വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പിശാച്‌ യഥാർഥത്തിൽ ഉണ്ടോ?

പിശാച്‌ യഥാർഥത്തിൽ ഉണ്ടോ?

പിശാച്‌ യഥാർഥത്തിൽ ഉണ്ടോ?

“‘ദൈവം’ ഒരു യഥാർഥ വ്യക്തിയാണെന്ന്‌ ചെറിയൊരു കൂട്ടം ആളുകൾ ഇക്കാലത്തും വിശ്വസിക്കുന്നതുപോലെ, തിന്മയുടെ രാജാവായ ബെയെത്സെബൂൽ അഥവാ സാത്താൻ എന്ന പിശാചിനെ പ്രബലനായ ഒരു യഥാർഥ വ്യക്തിയായി ക്രൈസ്‌തവ സഭ കണക്കാക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു. തങ്ങളുടെ ചുറ്റും കണ്ട ദുഷ്ടതയ്‌ക്ക്‌ ഒരു വിശദീകരണം നൽകാൻ പാതി മനുഷ്യസ്വഭാവവും പാതി മൃഗസ്വഭാവവും കൽപ്പിച്ചുകൊണ്ട്‌ യഹൂദരും ആദിമ ക്രിസ്‌ത്യാനികളും ചമച്ചെടുത്ത ഒരു സാങ്കൽപ്പിക കഥാപാത്രമാണ്‌ പിശാച്‌. കാലാന്തരത്തിൽ, പിശാച്‌ യഥാർഥത്തിൽ അസ്‌തിത്വത്തിൽ ഇല്ലെന്നും വെറുമൊരു കാൽപ്പനിക സൃഷ്ടി മാത്രമാണെന്നും തിരിച്ചറിഞ്ഞ ക്രിസ്‌ത്യാനികൾ വളരെ രഹസ്യമായി അവനെ തള്ളിക്കളയുകയാണുണ്ടായത്‌.”​—⁠ലൂഡോവിക്‌ കെന്നഡിയുടെ “എല്ലാം സാങ്കൽപ്പികം​—⁠ദൈവത്തിനു വിട” (ഇംഗ്ലീഷ്‌).

എഴുത്തുകാരനും പ്രക്ഷേപകനുമായ ലൂഡോവിക്‌ കെന്നഡി പറയുന്നപ്രകാരം, ക്രൈസ്‌തവലോകത്തിലെ ആരും നൂറ്റാണ്ടുകളോളം പിശാചിന്റെ അസ്‌തിത്വത്തെ സംശയിച്ചിരുന്നില്ല. മറിച്ച്‌, പ്രൊഫസർ നോർമൻ കോണിന്റെ വാക്കുകളിൽ പറയുകയാണെങ്കിൽ, ക്രിസ്‌ത്യാനികൾ ചിലപ്പോഴൊക്കെ “സാത്താന്റെയും അവന്റെ ഭൂതങ്ങളുടെയും ശക്തിയാൽ വളരെയധികം സ്വാധീനിക്കപ്പെട്ടിരുന്നു.” (യൂറോപ്പിന്റെ ആന്തരിക പൈശാചികത [ഇംഗ്ലീഷ്‌]) ഈ സ്വാധീനത്തിനു വിധേയരായവർ പഠിപ്പില്ലാത്ത, സാധാരണക്കാരായ കർഷകർ മാത്രമായിരുന്നില്ല. ഉദാഹരണത്തിന്‌, പൈശാചികവും മ്ലേച്ഛവുമായ പൂജാകർമങ്ങൾക്ക്‌ ആധ്യക്ഷ്യം വഹിക്കാനായി പിശാച്‌ മൃഗവേഷത്തിൽ എത്തുമെന്ന വിശ്വാസം “ഉടലെടുത്തത്‌ ബഹുഭൂരിപക്ഷം വരുന്ന അക്ഷരാഭ്യാസമില്ലാത്ത ആളുകളുടെ നാടോടിക്കഥകളിൽ അല്ല, മറിച്ച്‌ ബുദ്ധിജീവി വർഗത്തിന്റെ ലോകവീക്ഷണത്തിലാണ്‌” എന്ന്‌ പ്രൊഫസർ കോൺ പറയുന്നു. 15-ാം നൂറ്റാണ്ടു മുതൽ 17-ാം നൂറ്റാണ്ടു വരെ യൂറോപ്പിൽ ഉടനീളം നടന്ന ആഭിചാര വേട്ടയ്‌ക്ക്‌ അഭ്യസ്‌തവിദ്യരായ വൈദികരടക്കമുള്ള ഈ ‘ബുദ്ധിജീവി വർഗം’ ഉത്തരവാദികളായിരുന്നു. ആഭിചാരകരെന്ന്‌ ആരോപിച്ച്‌ സഭാ നേതാക്കന്മാരും ഭരണാധികാരികളും ചേർന്ന്‌ അന്ന്‌ 50,000-ത്തോളം ആളുകളെ പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്‌തെന്നു പറയപ്പെടുന്നു.

പിശാചിനെ കുറിച്ചുള്ള ആശയങ്ങളെ കാടത്തമെന്നും അന്ധവിശ്വാസമെന്നും പറഞ്ഞ്‌ പലരും തള്ളിക്കളഞ്ഞിരിക്കുന്നതിൽ അതിശയിക്കാനില്ല. “കൊമ്പുകളും രണ്ടായി പിളർന്ന പാദങ്ങളും നീണ്ട വാലും അഗ്രം പിളർന്ന നാവും വവ്വാലിന്റേതു പോലുള്ള ചിറകുകളും ഒക്കെയുള്ള” ഒരു ഭീകര സത്ത്വമാണ്‌ പിശാച്‌ എന്ന വിശ്വാസത്തെ 1726-ൽത്തന്നെ ഡാനിയേൽ ഡിഫോ അപലപിച്ചിരുന്നു. അത്തരം വിശ്വാസങ്ങൾ “ബുദ്ധിക്കു നിരക്കാത്ത നിരർഥകമായ സാങ്കൽപ്പിക ആശയങ്ങൾ” ആണെന്നും “ഭാവനാസൃഷ്ടിയായ പിശാചിനെ അവതരിപ്പിച്ചുകൊണ്ട്‌ അറിവില്ലാത്തവരെ കബളിപ്പിച്ച പിശാചു-നിർമാതാക്കൾ” കെട്ടിച്ചമച്ച കഥകളാണ്‌ അവയെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ വീക്ഷണവും അതൊക്കെ തന്നെയാണോ? ദ സോണ്ടർവാൻ പിക്‌റ്റോറിയൽ എൻസൈക്ലോപീഡിയ ഓഫ്‌ ദ ബൈബിൾ പറയുന്നതുപോലെ, “യഥാർഥത്തിൽ, സ്വന്തം പാപാവസ്ഥയ്‌ക്കു കാരണമായി ചൂണ്ടിക്കാണിക്കാൻ മനുഷ്യൻ സൃഷ്ടിച്ചെടുത്ത ഒരു കഥാപാത്രമാണ്‌ പിശാച്‌” എന്നാണോ നിങ്ങളും കരുതുന്നത്‌? ക്രിസ്‌ത്യാനികൾ എന്ന്‌ അവകാശപ്പെടുന്ന പലരും അങ്ങനെ വിശ്വസിക്കുന്നു. ക്രൈസ്‌തവലോകത്തിലെ ദൈവശാസ്‌ത്രജ്ഞർ പൊതുവെ, “അന്ധവിശ്വാസങ്ങളുടെ സ്‌മാരകശിഷ്ടങ്ങൾ എന്നു വിശേഷിപ്പിച്ചുകൊണ്ട്‌ പിശാചിനെയും ഭൂതങ്ങളെയും തള്ളിക്കള”ഞ്ഞിരിക്കുന്നതായി ജെഫ്രി ബർട്ടൻ റസ്സൽ പറയുന്നു.

അതേസമയം, പിശാച്‌ യഥാർഥത്തിൽ ഉണ്ടെന്ന്‌ ചിലർ ഉറച്ചു വിശ്വസിക്കുന്നു. മനുഷ്യ ചരിത്രത്തിൽ കൂടെക്കൂടെ അരങ്ങേറിയിട്ടുള്ള അതിഘോര സംഭവങ്ങൾക്കു പിന്നിൽ അമാനുഷികവും ദുഷ്ടവുമായ ഒരു ശക്തി ഉണ്ടെന്ന്‌ അവർ ന്യായവാദം ചെയ്യുന്നു. “ഒരു നീണ്ട ഇടവേളയ്‌ക്കു ശേഷം പിശാച്‌ ഉണ്ടെന്ന വിശ്വാസം അതിവേഗം തിരിച്ചുവരാൻ” ഇടയാക്കിയ കാരണങ്ങളിൽ ഒന്ന്‌ “ഇരുപതാം നൂറ്റാണ്ടിലെ കൊടുംഭീകരതകൾ” ആണെന്ന്‌ റസ്സൽ പറയുന്നു. ഗ്രന്ഥകാരനായ ഡോൺ ലൂയിസിന്റെ അഭിപ്രായത്തിൽ, “തങ്ങളുടെ നിരക്ഷരരായ പൂർവികരുടെ” അന്ധവിശ്വാസങ്ങളെയും ഭയപ്പാടുകളെയും “പരിഹാസപൂർവം വീക്ഷിച്ചിരുന്ന” ആധുനിക വിദ്യാസമ്പന്നരിൽ അനേകരും “അമാനുഷിക മണ്ഡലത്തിലെ ദുഷ്ട ശക്തിയിൽ വീണ്ടും ആകൃഷ്ടരായിത്തീരുകയാണ്‌.”​—⁠യുഗായുഗങ്ങളിലെ മതപരമായ അന്ധവിശ്വാസങ്ങൾ (ഇംഗ്ലീഷ്‌).

അങ്ങനെയെങ്കിൽ, സത്യം എന്താണ്‌? പിശാച്‌ ഉണ്ടെന്ന ധാരണ വെറും അന്ധവിശ്വാസപരമായ അസംബന്ധമാണോ? അതോ ഈ 21-ാം നൂറ്റാണ്ടിലും നാം വളരെ ഗൗരവത്തോടെ വീക്ഷിക്കേണ്ട ഒരു വ്യക്തിയാണോ അവൻ?

[4-ാം പേജിലെ ചിത്രം]

ഡോറേ ഗ്യൂസ്റ്റാവിന്റെ ഈ കൊത്തുവേലയിൽ കാണുന്നതുപോലെ, പാതി മനുഷ്യരൂപവും പാതി മൃഗരൂപവും ഉള്ള എന്തോ ഒന്നാണ്‌ പിശാച്‌ എന്നായിരുന്നു പണ്ടുള്ള അന്ധവിശ്വാസം

[കടപ്പാട്‌]

The Judecca​—Lucifer/The Doré Illustrations For Dante’s Divine Comedy/Dover Publications Inc.