വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ അനുഗ്രഹങ്ങൾ നിങ്ങളിൽ വന്നുനിറയുമോ?

യഹോവയുടെ അനുഗ്രഹങ്ങൾ നിങ്ങളിൽ വന്നുനിറയുമോ?

യഹോവയുടെ അനുഗ്രഹങ്ങൾ നിങ്ങളിൽ വന്നുനിറയുമോ?

“നിങ്ങളുടെ ദൈവമായ യഹോവയുടെ ശബ്‌ദം നിങ്ങൾ ചെവിക്കൊള്ളുന്നതിൽ തുടരുന്നതിനാൽ, ഈ അനുഗ്രഹങ്ങളൊക്കെയും നിങ്ങളിൽ വന്നുനിറയേണ്ടതാണ്‌.”​—⁠ആവർത്തനപുസ്‌തകം 28:​2, NW.

1. ഇസ്രായേല്യർക്ക്‌ അനുഗ്രഹം അല്ലെങ്കിൽ ശാപം ലഭിക്കുന്നത്‌ എന്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കുമായിരുന്നു?

നാൽപ്പതു വർഷത്തെ മരുപ്രയാണത്തിന്റെ അവസാനത്തോടടുത്ത്‌ ഇസ്രായേല്യർ മോവാബ്‌ സമഭൂമിയിൽ പാളയമടിച്ചിരിക്കുന്ന സമയം. തൊട്ടുമുന്നിൽ വാഗ്‌ദത്തഭൂമിയാണ്‌. ഈ അവസരത്തിലായിരുന്നു മോശെ ആവർത്തനപുസ്‌തകം എഴുതിയത്‌. അനുഗ്രഹങ്ങളുടെയും ശാപങ്ങളുടെയും പ്രഖ്യാപനങ്ങൾ അതിൽ കാണാൻ കഴിയും. ഇസ്രായേൽ ജനത യഹോവയെ അനുസരിച്ചുകൊണ്ട്‌ ‘അവന്റെ ശബ്‌ദം ചെവിക്കൊള്ളുന്നതിൽ തുടർന്നാൽ’ അനുഗ്രഹങ്ങൾ അവരിൽ ‘വന്നുനിറയു’മായിരുന്നു. തന്റെ “പ്രത്യേക സമ്പത്ത്‌” എന്ന നിലയിൽ യഹോവ അവരെ സ്‌നേഹിച്ചു, അവർക്കു വേണ്ടി തന്റെ ശക്തി പ്രകടിപ്പിക്കാൻ അവൻ ആഗ്രഹിച്ചു. എന്നാൽ അവർ അവന്റെ ശബ്‌ദം ചെവിക്കൊള്ളുന്നതിൽ തുടരാഞ്ഞാൽ തീർച്ചയായും ശാപം അവരിൽ വന്നുനിറയുമായിരുന്നു.​—⁠ആവർത്തനപുസ്‌തകം 8:10-17; 26:19; 28:2, 15, NW.

2. ആവർത്തനപുസ്‌തകം 28:​2-ൽ ‘ചെവിക്കൊള്ളുന്നതിൽ തുടരുക’ എന്നും ‘വന്നുനിറയുക’ എന്നും വിവർത്തനം ചെയ്‌തിരിക്കുന്ന എബ്രായ പദങ്ങളുടെ അർഥം എന്ത്‌?

2 ആവർത്തനപുസ്‌തകം 28:​2-ൽ ‘ചെവിക്കൊള്ളുന്നതിൽ തുടരുക’ എന്നു വിവർത്തനം ചെയ്‌തിരിക്കുന്ന എബ്രായ ക്രിയാപദം തുടർച്ചയായ പ്രവർത്തനത്തെ കുറിക്കുന്നു. യഹോവയുടെ ജനം അവന്റെ വാക്കുകൾ വല്ലപ്പോഴും ചെവിക്കൊണ്ടാൽ പോരാ, മറിച്ച്‌ എല്ലായ്‌പോഴും ചെവിക്കൊള്ളണം. എങ്കിൽ മാത്രമേ ദിവ്യാനുഗ്രഹങ്ങൾ അവരിൽ വന്നുനിറയുകയുള്ളൂ. ‘വന്നുനിറയുക’ എന്നു വിവർത്തനം ചെയ്‌തിരിക്കുന്ന എബ്രായ ക്രിയാപദം വേട്ടയാടലിനോട്‌ ബന്ധപ്പെട്ട ഒരു പദമാണെന്നു സ്ഥാപിക്കപ്പെട്ടിട്ടുണ്ട്‌. “പിടികൂടുക” അല്ലെങ്കിൽ “എത്തിപ്പിടിക്കുക” എന്നൊക്കെയാണ്‌ മിക്കപ്പോഴും അതിന്റെ അർഥം.

3. നമുക്ക്‌ എങ്ങനെ യോശുവയെ പോലെ ആയിരിക്കാൻ കഴിയും, അത്‌ ജീവത്‌പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

3 ഇസ്രായേൽ ജനതയുടെ നേതാവായിരുന്ന യോശുവ യഹോവ പറഞ്ഞത്‌ ചെവിക്കൊള്ളുകയും തത്‌ഫലമായി അനുഗ്രഹങ്ങൾ ആസ്വദിക്കുകയും ചെയ്‌തു. യോശുവ ഇപ്രകാരം പറഞ്ഞു: “ആരെ സേവിക്കും എന്നു ഇന്നു തിരഞ്ഞെടുത്തുകൊൾവിൻ. ഞാനും എന്റെ കുടുംബവുമോ, ഞങ്ങൾ യഹോവയെ സേവിക്കും.” അതിന്‌, “യഹോവയെ ഉപേക്ഷിച്ചു അന്യദൈവങ്ങളെ സേവിപ്പാൻ ഞങ്ങൾക്കു സംഗതി വരരുതേ” എന്ന്‌ ജനം പ്രതിവചിച്ചു. (യോശുവ 24:15, 16) യോശുവായുടെ നല്ല മനോഭാവം നിമിത്തം, തന്റെ തലമുറയിൽ വാഗ്‌ദത്ത ദേശത്തു പ്രവേശിക്കാൻ പദവി ലഭിച്ച ചുരുക്കം ചിലരിൽ ഒരാളായിരിക്കാൻ അവനു സാധിച്ചു. ഇന്ന്‌, അതിലും ശ്രേഷ്‌ഠമായ ഒരു വാഗ്‌ദത്ത ദേശത്തിന്റെ​—⁠പറുദീസാ ഭൂമിയുടെ​—⁠കവാടത്തിലാണ്‌ നാം നിലകൊള്ളുന്നത്‌. അവിടെ, യോശുവയുടെ നാളിലേതിനെക്കാൾ മഹത്തരമായ അനുഗ്രഹങ്ങൾ ദൈവാംഗീകാരമുള്ള ഏവരെയും കാത്തിരിക്കുന്നു. ആ അനുഗ്രഹങ്ങൾ നിങ്ങളിൽ വന്നുനിറയുമോ? തീർച്ചയായും, നിങ്ങൾ യഹോവയുടെ ശബ്ദം ചെവിക്കൊള്ളുന്നതിൽ തുടർന്നാൽ. അപ്രകാരം ചെയ്യാനുള്ള നിങ്ങളുടെ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തുന്നതിന്‌, പുരാതന ഇസ്രായേൽ ജനതയുടെ ചരിത്രവും പ്രബോധനാത്മകമായ വ്യക്തിഗത ദൃഷ്ടാന്തങ്ങളും പരിചിന്തിക്കുക.​—⁠റോമർ 15:⁠4.

അനുഗ്രഹമോ ശാപമോ?

4. ശലോമോന്റെ പ്രാർഥനയ്‌ക്ക്‌ ഉത്തരമായി ദൈവം അവന്‌ എന്തു നൽകി, അത്തരം അനുഗ്രഹങ്ങളെ നാം എങ്ങനെ വീക്ഷിക്കണം?

4 ശലോമോന്റെ രാജവാഴ്‌ചയുടെ ഏറിയ കാലത്തും ഇസ്രായേല്യർക്ക്‌ യഹോവയിൽനിന്ന്‌ അസാധാരണമായ അനുഗ്രഹങ്ങൾ ലഭിക്കുകയുണ്ടായി. അവർ സുരക്ഷിതത്വവും സമൃദ്ധിയും ആസ്വദിച്ചു. (1 രാജാക്കന്മാർ 4:25) ശലോമോന്‌ ഉണ്ടായിരുന്ന സമ്പത്ത്‌ ലോകപ്രശസ്‌തമാണെങ്കിലും വാസ്‌തവത്തിൽ അവൻ ദൈവത്തോട്‌ ഭൗതിക സമ്പത്ത്‌ ആവശ്യപ്പെട്ടിരുന്നില്ല. പകരം, അനുഭവപരിചയമില്ലാതിരുന്ന യുവപ്രായത്തിൽ തനിക്ക്‌ അനുസരണമുള്ള ഒരു ഹൃദയം തരാനാണ്‌ അവൻ പ്രാർഥിച്ചത്‌. യഹോവ ആ പ്രാർഥന കേട്ട്‌ അറിവും ജ്ഞാനവും നൽകി അവനെ അനുഗ്രഹിച്ചു. ഇത്‌ ഗുണവും ദോഷവും തിരിച്ചറിഞ്ഞുകൊണ്ട്‌ ജനത്തിന്റെമേൽ ന്യായപാലനം ചെയ്യാൻ ശലോമോനെ പ്രാപ്‌തനാക്കി. ദൈവം അവന്‌ സമ്പത്തും മഹത്ത്വവും നൽകിയെങ്കിലും, ആത്മീയ സമ്പത്തിന്റെ അതുല്യമായ മൂല്യത്തെയാണ്‌ യുവാവായ ശലോമോൻ അങ്ങേയറ്റം വിലമതിച്ചത്‌. (1 രാജാക്കന്മാർ 3:9-13) ഭൗതികമായി നമുക്ക്‌ വളരെയധികം ഉണ്ടായിരിക്കുകയോ ഇല്ലാതിരിക്കുകയോ ചെയ്‌താലും, നാം യഹോവയുടെ അനുഗ്രഹങ്ങൾ ആസ്വദിക്കുന്നവരും ആത്മീയമായി സമ്പന്നരും ആണെങ്കിൽ കൃതജ്ഞതയുള്ളവർ ആയിരിക്കുന്നതിന്‌ എത്ര നല്ല കാരണമാണത്‌!

5. ഇസ്രായേലിലെയും യഹൂദയിലെയും ജനങ്ങൾ യഹോവയുടെ വാക്കുകൾ ചെവിക്കൊള്ളുന്നതിൽ തുടരാൻ പരാജയപ്പെട്ടപ്പോൾ എന്തു സംഭവിച്ചു?

5 യഹോവയുടെ അനുഗ്രഹങ്ങളെ വിലമതിക്കുന്നതിൽ ഇസ്രായേല്യർ പരാജയപ്പെട്ടു. അവർ അവന്റെ വാക്കുകൾ ചെവിക്കൊള്ളുന്നതിൽ തുടരാഞ്ഞതിനാൽ മുൻകൂട്ടി പറഞ്ഞ ശാപങ്ങൾ അവരിൽ വന്നുനിറഞ്ഞു. തത്‌ഫലമായി ശത്രുക്കൾ അവരെ കീഴ്‌പെടുത്തി, ഇസ്രയേലിലെയും യഹൂദയിലെയും ജനങ്ങൾക്ക്‌ പ്രവാസത്തിലേക്കു പോകേണ്ടിവന്നു. (ആവർത്തനപുസ്‌തകം 28:36; 2 രാജാക്കന്മാർ 17:22, 23; 2 ദിനവൃത്താന്തം 36:17-20) യഹോവയുടെ വാക്കുകൾ ചെവിക്കൊള്ളുന്നതിൽ തുടരുന്നവരിൽ മാത്രമേ ദിവ്യാനുഗ്രഹങ്ങൾ വന്നുനിറയുകയുള്ളൂ എന്ന്‌ ആ ദുരവസ്ഥകളിൽനിന്നു ദൈവജനം മനസ്സിലാക്കിയോ? പൊ.യു.മു. 537-ൽ സ്വദേശത്തേക്കു മടങ്ങിപ്പോന്ന യഹൂദ ശേഷിപ്പിന്‌, തങ്ങൾ “ജ്ഞാനമുള്ളോരു ഹൃദയം” സമ്പാദിച്ചിട്ടുണ്ടോ എന്നും ദൈവത്തിന്റെ വാക്കുകൾ ചെവിക്കൊള്ളുന്നതിൽ തുടരുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കിയിട്ടുണ്ടോ എന്നും തെളിയിക്കാനുള്ള അവസരം ഉണ്ടായിരുന്നു.​—⁠സങ്കീർത്തനം 90:12.

6. (എ) തന്റെ ജനത്തോടു പ്രവചിക്കാൻ ഹഗ്ഗായിയെയും സെഖര്യാവിനെയും യഹോവ അയച്ചത്‌ എന്തുകൊണ്ട്‌? (ബി) ഹഗ്ഗായി മുഖാന്തരം യഹോവ നൽകിയ സന്ദേശം എന്ത്‌ തത്ത്വത്തെ ദൃഷ്ടാന്തീകരിക്കുന്നു?

6 പ്രവാസത്തിൽനിന്നു തിരികെ വന്ന യഹൂദർ ഒരു യാഗപീഠം സ്ഥാപിക്കുകയും യരൂശലേമിൽ ആലയത്തിന്റെ പണി തുടങ്ങുകയും ചെയ്‌തു. എന്നാൽ രൂക്ഷമായ എതിർപ്പ്‌ പൊന്തിവന്നപ്പോൾ അവരുടെ തീക്ഷ്‌ണതയ്‌ക്കു മങ്ങലേൽക്കാൻ തുടങ്ങി, അങ്ങനെ അവർ ആലയനിർമാണം നിറുത്തിവെച്ചു. (എസ്രാ 3:1-3, 10; 4:1-4, 23, 24) അവർ വ്യക്തിപരമായ സുഖങ്ങൾക്ക്‌ മുൻഗണന നൽകാനും തുടങ്ങി. അതുകൊണ്ട്‌ തന്റെ ജനത്തിൽ സത്യാരാധനയോടുള്ള തീക്ഷ്‌ണത വീണ്ടും ഉളവാക്കാൻ ദൈവം പ്രവാചകന്മാരായ ഹഗ്ഗായിയെയും സെഖര്യാവിനെയും അയച്ചു. ഹഗ്ഗായി മുഖാന്തരം യഹോവ ഇപ്രകാരം അരുളിചെയ്‌തു: “[ആരാധനയ്‌ക്കുള്ള] ഈ ആലയം ശൂന്യമായിരിക്കെ നിങ്ങൾക്കു തട്ടിട്ട വീടുകളിൽ പാർപ്പാൻ കാലമായോ? . . . നിങ്ങളുടെ വഴികളെ വിചാരിച്ചുനോക്കുവിൻ. നിങ്ങൾ വളരെ വിതെച്ചിട്ടും അല്‌പമേ കൊണ്ടുവരുന്നുള്ളു; നിങ്ങൾ ഭക്ഷിച്ചിട്ടും പൂർത്തിവരുന്നില്ല; . . . കൂലിക്കാരൻ ഓട്ടസഞ്ചിയിൽ ഇടുവാൻ കൂലിവാങ്ങുന്നു.” (ഹഗ്ഗായി 1:4-6) ഭൗതിക നേട്ടങ്ങൾക്കായി ആത്മീയ താത്‌പര്യങ്ങൾ ത്യജിക്കുന്നത്‌ യഹോവയുടെ അനുഗ്രഹങ്ങൾ നേടിത്തരികയില്ല.​—⁠ലൂക്കൊസ്‌ 12:15-21.

7. “നിങ്ങളുടെ വഴികളെ വിചാരിച്ചുനോക്കുവിൻ” എന്ന്‌ യഹോവ യഹൂദരോട്‌ പറഞ്ഞത്‌ എന്തുകൊണ്ട്‌?

7 അനുദിന ജീവിതത്തിന്റെ ഉത്‌കണ്‌ഠകളിൽ മുഴുകിയ യഹൂദർ, എതിർപ്പിൻ മധ്യേയും അനുസരണമുള്ളവരായി സഹിച്ചുനിന്നാൽ മാത്രമേ മഴയുടെയും ഫലപുഷ്ടിയുള്ള കാലങ്ങളുടെയും രൂപത്തിൽ ദിവ്യാനുഗ്രഹങ്ങൾ തങ്ങളിൽ വന്നുനിറയുകയുള്ളൂ എന്ന കാര്യം മറന്നുപോയിരുന്നു. (ഹഗ്ഗായി 1:9-11) അതുകൊണ്ട്‌, “നിങ്ങളുടെ വഴികളെ വിചാരിച്ചുനോക്കുവിൻ” എന്ന ആഹ്വാനം എത്ര അർഥവത്താണ്‌! (ഹഗ്ഗായി 1:7) ഫലത്തിൽ യഹോവ അവരോട്‌ ഇങ്ങനെ പറയുകയായിരുന്നു: ‘വയലുകളിലെ നിങ്ങളുടെ പാഴ്‌വേലയും എന്റെ ആരാധനാലയത്തിന്റെ ശൂന്യാവസ്ഥയും തമ്മിലുള്ള ബന്ധം കാണുക.’ യഹോവയുടെ പ്രവാചകന്മാരുടെ നിശ്വസ്‌ത വചനങ്ങൾ ഒടുവിൽ ശ്രോതാക്കളുടെ ഹൃദയങ്ങളിൽ എത്തുകതന്നെ ചെയ്‌തു. ആളുകൾ ആലയനിർമാണം പുനഃരാരംഭിച്ചു, പൊ.യു.മു. 515-ൽ അത്‌ പൂർത്തിയാക്കുകയും ചെയ്‌തു.

8. മലാഖിയുടെ നാളുകളിൽ യഹോവ യഹൂദർക്ക്‌ എന്ത്‌ ആഹ്വാനം നൽകി, എന്തുകൊണ്ട്‌?

8 പിന്നീട്‌, മലാഖി പ്രവാചകന്റെ നാളുകളിൽ യഹൂദരുടെ ആത്മീയതയ്‌ക്ക്‌ വീണ്ടും ഉലച്ചിൽ തട്ടാൻ തുടങ്ങി. അവർ ദൈവത്തിന്‌ സ്വീകാര്യമല്ലാത്ത യാഗങ്ങൾ അർപ്പിക്കുകപോലും ചെയ്‌തു. (മലാഖി 1:6-8) അങ്ങനെ, തന്റെ ആലയത്തിലേക്ക്‌ ദശാംശം കൊണ്ടുവരാനും താൻ ആകാശത്തിന്റെ കിളിവാതിലുകളെ തുറന്ന്‌ സ്ഥലം പോരാതെ വരുവോളം അവരുടെമേൽ അനുഗ്രഹം പകരുമോയെന്ന്‌ പരീക്ഷിച്ചറിയാനും യഹോവ അവരോട്‌ ആവശ്യപ്പെട്ടു. (മലാഖി 3:10) തന്റെ വാക്കുകൾ ചെവിക്കൊള്ളുന്നതിൽ തുടർന്നിരുന്നെങ്കിൽ ദൈവം സമൃദ്ധമായി നൽകുമായിരുന്ന കാര്യങ്ങൾക്കായി യഹൂദർ വൃഥാ അദ്ധ്വാനിക്കുന്നത്‌ എത്ര മൗഢ്യമായിരുന്നു!​—⁠2 ദിനവൃത്താന്തം 31:⁠10.

9. ബൈബിളിൽനിന്ന്‌ ഏത്‌ മൂന്നു വ്യക്തികളുടെ ജീവിതാനുഭവങ്ങളാണ്‌ നാം പരിചിന്തിക്കാൻ പോകുന്നത്‌?

9 ഇസ്രായേൽ ജനതയുടെ ചരിത്രത്തിനു പുറമേ, യഹോവയുടെ വാക്കുകൾ ചെവിക്കൊള്ളുന്നതിൽ തുടർന്നോ ഇല്ലയോ എന്നതിന്റെ അടിസ്ഥാനത്തിൽ ദിവ്യാനുഗ്രഹങ്ങൾ അല്ലെങ്കിൽ ശാപങ്ങൾ ഏറ്റുവാങ്ങിയ അനേകം വ്യക്തികളുടെ ജീവിതാനുഭവങ്ങൾ ബൈബിൾ നൽകുന്നു. അവരിൽ ബോവസ്‌, നാബാൽ, ഹന്നാ എന്നീ മൂന്നു വ്യക്തികളിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാൻ കഴിയുമെന്നു നോക്കാം. ഇതിനോടുള്ള ബന്ധത്തിൽ നിങ്ങൾ രൂത്തിന്റെ പുസ്‌തകവും 1 ശമൂവേൽ 1:​1–2:​21-ഉം 1 ശമൂവേൽ 25:2-42-ഉം വായിക്കുന്നത്‌ നന്നായിരിക്കും.

ബോവസ്‌ ദൈവത്തെ ശ്രദ്ധിച്ചു

10. ബോവസും നാബാലും തമ്മിലുള്ള സമാനതകൾ എന്തെല്ലാം?

10 ബോവസും നാബാലും സമകാലികർ അല്ലായിരുന്നെങ്കിലും ഇരുവർക്കും ചില സമാനതകൾ ഉണ്ടായിരുന്നു. ഉദാഹരണത്തിന്‌, അവർ രണ്ടു പേരും യഹൂദാ ദേശത്താണ്‌ വസിച്ചിരുന്നത്‌. അവർ സമ്പന്നരായ ഭൂവുടമകൾ ആയിരുന്നു. ഇരുവർക്കും സ്‌നേഹദയ പ്രകടമാക്കാൻ പറ്റിയ പ്രത്യേക അവസരം ലഭിക്കുകയുണ്ടായി. ഇത്ര മാത്രമാണ്‌ അവർ തമ്മിൽ ആകെയുള്ള സമാനതകൾ.

11. താൻ യഹോവയുടെ വാക്കുകൾ ചെവിക്കൊള്ളുന്നതിൽ തുടർന്ന ഒരു വ്യക്തിയാണെന്ന്‌ ബോവസ്‌ തെളിയിച്ചത്‌ എങ്ങനെ?

11 ഇസ്രായേലിലെ ന്യായാധിപന്മാരുടെ കാലത്താണ്‌ ബോവസ്‌ ജീവിച്ചിരുന്നത്‌. മറ്റുള്ളവരോട്‌ ആദരപൂർവം ഇടപെട്ടിരുന്ന ഒരു വ്യക്തിയായിരുന്നു ബോവസ്‌. അവന്റെ കൊയ്‌ത്തുകാർ അവനെ വളരെ ബഹുമാനത്തോടെയാണ്‌ വീക്ഷിച്ചിരുന്നത്‌. (രൂത്ത്‌ 2:4) ന്യായപ്രമാണത്തിൽ പറഞ്ഞിരിക്കുന്നത്‌ അനുസരിച്ച്‌, എളിയവർക്കും ദരിദ്രർക്കും തന്റെ വയലിൽ കാലാ പെറുക്കാൻ കഴിഞ്ഞിരുന്നുവെന്ന്‌ ബോവസ്‌ ഉറപ്പുവരുത്തി. (ലേവ്യപുസ്‌തകം 19:9, 10) രൂത്തിനെയും നൊവൊമിയെയും കുറിച്ചുള്ള കാര്യങ്ങൾ മനസ്സിലാക്കുകയും തന്റെ പ്രായമായ അമ്മായിയമ്മയ്‌ക്കു വേണ്ടി കരുതുന്നതിലുള്ള രൂത്തിന്റെ ശുഷ്‌കാന്തി കാണുകയും ചെയ്‌തപ്പോൾ ബോവസ്‌ എന്താണു ചെയ്‌ത്‌? അവൻ രൂത്തിനോട്‌ പ്രത്യേക പരിഗണന കാട്ടുകയും തന്റെ വയലിൽ കാലാ പെറുക്കാൻ അവളെ അനുവദിക്കണമെന്ന്‌ ഭൃത്യന്മാരോടു കൽപ്പിക്കുകയും ചെയ്‌തു. യഹോവയുടെ വചനങ്ങൾ ചെവിക്കൊള്ളുന്ന, ആത്മീയതയുള്ള ഒരു വ്യക്തിയാണ്‌ താനെന്ന്‌ വാക്കിലൂടെയും പ്രവൃത്തിയിലൂടെയും അവൻ തെളിയിച്ചു. തത്‌ഫലമായി, അവനു ദൈവത്തിന്റെ പ്രീതിയും അനുഗ്രഹവും ലഭിച്ചു.​—⁠ലേവ്യപുസ്‌തകം 19:18; രൂത്ത്‌ 2:5-16.

12, 13. (എ) ദൈവത്തിന്റെ വീണ്ടെടുപ്പു നിയമത്തോട്‌ ബോവസ്‌ ആഴമായ ആദരവു പ്രകടമാക്കിയത്‌ എങ്ങനെ? (ബി) എന്ത്‌ ദിവ്യാനുഗ്രഹങ്ങൾ ബോവസിൽ വന്നുനിറഞ്ഞു?

12 യഹോവയുടെ വാക്കുകൾ ചെവിക്കൊള്ളുന്നതിൽ തുടർന്ന ഒരു വ്യക്തിയാണ്‌ താൻ എന്ന്‌ ബോവസ്‌ പ്രകമാക്കിയ ഏറ്റവും ശ്രദ്ധേയമായ വിധം, ദൈവത്തിന്റെ വീണ്ടെടുപ്പു നിയമത്തിനു ചേർച്ചയിൽ അവൻ നിസ്വാർഥമായി പ്രവർത്തിച്ചതായിരുന്നു. നൊവൊമിയുടെ മരിച്ചുപോയ ഭർത്താവും തന്റെ ബന്ധുവുമായ എലീമേലെക്കിന്റെ സ്വത്ത്‌ അയാളുടെതന്നെ കുടുംബത്തിനു ലഭിക്കുന്നുവെന്ന്‌ ഉറപ്പുവരുത്താൻ ബോവസ്‌ ആവതെല്ലാം ചെയ്‌തു. “ദേവരധർമ്മം” അനുസരിച്ച്‌ ഒരു വിധവ തന്റെ മരിച്ചുപോയ ഭർത്താവിന്റെ ഏറ്റവും അടുത്ത ബന്ധുവിനെ വിവാഹം കഴിക്കേണ്ടിയിരുന്നു. അങ്ങനെ അവർക്കു ജനിക്കുന്ന പുത്രന്‌ സ്വത്ത്‌ അവകാശമായി ലഭിക്കുമായിരുന്നു. (ആവർത്തനപുസ്‌തകം 25:5-10; ലേവ്യപുസ്‌തകം 25:47-49) നൊവൊമിക്ക്‌ സന്താനോത്‌പാദന പ്രായം കഴിഞ്ഞിരുന്നതുകൊണ്ട്‌ രൂത്ത്‌ ആ വിവാഹത്തിനു തയ്യാറായി. എലീമേലെക്കിന്റെ ഏറ്റവും അടുത്ത ബന്ധു അവളെ വിവാഹം കഴിക്കാൻ വൈമുഖ്യം കാണിച്ചതിനാൽ ബോവസ്‌തന്നെ രൂത്തിനെ ഭാര്യയായി സ്വീകരിച്ചു. അവരുടെ മകനായ ഓബെദ്‌ നൊവൊമിയുടെ പുത്രനായും എലീമേലെക്കിന്റെ നിയമാനുസൃത അവകാശിയായും കണക്കാക്കപ്പെട്ടു.​—⁠രൂത്ത്‌ 2:19, 20; 4:1, 6, 9, 13-16.

13 ദൈവത്തിന്റെ നിയമത്തോട്‌ നിസ്വാർഥമായ അനുസരണം പ്രകടമാക്കിയതിനാൽ സമൃദ്ധമായ അനുഗ്രഹങ്ങൾ ബോവസിൽ വന്നുനിറഞ്ഞു. ബോവസിനും രൂത്തിനും തങ്ങളുടെ പുത്രനായ ഓബെദ്‌ മുഖാന്തരം യേശുക്രിസ്‌തുവിന്റെ പൂർവികർ ആകാനുള്ള പദവി ലഭിച്ചു. (രൂത്ത്‌ 2:12; 4:13, 21, 22; മത്തായി 1:1, 5, 6) മറ്റുള്ളവരോട്‌ സ്‌നേഹം പ്രകടമാക്കുകയും ദൈവത്തിന്റെ നിബന്ധനകൾക്കു ചേർച്ചയിൽ പ്രവർത്തിക്കുകയും ചെയ്യുന്നവരിൽ മാത്രമേ അനുഗ്രഹങ്ങൾ വന്നുനിറയുന്നുള്ളൂ എന്ന്‌ ബോവസിന്റെ നിസ്വാർഥമായ പ്രവൃത്തികളിൽനിന്നു നാം മനസ്സിലാക്കുന്നു.

നാബാൽ ചെവിക്കൊണ്ടില്ല

14. നാബാൽ എങ്ങനെയുള്ള ഒരാളായിരുന്നു?

14 ബോവസിൽനിന്നു വ്യത്യസ്‌തനായി യഹോവയുടെ വാക്കുകൾ ചെവിക്കൊള്ളുന്നതിൽ നാബാൽ പരാജയപ്പെട്ടു. “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്‌നേഹിക്കേണം” എന്ന ദൈവനിയമം അവൻ ലംഘിച്ചു. (ലേവ്യപുസ്‌തകം 19:18) നാബാൽ ഒരു ആത്മീയ വ്യക്തിയായിരുന്നില്ല. മറിച്ച്‌, “നിഷ്‌ഠുരനും ദുഷ്‌കർമ്മിയും ആയിരുന്നു.” അവന്റെ ഭൃത്യന്മാർ പോലും അവനെ ഒരു “ദുസ്സ്വഭാവി”യായി കണക്കാക്കി. “ബുദ്ധിശൂന്യൻ” അഥവാ “ഭോഷൻ” എന്നർഥമുള്ള നാബാൽ എന്ന പേര്‌ അവന്‌ നന്നേ യോജിക്കുന്നതായിരുന്നു. (1 ശമൂവേൽ 25:3, 17, 25) യഹോവയുടെ അഭിഷിക്തനായ ദാവീദിനോട്‌ ദയ കാണിക്കേണ്ട ഒരു സാഹചര്യം ഉണ്ടായപ്പോൾ നാബാൽ എങ്ങനെയായിരുന്നു പ്രതികരിച്ചത്‌?​—⁠1 ശമൂവേൽ 16:⁠13.

15. നാബാൽ ദാവീദിനോട്‌ പെരുമാറിയത്‌ എങ്ങനെ, എന്നാൽ അതിൽനിന്നു വ്യത്യസ്‌തമായി അബീഗയിൽ എങ്ങനെ പെരുമാറി?

15 നാബാൽ ആടുകളെ വളർത്തിയിരുന്ന സ്ഥലത്തിന്‌ അടുത്തായി തമ്പടിച്ചിരുന്ന സമയത്ത്‌ ദാവീദും അവന്റെ ഭൃത്യന്മാരും യാതൊരു കൂലിയും ആവശ്യപ്പെടാതെ അവന്റെ ആടുകൾക്കു കൊള്ളക്കാരിൽനിന്ന്‌ സംരക്ഷണം നൽകിയിരുന്നു. “രാവും പകലും അവർ ഞങ്ങൾക്കു ഒരു മതിൽ ആയിരുന്നു” എന്ന്‌ നാബാലിന്റെ ആട്ടിടയന്മാരിൽ ഒരാൾ പറയുകയുണ്ടായി. എന്നാൽ, ദാവീദിന്റെ സന്ദേശവാഹകർ അൽപ്പം ആഹാരം ചോദിച്ചപ്പോൾ നാബാൽ വെറുങ്കൈയ്യോടെ ‘അവരെ ശകാരിച്ച്‌ അയയ്‌ക്കുക’യാണ്‌ ചെയ്‌തത്‌. (1 ശമൂവേൽ 25:2-16) നാബാലിന്റെ ഭാര്യയായ അബീഗയിൽ ബുദ്ധിപൂർവം ദാവീദിന്റെ അടുക്കൽ ആഹാരസാധനങ്ങൾ എത്തിച്ചു. കോപാകുലനായ ദാവീദ്‌ നാബാലിനെയും അവന്റെ ആളുകളെയും കൊന്നുകളയാനുള്ള പുറപ്പാടിലായിരുന്നു. എന്നാൽ അബീഗയിലിന്റെ ഈ നടപടി അനേകരുടെ ജീവൻ രക്ഷച്ചെന്നു മാത്രമല്ല, രക്തപാതകത്തിൽനിന്ന്‌ ദാവീദിനെ തടയുകയും ചെയ്‌തു. എന്നാൽ നാബാൽ അങ്ങേയറ്റം നിഷ്‌ഠുരനും അത്യാഗ്രഹിയും ആയിരുന്നു. പത്തു ദിവസം കഴിഞ്ഞപ്പോൾ “യഹോവ നാബാലിനെ ദണ്ഡിപ്പിച്ചു, അവൻ മരിച്ചുപോയി.”​—⁠1 ശമൂവേൽ 25:18-38.

16. ബോവസിന്റെ മാതൃക അനുകരിക്കാനും നാബാലിന്റെ വഴികൾ ഒഴിവാക്കാനും നമുക്ക്‌ എങ്ങനെ സാധിക്കും?

16 ബോവസിന്റെയും നാബാലിന്റെയും സ്വഭാവങ്ങൾ തമ്മിൽ എത്ര വൈരുദ്ധ്യമാണ്‌ ഉള്ളത്‌! നാം നാബാലിന്റെ നിഷ്‌ഠുരവും സ്വാർഥപരവുമായ വഴികൾ ഒഴിവാക്കുമ്പോൾത്തന്നെ ബോവസിന്റെ ദയയും നിസ്വാർഥതയും അനുകരിക്കുകയും വേണം. (എബ്രായർ 13:16) അപ്പൊസ്‌തലനായ പൗലൊസിന്റെ ഈ ബുദ്ധിയുപദേശം ബാധകമാക്കുവഴി നമുക്ക്‌ അതിനു കഴിയും: “ആകയാൽ അവസരം കിട്ടുംപോലെ നാം എല്ലാവർക്കും, വിശേഷാൽ സഹവിശ്വാസികൾക്കും നന്മചെയ്‌ക.” (ഗലാത്യർ 6:10) യഹോവയുടെ അഭിഷിക്തർക്ക്‌, അതായത്‌ സ്വർഗത്തിലെ അമർത്യ ജീവന്റെ പ്രത്യാശയുള്ള 1,44,000 പേരിൽ ശേഷിക്കുന്നവർക്ക്‌ നന്മ ചെയ്യാനുള്ള അവസരം ഇന്ന്‌ യേശുവിന്റെ “വേറെ ആടുക”ൾക്ക്‌, ഭൗമിക പ്രത്യാശയുള്ള ക്രിസ്‌ത്യാനികൾക്ക്‌ ഉണ്ട്‌. (യോഹന്നാൻ 10:16; 1 കൊരിന്ത്യർ 15:50-53; വെളിപ്പാടു 14:1, 4) സ്‌നേഹത്തിന്റേതായ അത്തരം പ്രവൃത്തികളെ, തനിക്ക്‌ വ്യക്തിപരമായി ചെയ്‌തുതരുന്ന കാര്യങ്ങളായി യേശു വീക്ഷിക്കുന്നു. കൂടാതെ ഈ സത്‌പ്രവൃത്തികൾ യഹോവയിൽ നിന്നുള്ള സമൃദ്ധമായ അനുഗ്രഹത്തിൽ കലാശിക്കുകയും ചെയ്യും.​—⁠മത്തായി 25:34-40; 1 യോഹന്നാൻ 3:⁠18.

ഹന്നായ്‌ക്കു നേരിട്ട പരിശോധനകളും ലഭിച്ച അനുഗ്രഹങ്ങളും

17. ഹന്നായ്‌ക്കു നേരിട്ട പരിശോധനകൾ എന്തെല്ലാം, അവൾ എന്തു മനോഭാവം പ്രകടമാക്കി?

17 ദൈവഭക്തയായ ഹന്നായിലും യഹോവയുടെ അനുഗ്രഹങ്ങൾ വന്നുനിറഞ്ഞു. എൽക്കാനാ എന്നു പേരുള്ള ലേവ്യനായ ഭർത്താവിനോടൊപ്പം എഫ്രയീം മലനാട്ടിലാണ്‌ അവൾ വസിച്ചിരുന്നത്‌. ന്യായപ്രമാണം അനുവദിച്ചിരുന്നപ്രകാരം എൽക്കാനായ്‌ക്ക്‌ മറ്റൊരു ഭാര്യയും ഉണ്ടായിരുന്നു.​—⁠പെനിന്നാ. ഹന്നാ മച്ചിയായിരുന്നു​—⁠അത്‌ ഒരു ഇസ്രായേല്യ സ്‌ത്രീക്ക്‌ അപമാനകരം ആയിരുന്നു; അതേസമയം പെനിന്നായ്‌ക്ക്‌ ഒന്നിലധികം കുട്ടികൾ ഉണ്ടായിരുന്നു. (1 ശമൂവേൽ 1:1-3; 1 ദിനവൃത്താന്തം 6:16, 33, 34) ഹന്നായെ ആശ്വസിപ്പിക്കുന്നതിനു പകരം പെനിന്നാ വളരെ സ്‌നേഹശൂന്യമായാണ്‌ അവളോടു പെരുമാറിയത്‌. അതിൽ മനംനൊന്ത്‌ ഹന്നാ കരഞ്ഞു, അവൾക്കു വിശപ്പില്ലാതാകുകയും ചെയ്‌തു. “ആണ്ടുതോറും,” അതായത്‌ അവരുടെ കുടുംബം ശീലോവിലുള്ള യഹോവയുടെ ആലയത്തിലേക്കു പോകുന്ന സമയത്തൊക്കെയും ഇത്‌ ആവർത്തിക്കപ്പെട്ടു. (1 ശമൂവേൽ 1:4-8) പെനിന്നായുടെ നിർദയമായ ഈ പെരുമാറ്റം ഹന്നായെ സംബന്ധിച്ചിടത്തോളം എത്ര വലിയ ഒരു പരിശോധന ആയിരുന്നു! എങ്കിലും ഹന്നാ യഹോവയെ ഒരിക്കലും കുറ്റപ്പെടുത്തിയില്ല, ഭർത്താവ്‌ ശീലോവിലേക്ക്‌ പോയപ്പോൾ അവൾ വീട്ടിൽ ഒതുങ്ങിക്കൂടിയതുമില്ല. തത്‌ഫലമായി, കാലാന്തരത്തിൽ സമൃദ്ധമായ അനുഗ്രഹങ്ങൾ അവളിൽ വന്നുനിറയുമായിരുന്നു.

18. ഹന്നാ എന്തു മാതൃക വെച്ചു?

18 ഹന്നാ ഇന്ന്‌ യഹോവയുടെ ജനത്തിന്‌​—⁠വിശേഷിച്ചും മറ്റുള്ളവരുടെ നിർദയ സംസാരത്താൽ ഹൃദയത്തിനു മുറിവേറ്റിട്ടുള്ളവർക്ക്‌​—⁠വളരെ നല്ല ഒരു മാതൃകയാണ്‌. അത്തരം സാഹചര്യങ്ങളിൽ സ്വയം ഒറ്റപ്പെടുത്തുന്നത്‌ അല്ലെങ്കിൽ കൂട്ടംവിട്ടു നടക്കുന്നത്‌ ഒരു പരിഹാരമല്ല. (സദൃശവാക്യങ്ങൾ 18:1) ദൈവവചനം പഠിപ്പിക്കുകയും ആരാധനയ്‌ക്കായി ദൈവജനം കൂടിവരികയും ചെയ്യുന്നിടത്ത്‌ സന്നിഹിതയാകാനുള്ള ആഗ്രഹത്തിനു മങ്ങലേൽക്കാൻ ഹന്നാ തന്റെ പരിശോധനകളെ അനുവദിച്ചില്ല. അതുകൊണ്ട്‌ അവൾ ആത്മീയമായി ബലിഷ്‌ഠയായി നിലകൊണ്ടു. അവളുടെ ആത്മീയതയുടെ ആഴം 1 ശമൂവേൽ 2:1-10-ൽ രേഖപ്പെടുത്തിയിരിക്കുന്ന അവളുടെ മനോഹരമായ പ്രാർഥനയിലൂടെ വെളിവാകുന്നു. *

19. ആത്മീയ കാര്യങ്ങളോടു നമുക്ക്‌ എങ്ങനെ വിലമതിപ്പു പ്രകടിപ്പിക്കാൻ കഴിയും?

19 യഹോവയുടെ ആധുനികകാല ദാസരായ നാം ഇന്ന്‌ സമാഗമന കൂടാരത്തിൽ ആരാധന നടത്തുന്നില്ല. എന്നിരുന്നാലും ഹന്നായെ പോലെ ആത്മീയ കാര്യങ്ങളോടുള്ള വിലമതിപ്പ്‌ നമുക്കു പ്രകടമാക്കാൻ സാധിക്കും. ഉദാഹരണത്തിന്‌, ക്രിസ്‌തീയ യോഗങ്ങൾക്കും സമ്മേളനങ്ങൾക്കും കൺവെൻഷനുകൾക്കും പതിവായി ഹാജരായിക്കൊണ്ട്‌ ആത്മീയ സമ്പത്തിനോടുള്ള ആഴമായ വിലമതിപ്പ്‌ നമുക്കു പ്രകടമാക്കാൻ കഴിയും. “നാം ആയുഷ്‌കാലം ഒക്കെയും ഭയം കൂടാതെ തിരുമുമ്പിൽ വിശുദ്ധിയിലും നീതിയിലും തന്നെ ആരാധിപ്പാൻ നമുക്കു കൃപ” നൽകിയ യഹോവയുടെ സത്യാരാധനയിൽ അന്യോന്യം പ്രോത്സാഹിപ്പിക്കാൻ നമുക്ക്‌ ഈ അവസരങ്ങളെ ഉപയോഗപ്പെടുത്താം.​—⁠ലൂക്കൊസ്‌ 1:74, 75; എബ്രായർ 10:24, 25.

20, 21. ഹന്നായുടെ ദൈവഭക്തിക്ക്‌ പ്രതിഫലം ലഭിച്ചതെങ്ങനെ?

20 യഹോവ ഹന്നായുടെ ദൈവഭക്തി ശ്രദ്ധിക്കുകയും അവളെ സമൃദ്ധമായി അനുഗ്രഹിക്കുകയും ചെയ്‌തു. ശീലോവിലേക്ക്‌ കുടുംബത്തോടൊപ്പം യാത്ര ചെയ്‌ത ഒരവസരത്തിൽ ഹന്നാ കരഞ്ഞപേക്ഷിച്ചുകൊണ്ട്‌ യഹോവയ്‌ക്ക്‌ ഈ നേർച്ച നേർന്നു: “സൈന്യങ്ങളുടെ യഹോവേ, അടിയന്റെ സങ്കടം നോക്കി അടിയനെ ഓർക്കയും അടിയനെ മറക്കാതെ ഒരു പുരുഷസന്താനത്തെ നല്‌കുകയും ചെയ്‌താൽ അടിയൻ അവനെ അവന്റെ ജീവപര്യന്തം യഹോവെക്കു കൊടുക്കും.” (1 ശമൂവേൽ 1:9-11) ദൈവം ഹന്നായുടെ അപേക്ഷ കേൾക്കുകയും ഒരു പുത്രനെ നൽകി അവളെ അനുഗ്രഹിക്കുകയും ചെയ്‌തു. അവൾ അവനു ശമൂവേൽ എന്നു പേരിട്ടു. മുലകുടി മാറിയ ഉടനെ അവൾ അവനെ യഹോവയുടെ സേവനത്തിനായി ആലയത്തിലേക്കു കൊണ്ടുവന്നു.​—⁠1 ശമൂവേൽ 1:20, 24-28.

21 ഹന്നാ ദൈവത്തോട്‌ സ്‌നേഹം പ്രകടമാക്കുകയും താൻ നേർന്നിരുന്നപ്രകാരം ശമൂവേലിനെ യഹോവയ്‌ക്കു നിവേദിതനായി വിട്ടുകൊടുക്കുകയും ചെയ്‌തു. തങ്ങളുടെ പ്രിയപുത്രൻ യഹോവയുടെ ആലയത്തിൽ സേവിച്ചിരുന്നതിനാൽ അവളും എൽക്കാനായും ആസ്വദിച്ചിരുന്ന സമൃദ്ധമായ അനുഗ്രഹത്തെ കുറിച്ചു ചിന്തിക്കുക! തങ്ങളുടെ പുത്രീപുത്രന്മാർ മുഴുസമയ പയനിയർ ശുശ്രൂഷകരായി​—⁠ബെഥേലിലോ യഹോവയ്‌ക്ക്‌ ആദരവു കരേറ്റുന്ന മറ്റേതെങ്കിലും വിധങ്ങളിലോ സേവിക്കുന്നതുകൊണ്ട്‌​—⁠പല ക്രിസ്‌തീയ മാതാപിതാക്കളും സമാനമായ സന്തോഷം അനുഭവിക്കുന്നു.

യഹോവയുടെ ശബ്‌ദം ചെവിക്കൊള്ളുന്നതിൽ തുടരുക!

22, 23. (എ) നാം യഹോവയുടെ ശബ്‌ദം ചെവിക്കൊള്ളുന്നതിൽ തുടരുന്നെങ്കിൽ നമുക്ക്‌ എന്ത്‌ ഉറപ്പ്‌ ഉണ്ടായിരിക്കാനാകും? (ബി) അടുത്ത ലേഖനത്തിൽ നാം എന്തു പരിചിന്തിക്കുന്നതായിരിക്കും?

22 യഹോവയുടെ ശബ്‌ദം ചെവിക്കൊള്ളുന്നതിൽ തുടരുന്നെങ്കിൽ, നമുക്ക്‌ എന്ത്‌ ഉറപ്പ്‌ ഉണ്ടായിരിക്കാനാകും? ദൈവത്തെ മുഴുഹൃദയാ സ്‌നേഹിക്കുകയും നാം അവന്റെ സമർപ്പിത ദാസരാണെന്ന്‌ നമ്മുടെ ജീവിതരീതിയിലൂടെ പ്രകടമാക്കുകയും ചെയ്യുന്നെങ്കിൽ നാം ആത്മീയമായി സമ്പന്നരാകും. അത്തരത്തിലുള്ള ഒരു ഗതിയിലൂടെ സഞ്ചരിക്കുമ്പോൾ കഠിന പരിശോധനകൾ സഹിക്കേണ്ടിവരുന്നെങ്കിൽ പോലും യഹോവയിൽ നിന്നുള്ള അനുഗ്രഹങ്ങൾ​—⁠മിക്കപ്പോഴും നാം ചിന്തിക്കുന്നതിനെക്കാൾ വലിയ അളവിൽ​—⁠നമ്മിൽ വന്നുനിറയും.​—⁠സങ്കീർത്തനം 37:4; എബ്രായർ 6:⁠10.

23 ഭാവിയിൽ അനേകം അനുഗ്രഹങ്ങൾ യഹോവയുടെ ജനത്തിന്മേൽ വർഷിക്കപ്പെടും. അനുസരണപൂർവം യഹോവയുടെ ശബ്‌ദം ചെവിക്കൊള്ളുന്നതിൽ തുടരുന്ന “ഒരു മഹാപുരുഷാരം” “മഹോപദ്രവ”ത്തെ അതിജീവിക്കുകയും ദൈവത്തിന്റെ പുതിയ ലോകത്തിൽ സന്തോഷകരമായ ജീവിതം ആസ്വദിക്കുകയും ചെയ്യും. (വെളിപ്പാടു 7:9-14, NW; 2 പത്രൊസ്‌ 3:13) അവിടെ യഹോവ തന്റെ മുഴു ജനത്തിന്റെയും നീതിനിഷ്‌ഠമായ അഭിലാഷങ്ങളെ പൂർണമായ അളവിൽ തൃപ്‌തിപ്പെടുത്തും. (സങ്കീർത്തനം 145:16) അടുത്ത ലേഖനത്തിൽ നാം കാണാൻ പോകുന്നതുപോലെ, യഹോവയുടെ ശബ്‌ദം ചെവിക്കൊള്ളുന്നതിൽ തുടരുന്നവർ ഇപ്പോൾ പോലും ‘നല്ല ദാനത്താലും തികഞ്ഞ സമ്മാന’ത്താലും അനുഗ്രഹിക്കപ്പെടുന്നു.​—⁠യാക്കോബ്‌ 1:​17, NW.

[അടിക്കുറിപ്പുകൾ]

^ ഖ. 18 ഹന്നായുടെ വാക്കുകൾക്ക്‌, താൻ മശിഹായുടെ മാതാവ്‌ ആകാൻ പോകുന്നുവെന്നു മനസ്സിലാക്കിയതിനെ തുടർന്ന്‌ കന്യകയായിരുന്ന മറിയ ഉച്ചരിച്ച വാക്കുകളുമായി ചില സമാനതകൾ ഉണ്ട്‌.​—⁠ലൂക്കൊസ്‌ 1:46-55.

നിങ്ങൾ ഓർക്കുന്നുവോ?

• ഇസ്രായേലിന്റെ ചരിത്രം ദിവ്യാനുഗ്രഹങ്ങൾ സംബന്ധിച്ച്‌ നമ്മെ എന്തു പഠിപ്പിക്കുന്നു?

• ബോവസും നാബാലും തമ്മിലുള്ള വ്യത്യാസം എന്ത്‌?

• നമുക്ക്‌ എങ്ങനെ ഹന്നായെ അനുകരിക്കാൻ കഴിയും?

• നാം യഹോയുടെ ശബ്‌ദം ചെവിക്കൊള്ളുന്നതിൽ തുടരേണ്ടത്‌ എന്തുകൊണ്ട്‌?

[അധ്യയന ചോദ്യങ്ങൾ]

[10-ാം പേജിലെ ചിത്രം]

ശലോമോൻ രാജാവ്‌ അനുസരണമുള്ള ഒരു ഹൃദയത്തിനായി പ്രാർഥിച്ചു, യഹോവ ജ്ഞാനം നൽകി അവനെ അനുഗ്രഹിച്ചു

[12-ാം പേജിലെ ചിത്രം]

ബോവസ്‌ മറ്റുള്ളവരോട്‌ ആദരവോടും ദയയോടും കൂടെ പെരുമാറി

[15-ാം പേജിലെ ചിത്രം]

യഹോവയിൽ ആശ്രയം അർപ്പിച്ചതിന്‌ ഹന്നാ സമൃദ്ധമായി അനുഗ്രഹിക്കപ്പെട്ടു