‘സമാധാനം അന്വേഷിച്ചു പിന്തുടരുവിൻ’
‘സമാധാനം അന്വേഷിച്ചു പിന്തുടരുവിൻ’
“കഴിയുമെങ്കിൽ നിങ്ങളാൽ ആവോളം സകലമനുഷ്യരോടും സമാധാനമായിരിപ്പിൻ [“സമാധാനത്തിൽ വർത്തിക്കുക,” “ഓശാന ബൈ.”].”—റോമർ 12:18.
1, 2. മനുഷ്യനിർമിത സമാധാനം നീണ്ടുനിൽക്കുകയില്ലാത്തതിന്റെ ചില കാരണങ്ങൾ ഏവ?
ഇതൊന്നു സങ്കൽപ്പിക്കുക. ഉറപ്പില്ലാത്ത അടിസ്ഥാനത്തിന്മേൽ പണിതിരിക്കുന്ന ഒരു വീട്. അതിന്റെ ഉത്തരങ്ങൾ ചിതലരിച്ച് ദ്രവിച്ചിരിക്കുന്നു. മേൽക്കൂരയാണെങ്കിൽ എപ്പോൾ വേണമെങ്കിലും തകർന്നുവീഴാം. ഇങ്ങനെയുള്ള ഒരു വീട്ടിൽ താമസമാക്കാൻ നിങ്ങൾ ആഗ്രഹിക്കുമോ? സാധ്യതയില്ല. വീട് മൊത്തം പെയിന്റടിച്ച് ഭംഗിയാക്കിയാലും അതിന്റെ ചട്ടക്കൂട് ദുർബലമാണെന്ന വസ്‌തുതയ്‌ക്കു മാറ്റം വരാൻ പോകുന്നില്ല. ഇന്നല്ലെങ്കിൽ നാളെ അതു നിലംപൊത്തിയേക്കാം.
2 ഈ ലോകത്തിൽ ഉത്ഭവിക്കുന്ന ഏതു സമാധാനവും ആ വീടുപോലെയാണ്. ഉറപ്പില്ലാത്ത അടിസ്ഥാനത്തിന്മേൽ, അതായത് “സഹായിപ്പാൻ കഴിയാത്ത” മനുഷ്യന്റെ വാഗ്‌ദാനങ്ങളിലും ഉപായങ്ങളിലും, ആണ് അതു പണിതുയർത്തിയിരിക്കുന്നത്. (സങ്കീർത്തനം 146:3) ചരിത്രത്തിന്റെ ഏടുകൾ പരിശോധിച്ചാൽ രാഷ്‌ട്രങ്ങളും വംശീയ കൂട്ടങ്ങളും ഗോത്രങ്ങളും തമ്മിലുള്ള പോരാട്ടങ്ങളുടെ ഒരു നീണ്ട പരമ്പരതന്നെ കാണാൻ കഴിയും. ഇടയ്‌ക്കൊക്കെ സമാധാനത്തിന്റെ ഹ്രസ്വമായ കാലഘട്ടങ്ങൾ ഉണ്ടായിട്ടുണ്ട് എന്നതു ശരിയാണ്, എന്നാൽ എങ്ങനെയുള്ള സമാധാനത്തിന്റെ? രണ്ടു രാഷ്‌ട്രങ്ങൾ തമ്മിൽ യുദ്ധം നടക്കുകയാണെന്നു കരുതുക. അവയിൽ ഒന്നു തോൽക്കുന്നു, അല്ലെങ്കിൽ യുദ്ധം തുടരുന്നതുകൊണ്ട് പ്രയോജനമില്ലെന്ന് ഇരുകൂട്ടരും മനസ്സിലാക്കുന്നു. അതിനാൽ അവർ സമാധാനം പ്രഖ്യാപിക്കുന്നു. എന്നാൽ അത് എങ്ങനെയുള്ള സമാധാനമായിരിക്കും? യുദ്ധത്തിനു തിരികൊളുത്തിയ വിദ്വേഷവും സംശയവും അസൂയയും എല്ലാം അപ്പോഴും നിലനിൽക്കുന്നു. അങ്ങനെയുള്ള സമാധാനം വെറും പുറംമോടി, ശത്രുത മറയ്‌ക്കാൻ നടത്തുന്ന ഒരു ‘പെയിന്റടി’ മാത്രമാണ്. നിലനിൽക്കുന്ന സമാധാനം ആയിരിക്കില്ല അത്.—യെഹെസ്‌കേൽ 13:10, 11എ.
3. ദൈവജനത്തിന്റെ സമാധാനം മനുഷ്യനിർമിത സമാധാനത്തിൽനിന്ന് വ്യത്യസ്‌തം ആയിരിക്കുന്നത് എന്തുകൊണ്ട്?
3 എന്നാൽ, യുദ്ധകലുഷിതമായ ഈ ലോകത്തിൽ യഥാർഥ സമാധാനം സ്ഥിതിചെയ്യുന്നുണ്ട്. എവിടെ? യേശുക്രിസ്‌തുവിന്റെ കാൽച്ചുവടുകൾ പിന്തുടരുന്ന, യേശുവിന്റെ വാക്കുകൾക്കു ചെവി കൊടുക്കുകയും അവന്റെ ജീവിതഗതി അനുകരിക്കാൻ യത്‌നിക്കുകയും ചെയ്യുന്ന, സത്യ ക്രിസ്‌ത്യാനികളുടെ ഇടയിൽ. (1 കൊരിന്ത്യർ 11:1; 1 പത്രൊസ് 2:21) വ്യത്യസ്‌ത വർഗങ്ങളിലും സാമൂഹിക തലങ്ങളിലും ദേശങ്ങളിലും നിന്നുള്ള സത്യ ക്രിസ്‌ത്യാനികൾക്കിടയിലെ സമാധാനം യഥാർഥമായ ഒന്നാണ്. കാരണം, അത് യേശുക്രിസ്‌തുവിന്റെ മറുവിലയാഗത്തിലുള്ള വിശ്വാസത്തിൽ വേരൂന്നിയത്, ദൈവവുമായി അവർക്കുള്ള സമാധാനപരമായ ബന്ധത്തിൽനിന്ന് ഉടലെടുക്കുന്നത് ആണ്. അവരുടെ സമാധാനം ദൈവത്തിൽനിന്നുള്ള ദാനമാണ്, അല്ലാതെ മനുഷ്യനിർമിതമായ ഒന്നല്ല. (റോമർ 15:33; എഫെസ്യർ 6:23, 24) “സമാധാനപ്രഭു”വായ യേശുക്രിസ്‌തുവിനു കീഴ്‌പെട്ടിരിക്കുകയും “സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ദൈവ”മായ യഹോവയെ ആരാധിക്കുകയും ചെയ്യുന്നതിന്റെ ഫലമായി അവർക്കു ലഭിച്ചതാണ് അത്.—യെശയ്യാവു 9:6; 2 കൊരിന്ത്യർ 13:11.
4. ഒരു ക്രിസ്‌ത്യാനിക്ക് സമാധാനം “പിന്തുട”രാൻ കഴിയുന്നത് എങ്ങനെ?
4 അപൂർണ മനുഷ്യർക്ക് സമാധാനം താനേ ലഭിക്കുന്നില്ല. അതുകൊണ്ടാണ്, ഓരോ ക്രിസ്‌ത്യാനിയും ‘സമാധാനം അന്വേഷിച്ചു പിന്തുടര’ണമെന്ന് പത്രൊസ് പറഞ്ഞത്. (1 പത്രൊസ് 3:11) നമുക്ക് അത് എങ്ങനെ സാധിക്കും? ഒരു പുരാതന പ്രവചനം അതിനുള്ള ഉത്തരം കാണിച്ചുതരുന്നു. “നിന്റെ മക്കൾ എല്ലാവരും യഹോവയാൽ ഉപദേശിക്കപ്പെട്ടവരും നിന്റെ മക്കളുടെ സമാധാനം വലിയതും ആയിരിക്കും” എന്ന് യെശയ്യാവു മുഖാന്തരം യഹോവ അരുളിച്ചെയ്‌തു. (യെശയ്യാവു 54:13; ഫിലിപ്പിയർ 4:9) അതേ, യഹോവയുടെ പഠിപ്പിക്കലുകൾക്കു ശ്രദ്ധ നൽകുന്നവർക്കാണ് യഥാർഥ സമാധാനം ലഭിക്കുന്നത്. അതിലുപരി, “സ്‌നേഹം, സന്തോഷം, . . . ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്‌തത, സൌമ്യത, ഇന്ദ്രിയജയം” എന്നിവപോലെതന്നെ സമാധാനവും ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ ഫലമാണ്. (ഗലാത്യർ 5:22, 23) സ്‌നേഹശൂന്യനോ സന്തോഷരഹിതനോ ക്ഷമയില്ലാത്തവനോ നിർദയനോ നീചനോ അവിശ്വസ്‌തനോ ക്രൂരനോ ആത്മനിയന്ത്രണമില്ലാത്തവനോ ആയ ഒരു വ്യക്തിക്ക് ഒരിക്കലും ആ സമാധാനം ആസ്വദിക്കാനാവില്ല.
“സകലമനുഷ്യരോടും സമാധാനമായിരിപ്പിൻ”
5, 6. (എ) തിരുവെഴുത്തുപ്രകാരം, സമാധാനം ഉണ്ടാക്കുക എന്നതിന്റെ അർഥമെന്ത്? (ബി) ആരെല്ലാമായി സമാധാനത്തിലായിരിക്കാൻ ക്രിസ്‌ത്യാനികൾ കഠിനശ്രമം ചെയ്യണം?
5 സമാധാനം എന്നത് “പ്രശാന്തമായ അഥവാ സ്വച്ഛമായ അവസ്ഥ” എന്നു നിർവചിക്കപ്പെട്ടിരിക്കുന്നു. കുഴപ്പങ്ങളൊന്നുമില്ലാത്ത ഒട്ടനവധി അവസ്ഥകളെ അർഥമാക്കാൻ ആ നിർവചനത്തിനു കഴിയും. മരണമടഞ്ഞ ഒരു വ്യക്തിപോലും ഇത്തരമൊരു അവസ്ഥയിലാണെന്നു പറയാവുന്നതാണ്! എന്നാൽ യഥാർഥ സമാധാനം ആസ്വദിക്കണമെങ്കിൽ ഒരുവൻ സമാധാനപ്രിയൻ ആയിരുന്നാൽ മാത്രം പോരാ. തന്റെ ഗിരിപ്രഭാഷണത്തിൽ യേശു ഇങ്ങനെ പറയുകയുണ്ടായി: “സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ; അവർ ദൈവത്തിന്റെ പുത്രന്മാർ എന്നു വിളിക്കപ്പെടും.” (മത്തായി 5:9) പിൽക്കാലത്ത് ദൈവത്തിന്റെ ആത്മ പുത്രന്മാർ ആകാനും സ്വർഗത്തിലെ അമർത്യ ജീവൻ ലഭിക്കാനും അവസരം ലഭിക്കാനിരുന്ന വ്യക്തികളോടു സംസാരിക്കുകയായിരുന്നു യേശു. (യോഹന്നാൻ 1:12; റോമർ 8:14-17) കൂടാതെ കാലാന്തരത്തിൽ, സ്വർഗീയ പ്രത്യാശ ഇല്ലാത്ത മുഴു വിശ്വസ്‌ത മനുഷ്യവർഗവും “ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യം” ആസ്വദിക്കും. (റോമർ 8:20, 21) സമാധാനം ഉണ്ടാക്കുന്നവർക്കു മാത്രമേ അത്തരമൊരു പ്രത്യാശ ഉള്ളവരായിരിക്കാൻ കഴിയൂ. തിരുവെഴുത്തുപ്രകാരം, സമാധാനം ഉണ്ടാക്കുക എന്നതുകൊണ്ട് അർഥമാക്കുന്നത് അത് ഉന്നമിപ്പിക്കാൻ സജീവമായി ശ്രമിക്കുക, മുമ്പ് സമാധാനം ഇല്ലാതിരുന്നിടത്ത് സമാധാനം സൃഷ്ടിക്കുക എന്നൊക്കെയാണ്.
6 ഇതു മനസ്സിൽ പിടിച്ചുകൊണ്ട്, റോമാക്കാർക്കുള്ള അപ്പൊസ്‌തലനായ പൗലൊസിന്റെ പിൻവരുന്ന ബുദ്ധിയുപദേശം പരിചിന്തിക്കുക: “കഴിയുമെങ്കിൽ നിങ്ങളാൽ ആവോളം സകലമനുഷ്യരോടും സമാധാനമായിരിപ്പിൻ [“സമാധാനത്തിൽ വർത്തിക്കുക,” ഓശാന ബൈ.].” (റോമർ 12:18) പൗലൊസ് റോമാക്കാരോട് വെറും ശാന്തപ്രകൃതരായിരിക്കാൻ പറയുകയായിരുന്നില്ല, അത്തരമൊരു പ്രകൃതം സമാധാനം ഉന്നമിപ്പിക്കാൻ സഹായകമാണെങ്കിലും. യഥാർഥത്തിൽ, സമാധാനം ഉണ്ടാക്കാൻ അവൻ അവരെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. ആരുമായി? “സകലമനുഷ്യ”രുമായും, കുടുംബാംഗങ്ങൾ, സഹക്രിസ്‌ത്യാനികൾ, എന്തിന് തങ്ങളുടെ വിശ്വാസങ്ങളിൽ പങ്കുചേരാത്തവരുമായി പോലും. ‘കഴിയുമെങ്കിൽ തങ്ങളാൽ ആവോളം’ മറ്റുള്ളവരുമായി സമാധാനം ഉണ്ടാക്കാൻ അവൻ റോമാക്കാരെ പ്രോത്സാഹിപ്പിച്ചു. സമാധാനം സൃഷ്ടിക്കാനുള്ള ശ്രമത്തിൽ അവർ തങ്ങളുടെ വിശ്വാസത്തിൽ വിട്ടുവീഴ്‌ച കാണിക്കണം എന്ന് അവൻ അർഥമാക്കിയില്ല. അനാവശ്യമായി മറ്റുള്ളവരുടെ ശത്രുത പിടിച്ചുപറ്റുന്നതിനു പകരം സമാധാനം ഉണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെ ക്രിസ്‌ത്യാനികൾ അവരെ സമീപിക്കണമായിരുന്നു. സഭയ്‌ക്ക് അകത്തുള്ളവരോ പുറത്തുള്ളവരോ ആരുമായിക്കൊള്ളട്ടെ, അവരുമായി ഇടപെടുമ്പോൾ ക്രിസ്‌ത്യാനികൾ അത്തരമൊരു സമീപനം കൈക്കൊള്ളേണ്ടതുണ്ടായിരുന്നു. (ഗലാത്യർ 6:10) ഇതിനു ചേർച്ചയിൽ പൗലൊസ് എഴുതി: “തമ്മിലും എല്ലാവരോടും എപ്പോഴും നന്മ ചെയ്‌തുകൊണ്ടിരിപ്പിൻ.”—1 തെസ്സലൊനീക്യർ 5:15.
7, 8. തങ്ങളുടെ വിശ്വാസങ്ങളിൽ പങ്കുചേരാത്തവരുമായി സമാധാനത്തിലായിരിക്കാൻ ക്രിസ്‌ത്യാനികൾ ശ്രമിക്കുന്നത് എങ്ങനെ, എന്തുകൊണ്ട്?
7 നമ്മുടെ വിശ്വാസത്തിൽ പങ്കുചേരാത്ത, ഒരുപക്ഷേ നമ്മെ എതിർക്കുകപോലും ചെയ്യുന്ന ആളുകളുമായി സമാധാനത്തിലായിരിക്കാൻ നമുക്ക് എങ്ങനെ കഴിയും? നാം ശ്രേഷ്‌ഠരാണെന്ന ഭാവം ഒഴിവാക്കുന്നതാണ് ഒരു വിധം. ഉദാഹരണത്തിന്, ചില വ്യക്തികളെ അനാദരസൂചകമായ പദങ്ങൾ ഉപയോഗിച്ചു പരാമർശിക്കുന്നത് മറ്റുള്ളവരുമായി സമാധാനത്തിലായിരിക്കാൻ നാം ആഗ്രഹിക്കുന്നു എന്നതിന്റെ തെളിവായിരിക്കുകയില്ല. ചില സംഘടനകളുടെയും കൂട്ടങ്ങളുടെയും മേൽ യഹോവ ന്യായവിധി പ്രഖ്യാപനങ്ങൾ നടത്തിയിരിക്കുന്നുവെന്നതു ശരിയാണ്. എന്നാൽ, ഒരു വ്യക്തിയെ കുറിച്ച് അയാൾ കുറ്റംവിധിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു എന്ന മട്ടിൽ സംസാരിക്കാൻ നമുക്ക് യാതൊരു അധികാരവുമില്ല. നാം ആരെയും വിധിക്കുന്നില്ല, നമ്മെ എതിർക്കുന്നവരെ പോലും. മനുഷ്യ അധികാരികളോടുള്ള പെരുമാറ്റത്തെ കുറിച്ച് ക്രേത്തയിലെ ക്രിസ്‌ത്യാനികളെ ബുദ്ധിയുപദേശിക്കാൻ തീത്തൊസിനോട് ആവശ്യപ്പെട്ടശേഷം, ‘ആരെക്കൊണ്ടും ദൂഷണം പറയാതെയും കലഹിക്കാതെയും ശാന്തന്മാരായി സകലമനുഷ്യരോടും പൂർണ്ണസൌമ്യത കാണിപ്പാൻ’ അവരെ ഓർമിപ്പിക്കണമെന്ന് പൗലൊസ് പറയുകയുണ്ടായി.—തീത്തൊസ് 3:1, 2.
8 നമ്മുടെ വിശ്വാസങ്ങളിൽ പങ്കുചേരാത്തവരുമായി സമാധാനത്തിലായിരിക്കുന്നത് അവരെ സത്യത്തിലേക്ക് ആകർഷിക്കാൻ വളരെയധികം സഹായിക്കും. 1 കൊരിന്ത്യർ 15:33, NW) എങ്കിലും മറ്റുള്ളവരോട് വിനയത്തോടും ആദരവോടും ദയയോടും കൂടെ പെരുമാറാൻ നമുക്കു കഴിയണം. “നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടറിഞ്ഞിട്ടു സന്ദർശനദിവസത്തിൽ ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിന്നു അവരുടെ ഇടയിൽ നിങ്ങളുടെ നടപ്പു നന്നായിരിക്കേണം എന്നു ഞാൻ പ്രബോധിപ്പിക്കുന്നു” എന്ന് പത്രൊസ് എഴുതി.—1 പത്രൊസ് 2:12.
“പ്രയോജനപ്രദമായ ശീലങ്ങളെ പാഴാക്കു”ന്നതരം സുഹൃദ്‌ബന്ധങ്ങൾ സ്ഥാപിക്കാൻ നാം തീർച്ചയായും ആഗ്രഹിക്കുന്നില്ല. (ശുശ്രൂഷയിൽ സമാധാനം സൃഷ്ടിക്കുന്നവർ
9, 10. അവിശ്വാസികളുമായി സമാധാനം സ്ഥാപിക്കുന്നതിൽ അപ്പൊസ്‌തലനായ പൗലൊസ് എന്തു മാതൃകവെച്ചു?
9 ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികൾ ധൈര്യത്തിനു പേരുകേട്ടവരായിരുന്നു. അവർ തങ്ങളുടെ സന്ദേശത്തിൽ വെള്ളം ചേർത്തില്ല. എതിർപ്പു നേരിട്ടപ്പോൾ “മനുഷ്യരെക്കാൾ അധികമായി ദൈവത്തെ ഭരണാധികാരിയായി അനുസരി”ക്കാൻ അവർ ദൃഢനിശ്ചയമുള്ളവരായിരുന്നു. (പ്രവൃത്തികൾ 4:29; 5:29, NW) എന്നിരുന്നാലും ധൈര്യവും പാരുഷ്യവും തമ്മിലുള്ള വ്യത്യാസം എന്താണെന്നും അവർക്ക് അറിയാമായിരുന്നു. ഹെരോദാവ് അഗ്രിപ്പാ രണ്ടാമൻ രാജാവിന്റെ മുമ്പാകെ തന്റെ വിശ്വാസത്തിനായി വാദിക്കേണ്ടിവന്നപ്പോൾ പൗലൊസിന്റെ സമീപനം എങ്ങനെയുള്ളതായിരുന്നു എന്നു ചിന്തിക്കുക. തന്റെ ഇളയ സഹോദരിയായ ബെർന്നീക്കയുമായി ഹെരോദാവ് അഗ്രിപ്പാ അവിഹിതബന്ധം പുലർത്തിയിരുന്നു. എന്നാൽ അഗ്രിപ്പായുടെ മുമ്പാകെ ധാർമികത സംബന്ധിച്ച ഒരു പ്രഭാഷണം നടത്താനൊന്നും പൗലൊസ് ഒരുങ്ങിയില്ല. പകരം, തങ്ങൾക്ക് ഇരുവർക്കും ഒരുപോലെ യോജിക്കാൻ കഴിഞ്ഞിരുന്ന ആശയങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ട് പൗലൊസ് സംസാരിച്ചു. യഹൂദന്മാരുടെ ആചാരങ്ങളെ കുറിച്ച് വളരെ അറിവുള്ളവനും പ്രാവചകന്മാരിൽ വിശ്വാസം അർപ്പിച്ചിരുന്നവനും എന്ന നിലയിൽ അഗ്രിപ്പായെ അവൻ പ്രശംസിച്ചു.—പ്രവൃത്തികൾ 26:2, 3, 27.
10 തന്നെ മോചിപ്പിക്കാൻ അധികാരമുള്ളവനായതുകൊണ്ട് പൗലൊസ് അഗ്രിപ്പായോട് പൊള്ളയായ ഭംഗിവാക്കുകൾ പറയുകയായിരുന്നോ? അല്ല. തന്റെതന്നെ ഉപദേശം പിൻപറ്റിക്കൊണ്ട് അവൻ സത്യം സംസാരിക്കുകയാണു ചെയ്‌തത്. ഹെരോദാവ് അഗ്രിപ്പായോട് അവൻ പറഞ്ഞതിൽ അസത്യമായി യാതൊന്നും ഉണ്ടായിരുന്നില്ല. (എഫെസ്യർ 4:15) അതേസമയം, പൗലൊസ് സമാധാനം സൃഷ്ടിക്കുന്ന ഒരുവനായിരുന്നു. “എല്ലാവർക്കും എല്ലാമായിത്തീ”രേണ്ടത് എങ്ങനെയെന്ന് അവന് അറിയാമായിരുന്നു. (1 കൊരിന്ത്യർ 9:22) യേശുവിനെ കുറിച്ചു പ്രസംഗിക്കാനുള്ള തന്റെ അവകാശത്തെ സംരക്ഷിക്കുക എന്നതായിരുന്നു അവന്റെ ഉദ്ദേശ്യം. ഫലപ്രദനായ ഒരു ഉപദേഷ്ടാവ് എന്ന നിലയ്‌ക്ക്, തനിക്കും അഗ്രിപ്പായ്‌ക്കും ഒരുപോലെ യോജിക്കാൻ കഴിയുമായിരുന്ന കാര്യങ്ങൾ എടുത്തിട്ടുകൊണ്ട് അവൻ സംഭാഷണം ആരംഭിച്ചു. അങ്ങനെ, ക്രിസ്‌ത്യാനിത്വത്തെ കൂടുതൽ മതിപ്പോടെ വീക്ഷിക്കാൻ അധാർമികനായ ആ രാജാവിനെ പൗലൊസ് സഹായിച്ചു.—പ്രവൃത്തികൾ 26:28-31.
11. ശുശ്രൂഷയിൽ നമുക്ക് എങ്ങനെ സമാധാനം സൃഷ്ടിക്കുന്നവർ ആയിരിക്കാൻ കഴിയും?
11 ശുശ്രൂഷയിൽ നമുക്ക് എങ്ങനെ സമാധാനം സൃഷ്ടിക്കുന്നവർ ആയിരിക്കാൻ കഴിയും? പൗലൊസിനെ പോലെ നാം വാഗ്വാദങ്ങൾ ഒഴിവാക്കണം. ചിലപ്പോൾ, “ദൈവത്തിന്റെ വചനം ഭയംകൂടാതെ പ്രസ്‌താവി”ച്ചുകൊണ്ട് നമ്മുടെ വിശ്വാസത്തിനായി നാം ധൈര്യപൂർവം വാദിക്കേണ്ടതുണ്ടായിരിക്കാം. (ഫിലിപ്പിയർ 1:14) എന്നാൽ മിക്കപ്പോഴും നമ്മുടെ മുഖ്യ ലക്ഷ്യം സുവാർത്ത പ്രസംഗിക്കുക എന്നതാണ്. (മത്തായി 24:14) ദൈവോദ്ദേശ്യങ്ങളുടെ സത്യം മനസ്സിലാക്കിക്കഴിയുമ്പോൾ ഒരു വ്യക്തി വ്യാജമായ മതവിശ്വാസങ്ങൾ ഉപേക്ഷിക്കുകയും അശുദ്ധമായ ആചാരാനുഷ്‌ഠാനങ്ങളിൽനിന്ന് തന്നെത്തന്നെ വെടിപ്പാക്കുകയും ചെയ്‌തുകൊള്ളും. അതുകൊണ്ട് കഴിവതും തുടക്കത്തിൽ, നമ്മുടെ ശ്രോതാക്കളെ ആകർഷിക്കുന്നതും അവർക്കും നമുക്കും ഒരുപോലെ യോജിക്കാൻ കഴിയുന്നതുമായ കാര്യങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ട് സംസാരിക്കുന്നതായിരിക്കും നല്ലത്. നയപൂർവം സമീപിച്ചിരുന്നെങ്കിൽ ഒരുപക്ഷേ നമ്മുടെ സന്ദേശം ശ്രദ്ധിക്കാൻ മനസ്സൊരുക്കം കാട്ടുമായിരുന്ന ഒരു വ്യക്തിയെ വെറുപ്പിക്കുന്നത് എത്ര ബുദ്ധിശൂന്യമായിരിക്കും!—2 കൊരിന്ത്യർ 6:3.
കുടുംബത്തിൽ സമാധാനം സൃഷ്ടിക്കുന്നവർ
12. കുടുംബത്തിൽ നമുക്ക് എങ്ങനെ സമാധാനം സൃഷ്ടിക്കാൻ കഴിയും?
12 വിവാഹം കഴിക്കുന്നവർക്ക് “ജഡത്തിൽ കഷ്ടത ഉണ്ടാകും” എന്ന് പൗലൊസ് പറഞ്ഞു. (1 കൊരിന്ത്യർ 7:28) അവർക്കു വിവിധ ബുദ്ധിമുട്ടുകൾ നേരിട്ടേക്കാം. ചില ദമ്പതികൾക്കിടയിൽ കൂടെക്കൂടെ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം. അവ എങ്ങനെ കൈകാര്യം ചെയ്യാനാകും? സമാധാനപരമായ ഒരു വിധത്തിൽ. സമാധാനം സൃഷ്ടിക്കുന്ന ഒരു വ്യക്തി, വഴക്ക് മുറുകുന്നതു തടയാൻ ശ്രമിക്കും. എങ്ങനെ? ഒന്നാമതായി, തന്റെ നാവിനെ അടക്കിനിറുത്തിക്കൊണ്ട്. പരിഹാസ്യവും നിന്ദ്യവുമായ അഭിപ്രായങ്ങൾ പറയാൻ നാം നാവിനെ ഉപയോഗിക്കുമ്പോൾ ‘മെരുക്കാനാവാത്ത, അടങ്ങാത്ത ദോഷം; മരണകരമായ വിഷം നിറഞ്ഞത്’ എന്ന വിശേഷണം ഈ കൊച്ച് അവയവത്തിനു തികച്ചും യോജിക്കും. (യാക്കോബ് 3:8) സമാധാനം സൃഷ്ടിക്കുന്ന ഒരുവൻ തന്റെ നാവിനെ ഉപയോഗിക്കുന്നത് ഇണയെ ഇടിച്ചുതാഴ്‌ത്താനായിരിക്കില്ല മറിച്ച്, കെട്ടുപണി ചെയ്യാനായിരിക്കും.—സദൃശവാക്യങ്ങൾ 12:18.
13, 14. വാക്കിൽ പിഴയ്‌ക്കുമ്പോഴോ കോപം വരുമ്പോഴോ സമാധാനം നിലനിറുത്താൻ നമുക്ക് എന്തു ചെയ്യാനാകും?
13 അപൂർണരായതുകൊണ്ട് നാം എല്ലാവരും, പിന്നീട് ഓർത്തു ദുഃഖിച്ചേക്കാവുന്ന തരത്തിലുള്ള കാര്യങ്ങൾ പലപ്പോഴും പറയാറുണ്ട്. അങ്ങനെ സംഭവിക്കുമ്പോൾ, തെറ്റു തിരുത്താൻ—സമാധാനം സൃഷ്ടിക്കാൻ—ഉടനടി ശ്രമിക്കുക. (സദൃശവാക്യങ്ങൾ 19:11; കൊലൊസ്സ്യർ 3:13) ‘വാക്കുകളെച്ചൊല്ലിയുള്ള തർക്കങ്ങളി’ലും ‘വാദകോലാഹലങ്ങളി’ലും കുരുങ്ങിപ്പോകാതിരിക്കാൻ ശ്രദ്ധിക്കുക. (1 തിമൊഥെയൊസ് 6:4, 5, പി.ഒ.സി. ബൈബിൾ) പകരം, ഉൾക്കാഴ്‌ച പ്രകടമാക്കിക്കൊണ്ട് ഇണയുടെ വികാരങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുക. ഇണ നിങ്ങളോടു പരുഷമായി സംസാരിക്കുന്നെങ്കിൽ അതേ രീതിയിൽ തിരിച്ചു സംസാരിക്കരുത്. “മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു” എന്ന് ഓർക്കുക.—സദൃശവാക്യങ്ങൾ 15:1.
14 “കലഹം തുടങ്ങുംമുമ്പേ ഒഴിഞ്ഞുപോകൂ” എന്ന സദൃശവാക്യങ്ങൾ 17:14-ലെ [ഓശാന ബൈ.] ബുദ്ധിയുപദേശം ചിലപ്പോൾ പിൻപറ്റേണ്ടതുണ്ടായിരിക്കാം. രംഗം ചൂടുപിടിച്ചാൽ അവിടം വിടുക. പിന്നീട്, ദേഷ്യമൊക്കെ തണുക്കുമ്പോൾ സമാധാനപരമായി പ്രശ്‌നം പരിഹരിക്കാൻ നിങ്ങൾക്കു സാധിച്ചേക്കും. ചില സന്ദർഭങ്ങളിൽ, സഹായത്തിനായി പക്വതയുള്ള ഒരു ക്രിസ്‌തീയ മേൽവിചാരകന്റെ സഹായം തേടുന്നതു ബുദ്ധിയായിരിക്കും. ദാമ്പത്യ സമാധാനം അപകടത്തിലാകുമ്പോൾ, നവോന്മേഷദായകമായ സഹായം നൽകാൻ അനുഭവ സമ്പന്നരും സമാനുഭാവം ഉള്ളവരുമായ അത്തരം പുരുഷന്മാർക്കു കഴിയും.—യെശയ്യാവു 32:1, 2.
സഭയിൽ സമാധാനം സൃഷ്ടിക്കുന്നവർ
15. യാക്കോബ് പറയുന്നതനുസരിച്ച്, ചില ക്രിസ്‌ത്യാനികളുടെ ഇടയിൽ ദുഷിച്ച ഏതു മനോഭാവം വളർന്നുവന്നിരുന്നു, അത് “ഭൗമിക”വും “മൃഗീയ”വും “പൈശാചിക”വും ആയിരിക്കുന്നത് എങ്ങനെ?
15 ദുഃഖകരമെന്നു പറയട്ടെ, ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികളിൽ ചിലർ അസൂയയുടെയും മത്സരബുദ്ധിയുടെയും മനോഭാവം—സമാധാനത്തിനു കടകവിരുദ്ധമായത്—പ്രകടമാക്കി. യാക്കോബ് ഇപ്രകാരം പറഞ്ഞു: “ഇതു ഉയരത്തിൽനിന്നു വരുന്ന ജ്ഞാനമല്ല, ഭൌമികവും പ്രാകൃതവും [“മൃഗീയവും,” NW] പൈശാചികവും യാക്കോബ് 3:14-16) “മത്സരബുദ്ധി” എന്നു വിവർത്തനം ചെയ്യപ്പെട്ടിരിക്കുന്ന ഗ്രീക്ക് പദത്തിന് സ്വാർഥമോഹം, സ്ഥാനമാനങ്ങൾ നേടിയെടുക്കാൻ കരുനീക്കം നടത്തൽ എന്നീ അർഥങ്ങൾ ഉള്ളതായി ചിലർ കരുതുന്നു. ‘ഭൗമികവും മൃഗീയവും പൈശാചികവും’ എന്നു യാക്കോബ് അതിനെ വിശേഷിപ്പിച്ചത് നല്ല കാരണത്തോടെയാണ്. ചരിത്രത്തിലുടനീളം ലോക ഭരണാധികാരികൾ വന്യമൃഗങ്ങളെ പോലെ പരസ്‌പരം പോരാടിക്കൊണ്ട് മത്സരബുദ്ധിയോടെ പെരുമാറിയിരിക്കുന്നു. മത്സരബുദ്ധി തീർച്ചയായും ‘ഭൗമിക’വും “മൃഗീയ”വും ആണ്. കൂടാതെ അത് “പൈശാചികവു”മാണ്. ഈ ദുർഗുണം ആദ്യമായി പ്രകടമാക്കിയത് യഹോവയാം ദൈവത്തിന് എതിരെ മത്സരിച്ച, ഭൂതങ്ങളുടെ ഭരണാധിപനായ സാത്താൻ ആയിത്തീർന്ന, അധികാരമോഹിയായ ദൂതനായിരുന്നു.
ആയതത്രേ. ഈർഷ്യയും ശാഠ്യവും [“അസൂയയും മത്സരബുദ്ധിയും,” NW] ഉള്ളേടത്തു കലക്കവും സകല ദുഷ്‌പ്രവൃത്തിയും ഉണ്ടു.” (16. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികളിൽ ചിലർ സാത്താന്റേതു പോലുള്ള മനോഭാവം പ്രകടമാക്കിയത് എങ്ങനെ?
16 മത്സരബുദ്ധി സമാധാനത്തിന് വിലങ്ങുതടി ആയതിനാൽ അത് ഒഴിവാക്കാൻ യാക്കോബ് ക്രിസ്‌ത്യാനികളെ പ്രോത്സാഹിപ്പിക്കുന്നു. അവൻ എഴുതി: “നിങ്ങളിൽ ശണ്‌ഠയും കലഹവും എവിടെ നിന്നു? നിങ്ങളുടെ അവയവങ്ങളിൽ പോരാടുന്ന ഭോഗേച്ഛകളിൽ നിന്നല്ലയോ?” (യാക്കോബ് 4:1) ഇവിടെ “ഭോഗേച്ഛ” എന്നതിന് ഭൗതികവസ്‌തുക്കളോടുള്ള അടക്കാനാവാത്ത ആഗ്രഹത്തെ അല്ലെങ്കിൽ സ്ഥാനമാനങ്ങൾക്കോ ആധിപത്യത്തിനോ അധികാരത്തിനോ വേണ്ടിയുള്ള മോഹത്തെ അർഥമാക്കാൻ കഴിയും. തന്റെ യഥാർഥ അനുഗാമികൾ “ചെറിയവ”രായിരിക്കാൻ ആഗ്രഹിക്കുമെന്ന് യേശു പറഞ്ഞെങ്കിലും സഭകളിൽ ചിലർക്ക് സാത്താനെ പോലെ, മറ്റുള്ളവരെക്കാൻ വലിയവരാകാൻ ആയിരുന്നു മോഹം. (ലൂക്കൊസ് 9:48) അത്തരം മനോഭാവം സഭയുടെ സമാധാനം കെടുത്തിക്കളയും.
17. ക്രിസ്‌ത്യാനികൾക്ക് ഇന്ന് സഭയിൽ സമാധാനം സൃഷ്ടിക്കുന്നവർ ആയിരിക്കാൻ എങ്ങനെ കഴിയും?
17 ഇന്ന് നാമും ഭൗതികചിന്ത, അസൂയ, അധികാരമോഹം എന്നിവയ്‌ക്കെതിരെ ജാഗ്രത പുലർത്തേണ്ടതുണ്ട്. നാം യഥാർഥത്തിൽ സമാധാനം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നവർ ആണെങ്കിൽ, സഭയിൽ ആർക്കെങ്കിലും ചില കാര്യങ്ങളിൽ നമ്മെക്കാൾ കൂടുതൽ പ്രാഗത്ഭ്യം ഉള്ളതായി കാണുമ്പോൾ നമ്മുടെ സ്ഥാനമെങ്ങാനും നഷ്ടമായേക്കുമോ എന്നൊരു പേടി നമുക്ക് ഉണ്ടാകുകയില്ല. അതുപോലെതന്നെ, അവരുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്‌തുകൊണ്ട് മറ്റുള്ളവരുടെ മുമ്പാകെ അവരെ താഴ്‌ത്തിക്കെട്ടാൻ നാം ശ്രമിക്കുകയില്ല. ഇനി നമുക്കുതന്നെ ഏതെങ്കിലും ഒരു പ്രത്യേക കഴിവുണ്ടെങ്കിലോ? ‘മറ്റുള്ളവരെക്കാൾ കേമനാണ് ഞാൻ’ എന്നു കാണിക്കാൻ നാം അത് ഉപയോഗിക്കില്ല. നമ്മുടെ അറിവും ജ്ഞാനവുംകൊണ്ടു മാത്രമേ സഭ പുരോഗമിക്കൂ എന്നും നാം ഭാവിക്കുകയില്ല. അത്തരം മനോഭാവം ഭിന്നത ഉളവാക്കും; അത് ഒരിക്കലും സമാധാനം കൈവരുത്തുകയില്ല. സമാധാനം സൃഷ്ടിക്കുന്നവർ ഒരിക്കലും തങ്ങളുടെ പ്രാപ്‌തികൾ മറ്റുള്ളവർക്കിടയിൽ പേരെടുക്കാൻ ഉപയോഗിക്കുകയില്ല, പകരം അവർ അത് തങ്ങളുടെ സഹോദരങ്ങളെ സേവിക്കാനും യഹോവയ്‌ക്കു മഹത്ത്വം കരേറ്റാനും ആയിരിക്കും ഉപയോഗിക്കുക. ആത്യന്തികമായി സ്‌നേഹമാണ്—അല്ലാതെ കഴിവുകളല്ല—ഒരു യഥാർഥ ക്രിസ്‌ത്യാനിയെ തിരിച്ചറിയിക്കുന്നത് എന്ന് അവർ മനസ്സിലാക്കുന്നു.—യോഹന്നാൻ 13:35; 1 കൊരിന്ത്യർ 13:1-3.
‘സമാധാനത്തെ നിനക്കു നായകന്മാരായി’
18. മൂപ്പന്മാർ തങ്ങൾക്കിടയിൽ സമാധാനം ഉന്നമിപ്പിക്കുന്നത് എങ്ങനെ?
18 സമാധാനം സൃഷ്ടിക്കുന്നതിൽ സഭയിലെ മൂപ്പന്മാർ നേതൃത്വം എടുക്കുന്നു. തന്റെ ജനത്തെ കുറിച്ച് യഹോവ ഇങ്ങനെ മുൻകൂട്ടി പറഞ്ഞു: “ഞാൻ സമാധാനത്തെ നിനക്കു നായകന്മാരും [“മേൽവിചാരകന്മാരും,” NW] നീതിയെ നിനക്കു അധിപതിമാരും ആക്കും.” (യെശയ്യാവു 60:17) ഈ പ്രാവചനിക വാക്കുകൾക്കു ചേർച്ചയിൽ, ക്രിസ്‌തീയ ഇടയന്മാരായി സേവിക്കുന്നവർ തങ്ങൾക്കിടയിലും ആട്ടിൻകൂട്ടത്തിനിടയിലും സമാധാനം ഉന്നമിപ്പിക്കാൻ കഠിന ശ്രമം ചെയ്യുന്നു. സമാധാനപൂർണവും ന്യായയുക്തവുമായ ‘ഉയരത്തിൽനിന്നുള്ള ജ്ഞാനം’ പ്രകടമാക്കിക്കൊണ്ട് മൂപ്പന്മാർക്ക് തങ്ങളുടെ ഇടയിൽ സമാധാനം നിലനിറുത്താനാകും. (യാക്കോബ് 3:17) വ്യത്യസ്‌ത പശ്ചാത്തലങ്ങളിൽ നിന്നുള്ളവരും ഭിന്ന ജീവിതാനുഭവങ്ങളിലൂടെ കടന്നുപോയിട്ടുള്ളവരും എന്ന നിലയ്‌ക്ക് സഭയിലെ മൂപ്പന്മാർക്ക് ചിലപ്പോൾ വ്യത്യസ്‌തമായ വീക്ഷണങ്ങൾ ഉണ്ടായിരിക്കാം. അതിന്റെ അർഥം അവർക്കിടയിൽ സമാധാനം ഇല്ലെന്നാണോ? അത്തരമൊരു സാഹചര്യം ഉചിതമായി കൈകാര്യം ചെയ്യപ്പെടുന്നെങ്കിൽ അങ്ങനെ ആയിരിക്കില്ല. സമാധാനം ഉണ്ടാക്കുന്നവർ തങ്ങളുടെ അഭിപ്രായം എളിമയോടെ അവതരിപ്പിക്കുകയും പിന്നീട് മറ്റുള്ളവരുടെ വീക്ഷണങ്ങൾ ആദരവോടെ ശ്രദ്ധിക്കുകയും ചെയ്യും. തന്റെ വഴി സ്ഥാപിച്ചെടുക്കാൻ ശഠിക്കുന്നതിനു പകരം അയാൾ തന്റെ സഹോദരന്റെ അഭിപ്രായത്തെ കുറിച്ചു പ്രാർഥനാപൂർവം പരിചിന്തിക്കും. ബൈബിൾ തത്ത്വങ്ങൾ ലംഘിക്കപ്പെടുന്നില്ലെങ്കിൽ, ഭിന്ന വീക്ഷണങ്ങൾ പുലർത്തുന്നതിൽ തെറ്റില്ല. സമാധാനം സൃഷ്ടിക്കുന്ന ഒരു വ്യക്തി, മറ്റുള്ളവർ തന്റെ അഭിപ്രായത്തോടു യോജിക്കാതെ വരുമ്പോൾ ഭൂരിപക്ഷത്തിന്റെ തീരുമാനത്തെ പിന്താങ്ങും. അങ്ങനെ താൻ ന്യായബോധം ഉള്ളവൻ ആണെന്ന് അയാൾ കാണിക്കും. (1 തിമൊഥെയൊസ് 3:2, 3, NW) സ്വന്തം അഭിപ്രായം സ്ഥാപിച്ചെടുക്കുന്നതിനെക്കാൾ പ്രധാനം സമാധാനം നിലനിറുത്തുന്നതാണെന്ന് അനുഭവസമ്പത്തുള്ള മേൽവിചാരകന്മാർക്ക് അറിയാം.
19. മൂപ്പന്മാർ സഭയിൽ സമാധാനം സൃഷ്ടിക്കുന്നവർ ആയിരിക്കുന്നത് എങ്ങനെ?
19 സഭയിലുള്ളവരെ പിന്തുണച്ചുകൊണ്ടും അവരുടെ ശ്രമങ്ങളെ അനാവശ്യമായി വിമർശിക്കാതിരുന്നുകൊണ്ടും മൂപ്പന്മാർ ആട്ടിൻകൂട്ടത്തിലെ അംഗങ്ങളുടെ ഇടയിൽ സമാധാനം ഉന്നമിപ്പിക്കുന്നു. ചിലപ്പോൾ ചിലരെ യഥാസ്ഥാനപ്പെടുത്തേണ്ടതുണ്ടായിരിക്കാം. (ഗലാത്യർ 6:1) എന്നാൽ ഒരു ക്രിസ്‌തീയ മേൽവിചാരകന്റെ പ്രധാന ചുമതല ശിക്ഷണം നൽകുക എന്നതല്ല. അദ്ദേഹം മിക്കപ്പോഴും സഭയിലുള്ളവരെ അഭിനന്ദിക്കുന്നു. സ്‌നേഹമുള്ള മൂപ്പന്മാർ മറ്റുള്ളവരിലെ നന്മ കാണാൻ ശ്രമിക്കുന്നു. സഹക്രിസ്‌ത്യാനികളുടെ കഠിനാധ്വാനത്തെ മേൽവിചാരകന്മാർ വിലമതിക്കുകയും തങ്ങളുടെ സഹവിശ്വാസികൾ കഴിവിന്റെ പരമാവധി ചെയ്യുന്നുവെന്ന ബോധ്യം പുലർത്തുകയും ചെയ്യുന്നു.—2 കൊരിന്ത്യർ 2:3, 4.
20. എല്ലാവരും സമാധാനം സൃഷ്ടിക്കുന്നവർ ആണെങ്കിൽ സഭ ഏതുവിധത്തിൽ പ്രയോജനം അനുഭവിക്കും?
20 അങ്ങനെ, കുടുംബത്തിലും സഭയിലും അതുപോലെ അവിശ്വാസികളോടുള്ള ഇടപെടലുകളിലും നാം സമാധാനം സൃഷ്ടിക്കാൻ കഠിനമായി ശ്രമിക്കുന്നു. ഉത്സാഹത്തോടെ സമാധാനം നട്ടുവളർത്തുന്നെങ്കിൽ നാം അതുവഴി സഭയുടെ സന്തോഷത്തിന് സംഭാവന ചെയ്യുകയായിരിക്കും. അതേസമയം, നാം അടുത്ത ലേഖനത്തിൽ കാണാൻ പോകുന്നതുപോലെ പല വിധങ്ങളിലും നാം സംരക്ഷിക്കപ്പെടുകയും ശക്തീകരിക്കപ്പെടുകയും ചെയ്യും.
നിങ്ങൾ ഓർക്കുന്നുവോ?
• സമാധാനം സൃഷ്ടിക്കുക എന്നാൽ എന്താണ് അർഥം?
• സാക്ഷികൾ അല്ലാത്തവരുമായി ഇടപെടുമ്പോഴെല്ലാം നമുക്ക് സമാധാനം സൃഷ്ടിക്കാൻ കഴിയുന്നത് എങ്ങനെ?
• കുടുംബത്തിൽ സമാധാനം നട്ടുവളർത്താൻ കഴിയുന്ന ചില വിധങ്ങൾ ഏവ?
• സഭയിൽ മൂപ്പന്മാർക്ക് എങ്ങനെ സമാധാനം ഉന്നമിപ്പിക്കാൻ കഴിയും?
[അധ്യയന ചോദ്യങ്ങൾ]
[9-ാം പേജിലെ ചിത്രം]
സമാധാനം സൃഷ്ടിക്കുന്നവർ തങ്ങൾ ശ്രേഷ്‌ഠരാണെന്നു ഭാവിക്കുകയില്ല
[10-ാം പേജിലെ ചിത്രങ്ങൾ]
ക്രിസ്‌ത്യാനികൾ ശുശ്രൂഷയിലും കുടുംബത്തിലും സഭയിലും സമാധാനം സൃഷ്ടിക്കുന്നു