വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ അനുഗ്രഹം നമ്മെ സമ്പന്നരാക്കുന്നു

യഹോവയുടെ അനുഗ്രഹം നമ്മെ സമ്പന്നരാക്കുന്നു

യഹോവയുടെ അനുഗ്രഹം നമ്മെ സമ്പന്നരാക്കുന്നു

“യഹോവയുടെ അനുഗ്രഹം​—അതാണു സമ്പന്നരാക്കുന്നത്‌, അവൻ അതിനോടു വേദന കൂട്ടുന്നില്ല.”​—⁠സദൃശവാക്യങ്ങൾ 10:⁠22, Nw.

1, 2. സന്തോഷം ഭൗതിക സമ്പത്തിനെ ആശ്രയിച്ചിരിക്കുന്നില്ലാത്തത്‌ എന്തുകൊണ്ട്‌?

ഇന്ന്‌ കോടിക്കണക്കിനാളുകൾ ഭൗതിക സമ്പത്ത്‌ വാരിക്കൂട്ടാൻ വ്യഗ്രത കാട്ടുന്നു. എന്നാൽ ഈ ഭൗതിക വസ്‌തുക്കൾ അവരെ സന്തുഷ്ടരാക്കുന്നുണ്ടോ? “ആളുകൾ തങ്ങളുടെ ജീവിതാവസ്ഥയെ കുറിച്ചോർത്ത്‌ ഇത്രയധികം ദുഃഖിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നതായി തോന്നുന്നില്ല” എന്ന്‌ ദി ഓസ്‌ട്രേലിയൻ വിമെൻസ്‌ വീക്കിലി പറയുന്നു. അത്‌ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ഇത്‌ ഒരു വിരോധാഭാസമാണ്‌. ഓസ്‌ട്രേലിയ സാമ്പത്തികമായി നല്ല അവസ്ഥയിലാണെന്നും അവിടത്തെ ജീവിതം മുമ്പൊരിക്കലും ഇത്രയും മെച്ചമായിരുന്നിട്ടില്ല എന്നും പറയപ്പെടുന്നു. . . . എന്നിട്ടും രാജ്യത്തുടനീളം അശുഭാപ്‌തി വിശ്വാസം നിഴലിച്ചുകാണുന്നു. തങ്ങൾക്ക്‌ ജീവിതത്തിൽ എന്തോ കുറവുള്ളതായി പുരുഷന്മാരും സ്‌ത്രീകളും കരുതുന്നു, എന്നാൽ അത്‌ എന്താണെന്നു വിവരിക്കാൻ അവർക്കു കഴിയുന്നില്ല.” സന്തുഷ്ടിയോ ജീവനോ നേടിത്തരാൻ ഭൗതിക സമ്പത്തിനു കഴിയില്ലെന്ന്‌ തിരുവെഴുത്തുകൾ പറയുന്നത്‌ എത്രയോ ശരിയാണ്‌!​—⁠സഭാപ്രസംഗി 5:10; ലൂക്കൊസ്‌ 12:⁠15.

2 ഏറ്റവും വലിയ സന്തുഷ്ടി നൽകുന്നത്‌ ദൈവത്തിൽനിന്നുള്ള അനുഗ്രഹമാണെന്ന്‌ ബൈബിൾ പഠിപ്പിക്കുന്നു. ഇതിനെ കുറിച്ച്‌ സദൃശവാക്യങ്ങൾ 10:​22 (NW) ഇങ്ങനെ പറയുന്നു: “യഹോവയുടെ അനുഗ്രഹം​—അതാണു സമ്പന്നരാക്കുന്നത്‌, അവൻ അതിനോടു വേദന കൂട്ടുന്നില്ല.” അത്യാർത്തി പൂണ്ട്‌ ഭൗതിക സ്വത്തുക്കൾ വാരിക്കൂട്ടാൻ ശ്രമിക്കുമ്പോഴാണ്‌ മിക്കപ്പോഴും വേദന ഉണ്ടാകുന്നത്‌. അപ്പൊസ്‌തലനായ പൗലൊസ്‌ നൽകിയ ഈ മുന്നറിയിപ്പു തികച്ചും ഉചിതമാണ്‌: “ധനികന്മാരാകുവാൻ ആഗ്രഹിക്കുന്നവർ പരീക്ഷയിലും കെണിയിലും കുടുങ്ങുകയും മനുഷ്യർ സംഹാരനാശങ്ങളിൽ മുങ്ങിപ്പോകുവാൻ ഇടവരുന്ന മൌഢ്യവും ദോഷകരവുമായ പല മോഹങ്ങൾക്കും ഇരയായിത്തീരുകയും ചെയ്യുന്നു. ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിന്നും മൂലമല്ലോ. ഇതു ചിലർ കാംക്ഷിച്ചിട്ടു വിശ്വാസം വിട്ടുഴന്നു ബഹുദുഃഖങ്ങൾക്കു അധീനരായിത്തീർന്നിരിക്കുന്നു.”​—⁠1 തിമൊഥെയൊസ്‌ 6:9, 10.

3. യഹോവയുടെ ദാസന്മാർക്കു പരിശോധനകൾ നേരിടുന്നത്‌ എന്തുകൊണ്ട്‌?

3 അതേസമയം, ‘യഹോവയുടെ ശബ്‌ദം ചെവിക്കൊള്ളുന്നതിൽ തുടരുന്ന’വരിൽ വേദന കൈവരുത്തുകയില്ലാത്ത അനുഗ്രഹങ്ങൾ വന്നുനിറയുന്നു. (ആവർത്തനപുസ്‌തകം 28:​2, NW) ചിലർ ചോദിച്ചേക്കാം, ‘യഹോവയുടെ അനുഗ്രഹങ്ങളോടു വേദന കൂട്ടുന്നില്ലെങ്കിൽ, ദൈവത്തിന്റെ ദാസന്മാരിൽ പലരും കഷ്ടത അനുഭവിക്കുന്നത്‌ എന്തുകൊണ്ടാണ്‌?’ നമ്മുടെ പരിശോധനകൾക്കു കാരണമായിരിക്കുന്നത്‌ സാത്താനും അവന്റെ ദുഷ്ട വ്യവസ്ഥിതിയും നമ്മുടെതന്നെ അപൂർണതയും ആണെന്നും ദൈവം അവ അനുവദിക്കുക മാത്രമേ ചെയ്യുന്നുള്ളൂ എന്നും ബൈബിൾ പറയുന്നു. (ഉല്‌പത്തി 6:5; ആവർത്തനപുസ്‌തകം 32:4, 5; യോഹന്നാൻ 15:19; യാക്കോബ്‌ 1:14, 15) ‘ഏതു നല്ല ദാനത്തിന്റെയും തികഞ്ഞ ഏതു സമ്മാന’ത്തിന്റെയും ഉറവാണ്‌ യഹോവ. (യാക്കോബ്‌ 1:​17, NW) അതുകൊണ്ട്‌ അവന്റെ അനുഗ്രഹങ്ങൾ ഒരിക്കലും വേദന കൈവരുത്തുകയില്ല. ദൈവത്തിന്റെ തികഞ്ഞ സമ്മാനങ്ങളിൽ ചിലതിനെ കുറിച്ചു നമുക്കു പരിചിന്തിക്കാം.

ദൈവവചനം​—⁠ഒരു അമൂല്യ ദാനം

4. ഈ “അന്ത്യകാല”ത്ത്‌ യഹോവയുടെ ജനം എന്ത്‌ അനുഗ്രഹവും അമൂല്യമായ ദാനവും ആസ്വദിക്കുന്നു?

4 “അന്ത്യകാല”ത്ത്‌ “യഥാർഥ ജ്ഞാനം സമൃദ്ധമായിത്തീരും” എന്ന്‌ ദാനീയേൽ പ്രവചനം പറയുന്നു. “ദുഷ്ടന്മാരിൽ ആരും അതു ഗ്രഹിക്കുകയില്ല” എന്നും “ഉൾക്കാഴ്‌ച ഉള്ളവർ അത്‌ ഗ്രഹിക്കും” എന്നും ആ പ്രവചനം കൂട്ടിച്ചേർക്കുന്നു. (ദാനീയേൽ 12:4, 10, NW) ആലോചിച്ചു നോക്കുക! ദൈവവചനം​—⁠വിശേഷിച്ചും പ്രവചനം​—⁠എഴുതപ്പെട്ടിരിക്കുന്നത്‌ അത്രയധികം ദിവ്യജ്ഞാനത്തോടെ ആയതിനാൽ ദുഷ്ടന്മാർക്ക്‌ അതിന്റെ യഥാർഥ അർഥം ഗ്രഹിക്കാനാകില്ല, എന്നാൽ യഹോവയുടെ ജനത്തിന്‌ അതിനു കഴിയും. “പിതാവേ, സ്വർഗ്ഗത്തിന്നും ഭൂമിക്കും കർത്താവായുള്ളോവേ, നീ ഇവ ജ്ഞാനികൾക്കും വിവേകികൾക്കും മറെച്ചു ശിശുക്കൾക്കു വെളിപ്പെടുത്തിയതുകൊണ്ടു ഞാൻ നിന്നെ വാഴ്‌ത്തുന്നു” എന്നു ദൈവത്തിന്റെ പുത്രൻ പ്രാർഥിച്ചു. (ലൂക്കൊസ്‌ 10:21) ദൈവത്തിന്റെ അമൂല്യ ദാനമായ ലിഖിത വചനമാകുന്ന ബൈബിൾ ലഭിക്കാനും യഹോവ ആത്മീയ ഉൾക്കാഴ്‌ച നൽകിയിരിക്കുന്നവരോടൊപ്പം ആയിരിക്കാനും കഴിയുന്നത്‌ എത്ര വലിയ അനുഗ്രഹമാണ്‌!​—⁠1 കൊരിന്ത്യർ 1:21, 27, 28; 2:14, 15.

5. എന്താണ്‌ ജ്ഞാനം, അത്‌ നമുക്ക്‌ എങ്ങനെ സമ്പാദിക്കാൻ സാധിക്കും?

5 ‘ഉയരത്തിൽനിന്നുള്ള ജ്ഞാനം’ ലഭിച്ചിരുന്നില്ലെങ്കിൽ നമുക്ക്‌ യാതൊരു ആത്മീയ ഉൾക്കാഴ്‌ചയും ഉണ്ടാകുമായിരുന്നില്ല. (യാക്കോബ്‌ 3:17) പ്രശ്‌നങ്ങൾ പരിഹരിക്കാൻ, അപകടങ്ങൾ ഒഴിവാക്കാൻ, ലക്ഷ്യങ്ങളിൽ എത്തിച്ചേരാൻ, അല്ലെങ്കിൽ ശരിയായ ബുദ്ധിയുപദേശം നൽകാൻ അറിവും ഗ്രാഹ്യവും ഉപയോഗപ്പെടുത്താനുള്ള പ്രാപ്‌തിയാണ്‌ ജ്ഞാനം. നമുക്ക്‌ എങ്ങനെ ദൈവിക ജ്ഞാനം സമ്പാദിക്കാൻ കഴിയും? സദൃശവാക്യങ്ങൾ 2:6 ഇങ്ങനെ പറയുന്നു: “യഹോവയല്ലോ ജ്ഞാനം നല്‌കുന്നതു; അവന്റെ വായിൽനിന്നു പരിജ്ഞാനവും വിവേകവും വരുന്നു.” നാം ജ്ഞാനത്തിനായി ഇടവിടാതെ പ്രാർഥിക്കുന്നെങ്കിൽ, “ജ്ഞാനവും വിവേകവുമുള്ളോരു ഹൃദയം” നൽകി യഹോവ ശലോമോൻ രാജാവിനെ അനുഗ്രഹിച്ചതുപോലെ, നമ്മെയും അനുഗ്രഹിക്കും. (1 രാജാക്കന്മാർ 3:11, 12; യാക്കോബ്‌ 1:5-8) ജ്ഞാനം സമ്പാദിക്കണമെങ്കിൽ നാം യഹോവയുടെ വചനം പതിവായി പഠിക്കുകയും ബാധകമാക്കുകയും ചെയ്‌തുകൊണ്ട്‌ അവനെ ചെവിക്കൊള്ളുന്നതിൽ തുടരണം.

6. ദൈവത്തിന്റെ നിയമങ്ങളും തത്ത്വങ്ങളും നമ്മുടെ ജീവിതത്തിൽ ബാധകമാക്കുന്നത്‌ ജ്ഞാനത്തിന്റെ ഗതി ആയിരിക്കുന്നത്‌ എന്തുകൊണ്ട്‌?

6 ദൈവിക ജ്ഞാനത്തിന്റെ ഉത്തമ ഉദാഹരണങ്ങൾ ബൈബിളിലെ നിയമങ്ങളിലും തത്ത്വങ്ങളിലും കാണാം. അവ എല്ലാ വിധങ്ങളിലും​—⁠ശാരീരികമായും മാനസികമായും വൈകാരികമായും ആത്മീയമായും​—⁠നമുക്കു പ്രയോജനം ചെയ്യുന്നു. സങ്കീർത്തനക്കാരൻ ഉചിതമായി ഇങ്ങനെ പാടി: “യഹോവയുടെ ന്യായപ്രമാണം തികവുള്ളതു; അതു പ്രാണനെ തണുപ്പിക്കുന്നു. യഹോവയുടെ സാക്ഷ്യം വിശ്വാസ്യമാകുന്നു; അതു അല്‌പബുദ്ധിയെ ജ്ഞാനിയാക്കുന്നു. യഹോവയുടെ ആജ്ഞകൾ നേരുള്ളവ; അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; യഹോവയുടെ കല്‌പന നിർമ്മലമായതു; അതു കണ്ണുകളെ പ്രകാശിപ്പിക്കുന്നു. യഹോവാഭക്തി നിർമ്മലമായതു; അതു എന്നേക്കും നിലനില്‌ക്കുന്നു; യഹോവയുടെ വിധികൾ സത്യമായവ; അവ ഒട്ടൊഴിയാതെ നീതിയുള്ളവയാകുന്നു. അവ പൊന്നിലും വളരെ തങ്കത്തിലും ആഗ്രഹിക്കത്തക്കവ; തേനിലും തേങ്കട്ടയിലും മധുരമുള്ളവ.”​—⁠സങ്കീർത്തനം 19:7-10; 119:⁠72.

7. ദൈവത്തിന്റെ നീതിനിഷ്‌ഠമായ നിലവാരങ്ങൾ അവഗണിക്കുന്നതിന്റെ ഫലങ്ങൾ എന്തായിരിക്കും?

7 എന്നാൽ, ദൈവത്തിന്റെ നീതിനിഷ്‌ഠമായ നിലവാരങ്ങളെ അവഗണിക്കുന്നവർക്ക്‌ അവർ തേടുന്ന സന്തോഷവും സ്വാതന്ത്ര്യവും ലഭിക്കുന്നില്ല. ദൈവത്തെ പരിഹസിച്ചുകൂടാ എന്നും ഒരുവൻ വിതെക്കുന്നതുതന്നെ കൊയ്യും എന്നും ഇന്നല്ലെങ്കിൽ നാളെ അവർ മനസ്സിലാക്കും. (ഗലാത്യർ 6:7) ബൈബിൾ തത്ത്വങ്ങളെ അവഗണിക്കുന്നവർ അനാവശ്യ ഗർഭധാരണങ്ങളുടെയോ അറപ്പുളവാക്കുന്ന രോഗങ്ങളുടെയോ മദ്യ-മയക്കുമരുന്ന്‌ ആസക്തിയുടെയോ രൂപത്തിൽ ദാരുണ ഫലങ്ങൾ കൊയ്യുകയാണ്‌. അനുതപിച്ച്‌ തങ്ങളുടെ ജീവിതഗതിക്കു മാറ്റം വരുത്താത്തപക്ഷം അവരുടെ ഗതി ഒടുവിൽ അവരെ മരണത്തിലേക്കു നയിക്കും, ഒരുപക്ഷേ ദൈവത്തിന്റെ കയ്യാലുള്ള നാശത്തിലേക്കും.​—⁠മത്തായി 7:​13, 14.

8. ദൈവവചനത്തെ സ്‌നേഹിക്കുന്നവർ സന്തുഷ്ടരായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

8 എന്നാൽ ദൈവവചനത്തെ സ്‌നേഹിക്കുകയും അത്‌ ജീവിതത്തിൽ ബാധകമാക്കുകയും ചെയ്യുന്നവരിൽ ഇപ്പോഴും ഭാവിയിലും സമൃദ്ധമായ അനുഗ്രഹങ്ങൾ വന്നുനിറയും. ദൈവത്തിന്റെ നിയമം തങ്ങൾക്കു സ്വാതന്ത്യം കൈവരുത്തിയിരിക്കുന്നതായി അവർക്ക്‌ ഉചിതമായും തോന്നുന്നു, അവർ വാസ്‌തവമായും സന്തുഷ്ടരാണ്‌. കൂടാതെ, പാപത്തിൽനിന്നും അതിന്റെ മാരകമായ ഫലങ്ങളിൽനിന്നും വിമുക്തരാകുന്ന കാലത്തിനായി അവർ നോക്കിപ്പാർത്തിരിക്കുകയും ചെയ്യുന്നു. (റോമർ 8:20, 21; യാക്കോബ്‌ 1:25) ഈ പ്രത്യാശ ഉറപ്പുള്ളതാണ്‌. കാരണം ദൈവം സ്‌നേഹപൂർവം നൽകിയിരിക്കുന്ന ഏറ്റവും വലിയ ദാനത്തിൽ​—⁠തന്റെ ഏകജാത പുത്രനായ യേശുക്രിസ്‌തുവിന്റെ മറുവിലയാഗത്തിൽ​—⁠ആണ്‌ അത്‌ അടിസ്ഥാനപ്പെട്ടിരിക്കുന്നത്‌. (മത്തായി 20:28; യോഹന്നാൻ 3:16; റോമർ 6:23) അതിശ്രേഷ്‌ഠമായ ആ സമ്മാനം ദൈവത്തിന്‌ മനുഷ്യവർഗത്തോടുള്ള സ്‌നേഹത്തിന്റെ ആഴത്തെ വെളിപ്പെടുത്തുകയും യഹോവയുടെ ശബ്‌ദം ചെവിക്കൊള്ളുന്നതിൽ തുടരുന്ന ഏവർക്കും അനന്തമായ അനുഗ്രഹങ്ങളുടെ ഉറപ്പു നൽകുകയും ചെയ്യുന്നു.​—⁠റോമർ 8:⁠32.

ദൈവാത്മാവ്‌ എന്ന ദാനത്തിനായി കൃതജ്ഞതയുള്ളവർ

9, 10. യഹോവയുടെ പരിശുദ്ധാത്മാവാകുന്ന ദാനത്തിൽനിന്ന്‌ നാം പ്രയോജനം നേടുന്നത്‌ എങ്ങനെ? ഒരു ഉദാഹരണം നൽകുക.

9 ദൈവത്തിൽനിന്നുള്ള സ്‌നേഹപൂർവകമായ മറ്റൊരു ദാനമായ പരിശുദ്ധാത്മാവിനെ പ്രതിയും നാം കൃതജ്ഞതയുള്ളവർ ആയിരിക്കണം. പൊ.യു. 33-ലെ പെന്തെക്കൊസ്‌ത്‌ നാളിൽ അപ്പൊസ്‌തലനായ പത്രൊസ്‌ യെരൂശലേമിൽ സന്നഹിതരായിരുന്ന ജനക്കൂട്ടത്തിന്‌ ഈ ആഹ്വാനം നൽകി: “നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്‌തുവിന്റെ നാമത്തിൽ സ്‌നാനം ഏല്‌പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും.” (പ്രവൃത്തികൾ 2:38) ഇന്ന്‌, പരിശുദ്ധാത്മാവിനായി യാചിക്കുകയും തന്റെ ഹിതത്തിനു ചേർച്ചയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ഏവർക്കും യഹോവ തന്റെ ആത്മാവിനെ നൽകുന്നു. (ലൂക്കൊസ്‌ 11:9-13) പ്രപഞ്ചത്തിലെ ഏറ്റവും പ്രബല ശക്തിയായ ഇത്‌​—⁠ദൈവത്തിന്റെ പരിശുദ്ധാത്മാവ്‌ അഥവാ പ്രവർത്തന നിരതമായ ശക്തി​—⁠ആദിമ ക്രിസ്‌ത്യാനികൾ ഉൾപ്പെടെ പുരാതന കാലത്തെ വിശ്വസ്‌ത സ്‌ത്രീപുരുഷന്മാരെ ബലപ്പെടുത്തി. (സെഖര്യാവു 4:6; പ്രവൃത്തികൾ 4:31) യഹോവയുടെ ജനം എന്ന നിലയിൽ നമുക്ക്‌ വലിയ പ്രതിബന്ധങ്ങളോ വെല്ലുവിളികളോ നേരിടേണ്ടിവന്നാലും ദൈവാത്മാവിന്‌ നമ്മെയും ബലപ്പെടുത്താനാകും.​—⁠യോവേൽ 2:28, 29.

10 പോളിയോ പിടിപെട്ട്‌ 37 വർഷം ഒരു ശ്വാസോച്ഛ്വാസ ഉപകരണത്തെ ആശ്രയിച്ചു കഴിയേണ്ടിവന്ന ലോറലിന്റെ അനുഭവം പരിചിന്തിക്കുക. * കടുത്ത ദുരിതങ്ങൾക്കിടയിലും അവർ ദൈവത്തെ മരണംവരെ തീക്ഷ്‌ണതയോടെ സേവിച്ചു. ആ വർഷങ്ങളിൽ യഹോവയുടെ സമൃദ്ധമായ അനുഗ്രഹങ്ങൾ ലോറലിൽ വന്നുനിറഞ്ഞു. ഉദാഹരണത്തിന്‌, 24 മണിക്കൂറും ശ്വാസോച്ഛ്വാസ ഉപകരണത്തെ ആശ്രയിക്കണമായിരുന്നിട്ടും 17 പേരെ ബൈബിൾ സത്യത്തിന്റെ സൂക്ഷ്‌മ പരിജ്ഞാനത്തിൽ എത്തിക്കാൻ അവർക്കു സാധിച്ചു! അവരുടെ അനുഭവം അപ്പൊസ്‌തലനായ പൗലൊസിന്റെ ഈ വാക്കുകൾ നമ്മെ അനുസ്‌മരിപ്പിക്കുന്നു: “ബലഹീനനായിരിക്കുമ്പോൾ തന്നേ ഞാൻ ശക്തനാകുന്നു.” (2 കൊരിന്ത്യർ 12:10) അതേ, സുവാർത്ത പ്രസംഗിക്കുന്നതിൽ നമുക്ക്‌ ഉണ്ടായേക്കാവുന്ന ഏതൊരു വിജയത്തിനും നിദാനം നമ്മുടെ സ്വന്തം കഴിവോ പ്രാപ്‌തിയോ ഒന്നുമല്ല, പിന്നെയോ പരിശുദ്ധാത്മാവ്‌ മുഖാന്തരം ദൈവം നൽകുന്ന സഹായമാണ്‌. തന്റെ ശബ്‌ദം ചെവിക്കൊള്ളുന്നതിൽ തുടരുന്നവർക്ക്‌ അവൻ അതു നൽകുന്നു.​—⁠യെശയ്യാവു 40:29-31.

11. ‘പുതിയ വ്യക്തിത്വം’ ധരിക്കുന്നവരിൽ ദൈവാത്മാവ്‌ എന്തെല്ലാം ഫലങ്ങൾ ഉളവാക്കുന്നു?

11 നാം അനുസരണയോടെ ദൈവത്തെ ചെവിക്കൊള്ളുന്നെങ്കിൽ അവന്റെ ആത്മാവ്‌ നമ്മിൽ സ്‌നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്‌തത, സൗമ്യത, ഇന്ദ്രിയജയം എന്നിങ്ങനെയുള്ള ഗുണങ്ങൾ ഉളവാക്കും. (ഗലാത്യർ 5:22, 23) ‘ആത്മാവിന്റെ ഈ ഫലങ്ങൾ’ തങ്ങൾ മുമ്പ്‌ പ്രകടമാക്കിയിരുന്ന മൃഗതുല്യമായ, കടിച്ചുകീറുന്ന തരത്തിലുള്ള സ്വഭാവവിശേഷതകൾക്കു പകരം ക്രിസ്‌ത്യാനികൾ ധരിച്ചിരിക്കുന്ന “പുതിയ വ്യക്തിത്വ”ത്തിന്റെ ഭാഗമാണ്‌. (എഫെസ്യർ 4:20-24, NW; യെശയ്യാവു 11:6-9) ആത്മാവിന്റെ ഫലങ്ങളിൽ ഏറ്റവും പ്രധാനം “സമ്പൂർണ്ണതയുടെ ബന്ധമായ സ്‌നേഹം” ആണ്‌.​—⁠കൊലൊസ്സ്യർ 3:⁠14.

ക്രിസ്‌തീയ സ്‌നേഹം ​—⁠അമൂല്യമായി കരുതേണ്ട ഒരു ദാനം

12. തബീഥായും ഒന്നാം നൂറ്റാണ്ടിലെ മറ്റു ക്രിസ്‌ത്യാനികളും സ്‌നേഹം പ്രകടമാക്കിയത്‌ എങ്ങനെ?

12 യഹോവയിൽനിന്നുള്ള മറ്റൊരു അനുഗൃഹീത ദാനമാണ്‌ ക്രിസ്‌തീയ സ്‌നേഹം. അതിനെ നാം അതിയായി വിലമതിക്കുന്നു. അത്‌ തത്ത്വാധിഷ്‌ഠിതമായ ഒന്നാണ്‌. എന്നാൽ ആർദ്രത തുളുമ്പുന്ന ഒന്നായതിനാൽ അത്‌ വിശ്വാസികളെ ജഡിക ബന്ധങ്ങളെക്കാൾ ശക്തമായി അടുപ്പിച്ചുനിറുത്തുന്നു. (യോഹന്നാൻ 15:12-14എ; 1 പത്രൊസ്‌ 1:22) ഒന്നാം നൂറ്റാണ്ടിലെ ഒരു ഉത്തമ ക്രിസ്‌തീയ വനിതയായിരുന്ന തബീഥായുടെ ദൃഷ്ടാന്തം പരിചിന്തിക്കുക. “അവൾ വളരെ സൽപ്രവൃത്തികളും ധർമ്മങ്ങളും ചെയ്‌തുപോന്നവളായിരുന്നു,” വിശേഷിച്ചും സഭയിലെ വിധവമാർക്ക്‌. (പ്രവൃത്തികൾ 9:36) ഈ വിധവമാർക്ക്‌ ജഡിക ബന്ധുക്കൾ ഉണ്ടായിരുന്നിരിക്കാം. എന്നാൽ തന്നെക്കൊണ്ട്‌ ആകുന്ന വിധത്തിൽ അവരെ സഹായിക്കാനും പ്രോത്സാഹിപ്പിക്കാനും തബീഥാ ആഗ്രഹിച്ചു. (1 യോഹന്നാൻ 3:18) എത്ര നല്ല മാതൃക! പൗലൊസിനുവേണ്ടി ‘തങ്ങളുടെ കഴുത്തു വെച്ചുകൊടുക്കാൻ’ സഹോദരസ്‌നേഹം പ്രിസ്‌കയെയും അക്വിലാവിനെയും പ്രേരിപ്പിച്ചു. പൗലൊസ്‌ റോമിൽ തടവിൽ കഴിഞ്ഞിരുന്ന സമയത്ത്‌ അവനെ സഹായിക്കാൻ എപ്പഫ്രാസിനെയും ലൂക്കൊസിനെയും ഒനേസിഫൊരൊസിനെയും മറ്റുള്ളവരെയും പ്രേരിപ്പിച്ചതും സ്‌നേഹംതന്നെ. (റോമർ 16:3, 4; 2 തിമൊഥെയൊസ്‌ 1:16; 4:11; ഫിലേമോൻ 23, 24) അതേ, ഇന്നും യഥാർഥ ക്രിസ്‌ത്യാനികൾക്ക്‌ ‘തമ്മിൽ തമ്മിൽ സ്‌നേഹം ഉണ്ട്‌.’ യേശുവിന്റെ യഥാർഥ ശിഷ്യരായി അവരെ തിരിച്ചറിയിക്കുന്ന, ദൈവത്തിൽനിന്നുള്ള ഒരു അനുഗൃഹീത ദാനമാണ്‌ അത്‌.​—⁠യോഹന്നാൻ 13:34, 35.

13. നമ്മുടെ ക്രിസ്‌തീയ സഹോദരവർഗത്തെ അതിയായി വിലമതിക്കുന്നുവെന്ന്‌ നമുക്ക്‌ എങ്ങനെ പ്രകടമാക്കാൻ കഴിയും?

13 ക്രിസ്‌തീയ സഭയിൽ പ്രകടമായ സ്‌നേഹത്തെ നിങ്ങൾ വിലമതിക്കുന്നുണ്ടോ? നമ്മുടെ ആഗോള ആത്മീയ സഹോദരവർഗത്തിനായി നിങ്ങൾ കൃതജ്ഞതയുള്ളവരാണോ? ഇവയും യഹോവയിൽനിന്നുള്ള അനുഗൃഹീതവും ഉദാത്തവുമായ ദാനങ്ങളാണ്‌. അവയെ നാം മൂല്യവത്തായി വീക്ഷിക്കുന്നുവെന്ന്‌ നമുക്ക്‌ എങ്ങനെ പ്രകടമാക്കാനാകും? ദൈവത്തിന്‌ വിശുദ്ധ സേവനം അർപ്പിച്ചുകൊണ്ടും ക്രിസ്‌തീയ യോഗങ്ങളിൽ പങ്കുപറ്റിക്കൊണ്ടും സ്‌നേഹവും ദൈവാത്മാവിന്റെ മറ്റു ഫലങ്ങളും പ്രകടമാക്കിക്കൊണ്ടും അതിനു കഴിയും.​—⁠ഫിലിപ്പിയർ 1:9; എബ്രായർ 10:24, 25.

‘മനുഷ്യരാം ദാനങ്ങൾ’

14. മൂപ്പനോ ശുശ്രൂഷാദാസനോ ആയി സേവിക്കാൻ ഒരു ക്രിസ്‌ത്യാനിക്കു വേണ്ട യോഗ്യതകൾ ഏവ?

14 മൂപ്പന്മാരായോ ശുശ്രൂഷാദാസന്മാരായോ സഹ ആരാധകരെ സേവിക്കാൻ ആഗ്രഹിക്കുന്ന ക്രിസ്‌തീയ പുരുഷന്മാർക്ക്‌ നല്ല ഒരു ലക്ഷ്യമുണ്ട്‌. (1 തിമൊഥെയൊസ്‌ 3:1, 8) ഈ പദവികൾ വഹിക്കാൻ യോഗ്യൻ ആയിരിക്കണമെങ്കിൽ ഒരു സഹോദരൻ ആത്മീയതയുള്ള ഒരു വ്യക്തിയായിരിക്കണം. കൂടാതെ അദ്ദേഹം തിരുവെഴുത്തുകൾ സംബന്ധിച്ച്‌ നല്ല അറിവുള്ളവനും വയൽ ശുശ്രൂഷയിൽ തീക്ഷ്‌ണതയുള്ളവനും ആയിരിക്കേണ്ടതുണ്ട്‌. (പ്രവൃത്തികൾ 18:24; 1 തിമൊഥെയൊസ്‌ 4:15; 2 തിമൊഥെയൊസ്‌ 4:5) താഴ്‌മയും എളിമയും ക്ഷമയും പ്രകടമാക്കുന്ന ഒരുവനായിരിക്കണം അദ്ദേഹം. കാരണം ധിക്കാരികളും അഹങ്കാരികളും സ്ഥാനമോഹികളും ആയവരുടെമേൽ ദിവ്യാനുഗ്രഹങ്ങൾ വന്നുനിറയുകയില്ല. (സദൃശവാക്യങ്ങൾ 11:2; എബ്രായർ 6:15; 3 യോഹന്നാൻ 9, 10) വിവാഹിതനാണെങ്കിൽ അദ്ദേഹം തന്റെ മുഴു കുടുംബത്തെയും നന്നായി പരിപാലിക്കാൻ പ്രാപ്‌തനായ സ്‌നേഹശീലനായ ഒരു കുടുംബനാഥൻ ആയിരിക്കണം. (1 തിമൊഥെയൊസ്‌ 3:4, 5, 12) ആത്മീയ സമ്പത്തിനെ വിലമതിക്കുന്ന ഒരുവനായതുകൊണ്ട്‌ അങ്ങനെയുള്ള ഒരു വ്യക്തിക്ക്‌ യഹോവയുടെ അനുഗ്രഹങ്ങൾ ലഭിക്കും.​—⁠മത്തായി 6:19-21.

15, 16. ‘മനുഷ്യരാം ദാനങ്ങൾ’ ആരാണ്‌? ഉദാഹരണങ്ങൾ നൽകുക.

15 സഭയിൽ മൂപ്പന്മാരായി സേവിക്കുന്നവർ സുവിശേഷകന്മാരായും ഇടയന്മാരായും ഉപദേഷ്ടാക്കന്മാരായും ഉള്ള തങ്ങളുടെ ധർമം നന്നായി നിർവഹിക്കാൻ യത്‌നിക്കുമ്പോൾ, അത്തരം “മനുഷ്യരാം ദാനങ്ങളെ” അതിയായി വിലമതിക്കാൻ നമുക്ക്‌ നല്ല കാരണമുണ്ട്‌. (എഫെസ്യർ 4:8, 11, NW) അവരുടെ സ്‌നേഹപുരസ്സരമായ സേവനത്തിൽനിന്ന്‌ പ്രയോജനം നേടുന്നവർ എല്ലായ്‌പോഴും തങ്ങളുടെ വിലമതിപ്പ്‌ പ്രകടമാക്കിയെന്നു വരികയില്ല. എന്നാൽ വിശ്വസ്‌ത മൂപ്പന്മാരുടെ സേവനം യഹോവ കാണാതിരിക്കുന്നില്ല. തന്റെ ജനത്തെ ശുശ്രൂഷിക്കുന്നതുവഴി അവർ തന്റെ നാമത്തോടു കാണിക്കുന്ന സ്‌നേഹം അവൻ ഒരിക്കലും മറന്നുകളകയില്ല.​—⁠1 തിമൊഥെയൊസ്‌ 5:17; എബ്രായർ 6:⁠10.

16 ഒരു ഉദാഹരണം പരിചിന്തിക്കുക. കഠിനാധ്വാനിയായ ഒരു മൂപ്പൻ മസ്‌തിഷ്‌ക ശസ്‌ത്രക്രിയയ്‌ക്ക്‌ വിധേയയാകാനിരുന്ന ഒരു ക്രിസ്‌തീയ പെൺകുട്ടിയെ സന്ദർശിച്ചു. “അദ്ദേഹം ദയാശീലനും സഹായമനസ്‌കനും കരുതലുള്ളവനുമാണ്‌,” ഒരു കുടുംബ സുഹൃത്ത്‌ എഴുതി. “ഞങ്ങളോടൊപ്പം യഹോവയോടു പ്രാർഥിക്കാൻ അദ്ദേഹം അനുവാദം ചോദിച്ചു. അദ്ദേഹം പ്രാർഥിക്കവേ, ആ കുട്ടിയുടെ പിതാവ്‌ [അദ്ദേഹം യഹോവയുടെ സാക്ഷികളിൽ ഒരാളല്ല] വിതുമ്പിക്കരഞ്ഞു. ആശുപത്രി മുറിയിൽ കൂടിനിന്ന എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി. അത്രയധികം ആർദ്രത തുളുമ്പുന്ന ഒന്നായിരുന്നു അദ്ദേഹത്തിന്റെ പ്രാർഥന. അങ്ങനെയൊരു അവസരത്തിൽ അദ്ദേഹത്തെ അവിടേക്കു പറഞ്ഞയയ്‌ക്കുകവഴി യഹോവ എത്ര വലിയ സ്‌നേഹമാണ്‌ പ്രകടമാക്കിയത്‌!” തന്നെ കാണാൻ വന്ന മൂപ്പന്മാരെ കുറിച്ച്‌ മറ്റൊരു സാക്ഷി പറഞ്ഞതു കേൾക്കുക: “അവർ എന്നെ കാണാൻ വന്നപ്പോൾ ഞാൻ തീവ്രപരിചരണ വിഭാഗത്തിൽ കിടക്കുകയായിരുന്നു. ഇനി എന്തു സംഭവിച്ചാലും അതു സഹിക്കാൻ കഴിയുമെന്ന്‌ എനിക്കു തോന്നി. എനിക്ക്‌ ശക്തി ലഭിച്ചു. എന്റെ മനസ്സ്‌ ശാന്തമായി.” സ്‌നേഹപൂർവകമായ അത്തരം കരുതൽ വിലകൊടുത്തു വാങ്ങാൻ ആർക്കെങ്കിലും കഴിയുമോ? ഒരിക്കലുമില്ല! അത്‌ ദൈവം, ക്രിസ്‌തീയ സഭ മുഖാന്തരം ലഭ്യമാക്കിയിരിക്കുന്ന ഒരു ദാനമാണ്‌.​—⁠യെശയ്യാവു 32:1, 2.

വയൽശുശ്രൂഷ എന്ന ദാനം

17, 18. (എ) യഹോവ തന്റെ ജനത്തിൽ എല്ലാവർക്കും ഏതു സേവനപദവി ദാനമായി നൽകിയിരിക്കുന്നു? (ബി) ശുശ്രൂഷ നിർവഹിക്കാൻ നമുക്ക്‌ ദൈവം എന്തു സഹായം നൽകിയിരിക്കുന്നു?

17 മനുഷ്യരെ സംബന്ധിച്ചിടത്തോളം, പരമോന്നതനായ യഹോവയെ സേവിക്കുക എന്നതിൽ കവിഞ്ഞ യാതൊരു ബഹുമതിയും ലഭിക്കാനില്ല. (യെശയ്യാവു 43:10; 2 കൊരിന്ത്യർ 4:7; 1 പത്രൊസ്‌ 2:9) പരസ്യ ശുശ്രൂഷയിൽ പങ്കുചേരാനുള്ള പദവി ദൈവത്തെ സേവിക്കാൻ യഥാർഥ താത്‌പര്യമുള്ള ഏവർക്കും ലഭ്യമാണ്‌. അതിന്‌ പ്രായ-ലിംഗ ഭേദമൊന്നും പ്രശ്‌നമല്ല. ഈ വിലമതിക്കാനാവാത്ത സമ്മാനം നിങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ടോ? തങ്ങൾക്കു വേണ്ടത്ര പ്രാപ്‌തിയില്ലെന്ന തോന്നൽ നിമിത്തം ചിലർ പിന്മാറിനിന്നേക്കാം. എന്നാൽ തന്നെ സേവിക്കുന്നവർക്ക്‌ യഹോവ പരിശുദ്ധാത്മാവിനെ നൽകുമെന്നും നമ്മുടെ ഏതു കുറവും നികത്താൻ അതിനു കഴിയുമെന്നും ഓർക്കുക.​—⁠യിരെമ്യാവു 1:6-8; 20:⁠11.

18 യഹോവ രാജ്യപ്രസംഗ വേല ഭരമേൽപ്പിച്ചിരിക്കുന്നത്‌ തന്റെ താഴ്‌മയുള്ള ദാസരെയാണ്‌, അല്ലാതെ സ്വന്തം പ്രാപ്‌തികളിൽ ആശ്രയിക്കുന്ന അഹങ്കാരികളെ അല്ല. (1 കൊരിന്ത്യർ 1:20, 26-29) താഴ്‌മയും എളിമയുമുള്ള വ്യക്തികൾ തങ്ങളുടെ പരിമിതികൾ അംഗീകരിക്കുകയും വയൽശുശ്രൂഷയിൽ ഏർപ്പെടുമ്പോൾ സഹായത്തിനായി ദൈവത്തിൽ ആശ്രയിക്കുകയും ചെയ്യുന്നു. “വിശ്വസ്‌ത ഗൃഹവിചാരക”നിലൂടെ അവൻ പ്രദാനം ചെയ്യുന്ന ആത്മീയ സഹായത്തെ അവർ വിലമതിക്കുകയും ചെയ്യുന്നു.​—⁠ലൂക്കൊസ്‌ 12:42-44, NW; സദൃശവാക്യങ്ങൾ 22:⁠4.

സന്തുഷ്ട കുടുംബജീവിതം​—⁠മഹത്തായ ഒരു ദാനം

19. കുട്ടികളെ വിജയകരമായി വളർത്തിക്കൊണ്ടുവരാൻ ആവശ്യമായിരിക്കുന്ന ഘടകങ്ങൾ എന്തെല്ലാം?

19 വിവാഹവും സന്തുഷ്ട കുടുംബജീവിതവും ദൈവത്തിൽനിന്നുള്ള ദാനങ്ങളാണ്‌. (രൂത്ത്‌ 1:​9, NW; എഫെസ്യർ 3:14, 15) മക്കൾ ‘യഹോവ നൽകുന്ന അവകാശമാണ്‌,’ മക്കളിൽ ദൈവികഗുണങ്ങൾ ഉൾനടുന്നതിൽ മാതാപിതാക്കൾ വിജയിക്കുമ്പോൾ മക്കൾ അവർക്കു സന്തോഷം കൈവരുത്തുന്നു. (സങ്കീർത്തനം 127:3) നിങ്ങൾ ഒരു മാതാവോ പിതാവോ ആണെങ്കിൽ നിങ്ങളുടെ കുഞ്ഞുങ്ങളെ ദൈവവചനത്തിനു ചേർച്ചയിൽ പരിശീലിപ്പിച്ചുകൊണ്ട്‌ യഹോവയുടെ ശബ്‌ദം ചെവിക്കൊള്ളുന്നതിൽ തുടരുക. അങ്ങനെ ചെയ്യുന്നവർക്ക്‌ ഉറപ്പായും യഹോവയുടെ പിന്തുണയും സമൃദ്ധമായ അനുഗ്രഹവും ഉണ്ടായിരിക്കും.​—⁠സദൃശവാക്യങ്ങൾ 3:5, 6; 22:6; എഫെസ്യർ 6:1-4.

20. സത്യാരാധനയിൽനിന്ന്‌ അകന്നുപോയ മക്കളുള്ള മാതാപിതാക്കളെ എന്തു സഹായിച്ചേക്കാം?

20 മക്കളെ യഹോവയുടെ ആരാധകരായി വളർത്തിക്കൊണ്ടുവരാൻ ദൈവഭയമുള്ള മാതാപിതാക്കൾ ആകുന്നതെല്ലാം ചെയ്‌താലും, അവരിൽ ചിലർ മുതിർന്നുകഴിയുമ്പോൾ സത്യാരാധനയിൽനിന്ന്‌ അകന്നുപോയേക്കാം. (ഉല്‌പത്തി 26:34, 35) ഇത്‌ മാതാപിതാക്കളെ വൈകാരികമായി വളരെ തളർത്തിയേക്കാം. (സദൃശവാക്യങ്ങൾ 17:21, 25) എന്നാൽ എല്ലാ പ്രതീക്ഷകളും കൈവെടിയുന്നതിനു പകരം അവർ യേശുവിന്റെ ഉപമയിലെ ധൂർത്ത പുത്രനെ കുറിച്ച്‌ ഓർക്കുന്നതു നന്നായിരിക്കും. ആ പുത്രൻ തന്റെ വീടുവിട്ടു പോകുകയും വഴിപിഴച്ച ജീവിതം നയിക്കുകയും ചെയ്‌തെങ്കിലും, പിന്നീട്‌ അവൻ തന്റെ പിതാവിന്റെ ഭവനത്തിലേക്കു തിരിച്ചുവന്നു. പിതാവ്‌ അവനെ സന്തോഷത്തോടും സ്‌നേഹത്തോടും കൂടെ സ്വീകരിക്കുകയും ചെയ്‌തു. (ലൂക്കൊസ്‌ 15:11-32) എന്തുതന്നെ സംഭവിച്ചാലും, വിശ്വസ്‌ത ക്രിസ്‌തീയ മാതാപിതാക്കൾക്ക്‌ യഹോവയുടെ സ്‌നേഹപൂർവകമായ കരുതലിനെയും നിലയ്‌ക്കാത്ത പിന്തുണയെയും അവൻ തങ്ങളുടെ സാഹചര്യത്തെ മനസ്സിലാക്കുന്നു എന്നതിനെയും സംബന്ധിച്ച്‌ ഉറപ്പുണ്ടായിരിക്കാവുന്നതാണ്‌.​—⁠സങ്കീർത്തനം 145:⁠14.

21. നാം ആരെ ചെവിക്കൊള്ളണം, എന്തുകൊണ്ട്‌?

21 അതുകൊണ്ട്‌, ജീവിതത്തിൽ യഥാർഥ പ്രാധാന്യമുള്ളത്‌ എന്തിനാണെന്ന്‌ നമുക്ക്‌ ഓരോരുത്തർക്കും ചിന്തിച്ചുനോക്കാം. നമുക്കും നമ്മുടെ കുടുംബത്തിനും വേദന വരുത്തിവെച്ചേക്കാവുന്ന ഭൗതിക സമൃദ്ധിക്കു പിന്നാലെ നാം പരക്കം പായുന്നുണ്ടോ? അതോ “സ്വർഗീയ വെളിച്ചങ്ങളുടെ പിതാവിൽനിന്ന്‌” വരുന്ന ‘ഏതു നല്ല ദാനത്തിനും തികഞ്ഞ ഏതു സമ്മാനത്തിനും’ ആണോ നാം ഏറെ മൂല്യം കൽപ്പിക്കുന്നത്‌? (യാക്കോബ്‌ 1:​17, NW) ഭൗതിക സമ്പത്തിനുവേണ്ടി നാം വൃഥാ അധ്വാനിക്കാനും അങ്ങനെ നമുക്ക്‌ സന്തോഷവും ജീവനും നഷ്ടമാകാനും ‘ഭോഷ്‌കിന്റെ പിതാവായ’ സാത്താൻ ആഗ്രഹിക്കുന്നു. (യോഹന്നാൻ 8:44; ലൂക്കൊസ്‌ 12:15) എന്നാൽ നമുക്കു വേണ്ടി യഥാർഥമായി കരുതുന്ന യഹോവ നമുക്ക്‌ ഏറ്റവും നല്ലതു വരാനാണ്‌ ആഗ്രഹിക്കുന്നത്‌. (യെശയ്യാവു 48:17, 18) അതുകൊണ്ട്‌ നമ്മുടെ സ്‌നേഹവാനായ സ്വർഗീയ പിതാവിനെ ചെവിക്കൊള്ളുന്നതിൽ നമുക്കു തുടരാം, എല്ലായ്‌പോഴും അവനിൽ ‘ആനന്ദിക്കാം.’ (സങ്കീർത്തനം 37:​4, NW) അത്തരമൊരു ജീവിതഗതി നാം പിന്തുടരുന്നെങ്കിൽ യഹോവയിൽനിന്നുള്ള അമൂല്യമായ ദാനങ്ങളും സമൃദ്ധമായ അനുഗ്രഹങ്ങളും നമ്മെ സമ്പന്നരാക്കും​—⁠അതും വേദനയുടെ ഒരു കണിക പോലും ഇല്ലാതെ.

[അടിക്കുറിപ്പുകൾ]

^ ഖ. 10 1993 ജനുവരി 22 ലക്കം ഉണരുക!യുടെ 18-21 പേജുകൾ കാണുക.

നിങ്ങൾ ഓർക്കുന്നുവോ?

• ഏറ്റവും വലിയ സന്തുഷ്‌ടി എവിടെ കണ്ടെത്താം?

• യഹോവ തന്റെ ജനത്തിനു നൽകുന്ന ചില ദാനങ്ങൾ ഏവ?

• വയൽശുശ്രൂഷ ഒരു ദാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

• മക്കളെ വളർത്തിക്കൊണ്ടുവരവേ ദൈവത്തിന്റെ അനുഗ്രഹം നേടാൻ മാതാപിതാക്കൾക്ക്‌ എന്തു ചെയ്യാനാകും?

[അധ്യയന ചോദ്യങ്ങൾ]

[16-ാം പേജിലെ ചിത്രം]

ദൈവത്തിന്റെ ലിഖിത വചനമാകുന്ന ദാനത്തോട്‌ നിങ്ങൾ വിലമതിപ്പ്‌ പ്രകടിപ്പിക്കുന്നുവോ?

[17-ാം പേജിലെ ചിത്രം]

വളരെ ദുഷ്‌കരമായ സാഹചര്യങ്ങളിൽ പോലും ലോറൽ നിസ്‌ബെറ്റ്‌ ദൈവത്തെ സതീക്ഷ്‌ണം സേവിച്ചു

[18-ാം പേജിലെ ചിത്രങ്ങൾ]

തബീഥായെ പോലെ ആധുനികകാല ക്രിസ്‌ത്യാനികളും സ്‌നേഹപ്രവൃത്തികൾക്ക്‌ പേരുകേട്ടവരാണ്‌

[19-ാം പേജിലെ ചിത്രം]

ക്രിസ്‌തീയ മൂപ്പന്മാർ സഹവിശ്വാസികളിൽ സ്‌നേഹപൂർവകമായ താത്‌പര്യം പ്രകടമാക്കുന്നു