക്ക യുവജനങ്ങളും ഒഴിവാക്കുന്ന ഒരു ഗ്രന്ഥം

“ബൈബിൾ യഥാർഥത്തിൽ ദൈവവചനമാണോ എന്ന്‌ എനിക്ക്‌ എങ്ങനെ അറിയാം? ഞാൻ വായിക്കാൻ താത്‌പര്യപ്പെടുന്ന തരത്തിലുള്ള ഒരു പുസ്‌തകമല്ല അത്‌,” ബെയാറ്റ എന്ന യുവതി അഭിപ്രായപ്പെട്ടു.

ജർമനിയിൽ താമസിക്കുന്ന ബെയാറ്റയുടെ അതേ അഭിപ്രായമാണ്‌ അവിടെയുള്ള മിക്ക യുവജനങ്ങൾക്കും ഉള്ളത്‌; അതിനാൽ അവർ ബൈബിൾ വായനയ്‌ക്ക്‌ ഒട്ടും പ്രാധാന്യം കൊടുക്കാറില്ല. അവിടെ അടുത്ത കാലത്തു നടത്തിയ ഒരു സർവേ അനുസരിച്ച്‌, യുവജനങ്ങളിൽ ഏതാണ്ട്‌ 1 ശതമാനമേ ഒട്ടു മിക്കപ്പോഴും ബൈബിൾ വായിക്കുന്നുള്ളൂ, 2 ശതമാനം മിക്കപ്പോഴും വായിക്കുന്നവരാണ്‌, 19 ശതമാനവും അപൂർവമായി മാത്രം വായിക്കുന്നവരാണ്‌. എന്നാൽ 80 ശതമാനത്തോളം പേർ ഒരിക്കലും ബൈബിൾ വായിക്കാറില്ല. ഒരുപക്ഷേ നിങ്ങൾ താമസിക്കുന്നത്‌ ഉൾപ്പെടെയുള്ള മറ്റു ദേശങ്ങളിലെ അവസ്ഥയും അതായിരിക്കാം. വ്യക്തമായും, മിക്ക യുവജനങ്ങളും ഒഴിവാക്കുന്ന ഒരു ഗ്രന്ഥമാണ്‌ ബൈബിൾ.

യുവതലമുറയുടെ ഇടയിൽ ബൈബിളിനെ സംബന്ധിച്ച അജ്ഞത വളരെ വ്യാപകമാണ്‌ എന്നതിൽ അതിശയിക്കാനില്ല! പത്തു കൽപ്പനകൾ അറിയാവുന്നവരും ജീവിതത്തിൽ അവയെ വഴികാട്ടിയായി ഉപയോഗിക്കുന്നവരുമായി എത്ര പേർ ഉണ്ടെന്നു വെളിപ്പെടുത്തിയ ഒരു സർവേയെ കുറിച്ച്‌ വർത്തമാനപത്രമായ ലൗസിറ്റ്‌സ റൂന്റ്‌ഷൗ 2000-ാം ആണ്ടിന്റെ തുടക്കത്തിൽ റിപ്പോർട്ടു ചെയ്യുകയുണ്ടായി. 60-നുമേൽ പ്രായമുള്ളവരിൽ 67 ശതമാനത്തിനു പത്തു കൽപ്പനകൾ അറിയാമായിരുന്നു, ജീവിതവഴികാട്ടിയായി അവർ അവ ഉപയോഗിക്കുകയും ചെയ്‌തിരുന്നു; 30 വയസ്സിൽ താഴെയുള്ളവരുടെ ഇടയിൽ ആ സംഖ്യ ഏകദേശം 28 ശതമാനമേ ഉണ്ടായിരുന്നുള്ളൂ. അതേ, നിരവധി യുവജനങ്ങൾക്കും ദൈവവചനത്തെ കുറിച്ച്‌ കാര്യമായ യാതൊരു ഗ്രാഹ്യവുമില്ല.

വ്യത്യസ്‌ത വീക്ഷണങ്ങളുള്ള ചിലർ

എന്നാൽ, ദൈവവചനത്തെ അങ്ങേയറ്റം മൂല്യവത്തായി കണക്കാക്കുന്ന ദശലക്ഷക്കണക്കിനു യുവജനങ്ങൾ ലോകത്തിനു ചുറ്റുമുണ്ട്‌. ഉദാഹരണത്തിന്‌, 19 വയസ്സുള്ള അലക്‌സാണ്ടർ ജോലിക്കു പോകുന്നതിനു മുമ്പ്‌ ദിവസവും രാവിലെ ബൈബിൾ വായിക്കുന്നു. “അതിനെക്കാൾ മെച്ചമായ വിധത്തിൽ ദിവസം തുടങ്ങാനാവില്ല,” അവൻ പറയുന്നു. ദിവസവും വൈകുന്നേരം ബൈബിളിന്റെ ഒരു ഭാഗം വായിക്കുക എന്നത്‌ സാൻഡ്രയുടെ ദൃഢനിശ്ചയമാണ്‌. “അത്‌ എന്റെ ദിനചര്യയുടെ ഭാഗമായിത്തീർന്നിരിക്കുന്നു,” അവൾ പറയുന്നു. രാത്രിയിൽ ഉറങ്ങുന്നതിനു മുമ്പ്‌ ബൈബിളിൽനിന്നു ചുരുങ്ങിയത്‌ ഒരു അധ്യായമെങ്കിലും വായിക്കുന്ന പതിവ്‌ 13 വയസ്സുള്ള ജൂലിയ വളർത്തിയെടുത്തിരിക്കുന്നു. “ഞാൻ അതു വാസ്‌തവത്തിൽ ആസ്വദിക്കുന്നു, ഭാവിയിലും ആ പതിവു തുടരാൻ ഞാൻ ആഗ്രഹിക്കുന്നു.”

ഇതിൽ ഏതാണ്‌ ശരിയായ, ജ്ഞാനപൂർവകമായ വീക്ഷണം? ബൈബിൾ വാസ്‌തവത്തിൽ വായിക്കാൻതക്ക മൂല്യമുള്ളതാണോ? അത്‌ യുവതലമുറയ്‌ക്കു പ്രയോജനം ചെയ്യുന്നതാണോ? അതിലെ വിവരങ്ങൾ അവരെ സംബന്ധിച്ചിടത്തോളം പ്രാധാന്യം അർഹിക്കുന്നതാണോ? നിങ്ങളുടെ അഭിപ്രായം എന്താണ്‌?