വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എന്തിനെങ്കിലും ആളുകളെ യഥാർഥത്തിൽ ഏകീകരിക്കാൻ കഴിയുമോ?

എന്തിനെങ്കിലും ആളുകളെ യഥാർഥത്തിൽ ഏകീകരിക്കാൻ കഴിയുമോ?

എന്തിനെങ്കിലും ആളുകളെ യഥാർഥത്തിൽ ഏകീകരിക്കാൻ കഴിയുമോ?

നിങ്ങളുടെ വിശ്വാസങ്ങൾ എന്തായിരുന്നാലും, മിക്കവാറും എല്ലാ മതങ്ങളിലും സത്യത്തെ സ്‌നേഹിക്കുന്നവർ ഉണ്ടെന്നു നിങ്ങൾ സമ്മതിച്ചേക്കും. സത്യത്തെ ആഴമായി വിലമതിക്കുകയും അതു കണ്ടെത്താൻ മനസ്സൊരുക്കം കാണിക്കുകയും ചെയ്യുന്ന ആളുകളെ ഹിന്ദുമതത്തിലും കത്തോലിക്കാമതത്തിലും യഹൂദമതത്തിലുമൊക്കെ കാണാം. എങ്കിലും മതം മനുഷ്യവർഗത്തെ ഭിന്നിപ്പിക്കുന്നതായി കാണുന്നു. ഹീനമായ ലക്ഷ്യങ്ങൾ സാധിക്കുന്നതിനു പോലും ചിലർ മതത്തെ ഉപയോഗിക്കുന്നു. എല്ലാ മതങ്ങളിലും നിന്നുള്ള, നന്മയെയും സത്യത്തെയും സ്‌നേഹിക്കുന്ന ആളുകൾക്ക്‌ എന്നെങ്കിലും ഏകീകൃതരാകാൻ സാധിക്കുമോ? പൊതുവായ ഒരു ഉദ്ദേശ്യനിവൃത്തിക്കായി അവരെ ഒന്നിപ്പിക്കാൻ സാധിക്കുമോ?

മതം മനുഷ്യരെ ഭിന്നിപ്പിക്കുന്ന കാഴ്‌ച എത്ര അസ്വസ്ഥജനകമാണ്‌! മതത്തിന്റെ പേരിൽ നടക്കുന്ന ചില സംഘർഷങ്ങളെ കുറിച്ചു ചിന്തിക്കുക. ശ്രീലങ്കയിൽ ഹിന്ദുക്കളും ബുദ്ധമതക്കാരും ഏറ്റുമുട്ടുന്നു. വിവിധ പോരാട്ടങ്ങളിൽ പ്രൊട്ടസ്റ്റന്റുകാരും കത്തോലിക്കരും യഹൂദമതക്കാരും രക്തച്ചൊരിച്ചിൽ നടത്തിയിട്ടുണ്ട്‌. ഇൻഡോനേഷ്യ, കൊസൊവൊ, ചെച്‌നിയ, ബോസ്‌നിയ എന്നിവിടങ്ങളിൽ “ക്രിസ്‌ത്യാനികളും” മുസ്ലീങ്ങളും തമ്മിൽ പോരാട്ടം നടക്കുകയാണ്‌. 2000 മാർച്ചിൽ മതത്തിന്റെ പേരിൽ നടന്ന, രണ്ടു ദിവസം നീണ്ടുനിന്ന ഒരു ലഹളയിൽ 300 നൈജീരിയക്കാരാണ്‌ കൊല്ലപ്പെട്ടത്‌. അതേ, ഈ ഏറ്റുമുട്ടലുകൾക്കെല്ലാം തിരികൊളുത്തിയത്‌ മതപരമായ വിദ്വേഷമായിരുന്നു.

മതത്തിന്റെ പേരിൽ നടക്കുന്ന ഹീനകൃത്യങ്ങൾ പരമാർഥ ഹൃദയരെ പലപ്പോഴും നടുക്കിയിട്ടുണ്ട്‌. ഉദാഹരണത്തിന്‌, കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചിട്ടുള്ള വൈദികരെ സഭകൾ ഔദ്യോഗിക സ്ഥാനങ്ങളിൽ വെച്ചുകൊണ്ടിരിക്കുന്നത്‌ പല സഭാംഗങ്ങളെയും ഞെട്ടിക്കുന്നു. ക്രൈസ്‌തവരെന്ന്‌ അവകാശപ്പെടുന്ന പല വിഭാഗങ്ങളിലും സ്വവർഗരതിയുടെയും ഗർഭച്‌ഛിദ്രത്തിന്റെയും പേരിൽ നിലനിൽക്കുന്ന അഭിപ്രായവ്യത്യാസങ്ങൾ വിശ്വാസികൾക്കു വലിയ നാണക്കേടു വരുത്തിവെച്ചിട്ടുണ്ട്‌. മതം മനുഷ്യവർഗത്തെ ഏകീകരിച്ചിട്ടില്ലെന്നു വ്യക്തം. എങ്കിലും, പിൻവരുന്ന അനുഭവങ്ങൾ കാണിക്കുന്നതുപോലെ, ഒട്ടേറെ മതങ്ങളിലും യഥാർഥത്തിൽ സത്യത്തെ സ്‌നേഹിക്കുന്നവർ ഉണ്ട്‌.

അവർ സത്യം കണ്ടെത്താൻ ഉത്‌കടമായി ആഗ്രഹിച്ചു

ബോളീവിയയിലെ ലാപാസിലുള്ള സാൻഫ്രാൻസിസ്‌കോ കത്തോലിക്കാ പള്ളിയിലെ ആത്മാർഥതയും അർപ്പണ മനോഭാവവും ഉള്ള ഒരു അംഗമായിരുന്നു ഫിഡെല്യ. അവർ മറിയയുടെ രൂപത്തിനു മുമ്പിൽ കമിഴ്‌ന്നുകിടന്നു പ്രാർഥിക്കുമായിരുന്നു. തനിക്ക്‌ വാങ്ങാവുന്നതിൽവെച്ച്‌ ഏറ്റവും വിലകൂടിയ മെഴുകുതിരികളായിരുന്നു അവർ ക്രൂശിതരൂപത്തിനു മുമ്പിൽ കത്തിച്ചിരുന്നത്‌. ഓരോ ആഴ്‌ചയും ദരിദ്രർക്കു വിതരണം ചെയ്യാനായി അവർ വളരെയധികം ഭക്ഷണസാധനങ്ങൾ പുരോഹിതനെ ഏൽപ്പിക്കുമായിരുന്നു. എന്നാൽ, ഫിഡെല്യക്കു ജനിച്ച കുട്ടികളിൽ അഞ്ചു പേർ മാമ്മോദീസ ഏൽക്കുന്നതിനു മുമ്പുതന്നെ മരിച്ചുപോയി. അവർ എല്ലാം ലിമ്പോയുടെ അന്ധകാരത്തിൽ ദുരിതം അനുഭവിക്കുകയാണ്‌ എന്നു പുരോഹിതൻ പറഞ്ഞപ്പോൾ ഫിഡെല്യ അമ്പരന്നുപോയി, ‘ദൈവം നല്ലവനാണെങ്കിൽ അത്‌ എങ്ങനെ സത്യമാകും?’

ഡോക്‌ടറായ താര നേപ്പാളിലെ കാഠ്‌മണ്ഡുവിലുള്ള ഒരു ഹൈന്ദവ കുടുംബത്തിലാണു വളർന്നുവന്നത്‌. തന്റെ പൂർവികർ നൂറ്റാണ്ടുകളായി പിൻപറ്റിവരുന്ന ആചാരം അനുസരിച്ച്‌ അവർ ഹൈന്ദവ ക്ഷേത്രങ്ങളിലുള്ള ദേവീദേവന്മാരെയും വീട്ടിലുള്ള വിഗ്രഹങ്ങളെയും ആരാധിച്ചുപോന്നു. എന്നാൽ, എന്തുകൊണ്ടാണ്‌ ഇത്രയധികം കഷ്ടപ്പാടുകൾ ഉള്ളത്‌? ആളുകൾ മരിക്കുന്നത്‌ എന്തുകൊണ്ടാണ്‌? എന്നിങ്ങനെയുള്ള ചോദ്യങ്ങൾ താരയെ അലട്ടിക്കൊണ്ടിരുന്നു. അവയ്‌ക്കുള്ള തൃപ്‌തികരമായ ഉത്തരങ്ങൾ തന്റെ മതത്തിൽ കണ്ടെത്താൻ അവർക്കു കഴിഞ്ഞില്ല.

തായ്‌ലൻഡിലെ ബാങ്കോക്കിൽ കനാലിനോടു ചേർന്നുള്ള ഒരു വീട്ടിലെ ഒരു ബുദ്ധമത കുടുംബത്തിലാണ്‌ പാന്യ വളർന്നുവന്നത്‌. മുജ്ജന്മ പാപത്തിന്റെ ഫലമായാണ്‌ ദുരിതങ്ങൾ ഉണ്ടാകുന്നതെന്നും എല്ലാ അഭിലാഷങ്ങളും വർജിച്ചാൽ മാത്രമേ അതിൽനിന്നെല്ലാം സ്വാതന്ത്ര്യം ലഭിക്കുകയുള്ളൂ എന്നും അദ്ദേഹത്തിന്റെ മതം അദ്ദേഹത്തെ പഠിപ്പിച്ചു. പരമാർഥഹൃദയരായ മറ്റു ബുദ്ധമതക്കാരെപ്പോലെ, ഓരോ ദിവസവും അതിരാവിലെ ഭിക്ഷയ്‌ക്ക്‌ എത്തുന്ന കാവിവസ്‌ത്രധാരികളായ സന്ന്യാസികളുടെ ജ്ഞാനത്തെ ആഴമായി ആദരിക്കാൻ അദ്ദേഹവും പഠിപ്പിക്കപ്പെട്ടു. അദ്ദേഹം ധ്യാനം അഭ്യസിച്ചു. ബുദ്ധപ്രതിമകൾ സുരക്ഷിതത്വം പ്രദാനം ചെയ്യുമെന്ന വിശ്വാസത്തിൽ അദ്ദേഹം അവ ശേഖരിച്ചിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം വലിയൊരു അപകടത്തിൽപ്പെട്ട്‌ അദ്ദേഹത്തിന്റെ അരയ്‌ക്കു കീഴോട്ട്‌ തളർന്നുപോയി. അത്ഭുതരോഗശാന്തി പ്രതീക്ഷിച്ച്‌ അദ്ദേഹം പല ബുദ്ധസന്ന്യാസി മഠങ്ങളും സന്ദർശിച്ചു. അവിടെ അദ്ദേഹത്തിന്‌ രോഗശാന്തിയോ ആത്മീയ പ്രബുദ്ധതയോ ലഭിച്ചില്ല. പകരം അവിടെ അദ്ദേഹം ആത്മവിദ്യയാണ്‌ കണ്ടത്‌, അദ്ദേഹം അതിൽ ഉൾപ്പെടുകയും ചെയ്‌തു.

ഐക്യനാടുകളിൽ ജനിച്ച വിർജിൽ കോളെജിൽവെച്ച്‌ ബ്ലാക്ക്‌ മുസ്ലീം പ്രസ്ഥാനത്തിൽ ചേർന്നു. വെള്ളക്കാരനെ പിശാചായി ചിത്രീകരിക്കുന്ന അവരുടെ സാഹിത്യങ്ങൾ അദ്ദേഹം തീക്ഷ്‌ണതയോടെ വിതരണം ചെയ്‌തു. വെള്ളക്കാർ കറുത്തവരോടു ചെയ്‌തിരുന്ന കൊടുംക്രൂരതകളായിരുന്നു അവരെ അങ്ങനെ ചിത്രീകരിക്കാൻ കാരണം. ആ പ്രസ്ഥാനത്തിനു വേണ്ടി തികഞ്ഞ ആത്മാർഥതയോടെ പ്രവർത്തിച്ചിരുന്നെങ്കിലും ചില ചോദ്യങ്ങൾ വിർജിലിനെ അലട്ടിക്കൊണ്ടിരുന്നു. എല്ലാ വെള്ളക്കാരും മോശക്കാരാകുന്നത്‌ എങ്ങനെ? എന്തുകൊണ്ടാണ്‌ തന്റെ പ്രസ്ഥാനക്കാർ പണത്തെ കുറിച്ച്‌ വളരെയധികം പ്രസംഗിക്കുന്നത്‌?

കത്തോലിക്കാമതം ആധിപത്യം പുലർത്തുന്ന തെക്കേ അമേരിക്കയിലാണ്‌ ചാറോ വളർന്നുവന്നതെങ്കിലും, അവർ ആത്മാർഥതയുള്ള ഒരു പ്രൊട്ടസ്റ്റന്റുകാരിയായിരുന്നു. ചുറ്റും നടക്കുന്ന വിഗ്രഹാരാധനയിൽ പങ്കുചേരാൻ അവർ ആഗ്രഹിച്ചില്ല. എല്ലാ ഞായറാഴ്‌ചയും ചാറോ പള്ളിയിൽ പോകുമായിരുന്നു. അവിടെ കുർബാനയുടെ സമയത്ത്‌ വികാരാവേശത്തിൽ മറ്റുള്ളവരോടൊപ്പം അവരും “ഹല്ലെലൂയ്യാ” എന്ന്‌ ആർത്തുവിളിക്കും. തുടർന്നു നടക്കുന്ന ഭക്തിഗാനാലാപനത്തിലും നൃത്തത്തിലും അവർ പങ്കുചേരുമായിരുന്നു. താൻ രക്ഷിക്കപ്പെട്ടെന്നും അതുപോലെ വീണ്ടും ജനിച്ചിരിക്കുന്നു എന്നും ചാറോ ആത്മാർഥമായി വിശ്വസിച്ചു. വരുമാനത്തിന്റെ പത്തിലൊന്ന്‌ അവർ സഭയ്‌ക്കു നൽകി. തന്റെ പ്രിയപ്പെട്ട ടെലിവിഷൻ സുവിശേഷകൻ സംഭാവന ആവശ്യപ്പെട്ടപ്പോഴൊക്കെ ആഫ്രിക്കയിലെ കുട്ടികൾക്കായി അവർ അയാൾക്കു പണം അയച്ചുകൊടുത്തു. എന്നിരുന്നാലും, സ്‌നേഹവാനായ ഒരു ദൈവം ആത്മാക്കളെ നരകത്തിൽ ദണ്ഡിപ്പിക്കുന്നത്‌ എന്തിനാണ്‌ എന്ന്‌ പാസ്റ്ററോടു ചോദിച്ചപ്പോൾ യുക്തിസഹമായ ഒരു ഉത്തരം നൽകാൻ അദ്ദേഹത്തിനാവില്ല എന്ന്‌ അവർക്കു മനസ്സിലായി. മാത്രമല്ല, തന്റെ സംഭാവനകളൊന്നും ആഫ്രിക്കയിലെ കുട്ടികളെ സഹായിക്കാൻ ഉപയോഗിക്കുന്നില്ല എന്നും അവർ കണ്ടെത്തി.

വിവിധ പശ്ചാത്തലങ്ങളിൽനിന്ന്‌ ഉള്ളവരാണെങ്കിലും മേൽപ്പറഞ്ഞ അഞ്ചു വ്യക്തികൾക്കും പൊതുവായ ഒന്നുണ്ടായിരുന്നു. അവർ എല്ലാവരും സത്യത്തെ സ്‌നേഹിച്ചിരുന്നു. തങ്ങളുടെ ചോദ്യങ്ങൾക്ക്‌ സത്യസന്ധമായ ഉത്തരങ്ങൾ കണ്ടെത്താൻ അവർ ആത്മാർഥമായി ശ്രമിക്കുകയും ചെയ്‌തിരുന്നു. എന്നാൽ സത്യാരാധനയിൽ ഏകീകൃതർ ആകാൻ അവർക്കു യഥാർഥത്തിൽ കഴിയുമായിരുന്നോ? അടുത്ത ലേഖനം ആ ചോദ്യത്തിന്‌ ഉത്തരം നൽകുന്നു.

[4-ാം പേജിലെ ചിത്രം]

വിവിധ പശ്ചാത്തലങ്ങളിൽ പെട്ട ആളുകൾക്ക്‌ യഥാർഥത്തിൽ ഏകീകൃതർ ആകാൻ സാധിക്കുമോ?

[3-ാം പേജിലെ ചിത്രത്തിന്‌ കടപ്പാട്‌]

G.P.O., Jerusalem