വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾക്ക്‌ എങ്ങനെ ശരിയായ തീരുമാനങ്ങൾ എടുക്കാൻ കഴിയും?

നിങ്ങൾക്ക്‌ എങ്ങനെ ശരിയായ തീരുമാനങ്ങൾ എടുക്കാൻ കഴിയും?

നിങ്ങൾക്ക്‌ എങ്ങനെ ശരിയായ തീരുമാനങ്ങൾ എടുക്കാൻ കഴിയും?

സ്വതന്ത്ര ഇച്ഛാശക്തി ദൈവത്തിൽനിന്നുള്ള ഒരു ദാനമാണ്‌. അത്‌ ഇല്ലായിരുന്നെങ്കിൽ നാം, സ്വന്തം പ്രവർത്തനങ്ങളുടെ മേൽ യാതൊരു നിയന്ത്രണവുമില്ലാത്ത യന്ത്രമനുഷ്യരെ പോലെ ആയിരുന്നേനെ. എന്നാൽ അതുള്ളതുകൊണ്ട്‌ നമുക്ക്‌ അനേകം വെല്ലുവിളികളെ നേരിടാൻ സാധിക്കുന്നു. സ്വതന്ത്ര ഇച്ഛാശക്തി ഉള്ളതിനാൽ നമുക്ക്‌ ജീവിതത്തിൽ തീരുമാനങ്ങൾ എടുക്കേണ്ടതായി വരുന്നു.

ചില തീരുമാനങ്ങൾ വളരെ നിസ്സാരമാണ്‌. അതേസമയം, നമ്മുടെ മുഴുജീവിതത്തെയും ബാധിക്കുന്ന തീരുമാനങ്ങളുമുണ്ട്‌, തൊഴിൽ എന്തായിരിക്കണം അല്ലെങ്കിൽ വിവാഹം കഴിക്കണമോ എന്നിവ പോലുള്ളവ. ഇനി വേറെ ചില തീരുമാനങ്ങൾ മറ്റ്‌ ആളുകളെയും ബാധിക്കുന്നു. മാതാപിതാക്കൾ എടുക്കുന്ന ചില തീരുമാനങ്ങൾ മക്കളുടെമേൽ ആഴമായ പ്രഭാവം ചെലുത്തുന്നു. അതിലുപരി, നാം എടുക്കുന്ന പല തീരുമാനങ്ങൾക്കും ദൈവത്തോടു നാം കണക്കു ബോധിപ്പിക്കേണ്ടതുണ്ട്‌.​—⁠റോമർ 14:⁠12.

സഹായത്തിന്റെ ആവശ്യം

തീരുമാനങ്ങൾ എടുക്കുന്ന കാര്യത്തിൽ മനുഷ്യർക്ക്‌ ഒരു നല്ല രേഖയല്ല ഉള്ളത്‌. മനുഷ്യർ എടുത്ത ഏറ്റവും ആദ്യത്തെ തീരുമാനങ്ങളിൽ ഒന്നുതന്നെ വിപത്‌കരമായിരുന്നു എന്ന്‌ അതിൽനിന്നു കാണാം. ഭക്ഷിക്കരുതെന്ന്‌ ദൈവം വളരെ വ്യക്തമായി വിലക്കിയിരുന്ന കനി ഭക്ഷിക്കാൻ ഹവ്വാ തീരുമാനിച്ചു. സ്വാർഥ മോഹത്തിൽ അധിഷ്‌ഠിതമായിരുന്നു അവളുടെ തിരഞ്ഞെടുപ്പ്‌. ദൈവത്തോട്‌ അനുസരണക്കേടു കാണിക്കുന്നതിൽ അവളുടെ ഭർത്താവും അവളോടു ചേരാൻ അത്‌ ഇടയാക്കി. ഫലമോ? അതു മനുഷ്യവർഗത്തിന്‌ കൊടിയ കഷ്ടപ്പാടുകൾ വരുത്തിവെച്ചു. ഇന്നും മനുഷ്യർ പലപ്പോഴും തീരുമാനങ്ങൾ എടുക്കുന്നത്‌ ശരിയായ തത്ത്വങ്ങളെയല്ല, മറിച്ച്‌ സ്വാർഥ മോഹങ്ങളെ അടിസ്ഥാനമാക്കിയാണ്‌. (ഉല്‌പത്തി 3:6-19; യിരെമ്യാവു 17:9) കൂടാതെ, ഗൗരവമേറിയ തീരുമാനങ്ങൾ എടുക്കേണ്ടി വരുമ്പോൾ മിക്കപ്പോഴും നമുക്കു പരിമിതികൾ ഉള്ളതായി നാം മനസ്സിലാക്കുന്നു.

അതുകൊണ്ടുതന്നെ പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കേണ്ട സാഹചര്യങ്ങളിൽ പലരും മനുഷ്യരെക്കാൾ ഉയർന്ന ഉറവുകളിൽനിന്ന്‌ സഹായം തേടാറുണ്ട്‌. ഒരു പടയോട്ടത്തിന്റെ സമയത്ത്‌ നെബൂഖദ്‌നേസറിന്‌ ഒരു തീരുമാനം എടുക്കേണ്ടി വന്നതായി ബൈബിൾ രേഖപ്പെടുത്തുന്നു. രാജാവായിരുന്നെങ്കിലും ‘പ്രശ്‌നം നോക്കേണ്ടത്‌’ അതായത്‌ ആത്മമണ്ഡലത്തിൽനിന്ന്‌ ഉപദേശം ആരായേണ്ടത്‌ ആവശ്യമാണെന്ന്‌ അവനു തോന്നി. വിവരണം ഇങ്ങനെ പറയുന്നു: “അവൻ തന്റെ അമ്പുകളെ കുലുക്കി കുലദേവന്മാരോടു ചോദിക്കയും കരൾ നോക്കുകയും ചെയ്യുന്നു.” (യെഹെസ്‌കേൽ 21:21) സമാനമായി, ഇന്ന്‌ പലരും ഭാവികഥനക്കാരുടെയും ജ്യോതിഷക്കാരുടെയും ഉപദേശം ആരായുകയും മറ്റു വിധങ്ങളിൽ ആത്മവ്യക്തികളുടെ സഹായം തേടുകയും ചെയ്യുന്നു. എന്നാൽ ഈ ഉറവുകൾ വഞ്ചകവും വഴിതെറ്റിക്കുന്നവയുമാണ്‌.​—⁠ലേവ്യപുസ്‌തകം 19:31.

എന്നിരുന്നാലും, നമുക്ക്‌ ഏവർക്കും പൂർണമായി ആശ്രയിക്കാവുന്നവനും ചരിത്രത്തിലുടനീളം ജ്ഞാനപൂർവകമായ തീരുമാനങ്ങൾ എടുക്കാൻ മനുഷ്യരെ സഹായിച്ചിട്ടുള്ളവനുമായ ഒരുവനുണ്ട്‌. അത്‌ മറ്റാരുമല്ല, യഹോവയാം ദൈവമാണ്‌. ഉദാഹരണത്തിന്‌, പുരാതനകാലങ്ങളിൽ ദൈവം തന്റെ ജനതയായ ഇസ്രായേലിന്‌ ഊറീമും തുമ്മീമും നൽകുകയുണ്ടായി. സാധ്യതയനുസരിച്ച്‌, ഇസ്രായേൽ ജനത നിർണായക സാഹചര്യങ്ങളെ അഭിമുഖീകരിക്കുമ്പോൾ ഉപയോഗിക്കേണ്ടിയിരുന്ന വിശുദ്ധ ചീട്ടുകൾ ആയിരുന്നു അവ. ഊറീമും തുമ്മീമും മുഖാന്തരം യഹോവ ചോദ്യങ്ങൾക്ക്‌ നേരിട്ടുള്ള മറുപടി നൽകുകയും ഇസ്രായേലിലെ മൂപ്പന്മാർ എടുക്കുന്ന തീരുമാനങ്ങൾ തന്റെ ഹിതത്തിനു ചേർച്ചയിൽ ആണെന്ന്‌ ഉറപ്പുവരുത്താൻ അവരെ സഹായിക്കുകയും ചെയ്‌തു.​—⁠പുറപ്പാടു 28:30; ലേവ്യപുസ്‌തകം 8:8; സംഖ്യാപുസ്‌തകം 27:21.

മറ്റൊരു ഉദാഹരണം പരിചിന്തിക്കുക. മിദ്യാന്യർക്കെതിരെ ഇസ്രായേൽ സൈന്യത്തെ നയിക്കാൻ ഗിദെയോനു നിയമനം ലഭിച്ചു. ആ ഉന്നത പദവി സ്വീകരിക്കണമോ എന്നതു സംബന്ധിച്ച്‌ അവന്‌ തീരുമാനം എടുക്കേണ്ടതുണ്ടായിരുന്നു. യഹോവയുടെ പിന്തുണ സംബന്ധിച്ച്‌ ഉറപ്പു ലഭിക്കാനായി അത്ഭുതകരമായ ഒരു അടയാളം തരാൻ അവൻ അപേക്ഷിച്ചു. രോമമുള്ള ഒരു ആട്ടിൻതോൽ രാത്രി മുഴുവൻ താൻ പുറത്തിടാമെന്നും ആ തോൽ മാത്രം മഞ്ഞുകൊണ്ടു നനഞ്ഞിരിക്കുകയും അതേസമയം ചുറ്റുമുള്ള നിലം ഉണങ്ങിയിരിക്കുകയും ചെയ്യാൻ ഇടയാക്കണമെന്നും അവൻ പ്രാർഥിച്ചു. പിറ്റേന്നു രാത്രി, ആട്ടിൻതോൽ ഉണങ്ങിയിരിക്കുകയും ചുറ്റുമുള്ള നിലം നനഞ്ഞിരിക്കുകയും ചെയ്യുമാറാക്കണം എന്ന്‌ അവൻ അപേക്ഷിച്ചു. ഗിദെയോൻ ആവശ്യപ്പെട്ട അടയാളങ്ങൾ യഹോവ അവനു നൽകി. തത്‌ഫലമായി ഗിദെയോൻ ശരിയായ തീരുമാനം എടുത്തു, ദൈവത്തിന്റെ പിന്തുണയോടെ ഇസ്രായേലിന്റെ ശത്രുക്കളെ തുരത്തുകയും ചെയ്‌തു.​—⁠ന്യായാധിപന്മാർ 6:33-40; 7:21, 22.

നമ്മുടെ നാളിലോ?

തന്റെ ദാസന്മാർക്ക്‌ സുപ്രധാന തീരുമാനങ്ങൾ എടുക്കേണ്ട സമയങ്ങളിൽ യഹോവ ഇന്നും അവർക്ക്‌ സഹായം നൽകുന്നു. എങ്ങനെ? ശരിയായ വഴി ഏതെന്നു കാണിച്ചുതരാൻ ഗിദെയോനെ പോലെ നാം ‘ആട്ടിൻതോൽ പരീക്ഷണ’ത്തിലൂടെ യഹോവയോട്‌ അടയാളം ചോദിക്കണമോ? രാജ്യപ്രസംഗകരുടെ ആവശ്യം കൂടുതൽ ഉള്ളിടത്തു സേവിക്കാനായി തങ്ങൾ അവിടേക്കു മാറേണ്ടതുണ്ടോ എന്ന്‌ ഒരു ദമ്പതികൾ ചിന്തിച്ചു. തീരുമാനം എടുക്കാനായി അവർ ഒരു പരീക്ഷണം നടത്തിനോക്കി. ഒരു നിശ്ചിത വിലയ്‌ക്ക്‌ തങ്ങളുടെ വീടു വിൽക്കാൻ അവർ തീരുമാനിച്ചു. നിശ്ചയിച്ച തീയതിക്ക്‌, പരസ്യപ്പെടുത്തിയതിലോ അതിൽ കൂടുതലോ തുകയ്‌ക്കു വീടു വിൽക്കാൻ കഴിഞ്ഞാൽ തങ്ങൾ താമസം മാറാൻ ദൈവം ആഗ്രഹിക്കുന്നതായി അവർ കണക്കാക്കുമായിരുന്നു. അതേസമയം, വീടു വിൽക്കാൻ കഴിഞ്ഞില്ലെങ്കിൽ തങ്ങൾ താമസം മാറാൻ ദൈവം ആഗ്രഹിക്കുന്നില്ലെന്ന്‌ അവർ അനുമാനിക്കുമായിരുന്നു.

അവർക്ക്‌ വീടു വിൽക്കാൻ കഴിഞ്ഞില്ല. ഈ ദമ്പതികൾ ആവശ്യം കൂടുതൽ ഉള്ളിടത്തു പോയി സേവിക്കാൻ യഹോവ ആഗ്രഹിച്ചില്ലെന്നാണോ അതിനർഥം? തന്റെ ദാസർക്കായി യഹോവ ഇന്നതൊക്കെ ചെയ്യും അല്ലെങ്കിൽ ഇന്നതൊക്കെ ചെയ്യില്ല എന്നു തീർത്തു പറയുന്നത്‌ ധിക്കാരമായിരിക്കും. നമ്മെ സംബന്ധിച്ച തന്റെ ഹിതം അറിയിക്കാൻ അവൻ നമ്മുടെ കാര്യാദികളിൽ ഇന്ന്‌ ഇടപെടുകയില്ലെന്ന്‌ നമുക്ക്‌ പറയാൻ കഴിയുകയുമില്ല. (യെശയ്യാവു 59:1) എന്നാൽ, പ്രധാന തീരുമാനങ്ങൾ എടുക്കേണ്ട സാഹചര്യങ്ങളിൽ ദൈവം ഇടപെടുമെന്ന്‌ പ്രതീക്ഷിക്കാൻ, ഫലത്തിൽ തീരുമാനം എടുക്കേണ്ട ഉത്തരവാദിത്വം ദൈവത്തിന്റെ മേൽ കെട്ടിവെക്കാൻ നമുക്ക്‌ അവകാശമില്ല. ഗിദെയോൻ പോലും തന്റെ ജീവിതത്തിൽ ഏറെക്കാലവും യഹോവയിൽനിന്നുള്ള അത്ഭുതകരമായ അടയാളങ്ങൾ കൂടാതെതന്നെ തീരുമാനങ്ങൾ എടുക്കേണ്ടതുണ്ടായിരുന്നു!

എന്നാൽ ദിവ്യ മാർഗനിർദേശം ലഭ്യമാണ്‌ എന്ന്‌ ബൈബിൾ പറയുന്നു. നമ്മുടെ നാളുകളെ കുറിച്ച്‌ അത്‌ ഇപ്രകാരം മുൻകൂട്ടി പറയുന്നു: “നിങ്ങൾ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോൾ: വഴി ഇതാകുന്നു, ഇതിൽ നടന്നുകൊൾവിൻ എന്നൊരു വാക്കു പിറകിൽനിന്നു കേൾക്കും.” (യെശയ്യാവു 30:21) സുപ്രധാന തിരഞ്ഞെടുപ്പുകൾ നടത്തേണ്ടതുള്ളപ്പോൾ, നമ്മുടെ തിരഞ്ഞെടുപ്പുകൾ ദൈവഹിതത്തിനു ചേർച്ചയിലും അവന്റെ ഉന്നത ജ്ഞാനത്തെ പ്രതിഫലിപ്പിക്കുന്ന തരത്തിലും ഉള്ളവ ആണെന്ന്‌ ഉറപ്പുവരുത്താൻ ശ്രമിക്കുന്നത്‌ തികച്ചും ഉചിതമാണ്‌. അതിന്‌ എങ്ങനെ കഴിയും? അവന്റെ വചനം പരിശോധിക്കുകയും അതിനെ ‘നമ്മുടെ കാലിന്നു ദീപവും പാതെക്കു പ്രകാശവും’ ആക്കുകയും ചെയ്‌തുകൊണ്ട്‌. (സങ്കീർത്തനം 119:105; സദൃശവാക്യങ്ങൾ 2:1-6) അതിന്‌ ബൈബിളിൽനിന്നു സൂക്ഷ്‌മപരിജ്ഞാനം സമ്പാദിക്കുന്ന ശീലം നാം നട്ടുവളർത്തണം. (കൊലൊസ്സ്യർ 1:9, 10) ഒരു തീരുമാനം എടുക്കേണ്ടിവരുമ്പോൾ അതുമായി ബന്ധപ്പെട്ട എല്ലാ ബൈബിൾ തത്ത്വങ്ങൾക്കും നാം അവധാനപൂർവം ശ്രദ്ധ കൊടുക്കണം. അത്‌, ‘കൂടുതൽ പ്രാധാന്യമുള്ള സംഗതികൾ തിട്ടപ്പെടുത്താൻ’ നമ്മെ പ്രാപ്‌തരാക്കും.​—⁠ഫിലിപ്പിയർ 1:9, 10, NW.

യഹോവ നമ്മെ ശ്രദ്ധിക്കുമെന്ന ഉറപ്പോടെ പ്രാർഥനയിൽ നാം അവനോടു സംസാരിക്കണം. നാം എടുക്കേണ്ട തീരുമാനത്തെയും അതിനോടുള്ള ബന്ധത്തിൽ നമ്മുടെ മുമ്പാകെയുള്ള മറ്റു തിരഞ്ഞെടുപ്പുകളെയും കുറിച്ച്‌ നമ്മുടെ സ്‌നേഹവാനായ ദൈവത്തോടു സംസാരിക്കുന്നത്‌ എത്ര ആശ്വാസകരമാണ്‌! അങ്ങനെയെങ്കിൽ, ശരിയായ തീരുമാനം എടുക്കാനുള്ള മാർഗനിർദേശത്തിനായി നമുക്ക്‌ ഉറപ്പോടെ അവനോട്‌ അപേക്ഷിക്കാൻ കഴിയും. മിക്കപ്പോഴും പരിശുദ്ധാത്മാവ്‌, അനുയോജ്യമായ ബൈബിൾ തത്ത്വങ്ങൾ നമ്മുടെ മനസ്സിലേക്കു കൊണ്ടുവരികയോ നമ്മുടെ സാഹചര്യത്തിന്‌ യോജിക്കുന്ന ഒരു തിരുവെഴുത്ത്‌ കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ നമ്മെ സഹായിക്കുകയോ ചെയ്യും.​—⁠യാക്കോബ്‌ 1:5, 6.

നമ്മുടെ തീരുമാനങ്ങളെ കുറിച്ച്‌ നമുക്കു ചർച്ച ചെയ്യാൻ കഴിയുന്ന പക്വതയുള്ള വ്യക്തികളെയും യഹോവ നമുക്ക്‌ സഭയിൽ പ്രദാനം ചെയ്‌തിട്ടുണ്ട്‌. (എഫെസ്യർ 4:11, 12) എന്നാൽ മാർഗനിർദേശം തേടുമ്പോൾ, ഓരോരുത്തരുടെ അടുക്കൽ മാറിമാറി ചെല്ലുകയും ഒടുവിൽ തങ്ങൾ കേൾക്കാൻ ആഗ്രഹിച്ച തരത്തിലുള്ള ഉപദേശം നൽകുന്ന ഒരാളെ കണ്ടെത്തി അയാൾ പറയുന്നത്‌ അനുസരിക്കുകയും ചെയ്യുന്ന ചിലരെ പോലെ ആയിരിക്കരുത്‌ നാം. രെഹബെയാമിന്റെ മുന്നറിയിപ്പിൻ ദൃഷ്ടാന്തവും നാം ഓർമിക്കേണ്ടതുണ്ട്‌. ഗൗരവമേറിയ ഒരു തീരുമാനം എടുക്കേണ്ടിവന്നപ്പോൾ, അവന്റെ പിതാവിനോടൊപ്പം സേവിച്ച പ്രായമേറിയ പുരുഷന്മാർ അവനു വളരെ നല്ല ഉപദേശം നൽകി. എന്നാൽ അതു പിൻപറ്റാതെ അവൻ തന്നോടൊപ്പം വളർന്നുവന്ന ചെറുപ്പക്കാരുടെ ഉപദേശം തേടി. അവരുടെ ഉപദേശം പിൻപറ്റിക്കൊണ്ട്‌ അവൻ ബുദ്ധിശൂന്യമായ തീരുമാനം കൈക്കൊള്ളുകയും തത്‌ഫലമായി അവനു രാജ്യത്തിന്റെ വലിയൊരു ഭാഗം നഷ്ടമാകുകയും ചെയ്‌തു.​—⁠1 രാജാക്കന്മാർ 12:1-17.

അനുഭവസമ്പന്നരും തിരുവെഴുത്തുകളെ കുറിച്ച്‌ നല്ല പരിജ്ഞാനമുള്ളവരും ശരിയായ തത്ത്വങ്ങളെ അങ്ങേയറ്റം ആദരിക്കുന്നവരും ആയ വ്യക്തികളിൽനിന്ന്‌ ആയിരിക്കണം നാം ഉപദേശം തേടേണ്ടത്‌. (സദൃശവാക്യങ്ങൾ 1:5; 11:14; NW; 13:20) സാധ്യമാകുമ്പോഴൊക്കെ, ഉൾപ്പെട്ടിരിക്കുന്ന തത്ത്വങ്ങളെയും നിങ്ങൾ സമാഹരിച്ചിരിക്കുന്ന സകല വിവരങ്ങളെയും കുറിച്ചു ധ്യാനിക്കുക. യഹോവയുടെ വചനത്തിന്റെ വെളിച്ചത്തിൽ നിങ്ങൾ കാര്യങ്ങളെ വീക്ഷിക്കാൻ തുടങ്ങുമ്പോൾ ഉചിതമായ തീരുമാനം ഏതാണെന്നു കൂടുതൽ വ്യക്തമായിത്തീരും​—⁠ഫിലിപ്പിയർ 4:6, 7.

നാം എടുക്കുന്ന തീരുമാനങ്ങൾ

ചില തീരുമാനങ്ങൾ എടുക്കാൻ എളുപ്പമാണ്‌. സാക്ഷീകരണവേല നിറുത്താനുള്ള കൽപ്പന ലഭിച്ചപ്പോൾ, തങ്ങൾ യേശുവിനെ കുറിച്ച്‌ പ്രസംഗിക്കുന്നതിൽ തുടരേണ്ടതാണെന്ന്‌ അപ്പൊസ്‌തലന്മാർക്ക്‌ അറിയാമായിരുന്നു. അതുകൊണ്ട്‌, മനുഷ്യരെക്കാളധികം ദൈവത്തെ അനുസരിക്കാനുള്ള തങ്ങളുടെ തീരുമാനം അപ്പോൾത്തന്നെ അവർ സൻഹെദ്രിമിനെ അറിയിച്ചു. (പ്രവൃത്തികൾ 5:28, 29) ചില തീരുമാനങ്ങൾ വളരെ ആലോചിച്ച്‌ എടുക്കേണ്ടവ ആയിരിക്കാം. കാരണം അവയുമായി ബന്ധപ്പെട്ട നേരിട്ടുള്ള ബൈബിൾ പ്രസ്‌താവനകൾ ഇല്ലായിരിക്കാം. അപ്പോൾ പോലും, ഏറ്റവും നല്ല തീരുമാനങ്ങൾ എടുക്കുന്നതിലേക്കു വെളിച്ചം വീശുന്ന ബൈബിൾ തത്ത്വങ്ങൾ സാധാരണ ഗതിയിൽ ഉണ്ടായിരിക്കും. ഉദാഹരണത്തിന്‌, ഇന്നുള്ള പല വിനോദങ്ങളും യേശുവിന്റെ നാളുകളിൽ ഉണ്ടായിരുന്നില്ലെങ്കിലും യഹോവയ്‌ക്ക്‌ പ്രസാദകരമായത്‌ എന്താണെന്നതും അവനെ അപ്രീതിപ്പെടുത്തുന്നത്‌ എന്താണെന്നതും സംബന്ധിച്ച്‌ വ്യക്തമായ പ്രസ്‌താവനകൾ ബൈബിളിൽ ഉണ്ട്‌. അതുകൊണ്ട്‌, അക്രമത്തെയോ അധാർമികതയെയോ മത്സര മനോഭാവത്തെയോ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വിനോദങ്ങളിൽ ഏർപ്പെടുന്ന ഒരു ക്രിസ്‌ത്യാനി തെറ്റായ തീരുമാനമാണ്‌ എടുത്തിരിക്കുന്നതെന്ന്‌ പറയാവുന്നതാണ്‌.​—⁠സങ്കീർത്തനം 97:10; യോഹന്നാൻ 3:19-21; ഗലാത്യർ 5:19-23; എഫെസ്യർ 5:3-5.

ചിലപ്പോൾ രണ്ടു തീരുമാനങ്ങൾ ഒരേസമയം ശരിയായിരിക്കാം. ആവശ്യം കൂടുതൽ ഉള്ള സ്ഥലത്തു സേവിക്കുന്നത്‌ മഹത്തായ ഒരു പദവിയാണ്‌. അത്‌ വലിയ അനുഗ്രഹങ്ങൾ കൈവരുത്തുകയും ചെയ്‌തേക്കാം. എന്നാൽ ചില കാരണങ്ങളാൽ ഒരു വ്യക്തി അപ്രകാരം ചെയ്യാതിരിക്കാൻ തീരുമാനിച്ചാലും അയാൾക്ക്‌ തന്റെ മാതൃസഭയിൽ നല്ല വേല ചെയ്യാൻ സാധിക്കും. ചിലപ്പോൾ, യഹോവയോടുള്ള നമ്മുടെ സമർപ്പണത്തിന്റെ ആഴം എത്രയുണ്ടെന്ന്‌ അല്ലെങ്കിൽ നമ്മുടെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ടത്‌ എന്താണ്‌ എന്നു പ്രകടമാക്കാനുള്ള ഒരവസരം പ്രദാനം ചെയ്യുന്ന ഒരു തീരുമാനത്തെ നാം അഭിമുഖീകരിച്ചേക്കാം. അങ്ങനെ, നമ്മുടെ ഹൃദയനില പ്രകടമാക്കാൻ തക്കവിധം നമ്മുടെ സ്വതന്ത്ര ഇച്ഛാശക്തി ഉപയോഗിക്കാൻ യഹോവ നമ്മെ അനുവദിക്കുന്നു.

ഇടയ്‌ക്കിടെ നമ്മുടെ തീരുമാനങ്ങൾ മറ്റുള്ളവരെയും ബാധിക്കുന്നു. ഉദാഹരണത്തിന്‌, ന്യായപ്രമാണത്തിന്റെ പല വിലക്കുകളിൽനിന്നും മോചിതരായപ്പോൾ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികൾ സന്തോഷിച്ചു. ന്യായപ്രമാണപ്രകാരം അശുദ്ധമായിരുന്ന ആഹാരസാധനങ്ങൾ ഭക്ഷിക്കാനോ ഭക്ഷിക്കാതിരിക്കാനോ അവർക്ക്‌ ഇപ്പോൾ സാധിക്കുമായിരുന്നു. എന്നാൽ ഈ സ്വാതന്ത്ര്യം ഉപയോഗിക്കണമോ എന്നു തീരുമാനിക്കുമ്പോൾ മറ്റുള്ളവരുടെ മനസ്സാക്ഷിയെ കൂടി കണക്കിലെടുക്കാൻ അവർ പ്രോത്സാഹിപ്പിക്കപ്പെട്ടു. അതു സംബന്ധിച്ച്‌, “ഇടർച്ചയല്ലാത്തവരാകുവിൻ” എന്നു പൗലൊസ്‌ നൽകിയ ബുദ്ധിയുപദേശം നാം എടുക്കുന്ന പല തീരുമാനങ്ങളുടെ കാര്യത്തിലും ബാധകമാകുന്നതാണ്‌. (1 കൊരിന്ത്യർ 10:32) മറ്റുള്ളവർക്ക്‌ ഇടർച്ച വരുത്താതിരിക്കാനുള്ള ആഗ്രഹം എന്തു തീരുമാനിക്കണമെന്നു നിർണയിക്കാൻ നമ്മെ സഹായിച്ചേക്കാം. കൂട്ടുകാരനോടുള്ള സ്‌നേഹമാണല്ലോ രണ്ടാമത്തെ വലിയ കൽപ്പന​—⁠മത്തായി 22:36, 39.

നമ്മുടെ തീരുമാനങ്ങളുടെ അനന്തരഫലം

ബൈബിൾ തത്ത്വങ്ങളെ ആധാരമാക്കി മനസ്സാക്ഷിപൂർവം കൈക്കൊള്ളുന്ന തീരുമാനങ്ങൾ കാലാന്തരത്തിൽ നല്ല ഫലങ്ങൾ കൈവരുത്തും. എന്നാൽ തുടക്കത്തിൽ അത്‌ നമ്മുടെ ഭാഗത്തു ചില വ്യക്തിപരമായ ത്യാഗങ്ങൾ ആവശ്യമാക്കിത്തീർത്തേക്കാം. യേശുവിനെ കുറിച്ച്‌ തുടർന്നും പ്രസംഗിക്കാനുള്ള തീരുമാനം അപ്പൊസ്‌തലന്മാർ സൻഹെദ്രിമിനെ അറിയിച്ചപ്പോൾ, ചാട്ടകൊണ്ട്‌ അടിപ്പിച്ചശേഷമാണ്‌ അവരെ വിട്ടയച്ചത്‌. (പ്രവൃത്തികൾ 5:40) ശദ്രക്ക്‌, മേശക്ക്‌, അബേദ്‌നെഗോ എന്നീ മൂന്ന്‌ എബ്രായർ നെബൂഖദ്‌നേസർ ഉയർത്തിയ സ്വർണ പ്രതിമയുടെ മുമ്പാകെ കുമ്പിടുകയില്ലെന്നു തീരുമാനിച്ചപ്പോൾ അവരുടെ ജീവൻ അപകടത്തിലായി. തങ്ങളുടെ തീരുമാനം ഒരുപക്ഷേ മരണത്തെ അർഥമാക്കിയേക്കാമെന്ന്‌ അറിയാമായിരുന്നിട്ടും അവർ അതിനെ നേരിടാൻ തയ്യാറായിരുന്നു. എന്നാൽ തങ്ങൾക്കു ദൈവത്തിന്റെ അംഗീകാരവും അനുഗ്രഹവും ലഭിക്കുമെന്ന്‌ അവർക്ക്‌ അറിയാമായിരുന്നു.​—⁠ദാനീയേൽ 3:16-19.

മനസ്സാക്ഷിപൂർവം ഒരു തീരുമാനം എടുത്തശേഷം ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നെങ്കിൽ അത്‌ തെറ്റായ ഒരു തീരുമാനം ആയിരുന്നെന്ന്‌ യാതൊരു കാരണവശാലും നാം അനുമാനിക്കരുത്‌. ഏറ്റവും നല്ല ആന്തരത്തോടെ നാം എടുക്കുന്ന തീരുമാനങ്ങളെ പോലും ‘കാലവും മുൻകൂട്ടിക്കാണാൻ കഴിയാത്ത സംഭവങ്ങളും’ പ്രതികൂലമായി ബാധിച്ചേക്കാം. (സഭാപ്രസംഗി 9:​11, NW) കൂടാതെ, നമ്മുടെ പ്രതിബദ്ധതയുടെ ആത്മാർഥത പരിശോധിക്കുന്നതിന്‌ പ്രതികൂല കാര്യങ്ങൾ ഭവിക്കാൻ യഹോവ ചിലപ്പോൾ അനുവദിക്കുന്നു. അനുഗ്രഹം ലഭിക്കാൻ യാക്കോബിന്‌ ഒരു രാത്രി മുഴുവനും ഒരു ദൂതനുമായി മല്ലുപിടിക്കേണ്ടിവന്നു. (ഉല്‌പത്തി 32:24-26) ശരിയായതാണ്‌ ചെയ്യുന്നതെങ്കിൽപ്പോലും നമുക്കും പ്രതികൂല സാഹചര്യങ്ങളുമായി മല്ലടിക്കേണ്ടിവന്നേക്കാം. എന്നാൽ, നമ്മുടെ തീരുമാനങ്ങൾ ദൈവഹിതത്തിനു ചേർച്ചയിൽ ആണെങ്കിൽ സഹിച്ചുനിൽക്കാൻ യഹോവ നമ്മെ സഹായിക്കുമെന്നും ഒടുവിൽ അവൻ നമ്മെ അനുഗ്രഹിക്കുമെന്നും നമുക്ക്‌ ഉറപ്പുണ്ടായിരിക്കാവുന്നതാണ്‌.​—⁠2 കൊരിന്ത്യർ 4:⁠7.

അതുകൊണ്ട്‌, ഒരു സുപ്രധാന തീരുമാനം എടുക്കുമ്പോൾ സ്വന്തം ജ്ഞാനത്തിൽ ആശ്രയിക്കരുത്‌. അതിനു ബാധകമാകുന്ന ബൈബിൾ തത്ത്വങ്ങൾ പരിശോധിക്കുക. ഉൾപ്പെട്ടിരിക്കുന്ന സാഹചര്യം യഹോവയെ അറിയിക്കുക. സാധ്യമെങ്കിൽ പക്വതയുള്ള സഹക്രിസ്‌ത്യാനികളുടെ ഉപദേശം ആരായുക. പിന്നെ ധൈര്യം ഉള്ളവരായിരിക്കുക. ദൈവം നൽകിയിരിക്കുന്ന ഇച്ഛാസ്വാതന്ത്ര്യം ഉത്തരവാദിത്വപൂർവം ഉപയോഗിക്കുക. ഉചിതമായ തീരുമാനം എടുക്കുകയും നിങ്ങൾ ഹൃദയപരമാർഥത ഉള്ള ആളാണെന്ന്‌ യഹോവയുടെ മുമ്പാകെ പ്രകടമാക്കുകയും ചെയ്യുക.

[28-ാം പേജിലെ ചിത്രം]

പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിനു മുമ്പ്‌ ദൈവവചനം പരിശോധിക്കുക

[28, 29 പേജിലെ ചിത്രങ്ങൾ]

നിങ്ങൾക്ക്‌ എടുക്കേണ്ട തീരുമാനങ്ങളെ കുറിച്ച്‌ യഹോവയോടു പറയുക

[30-ാം പേജിലെ ചിത്രം]

സുപ്രധാന തീരുമാനങ്ങൾ എടുക്കേണ്ടിവരുമ്പോൾ അവയെ കുറിച്ച്‌ പക്വതയുള്ള ക്രിസ്‌ത്യാനികളുമായി ചർച്ച ചെയ്യാവുന്നതാണ്‌