വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഈന്തപ്പനയിൽനിന്ന്‌ ഒരു പാഠം

ഈന്തപ്പനയിൽനിന്ന്‌ ഒരു പാഠം

ഈന്തപ്പനയിൽനിന്ന്‌ ഒരു പാഠം

“ചാരുതയാർന്ന വടിവൊത്ത രൂപം.” ഒരു ബൈബിൾ വിജ്ഞാനകോശം ഈന്തപ്പനയെ വർണിക്കുന്നത്‌ അങ്ങനെയാണ്‌. ബൈബിൾ കാലങ്ങളിലെ പോലെതന്നെ ഇന്നും ഈന്തപ്പനകൾ ഈജിപ്‌തിലെ നൈൽ താഴ്‌വരയ്‌ക്കു മനോഹാരിത പകരുന്നു, നെഗെബ്‌ മണലാരണ്യത്തിലെ മരുപ്പച്ചകൾക്കു ചുറ്റും നവോന്മേഷദായകമായ തണൽ വിരിക്കുന്നു.

മറ്റ്‌ ഇനം പനകളെ പോലെ വളവുകളൊന്നും ഇല്ലാതെ ഉയരത്തിൽ വളർന്നുനിൽക്കുന്ന ഒരു വൃക്ഷമാണ്‌ ഈന്തപ്പനയും. ചിലതിന്‌ 30 മീറ്റർ പൊക്കമുണ്ട്‌, അവ 150 വർഷംവരെ ഫലം കായ്‌ക്കുകയും ചെയ്യും. ഈന്തപ്പന കാഴ്‌ചയ്‌ക്കു മനോഹരവും വിസ്‌മയാവഹമാം വിധം ഫലോത്‌പാദന ശേഷിയുള്ളതുമാണ്‌. ഓരോ വർഷവും അതിൽ നിരവധി ഈന്തക്കുലകൾ ഉണ്ടാകുന്നു. ഒരൊറ്റ കുലയിൽത്തന്നെ 1,000-ത്തിൽപ്പരം കായ്‌കൾ കണ്ടേക്കാം. ഈന്തപ്പഴത്തെ കുറിച്ച്‌ ഒരു ഗ്രന്ഥകർത്താവ്‌ ഇപ്രകാരം എഴുതി: “കടകളിൽനിന്ന്‌, ലേബൽ ഒട്ടിച്ച പായ്‌ക്കറ്റിൽ ലഭിക്കുന്ന ഉണങ്ങിയ ഈന്തപ്പഴം മാത്രം ഭക്ഷിച്ചിട്ടുള്ളവർക്ക്‌ . . . അത്‌ മരത്തിൽനിന്നു പറിച്ചെടുത്തയുടനെ എത്ര സ്വാദിഷ്‌ഠമാണ്‌ എന്നു വിഭാവന ചെയ്യാൻ കഴിയുമെന്നു തോന്നുന്നില്ല.”

ഉചിതമായും, ബൈബിൾ ചില മനുഷ്യരെ പനകളോട്‌ ഉപമിക്കുന്നുണ്ട്‌. ദൈവദൃഷ്ടിയിൽ പ്രസാദമുള്ളവർ ആയിരിക്കാൻ, ഫലം പുറപ്പെടുവിക്കുന്ന ഒരു പനപോലെ, ഒരു വ്യക്തി ധാർമികമായി നല്ല നില കാത്തുസൂക്ഷിക്കുകയും സത്‌ഫലങ്ങൾ പുറപ്പെടുവിക്കുന്നതിൽ തുടരുകയും വേണം. (മത്തായി 7:17-20) ഇക്കാരണത്താൽ, ശലോമോന്റെ ആലയത്തിലും യെഹെസ്‌കേലിന്റെ ദർശനത്തിലെ ആലയത്തിലും അലങ്കാരമായി ഈന്തപ്പനയുടെ രൂപം കൊത്തിവെച്ചിരുന്നു. (1 രാജാക്കന്മാർ 6:29, 32, 35; യെഹെസ്‌കേൽ 40:14-16, 20, 22) അതുകൊണ്ട്‌, നമ്മുടെ ആരാധന ദൈവത്തിനു സ്വീകാര്യമായിരിക്കണമെങ്കിൽ നമുക്ക്‌ ഈന്തപ്പനയുടേതു പോലുള്ള അഭിലഷണീയമായ ഗുണങ്ങൾ ഉണ്ടായിരിക്കണം. ദൈവവചനം ഇപ്രകാരം പറയുന്നു: “നീതിമാൻ പനപോലെ തഴെക്കും.”​—⁠സങ്കീർത്തനം 92:12.