വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“ധൂർത്തപുത്ര”നെ പോലുള്ള കുട്ടികളെ നിങ്ങൾക്ക്‌ എങ്ങനെ സഹായിക്കാൻ കഴിയും?

“ധൂർത്തപുത്ര”നെ പോലുള്ള കുട്ടികളെ നിങ്ങൾക്ക്‌ എങ്ങനെ സഹായിക്കാൻ കഴിയും?

“ധൂർത്തപുത്ര”നെ പോലുള്ള കുട്ടികളെ നിങ്ങൾക്ക്‌ എങ്ങനെ സഹായിക്കാൻ കഴിയും?

‘അവൻ കാണാതെ പോയിരുന്നു; കണ്ടു കിട്ടിയിരിക്കുന്നു. ആകയാൽ സന്തോഷിക്കുവിൻ.’​—⁠ലൂക്കൊസ്‌ 15:⁠32.

1, 2. (എ) ചില യുവജനങ്ങൾ ക്രിസ്‌തീയ സത്യത്തോട്‌ എങ്ങനെ പ്രതികരിച്ചിരിക്കുന്നു? (ബി) അത്തരം അവസ്ഥയിൽ ആയിരിക്കുന്ന മാതാപിതാക്കളുടെയും കുട്ടികളുടെയും മാനസികാവസ്ഥ എന്തായിരിക്കാം?

“ഞാൻ സത്യം ഉപേക്ഷിക്കുകയാണ്‌!” ഒരു കുട്ടിയിൽനിന്ന്‌ ആ വാക്കുകൾ കേൾക്കുന്നത്‌, ക്രിസ്‌തീയ മാർഗത്തിൽ കുട്ടികളെ വളർത്തിക്കൊണ്ടുവരാൻ പാടുപെട്ടിട്ടുള്ള ദൈവഭക്തരായ മാതാപിതാക്കൾക്ക്‌ എത്ര ഞെട്ടൽ ഉളവാക്കും! ഇനി തങ്ങളുടെ ഉദ്ദേശ്യങ്ങൾ വെളിപ്പെടുത്താതെ സത്യത്തിൽനിന്ന്‌ ‘ഒഴുകിപ്പോകുന്ന’ യുവജനങ്ങളുമുണ്ട്‌. (എബ്രായർ 2:1) ഇവരിൽ അനേകരും യേശുവിന്റെ ഉപമയിലെ ധൂർത്തപുത്രനെ പോലെയാണ്‌, ആ പുത്രൻ തന്റെ പിതാവിന്റെ വീട്‌ ഉപേക്ഷിച്ച്‌ ഒരു അന്യദേശത്തു ചെന്ന്‌ തന്റെ സമ്പത്തെല്ലാം ധൂർത്തടിച്ചു.​—⁠ലൂക്കൊസ്‌ 15:11-16.

2 യഹോവയുടെ സാക്ഷികളിൽ മിക്കവർക്കും ഇങ്ങനെയൊരു പ്രശ്‌നം ഇല്ലെങ്കിലും, അതുള്ളവരെ സംബന്ധിച്ചിടത്തോളം യാതൊരു ആശ്വാസ വാക്കുകൾക്കും അവരുടെ ദുഃഖത്തെ പൂർണമായി ഇല്ലാതാക്കാൻ സാധിക്കില്ല. വഴിപിഴച്ച ആ യുവാവ്‌ അനുഭവിക്കേണ്ടിവരുന്ന അസന്തുഷ്ടിയും അവഗണിക്കാവുന്നതല്ല. ഉള്ളിന്റെ ഉള്ളിൽ അവനു മനസ്സാക്ഷിക്കുത്ത്‌ തോന്നിയേക്കാം. യേശുവിന്റെ ഉപമയിൽ, ഒടുവിൽ ധൂർത്തപുത്രൻ “സുബോധ”ത്തിലേക്കു വന്നു, അത്‌ അവന്റെ പിതാവിനു സന്തോഷം കൈവരുത്തി. മാതാപിതാക്കൾക്കും സഭയിലെ മറ്റുള്ളവർക്കും ധൂർത്തപുത്രനെ പോലുള്ളവരെ “സുബോധ”ത്തിലേക്കു വരാൻ എങ്ങനെ സഹായിക്കാനാകും?​—⁠ലൂക്കൊസ്‌ 15:⁠17.

ചിലർ സത്യം ഉപേക്ഷിക്കുന്നതിന്റെ കാരണങ്ങൾ

3. യുവജനങ്ങൾ ക്രിസ്‌തീയ സഭ ഉപേക്ഷിക്കുന്നതിന്റെ ചില കാരണങ്ങൾ ഏവ?

3 യഹോവയെ സന്തോഷത്തോടെ സേവിക്കുന്ന ലക്ഷക്കണക്കിനു യുവജനങ്ങൾ ക്രിസ്‌തീയ സഭയിലുണ്ട്‌. എങ്കിൽപ്പിന്നെ എന്തുകൊണ്ടാണ്‌ മറ്റു ചില യുവജനങ്ങൾ സത്യം ഉപേക്ഷിക്കുന്നത്‌? സത്യത്തിൽ ആയിരിക്കുന്നതിനാൽ, ലോകം വെച്ചുനീട്ടുന്ന എന്തോ ഒന്ന്‌ തങ്ങൾക്കു നഷ്ടമാകുന്നതായി അവർക്കു തോന്നിയേക്കാം. (2 തിമൊഥെയൊസ്‌ 4:10) അല്ലെങ്കിൽ യഹോവയുടെ സംരക്ഷണാത്മക ആട്ടിൻതൊഴുത്തിൽ അങ്ങേയറ്റത്തെ നിയന്ത്രണങ്ങൾ ഉള്ളതായി അവർ വിചാരിച്ചേക്കാം. കുറ്റബോധമുള്ള ഒരു മനസ്സാക്ഷി, എതിർലിംഗവർഗത്തിൽ പെട്ടവരോടുള്ള അഭിനിവേശം, സമപ്രായക്കാരുടെ അംഗീകാരം നേടാനുള്ള വാഞ്‌ഛ എന്നിവയെല്ലാം യുവജനങ്ങൾ യഹോവയുടെ ആട്ടിൻകൂട്ടത്തിൽനിന്ന്‌ അകന്നുപോകാൻ ഇടയാക്കിയേക്കാം. മാതാപിതാക്കളോ മറ്റൊരു ക്രിസ്‌ത്യാനിയോ കാണിക്കുന്ന കാപട്യം നിമിത്തം ഒരു യുവാവ്‌ യഹോവയെ സേവിക്കുന്നതു നിറുത്തിയേക്കാം.

4. യുവജനങ്ങൾ വഴിതെറ്റിപ്പോകുന്നതിന്റെ അടിസ്ഥാന കാരണമെന്ത്‌?

4 ഒരു കുട്ടിയുടെ മത്സരാത്മകമായ മനോഭാവവും പെരുമാറ്റവും ആത്മീയ ബലഹീനതയുടെ ലക്ഷണങ്ങളാണ്‌, അവന്റെ ഹൃദയത്തിൽ എന്താണ്‌ ഉള്ളതെന്ന്‌ അവ വെളിപ്പെടുത്തുന്നു. (സദൃശവാക്യങ്ങൾ 15:13; മത്തായി 12:34) ഒരു യുവാവ്‌ വഴിതെറ്റിപ്പോകുന്നതിന്റെ കാരണം എന്തായിരുന്നാലും, ഉൾപ്പെട്ടിരിക്കുന്ന അടിസ്ഥാന പ്രശ്‌നം അവന്‌ “സത്യത്തിന്റെ [സൂക്ഷ്‌മ] പരിജ്ഞാനം” ഇല്ല എന്നതാണ്‌. (2 തിമൊഥെയൊസ്‌ 3:7) ഒരു കടമ നിർവഹിക്കുന്നതു പോലെ യഹോവയെ ആരാധിക്കുന്നതിനുപകരം, കുട്ടികൾ അവനുമായി ഒരു അടുത്ത ബന്ധം വളർത്തിയെടുക്കുന്നതു പ്രധാനമാണ്‌. അതിന്‌ അവരെ എന്തു സഹായിക്കും?

ദൈവത്തോട്‌ അടുത്തു ചെല്ലുവിൻ

5. യഹോവയുമായി വ്യക്തിപരമായ ഒരു ബന്ധം വളർത്തിയെടുക്കാൻ ഒരു യുവാവിന്‌ എന്ത്‌ അനിവാര്യമാണ്‌?

5 “ദൈവത്തോടു അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുവരും” എന്നു ശിഷ്യനായ യാക്കോബ്‌ എഴുതി. (യാക്കോബ്‌ 4:8) അങ്ങനെ ചെയ്യുന്നതിന്‌, ദൈവവചനത്തോടുള്ള പ്രിയം നട്ടുവളർത്താൻ ഒരു യുവവ്യക്തിക്കു സഹായം ആവശ്യമാണ്‌. (സങ്കീർത്തനം 34:8) തുടക്കത്തിൽ അവന്‌ ആവശ്യമായിരിക്കുന്നത്‌ ‘പാൽ’ അഥവാ അടിസ്ഥാന ബൈബിൾ പഠിപ്പിക്കലുകൾ ആണ്‌. എന്നാൽ ദൈവവചനത്തിൽ സന്തോഷം കണ്ടെത്തുകയും ‘കട്ടിയായുള്ള ആഹാര’ത്തോട്‌ അഥവാ ആഴമായ ആത്മീയ വിവരങ്ങളോട്‌ താത്‌പര്യം വളർത്തിയെടുക്കുകയും ചെയ്യവേ, അവൻ പെട്ടെന്ന്‌ ആത്മീയ പക്വത കൈവരിക്കും. (എബ്രായർ 5:11-14; സങ്കീർത്തനം 1:2) ലോകത്തിന്റെ മാർഗത്തിൽ താൻ ആമഗ്നനായിരുന്നെന്നു സമ്മതിച്ച ഒരു യുവാവ്‌ ആത്മീയ മൂല്യങ്ങളെ വിലമതിക്കാൻ തുടങ്ങി. മാറ്റം വരുത്താൻ എന്താണ്‌ അവനെ സഹായിച്ചത്‌? മുഴു ബൈബിളും വായിക്കാനുള്ള ഒരു നിർദേശത്തോടു പ്രതികരിച്ചുകൊണ്ട്‌, പതിവായി അതു വായിക്കുന്നതിന്‌ അവൻ ഒരു പട്ടിക ഉണ്ടാക്കി. യഹോവയുമായി ഒരു അടുത്ത ബന്ധം വളർത്തിയെടുക്കുന്നതിന്‌ പതിവായി ദൈവവചനം വായിക്കുന്നതു പ്രധാനമാണ്‌.

6, 7. ദൈവവചനത്തോടു പ്രിയം നട്ടുവളർത്താൻ മാതാപിതാക്കൾക്ക്‌ എങ്ങനെ മക്കളെ സഹായിക്കാനാകും?

6 ദൈവവചനത്തോടു പ്രിയം നട്ടുവളർത്താൻ മാതാപിതാക്കൾ മക്കളെ സഹായിക്കേണ്ടതു മർമപ്രധാനമാണ്‌. പതിവായി കുടുംബ അധ്യയനം ഉണ്ടായിരുന്നിട്ടും, ഒരു കുടുംബത്തിലെ പെൺകുട്ടി മത്സരികളായ മറ്റു കുട്ടികളുമായി ചങ്ങാത്തം കൂടി. തങ്ങളുടെ കുടുംബ അധ്യയനത്തെ കുറിച്ച്‌ അവൾ പറയുന്നു: “അച്ഛൻ ചോദ്യങ്ങൾ ചോദിച്ചപ്പോൾ ഞാൻ അദ്ദേഹത്തിന്റെ മുഖത്തുപോലും നോക്കാതെ ഉത്തരങ്ങൾ വായിച്ചുവിടുമായിരുന്നു.” കുടുംബ അധ്യയന സമയത്ത്‌ വിവരങ്ങൾ വെറുതെ പരിചിന്തിക്കുന്നതിനു പകരം, ജ്ഞാനികളായ മാതാപിതാക്കൾ പഠിപ്പിക്കൽകല ഉപയോഗിക്കും. (2 തിമൊഥെയൊസ്‌ 4:​2, NW) ഒരു യുവാവ്‌ ബൈബിൾ പഠനം ആസ്വദിക്കണമെങ്കിൽ, അതു തനിക്കു പ്രയോജനകരമാണെന്ന്‌ അവനു തോന്നണം. വീക്ഷണചോദ്യങ്ങളിലൂടെ അവന്റെ മനസ്സിലുള്ളതു പുറത്തുകൊണ്ടുവരാൻ എന്തുകൊണ്ട്‌ ശ്രമിച്ചുകൂടാ? പരിചിന്തിക്കുന്ന വിവരങ്ങൾ പ്രായോഗികമായി എങ്ങനെ ബാധകമാകുന്നു എന്നു പറയാൻ ആ യുവാവിനെ പ്രോത്സാഹിപ്പിക്കുക. *

7 കൂടാതെ, തിരുവെഴുത്തു ചർച്ച സജീവമാക്കുക. ഉചിതമായിരിക്കുമ്പോൾ, കുട്ടികൾ ബൈബിൾ സംഭവങ്ങളും നാടകങ്ങളും അഭിനയിച്ചുകാണിക്കട്ടെ. ചർച്ച ചെയ്യുന്ന സംഭവങ്ങൾ നടന്ന സ്ഥലവും അവിടത്തെ ഭൂപ്രകൃതിയുമെല്ലാം മനസ്സിൽ കാണാൻ അവരെ സഹായിക്കുക. ഭൂപടങ്ങളും ചാർട്ടുകളും ഉപയോഗിക്കുന്നത്‌ ഗുണം ചെയ്‌തേക്കാം. കുറച്ചൊക്കെ ഭാവന ഉണ്ടെങ്കിൽ, അധ്യയനം ഊർജസ്വലവും വൈവിധ്യമാർന്നതും ആക്കാൻ സാധിക്കും. യഹോവയുമായുള്ള തങ്ങളുടെ ബന്ധം മാതാപിതാക്കളും പരിശോധിക്കേണ്ടതുണ്ട്‌. അവർതന്നെ ദൈവത്തോട്‌ അടുത്തുവരവേ, അങ്ങനെ ചെയ്യുന്നതിന്‌ അവർക്കു കുട്ടികളെയും സഹായിക്കാനാകും.​—⁠ആവർത്തനപുസ്‌തകം 6:5-7.

8. ദൈവത്തോട്‌ അടുത്തുചെല്ലാൻ പ്രാർഥന എങ്ങനെ സഹായിക്കുന്നു?

8 ദൈവത്തോട്‌ അടുത്തുചെല്ലാൻ പ്രാർഥനയും സഹായകമാണ്‌. ക്രിസ്‌തീയ ജീവിതഗതിയാണോ അതോ തന്റെ വിശ്വാസങ്ങൾ പിൻപറ്റാത്തവരുമായുള്ള സഹവാസമാണോ വേണ്ടത്‌ എന്ന കാര്യത്തിൽ ഒരു തീരുമാനമെടുക്കാൻ കൗമാരത്തിന്റെ തുടക്കത്തിൽ ആയിരുന്ന ഒരു പെൺകുട്ടിക്കു സാധിച്ചില്ല. (യാക്കോബ്‌ 4:4) അതു സംബന്ധിച്ച്‌ അവൾ എന്താണു ചെയ്‌തത്‌? “ജീവിതത്തിൽ ആദ്യമായി ഞാൻ യഹോവയോട്‌ ഹൃദയം തുറന്ന്‌ ആത്മാർഥമായി പ്രാർഥിച്ചു” എന്ന്‌ അവൾ പറഞ്ഞു. തനിക്ക്‌ എന്തും തുറന്നുപറയാൻ കഴിയുന്ന ഒരു സുഹൃത്തിനെ ക്രിസ്‌തീയ സഭയിൽ കണ്ടെത്തിയപ്പോൾ തന്റെ പ്രാർഥനയ്‌ക്ക്‌ ഉത്തരം കിട്ടിയെന്ന്‌ അവൾക്കു മനസ്സിലായി. യഹോവ തന്നെ വഴിനടത്തുകയാണെന്ന്‌ അവൾക്കു തോന്നി. അതോടെ അവനുമായി വ്യക്തിപരമായ ഒരു ബന്ധം വളർത്തിയെടുക്കാൻ തുടങ്ങി. തങ്ങളുടെ പ്രാർഥനകളുടെ ഗുണം മെച്ചപ്പെടുത്തിക്കൊണ്ട്‌ മാതാപിതാക്കൾക്കു മക്കളെ സഹായിക്കാൻ കഴിയും. കുടുംബം ഒത്തൊരുമിച്ചു പ്രാർഥിക്കുമ്പോൾ, മാതാപിതാക്കളും യഹോവയും തമ്മിലുള്ള ബന്ധം കുട്ടികൾക്കു കാണാൻ കഴിയുമാറ്‌ മാതാപിതാക്കൾക്കു തങ്ങളുടെ ഹൃദയം യഹോവയുടെ മുമ്പാകെ തുറക്കാൻ സാധിക്കും.

ക്ഷമയും ഒപ്പം ദൃഢതയും കാണിക്കുക

9, 10. വഴിപിഴച്ച ഇസ്രായേല്യരോട്‌ ദീർഘക്ഷമ കാണിക്കുന്നതിൽ യഹോവ എങ്ങനെയുള്ള ദൃഷ്ടാന്തം വെച്ചു?

9 ഒരു യുവാവ്‌ സത്യത്തിൽനിന്ന്‌ അകന്നുപോകാൻ തുടങ്ങുമ്പോൾ അവൻ തന്നെത്തന്നെ ഒറ്റപ്പെടുത്തുകയും താനുമായി ആത്മീയ ചർച്ച നടത്താനുള്ള മാതാപിതാക്കളുടെ ഏതൊരു ശ്രമത്തെയും എതിർക്കുകയും ചെയ്‌തേക്കാം. അത്തരം ദുഷ്‌കരമായ ഒരു അവസ്ഥയിൽ മാതാപിതാക്കൾക്ക്‌ എന്തു ചെയ്യാനാകും? പുരാതന ഇസ്രായേല്യരുടെ കാര്യത്തിൽ യഹോവ എന്തു ചെയ്‌തെന്ന്‌ പരിചിന്തിക്കുക. അവരുടെ വഴിപിഴച്ച ഗതിയിൽ അവരെ ഉപേക്ഷിക്കുന്നതിനു മുമ്പ്‌ 900-ത്തിലധികം വർഷം ആ “ദുശ്ശാഠ്യമുള്ള” ജനത്തെ അവൻ സഹിച്ചു. (പുറപ്പാടു 34:9; 2 ദിനവൃത്താന്തം 36:17-21; റോമർ 10:21) അവർ ആവർത്തിച്ചാവർത്തിച്ച്‌ തന്നെ “പരീക്ഷി”ച്ചിട്ടും യഹോവ അവരോട്‌ ‘കരുണയുള്ളവൻ’ ആയിരുന്നു. അവൻ “തന്റെ ക്രോധത്തെ മുഴുവനും ജ്വലിപ്പിക്കാതെ തന്റെ കോപത്തെ പലപ്പോഴും അടക്കിക്കളഞ്ഞു.” (സങ്കീർത്തനം 78:38-42) അവരുമായുള്ള ഇടപെടലുകളിൽ ദൈവം യാതൊരു തെറ്റും ചെയ്‌തില്ല. സ്‌നേഹമുള്ള മാതാപിതാക്കൾ യഹോവയെ അനുകരിക്കുന്നു, അപ്പോൾ സഹായിക്കാനുള്ള തങ്ങളുടെ ശ്രമങ്ങളോട്‌ കുട്ടി സത്വരം പ്രതികരിക്കുന്നില്ലെങ്കിൽപ്പോലും അവർ ക്ഷമ കാട്ടും.

10 ദീർഘക്ഷമ ഉണ്ടായിരിക്കുക എന്നതിന്‌ തകരാറിലായ ഒരു ബന്ധം മെച്ചപ്പെടുമെന്ന പ്രതീക്ഷ പാടേ ഉപേക്ഷിക്കാതിരിക്കുക എന്നും അർഥമുണ്ട്‌. ദീർഘക്ഷമ കാട്ടുന്നതിൽ യഹോവ ദൃഷ്ടാന്തം വെച്ചിരിക്കുന്നു. ഇസ്രായേല്യരുടെ അടുക്കലേക്ക്‌ തന്റെ ദൂതന്മാരെ “വീണ്ടും വീണ്ടും” അയയ്‌ക്കാൻ അവൻ മുൻകൈ എടുത്തു. “അവർ ദൈവത്തിന്റെ ദൂതരെ അധിക്ഷേപിക്കയും അവന്റെ വചനങ്ങൾ വെറുക്കയും” ചെയ്‌തിട്ടും യഹോവയ്‌ക്ക്‌ അവരോടു “കരുണ” തോന്നി. (2 ദിനവൃത്താന്തം 36:15, 16, ഓശാന ബൈബിൾ) “നിങ്ങൾ ഓരോരുത്തൻ താന്താന്റെ ദുർമ്മാർഗ്ഗവും ദുഷ്‌പ്രവൃത്തികളും വിട്ടുതിരിവിൻ” എന്ന്‌ അവൻ ഇസ്രായേല്യരോട്‌ അഭ്യർഥിച്ചു. (യിരെമ്യാവു 25:4, 5) എങ്കിലും യഹോവ തന്റെ നീതിനിഷ്‌ഠമായ തത്ത്വങ്ങളിൽ വിട്ടുവീഴ്‌ച ചെയ്‌തില്ല. ദൈവത്തിലേക്കും അവന്റെ വഴികളിലേക്കും ‘തിരിവാൻ’ ഇസ്രായേല്യർ പ്രബോധിപ്പിക്കപ്പെട്ടു.

11. തെറ്റായ ഗതിയിലേക്കു പോകുന്ന ഒരു കുട്ടിയോട്‌ ഇടപെടുമ്പോൾ മാതാപിതാക്കൾക്ക്‌ എങ്ങനെ ദീർഘക്ഷമ കാട്ടാനും ഒപ്പം ഉറച്ച നിലപാടു സ്വീകരിക്കാനും കഴിയും?

11 തെറ്റായ ഗതിയിലേക്കു പോകുന്ന ഒരു കുട്ടിയെ സംബന്ധിച്ച സകല പ്രതീക്ഷകളും അത്ര പെട്ടെന്ന്‌ കൈവിടാതിരുന്നുകൊണ്ട്‌ മാതാപിതാക്കൾക്കു ദീർഘക്ഷമയുടെ കാര്യത്തിൽ യഹോവയെ അനുകരിക്കാനാകും. പ്രത്യാശ കൈവെടിയാതെ, ആശയവിനിമയ മാർഗങ്ങൾ തുറന്നിടാൻ അഥവാ ആശയവിനിമയം പുനഃസ്ഥാപിക്കാൻ അവർക്കു മുൻകൈ എടുക്കാനാകും. നീതിനിഷ്‌ഠമായ തത്ത്വങ്ങളോടു പറ്റിനിൽക്കുമ്പോൾത്തന്നെ സത്യത്തിന്റെ മാർഗത്തിലേക്കു മടങ്ങാൻ അവർക്കു “വീണ്ടും വീണ്ടും” കുട്ടിയോട്‌ അഭ്യർഥിക്കാൻ കഴിയും.

മൈനറായ ഒരു കുട്ടിയെ പുറത്താക്കുമ്പോൾ

12. തങ്ങളോടു കൂടെ താമസിക്കുന്ന, സഭയിൽനിന്നു പുറത്താക്കപ്പെട്ട മൈനറായ ഒരു കുട്ടിയുടെ കാര്യത്തിൽ മാതാപിതാക്കൾക്ക്‌ എന്ത്‌ ഉത്തരവാദിത്വം ഉണ്ട്‌?

12 മാതാപിതാക്കളോടൊപ്പം താമസിക്കുന്ന മൈനറായ ഒരു കുട്ടി ഗുരുതരമായ ഒരു തെറ്റിൽ ഉൾപ്പെടുകയും അനുതാപം പ്രകടമാക്കാത്തതിനാൽ സഭയിൽനിന്നു പുറത്താക്കപ്പെടുകയും ചെയ്യുന്നെങ്കിലോ? ആ കുട്ടി അപ്പോഴും മാതാപിതാക്കളുടെ കൂടെ താമസിക്കുന്നതിനാൽ, ദൈവവചനത്തിനു ചേർച്ചയിൽ അവനെ പഠിപ്പിക്കാനും അവനു ശിക്ഷണം നൽകാനും മാതാപിതാക്കൾക്ക്‌ അപ്പോഴും ഉത്തരവാദിത്വം ഉണ്ട്‌. അത്‌ എങ്ങനെ ചെയ്യാനാകും?​—⁠സദൃശവാക്യങ്ങൾ 6:20-22; 29:⁠17.

13. മാതാപിതാക്കൾക്ക്‌ തെറ്റുചെയ്‌ത ഒരു കുട്ടിയുടെ ഹൃദയത്തിൽ എങ്ങനെ എത്തിച്ചേരാൻ സാധിക്കും?

13 സ്വകാര്യമായ ഒരു ബൈബിൾ പഠനത്തിലൂടെ പ്രബോധനവും ശിക്ഷണവും നൽകാൻ കഴിഞ്ഞേക്കും, അതാണ്‌ ഏറ്റവും ഉചിതവും. ഒരു പിതാവ്‌ അല്ലെങ്കിൽ മാതാവ്‌ കുട്ടിയുടെ തഴമ്പിച്ച മനോഭാവത്തിന്‌ അപ്പുറത്തേക്കു നോക്കുകയും അവന്റെ ഹൃദയത്തിൽ എന്താണ്‌ ഉള്ളതെന്നു കാണാൻ ശ്രമിക്കുകയും വേണം. അവന്റെ ആത്മീയ രോഗത്തിന്റെ വ്യാപ്‌തി എത്രത്തോളമുണ്ട്‌? (സദൃശവാക്യങ്ങൾ 20:5) അവന്റെ ഹൃദയത്തിന്റെ മൃദുലവികാരങ്ങളെ സ്വാധീനിക്കാൻ കഴിയുമോ? ഇക്കാര്യത്തിൽ ഏതു തിരുവെഴുത്തുകൾ ഫലകരമായി ഉപയോഗിക്കാൻ കഴിയും? പൗലൊസ്‌ അപ്പൊസ്‌തലൻ നമുക്ക്‌ ഈ ഉറപ്പു നൽകുന്നു: “ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്‌ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും വേറുവിടുവിക്കുംവരെ തുളെച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു.” (എബ്രായർ 4:12) അതേ, വീണ്ടും ദുഷ്‌പ്രവൃത്തിയിൽ ഉൾപ്പെടരുത്‌ എന്നു കുട്ടികളോടു പറയുന്നതിലധികം മാതാപിതാക്കൾക്കു ചെയ്യാനാകും. സൗഖ്യമാക്കൽ പ്രക്രിയയ്‌ക്കായി മുൻകൈ എടുക്കാനും അതിനു പ്രോത്സാഹിപ്പിക്കാനും അവർക്കു കഴിയും.

14. തെറ്റു ചെയ്‌ത ഒരു യുവാവ്‌ യഹോവയുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിന്‌ ആദ്യം കൈക്കൊള്ളേണ്ട നടപടി എന്ത്‌, ഈ പടി സ്വീകരിക്കാൻ മാതാപിതാക്കൾക്കു കുട്ടിയെ എങ്ങനെ സഹായിക്കാനാകും?

14 തെറ്റു ചെയ്‌ത ഒരു യുവാവ്‌ യഹോവയുമായുള്ള തന്റെ ബന്ധം പുനഃസ്ഥാപിക്കേണ്ടതുണ്ട്‌. അവൻ സ്വീകരിക്കേണ്ട ആദ്യ പടി ‘മാനസാന്തരപ്പെട്ട്‌ തിരിഞ്ഞുവരിക’ എന്നതാണ്‌. (പ്രവൃത്തികൾ 3:19; യെശയ്യാവു 55:6, 7) അനുതപിക്കാൻ കുട്ടികളെ വീട്ടിൽവെച്ചു സഹായിക്കവേ, അനുകൂലമായി പ്രതികരിക്കാത്ത ഒരു കുട്ടിയെ മാതാപിതാക്കൾ ‘ദോഷം സഹിക്കുന്നവരായി സൗമ്യതയോടെ പഠിപ്പിക്കണം.’ (2 തിമൊഥെയൊസ്‌ 2:24-26) ബൈബിൾ പറയുന്ന അർഥത്തിലുള്ള ‘ശാസന’ അവർ അവനു നൽകേണ്ടതുണ്ട്‌. ‘ശാസിക്കുക’ എന്നു വിവർത്തനം ചെയ്‌തിരിക്കുന്ന ഗ്രീക്കു പദത്തെ “ബോധ്യം വരുത്തുന്ന തെളിവു നൽകുക” എന്നും പരിഭാഷപ്പെടുത്താവുന്നതാണ്‌. (വെളിപ്പാടു 3:19; യോഹന്നാൻ 16:​8, NW) അതുകൊണ്ട്‌ കുട്ടിക്കു തന്റെ പാപഗതി സംബന്ധിച്ച്‌ ബോധ്യം വരാൻ മതിയായ തെളിവുകൾ നൽകുന്നത്‌ ശാസിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്നു. ഇത്‌ എളുപ്പമല്ല എന്നതു ശരിതന്നെ. സാധ്യമായിരിക്കുന്നിടത്ത്‌, ഒരു കുട്ടിയെ ബോധ്യപ്പെടുത്താൻ തിരുവെഴുത്തുപരമായി ഉചിതമായ സകല മാർഗങ്ങളും ഉപയോഗിച്ചുകൊണ്ട്‌ അവന്റെ ഹൃദയത്തെ സ്വാധീനിക്കാൻ മാതാപിതാക്കൾക്കു കഴിയും. “തിന്മ ദ്വേഷി”ക്കുകയും “നന്മ ഇച്ഛി”ക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യം മനസ്സിലാക്കാൻ അവർ അവനെ സഹായിക്കേണ്ടതുണ്ട്‌. (ആമോസ്‌ 5:15) അവൻ ‘സുബോധം പ്രാപിച്ചു പിശാചിന്റെ കെണിയിൽനിന്ന്‌’ മടങ്ങിവന്നേക്കാം.

15. തെറ്റു ചെയ്‌ത ഒരു കുട്ടിയും യഹോവയുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിൽ പ്രാർഥന എന്തു പങ്കു വഹിക്കുന്നു?

15 യഹോവയുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിനു പ്രാർഥന വളരെ അനിവാര്യമാണ്‌. ഒരിക്കൽ ക്രിസ്‌തീയ സഭയോടൊത്തു സഹവസിച്ചിരുന്ന ഒരുവൻ വ്യക്തമായും അനുതാപമില്ലാതെ കഠിന പാപം ചെയ്യുന്നതിൽ തുടർന്നാൽ, അതേക്കുറിച്ച്‌ ആരും ദൈവത്തോട്‌ ‘അപേക്ഷിക്കാൻ’ പാടില്ല. (1 യോഹന്നാൻ 5:16, 17; യിരെമ്യാവു 7:16-20; എബ്രായർ 10:26, 27) എന്നാൽ, പ്രസ്‌തുത സാഹചര്യത്തെ കൈകാര്യം ചെയ്യുന്നതിനുള്ള ജ്ഞാനത്തിനായി മാതാപിതാക്കൾക്ക്‌ യഹോവയോട്‌ അപേക്ഷിക്കാൻ കഴിയും. (യാക്കോബ്‌ 1:5) പുറത്താക്കപ്പെട്ട ഒരു യുവാവ്‌ അനുതാപത്തിന്റെ തെളിവു പ്രകടമാക്കുകയും അതേസമയം അവനു “ദൈവമുമ്പാകെ സംസാര സ്വാതന്ത്ര്യം” ഇല്ലാതിരിക്കുകയും ചെയ്യുന്നെങ്കിൽ, തങ്ങളുടെ കുട്ടിയുടെ തെറ്റു ക്ഷമിക്കാൻ എന്തെങ്കിലും അടിസ്ഥാനം ഉള്ളപക്ഷം ദൈവഹിതം ചെയ്യപ്പെടുമാറാകട്ടെ എന്നു മാതാപിതാക്കൾക്കു പ്രാർഥിക്കാൻ കഴിയും. (1 യോഹന്നാൻ 3:​21, NW) ഈ പ്രാർഥനകൾ കുട്ടി കേൾക്കുമ്പോൾ യഹോവ കരുണാമയനായ ഒരു ദൈവമാണെന്നു കാണാൻ അതവനെ പ്രേരിപ്പിച്ചേക്കാം. *​—⁠പുറപ്പാടു 34:6, 7; യാക്കോബ്‌ 5:⁠16.

16. പുറത്താക്കപ്പെട്ട മൈനറായ ഒരു കുട്ടിയുള്ള കുടുംബത്തെ നമുക്ക്‌ എങ്ങനെ സഹായിക്കാൻ കഴിയും?

16 സ്‌നാപനമേറ്റ ഒരു യുവവ്യക്തി പുറത്താക്കപ്പെടുന്നെങ്കിൽ, സഭാംഗങ്ങൾ അവനുമായി “സംസർഗ്ഗം” നടത്താതിരിക്കാൻ പ്രതീക്ഷിക്കപ്പെടുന്നു. (1 കൊരിന്ത്യർ 5:11; 2 യോഹന്നാൻ 10, 11) അവനുമായി സഹവസിക്കാതിരിക്കുന്നത്‌ ‘സുബോധം വരാനും’ ദൈവത്തിന്റെ സംരക്ഷണാത്മക കൂട്ടത്തിലേക്കു മടങ്ങാനും ഒടുവിൽ അവനെ സഹായിച്ചേക്കാം. (ലൂക്കൊസ്‌ 15:17) അവൻ മടങ്ങിവന്നാലും ഇല്ലെങ്കിലും, പുറത്താക്കപ്പെട്ട യുവാവിന്റെ കുടുംബത്തിനു പ്രോത്സാഹനം നൽകാൻ സഭാംഗങ്ങൾക്കു കഴിയും. അവരോട്‌ “സഹാനുഭൂതി”യും “ആർദ്രാനുകമ്പ”യും പ്രകടമാക്കാനുള്ള അവസരങ്ങൾ കണ്ടെത്താൻ നമുക്കേവർക്കും ശ്രമിക്കാം.​—⁠1 പത്രൊസ്‌ 3:8, 9, NW.

മറ്റുള്ളവർക്കു സഹായിക്കാൻ കഴിയുന്ന വിധം

17. വഴിതെറ്റിപ്പോകുന്ന ഒരു യുവാവിനെ സഹായിക്കാൻ ശ്രമിക്കുമ്പോൾ സഭാംഗങ്ങൾ എന്തു മനസ്സിൽ പിടിക്കണം?

17 ക്രിസ്‌തീയ സഭയിൽനിന്ന്‌ പുറത്താക്കപ്പെട്ടിട്ടില്ലെങ്കിലും, വിശ്വാസത്തിൽ ദുർബലനായിത്തീർന്ന ഒരു യുവാവിന്റെ കാര്യമോ? “ഒരു അവയവം കഷ്ടം അനുഭവിക്കുന്നു എങ്കിൽ അവയവങ്ങൾ ഒക്കെയും [അതിനോടു] കൂടെ കഷ്ടം അനുഭവിക്കുന്നു” എന്ന്‌ പൗലൊസ്‌ അപ്പൊസ്‌തലൻ എഴുതി. (1 കൊരിന്ത്യർ 12:26) അത്തരം ഒരു യുവാവിൽ മറ്റുള്ളവർക്കു സജീവമായ താത്‌പര്യമെടുക്കാൻ സാധിക്കും. ഒപ്പം ഒരു പരിധിവരെയുള്ള ജാഗ്രതയും ആവശ്യമാണ്‌. കാരണം, ആത്മീയ രോഗാവസ്ഥയിലുള്ള ഒരു യുവാവ്‌ മറ്റു യുവജനങ്ങളെ മോശമായി സ്വാധീനിച്ചേക്കാം. (ഗലാത്യർ 5:7-9) ഒരു സഭയിൽ, ചില മുതിർന്നവർ ആത്മീയമായി ബലഹീനരായ ചില യുവജനങ്ങളെ തങ്ങളോടൊപ്പം ഒരു സംഗീതവിരുന്നിനു ക്ഷണിച്ചു. പ്രസ്‌തുത ക്ഷണം സ്വീകരിച്ച ആ യുവാക്കൾ യാതൊരു മടിയും കൂടാതെ അതിൽ പങ്കെടുക്കുകയും പരിപാടി ആസ്വദിക്കുകയും ചെയ്‌തെങ്കിലും, പരസ്‌പരമുള്ള സ്വാധീനത്തിന്റെ ഫലമായി ഒടുവിൽ അവർ ഒന്നടങ്കം സഭയോടൊത്തുള്ള സഹവാസം നിറുത്തി. (1 കൊരിന്ത്യർ 15:​33, NW; യൂദാ 22, 23) ആത്മീയമായി രോഗാവസ്ഥയിൽ ആയിരിക്കുന്ന ഒരു യുവാവിനെ സഹായിക്കുന്നത്‌ ആത്മീയ മാർഗനിർദേശമില്ലാത്ത സാമൂഹിക കൂടിവരവുകൾ അല്ല, പിന്നെയോ ആത്മീയ കാര്യങ്ങളോടു പ്രിയം വളർത്തിയെടുക്കാൻ സഹായിക്കുന്ന സഹവാസമാണ്‌. *

18. യേശുവിന്റെ ഉപമയിലെ ധൂർത്തപുത്രന്റെ പിതാവിന്റെ മനോഭാവത്തെ നമുക്ക്‌ എങ്ങനെ അനുകരിക്കാൻ കഴിയും?

18 സഭയിൽനിന്നു വിട്ടുപോയ ഒരു യുവാവ്‌ രാജ്യഹാളിലേക്കു മടങ്ങിവരുകയോ സമ്മേളനത്തിനു ഹാജരാകുകയോ ചെയ്യുമ്പോൾ, അവന്‌ എന്തു തോന്നിയേക്കാം എന്നു ചിന്തിക്കുക. യേശുവിന്റെ ഉപമയിലെ ധൂർത്തപുത്രന്റെ പിതാവ്‌ പ്രകടമാക്കിയ സ്വീകരണ മനോഭാവം നാം കാട്ടേണ്ടതല്ലേ? (ലൂക്കൊസ്‌ 15:18-20, 25-32) ക്രിസ്‌തീയ സഭ ഉപേക്ഷിക്കുകയും പിന്നീട്‌ ഒരു ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനിൽ സംബന്ധിക്കുകയും ചെയ്‌ത ഒരു കൗമാരപ്രായക്കാരൻ ഇങ്ങനെ പറഞ്ഞു: “എന്നെപ്പോലുള്ള ഒരാളെ എല്ലാവരും അവഗണിക്കുമെന്നാണ്‌ ഞാൻ വിചാരിച്ചത്‌, എന്നാൽ സഹോദരങ്ങൾ എന്റെ അടുക്കൽ വന്ന്‌ എന്നെ സ്വാഗതം ചെയ്‌തു. അതെന്റെ ഹൃദയത്തെ ശരിക്കും സ്‌പർശിച്ചു.” വീണ്ടും ബൈബിൾ പഠിക്കാൻ തുടങ്ങിയ അവൻ പിന്നീടു സ്‌നാപനമേറ്റു.

പിന്മാറരുത്‌

19, 20. “ധൂർത്തപുത്ര”നെ പോലുള്ള ഒരു കുട്ടിയുടെ കാര്യത്തിൽ നാം ക്രിയാത്മക മനോഭാവം പുലർത്തേണ്ടത്‌ എന്തുകൊണ്ട്‌?

19 “ധൂർത്തപുത്ര”നെ പോലുള്ള ഒരു കുട്ടിയെ ‘സുബോധത്തിലേക്കു വരാൻ’ സഹായിക്കുന്നതിനു ക്ഷമ ആവശ്യമാണ്‌, അതു മാതാപിതാക്കൾക്കും മറ്റുള്ളവർക്കും ഒരു വെല്ലുവിളി ആയിരുന്നേക്കാം. എങ്കിലും ശ്രമം ഉപേക്ഷിക്കാതിരിക്കുക. “ചിലർ താമസം എന്നു വിചാരിക്കുന്നതുപോലെ കർത്താവു [യഹോവ] തന്റെ വാഗ്‌ദത്തം നിവർത്തിപ്പാൻ താമസിക്കുന്നില്ല. ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാൻ അവൻ ഇച്ഛിച്ചു നിങ്ങളോടു ദീർഘക്ഷമ കാണിക്കുന്നതേയുള്ളു.” (2 പത്രൊസ്‌ 3:9) ആളുകൾ അനുതപിക്കാനും ജീവിച്ചിരിക്കാനും യഹോവ ആഗ്രഹിക്കുന്നു എന്നതിന്‌ നമുക്കു തിരുവെഴുത്തുപരമായ ഉറപ്പുണ്ട്‌. മനുഷ്യർക്ക്‌ താനുമായി അനുരഞ്‌ജനത്തിലേക്ക്‌ അഥവാ സമാധാനബന്ധത്തിലേക്ക്‌ വരാനുള്ള ക്രമീകരണം ചെയ്യുന്നതിൽ അവൻ മുൻകൈ എടുത്തിരിക്കുന്നു. (2 കൊരിന്ത്യർ 5:18, 19) അവൻ പ്രകടമാക്കിയിരിക്കുന്ന ക്ഷമ സുബോധത്തിലേക്കു വരാൻ ദശലക്ഷങ്ങളെ സഹായിച്ചിരിക്കുന്നു.​—⁠യെശയ്യാവു 2:2, 3.

20 അപ്പോൾ മാതാപിതാക്കൾ ധൂർത്തപുത്രനെ പോലുള്ള തങ്ങളുടെ മൈനറായ കുട്ടിയെ സഹായിക്കുന്നതിനു തിരുവെഴുത്തുപരമായി സാധ്യമായ സകല മാർഗവും ഉപയോഗിക്കേണ്ടതല്ലേ? യഹോവയിലേക്കു മടങ്ങാൻ നിങ്ങളുടെ കുട്ടിയെ സഹായിക്കാനുള്ള സുനിശ്ചിത പടികൾ സ്വീകരിക്കവേ, യഹോവയെ അനുകരിച്ചുകൊണ്ട്‌ ദീർഘക്ഷമ കാണിക്കുക. ബൈബിൾ തത്ത്വങ്ങളോട്‌ ഉറച്ചു പറ്റിനിൽക്കുക. സഹായത്തിനായി യഹോവയോടു പ്രാർഥിക്കവേ സ്‌നേഹം, ജ്ഞാനം, നീതി തുടങ്ങിയ ദൈവിക ഗുണങ്ങൾ പ്രതിഫലിപ്പിക്കാൻ ശ്രമിക്കുക. മടങ്ങിവരാനുള്ള യഹോവയുടെ സ്‌നേഹപുരസ്സരമായ ക്ഷണത്തോടു കടുത്ത മത്സരികളായ ഒട്ടേറെ പേർ പ്രതികരിച്ചിട്ടുള്ളതു പോലെ, “ധൂർത്തപുത്ര”നെ പോലുള്ള നിങ്ങളുടെ മകനോ മകളോ ദൈവത്തിന്റെ സംരക്ഷണാത്മക ആട്ടിൻകൂട്ടത്തിലേക്ക്‌ ഒരുപക്ഷേ മടങ്ങിവന്നേക്കാം.​—⁠ലൂക്കൊസ്‌ 15:6, 7.

[അടിക്കുറിപ്പുകൾ]

^ ഖ. 6 യുവജനങ്ങളെ ഫലപ്രദമായി പഠിപ്പിക്കുന്നതു സംബന്ധിച്ച കൂടുതൽ നിർദേശങ്ങൾക്ക്‌ 1999 ജൂലൈ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 13-17 പേജുകൾ കാണുക.

^ ഖ. 15 പുറത്താക്കപ്പെട്ട മൈനറായ ഒരു കുട്ടിക്കുവേണ്ടി അത്തരം പരസ്യമായ പ്രാർഥനകൾ സഭായോഗങ്ങളിൽ നടത്തുകയില്ല, കാരണം പുറത്താക്കപ്പെട്ട കുട്ടിയുടെ അവസ്ഥ മറ്റുള്ളവർക്ക്‌ അറിയില്ലായിരിക്കാം.​—⁠1979 ഒക്‌ടോബർ 15 ലക്കം വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്‌) 31-ാം പേജ്‌ കാണുക.

^ ഖ. 17 ഇതു സംബന്ധിച്ച നിർദേശങ്ങൾക്ക്‌ 1972 ജൂൺ 22 ലക്കം ഉണരുക!യുടെ (ഇംഗ്ലീഷ്‌) 13-16 പേജുകളും 1996 സെപ്‌റ്റംബർ 22 ലക്കത്തിന്റെ (മലയാളം) 21-3 പേജുകളും കാണുക.

നിങ്ങൾ ഓർമിക്കുന്നുവോ?

• യുവജനങ്ങൾ സഭ വിട്ടുപോകുന്നതിന്റെ അടിസ്ഥാന കാരണം എന്തായിരിക്കാം?

• യഹോവയുമായി വ്യക്തിപരമായ ഒരു ബന്ധം വളർത്തിയെടുക്കാൻ യുവജനങ്ങളെ എങ്ങനെ സഹായിക്കാനാകും?

• “ധൂർത്തപുത്ര”നെ പോലുള്ള ഒരു കുട്ടിയെ സഹായിക്കുമ്പോൾ മാതാപിതാക്കൾ ദീർഘക്ഷമയും ഒപ്പം ദൃഢതയും കാണിക്കേണ്ടത്‌ എന്തുകൊണ്ട്‌?

• സത്യത്തിലേക്കു മടങ്ങിവരാൻ “ധൂർത്തപുത്ര”നെ പോലുള്ള ഒരു കുട്ടിയെ സഭയിലുള്ളവർക്ക്‌ എങ്ങനെ സഹായിക്കാൻ കഴിയും?

[അധ്യയന ചോദ്യങ്ങൾ]

[15-ാം പേജിലെ ചിത്രം]

യഹോവയുമായി ഉറ്റബന്ധം നട്ടുവളർത്താൻ ദൈവവചനം വായിക്കുന്നത്‌ മർമപ്രധാനമാണ്‌

[15-ാം പേജിലെ ചിത്രം]

മാതാപിതാക്കളുടെ ഹൃദയംഗമമായ പ്രാർഥന അവരും യഹോവയും തമ്മിലുള്ള വ്യക്തിപരമായ ബന്ധത്തെ കുറിച്ചു മനസ്സിലാക്കാൻ കുട്ടികളെ സഹായിക്കും

[17-ാം പേജിലെ ചിത്രം]

“ധൂർത്തപുത്ര”നെ പോലെ ‘സുബോധത്തിലേക്കു വരുന്ന’ ഒരു കുട്ടിയെ സ്വാഗതം ചെയ്യുക

[18-ാം പേജിലെ ചിത്രം]

യഹോവയിലേക്കു മടങ്ങാൻ നിങ്ങളുടെ കുട്ടിയെ സഹായിക്കുന്നതിനു ക്രിയാത്മക പടികൾ സ്വീകരിക്കുക