വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എന്താണ്‌ യഥാർഥ മൂല്യമുള്ളത്‌?

എന്താണ്‌ യഥാർഥ മൂല്യമുള്ളത്‌?

എന്താണ്‌ യഥാർഥ മൂല്യമുള്ളത്‌?

യഥാർഥ മൂല്യമുള്ള എന്തെങ്കിലും സ്വന്തമായി ഉണ്ടായിരിക്കുന്നത്‌ അതിരറ്റ ആഹ്ലാദം പ്രദാനം ചെയ്‌തേക്കാം. എന്നാൽ അത്‌ എന്തായിരിക്കാം? കുറെയധികം പണമാണോ? വിലപിടിപ്പുള്ളതോ അപൂർവമോ ആയ ആഭരണങ്ങളാണോ? പേരും പെരുമയുമാണോ? പലരും ഇവയ്‌ക്കൊക്കെ വലിയ മൂല്യം കൽപ്പിക്കുന്നു. മേൽപ്പറഞ്ഞ സംഗതികൾ നമ്മുടെ ദൈനംദിന ആവശ്യങ്ങൾക്ക്‌ ഉപകരിച്ചേക്കാം, ജീവിതത്തെ കൂടുതൽ അർഥപൂർണമാക്കിയേക്കാം, അല്ലെങ്കിൽ അംഗീകാരവും നേട്ടവും കൈവരിക്കാനുള്ള ആന്തരിക ആവശ്യത്തെ തൃപ്‌തിപ്പെടുത്തിയേക്കാം. എന്നാൽ, അവ ഭാവി സംബന്ധിച്ച നമ്മുടെ ലക്ഷ്യങ്ങളെയും മോഹങ്ങളെയും നിവർത്തിച്ചുതരുമെന്ന ആശയോടെ നാം അവയ്‌ക്കു പിന്നാലെ പരക്കം പായുകയാണോ?

സാധാരണഗതിയിൽ, ആളുകൾ ഒരു സംഗതിയെ മൂല്യവത്തായി വീക്ഷിക്കുന്നത്‌ അത്‌ അവരുടെ ആവശ്യത്തെ എങ്ങനെ നിവർത്തിക്കുന്നു അല്ലെങ്കിൽ വ്യക്തിപരമായ മോഹങ്ങളെ എങ്ങനെ തൃപ്‌തിപ്പെടുത്തുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്‌. സന്തോഷവും സംതൃപ്‌തിയും പ്രദാനം ചെയ്യുന്ന, സുരക്ഷിത ഭാവിയുടെ പ്രത്യാശ നൽകുന്ന കാര്യങ്ങളെ നാം വളരെ പ്രിയപ്പെട്ടതായി വീക്ഷിക്കുന്നു. പെട്ടെന്നുള്ള വിടുതലോ ആശ്വാസമോ അംഗീകാരമോ നേടിത്തരുന്ന സംഗതികളെ നാം മൂല്യവത്തായി കരുതുന്നു. എന്നിരുന്നാലും, നമ്മുടെ മാറിക്കൊണ്ടിരിക്കുന്ന മോഹങ്ങളെയോ താത്‌പര്യങ്ങളെയോ അടിസ്ഥാനപ്പെടുത്തി നാം എന്തിനെങ്കിലും മൂല്യം കൽപ്പിക്കുന്നെങ്കിൽ അത്‌ ബുദ്ധിശൂന്യമായ, ദീർഘദൃഷ്ടിയില്ലാത്ത ഒരു പ്രവൃത്തിയായിരിക്കും. വാസ്‌തവത്തിൽ, ഒരു സംഗതിയുടെ യഥാർഥ മൂല്യം നിർണയിക്കുന്നത്‌ നമ്മുടെ ഏറ്റവും വലിയ ആവശ്യം എന്താണ്‌ എന്നതു സംബന്ധിച്ച തിരിച്ചറിവാണ്‌.

നമ്മുടെ ഏറ്റവും വലിയ ആവശ്യം എന്താണ്‌? ഏറ്റവും പ്രധാനപ്പെട്ട ഘടകമായ ജീവൻ ഇല്ലെങ്കിൽ യാതൊന്നിനും മൂല്യമില്ല. ജീവൻ ഇല്ലെങ്കിൽ നാം ഇല്ല. പുരാതന ഇസ്രായേലിന്റെ രാജാവായിരുന്ന ശലോമോൻ എഴുതി: “മരിച്ചവരോ ഒന്നും അറിയുന്നില്ല; . . . പാതാളത്തിൽ [മനുഷ്യവർഗത്തിന്റെ പൊതു ശവക്കുഴിയിൽ] പ്രവൃത്തിയോ സൂത്രമോ, അറിവോ, ജ്ഞാനമോ ഒന്നും ഇല്ല.” (സഭാപ്രസംഗി 9:5, 10) മരണം നമ്മെ കീഴ്‌പെടുത്തുമ്പോൾ നമുക്കുള്ളതെല്ലാം കൈവെടിയാൻ നാം നിർബന്ധിതരാകുന്നു. അതുകൊണ്ട്‌, നമ്മുടെ ഏറ്റവും വലിയ ആവശ്യം, നമ്മുടെ ജീവനെ പരിരക്ഷിക്കാൻ കഴിയുന്ന എന്തെങ്കിലും നേടുക എന്നതാണ്‌. എന്തിനായിരിക്കും അതിനു കഴിയുക?

നമ്മുടെ ജീവനെ പരിക്ഷിക്കാൻ കഴിയുന്നത്‌ എന്തിനായിരിക്കും?

‘ദ്രവ്യം ഒരു ശരണം’ ആണെന്ന്‌ ശലോമോൻ രാജാവ്‌ പറയുകയുണ്ടായി. (സഭാപ്രസംഗി 7:12) ആവശ്യത്തിന്‌ പണം ഉണ്ടെങ്കിൽ നമുക്ക്‌ ആഹാരവും നല്ലൊരു പാർപ്പിടവും സമ്പാദിക്കാനാകും. പണം ഉണ്ടെങ്കിൽ ദൂരസ്ഥലങ്ങൾ സന്ദർശിക്കുന്നതിന്റെ സന്തോഷം നമുക്ക്‌ അനുഭവിക്കാൻ കഴിഞ്ഞേക്കും. പ്രായാധിക്യമോ രോഗങ്ങളോ മൂലം ജോലി ചെയ്യാൻ കഴിയാതെ വരുമ്പോൾ പണമുണ്ടെങ്കിൽ നമ്മുടെ ആവശ്യങ്ങൾ നിവർത്തിക്കാൻ സാധിച്ചേക്കും. പണം ഉള്ളതിന്റെ പ്രയോജനങ്ങൾ അങ്ങനെ പലതാണ്‌. എങ്കിലും ജീവനെ പരിരക്ഷിക്കാൻ പണത്തിനു കഴിയില്ല. “ഈ ലോകത്തിലെ ധനവാന്മാരോടു ഉന്നതഭാവം കൂടാതെയിരിപ്പാനും നിശ്ചയമില്ലാത്ത ധനത്തിലല്ല . . . [മറിച്ച്‌] ദൈവത്തിൽ ആശ വെപ്പാനും . . . ആജ്ഞാപിക്ക” എന്ന്‌ പൗലൊസ്‌ അപ്പൊസ്‌തലൻ തിമൊഥെയൊസിനെ ബുദ്ധിയുപദേശിച്ചു. (1 തിമൊഥെയൊസ്‌ 6:17-19) ലോകത്തിലെ മുഴുവൻ ധനവും കൊടുത്താലും നമുക്കു ജീവൻ നേടാനാവില്ല.

ഹിറ്റോഷി എന്ന ഒരാളുടെ അനുഭവം പരിചിന്തിക്കുക. ഒരു ദരിദ്ര കുടുംബത്തിൽ വളർന്നുവന്ന ഹിറ്റോഷിക്ക്‌ ധനികനാകാൻ വലിയ മോഹമായിരുന്നു. പണത്തിന്റെ ശക്തിയിൽ അദ്ദേഹം വളരെയധികം വിശ്വസിച്ചിരുന്നു. എന്തിന്‌, പണം കൊടുത്താൽ മനുഷ്യരെ പോലും വിലയ്‌ക്കു വാങ്ങാമെന്ന്‌ അദ്ദേഹം കരുതി. അങ്ങനെയിരിക്കെ ഒരു ദിവസം ഒരാൾ ഹിറ്റോഷിയുടെ വീട്ടിൽ വന്നു. യേശുക്രിസ്‌തു ഹിറ്റോഷിക്കു വേണ്ടി കൂടിയാണ്‌ മരിച്ചതെന്ന കാര്യം അറിയാമോയെന്ന്‌ ആ മനുഷ്യൻ ചോദിച്ചു. അത്‌ ഹിറ്റോഷിയെ ജിജ്ഞാസാഭരിതനാക്കി. കാരണം, തന്നെപ്പോലെ ഒരാൾക്കു വേണ്ടി ആരെങ്കിലും മരിക്കാൻ തയ്യാറാകുമെന്ന്‌ അദ്ദേഹം കരുതിയില്ല. തുടർന്ന്‌ അദ്ദേഹം ഒരു യോഗത്തിൽ സംബന്ധിച്ചു. അവിടെവെച്ച്‌, ബൈബിളിനെ ആധാരമാക്കിയുള്ള ഒരു പരസ്യപ്രസംഗത്തിലൂടെ, ‘കണ്ണ്‌ ലളിതമായി സൂക്ഷിക്കാ’നുള്ള ബുദ്ധിയുപദേശം കേട്ടപ്പോൾ അദ്ദേഹം അമ്പരന്നുപോയി. “ലളിത”മായ കണ്ണ്‌ ദീർഘദൃഷ്ടിയുള്ളതും ആത്മീയ കാര്യങ്ങളിൽ കേന്ദ്രീകരിക്കപ്പെട്ടതും ആയിരിക്കുമെന്ന്‌ പ്രസംഗകൻ വിശദമാക്കി. (ലൂക്കൊസ്‌ 11:​34, NW) പണം സമ്പാദിക്കാൻ പാടുപെടുന്നതിനു പകരം, ആത്മീയ മൂല്യമുള്ള കാര്യങ്ങൾക്ക്‌ ഹിറ്റോഷി തന്റെ ജീവിതത്തിൽ പ്രഥമ സ്ഥാനം നൽകാൻ തുടങ്ങി.

ഭൗതിക സമ്പത്ത്‌ ഒരളവുവരെ നമുക്ക്‌ സ്ഥിരതയും സുരക്ഷിതത്വവും പ്രദാനം ചെയ്‌തേക്കാം. സാമ്പത്തികസമൃദ്ധി ദൈനംദിന ആവശ്യങ്ങളെ കുറിച്ചുള്ള ഉത്‌കണ്‌ഠയിൽനിന്ന്‌ നമുക്കു മോചനം നൽകിയേക്കാം. അഭിലഷണീയമായ ഒരു ചുറ്റുപാടിൽ നല്ലൊരു വീടു സമ്പാദിക്കാൻ കഴിഞ്ഞാൽ അത്‌ ഒരു നേട്ടം കൈവരിച്ചു എന്ന തോന്നൽ നമ്മിൽ ഉളവാക്കിയേക്കാം. നല്ല വാഹനവും ആധുനിക ഫാഷനിലുള്ള വസ്‌ത്രങ്ങളും ആളുകളുടെ മതിപ്പു നേടാൻ നമ്മെ സഹായിച്ചേക്കാം.

“അദ്‌ധ്വാനഫലം ആസ്വദി”ക്കാൻ സാധിക്കുന്നത്‌ ഒരു അനുഗ്രഹമാണ്‌. (സഭാപ്രസംഗി 3:​13, പി.ഒ.സി. ബൈബിൾ) സാമ്പത്തികസമൃദ്ധി ഉണ്ടെങ്കിൽ നമ്മുടെ പ്രിയപ്പെട്ടവർക്ക്‌ ‘ആശ്വസിക്കാനും തിന്നാനും കുടിക്കാനും ആനന്ദിക്കാനും’ സാധിച്ചേക്കാം. എന്നാൽ ഭൗതിക വസ്‌തുക്കൾക്ക്‌ ക്ഷണിക മൂല്യമേ ഉള്ളൂ. അത്യാഗ്രഹത്തിനെതിരെ മുന്നറിയിപ്പു നൽകിക്കൊണ്ട്‌ യേശുക്രിസ്‌തു ഇപ്രകാരം പറഞ്ഞു: “ഒരുത്തന്നു സമൃദ്ധി ഉണ്ടായാലും അവന്റെ വസ്‌തുവകയല്ല അവന്റെ ജീവന്നു ആധാരമായിരിക്കുന്നതു.” (ലൂക്കൊസ്‌ 12:15-21) സമ്പത്ത്‌, അത്‌ എത്രതന്നെ ഉണ്ടെങ്കിലും, അത്‌ എത്ര മൂല്യവത്തായിരുന്നാലും നമുക്കു ജീവൻ നേടിത്തരികയില്ല.

ലിസ്‌ എന്ന സ്‌ത്രീയുടെ കാര്യമെടുക്കുക. ധനികനായ ഒരാളെയാണ്‌ അവർ വിവാഹം ചെയ്‌തത്‌. അവർ പറയുന്നു: “ഞങ്ങൾക്ക്‌ മനോഹരമായ ഒരു വീടും രണ്ടു കാറുകളും ഉണ്ടായിരുന്നു. പണം ഉള്ളതുകൊണ്ട്‌, ഭൗതികമായി ലോകത്തിൽ കിട്ടാവുന്ന എന്തു സുഖങ്ങളും അനുഭവിക്കാൻ ഞങ്ങൾക്കു കഴിയുമായിരുന്നു . . . ഒരുപക്ഷേ നിങ്ങൾക്കു വിചിത്രമായി തോന്നിയേക്കാം, എനിക്ക്‌ പണത്തെ കുറിച്ച്‌ എപ്പോഴും വേവലാതിയായിരുന്നു.” അവർ വിശദമാക്കുന്നു: “ഞങ്ങൾക്ക്‌ ഉണ്ടായേക്കാവുന്ന നഷ്ടം വളരെ വലുതായിരുന്നു. പണം എത്രയധികം ഉണ്ടോ, അത്രയധികം അരക്ഷിതത്വവും തോന്നും.”

പലരും പേരിനും പെരുമയ്‌ക്കും വലിയ മൂല്യം കൽപ്പിക്കുന്നു. കാരണം അവ മറ്റുള്ളവരിൽനിന്ന്‌ പ്രശംസയും ആദരവും നേടിത്തന്നേക്കാം. ഇന്നത്തെ ലോകത്തിൽ വിജയകരമായ ഒരു തൊഴിൽ ഉണ്ടായിരിക്കുന്നത്‌ അസൂയാവഹമായ ഒരു നേട്ടമാണ്‌. അപൂർവമായ പ്രാപ്‌തികളും വൈദഗ്‌ധ്യങ്ങളും നമുക്കുതന്നെ ഒരു പേരുണ്ടാക്കാൻ സഹായിച്ചേക്കും. മറ്റുള്ളവർ നമ്മെ പ്രശംസിക്കുകയോ നമ്മുടെ അഭിപ്രായങ്ങളെ മാനിക്കുകയോ നമ്മുടെ പ്രീതി പിടിച്ചുപറ്റാൻ ശ്രമിക്കുകയോ ചെയ്‌തേക്കാം. ഇതെല്ലാം നമുക്ക്‌ ആനന്ദവും സംതൃപ്‌തിയും കൈവരുത്തിയേക്കാം. എന്നാൽ ഒടുവിൽ അവയെല്ലാം മാഞ്ഞുപോകുന്നു. ഒരു രാജാവിന്‌ ഉണ്ടായിരിക്കാവുന്നതിലേക്കും ഏറ്റവും മഹത്വവും പ്രതാപവും ശലോമോന്‌ ഉണ്ടായിരുന്നു. എന്നിട്ടും അവൻ ഇങ്ങനെ വിലപിച്ചു: “ഭോഷനെക്കുറിച്ചാകട്ടെ ജ്ഞാനിയെക്കുറിച്ചാകട്ടെ ശാശ്വതമായ ഓർമ്മയില്ല; . . . അവരെ ഒക്കെയും മറന്നുപോകും.” (സഭാപ്രസംഗി 2:16) പേരും പെരുമയും ഒരുവന്‌ ജീവനെ നേടിക്കൊടുക്കുന്നില്ല.

ചെലോ എന്നു പേരുള്ള ഒരു കൊത്തുപണിക്കാരൻ പ്രശസ്‌തിയെക്കാൾ മൂല്യവത്തായ ഒരു സംഗതി വിലമതിക്കാൻ ഇടയായി. കൊത്തുപണിയിൽ നല്ല വാസന ഉണ്ടായിരുന്ന അദ്ദേഹം തന്റെ കഴിവുകൾ വികസിപ്പിക്കുന്നതിനായി പ്രത്യേക പരിശീലനം നേടി. താമസിയാതെ അദ്ദേഹത്തിന്റെ കലാസൃഷ്ടികൾ മാധ്യമങ്ങളുടെയും കലാനിരൂപകരുടെയും പ്രശംസ പിടിച്ചുപറ്റി. അദ്ദേഹത്തിന്റെ ശിൽപ്പങ്ങളിൽ പലതും യൂറോപ്പിലെ പ്രമുഖ നഗരങ്ങളിൽ പ്രദർശിപ്പിക്കപ്പെട്ടു. ചെലോ വിവരിക്കുന്നു: “ഒരു കാലത്ത്‌ കലയ്‌ക്കായിരുന്നു ഞാൻ ജീവിതത്തിൽ പ്രമുഖ സ്ഥാനം നൽകിയിരുന്നത്‌ എന്നു സമ്മതിക്കേണ്ടിയിരിക്കുന്നു. എന്നാൽ എന്റെ തൊഴിൽ തുടർന്നുകൊണ്ടു പോകുന്നത്‌ രണ്ടു യജമാനന്മാരെ സേവിക്കുന്നതിനു തുല്യമാണെന്ന്‌ ഞാൻ മനസ്സിലാക്കി.” (മത്തായി 6:24) എനിക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട സംഗതി ദൈവരാജ്യത്തെ കുറിച്ചുള്ള സുവാർത്ത പ്രസംഗിക്കുകയാണെന്ന്‌ എനിക്കു ബോധ്യമായി. അതുകൊണ്ട്‌ ഒരു കൊത്തുപണിക്കാരൻ എന്ന നിലയിലുള്ള എന്റെ ജോലി ഉപേക്ഷിക്കാൻ ഞാൻ തീരുമാനിച്ചു.”

ഏറ്റവും മൂല്യമുള്ളത്‌ എന്തിനാണ്‌?

ജീവൻ ഇല്ലെങ്കിൽ യാതൊന്നിനും അർഥമോ മൂല്യമോ ഇല്ലാത്തതുകൊണ്ട്‌ ജീവൻ നിലനിറുത്താൻ സഹായിക്കുന്ന എന്താണ്‌ നമുക്കു സമ്പാദിക്കാൻ കഴിയുക? ജീവന്റെ ഉറവിടം യഹോവയാം ദൈവമാണ്‌. (സങ്കീർത്തനം 36:9) തീർച്ചയായും ‘അവനിൽ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നു.’ (പ്രവൃത്തികൾ 17:28) താൻ സ്‌നേഹിക്കുന്നവരെ നിത്യജീവൻ നൽകി അവൻ അനുഗ്രഹിക്കുന്നു. (റോമർ 6:23) ആ സമ്മാനം നേടുന്നതിനു യോഗ്യത പ്രാപിക്കാൻ നാം എന്തു ചെയ്യണം?

നിത്യജീവനാകുന്ന സമ്മാനം ലഭിക്കുന്നതിന്‌ യഹോവയുമായി അടുത്ത ബന്ധം ഉണ്ടായിരിക്കുന്നതു പ്രധാനമാണ്‌. അതുകൊണ്ട്‌, അവന്റെ പ്രീതി മറ്റെന്തിനെക്കാളും മൂല്യം ഉള്ളതാണ്‌. അത്‌ ഉണ്ടെങ്കിൽ നമുക്ക്‌ നിലനിൽക്കുന്ന യഥാർഥ സന്തോഷത്തിന്റെ പ്രത്യാശ ഉണ്ട്‌. ദൈവത്തിന്റെ പ്രീതി ഇല്ലെങ്കിൽ നാം നിത്യ നാശത്തെ നേരിടുന്നു. അതുകൊണ്ട്‌, യഹോവയുമായി ഒരു നല്ല ബന്ധം ഉണ്ടായിരിക്കാൻ സഹായിക്കുന്ന എന്തും അങ്ങേയറ്റം മൂല്യവത്താണ്‌.

നാം ചെയ്യേണ്ടത്‌

നമ്മുടെ വിജയം ജ്ഞാനം സമ്പാദിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു. സൂക്ഷ്‌മ പരിജ്ഞാനത്തിന്റെ ഉറവിടം യഹോവയുടെ വചനമായ ബൈബിളാണ്‌. ദൈവത്തെ പ്രസാദിപ്പിക്കാൻ നാം എന്തു ചെയ്യണമെന്ന്‌ പറയുന്നത്‌ അതു മാത്രമാണ്‌. അതുകൊണ്ട്‌ നാം തിരുവെഴുത്തുകൾ ശ്രദ്ധാപൂർവം പഠിക്കേണ്ടതുണ്ട്‌. യഹോവയാം ദൈവത്തെയും യേശുക്രിസ്‌തുവിനെയും കുറിച്ച്‌ കഴിയുന്നത്ര കാര്യങ്ങൾ പഠിക്കാൻ ഉത്സാഹപൂർവം ശ്രമിക്കുന്നത്‌ ‘നിത്യജീവനെ അർഥമാക്കുന്ന പരിജ്ഞാനം’ നേടിത്തരും. (യോഹന്നാൻ 17:​3, NW) അത്തരം പരിജ്ഞാനം നിധിപോലെ കരുതേണ്ട ഒന്നാണ്‌!​—⁠സദൃശവാക്യങ്ങൾ 2:1-5.

ദൈവവചനത്തിൽനിന്നു ലഭിക്കുന്ന പരിജ്ഞാനം നമ്മെ അടുത്ത പടിയിലേക്ക്‌​—⁠യേശുക്രിസ്‌തുവിൽ വിശ്വാസം അർപ്പിക്കുന്നതിലേക്ക്‌​—⁠നയിക്കുന്നു. തന്നിലേക്കു വരുന്ന എല്ലാവരും യേശുക്രിസ്‌തു മുഖാന്തം ആയിരിക്കണം വരേണ്ടത്‌ എന്ന്‌ യഹോവ അരുളിച്ചെയ്‌തിരിക്കുന്നു. (യോഹന്നാൻ 14:6) വാസ്‌തവത്തിൽ “മറെറാരുത്തനിലും രക്ഷ ഇല്ല.” (പ്രവൃത്തികൾ 4:12) നമ്മുടെ ആത്യന്തിക രക്ഷയ്‌ക്ക്‌ ആധാരം ‘പൊന്നോ വെള്ളിയോ’ അല്ല പിന്നെയോ ‘ക്രിസ്‌തുവിന്റെ വിലയേറിയ രക്ത’മാണ്‌. (1 പത്രൊസ്‌ 1:18, 19) യേശുവിന്റെ പഠിപ്പിക്കലുകൾ വിശ്വസിക്കുകയും അവന്റെ മാതൃക പിൻപറ്റുകയും ചെയ്‌തുകൊണ്ട്‌ നാം വിശ്വാസം പ്രകടമാക്കേണ്ടതുണ്ട്‌. (എബ്രായർ 12:1-3; 1 പത്രൊസ്‌ 2:21) അവന്റെ മറുവിലയാഗം എത്ര മൂല്യവത്താണ്‌! അതിന്റെ പ്രയോജനങ്ങൾ ബാധകമാക്കുകവഴിയാണ്‌ മുഴു മനുഷ്യവർഗത്തിന്റെയും നിത്യഭാവി നിർണയിക്കപ്പെടുന്നത്‌. അത്‌ മുഴുവനായി ബാധകമാക്കിക്കഴിയുമ്പോൾ നിത്യജീവൻ എന്ന അമൂല്യ സമ്മാനം നമുക്കു ലഭിക്കും.​—⁠യോഹന്നാൻ 3:⁠16.

യേശു ഇപ്രകാരം പറഞ്ഞു: “നിന്റെ ദൈവമായ കർത്താവിനെ [“യഹോവയെ,” NW] നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടുംകൂടെ സ്‌നേഹിക്കേണം.” (മത്തായി 22:37) യഹോവയെ സ്‌നേഹിക്കുക എന്നതിന്റെ അർഥം ‘അവന്റെ കല്‌പനകളെ പ്രമാണിക്കുക’ എന്നാണ്‌. (1 യോഹന്നാൻ 5:3) ലോകത്തിൽനിന്ന്‌ വേറിട്ടു നിൽക്കുന്നതും നല്ല നടത്ത കാത്തുസൂക്ഷിക്കുന്നതും ദൈവരാജ്യത്തെ വിശ്വസ്‌തമായി പിന്തുണയ്‌ക്കുന്നതും അവന്റെ കൽപ്പനകളിൽ ഉൾപ്പെടുന്നു. അതുകൊണ്ടാണ്‌ മരണത്തിനു പകരം നാം “ജീവനെ തിരഞ്ഞെടു”ക്കുന്നത്‌. (ആവർത്തനപുസ്‌തകം 30:20) നാം ‘ദൈവത്തോട്‌ അടുത്തു ചെന്നാൽ അവൻ നമ്മോട്‌ അടുത്തുവരും.’​—⁠യാക്കോബ്‌ 4:⁠8.

ദൈവത്തിന്റെ പ്രീതി നമുക്കുണ്ടെന്ന ഉറപ്പ്‌ ലോകത്തിലെ മുഴു സമ്പത്തിനെക്കാളും മൂല്യവത്താണ്‌. അത്‌ ഉള്ളവരാണ്‌ ലോകത്തിലെ ഏറ്റവും സമ്പന്നർ! അതുകൊണ്ട്‌, യഥാർഥ മൂല്യമുള്ള സമ്പത്ത്‌​—⁠യഹോവയുടെ അംഗീകാരം​—⁠നേടാൻ നമുക്കു കഠിനമായി യത്‌നിക്കാം. അപ്പൊസ്‌തലനായ പൗലൊസിന്റെ ഈ ബുദ്ധിയുപദേശം ബാധകമാക്കാൻ നമുക്ക്‌ തീർച്ചയായും ശ്രമിക്കാം: “നീതി, ഭക്തി, വിശ്വാസം, സ്‌നേഹം, ക്ഷമ, സൌമ്യത എന്നിവയെ പിന്തുടരുക. വിശ്വാസത്തിന്റെ നല്ല പോർ പൊരുതുക; നിത്യജീവനെ പിടിച്ചുകൊൾക.”​—⁠1 തിമൊഥെയൊസ്‌ 6:11, 12.

[21-ാം പേജിലെ ചിത്രങ്ങൾ]

നിങ്ങൾ ഏറ്റവും മൂല്യവത്തായി കരുതുന്നത്‌ എന്താണ്‌? പണമാണോ, ഭൗതിക വസ്‌തുക്കളാണോ, പ്രശസ്‌തിയാണോ, അതോ മറ്റെന്തെങ്കിലുമാണോ?

[23-ാം പേജിലെ ചിത്രം]

നാം തിരുവെഴുത്തുകൾ ശ്രദ്ധയോടെ പഠിക്കേണ്ടതുണ്ട്‌