വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“ഫ്രാൻസിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌ എന്താണ്‌?”

“ഫ്രാൻസിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌ എന്താണ്‌?”

“ഫ്രാൻസിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌ എന്താണ്‌?”

“സ്വാതന്ത്ര്യമേ, പ്രിയ സ്വാതന്ത്ര്യമേ,” ഫ്രാൻസിന്റെ ദേശീയഗാനമായ ‘ലാ മാർസേയാസി’ൽ നിന്നുള്ള വാക്കുകളാണ്‌ അവ. സ്വാതന്ത്ര്യം മൂല്യവത്തായി കരുതേണ്ട ഒന്നാണ്‌ എന്നതിനു രണ്ടു പക്ഷമില്ല. എന്നാൽ, ഫ്രാൻസിൽ അടുത്തയിടെ ഉണ്ടായ സംഭവവികാസങ്ങൾ ആളുകൾക്ക്‌ അടിസ്ഥാന സ്വാതന്ത്ര്യങ്ങൾ പോലും നിഷേധിക്കപ്പെടുമോ എന്ന ഉത്‌കണ്‌ഠ അവിടത്തെ ജനങ്ങൾക്കിടയിൽ പരക്കാൻ ഇടയാക്കിയിരിക്കുന്നു. അതുകൊണ്ടാണ്‌ 2000 നവംബർ 3 വെള്ളിയാഴ്‌ച പതിനായിരക്കണക്കിന്‌ യഹോവയുടെ സാക്ഷികൾ ഒരു പ്രത്യേക ലഘുലേഖയുടെ 12 ദശലക്ഷം പ്രതികൾ വിതരണം ചെയ്‌തത്‌. “ഫ്രാൻസിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌ എന്താണ്‌? സ്വാതന്ത്ര്യം അപ്രത്യക്ഷമാകുമോ?” എന്നതായിരുന്നു ആ ലഘുലേഖയുടെ ശീർഷകം.

വർഷങ്ങളായി വിവിധ രാഷ്‌ട്രീയക്കാരും മതഭേദ വിരുദ്ധ പ്രസ്ഥാനക്കാരും ഫ്രാൻസിലെ യഹോവയുടെ സാക്ഷികളെ ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്‌. ഇത്‌ വ്യക്തിഗത തലത്തിലും സഭാതലത്തിലും ദേശീയ തലത്തിലും സാക്ഷികൾക്ക്‌ ബുദ്ധിമുട്ടുകൾ ഉളവാക്കിയിരിക്കുന്നു. എന്നാൽ 2000 ജൂൺ 23-ന്‌ ഫ്രാൻസിലെ ഏറ്റവും ഉയർന്ന അഡ്‌മിനിസ്‌ട്രേറ്റീവ്‌ കോടതി ഒരു സുപ്രധാന തീർപ്പു കൽപ്പിച്ചു. ഇതിൽ 1,100-ലധികം കേസുകളിന്മേലുള്ള 31 കീഴ്‌കോടതികളുടെ വിധികളെ അതു ശരിവെച്ചു. യഹോവയുടെ സാക്ഷികളുടെ ആരാധന ഫ്രഞ്ച്‌ നിയമവുമായി തികച്ചും യോജിപ്പിലാണെന്നും മറ്റു മതങ്ങൾക്കു ലഭിക്കുന്ന നികുതി ഇളവുകൾ അവരുടെ രാജ്യഹാളുകൾക്കും ലഭിക്കേണ്ടതാണെന്നും ഹൈക്കോടതി സ്ഥിരീകരിച്ചു.

എന്നാൽ, ഈ കോടതി വിധിയെ ഒട്ടും മാനിക്കാതെ ഫ്രഞ്ച്‌ ധനകാര്യ മന്ത്രാലയം നിയമപരമായി മറ്റ്‌ മതസംഘടനകൾക്ക്‌ അനുവദിച്ചു കൊടുത്തിരിക്കുന്ന നികുതി ഇളവ്‌ യഹോവയുടെ സാക്ഷികൾക്കു നിഷേധിക്കുകയാണ്‌. ഫ്രാൻസിലെ 1,500 പ്രാദേശിക സഭകളിൽ കൂടിവരുന്ന സാക്ഷികളും അവരുടെ സുഹൃത്തുക്കളും നൽകുന്ന സംഭാവനകളിന്മേൽ ഈ മന്ത്രാലയം 60 ശതമാനം നികുതി ചുമത്തിയിരിക്കുകയാണ്‌. കേസ്‌ ഇപ്പോഴും നടക്കുന്നു.

ഈ വൈരുദ്ധ്യം തുറന്നുകാട്ടുകയും ഇത്തരം നിർബന്ധിത നികുതി ചുമത്തലുകളും സകലരുടെയും മതസ്വാതന്ത്ര്യത്തിനു തുരങ്കം വെച്ചേക്കാവുന്ന നിർദിഷ്ട നിയമങ്ങളും മൂലമുണ്ടാകുന്ന അപകടങ്ങൾ എടുത്തുകാട്ടുകയുമായിരുന്നു തുടക്കത്തിൽ പരാമർശിച്ച ആ പ്രചാരണ പരിപാടിയുടെ ലക്ഷ്യം. *

ഒരു നീണ്ട ദിവസം

ചില സഭകളിലുള്ള സാക്ഷികൾ വെളുപ്പിന്‌ രണ്ടു മണിക്ക്‌ റെയിൽവേ സ്റ്റേഷനുകൾക്കും ഫാക്‌ടറികൾക്കും വിമാനത്താവളങ്ങൾക്കും വെളിയിൽ ലഘുലേഖ വിതരണം ചെയ്‌തു തുടങ്ങി. രാവിലെ ആറു മണിക്ക്‌ പാരീസ്‌ നഗരം ഉണർന്നു. ജോലിക്കു പോകുന്നവർക്ക്‌ ലഘുലേഖ നൽകാൻ ഏതാണ്ട്‌ 6,000 സ്വമേധയാ സേവകരെ പ്രത്യേക സ്ഥലങ്ങളിൽ നിയമിച്ചിരുന്നു. ഒരു യുവതി ഇങ്ങനെ പറഞ്ഞു: “മതസ്വാതന്ത്ര്യത്തിനു വേണ്ടി നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ അഭിനന്ദനാർഹമാണ്‌. ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്‌ യഹോവയുടെ സാക്ഷികൾ മാത്രമല്ല.” മാഴ്‌സേയിൽ 350-ൽപ്പരം സാക്ഷികൾ ഭൂഗർഭ റെയിൽവേ സ്റ്റേഷനുകളിലും തെരുവുകളിലും ലഘുലേഖ വിതരണം ചെയ്‌തു. ഒരു മണിക്കൂറിനുള്ളിൽ, പ്രചാരണ പരിപാടിയെ കുറിച്ച്‌ നാഷണൽ റേഡിയോ റിപ്പോർട്ടു ചെയ്‌തു. യഹോവയുടെ സാക്ഷികൾ സമീപിക്കുകയാണെങ്കിൽ അത്ഭുതപ്പെടരുതെന്ന്‌ അതു ശ്രോതാക്കളെ അറിയിച്ചു. യൂറോപ്യൻ മനുഷ്യാവകാശ കോടതിയുടെ ആസ്ഥാനമായ സ്‌ട്രാസ്‌ബർഗിൽ സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ യാത്രക്കാർ ലഘുലേഖയുടെ പ്രതികൾ ലഭിക്കാനായി ക്ഷമയോടെ ക്യൂ നിന്നു. സാക്ഷികളുടെ വിശ്വാസങ്ങൾ വെച്ചുപുലർത്തുന്ന വ്യക്തിയല്ലെങ്കിലും അവരുടെ പോരാട്ടം സുപ്രധാനവും ന്യായവും ആയതുകൊണ്ട്‌ താൻ അവരുടെ കേസ്‌ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന്‌ ഒരു അഭിഭാഷകൻ അഭിപ്രായപ്പെട്ടു.

ആൽപ്പൈൻ നഗരമായ ഗ്രെനോബിളിൽ 507 സാക്ഷികൾ കനത്ത മഴയെ വകവെക്കാതെ രാവിലെ എട്ടു മണിക്ക്‌ തെരുവുകൾ അരിച്ചുപെറുക്കി ലഘുലേഖ വിതരണം ചെയ്‌തു. കൂടാതെ ലെറ്റർ ബോക്‌സുകളിലും അവർ ലഘുലേഖകൾ നിക്ഷേപിച്ചു. കാർ ഡ്രൈവർമാരും ട്രാം ഓടിക്കുന്നവരുമൊക്കെ എന്താണ്‌ നടക്കുന്നത്‌ എന്നറിയാനുള്ള ആകാംക്ഷയോടെ തങ്ങളുടെ വണ്ടികൾ നിറുത്തി ലഘുലേഖകൾ ആവശ്യപ്പെട്ടു. പശ്ചിമ ഫ്രാൻസിലെ പ്വാറ്റിയേ നഗരത്തിൽ, ഒമ്പതു മണിക്ക്‌ ട്രെയിനിൽ വന്നിറങ്ങിയ യാത്രക്കാരുടെ കൈവശം പ്രസ്‌തുത ലഘുലേഖകൾ ഉണ്ടായിരുന്നു. യാത്ര പുറപ്പെട്ട മലൂസ്‌ സ്റ്റേഷനിൽ വെച്ചുതന്നെ അവർക്ക്‌ കിട്ടിയതാണ്‌ അവ. ജർമൻ അതിർത്തിക്കു സമീപമുള്ള ആ സ്റ്റേഷനിൽ, ലഘുലേഖയുടെ 40,000 പ്രതികൾ സാക്ഷികൾ വിതരണം ചെയ്‌തിരുന്നു.

പത്തു പണിയോടെ പല സഭകളും തങ്ങളുടെ കൈവശമുള്ള ലഘുലേഖകളുടെ പകുതിയിൽ അധികം വിതരണം ചെയ്‌തുകഴിഞ്ഞിരുന്നു. വളരെ കുറച്ച്‌ ആളുകൾ മാത്രമേ ലഘുലേഖ സ്വീകരിക്കാതിരുന്നുള്ളൂ. ഈ വിതരണം ആളുകളുമായുള്ള ഒട്ടേറെ രസകരമായ സംഭാഷണങ്ങൾക്കു വഴിതെളിച്ചു. സ്വിറ്റ്‌സർലൻഡിന്റെ അതിർത്തിയിൽനിന്ന്‌ ഏകദേശം 80 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ബെസാൻസണിൽ, ഒരു ചെറുപ്പക്കാരൻ ബൈബിളിൽ താത്‌പര്യം കാണിക്കുകയും ദൈവം കഷ്ടപ്പാടുകൾ അനുവദിക്കുന്നത്‌ എന്തുകൊണ്ടാണെന്ന്‌ അറിയാൻ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്‌തു. ചർച്ച തുടരാൻ സാക്ഷി അയാളെ അടുത്തുള്ള രാജ്യഹാളിലേക്കു ക്ഷണിച്ചു. ദൈവം നമ്മിൽനിന്ന്‌ എന്ത്‌ ആവശ്യപ്പെടുന്നു? ലഘുപത്രിക ഉപയോഗിച്ച്‌ ഉടൻ ഒരു ബൈബിൾ അധ്യയനവും ആരംഭിച്ചു.

ഒട്ടേറെ സാക്ഷികൾ തങ്ങളുടെ ഉച്ചഭക്ഷണ ഇടവേളയിൽ ഒന്നോ രണ്ടോ മണിക്കൂർ ഈ പ്രചാരണ പരിപാടിയിൽ പങ്കെടുത്തു. ഉച്ചകഴിഞ്ഞുള്ള സമയം മുഴുവൻ വിതരണം തുടർന്നു. മൂന്നോ നാലോ മണി ആയപ്പോഴേക്കും പല സഭകളും തങ്ങളുടെ കൈവശമുള്ള ലഘുലേഖകൾ മുഴുവൻ കൊടുത്തുതീർത്തിരുന്നു. റെയിംസ്‌ നഗരത്തിൽ, മുമ്പ്‌ യഹോവയുടെ സാക്ഷികളുമൊത്ത്‌ ബൈബിൾ പഠിച്ചിരുന്നവരോ സഹവസിച്ചിരുന്നവരോ ആയ ചിലർ സഭയുമായുള്ള ബന്ധം പുതുക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു. ബോർഡോയിൽ മൂന്ന്‌ ഭവന ബൈബിൾ അധ്യയനങ്ങൾ ആരംഭിച്ചു. അതേ നഗരത്തിൽത്തന്നെ, ഒരു സാക്ഷി പത്രം വാങ്ങിക്കാൻ കടയിൽ ചെന്നപ്പോൾ കൗണ്ടറിൽ ഒരു കെട്ടു ലഘുലേഖകൾ കാണാനിടയായി. കടയുടമസ്ഥ മുമ്പ്‌ ഒരു യഹോവയുടെ സാക്ഷിയായിരുന്നു. ലഘുലേഖ ലഭിച്ചപ്പോൾ അവർ അതിന്റെ പ്രാധാന്യം തിരിച്ചറിയുകയും മറ്റുള്ളവർക്കു വിതരണം ചെയ്യാനായി അതിന്റെ കുറേ ഫോട്ടോകോപ്പികൾ എടുത്തുവെക്കുകയും ചെയ്‌തു.

നോർമാൻഡിയിലെ ലഹാവ്‌റയിലുള്ള പ്രൊട്ടസ്റ്റന്റുകാരിയായ ഒരു വനിത യഹോവയുടെ സാക്ഷികൾക്കു ലഭിക്കുന്ന സംഭാവനകൾക്കു നികുതി ചുമത്തുന്നു എന്ന വാർത്ത കേട്ട്‌ ഞെട്ടിപ്പോയി. അവർ അതീവ താത്‌പര്യത്തോടെ ലഘുലേഖ സ്വീകരിക്കുകയും ഇത്തരം അനീതിക്കെതിരെ ശബ്ദമുയർത്തിയതിനു സാക്ഷികളെ അഭിനന്ദിക്കുകയും ചെയ്‌തു. വൈകിട്ട്‌ 7:20-നുള്ള പ്രാദേശിക ടെലിവിഷൻ വാർത്ത ലഘുലേഖാ വിതരണത്തെ കുറിച്ച്‌ ഇങ്ങനെ പറഞ്ഞു: “രാവിലെ, യഹോവയുടെ സാക്ഷികൾ വിതരണം ചെയ്‌ത ലഘുലേഖ വാങ്ങാതെ ഒഴിഞ്ഞുമാറി നടക്കുന്നതിലും എളുപ്പം മഴത്തുള്ളികളിൽനിന്ന്‌ ഒഴിഞ്ഞുമാറി നടക്കുന്നതായിരുന്നു.” കൂടാതെ, രണ്ടു സാക്ഷികളുമായുള്ള അഭിമുഖത്തിൽ പ്രചാരണ പരിപാടിക്കുള്ള കാരണങ്ങൾ വിവരിക്കാൻ അവരോട്‌ അഭ്യർഥിക്കുകയുണ്ടായി.

ലൗകിക ജോലിക്കുശേഷം പ്രചാരണ പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിച്ച ചില സാക്ഷികൾ ജോലി കഴിഞ്ഞ്‌ മടങ്ങുന്നവർക്കു ലഘുലേഖകൾ വിതരണം ചെയ്‌തു. ചില ലഘുലേഖകൾ അവർ ആളുകളുടെ ലെറ്റർ ബോക്‌സുകളിലും നിക്ഷേപിച്ചു. കളിമൺ ഉത്‌പന്നങ്ങൾക്കു പേരുകേട്ട ബ്രെസ്റ്റ്‌, ലിമോഷ്‌ എന്നീ പട്ടണങ്ങളിൽ രാത്രി 11 മണിക്ക്‌ സിനിമയും കണ്ട്‌ മടങ്ങുന്ന ആളുകളായിരുന്നു ഒടുവിൽ ലഘുലേഖ ലഭിച്ചവരിൽ ചിലർ. മിച്ചംവന്ന പ്രതികൾ ശേഖരിച്ച്‌ പിറ്റേന്ന്‌ രാവിലെ വിതരണം ചെയ്‌തു.

ഫലങ്ങൾ

ഒരു സാക്ഷി ഇങ്ങനെ എഴുതി: “നാം ദുർബലപ്പെടുകയാണെന്നാണ്‌ പ്രതിയോഗികൾ കരുതുന്നത്‌. വാസ്‌തവത്തിൽ നേരെ മറിച്ചാണു സംഭവിക്കുന്നത്‌.” മിക്ക സഭകളിലും 75 ശതമാനത്തിലധികം സാക്ഷികൾ ഈ വേലയിൽ പങ്കുചേർന്നു. ചിലർ 10-ഓ 12-ഓ 14-ഓ മണിക്കൂർ ഈ പ്രവർത്തനത്തിനായി ചെലവഴിച്ചു. ഫ്രാൻസിന്റെ വടക്കുള്ള എം എന്ന സ്ഥലത്ത്‌ രാത്രിയിലെ ഷിഫ്‌റ്റുജോലിക്കുശേഷം ഒരു സാക്ഷി വെളുപ്പിന്‌ അഞ്ച്‌ മണി മുതൽ ഉച്ചകഴിഞ്ഞ്‌ മൂന്നു മണി വരെ ലഘുലേഖ വിതരണം ചെയ്‌തു. 1906 മുതൽ ഒരു സഭ നിലവിലിരുന്ന ഡെനെൻ എന്ന സ്ഥലത്ത്‌ വെള്ളിയാഴ്‌ച ലഘുലേഖ വിതരണം ചെയ്യാൻ 75 സാക്ഷികൾ 200 മണിക്കൂർ ചെലവഴിച്ചു. ആ സഭയിലെ മറ്റുള്ളവരും, പ്രായാധിക്യവും രോഗവും പ്രതികൂല കാലാവസ്ഥയും വകവെക്കാതെ ഈ വേലയിൽ ഉത്സാഹപൂർവം പങ്കെടുത്തു. ഉദാഹരണത്തിന്‌, ലാമാനിൽ 80-നു മേൽ പ്രായമുള്ള മൂന്ന്‌ സഹോദരിമാർ ലഘുലേഖകൾ ലെറ്റർ ബോക്‌സുകളിൽ നിക്ഷേപിച്ചുകൊണ്ട്‌ ഈ പ്രവർത്തനത്തിൽ രണ്ടു മണിക്കൂർ ഏർപ്പെട്ടു. റെയിൽവേ സ്റ്റേഷനു മുമ്പിൽ വീൽച്ചെയറിൽ ഇരുന്നുകൊണ്ട്‌ ഒരു സാക്ഷി ലഘുലേഖ വിതരണം ചെയ്‌തു. മുമ്പ്‌ നിഷ്‌ക്രിയരായിരുന്ന നിരവധി സാക്ഷികൾ ഈ പ്രത്യേക പ്രവർത്തനത്തിൽ പങ്കുചേരുന്ന കാഴ്‌ച പ്രോത്സാഹജനകമായിരുന്നു!

ഈ വിതരണ പരിപാടി വലിയ ഒരു സാക്ഷ്യത്തിൽ കലാശിച്ചുവെന്നതിനു സംശയമില്ല. ജീവിതത്തിന്റെ നാനാ തുറകളിൽനിന്നുള്ള, സാക്ഷികൾക്കു ഭവനങ്ങളിൽ കണ്ടുമുട്ടാൻ കഴിയാഞ്ഞ ഒട്ടേറെ ആളുകൾക്ക്‌ ഈ ലഘുലേഖയുടെ ഒരു പ്രതി ലഭിച്ചു. സാക്ഷികളുടെ താത്‌പര്യങ്ങൾ സംരക്ഷിക്കുക എന്നതിലുപരിയായി ഒട്ടേറെ നേട്ടങ്ങൾ ഈ പരിപാടിയിലൂടെ കൈവരിക്കാൻ കഴിഞ്ഞതായി പലരും അഭിപ്രായപ്പെട്ടു. എല്ലാ ഫ്രഞ്ചുകാരുടെയും മനസ്സാക്ഷി സ്വാതന്ത്ര്യവും ആരാധനാ സ്വാതന്ത്ര്യവും സംരക്ഷിക്കാനുള്ള ഒരു സംരംഭമായി പലരും അതിനെ വീക്ഷിച്ചു. സുഹൃത്തുക്കൾക്കോ സഹപ്രവർത്തകർക്കോ ബന്ധുക്കൾക്കോ നൽകാനായി ആളുകൾ അതിന്റെ കൂടുതൽ പ്രതികൾ ആവശ്യപ്പെട്ടത്‌ അതിനു തെളിവാണ്‌.

അതേ, യഹോവയുടെ നാമം പ്രസിദ്ധമാക്കാനും രാജ്യതാത്‌പര്യങ്ങൾ സംരക്ഷിക്കാനും കഴിയുന്നതിൽ യഹോവയുടെ സാക്ഷികൾ അഭിമാനിക്കുന്നു. (1 പത്രൊസ്‌ 3:15) “എല്ലാ ഭക്‌തിയിലും വിശുദ്‌ധിയിലും ശാന്തവും സമാധാനപൂർണ്ണവുമായ ജീവിതം നയിക്കാ”ൻ കഴിയുമെന്നും തങ്ങളുടെ സ്വർഗീയ പിതാവായ യഹോവയെ സ്‌തുതിക്കാൻ ഇനിയും ആയിരങ്ങൾ തങ്ങളോടൊപ്പം ചേരുമെന്നുമാണ്‌ അവരുടെ ആത്മാർഥമായ പ്രത്യാശ.​—⁠1 തിമൊഥെയൊസ്‌ 2:2, പി.ഒ.സി. ബൈ.

[അടിക്കുറിപ്പുകൾ]

^ ഖ. 5 മതപരമായ വിവേചനത്തിനെതിരെ പ്രതിഷേധിക്കാൻ 1999 ജനുവരിയിലും സമാനമായ ഒരു പ്രചാരണ പരിപാടി നടത്തിയിരുന്നു. 1999 ഓഗസ്റ്റ്‌ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 9-ാം പേജും യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്‌തകം 2000-ത്തിന്റെ 24-6 പേജുകളും കാണുക.