വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾക്ക്‌ യഥാർഥ വിശ്വാസം ഉണ്ടായിരിക്കാൻ കഴിയും

നിങ്ങൾക്ക്‌ യഥാർഥ വിശ്വാസം ഉണ്ടായിരിക്കാൻ കഴിയും

നിങ്ങൾക്ക്‌ യഥാർഥ വിശ്വാസം ഉണ്ടായിരിക്കാൻ കഴിയും

സാറാ ജെയ്‌നിന്‌ 19 വയസ്സുള്ളപ്പോൾ, തന്റെ അണ്ഡാശയത്തിനു കാൻസർ ബാധിച്ചതായി അവൾ മനസ്സിലാക്കി. ശസ്‌ത്രക്രിയയെ തുടർന്ന്‌ തന്റെ നില മെച്ചപ്പെട്ടതായി അവൾക്കു തോന്നി. ഭാവിയെ കുറിച്ച്‌ അവൾക്കു തികഞ്ഞ ശുഭാപ്‌തിവിശ്വാസം ഉണ്ടായിരുന്നു. 20-ാം വയസ്സിൽ അവളുടെ വിവാഹനിശ്ചയം കഴിഞ്ഞു. വിവാഹത്തിനായി അവൾ ഒരുക്കങ്ങൾ നടത്താനും തുടങ്ങി. എന്നാൽ ആ വർഷം കാൻസർ അവളെ വീണ്ടും പിടികൂടി. ഏതാനും ആഴ്‌ചകൾ കൂടി മാത്രമേ താൻ ജീവിക്കുകയുള്ളു എന്ന്‌ അവൾ തിരിച്ചറിഞ്ഞു. 2000 ജൂണിൽ 21 വയസ്സു തികയുന്നതിനു തൊട്ടു മുമ്പ്‌ സാറാ ജെയ്‌ൻ മരിച്ചു.

ആശുപത്രിയിൽ ആയിരുന്നപ്പോഴുള്ള സാറായുടെ ശാന്തഭാവവും ഭാവിയെ സംബന്ധിച്ച പ്രത്യാശയും ദൈവത്തിലും അവന്റെ വചനമായ ബൈബിളിലും ഉള്ള വിശ്വാസവും അവളെ കാണാനെത്തിയവരിൽ വലിയ മതിപ്പുളവാക്കി. വലിയ ഒരു ദുരന്തത്തെ അഭിമുഖീകരിക്കുകയായിരുന്നെങ്കിലും, പുനരുത്ഥാനത്തിൽ തന്റെ സുഹൃത്തുക്കളെയെല്ലാം താൻ വീണ്ടും കാണുമെന്ന്‌ അവൾക്ക്‌ ഉറപ്പായിരുന്നു. (യോഹന്നാൻ 5:28, 29) “ഞാൻ നിങ്ങളെ എല്ലാവരെയും ദൈവത്തിന്റെ പുതിയ ലോകത്തിൽവെച്ചു കാണും,” അവൾ പറഞ്ഞു.

അത്തരം വിശ്വാസം വെറും മതിഭ്രമം ആണെന്നു പറഞ്ഞ്‌ ചിലർ പുച്ഛിച്ചുതള്ളിയേക്കാം. ലൂഡോവിക്‌ കെന്നഡി ചോദിക്കുന്നു: “അരക്ഷിതബോധം അനുഭവിക്കുന്നവർക്കിടയിലെ ഒരു വിശ്വാസം മാത്രമല്ലേ മരണാനന്തര ജീവിതം? ലോകാവസാന ദിവസം വാദ്യമേളങ്ങളുടെ അകമ്പടിയോടെ തങ്ങൾക്കും ഒരു വൻവിരുന്നിൽ പങ്കെടുക്കാൻ കഴിയുമെന്ന, ഹരിതാഭമായ ഏതോ ഒരു ഏദെൻ തോട്ടത്തിൽ തങ്ങൾക്കു മുമ്പേ പോയവരും തങ്ങൾക്കു ശേഷം വരാനിരിക്കുന്നവരുമൊത്ത്‌ സന്തോഷത്തിന്റെ നിമിഷങ്ങൾ പങ്കിടാൻ കഴിയുമെന്ന, ഒരുതരം മിഥ്യാധാരണയല്ലേ അത്‌?” എന്നാൽ അതിനെതിരെ ഒരു ചോദ്യം ഉയർന്നുവരുന്നു: ഏതിനാണ്‌ കൂടുതൽ ന്യായയുക്തത​—⁠കെന്നഡി പറയുന്നതുപോലെ, “ഈ ജീവിതം മാത്രമേ നമുക്കുള്ളു എന്നതുകൊണ്ട്‌ അതു പരമാവധി പ്രയോജനപ്പെടുത്തണം” എന്നു വിശ്വസിക്കുന്നതോ ദൈവത്തിലും പുനരുത്ഥാനം സംബന്ധിച്ച അവന്റെ വാഗ്‌ദാനത്തിലും വിശ്വസിക്കുന്നതോ? സാറാ ജെയ്‌ൻ തെരഞ്ഞെടുത്തത്‌ രണ്ടാമത്തേതായിരുന്നു. അത്തരമൊരു വിശ്വാസം അവൾ വളർത്തിയെടുത്തത്‌ എങ്ങനെയാണ്‌?

‘ദൈവത്തെ തപ്പിനോക്കി കണ്ടെത്തുക’

ഒരു വ്യക്തിയെ വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യണമെങ്കിൽ, നാം അയാളെ കുറിച്ച്‌ അറിയുകയും അയാൾ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന വിധം മനസ്സിലാക്കുകയും വേണം. നമ്മുടെ മനസ്സും ശരീരവും ഒരുപോലെ ഉൾപ്പെട്ടിരിക്കുന്ന ഒരു പ്രക്രിയയാണ്‌ അത്‌. ദൈവത്തിൽ യഥാർഥ വിശ്വാസം വളർത്തിയെടുക്കുന്ന കാര്യത്തിലും ഇതു സത്യമാണ്‌. അതിന്‌ നിങ്ങൾ അവനെ അടുത്തറിയുകയും അവന്റെ ഗുണങ്ങളെയും വ്യക്തിത്വത്തെയും കുറിച്ചു പഠിക്കുകയും ചെയ്യുന്നതു പ്രധാനമാണ്‌. കൂടാതെ, താൻ പറയുകയും പ്രവർത്തിക്കുകയും ചെയ്‌തിരിക്കുന്ന സകല കാര്യങ്ങളിലും അവൻ എത്രത്തോളം ആശ്രയയോഗ്യനും വിശ്വസ്‌തനും ആണെന്നു തെളിഞ്ഞിട്ടുണ്ട്‌ എന്നു കണ്ടുപിടിക്കേണ്ടതും ആവശ്യമാണ്‌.​—⁠സങ്കീർത്തനം 9:10; 145:1-21.

അത്‌ അസാധ്യമാണെന്നു ചിലർ വിചാരിക്കുന്നു. ദൈവം ഉണ്ടെങ്കിൽത്തന്നെ, അവൻ നമ്മിൽനിന്നു വളരെ അകലെയാണെന്നും നമ്മുടെ ബുദ്ധിക്ക്‌ ഗ്രഹിക്കാനാവാത്തവനാണെന്നും അവർ പറയുന്നു. “സാറാ ജെയ്‌നിനെ പോലുള്ള ക്രിസ്‌ത്യാനികൾക്ക്‌ ദൈവം ഒരു യഥാർഥ വ്യക്തിയാണെങ്കിൽ, മറ്റുള്ളവർക്ക്‌ അവൻ എന്തുകൊണ്ട്‌ തന്നെത്തന്നെ വെളിപ്പെടുത്തുന്നില്ല” എന്ന്‌ സന്ദേഹവാദികൾ ചോദിക്കുന്നു. എന്നാൽ ദൈവം വാസ്‌തവത്തിൽ നമുക്കു കണ്ടെത്താനാകാത്തവിധം അത്ര അകലെയാണോ? ‘[തന്നെ] തപ്പിനോക്കി കണ്ടെത്തേണ്ടതിന്‌’ ആവശ്യമായ സകലതും “ലോകവും അതിലുള്ളതു ഒക്കെയും ഉണ്ടാക്കിയ ദൈവം” പ്രദാനം ചെയ്‌തിട്ടുണ്ട്‌ എന്ന്‌ അഥേനയിലെ തത്ത്വചിന്തകരോടും ബുദ്ധിജീവികളോടും പ്രസംഗിക്കവേ അപ്പൊസ്‌തലനായ പൗലൊസ്‌ പറഞ്ഞു. പൗലൊസ്‌ ഇങ്ങനെയും കൂട്ടിച്ചേർത്തു: “അവൻ നമ്മിൽ ആർക്കും അകന്നിരിക്കുന്നവനല്ല.”​—⁠പ്രവൃത്തികൾ 17:24-27.

അങ്ങനെയെങ്കിൽ ദൈവത്തെ ‘തപ്പിനോക്കി കണ്ടെത്താൻ’ നിങ്ങൾക്ക്‌ എങ്ങനെ കഴിയും? ചുറ്റുമുള്ള പ്രപഞ്ചത്തെ നിരീക്ഷിച്ചുകൊണ്ട്‌ ചിലർ അതു ചെയ്‌തിരിക്കുന്നു. അനേകരെയും സംബന്ധിച്ചിടത്തോളം, ഒരു സ്രഷ്ടാവ്‌ ഉണ്ടെന്നു ബോധ്യമാകാൻ ആ തെളിവു മാത്രം മതി. * (സങ്കീർത്തനം 19:1; യെശയ്യാവു 40:26; പ്രവൃത്തികൾ 14:16, 17) “നിത്യശക്തിയും ദിവ്യത്വവുമായി അവന്റെ അദൃശ്യലക്ഷണങ്ങൾ ലോകസൃഷ്ടിമുതൽ അവന്റെ പ്രവൃത്തികളാൽ ബുദ്ധിക്കുതെളിവായി വെളിപ്പെട്ടുവരുന്നു” എന്ന്‌ അപ്പൊസ്‌തലനായ പൗലൊസിനെ പോലെ അവർക്കും തോന്നുന്നു.​—⁠റോമർ 1:20; സങ്കീർത്തനം 104:⁠24.

നിങ്ങൾക്ക്‌ ബൈബിൾ ആവശ്യമാണ്‌

എന്നിരുന്നാലും, സ്രഷ്ടാവിൽ യഥാർഥ വിശ്വാസം വളർത്തിയെടുക്കാൻ അവൻ പ്രദാനം ചെയ്‌തിരിക്കുന്ന മറ്റൊന്നുകൂടെ നിങ്ങൾക്ക്‌ ആവശ്യമാണ്‌. എന്താണ്‌ അത്‌? ദൈവത്തിന്റെ നിശ്വസ്‌ത വചനമായ ബൈബിൾ. അതിൽ അവൻ തന്റെ ഹിതവും ഉദ്ദേശ്യവും വെളിപ്പെടുത്തിയിരിക്കുന്നു. (2 തിമൊഥെയൊസ്‌ 3:16, 17) എന്നാൽ ചിലർ ചോദിച്ചേക്കാം, “ബൈബിൾ പിൻപറ്റുന്നതായി അവകാശപ്പെടുന്നവർ ചെയ്യുന്ന ഹീനകൃത്യങ്ങൾ കാണുമ്പോൾ അതിൽ എഴുതിയിരിക്കുന്ന കാര്യങ്ങൾ എങ്ങനെ വിശ്വസിക്കാനാകും?” ഞെട്ടിക്കുംവിധം കപടവും മൃഗീയവും അധാർമികവുമായ കൃത്യങ്ങളുടെ രേഖയാണ്‌ ക്രൈസ്‌തവലോകത്തിന്‌ ഉള്ളത്‌ എന്നതു ശരിതന്നെ. എന്നാൽ ക്രൈസ്‌തവലോകം ബൈബിൾ തത്ത്വങ്ങൾ പിൻപറ്റുന്നതായി നടിക്കുക മാത്രമേ ചെയ്യുന്നുള്ളുവെന്ന്‌ ന്യായബോധമുള്ള ഏതൊരു വ്യക്തിക്കും മനസ്സിലാക്കാനാകും.​—⁠മത്തായി 15:⁠8.

അനേകരും ദൈവത്തെ ആരാധിക്കുന്നതായി അവകാശപ്പെടുമെങ്കിലും, യഥാർഥത്തിൽ അവർ “തങ്ങളെ വിലെക്കു വാങ്ങിയ നാഥനെ തള്ളിപ്പറ”യുമെന്ന്‌ ബൈബിൾതന്നെ മുന്നറിയിപ്പു നൽകുന്നു. “അവർ നിമിത്തം സത്യമാർഗ്ഗം ദുഷിക്കപ്പെടും” എന്ന്‌ അപ്പൊസ്‌തലനായ പത്രൊസ്‌ പറയുന്നു. (2 പത്രൊസ്‌ 2:1, 2) ഇവർ “അധർമ്മം പ്രവർത്തിക്കുന്ന”വർ ആയിരിക്കുമെന്നും അവരുടെ ദുഷ്‌പ്രവൃത്തികളാൽ അവർ വ്യക്തമായും തിരിച്ചറിയിക്കപ്പെടുമെന്നും യേശുക്രിസ്‌തു പറഞ്ഞു. (മത്തായി 7:15-23) ക്രൈസ്‌തവലോകത്തിന്റെ ചരിത്രത്തിന്റെ അടിസ്ഥാനത്തിൽ ദൈവവചനത്തെ തള്ളിക്കളയുന്നത്‌, ഒരു വിശ്വസ്‌ത സുഹൃത്തിൽനിന്നുള്ള കത്ത്‌, അത്‌ നമുക്കു കൊണ്ടുവന്നു തന്ന വ്യക്തി സത്‌പേരുള്ളവനല്ല എന്ന കാരണത്താൽ വലിച്ചെറിയുന്നതിനു തുല്യമായിരിക്കും.

ദൈവവചനത്തിന്റെ സഹായമില്ലാതെ യഥാർഥ വിശ്വാസം വളർത്തിയെടുക്കുക അസാധ്യമാണ്‌. യഹോവ തനിക്കു പറയാനുള്ള കാര്യങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്‌ ബൈബിളിന്റെ താളുകളിലൂടെ മാത്രമാണ്‌. താൻ കഷ്ടതയും ദുരിതവും അനുവദിച്ചിരിക്കുന്നത്‌ എന്തിനാണ്‌ എന്നും അതു സംബന്ധിച്ച്‌ താൻ എന്തു ചെയ്യുമെന്നും ഉള്ള ചോദ്യങ്ങൾക്ക്‌ അവൻ ഉത്തരം നൽകുന്നു. (സങ്കീർത്തനം 119:105; റോമർ 15:4) ബൈബിൾ ദൈവത്തിന്റെ നിശ്വസ്‌ത വചനമാണ്‌ എന്ന്‌ സാറാ ജെയ്‌ൻ വിശ്വസിക്കാൻ ഇടയായി. (1 തെസ്സലൊനീക്യർ 2:13; 2 പത്രൊസ്‌ 1:19-21) എങ്ങനെ? അവളുടെ മാതാപിതാക്കൾ അങ്ങനെ പറഞ്ഞുകൊടുത്തതുകൊണ്ടല്ല, പിന്നെയോ, ദൈവത്തിൽ നിന്നുള്ള അതുല്യ വെളിപ്പാട്‌ അടങ്ങിയ ഒരു ഗ്രന്ഥമാണ്‌ ബൈബിൾ എന്നതിനുള്ള എല്ലാ തെളിവുകളും സത്യസന്ധമായി പരിശോധിക്കാൻ സമയം എടുത്തതുകൊണ്ട്‌. (റോമർ 12:​2, NW) ഉദാഹരണത്തിന്‌, ബൈബിൾ തത്ത്വങ്ങളോട്‌ പറ്റിനിൽക്കുന്നവരുടെമേൽ അത്‌ എത്ര ശക്തമായ പ്രഭാവമാണ്‌ ചെലുത്തുന്നത്‌ എന്ന്‌ അവൾ നിരീക്ഷിച്ചു. ബൈബിൾ—ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ? * (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം ഉൾപ്പെടെയുള്ള പ്രസിദ്ധീകരണങ്ങളുടെ സഹായത്താൽ ദിവ്യ നിശ്വസ്‌തതയ്‌ക്കു തെളിവു നൽകുന്ന നിരവധി വരുന്ന ആന്തരിക തെളിവുകളും അവൾ ശ്രദ്ധാപൂർവം പരിശോധിച്ചു.

‘വിശ്വാസം കേൾവിയാൽ വരുന്നു’

എന്നാൽ, ഒരു ബൈബിൾ കൈവശം ഉണ്ടായിരിക്കുകയോ അതു ദൈവനിശ്വസ്‌തമാണ്‌ എന്നു വിശ്വസിക്കുകയോ ചെയ്യുന്നതുകൊണ്ട്‌ മാത്രമായില്ല. ‘വിശ്വാസം കേൾവിയാൽ വരുന്നു’ എന്ന്‌ അപ്പൊസ്‌തലനായ പൗലൊസ്‌ എഴുതി. (റോമർ 10:17) ബൈബിൾ വെറുതെ കൈവശം ഉണ്ടായിരിക്കുന്നതല്ല, പിന്നെയോ അതു പറയുന്ന കാര്യങ്ങൾ കേൾക്കുന്നതാണ്‌ വിശ്വാസത്തെ നട്ടുവളർത്തുന്നത്‌. ദൈവവചനം വായിക്കുകയും പഠിക്കുകയും ചെയ്യുകവഴി നിങ്ങൾ അവൻ പറയുന്നതു ‘കേൾക്കുന്നു.’ കൊച്ചു കുട്ടികൾക്കു പോലും ഇതു ചെയ്യാൻ കഴിയും. തിമൊഥെയൊസിന്റെ അമ്മയും വല്യമ്മയും “തിരുവെഴുത്തുകളെ” കുറിച്ച്‌ അവനെ “ബാല്യംമുതൽ” പഠിപ്പിച്ചു എന്ന്‌ പൗലൊസ്‌ പറയുന്നു. അവർ അവനെ ഏതെങ്കിലും തരത്തിൽ മസ്‌തിഷ്‌കപ്രക്ഷാളനം ചെയ്‌തു എന്നാണോ അതിനർഥം? തീർച്ചയായും അല്ല! തിമൊഥെയൊസ്‌ ഏതെങ്കിലും വഞ്ചനയ്‌ക്കോ കുതന്ത്രങ്ങൾക്കോ ഇരയായില്ല. താൻ കേൾക്കുകയും വായിക്കുകയും ചെയ്‌ത കാര്യങ്ങൾ ‘വിശ്വസിക്കാൻ അവൻ ബോധ്യം വരുത്തപ്പെട്ടു.’​—⁠2 തിമൊഥെയൊസ്‌ 1:5; 3:14, 15, NW.

സാറാ ജെയ്‌നും അപ്രകാരം ബോധ്യം വന്നു. ഒന്നാം നൂറ്റാണ്ടിലെ ബെരോവാക്കാരെ പോലെ അവൾ ‘[തന്റെ മാതാപിതാക്കളിൽനിന്നും മറ്റ്‌ പ്രബോധകരിൽനിന്നും] വചനം പൂർണ്ണജാഗ്രതയോടെ കൈക്കൊണ്ടു.’ കൊച്ചു കുട്ടിയായിരിക്കെ, അവളുടെ മാതാപിതാക്കൾ പറഞ്ഞുകൊടുത്ത കാര്യങ്ങൾ അവൾ സ്വാഭാവികമായും വിശ്വസിച്ചു. പിന്നീട്‌, വളർന്നുവന്നപ്പോൾ തന്നെ പഠിപ്പിച്ച കാര്യങ്ങൾ അവൾ കണ്ണുമടച്ചു വിശ്വസിച്ചില്ല. അവൾ “അതു അങ്ങനെ തന്നെയോ എന്നു ദിനമ്പ്രതി തിരുവെഴുത്തുകളെ പരിശോധിച്ചു.”​—⁠പ്രവൃത്തികൾ 17:⁠11.

നിങ്ങൾക്ക്‌ യഥാർഥ വിശ്വാസം വളർത്തിയെടുക്കാനാകും

നിങ്ങൾക്കും യഥാർഥ വിശ്വാസം​—⁠എബ്രായ ക്രിസ്‌ത്യാനികൾക്കുള്ള തന്റെ ലേഖനത്തിൽ അപ്പൊസ്‌തലനായ പൗലൊസ്‌ വിവരിച്ചതരം വിശ്വാസം​—⁠വളർത്തിയെടുക്കാനാകും. അത്തരം വിശ്വാസം, “ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു” എന്ന്‌ അവൻ പറഞ്ഞു. (ചെരിച്ചെഴുതിയിരിക്കുന്നത്‌ ഞങ്ങൾ.) (എബ്രായർ 11:1) അത്തരം വിശ്വാസം ഉണ്ടെങ്കിൽ, പുനരുത്ഥാനം സംബന്ധിച്ച ദൈവത്തിന്റെ വാഗ്‌ദാനം ഉൾപ്പെടെ, നിങ്ങളുടെ എല്ലാ പ്രതീക്ഷകളും പ്രത്യാശകളും സാക്ഷാത്‌കരിക്കപ്പെടുമെന്ന്‌ നിങ്ങൾക്കു പൂർണ ഉറപ്പ്‌ ഉണ്ടായിരിക്കും. അത്തരം പ്രത്യാശകൾക്ക്‌ ആധാരം അവ നിവർത്തിക്കപ്പെടുമെന്ന വെറും മോഹമല്ല, പിന്നെയോ ഉറപ്പുള്ള വാഗ്‌ദാനങ്ങൾ ആണ്‌. യഹോവ ഒരിക്കലും തന്റെ വാഗ്‌ദാനങ്ങൾ നിറവേറ്റാതിരുന്നിട്ടില്ലെന്ന്‌ നിങ്ങൾക്ക്‌ മനസ്സിലാകും. (യോശുവ 21:45; 23:14; യെശയ്യാവു 55:10, 11; എബ്രായർ 6:18) ദൈവം വാഗ്‌ദാനം ചെയ്‌തിരിക്കുന്ന പുതിയ ഭൂമി ഇപ്പോൾത്തന്നെ വന്നുകഴിഞ്ഞതുപോലെ നിങ്ങൾക്കു യാഥാർഥ്യമായിരിക്കും. (2 പത്രൊസ്‌ 3:13) യഹോവയാം ദൈവവും യേശുക്രിസ്‌തുവും ദൈവരാജ്യവുമെല്ലാം വെറും മിഥ്യയായ കാര്യങ്ങൾ അല്ലെന്നും മറിച്ച്‌ യാഥാർഥ്യമാണെന്നും വിശ്വാസനേത്രങ്ങളാൽ നിങ്ങൾക്കു വ്യക്തമായി കാണാൻ കഴിയും.

യഥാർഥ വിശ്വാസം വളർത്തിയെടുക്കാൻ ദൈവം നിങ്ങളെ തനിച്ചുവിട്ടിരിക്കുകയല്ല. തന്റെ വചനം ലഭ്യമാക്കിയിരിക്കുന്നതിനു പുറമേ, തന്നിലുള്ള വിശ്വാസം പടുത്തുയർത്താൻ പരമാർഥഹൃദയരെ സഹായിക്കുന്നതിന്‌ സമർപ്പിതമായിരിക്കുന്ന ഒരു ആഗോള ക്രിസ്‌തീയ സഭ അവൻ പ്രദാനം ചെയ്‌തിരിക്കുന്നു. (യോഹന്നാൻ 17:20; റോമർ 10:14, 15) യഹോവ ആ സംഘടനയിലൂടെ പ്രദാനം ചെയ്യുന്ന എല്ലാ സഹായങ്ങളും സ്വീകരിക്കുക. (പ്രവൃത്തികൾ 8:30, 31) വിശ്വാസം ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ ഫലമായതിനാൽ യഥാർഥ വിശ്വാസം നട്ടുവളർത്താൻ നിങ്ങളെ സഹായിക്കുന്നതിന്‌ ആ ആത്മാവിനായി നിരന്തരം പ്രാർഥിക്കുക.​—⁠ഗലാത്യർ 5:⁠22.

ദൈവത്തിലും അവന്റെ വചനത്തിലും വിശ്വസിക്കുന്നുവെന്ന്‌ അവകാശപ്പെടുന്നവരെ അപഹസിക്കുന്ന സന്ദേഹവാദികളെ ഭയപ്പെടരുത്‌. (1 കൊരിന്ത്യർ 1:18-21; 2 പത്രൊസ്‌ 3:3, 4) അത്തരം ആക്രമണങ്ങളെ ചെറുത്തുനിൽക്കാനുള്ള നിങ്ങളുടെ കഴിവിനെ ശക്തിപ്പെടുത്താൻ യഥാർഥ വിശ്വാസം ഉണ്ടായിരിക്കേണ്ടത്‌ അത്യന്താപേക്ഷിതമാണ്‌. (എഫെസ്യർ 6:16) അതു സത്യമാണെന്ന്‌ സാറാ ജെയ്‌ൻ കണ്ടെത്തി. തന്നെ ആശുപത്രിയിൽ സന്ദർശിക്കാനെത്തിയവരെ തങ്ങളുടെ സ്വന്തം വിശ്വാസം പടുത്തുയർത്താൻ അവൾ പ്രോത്സാഹിപ്പിച്ചു. “സത്യം സ്വന്തമാക്കുക. ദൈവവചനം പഠിക്കുക. ദൈവത്തിന്റെ സംഘടനയോട്‌ അടുത്തു പറ്റിനിൽക്കുക. ഇടവിടാതെ പ്രാർഥിക്കുക. യഹോവയുടെ സേവനത്തിൽ സജീവരായി നിലകൊള്ളുക” എന്ന്‌ അവൾ പറയുമായിരുന്നു.​—⁠യാക്കോബ്‌ 2:17, 26.

ദൈവത്തിലും പുനരുത്ഥാനത്തിലും ഉള്ള അവളുടെ വിശ്വാസം ശ്രദ്ധിക്കാനിടയായ നഴ്‌സുമാരിൽ ഒരാൾ ഇങ്ങനെ ചോദിച്ചു: “നീ അത്‌ യഥാർഥമായും വിശ്വസിക്കുന്നു, അല്ലേ?” പരിശോധനകൾക്കു മുന്നിൽ ഇത്തരമൊരു ശുഭാപ്‌തിവിശ്വാസം പുലർത്താൻ കഴിയുന്നത്‌ എങ്ങനെയെന്ന ചോദ്യത്തിന്‌ അവളുടെ മറുപടി ഇതായിരുന്നു: “യഹോവയിലുള്ള വിശ്വാസംതന്നെ. അവൻ എന്റെ യഥാർഥ സുഹൃത്താണ്‌. ഞാൻ അവനെ അതിയായി സ്‌നേഹിക്കുന്നു.”

[അടിക്കുറിപ്പുകൾ]

^ ഖ. 8 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച നിങ്ങളെക്കുറിച്ച്‌ കരുതലുള്ള ഒരു സ്രഷ്ടാവ്‌ ഉണ്ടോ? (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം കാണുക.

^ ഖ. 12 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്‌.

[6-ാം പേജിലെ ചിത്രം]

തിമൊഥെയൊസിന്റെ അമ്മയും വല്യമ്മയും “തിരുവെഴുത്തുകളെ” കുറിച്ച്‌ അവനെ “ബാല്യംമുതൽ” പഠിപ്പിച്ചു

[6-ാം പേജിലെ ചിത്രം]

തിരുവെഴുത്തുകൾ ദിവസവും പരിശോധിച്ചതിന്‌ ബരോവാക്കാർ അഭിനന്ദിക്കപ്പെട്ടു

[കടപ്പാട്‌]

“സൃഷ്ടിപ്പിൻ ഫോട്ടോ നാടക”ത്തിൽനിന്ന്‌, 1914

[7-ാം പേജിലെ ചിത്രം]

ബൈബിൾ വെറുതെ കൈവശം ഉണ്ടായിരിക്കുന്നതല്ല, പിന്നെയോ അതു പറയുന്ന കാര്യങ്ങൾ കേൾക്കുകയും അനുസരിക്കുകയും ചെയ്യുന്നതാണ്‌ വിശ്വാസത്തെ നട്ടുവളർത്തുന്നത്‌

[7-ാം പേജിലെ ചിത്രം]

“ഞാൻ നിങ്ങളെ എല്ലാവരെയും ദൈവത്തിന്റെ പുതിയ ലോകത്തിൽവെച്ചു കാണും”