വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മധ്യപൂർവ ദേശത്ത്‌ ആത്മീയ വെളിച്ചം പ്രകാശിക്കുന്നു

മധ്യപൂർവ ദേശത്ത്‌ ആത്മീയ വെളിച്ചം പ്രകാശിക്കുന്നു

ജീവിത കഥ

മധ്യപൂർവ ദേശത്ത്‌ ആത്മീയ വെളിച്ചം പ്രകാശിക്കുന്നു

നാജിബ്‌ സാലെം പറഞ്ഞപ്രകാരം

പൊ.യു. ഒന്നാം നൂറ്റാണ്ടിൽ ദൈവവചനത്തിന്റെ വെളിച്ചം മധ്യപൂർവ ദേശത്തു പ്രകാശിച്ചു തുടങ്ങുകയും ഭൂമിയുടെ അറ്റങ്ങൾവരെ എത്തുകയും ചെയ്‌തു. 20-ാം നൂറ്റാണ്ടിൽ, ലോകത്തിന്റെ ആ ഭാഗത്തെ പ്രകാശമാനമാക്കാൻ ആ വെളിച്ചം അവിടേക്ക്‌ മടങ്ങിവന്നിരിക്കുന്നു. അത്‌ എങ്ങനെയെന്നു പറയാം.

വടക്കൻ ലബനോനിലെ ആമിയൂൻ പട്ടണത്തിലാണു ഞാൻ ജനിച്ചത്‌, 1913-ൽ. ലോകം ഒരു പരിധിവരെ സ്ഥിരതയും ശാന്തതയും ദർശിച്ച അവസാന വർഷം അതായിരുന്നു. കാരണം, പിറ്റേ വർഷം ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു. 1918-ൽ യുദ്ധം അവസാനിച്ചപ്പോൾ, മധ്യപൂർവ ദേശത്തെ പവിഴം എന്ന്‌ അറിയപ്പെട്ടിരുന്ന ലബനോൻ സാമ്പത്തികമായും രാഷ്‌ട്രീയമായും തകർന്ന അവസ്ഥയിലായിരുന്നു.

ലബനോനിൽ 1920-ൽ തപാൽ സേവനം പുനരാരംഭിച്ചപ്പോൾ വിദേശത്തു താമസിച്ചിരുന്ന ലബനോൻകാരിൽനിന്ന്‌ കത്തുകളും മറ്റും ലഭിക്കാൻ തുടങ്ങി. അക്കൂട്ടത്തിൽ എന്റെ അമ്മയുടെ സഹോദരന്മാരായ അബ്ദുള്ളയുടെയും ജോർജ്‌ ഗാന്റൂസിന്റെയും ഒരു കത്ത്‌ അവരുടെ അച്ഛനും എന്റെ മുത്തശ്ശനുമായ ഹബീബ്‌ ഗാന്റൂസിനും ലഭിച്ചു. ദൈവരാജ്യത്തെ കുറിച്ച്‌ അവർ അതിൽ എഴുതിയിരുന്നു. (മത്തായി 24:14) അതേക്കുറിച്ച്‌ മറ്റുള്ളവരോട്‌ വെറുതെയൊന്നു പറഞ്ഞപ്പോൾത്തന്നെ ആളുകൾ അദ്ദേഹത്തെ കളിയാക്കാൻ തുടങ്ങി. നിലം വിറ്റ്‌ ഒരു കഴുതയെ വാങ്ങി പ്രസംഗപ്രവർത്തനത്തിനു പോകാൻ ഹബീബിന്റെ മക്കൾ അദ്ദേഹത്തെ പ്രേരിപ്പിക്കുകയാണെന്നു വരെ ആളുകൾ പറഞ്ഞുപരത്തി.

ആദ്യകാലത്ത്‌ വെളിച്ചം വ്യാപിച്ച വിധം

പിറ്റേ വർഷം, അതായത്‌ 1921-ൽ അമേരിക്കയിലെ ബ്രുക്ലിനിൽ താമസിച്ചിരുന്ന മിഷെൽ ആബൂദ്‌ ലബനോനിലെ ട്രിപ്പൊളിയിലേക്കു മടങ്ങിവന്നു. അദ്ദേഹം ഒരു ബൈബിൾ വിദ്യാർഥി​—⁠യഹോവയുടെ സാക്ഷികൾ അന്ന്‌ അറിയപ്പെട്ടിരുന്നത്‌ അങ്ങനെയാണ്‌​—⁠ആയിത്തീർന്നിരുന്നു. ആബൂദ്‌ സഹോദരന്റെ ബന്ധുമിത്രാദികളിൽ ഭൂരിഭാഗവും ബൈബിൾ സന്ദേശം കൈക്കൊണ്ടില്ലെങ്കിലും അറിയപ്പെടുന്ന രണ്ടു വ്യക്തികൾ അനുകൂലമായി പ്രതികരിച്ചു, ഇബ്രാഹിം ആറ്റിയാ എന്ന പ്രൊഫസറും ഹാന്ന ഷാമ്മാസ്‌ എന്ന ദന്തഡോക്‌ടറും. ഡോ. ഷാമ്മാസ്‌ തന്റെ വീടും ക്ലിനിക്കും ക്രിസ്‌തീയ യോഗങ്ങൾ നടത്താനായി വിട്ടുകൊടുക്കുക പോലും ചെയ്‌തു.

ആറ്റിയാ സഹോദരനും ഷാമ്മാസ്‌ സഹോദരനും ഞാൻ താമസിച്ചിരുന്ന ആമിയൂൻ എന്ന സ്ഥലം സന്ദർശിക്കുമ്പോൾ ഞാൻ ഒരു ചെറിയ കുട്ടിയായിരുന്നു. അവരുടെ സന്ദർശനങ്ങൾ എന്നെ ആഴമായി സ്വാധീനിച്ചു. ഞാൻ ആറ്റിയാ സഹോദരനോടൊപ്പം പ്രസംഗപ്രവർത്തനത്തിനു പോകാൻ തുടങ്ങി. 1963-ൽ ആറ്റിയാ സഹോദരൻ മരിക്കുന്നതുവരെ 40 വർഷം ഞങ്ങൾ ഇരുവരും ശുശ്രൂഷയിലെ പങ്കാളികൾ ആയിരുന്നു.

ബൈബിൾ സത്യത്തിന്റെ വെളിച്ചം 1922-നും 1925-നും ഇടയ്‌ക്ക്‌ വടക്കൻ ലബനോനിലെ പല ഗ്രാമങ്ങളിലേക്കും വ്യാപിച്ചു. ആമിയൂനിലെ ഞങ്ങളുടെ വീട്ടിൽ ചെയ്‌തിരുന്നതുപോലെതന്നെ, ബൈബിളിനെ കുറിച്ചു ചർച്ച ചെയ്യാനായി 20-30 ആളുകൾ സ്വകാര്യ ഭവനങ്ങളിൽ ഒരുമിച്ചു കൂടുമായിരുന്നു. ഞങ്ങളുടെ യോഗങ്ങൾ അലങ്കോലപ്പെടുത്താൻ തകരപ്പാട്ടകളിൽ കൊട്ടി ശബ്ദമുണ്ടാക്കാനും ബഹളം വെക്കാനുമൊക്കെ പാതിരിമാർ കുട്ടികളെ പറഞ്ഞയയ്‌ക്കുമായിരുന്നു. അതുകൊണ്ട്‌ ചിലപ്പോൾ ഞങ്ങൾ പൈൻ കാടുകളിലാണ്‌ കൂടിവന്നിരുന്നത്‌.

കുട്ടിയായിരുന്നപ്പോൾ, ശുശ്രൂഷയിലും ക്രിസ്‌തീയ യോഗങ്ങളിലും പങ്കെടുക്കാൻ ഞാൻ കാണിച്ചിരുന്ന തീക്ഷ്‌ണത എനിക്ക്‌ തിമൊഥെയൊസ്‌ എന്ന ഇരട്ടപ്പേരു സമ്മാനിച്ചു. ഞങ്ങളുടെ സ്‌കൂൾ പ്രിൻസിപ്പൽ, “ആ യോഗങ്ങൾ” എന്ന്‌ താൻ വിശേഷിപ്പിച്ചിരുന്ന ക്രിസ്‌തീയ യോഗങ്ങളിൽ ഞാൻ പങ്കെടുക്കുന്നതിനെ വിലക്കി. എന്നാൽ ഞാൻ അതു വകവെച്ചില്ല. അക്കാരണത്താൽ എന്നെ സ്‌കൂളിൽനിന്നു പുറത്താക്കി.

ബൈബിൾ ദേശങ്ങളിൽ സാക്ഷീകരിക്കുന്നു

ഞാൻ 1933-ൽ സ്‌നാപനമേറ്റു. അധികം താമസിയാതെ ഞാൻ പയനിയർ സേവനം​—⁠യഹോവയുടെ സാക്ഷികൾ മുഴുസമയ ശുശ്രൂഷയെ വിളിക്കുന്നത്‌ അങ്ങനെയാണ്‌​—⁠ആരംഭിച്ചു. എണ്ണത്തിൽ നന്നേ കുറവായിരുന്നെങ്കിലും ഞങ്ങൾ അന്ന്‌ ലബനോന്റെ വടക്കുഭാഗത്തു മാത്രമല്ല ബെയ്‌റൂട്ടിലും അതിന്റെ പ്രാന്തപ്രദേശങ്ങളിലും ലബനോന്റെ തെക്കുവരെയുള്ള പ്രദേശങ്ങളിലും സുവാർത്ത എത്തിച്ചു. ആ കാലഘട്ടങ്ങളിൽ ഞങ്ങൾ, ഒന്നാം നൂറ്റാണ്ടിൽ യേശുക്രിസ്‌തുവും അനുഗാമികളും ചെയ്‌തിരുന്നതുപോലെ, സാധാരണ കാൽനടയായോ കഴുതപ്പുറത്തോ ഒക്കെയായിരുന്നു സഞ്ചരിച്ചിരുന്നത്‌.

വർഷങ്ങളായി ഐക്യനാടുകളിൽ താമസിച്ചിരുന്ന യൂസെഫ്‌ റാച്ചാൽ എന്ന ലബനോൻകാരനായ ഒരു സാക്ഷി 1936-ൽ ലബനോൻ സന്ദർശിക്കാനെത്തി. അദ്ദേഹം ശബ്ദ ഉപകരണവും രണ്ടു ഫോണോഗ്രാഫുകളും കൊണ്ടുവന്നു. ഞങ്ങൾ ആ ഉപകരണം 1931 മോഡൽ ഫോർഡ്‌ വണ്ടിയിൽ ഘടിപ്പിച്ച്‌ ലബനോനിലും സിറിയയിലും ഉടനീളം സഞ്ചരിച്ചു. അങ്ങനെ വിദൂര പ്രദേശങ്ങളിൽപ്പോലും ഞങ്ങൾ രാജ്യസുവാർത്ത എത്തിച്ചു. ആംപ്ലിഫയറിന്റെ ശബ്ദം പത്തു കിലോമീറ്ററിൽ അധികം അകലെ പോലും കേൾക്കാമായിരുന്നു. ആംപ്ലിഫയറിലൂടെയുള്ള ഞങ്ങളുടെ ശബ്ദത്തെ സ്വർഗത്തിൽനിന്നുള്ള സ്വരം എന്നാണ്‌ ആളുകൾ വിശേഷിപ്പിച്ചത്‌. അതു കേൾക്കാനായി അവർ വീടിന്റെ മേൽക്കൂരയിൽ കയറി നിൽക്കുമായിരുന്നു. പാടത്തു പണിയെടുക്കുന്നവർ അതു കേൾക്കാൻ പണിയൊക്കെ നിറുത്തി വെച്ചിട്ട്‌ വണ്ടിയുടെ അരികിലേക്കു വരുമായിരുന്നു.

യൂസെഫ്‌ റാച്ചാൽ സഹോദരനോടൊപ്പമുള്ള എന്റെ അവസാന യാത്രകളിൽ ഒന്ന്‌ സിറിയയിലെ ആലെപ്പോയിലേക്ക്‌ ആയിരുന്നു. 1937-ലെ ശൈത്യകാലത്ത്‌ ആയിരുന്നു അത്‌. ഐക്യനാടുകളിലേക്ക്‌ അദ്ദേഹം മടങ്ങിപ്പോകുന്നതിനു മുമ്പ്‌ ഞങ്ങൾ പാലസ്‌തീനിലേക്കും പോയി. അവിടെ ഞങ്ങൾ ഹൈഫ, യെരൂശലേം എന്നീ നഗരങ്ങളും ചില ഗ്രാമങ്ങളും സന്ദർശിച്ചു. അവിടെ ഞങ്ങൾ സമ്പർക്കം പുലർത്തിയവരിൽ ഒരാൾ ഇബ്രാഹിം ഷിഹാദി ആയിരുന്നു. കത്തുകൾ മുഖേന ഞാൻ മുമ്പ്‌ അദ്ദേഹവുമായി ബന്ധപ്പെട്ടിരുന്നു. അങ്ങനെ, ഞങ്ങളുടെ സന്ദർശന സമയത്ത്‌ വീടുതോറുമുള്ള ശുശ്രൂഷയിൽ ഞങ്ങളോടൊപ്പം പങ്കെടുക്കത്തക്ക വിധം ബൈബിൾ പരിജ്ഞാനം സമ്പാദിക്കുന്നതിൽ അദ്ദേഹം പുരോഗതി പ്രാപിച്ചിരുന്നു.​—⁠പ്രവൃത്തികൾ 20:⁠20.

പ്രൊഫസർ ചാലിൽ കോബ്രോസിയെ കാണാനും എനിക്ക്‌ അതിയായ ആഗ്രഹമുണ്ടായിരുന്നു. ഒരു അടിയുറച്ച കത്തോലിക്കാ വിശ്വാസിയായിരുന്ന അദ്ദേഹം കത്തിലൂടെ യഹോവയുടെ സാക്ഷികളുമൊത്ത്‌ ബൈബിൾ പഠിക്കുന്നുണ്ടായിരുന്നു. ലബനോനിലെ സാക്ഷികളുടെ മേൽവിലാസം അദ്ദേഹത്തിനു ലഭിച്ചത്‌ എങ്ങനെയാണെന്ന്‌ അറിയാമോ? ഹൈഫയിലെ ഒരു കടയുടമ, യഹോവയുടെ സാക്ഷികളുടെ ഒരു പ്രസിദ്ധീകരണത്തിൽനിന്ന്‌ കീറിയെടുത്ത കടലാസുകൊണ്ട്‌ അദ്ദേഹത്തിനു ചില പലചരക്കു സാമാനങ്ങൾ പൊതിഞ്ഞു കൊടുത്തു. ആ കടലാസിൽ ഞങ്ങളുടെ വിലാസം ഉണ്ടായിരുന്നു. ഞങ്ങൾ ആ സന്ദർശനം വളരെയധികം ആസ്വദിച്ചു. 1939-ൽ അദ്ദേഹം സ്‌നാപനമേൽക്കാനായി ട്രിപ്പൊളിയിൽ എത്തി.

പെട്രൊസ്‌ ലഗാക്കോസും ഭാര്യയും 1937-ൽ ട്രിപ്പൊളിയിലെത്തി. ഞങ്ങൾ മൂവരും ചേർന്ന്‌ വീടുതോറും പോയി ആളുകളോടു സുവാർത്ത അറിയിച്ചു. അങ്ങനെ ഏതാനും വർഷങ്ങൾ കൊണ്ട്‌ ഞങ്ങൾ ലബനോനും സിറിയയും പ്രവർത്തിച്ചുതീർത്തു. 1943-ൽ ലഗാക്കോസ്‌ സഹോദരൻ മരിച്ചപ്പോഴേക്കും സാക്ഷികൾ ലബനോൻ, സിറിയ, പാലസ്‌തീൻ എന്നിവിടങ്ങളിലെ മിക്ക നഗരങ്ങളിലും ഗ്രാമങ്ങളിലും ആത്മീയ വെളിച്ചം എത്തിച്ചിരുന്നു. ചിലപ്പോൾ, വിദൂര പ്രദേശങ്ങളിൽ എത്തിച്ചേരാൻ ഞങ്ങൾ മുപ്പതോളം പേർ കാറിലും ബസിലുമൊക്കെയായി വെളുപ്പിന്‌ 3 മണിക്കു പുറപ്പെടുമായിരുന്നു.

ഇബ്രാഹിം ആറ്റിയാ 1940-കളിൽ വീക്ഷാഗോപുരം അറബി ഭാഷയിലേക്കു പരിഭാഷപ്പെടുത്തിയിരുന്നു. പിന്നീട്‌ ഞാൻ ആ മാസികയുടെ നാലു കയ്യെഴുത്തു പ്രതികൾ ഉണ്ടാക്കി പാലസ്‌തീൻ, സിറിയ, ഈജിപ്‌ത്‌ എന്നിവിടങ്ങളിലെ സാക്ഷികൾക്ക്‌ അയച്ചുകൊടുക്കുമായിരുന്നു. രണ്ടാം ലോകമഹായുദ്ധം നടന്നുകൊണ്ടിരുന്ന ആ നാളുകളിൽ ഞങ്ങളുടെ പ്രസംഗപ്രവർത്തനത്തിനു വലിയ എതിർപ്പു നേരിട്ടു. എങ്കിലും ബൈബിൾ സത്യത്തെ സ്‌നേഹിച്ചിരുന്ന മധ്യപൂർവദേശത്തുള്ള ഏവരുമായും ഞങ്ങൾ ബന്ധം പുലർത്തിയിരുന്നു. ഞാൻ നഗരങ്ങളുടെയും ചുറ്റുവട്ടത്തുള്ള ഗ്രാമങ്ങളുടെയും ഭൂപടങ്ങൾ വരച്ചു, അവിടത്തുകാരുടെ പക്കൽ സുവാർത്ത എത്തിക്കാൻ ഞങ്ങൾ ദൃഢനിശ്ചയം ചെയ്‌തു.

രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരികൊണ്ടിരിക്കെ, 1944-ൽ ഞാൻ ഈവ്‌ലിനെ വിവാഹം കഴിച്ചു. എന്റെ പയനിയർ കൂട്ടാളിയായിരുന്ന മിഷെൽ ആബൂദിന്റെ മകളാണ്‌ ഈവ്‌ലിൻ. ഞങ്ങൾക്കു മൂന്നു കുട്ടികൾ ജനിച്ചു, ഒരു പെണ്ണും രണ്ട്‌ ആണും.

മിഷനറിമാരോടൊപ്പം

യുദ്ധം അവസാനിച്ച്‌ അധികം കഴിയുന്നതിനു മുമ്പ്‌ മിഷനറിമാർക്കായുള്ള ഗിലെയാദ്‌ സ്‌കൂളിലെ ആദ്യത്തെ ബിരുദധാരികൾ ലബനോനിൽ എത്തിച്ചേർന്നു. തത്‌ഫലമായി, ലബനോനിൽ ആദ്യമായി ഒരു സഭ സ്ഥാപിക്കപ്പെട്ടു, അതിൽ കമ്പനി ദാസനായി സേവിക്കാൻ എനിക്കു നിയമനം ലഭിച്ചു. 1947-ൽ നേഥൻ എച്ച്‌. നോറും അദ്ദേഹത്തിന്റെ സെക്രട്ടറിയായിരുന്ന മിൽട്ടൺ ജി. ഹെൻഷലും ലബനോൻ സന്ദർശിക്കുകയും സഹോദരങ്ങൾക്കു വളരെയധികം പ്രോത്സാഹനം നൽകുകയും ചെയ്‌തു. താമസിയാതെ, കൂടുതൽ മിഷനറിമാർ വന്നുചേർന്നു, ശുശ്രൂഷ സംഘടിപ്പിക്കുന്നതിലും സഭായോഗങ്ങൾ നടത്തുന്നതിലും അവർ വലിയ സഹായമായി.

സിറിയയിലെ ഒരു വിദൂര പ്രദേശത്തേക്കുള്ള യാത്രയിൽ സ്ഥലത്തെ ഒരു ബിഷപ്പിൽനിന്ന്‌ ഞങ്ങൾക്കു വലിയ എതിർപ്പു നേരിട്ടു. ഞങ്ങൾ യഹൂദരുടെ പുനഃസ്ഥാപനത്തിനായി നിലകൊള്ളുന്ന സയോണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ സാഹിത്യങ്ങൾ വിതരണം ചെയ്യുകയാണെന്ന്‌ അദ്ദേഹം ആരോപിച്ചു. വൈരുദ്ധ്യമെന്നു പറയട്ടെ, 1948-നു മുമ്പ്‌ വൈദികർ ഞങ്ങളെ “കമ്മ്യൂണിസ്റ്റുകാർ” എന്നു മുദ്ര കുത്തിയിരുന്നു. അങ്ങനെ, പൊലീസ്‌ ഞങ്ങളെ അറസ്റ്റ്‌ ചെയ്‌ത്‌ രണ്ടു മണിക്കൂർ ചോദ്യം ചെയ്‌തു. എന്തായാലും നല്ലൊരു സാക്ഷ്യം നൽകാൻ ആ അവസരം ഉതകി.

ഒടുവിൽ, കേസിന്റെ വിചാരണ കേട്ട ജഡ്‌ജി ഇങ്ങനെ പ്രഖ്യാപിച്ചു: “നിങ്ങൾക്കെതിരെ കുറ്റാരോപണങ്ങൾ ഉന്നയിച്ച ഈ ദീക്ഷയെ [ബിഷപ്പിനെ പരാമർശിക്കുന്ന ഒരു ആലങ്കാരിക പ്രയോഗം] ഞാൻ ശപിക്കുന്നെങ്കിലും, നിങ്ങളെ കണ്ടുമുട്ടാനും നിങ്ങളുടെ പഠിപ്പിക്കലുകൾ മനസ്സിലാക്കാനും അവസരം ഒരുക്കിത്തന്നതിന്‌ ഞാൻ അതിനോടു നന്ദി പറയുകയാണ്‌.” എന്നിട്ട്‌ ഞങ്ങളെ ബുദ്ധിമുട്ടിച്ചതിന്‌ അദ്ദേഹം ക്ഷമ ചോദിച്ചു.

പത്തു വർഷത്തിനു ശേഷം ബെയ്‌റൂട്ടിലേക്ക്‌ ബസ്സിൽ യാത്ര ചെയ്യുന്ന അവസരത്തിൽ ഞാൻ അടുത്തിരുന്ന ഒരാളോടു നമ്മുടെ വിശ്വാസത്തെ കുറിച്ചു സംസാരിക്കാൻ തുടങ്ങി. അദ്ദേഹം ഒരു കാർഷിക എഞ്ചിനീയർ ആയിരുന്നു. ഏതാനും മിനിട്ട്‌ നമ്മുടെ വിശ്വാസങ്ങളെ കുറിച്ചു കേട്ടശേഷം, സിറിയയിലെ ഒരു സുഹൃത്തിൽനിന്ന്‌ സമാനമായ എന്തോ താൻ കേട്ടതായി അദ്ദേഹം അറിയിച്ചു. ആ സുഹൃത്ത്‌ ആരായിരുന്നെന്നോ? പത്തു വർഷം മുമ്പ്‌ ഞങ്ങളുടെ കേസിന്റെ വിചാരണ കേട്ട ജഡ്‌ജി!

ഞാൻ 1950-കളിൽ ഇറാക്കിലുള്ള സാക്ഷികളെ സന്ദർശിച്ച്‌ അവരോടൊപ്പം വീടുതോറുമുള്ള ശുശ്രൂഷയിൽ ഏർപ്പെട്ടു. കൂടാതെ, ഞാൻ യോർദ്ദാനിലേക്കും വെസ്റ്റ്‌ ബാങ്കിലേക്കും പല പ്രാവശ്യം യാത്ര ചെയ്‌തു. 1951-ൽ ബേത്ത്‌ലേഹെമിലേക്കു യാത്ര ചെയ്‌ത നാലു സാക്ഷികളിൽ ഒരാൾ ഞാനായിരുന്നു. അവിടെ ഞങ്ങൾ കർത്താവിന്റെ സന്ധ്യാഭക്ഷണം ആചരിച്ചു. അതിൽ പങ്കെടുക്കാനെത്തിയ എല്ലാവരും അന്നു രാവിലെ ഒരു ബസ്സിൽ യോർദ്ദാൻ നദീതീരത്തേക്കു പോയി. യഹോവയ്‌ക്കുള്ള സമർപ്പണത്തിന്റെ പ്രതീകമായി അന്ന്‌ 22 പേർ ആ നദിയിൽ സ്‌നാപനമേൽക്കുകയുണ്ടായി. ആ പ്രദേശത്ത്‌ എതിർപ്പു നേരിടുമ്പോൾ ഞങ്ങൾ ഇങ്ങനെ പറയുമായിരുന്നു: “നിങ്ങളുടെ ഈ ദേശത്തു ജനിച്ചവരിൽ ഒരാൾ മുഴു ഭൂമിയുടെയും രാജാവാകാൻ പോകുന്നു എന്ന വാർത്ത അറിയിക്കാനാണ്‌ ഞങ്ങൾ എത്തിയിരിക്കുന്നത്‌! അതിനു നിങ്ങൾ ഇങ്ങനെ ദേഷ്യപ്പെടുന്നത്‌ എന്തിനാണ്‌? സന്തോഷിക്കുകയല്ലേ വേണ്ടത്‌?”

ബുദ്ധിമുട്ടുകൾക്കു മധ്യേ പ്രസംഗിക്കുന്നു

മധ്യപൂർവ ദേശത്തെ ആളുകൾ പൊതുവെ സന്മനസ്സുള്ളവരും സൗമ്യരും അതിഥിപ്രിയരുമാണ്‌. പലരും താത്‌പര്യത്തോടെ ദൈവരാജ്യ സുവാർത്ത ശ്രദ്ധിക്കുന്നു. പിൻവരുന്ന ബൈബിൾ വാഗ്‌ദാനം പെട്ടെന്നു നിവൃത്തിയേറുമെന്ന്‌ അറിയുന്നതിനെക്കാൾ നവോന്മേഷദായകമായ യാതൊന്നും ഇല്ല: “ഇതാ, മനുഷ്യരോടുകൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും. അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല.”​—⁠വെളിപ്പാടു 21:3-5.

നമ്മുടെ പ്രവർത്തനത്തെ എതിർക്കുന്ന പലർക്കും വാസ്‌തവത്തിൽ നമ്മുടെ വേലയെ കുറിച്ചും നാം അറിയിക്കുന്ന സന്ദേശത്തെ കുറിച്ചും ഒന്നും അറിയില്ലെന്ന്‌ ഞാൻ മനസ്സിലാക്കിയിട്ടുണ്ട്‌. നമ്മെ കരിതേച്ചു കാണിക്കാൻ ക്രൈസ്‌തവലോക പുരോഹിതവർഗം വളരെയധികം പ്രവർത്തിച്ചിട്ടുണ്ട്‌! അതുകൊണ്ടുതന്നെ, ലബനോനിൽ 1975-ൽ തുടങ്ങി 15 വർഷം നീണ്ടുനിന്ന ആഭ്യന്തര യുദ്ധകാലത്ത്‌ സാക്ഷികൾക്ക്‌ ഒട്ടേറെ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നു.

ഒരിക്കൽ, എന്നും പള്ളിയിൽ പോകുമായിരുന്ന തീക്ഷ്‌ണതയുള്ള ഒരു കുടുംബത്തോടൊപ്പം ഞാൻ ബൈബിൾ അധ്യയനം നടത്തിയിരുന്നു. ബൈബിൾ സത്യത്തിൽ അവർ വരുത്തിയ നല്ല പുരോഗതി വൈദികർക്ക്‌ ഒട്ടും രസിച്ചില്ല. തത്‌ഫലമായി, ഒരു രാത്രി സ്ഥലത്തെ മതവിഭാഗം അതിന്റെ അംഗങ്ങളെ പറഞ്ഞു പ്രേരിപ്പിച്ച്‌ ഈ വീട്ടുകാരുടെ കട ആക്രമിക്കുകയും ചുരുങ്ങിയത്‌ 45,000 രൂപ വിലവരുന്ന സാധനങ്ങൾ കത്തിച്ചുകളയുകയും ചെയ്‌തു. അന്നു രാത്രിതന്നെ അവർ വന്ന്‌ എന്നെ പിടിച്ചുകൊണ്ടുപോയി. എന്നാൽ അവരുടെ നേതാവിനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ എനിക്കു സാധിച്ചു, അവർ യഥാർഥ ക്രിസ്‌ത്യാനികൾ ആണെങ്കിൽ ഇങ്ങനെ മൃഗീയമായി പെരുമാറില്ലെന്നു ഞാൻ പറഞ്ഞു. ഉടനെ അയാൾ കാർ നിറുത്തി എന്നോട്‌ ഇറങ്ങിപ്പോകാൻ പറഞ്ഞു.

മറ്റൊരു സന്ദർഭത്തിൽ പൗരസേനയിൽ പെട്ട നാലു പേർ എന്നെ തട്ടിക്കൊണ്ടുപോയി. അവർ പല ഭീഷണികളും പ്രയോഗിച്ചു. എന്നെ വെടിവെച്ചു കൊല്ലാൻ പോവുകയാണ്‌ എന്ന്‌ അവരുടെ നേതാവ്‌ എന്നോടു പറഞ്ഞു. എന്നാൽ എന്തോ പെട്ടെന്നു മനസ്സുമാറ്റി അയാൾ എന്നെ വിട്ടയച്ചു. ഇവരിൽ രണ്ടു പേർ ഇപ്പോൾ കൊലപാതക കുറ്റത്തിനും മോഷണത്തിനും ജയിലിൽ കഴിയുകയാണ്‌. മറ്റു രണ്ടു പേർക്കു വധശിക്ഷ ലഭിക്കുകയും ചെയ്‌തു.

സാക്ഷ്യം നൽകാൻ ഉതകിയ മറ്റവസരങ്ങൾ

മിക്കപ്പോഴും ഒരു രാജ്യത്തുനിന്നു മറ്റൊരു രാജ്യത്തേക്കു വിമാനയാത്ര നടത്താൻ എനിക്ക്‌ അവസരം ലഭിച്ചിട്ടുണ്ട്‌. ഒരിക്കൽ ബെയ്‌റൂട്ടിൽനിന്ന്‌ ഐക്യനാടുകളിലേക്കുള്ള യാത്രയിൽ ലബനോനിലെ മുൻ വിദേശകാര്യ മന്ത്രിയായിരുന്ന ചാൾസ്‌ മാല്ലെക്കിന്റെ അടുത്താണ്‌ ഞാൻ ഇരുന്നത്‌. ഞാൻ ബൈബിളിൽനിന്നു വായിച്ചു കേൾപ്പിച്ച ഓരോ വാക്യവും വളരെ ശ്രദ്ധയോടും വിലമതിപ്പോടും കൂടെ അദ്ദേഹം ശ്രദ്ധിച്ചു. ഒടുവിൽ, താൻ ട്രിപ്പൊളിയിലെ ഒരു സ്‌കൂളിൽ പഠിച്ചിട്ടുണ്ടെന്നും അവിടെ ഇബ്രാഹിം ആറ്റിയാ​—⁠എന്റെ ഭാര്യാപിതാവിൽനിന്ന്‌ ബൈബിൾ സത്യം സ്വീകരിച്ച വ്യക്തി​—⁠തന്റെ അധ്യാപകൻ ആയിരുന്നെന്നും അദ്ദേഹം അറിയിച്ചു. ബൈബിളിനോട്‌ ആദരവ്‌ ഉണ്ടായിരിക്കാൻ ഇബ്രാഹിം തന്നെ പഠിപ്പിച്ചിട്ടുണ്ടെന്ന്‌ മിസ്റ്റർ മാല്ലെക്ക്‌ പറഞ്ഞു.

മറ്റൊരു വിമാനയാത്രയിൽ ഐക്യരാഷ്‌ട്ര സംഘടനയിൽ പാലസ്‌തീനിനെ പ്രതിനിധീകരിച്ചിരുന്ന ഒരു ഉദ്യോഗസ്ഥന്റെ അരികിലാണ്‌ ഞാൻ ഇരുന്നത്‌. ദൈവരാജ്യത്തെ കുറിച്ചുള്ള സുവാർത്ത അദ്ദേഹത്തെ അറിയിക്കാൻ എനിക്ക്‌ അവസരം ലഭിച്ചു. ന്യൂയോർക്കിൽ താമസിച്ചിരുന്ന തന്റെ അനുജന്റെ കുടുംബത്തിന്‌ അദ്ദേഹം എന്നെ പരിചയപ്പെടുത്തി. ഞാൻ മിക്കപ്പോഴും അവരെ സന്ദർശിക്കുമായിരുന്നു. ന്യൂയോർക്കിലുള്ള ഐക്യരാഷ്‌ട്ര സംഘടനയുടെ കെട്ടിടത്തിൽ എന്റെ ഒരു ബന്ധു ജോലി ചെയ്‌തിരുന്നു. ഒരു ദിവസം ഞാൻ അദ്ദേഹത്തിന്റെ ഓഫീസ്‌ സന്ദർശിച്ചു. അവിടെ ചെലവഴിച്ച ആ മൂന്നു മണിക്കൂറിനുള്ളിൽ ദൈവരാജ്യത്തെ കുറിച്ച്‌ അദ്ദേഹത്തിനു സാക്ഷ്യം നൽകാൻ എനിക്കു സാധിച്ചു.

ഇപ്പോൾ എനിക്ക്‌ 88 വയസ്സുണ്ട്‌. സഭാ ഉത്തരവാദിത്വങ്ങൾ വഹിക്കുന്നതിൽ സജീവമായ പങ്കുണ്ടായിരിക്കാൻ എനിക്ക്‌ ഇപ്പോഴും കഴിയുന്നു. എന്റെ ഭാര്യ ഈവ്‌ലിൻ ഇപ്പോഴും എന്നോടൊപ്പം യഹോവയെ സേവിക്കുന്നു. ഞങ്ങളുടെ മകൾ യഹോവയുടെ സാക്ഷികളുടെ ഒരു സഞ്ചാര മേൽവിചാരകനെയാണ്‌ വിവാഹം കഴിച്ചത്‌. അദ്ദേഹം ഇപ്പോൾ ബെയ്‌റൂട്ടിലെ ഒരു സഭയിൽ മൂപ്പനായി സേവിക്കുന്നു. അവരുടെ മകളും സാക്ഷിയാണ്‌. ഞങ്ങളുടെ ഇളയ മകനും ഭാര്യയും സാക്ഷികളാണ്‌, അവരുടെ മകളും സത്യത്തിലാണ്‌. ഞങ്ങളുടെ ഏറ്റവും മൂത്ത മകന്റെ കാര്യം പറയുകയാണെങ്കിൽ അവന്റെ ഹൃദയത്തിൽ ഞങ്ങൾ ക്രിസ്‌തീയ വിശ്വാസം ഉൾനട്ടിരുന്നു. കാലാന്തരത്തിൽ അവനും സത്യം സ്വീകരിക്കുമെന്നാണ്‌ എന്റെ പ്രത്യാശ.

ഒരു പയനിയറായി സേവിക്കാൻ 1933-ൽ എനിക്കു നിയമനം ലഭിച്ചു. മധ്യപൂർവ ദേശത്തെ ആദ്യത്തെ പയനിയർ ആയിരുന്നു ഞാൻ. കഴിഞ്ഞ 68 വർഷക്കാലം ഒരു പയനിയറായി യഹോവയെ സേവിക്കാൻ കഴിഞ്ഞതിനെക്കാൾ മെച്ചമായ ഒന്നും എന്റെ ജീവിതംകൊണ്ടു ചെയ്യാൻ എനിക്കു കഴിയുമായിരുന്നില്ല. അവൻ പ്രദാനം ചെയ്യുന്ന ആ ആത്മീയ വെളിച്ചത്തിൽ തുടർന്നും നടക്കാൻ ഞാൻ ദൃഢനിശ്ചയം ചെയ്‌തിരിക്കുന്നു.

[23-ാം പേജിലെ ചിത്രം]

നാജിബ്‌ 1935-ൽ

[24-ാം പേജിലെ ചിത്രം]

ശബ്ദ ഉപകരണം ഘടിപ്പിച്ച കാറുമായി ലബനോൻ പർവതപ്രദേശത്ത്‌, 1940-ൽ

[25-ാം പേജിലെ ചിത്രങ്ങൾ]

മുകളിൽ ഇടത്തുനിന്ന്‌ ഘടികാരദിശയിൽ: നാജിബ്‌, ഈവ്‌ലിൻ, അവരുടെ മകൾ, ആബൂദ്‌ സഹോദരനും നാജിബിന്റെ ഏറ്റവും മൂത്ത മകനും, 1952-ൽ

താഴെ (മുൻനിരയിൽ): ഷാമ്മാസ്‌, നോർ, ആബൂദ്‌, ഹെൻഷെൽ എന്നീ സഹോദരന്മാർ ട്രിപ്പൊളിയിലുള്ള നാജിബിന്റെ ഭവനത്തിൽ, 1952-ൽ

[26-ാം പേജിലെ ചിത്രം]

നാജിബും ഭാര്യ ഈവ്‌ലിനും