വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പിശാച്‌ വെറും അന്ധവിശ്വാസമല്ല

പിശാച്‌ വെറും അന്ധവിശ്വാസമല്ല

പിശാച്‌ വെറും അന്ധവിശ്വാസമല്ല

“പുതിയ നിയമത്തിൽ ഉടനീളം, ദൈവത്തിന്റെയും നന്മയുടെയും ശക്തികളും സാത്താന്റെ നേതൃത്വത്തിലുള്ള തിന്മയുടെ ശക്തികളും തമ്മിലുള്ള കടുത്ത പോരാട്ടം കാണാം. ഇത്‌ ഒന്നോ രണ്ടോ [ബൈബിൾ] എഴുത്തുകാരുടെ മാത്രം ആശയമല്ല, പിന്നെയോ പൊതുവായ ഒന്നാണ്‌. . . . അതുകൊണ്ട്‌, പുതിയ നിയമം നൽകുന്ന സാക്ഷ്യം വ്യക്തമാണ്‌. സാത്താൻ ഒരു പൈശാചിക യാഥാർഥ്യമാണ്‌, ദൈവത്തോടും അവന്റെ ജനത്തോടും സദാ ശത്രുത പുലർത്തുന്ന ഒരുവൻ.”​—⁠“ദ ന്യൂ ബൈബിൾ ഡിക്‌ഷണറി.”

അങ്ങനെയെങ്കിൽ, ക്രിസ്‌ത്യാനികൾ എന്നു പറയുന്ന, ബൈബിളിൽ വിശ്വസിക്കുന്നവരായി അവകാശപ്പെടുന്ന പലരും പിശാച്‌ യഥാർഥത്തിൽ ഉണ്ടെന്ന ആശയം തള്ളിക്കളയുന്നത്‌ എന്തുകൊണ്ടാണ്‌? അതിനു കാരണം, അവർ വാസ്‌തവത്തിൽ ബൈബിളിനെ ദൈവവചനമായി അംഗീകരിക്കുന്നില്ല എന്നതാണ്‌. (യിരെമ്യാവു 8:9) ബൈബിൾ എഴുത്തുകാർ തങ്ങൾക്കു ചുറ്റുമുണ്ടായിരുന്ന ജനതകളുടെ തത്ത്വജ്ഞാനങ്ങളാണ്‌ അവതരിപ്പിച്ചതെന്നും ദൈവത്തിൽനിന്നുള്ള സത്യത്തെ അവർ കൃത്യതയോടെ അറിയിച്ചില്ലെന്നും അക്കൂട്ടർ പറയുന്നു. ഉദാഹരണത്തിന്‌, കത്തോലിക്കാ ദൈവശാസ്‌ത്രജ്ഞനായ ഹാൻസ്‌ കൂയെങ്‌ ഇങ്ങനെ എഴുതി: “സാത്താനെയും അവന്റെ കീഴിലുള്ള ഭൂതസൈന്യങ്ങളെയും കുറിച്ചുള്ള കെട്ടുകഥകൾ . . . ബാബിലോണിയൻ പുരാണങ്ങളിൽനിന്ന്‌ ആദിമ യഹൂദമതത്തിലേക്കും അവിടെനിന്ന്‌ പുതിയ നിയമത്തിലേക്കും കടന്നുവന്നു.”​—⁠ക്രിസ്‌ത്യാനി ആയിത്തീരുന്നതോടെ (ഇംഗ്ലീഷ്‌).

എന്നാൽ ബൈബിൾ വെറും മനുഷ്യവചനമല്ല; അത്‌ വാസ്‌തവമായും ദൈവത്തിന്റെ നിശ്വസ്‌ത വചനമാണ്‌. അതുകൊണ്ട്‌, പിശാചിനെ കുറിച്ച്‌ അതു പറയുന്ന കാര്യങ്ങൾ ഗൗരവമായി എടുക്കുന്നതു ജ്ഞാനമാണ്‌.​—⁠2 തിമൊഥെയൊസ്‌ 3:14-17; 2 പത്രൊസ്‌ 1:20, 21.

യേശു എന്തു വിചാരിച്ചു?

പിശാച്‌ ഒരു യഥാർഥ വ്യക്തിയാണെന്ന്‌ യേശുക്രിസ്‌തു വിശ്വസിച്ചു. യേശുവിനെ പ്രലോഭിപ്പിക്കാൻ ശ്രമിച്ചത്‌ അവനിൽത്തന്നെയുള്ള ഏതെങ്കിലും തിന്മ ആയിരുന്നില്ല. അവനെ ആക്രമിച്ചത്‌ ഒരു യഥാർഥ വ്യക്തിയായിരുന്നു. യേശു പിന്നീട്‌ ഈ വ്യക്തിയെ “ലോകത്തിന്റെ പ്രഭു” എന്നു വിളിച്ചു. (യോഹന്നാൻ 14:30; മത്തായി 4:1-11) സാത്താന്റെ ദുഷ്ട പദ്ധതികളിൽ അവനെ പിന്തുണയ്‌ക്കുന്ന വേറെ ആത്മജീവികളും ഉണ്ടെന്ന്‌ യേശു വിശ്വസിച്ചു. “ഭൂതഗ്രസ്‌ത”രായ ആളുകളെ യേശു സുഖപ്പെടുത്തി. (മത്തായി 12:22-28) ഏ റാഷണലിസ്റ്റ്‌ എൻസൈക്ലോപീഡിയ എന്ന ഒരു നിരീശ്വരവാദ പ്രസിദ്ധീകരണം പോലും അതിന്റെ പ്രസക്തി സംബന്ധിച്ച്‌ ഇങ്ങനെ പറഞ്ഞു: “സുവിശേഷങ്ങളിലെ യേശു പിശാചുക്കളിൽ വിശ്വസിച്ചിരുന്നു എന്നത്‌ ദൈവശാസ്‌ത്രജ്ഞന്മാരെ എന്നും കുഴപ്പിച്ചിട്ടുള്ള ഒരു പ്രശ്‌നമാണ്‌.” യേശു പിശാചിനെയും അവന്റെ ഭൂതഗണങ്ങളെയും കുറിച്ച്‌ പറഞ്ഞപ്പോൾ അവൻ വെറുതെ ബാബിലോണിയൻ പുരാണത്തിലെ അന്ധവിശ്വാസങ്ങൾ ആവർത്തിക്കുകയായിരുന്നില്ല. ആ ശക്തികൾ യഥാർഥത്തിൽ ഉള്ളവയാണെന്ന്‌ യേശുവിന്‌ അറിയാമായിരുന്നു.

തന്റെ നാളിലെ മത ഉപദേഷ്ടാക്കളോടുള്ള യേശുവിന്റെ പിൻവരുന്ന വാക്കുകൾ പരിചിന്തിക്കുമ്പോൾ, പിശാചിനെ കുറിച്ച്‌ അനേകം കാര്യങ്ങൾ നമുക്ക്‌ മനസ്സിലാക്കാൻ കഴിയും: “നിങ്ങൾ പിശാചെന്ന പിതാവിന്റെ മക്കൾ; നിങ്ങളുടെ പിതാവിന്റെ മോഹങ്ങളെ ചെയ്‌വാനും ഇച്ഛിക്കുന്നു. അവൻ ആദിമുതൽ കുലപാതകൻ ആയിരുന്നു; അവനിൽ സത്യം ഇല്ലായ്‌കകൊണ്ടു സത്യത്തിൽ നില്‌ക്കുന്നതുമില്ല [“നിന്നതുമില്ല,” NW]. അവൻ ഭോഷ്‌കു പറയുമ്പോൾ സ്വന്തത്തിൽനിന്നു എടുത്തു പറയുന്നു; അവൻ ഭോഷ്‌കു പറയുന്നവനും അതിന്റെ അപ്പനും ആകുന്നു.”​—⁠യോഹന്നാൻ 8:44.

ഈ വാക്യം പറയുന്നതനുസരിച്ച്‌, “ദൂഷകൻ” എന്നർഥമുള്ള പിശാച്‌ എന്ന പേരോടുകൂടിയ അവൻ “ഭോഷ്‌കു പറയുന്നവനും അതിന്റെ അപ്പനും” ആണ്‌. (ചെരിച്ചെഴുതിയിരിക്കുന്നത്‌ ഞങ്ങൾ.) ദൈവത്തെ കുറിച്ച്‌ ഭോഷ്‌കു പറഞ്ഞ ആദ്യത്തെ ജീവി അവൻ ആയിരുന്നു. അത്‌ ഏദെൻ തോട്ടത്തിൽ വെച്ചായിരുന്നു. നന്മതിന്മകളെ കുറിച്ചുള്ള അറിവിന്റെ വൃക്ഷഫലം ഭക്ഷിച്ചാൽ മരിക്കുമെന്ന്‌ യഹോവ നമ്മുടെ ആദ്യ മാതാപിതാക്കളോടു പറഞ്ഞിരുന്നു. ആ വാക്കുകൾ സത്യമല്ലെന്ന്‌ ഒരു പാമ്പ്‌ മുഖാന്തരം സാത്താൻ വാദിച്ചു. (ഉല്‌പത്തി 2:17; 3:4) ഉചിതമായി, ബൈബിൾ അവനെ ‘പിശാചും സാത്താനും എന്ന പഴയ പാമ്പ്‌’ എന്നു വിളിക്കുന്നു.​—⁠വെളിപ്പാടു 12:⁠9.

നന്മതിന്മകളെ കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തെ സംബന്ധിച്ച്‌ സാത്താൻ ഭോഷ്‌കു പറഞ്ഞു. ആ വൃക്ഷത്തിന്റെ ഫലം തിന്നരുത്‌ എന്ന വിലക്ക്‌ ന്യായമല്ലെന്നും ആ വിലക്ക്‌ ഏർപ്പെടുത്തുകവഴി ദൈവം തന്റെ അധികാരം ദുർവിനിയോഗം ചെയ്യുകയായിരുന്നെന്നും അവൻ വാദിച്ചു. തങ്ങൾക്കായി നന്മയും തിന്മയും എന്തെന്നു സ്വയം തീരുമാനിക്കുന്ന കാര്യത്തിൽ ആദാമും ഹവ്വായും ‘ദൈവത്തെപ്പോലെ ആയിത്തീരും’ എന്ന്‌ അവൻ പറഞ്ഞു. സ്വതന്ത്ര ഇച്ഛാശക്തിയുള്ളവർ എന്ന നിലയ്‌ക്ക്‌ കാര്യങ്ങളെല്ലാം സ്വയം തീരുമാനിക്കാനുള്ള അവകാശം അവർക്കുണ്ടായിരിക്കണം എന്നു സാത്താൻ സൂചിപ്പിച്ചു. (ഉല്‌പത്തി 3:1-5) ദൈവത്തിന്റെ ഭരണരീതിയുടെ ഔചിത്യത്തിന്മേൽ ഉണ്ടായ ഈ കടന്നാക്രമണം നിർണായകമായ ചില വിവാദവിഷയങ്ങൾ ഉയർത്തി. അതുകൊണ്ട്‌, അവയ്‌ക്ക്‌ ഒരു തീർപ്പുണ്ടാകാൻ യഹോവ സമയം അനുവദിച്ചിരിക്കുന്നു. കുറച്ചുകാലം കൂടെ ജീവിക്കാൻ ദൈവം സാത്താനെ അനുവദിച്ചിരിക്കുന്നു എന്നാണ്‌ അതിനർഥം. അവനു ലഭിച്ചിരിക്കുന്ന പരിമിതമായ ആ സമയം അതിവേഗം തീർന്നുകൊണ്ടിരിക്കുകയാണ്‌. (വെളിപ്പാടു 12:12) ഭോഷ്‌കും വഞ്ചനയും ഉപയോഗിച്ചുകൊണ്ട്‌ അവൻ ഇപ്പോഴും മനുഷ്യവർഗത്തെ ദൈവത്തിൽനിന്ന്‌ അകറ്റിക്കൊണ്ടിരിക്കുകയാണ്‌. തന്റെ പഠിപ്പിക്കലുകൾ പ്രചരിപ്പിക്കാൻ അവൻ യേശുവിന്റെ നാളിലെ ശാസ്‌ത്രിമാരെയും പരീശന്മാരെയും പോലെയുള്ളവരെ ഇന്ന്‌ ഉപയോഗിക്കുന്നു.​—⁠മത്തായി 23:13, 15.

പിശാച്‌ “ആദിമുതൽ കുലപാതകൻ ആയിരുന്നു” എന്നും “അവൻ സത്യത്തിൽ നിന്നതുമില്ല” എന്നും യേശു പറഞ്ഞു. (ചെരിച്ചെഴുതിയിരിക്കുന്നത്‌ ഞങ്ങൾ.) “കുലപാതകൻ” ആയിട്ടാണ്‌ യഹോവ പിശാചിനെ സൃഷ്ടിച്ചത്‌ എന്നല്ല അതിനർഥം. ദൈവത്തെ എതിർക്കുന്നവരെ ദണ്ഡിപ്പിക്കാനുള്ള ഒരു അഗ്നിനരകത്തിന്റെ ചുമതല വഹിക്കുന്ന ഒരു ഭീകര ജീവി ആയിട്ടല്ല അവൻ സൃഷ്ടിക്കപ്പെട്ടത്‌. അത്തരം ഒരു സ്ഥലം ഉള്ളതായി ബൈബിൾ പഠിപ്പിക്കുന്നില്ല. മരിച്ചവർ അഗ്നിനരകത്തിലോ സാത്താന്റെ വാസസ്ഥലത്തോ അല്ല, മറിച്ച്‌ മനുഷ്യവർഗത്തിന്റെ പൊതു ശവക്കുഴിയിൽ (പാതാളം) ആണെന്നു ബൈബിൾ വ്യക്തമാക്കുന്നു​—⁠പ്രവൃത്തികൾ 2:25-27; വെളിപ്പാടു 20:13, 14.

പിശാച്‌ ആരംഭത്തിൽ “സത്യത്തിൽ” ആയിരുന്നു. ദൈവത്തിന്റെ പൂർണതയുള്ള ഒരു ആത്മപുത്രൻ എന്ന നിലയിൽ അവൻ ഒരിക്കൽ യഹോവയുടെ സ്വർഗീയ കുടുംബത്തിലെ ഒരു അംഗമായിരുന്നു. എന്നാൽ ‘അവൻ സത്യത്തിൽ ഉറച്ചു നിന്നില്ല.’ അവൻ പ്രിയപ്പെട്ടത്‌ സ്വന്തം വഴികളും ഭോഷ്‌കിൽ അധിഷ്‌ഠിതമായ സ്വന്തം തത്ത്വങ്ങളുമായിരുന്നു. “ആദിമുതൽ” എന്ന പരാമർശം, ദൈവത്തിന്റെ ഒരു ദൂതപുത്രനായി അവൻ സൃഷ്ടിക്കപ്പെട്ട സമയത്തെയല്ല, മറിച്ച്‌ അവൻ യഹോവയ്‌ക്ക്‌ എതിരെ മത്സരിക്കുകയും ആദാമിനോടും ഹവ്വായോടും ഭോഷ്‌കു പറയുകയും ചെയ്‌ത സമയത്തെ കുറിക്കുന്നു. മോശെയുടെ കാലത്ത്‌ യഹോവയ്‌ക്ക്‌ എതിരെ മത്സരിച്ച ആളുകളെ പോലെയാണ്‌ പിശാച്‌. അവരെ കുറിച്ച്‌ നാം ഇങ്ങനെ വായിക്കുന്നു: “അവർ അവനോടു തിന്മ പ്രവർത്തിച്ചു, അവരുടെ ന്യൂനതമൂലം ഇനി അവർ അവന്റെ മക്കളല്ല.” (ആവർത്തനപുസ്‌തകം 32:​5, ഓശാന ബൈബിൾ) സാത്താനെ കുറിച്ചും അതുതന്നെ പറയാവുന്നതാണ്‌. ദൈവത്തോടു മത്സരിക്കുകയും ആദാമിന്റെയും ഹവ്വായുടെയും, അതേ മുഴു മനുഷ്യവർഗത്തിന്റെയും, മരണത്തിന്‌ ഉത്തരവാദി ആകുകയും ചെയ്‌തപ്പോഴാണ്‌ അവൻ “കുലപാതകൻ” ആയത്‌.​—⁠റോമർ 5:⁠12.

അനുസരണംകെട്ട ദൂതന്മാർ

മറ്റു ചില ദൂതന്മാരും സാത്താനോടൊപ്പം അവന്റെ മത്സരഗതിയിൽ പങ്കുചേർന്നു. (ലൂക്കൊസ്‌ 11:14, 15) ഈ ദൂതന്മാർ നോഹയുടെ നാളിൽ ‘സ്വന്ത വാസസ്ഥലം വിട്ടെറിഞ്ഞ്‌’ മനുഷ്യശരീരം ധരിച്ച്‌ “മനുഷ്യരുടെ പുത്രിമാ”രുമായി ലൈംഗിക ബന്ധം ആസ്വദിച്ചു. (യൂദാ 6; ഉല്‌പത്തി 6:1-4; 1 പത്രൊസ്‌ 3:19, 20) ‘ആകാശത്തിലെ നക്ഷത്രങ്ങളിൽ മൂന്നിലൊന്ന്‌’ അതായത്‌, ആത്മജീവികളിൽ ഒരു ന്യൂനപക്ഷം, ഈ ഗതി സ്വീകരിച്ചു.​—⁠വെളിപ്പാടു 12:⁠4.

പ്രതീകാത്മക വിവരങ്ങൾ അടങ്ങിയ വെളിപ്പാടു പുസ്‌തകം സാത്താനെ “തീനിറമുള്ളോരു മഹാസർപ്പം” ആയി ചിത്രീകരിക്കുന്നു. (വെളിപ്പാടു 12:3) കാരണം? അവന്‌ അക്ഷരീയമായി ഭയാനകവും വികൃതവുമായ ഒരു ശരീരം ഉള്ളതുകൊണ്ടല്ല അത്‌. ആത്മജീവികൾക്കു വാസ്‌തവത്തിൽ ഏതുതരം ശരീരമാണ്‌ ഉള്ളത്‌ എന്നു നമുക്ക്‌ അറിയില്ലെങ്കിലും, ദൂതന്മാരായ മറ്റ്‌ ആത്മജീവികളുടേതിനു സമാനമായ ശരീരം തന്നെയായിരിക്കണം സാത്താനും ഉള്ളത്‌. “തീനിറമുള്ളോരു മഹാസർപ്പം” എന്ന വർണന സാത്താന്റെ, വിശന്നുവലഞ്ഞ വന്യമൃഗത്തിന്റേതിനു സമാനമായ, ഭീകരവും ശക്തവും വിനാശകവുമായ പ്രകൃതത്തിനു നന്നായി യോജിക്കുന്നു.

സാത്താന്റെയും ഭൂതങ്ങളുടെയും പ്രവർത്തനങ്ങൾ ഇപ്പോൾ വളരെയധികം പരിമിതപ്പെട്ടിരിക്കുകയാണ്‌. മുമ്പ്‌ സാധിച്ചിരുന്നതുപോലെ അവർക്ക്‌ മേലാൽ മനുഷ്യശരീരം ധരിക്കാൻ കഴിയുകയില്ല. 1914-ൽ ക്രിസ്‌തു മുഖാന്തരം ദൈവരാജ്യം സ്ഥാപിതമായി അധികം കഴിയുന്നതിനു മുമ്പുതന്നെ അവർ ഭൂമിയുടെ പരിസരത്തേക്കു വലിച്ചെറിയപ്പെട്ടു.​—⁠വെളിപ്പാടു 12:7-9.

പിശാച്‌ ഒരു പ്രബല ശത്രു

എങ്കിലും പിശാച്‌ ഇപ്പോഴും ഒരു പ്രബല ശത്രുവാണ്‌. അവൻ “അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരിഞ്ഞു ചുററിനടക്കു”കയാണ്‌. (1 പത്രൊസ്‌ 5:8) നമ്മുടെ അപൂർണ ജഡത്തിൽ കുടികൊള്ളുന്ന, തിന്മ എന്ന ഗുണമല്ല അവൻ. നമ്മുടെ പാപപൂർണമായ ചായ്‌വുകളുമായി നമുക്ക്‌ ഒരു നിരന്തര പോരാട്ടമുണ്ട്‌ എന്നതു ശരിയാണ്‌. (റോമർ 7:18-20) എന്നാൽ നമുക്ക്‌ യഥാർഥ പോരാട്ടമുള്ളത്‌ “ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോടും” ആണ്‌.​—⁠എഫെസ്യർ 6:⁠12.

സാത്താന്റെ സ്വാധീനം എത്ര വ്യാപകമാണ്‌? “സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു” എന്ന്‌ അപ്പൊസ്‌തലനായ യോഹന്നാൻ പറയുന്നു. (1 യോഹന്നാൻ 5:19) പിശാചിനെ കുറിച്ച്‌ അമിത താത്‌പര്യം പുലർത്താനോ അവനെ കുറിച്ചുള്ള അന്ധവിശ്വാസപരമായ ഭയത്തിന്‌ അടിപ്പെടാനോ നാം ആഗ്രഹിക്കുന്നില്ല. എങ്കിലും, സത്യം സംബന്ധിച്ചു നമ്മെ അന്ധരാക്കാനും ദൈവത്തോടുള്ള നമ്മുടെ ദൃഢവിശ്വസ്‌തത തകർക്കാനും ഉള്ള അവന്റെ ശ്രമങ്ങൾക്കെതിരെ നാം ജാഗ്രത പുലർത്തുന്നത്‌ ബുദ്ധിയായിരിക്കും.​—⁠ഇയ്യോബ്‌ 2:3-5; 2 കൊരിന്ത്യർ 4:3, 4.

ദൈവഹിതം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവരെ ആക്രമിക്കാൻ പിശാച്‌ എപ്പോഴും മൃഗീയമായ മാർഗങ്ങൾ ഉപയോഗിക്കുന്നില്ല. ചിലപ്പോൾ അവൻ “വെളിച്ചദൂത”നായി ചമയുന്നു. “സർപ്പം ഹവ്വയെ ഉപായത്താൽ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സു ക്രിസ്‌തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ടു വഷളായിപ്പോകുമോ എന്നു ഞാൻ ഭയപ്പെടുന്നു” എന്ന്‌ എഴുതുകവഴി അപ്പൊസ്‌തലനായ പൗലൊസ്‌ ഈ അപകടത്തിനെതിരെ ക്രിസ്‌ത്യാനികൾക്കു മുന്നറിയിപ്പു നൽകി.​—⁠2 കൊരിന്ത്യർ 11:3, 14.

അതുകൊണ്ട്‌ നാം ‘നിർമ്മദരായിരിക്കുകയും ഉണർന്നിരിക്കുകയും വിശ്വാസത്തിൽ സ്ഥിരമുള്ളവരായി അവനോട്‌ എതിർത്തു നിൽക്കുകയും’ വേണം. (1 പത്രൊസ്‌ 5:8, 9; 2 കൊരിന്ത്യർ 2:11) ഭൂതവിദ്യയുമായി ബന്ധമുള്ള എന്തിലെങ്കിലും ഏർപ്പെട്ടുകൊണ്ട്‌ സാത്താന്റെ കൈകളിൽ പെടാതിരിക്കാൻ നാം ശ്രദ്ധിക്കണം. (ആവർത്തനപുസ്‌തകം 18:10-12) ദൈവവചനം നന്നായി പഠിക്കുന്ന ഒരു വ്യക്തി ആയിരിക്കുക. പിശാചിനാൽ പരീക്ഷിക്കപ്പെട്ടപ്പോൾ യേശു ആവർത്തിച്ച്‌ ദൈവവചനത്തിൽനിന്നു പരാമർശനങ്ങൾ നടത്തിയെന്ന കാര്യം മനസ്സിൽ പിടിക്കുക. (മത്തായി 4:4, 7, 10) ദൈവാത്മാവിനായി പ്രാർഥിക്കുക. സാത്താൻ വളരെ ഫലപ്രദമായി ഊട്ടിവളർത്തുന്ന, ജഡത്തിന്റെ പ്രവൃത്തികൾ ഒഴിവാക്കാൻ ദൈവാത്മാവിന്റെ ഫലം നിങ്ങളെ സഹായിക്കും. (ഗലാത്യർ 5:16-24) പിശാചിൽനിന്നോ അവന്റെ ഭൂതങ്ങളിൽനിന്നോ ഉള്ള സമ്മർദം അനുഭവപ്പെടുന്നതായി തോന്നുമ്പോൾ യഹോവയോട്‌ ആത്മാർഥമായി പ്രാർഥിക്കുക.​—⁠ഫിലിപ്പിയർ 4:6, 7.

സാത്താനെ ഭയപ്പെടേണ്ട കാര്യമില്ല. സാത്താന്റെ സകല പ്രവർത്തനങ്ങളിൽ നിന്നുമുള്ള യഥാർഥ സുരക്ഷിതത്വം യഹോവ വാഗ്‌ദാനം ചെയ്യുന്നു. (സങ്കീർത്തനം 91:1-4; സദൃശവാക്യങ്ങൾ 18:10; യാക്കോബ്‌ 4:7, 8) “കർത്താവിലും അവന്റെ അമിതബലത്തിലും ശക്തിപ്പെടുവിൻ” എന്ന്‌ അപ്പൊസ്‌തലനായ പൗലൊസ്‌ പറയുന്നു. അങ്ങനെയെങ്കിൽ, “പിശാചിന്റെ തന്ത്രങ്ങളോടു എതിർത്തുനില്‌പാൻ” നിങ്ങൾക്കു കഴിയും.​—⁠എഫെസ്യർ 6:10, 11.

[5-ാം പേജിലെ ചിത്രം]

പിശാച്‌ ഒരു യഥാർഥ വ്യക്തിയാണെന്ന്‌ യേശുവിന്‌ അറിയാമായിരുന്നു

[6-ാം പേജിലെ ചിത്രം]

“സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു”

[കടപ്പാട്‌]

NASA photo

[7-ാം പേജിലെ ചിത്രങ്ങൾ]

ദൈവവചനം പഠിച്ചുകൊണ്ടും നിരന്തരം പ്രാർഥിച്ചുകൊണ്ടും പിശാചിനോട്‌ എതിർത്തു നിൽക്കുക