യഹോവയുടെ സേവനത്തിൽ ഞങ്ങൾക്ക് ഉണ്ടായ വിസ്‌മയങ്ങൾ
ജീവിത കഥ
യഹോവയുടെ സേവനത്തിൽ ഞങ്ങൾക്ക് ഉണ്ടായ വിസ്‌മയങ്ങൾ
എറിക്ക് ബെവ്‌റിഡ്‌ജും ഭാര്യ ഹേസലും പറഞ്ഞപ്രകാരം
“നിങ്ങളെ ആറു മാസത്തെ തടവുശിക്ഷയ്‌ക്കു വിധിച്ചിരിക്കുന്നു,” ഇംഗ്ലണ്ടിലെ മാഞ്ചെസ്റ്ററിലുള്ള സ്‌ട്രെയ്‌ഞ്ച്‌വെയ്‌സ് ജയിലിലേക്ക് എന്നെ കൊണ്ടുപോകുമ്പോഴും ആ വാക്കുകൾ എന്റെ കാതുകളിൽ മുഴങ്ങുന്നുണ്ടായിരുന്നു. 1950 ഡിസംബറിലായിരുന്നു സംഭവം. അന്ന് എനിക്കു 19 വയസ്സായിരുന്നു. എന്റെ യുവപ്രായത്തിലെ ഏറ്റവും വലിയ പരിശോധനകളിൽ ഒന്ന് ഞാൻ നേരിട്ടതേ ഉണ്ടായിരുന്നുള്ളൂ —സൈനിക സേവനത്തിനു ഞാൻ വിസമ്മതിച്ചു.—2 കൊരിന്ത്യർ 10:3-5.
ഞാൻ യഹോവയുടെ സാക്ഷികളുടെ ഒരു മുഴുസമയ പയനിയർ ശുശ്രൂഷകനായിരുന്നു, അക്കാരണത്താൽത്തന്നെ സൈനിക സേവനത്തിൽനിന്ന് എനിക്ക് ഒഴിവു ലഭിക്കേണ്ടതായിരുന്നു. എന്നാൽ ശൂശ്രൂഷകരെന്ന ഞങ്ങളുടെ സ്ഥാനത്തെ ബ്രിട്ടീഷ് നിയമം അംഗീകരിച്ചിരുന്നില്ല. അങ്ങനെ ഒരു തടവുമുറിയിൽ എനിക്ക് ഒറ്റയ്‌ക്കു കഴിയേണ്ടിവന്നു. അവിടെയായിരിക്കെ ഞാൻ എന്റെ ഡാഡിയെ കുറിച്ച് ഓർത്തു. ഞാൻ ജയിലിലാകാൻ പരോക്ഷ കാരണക്കാരൻ അദ്ദേഹമായിരുന്നു.
യോർക്‌ഷയറുകാരനായ ഡാഡി ഒരു ജയിൽ ഉദ്യോഗസ്ഥനായിരുന്നു, ആദർശശാലിയും തത്ത്വദീക്ഷയുള്ളവനുമായ ഒരു മനുഷ്യൻ. സൈനിക സേവനത്തിലും ജയിലുദ്യോഗത്തിലും ഉണ്ടായ അനുഭവങ്ങൾ നിമിത്തം അദ്ദേഹത്തിന് കത്തോലിക്കാമതത്തോടു വല്ലാത്ത വെറുപ്പായിരുന്നു. 1930-കളിലാണ് അദ്ദേഹം ആദ്യമായി സാക്ഷികളെ കാണുന്നത്. തന്നെ സന്ദർക്കാനെത്തിയ അവരെ എങ്ങനെയും പറഞ്ഞുവിടാനായി വാതിൽക്കലേക്കു ചെന്ന അദ്ദേഹം തിരിച്ചുവന്നത് അവരുടെ ചില പുസ്‌തകങ്ങളുമായാണ്! പിന്നീട് അദ്ദേഹം ആശ്വാസം മാസികയുടെ (ഇപ്പോഴത്തെ ഉണരുക!) വരിസംഖ്യ സ്വീകരിച്ചു. വരിസംഖ്യ പുതുക്കുന്നതിന് അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കാൻ ഓരോ വർഷവും സാക്ഷികൾ വരുമായിരുന്നു. എനിക്ക് ഏതാണ്ട് 15 വയസ്സുണ്ടായിരുന്നപ്പോൾ ഒരു സംഭവം ഉണ്ടായി. സാക്ഷികൾ ഡാഡിയുമായി നടത്തിയ ഒരു ചർച്ചയിൽ ഞാൻ സാക്ഷികളുടെ പക്ഷം ചേർന്നു. അങ്ങനെയാണ് ഞാൻ ബൈബിൾ പഠിക്കാൻ ആരംഭിച്ചത്.
എന്റെ 17-ാമത്തെ വയസ്സിൽ ഞാൻ യഹോവയ്‌ക്കുള്ള സമർപ്പണം സ്‌നാപനത്താൽ പ്രതീകപ്പെടുത്തി. അത് 1949 മാർച്ചിൽ ആയിരുന്നു. ആ വർഷംതന്നെ ഞാൻ ജോൺ ചാറൂക്കിനെയും അദ്ദേഹത്തിന്റെ സഹോദരനായ മൈക്കിളിനെയും പരിചയപ്പെട്ടു, അവർ ഗിലെയാദ് മിഷനറി സ്‌കൂളിൽനിന്നു ബിരുദം നേടിയിട്ട് അധികമായിരുന്നില്ല. അവർ നൈജീരിയയിലേക്കു പോകുകയായിരുന്നു. മിഷനറി സേവനത്തിലെ അവരുടെ തീക്ഷ്‌ണത എന്നിൽ ആഴമായ മതിപ്പുളവാക്കി.
അവർ അറിഞ്ഞോ അറിയാതെയോ എന്റെ മനസ്സിലും ആ തീക്ഷ്‌ണത ഉൾനട്ടു.ബൈബിൾ പഠിച്ചുകൊണ്ടിരിക്കെ, യൂണിവേഴ്‌സിറ്റിയിൽ ചേരാൻ എനിക്കു താത്‌പര്യം തോന്നിയില്ല. ലണ്ടനിലെ കസ്റ്റംസ്, എക്‌സൈസ് ഓഫീസിലെ ജോലിക്കായി വീടു വീട്ടുപോന്ന ആ വർഷംതന്നെ, സിവിൽ സർവീസിലെ സേവനം തുടർന്നുകൊണ്ടുപോയാൽ ദൈവത്തിനുള്ള സമർപ്പണം നിറവേറ്റാൻ കഴിയില്ലെന്ന് എനിക്കു തോന്നി. ജോലി രാജിവെച്ചുപോരുമ്പോൾ “ആത്മാവിനെ നശിപ്പിക്കുന്ന ആ തൊഴിൽ” ഉപേക്ഷിച്ചതിന് ഒരു സീനിയർ ഓഫീസർ എന്നെ അഭിനന്ദിച്ചു.
ഇതിനു മുമ്പ് എനിക്കു മറ്റൊരു പരിശോധന നേരിട്ടു. ഒരു മുഴുസമയ ശുശ്രൂഷകനാകുന്നതിന് ഉറപ്പുള്ള ഒരു ജോലി ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നുവെന്ന് എങ്ങനെ ഡാഡിയോടു പറയും? അങ്ങനെ അവധിക്കു വീട്ടിൽ വന്നപ്പോൾ ഒരു സായാഹ്നത്തിൽ രണ്ടും കൽപ്പിച്ച് ഞാൻ അക്കാര്യം അവതരിപ്പിച്ചു. ഡാഡി പൊട്ടിത്തെറിക്കുമെന്നാണു ഞാൻ കരുതിയത്. എന്നാൽ അദ്ദേഹത്തിന്റെ മറുപടി എന്നെ തികച്ചും അത്ഭുതപ്പെടുത്തി. അദ്ദേഹം ഇത്രമാത്രം പറഞ്ഞു: “നിന്റെ വഴി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നിനക്കുണ്ട്, പക്ഷേ അതിന്റെ ഗുണങ്ങളും ദോഷങ്ങളുമെല്ലാം സ്വയം അനുഭവിച്ചുകൊള്ളണം. എന്തെങ്കിലും കുഴപ്പം പറ്റിയാൽ പിന്നെ എന്റെ അടുത്തേക്ക് ഓടിവരരുത്.” 1950 ജനുവരി 1-ന് എന്റെ ഡയറിയിൽ ഞാൻ ഇങ്ങനെ കുറിച്ചുവെച്ചു: “പയനിയറിങ്ങിനെപ്പറ്റി ഡാഡിയോടു പറഞ്ഞു. അദ്ദേഹത്തിന്റെ സമനിലയോടു കൂടിയ പ്രതികരണം എന്നെ അത്ഭുതപ്പെടുത്തി. അദ്ദേഹത്തിന്റെ ദയാമനസ്‌കതയോർത്ത് ഞാൻ കരഞ്ഞു.” ഞാൻ സിവിൽ സർവീസിലെ ജോലി രാജിവെച്ച് മുഴുസമയ പയനിയറിങ് ഏറ്റെടുത്തു.
നിയമനവും ‘കോട്ടേജും’
ദൈവത്തിനുള്ള സമർപ്പണത്തിന്റെ അടുത്ത പരിശോധന എനിക്കു നേരിട്ടു. വെയിൽസിൽ നിന്നുള്ള ഒരു സഹക്രിസ്‌ത്യാനിയായ ലോയിഡ് ഗ്രിഫിത്‌സിനോടൊപ്പം ലാൻകഷയറിലെ ഒരു ‘കോട്ടേജിൽ’ താമസിച്ചുകൊണ്ട് പയനിയറിങ് നടത്താനുള്ള നിയമനം എനിക്കു ലഭിച്ചു. ആ കോട്ടേജിനെ കുറിച്ചുള്ള സ്വപ്‌നങ്ങളുമായി ഞാൻ ബേക്കപ്പ് പട്ടണത്തിൽ എത്തി. ഒരു മുഷിപ്പൻ പട്ടണമായിരുന്നു അത്. എപ്പോഴും മഴ. താമസിയാതെ ഞാൻ യാഥാർഥ്യവുമായി പൊരുത്തപ്പെട്ടു. ആ കോട്ടേജ് വാസ്‌തവത്തിൽ ഒരു ബെയ്‌സ്‌മെന്റ് ആയിരുന്നു! അവിടെ രാത്രി ഞങ്ങൾക്കു കൂട്ടിന് എലികളും പാറ്റകളുമുണ്ടായിരുന്നു. എല്ലാം ഇട്ടിട്ട് തിരിച്ചു വീട്ടിലേക്കു പോയാലോ എന്നു ഞാൻ ആലോചിച്ചു. എന്നാൽ അതിനു പകരം, ഈ പരിശോധനയെ നേരിടാൻ ആവശ്യമായ കരുത്തിനായി ഞാൻ നിശ്ശബ്ദം പ്രാർഥിച്ചു. പെട്ടെന്ന്, ഒരു പ്രത്യേക സമാധാനം എന്നെ വന്നുമൂടുന്നതുപോലെ തോന്നി, ഞാൻ ആ സാഹചര്യത്തെ വസ്‌തുനിഷ്‌ഠമായി വീക്ഷിക്കാൻ തുടങ്ങി. ഈ നിയമനം എനിക്കു ലഭിച്ചത് യഹോവയുടെ സംഘടനയിൽനിന്നാണ്. സഹായത്തിനായി ഞാൻ യഹോവയെ ആശ്രയിക്കും. ആ സാഹചര്യത്തിൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞതിൽ ഞാൻ എത്ര കൃതജ്ഞതയുള്ളവനാണെന്നോ! കാരണം ആ നിയമനം ഉപേക്ഷിച്ചു പോയിരുന്നെങ്കിൽ, അത് എന്റെ ജീവിതത്തെത്തന്നെ എന്നേക്കുമായി മാറ്റിമറിക്കുമായിരുന്നു!—യെശയ്യാവു 26:3, 4.
അന്ന് സാമ്പത്തിക മാന്ദ്യം അനുഭവിച്ചിരുന്ന റോസൻഡെയ്‌ൽ വാലിയിൽ ഞാൻ ഒമ്പതു മാസത്തോളം സുവാർത്ത പ്രസംഗിച്ചു. സൈന്യത്തിൽ ചേരാൻ വിസമ്മതിച്ചതിനു തടവിലാക്കപ്പെടുന്നത് അതുകഴിഞ്ഞാണ്. സ്‌ട്രെയ്‌ഞ്ച്‌വെയ്‌സ് ജയിലിലെ രണ്ടാഴ്‌ചത്തെ തടവിനുശേഷം ഇംഗ്ലണ്ടിന്റെ ദക്ഷിണതീരത്തുള്ള ലൂവസ് ജയിലിലേക്ക് എന്നെ മാറ്റി. കുറെ കഴിഞ്ഞപ്പോൾ അവിടെ ഞങ്ങൾ അഞ്ചു സാക്ഷികളായി. തടവറയിൽ ക്രിസ്‌തുവിന്റെ സ്‌മാരകം ആചരിക്കാൻ ഞങ്ങൾക്കു സാധിച്ചു.
ഒരിക്കൽ ഡാഡി എന്നെ കാണാൻ വന്നു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അത് ഒരു അഭിമാനപ്രശ്‌നം ആയിരുന്നിരിക്കണം, അറിയപ്പെടുന്ന ഒരു ജയിൽ ഉദ്യോഗസ്ഥൻ തടവിൽ കഴിയുന്ന മകനെ കാണാൻ വരിക! അതിന് എനിക്ക് അദ്ദേഹത്തോട് എന്നും നന്ദിയുണ്ടായിരിക്കും. ഒടുവിൽ 1951 ഏപ്രിലിൽ ഞാൻ മോചിതനായി.
ലൂവസ് ജയിലിൽനിന്നു വിട്ടയയ്‌ക്കപ്പെട്ടപ്പോൾ ഞാൻ വെയിൽസിലെ കാർഡിഫിലേക്കു ട്രെയിൻ കയറി. അന്ന് ഡാഡി അവിടെ ജയിലിലെ പ്രധാന ഉദ്യോഗസ്ഥനായിരുന്നു. ഞങ്ങൾ നാലു മക്കളായിരുന്നു, മൂന്ന് ആണും ഒരു പെണ്ണും. ഞാനായിരുന്നു മൂത്തത്. സ്വന്തം ചെലവുകൾ വഹിക്കാനും ഒപ്പം പയനിയറിങ്ങിൽ തുടരാനുമായി എനിക്ക് ഒരു അംശകാല ജോലി കണ്ടുപിടിക്കേണ്ടതുണ്ടായിരുന്നു. ഞാൻ ഒരു തുണിക്കടയിൽ ജോലിക്കു പോയി, പക്ഷേ എന്റെ ജീവിതത്തിലെ മുഖ്യ ഉദ്ദേശ്യം ക്രിസ്‌തീയ ശുശ്രൂഷ ആയിരുന്നു. ഏതാണ്ട് ഈ സമയത്ത് അമ്മ ഞങ്ങളെ ഉപേക്ഷിച്ചുപോയി. 8-നും 19-നും ഇടയ്‌ക്ക് പ്രായമായ കുട്ടികൾ ആയിരുന്നു ഞങ്ങൾ അന്ന്. ഡാഡിയെയും മക്കളായ ഞങ്ങളെയും സംബന്ധിച്ചിടത്തോളം അത് ഒരു കനത്ത ആഘാതമായിരുന്നു. ദുഃഖകരമെന്നു പറയട്ടെ, ഞങ്ങളുടെ മാതാപിതാക്കൾ വിവാഹബന്ധം വേർപെടുത്തി.
ഉത്തമ ഭാര്യയെ കണ്ടെത്തുന്നവൻ . . .
സഭയിൽ നിരവധി പയനിയർമാർ ഉണ്ടായിരുന്നു. അക്കൂട്ടത്തിൽ ഒരു സഹോദരി ജോലിക്കും പ്രസംഗപ്രവർത്തനത്തിനുമായി ദിവസവും കൽക്കരി ഖനനം ചെയ്‌തിരുന്ന റോണ്ട വാലിയിൽനിന്നു വരുമായിരുന്നു. ഹേസൽ ഗ്രീൻ എന്നായിരുന്നു ആ സഹോദരിയുടെ പേര്, വളരെ നല്ല ഒരു പയനിയർ. അവൾ എന്നെക്കാൾ മുമ്പേ സത്യത്തിൽ വന്നതാണ്. 1920-കളിൽത്തന്നെ അവളുടെ മാതാപിതാക്കൾ ബൈബിൾ വിദ്യാർഥികളുടെ (ഇപ്പോൾ യഹോവയുടെ സാക്ഷികൾ എന്ന് അറിയപ്പെടുന്നു) യോഗങ്ങളിൽ സംബന്ധിച്ചിരുന്നു. എന്നാൽ അവളുടെ കഥ നമുക്ക് അവളിൽനിന്നുതന്നെ കേൾക്കാം.
“മതം കൊടുങ്കാറ്റു കൊയ്യുന്നു (ഇംഗ്ലീഷ്) എന്ന പുസ്‌തകം 1944-ൽ വായിക്കുന്നതുവരെ ഞാൻ ബൈബിൾ വിഷയങ്ങൾ ഗൗരവമായി എടുത്തിരുന്നില്ല. കാർഡിഫിൽ നടക്കുന്ന സർക്കിട്ട് സമ്മേളനത്തിൽ സംബന്ധിക്കാൻ അമ്മ എന്നെ പ്രേരിപ്പിച്ചു. ബൈബിളിനെ കുറിച്ച് യാതൊന്നും അറിയില്ലായിരുന്ന ഞാൻ ഒരു പരസ്യപ്രസംഗത്തെ
കുറിച്ച് അറിയിക്കുന്ന പ്ലാക്കാർഡും കഴുത്തിൽ തൂക്കി പ്രധാന ഷോപ്പിങ് സെന്ററിൽ നിന്നു. അന്ന് വൈദികരിൽനിന്നും മറ്റുള്ളവരിൽനിന്നും വളരെ കഷ്ടം നേരിടേണ്ടി വന്നെങ്കിലും ഞാൻ അതിനെയെല്ലാം അതിജീവിച്ചു. 1946-ൽ സ്‌നാപനമേറ്റ ഞാൻ ആ വർഷം ഡിസംബറിൽ പയനിയറിങ് തുടങ്ങി. 1951-ൽ ഒരു യുവപയനിയർ കാർഡിഫിൽ എത്തി, അദ്ദേഹം ജയിലിൽനിന്നു പുറത്തിറങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. എറിക്കായിരുന്നു അത്.“ഞങ്ങൾ ഒരുമിച്ച് പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെട്ടു. ഞങ്ങൾ ഇരുവരും സമാന ചിന്താഗതിക്കാരായിരുന്നു. ഞങ്ങൾക്ക് ജീവിതത്തിൽ ഒരേ ലക്ഷ്യമാണ് ഉണ്ടായിരുന്നത്—ദൈവരാജ്യ താത്‌പര്യങ്ങൾ ഉന്നമിപ്പിക്കുക. അങ്ങനെ, 1952 ഡിസംബറിൽ ഞങ്ങൾ വിവാഹിതരായി. ഞങ്ങൾ ഇരുവരും മുഴുസമയ ശുശ്രൂഷകർ ആയിരുന്നതിനാൽ വരുമാനം വളരെ തുച്ഛമായിരുന്നു. എങ്കിലും ഞങ്ങളുടെ ജീവിതത്തിലെ അടിസ്ഥാന ആവശ്യങ്ങൾ ഒരിക്കലും നടക്കാതിരുന്നിട്ടില്ല. കട നടത്തിക്കൊണ്ടിരുന്ന ഒരു സാക്ഷി ചിലപ്പോൾ ഓർഡർ ചെയ്‌ത ജാമോ സോപ്പോ മറ്റോ കൂടുതലാണെന്നു കാണുമ്പോൾ അവ ഞങ്ങൾക്കു സമ്മാനമായി നൽകുമായിരുന്നു—അതും ഞങ്ങൾക്ക് അവ ആവശ്യമായിരുന്ന സമയത്തുതന്നെ! തക്കസമയത്തെ അത്തരം സഹായങ്ങൾ ഞങ്ങൾ വളരെ വിലമതിച്ചിരുന്നു. എന്നാൽ കൂടുതൽ വിസ്‌മയകരമായ കാര്യങ്ങൾ ഞങ്ങളെ കാത്തിരിക്കുകയായിരുന്നു.”
ഞങ്ങളുടെ ജീവിതത്തിനു മാറ്റംവരുത്തിയ വിസ്‌മയം
എന്നെയും ഹേസലിനെയും അത്ഭുതപ്പെടുത്തിക്കൊണ്ട് 1954 നവംബറിൽ ഒരു സംഭവം നടന്നു—ഓരോ ആഴ്‌ചയും വ്യത്യസ്‌ത സഭകൾ സന്ദർശിച്ചുകൊണ്ട് ഒരു സഞ്ചാര മേൽവിചാരകനായി സേവിക്കാനുള്ള ഒരു അപേക്ഷാ ഫാറം എനിക്ക് ലണ്ടനിലെ യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച് ഓഫീസിൽനിന്നു ലഭിച്ചു. അതു ഞങ്ങൾക്കുള്ളതല്ല എന്ന് ഞങ്ങൾ ഉറപ്പിച്ചു. അതുകൊണ്ട് സഭയിൽ ആരോടും ഞങ്ങൾ ആ വിവരം പറഞ്ഞുമില്ല. എങ്കിലും ഞാൻ ഫാറം പൂരിപ്പിച്ച് തിരിച്ചയച്ചു. എന്നിട്ട് ആകാംക്ഷയോടെ കാത്തിരുന്നു. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ മറുപടി വന്നു: “പരിശീലനത്തിനായി ലണ്ടനിലേക്കു വരിക”!
ലണ്ടനിലെ ബ്രാഞ്ച് ഓഫീസിൽ എത്തിയപ്പോൾ എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല! പ്രൈസ് ഹ്യൂസ്, എംലിൻ വൈൻസ്, ഏർണി ബീവർ, ഏർണി ഗൈവർ, ബോബ് ഗോഫ്, ഗ്ലിൻ പാർ, സ്റ്റാൻ വുഡ്‌ബാർൺ, മാർട്ടിൻ വുഡ്‌ബാർൺ തുടങ്ങി ആത്മീയ അതികായന്മാരായി ഞാൻ വീക്ഷിച്ചിരുന്ന ഒട്ടേറെ പേരോടൊപ്പം വെറും 23 വയസ്സുള്ള ഞാൻ പരിശീലനത്തിന് എത്തിയിരിക്കുന്നു. ഇവരിൽ പലരും ഇപ്പോൾ ജീവിച്ചിരിപ്പില്ല. 1940-കളിലും 1950-കളിലും ബ്രിട്ടനിൽ തീക്ഷ്‌ണതയുടെയും വിശ്വസ്‌തതയുടെയും ഉറച്ച അടിത്തറ പാകിയത് ഇവരെല്ലാമായിരുന്നു.
ഇംഗ്ലണ്ടിലെ സർക്കിട്ട് വേല —ഒരിക്കലും വിരസമായിരുന്നില്ല
ഞങ്ങൾ സഞ്ചാരവേല ആരംഭിച്ചത് 1954/55-ലെ മഞ്ഞുമൂടിയ ശൈത്യകാലത്താണ്. ഈസ്റ്റ് ആംഗ്ലിയ എന്ന പ്രദേശത്താണ് ഞങ്ങൾക്കു നിയമനം ലഭിച്ചത്. ഉത്തരസമുദ്രത്തിൽനിന്നുള്ള തണുത്ത കാറ്റേറ്റു കിടക്കുന്ന ഇംഗ്ലണ്ടിലെ ഒരു സമതലപ്രദേശമാണ് അത്. ബ്രിട്ടനിൽ അന്ന് ആകെ 31,000 സാക്ഷികളേ ഉണ്ടായിരുന്നുള്ളൂ. ആദ്യത്തെ സർക്കിട്ട് സന്ദർശനം ഞങ്ങളെ സംബന്ധിച്ചിടത്തോളം ദുഷ്‌കരമായിരുന്നു; ഞങ്ങൾ സന്ദർശിച്ച സഹോദരന്മാരുടെ അനുഭവവും വ്യത്യസ്‌തമായിരുന്നില്ല. എന്റെ അനുഭവപരിചയമില്ലായ്‌മയും യോക്‌ഷയറുകാരനെന്ന നിലയിലുള്ള തുറന്നടിച്ച സംസാരവുമെല്ലാം ചില സഹോദരന്മാരെ മുഷിപ്പിക്കുകയുണ്ടായി. എന്നാൽ, പ്രാപ്‌തികളെക്കാൾ പ്രാധാന്യം കരുണയ്‌ക്കാണെന്നും നടപടിക്രമങ്ങളെക്കാൾ പ്രാധാന്യം ആളുകൾക്കാണെന്നും വർഷങ്ങളിലൂടെ ഞാൻ പഠിച്ചിരിക്കുന്നു. മറ്റുള്ളവർക്കു നവോന്മേഷം പകരുന്ന യേശുവിന്റെ മാതൃക അനുകരിക്കാൻ ഞാൻ ഇപ്പോഴും ശ്രമിക്കുന്നു, എല്ലായ്‌പോഴും അതിൽ വിജയിക്കുന്നില്ലെങ്കിലും.—മത്തായി 11:28-30, NW.
ഈസ്റ്റ് ആംഗ്ലിയയിലെ 18 മാസത്തെ സേവനത്തിനുശേഷം ഇംഗ്ലണ്ടിന്റെ വടക്കുകിഴക്കുള്ള ഒരു സർക്കിട്ടിൽ, ന്യൂകാസിൽ അപ്പോൺ റ്റൈനും നോർത്തമ്പർലാൻഡും ഉൾപ്പെട്ട പ്രദേശത്ത്, സേവിക്കാൻ ഞങ്ങൾക്കു നിയമനം ലഭിച്ചു. പ്രകൃതിസുന്ദരമായ ആ പ്രദേശത്തെ ഊഷ്‌മളഹൃദയരായ ആളുകളെ എനിക്കു നന്നേ ബോധിച്ചു. അമേരിക്കയിലെ വാഷിങ്‌ടണിലെ സിയാറ്റിലിൽ നിന്നുള്ള സന്ദർശന ഡിസ്‌ട്രിക്‌റ്റ് മേൽവിചാരകനായ ഡോൺ വാർഡ് വലിയ ഒരു സഹായമായിരുന്നു. ഗിലെയാദിന്റെ 20-ാമത്തെ ക്ലാസ്സിൽനിന്നുള്ള ബിരുദധാരിയായിരുന്നു അദ്ദേഹം. എന്റെ പ്രസംഗം പൊതുവെ മലവെള്ള പാച്ചൽ പോലെയായിരുന്നു. എന്നാൽ സാവധാനം പ്രസംഗിക്കാനും ഉചിതമായിടത്ത് നിറുത്തൽ കൊടുക്കാനും അദ്ദേഹം എന്നെ പഠിപ്പിച്ചു. ഒരു നല്ല പ്രബോധകൻ ആയിരിക്കേണ്ടത് എങ്ങനെയെന്നും അദ്ദേഹം എനിക്കു മനസ്സിലാക്കിത്തന്നു.
ഞങ്ങളുടെ ജീവിതത്തിനു മാറ്റംവരുത്തിയ മറ്റൊരു വിസ്‌മയം
ഞങ്ങളുടെ ജീവിതത്തിനു മാറ്റംവരുത്തിയ ഒരു കത്ത് 1958-ൽ ഞങ്ങൾക്കു ലഭിച്ചു. യു.എസ്.എ., ന്യൂയോർക്കിലെ സൗത്ത് ലാൻസിങ്ങിലുള്ള ഗിലെയാദ് സ്‌കൂളിൽ സംബന്ധിക്കാൻ ഞങ്ങൾക്കു ക്ഷണം ലഭിച്ചു. 1935 ഓസ്റ്റിൻ സെവൻ മോഡലിലുള്ള കാർ വിറ്റ് ഞങ്ങൾ ന്യൂയോർക്കിലേക്കുള്ള കപ്പൽ ടിക്കറ്റുകൾ വാങ്ങി. ആദ്യം ഞങ്ങൾ ന്യൂയോർക്ക് നഗരത്തിൽ നടന്ന യഹോവയുടെ സാക്ഷികളുടെ അന്താരാഷ്‌ട്ര കൺവെൻഷനിൽ പങ്കെടുത്തു. അവിടെനിന്ന് തെക്കോട്ട് ഗിലെയാദ് സ്‌കൂളിലേക്കു പോകുന്നതിനു മുമ്പ് ആറു മാസം പയനിയറിങ് ചെയ്യാൻ ഞങ്ങൾ ഒൺടേറിയോയിലുള്ള പീറ്റർബൊറോയിലേക്കു പോയി.
സ്‌കൂൾ അധ്യാപകരിൽ ചിലർ ഇപ്പോൾ ഭരണസംഘത്തിലെ അംഗമായ ആൽബർട്ട് ഷ്രോഡർ അതുപോലെ മാക്‌സ്വെൽ ഫ്രണ്ട്, ജാക്ക് റെഡ്‌ഫോർഡ് എന്നിവർ ആയിരുന്നു. മാക്‌സും ജാക്കും ഇപ്പോൾ ജീവിച്ചിരിപ്പില്ല. 14 ദേശങ്ങളിൽനിന്നുള്ള 82 വിദ്യാർഥികളുമായുള്ള സഹവാസം തികച്ചും കെട്ടുപണി ചെയ്യുന്ന ഒന്നായിരുന്നു. ഞങ്ങൾ ഓരോരുത്തരും മറ്റുള്ളവരുടെ സംസ്‌കാരങ്ങളെ കുറിച്ച് അൽപ്പാൽപ്പമായി മനസ്സിലാക്കാൻ തുടങ്ങി. ഇംഗ്ലീഷ് ഭാഷ പഠിച്ചെടുക്കാൻ പാടുപെട്ടിരുന്ന വിദേശികളായ വിദ്യാർഥികളുമായി അടുത്ത് ഇടപഴകിയത് മറ്റൊരു ഭാഷ പഠിക്കേണ്ടിവരുമ്പോൾ നേരിടാനിടയുള്ള പ്രശ്‌നങ്ങളെ കുറിച്ച് ഞങ്ങൾക്ക് ഒരു ഏകദേശരൂപം നൽകി. അഞ്ചു മാസംകൊണ്ട് ഞങ്ങളുടെ പരിശീലനം പൂർത്തിയായി. 27 രാജ്യങ്ങളിലായി ഞങ്ങൾക്കു നിയമനങ്ങൾ ലഭിച്ചു. അടുത്തതായി ബിരുദദാന ചടങ്ങായിരുന്നു. ഏതാനും ദിവസങ്ങൾ കഴിഞ്ഞ് ഞങ്ങൾ ന്യൂയോർക്ക് നഗരത്തിൽ യൂറോപ്പിലേക്കു മടങ്ങിപ്പോകാനുള്ള ക്വീൻ എലിസബത്ത് കപ്പലിനായി കാത്തുനിന്നു.
ഞങ്ങളുടെ ആദ്യത്തെ വിദേശ നിയമനം
എവിടേക്കാണ് ഞങ്ങൾക്കു നിയമനം ലഭിച്ചതെന്നോ? പോർച്ചുഗലിലേക്ക്! 1959 നവംബറിൽ ഞങ്ങൾ ലിസ്‌ബണിൽ എത്തിച്ചേർന്നു. ഒരു പുതിയ ഭാഷയും സംസ്‌കാരവുമായി പൊരുത്തപ്പെടുകയെന്ന അടുത്ത പരിശോധനയെ ഞങ്ങൾ അഭിമുഖീകരിച്ചു. 1953-ൽ, ഏതാണ്ട് 9 ദശലക്ഷം ജനങ്ങളുള്ള പോർച്ചുഗലിൽ പ്രവർത്തനനിരതരായ 643 സാക്ഷികളാണ് ഉണ്ടായിരുന്നത്. എന്നാൽ സാക്ഷികളുടെ പ്രസംഗപ്രവർത്തനത്തിന് അവിടെ നിയമാംഗീകാരം ലഭിച്ചിരുന്നില്ല. അവിടെ രാജ്യഹാളുകൾ ഉണ്ടായിരുന്നെങ്കിലും, അവയുടെ യാതൊരു അടയാളവും പുറത്ത് ഉണ്ടായിരുന്നില്ല.
മിഷനറിയായിരുന്ന എൽസ പിക്കോനിയാണ് ഞങ്ങളെ പോർച്ചുഗീസ് ഭാഷ പഠിപ്പിച്ചത്. അതിനുശേഷം ഞാനും ഹേസലും ലിസ്‌ബൺ, ഫറൂ, എവൂറ, ബേഷ എന്നിവിടങ്ങൾക്കു ചുറ്റുമുള്ള സഭകളും കൂട്ടങ്ങളും സന്ദർശിച്ചു. അങ്ങനെയിരിക്കെ, 1961-ൽ സ്ഥിതിഗതികൾക്കു മാറ്റംവരാൻ തുടങ്ങി. ഷ്‌വാവുൻ ഗോൺസാൽവിഷ് മാത്തേയൂസ് എന്നൊരു യുവാവിന് ഞാൻ അധ്യയനം എടുത്തിരുന്നു. സൈനിക സേവനം സംബന്ധിച്ച് നിഷ്‌പക്ഷ ക്രിസ്‌ത്യാനിയെന്ന നിലയിലുള്ള നിലപാടു സ്വീകരിക്കാൻ അയാൾ തീരുമാനിച്ചു. അധികം കഴിഞ്ഞില്ല, എന്നെ ചോദ്യം ചെയ്യാനായി പോലീസ് ഹെഡ്‌ക്വാർട്ടേഴ്‌സിലേക്കു വിളിപ്പിച്ചു. ഏതാനും ദിവസങ്ങൾക്കകം ഞങ്ങളെ ഞെട്ടിച്ച ഒരു സംഭവം ഉണ്ടായി! 30 ദിവസത്തിനുള്ളിൽ രാജ്യം വിട്ടുപോകാൻ ഞങ്ങൾക്ക് ഉത്തരവു ലഭിച്ചു. സഹമിഷനറിമാരായ എറിക്ക്, ക്രിസ്റ്റീന, ബ്രിറ്റൻ, ഡൊമനിക്ക്, എൽസ പിക്കോനി എന്നിവർക്കും അതുതന്നെയായിരുന്നു അനുഭവം.
ഞാൻ കോടതിയിൽ അപ്പീൽ നൽകി. രഹസ്യ പോലീസ് വിഭാഗത്തിന്റെ തലവനെ കാണാൻ ഞങ്ങൾക്ക് അനുവാദം ലഭിച്ചു. ഞങ്ങളോടു രാജ്യം വിടാൻ ആവശ്യപ്പെട്ടതിന്റെ കാരണം അദ്ദേഹം സ്‌പഷ്ടമായി വിവരിച്ചു. കൂടാതെ അദ്ദേഹം ഒരു പേരും പരാമർശിച്ചു—ഷ്‌വാവുൻ ഗോൺസാൽവിഷ് മാത്തേയൂസ്. അതേ, എന്റെ ബൈബിൾ വിദ്യാർഥിതന്നെ! ബ്രിട്ടനെ പോലെ പോർച്ചുഗലിന്, മനസ്സാക്ഷിപരമായ വിസമ്മതത്തെ പ്രതി സൈനിക സേവനത്തിൽനിന്ന് ഒഴിവു നൽകാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ഞങ്ങൾക്ക് പോർച്ചുഗൽ വിടേണ്ടിവന്നു. ഷ്‌വാവുനെ കുറിച്ച് എനിക്കു യാതൊരു വിവരവുമില്ലായിരുന്നു. 26 വർഷത്തിനു ശേഷം പോർച്ചുഗലിലെ പുതിയ ബെഥേലിന്റെ സമർപ്പണസമയത്ത് ഷ്‌വാവുനെയും ഭാര്യയെയും മൂന്നു പെൺകുട്ടികളെയും കണ്ടപ്പോൾ എനിക്ക് ഉണ്ടായ സന്തോഷം വിവരിക്കാനാവില്ല! പോർച്ചുഗലിലെ ഞങ്ങളുടെ ശുശ്രൂഷ വ്യർഥമായില്ല!—1 കൊരിന്ത്യർ 3:6-9.
ഞങ്ങളുടെ അടുത്ത നിയമനം എവിടേക്കായിരുന്നു? അതും ഒരു വിസ്‌മയംതന്നെ! സ്വന്ത രാജ്യത്തിന് അടുത്തുള്ള സ്‌പെയിനിലേക്ക്. 1962 ഫെബ്രുവരിയിൽ നിറകണ്ണുകളോടെ ഞങ്ങൾ ലിസ്‌ബണിൽനിന്ന് സ്‌പെയ്‌നിലെ മാഡ്രിഡിലേക്കു ട്രെയിൻ കയറി.
മറ്റൊരു സംസ്‌കാരവുമായി പൊരുത്തപ്പെടുന്നു
സ്‌പെയിനിൽ പ്രസംഗപ്രവർത്തനവും യോഗങ്ങളും നടത്തിയിരുന്നത് രഹസ്യമായാണ്. വീടുതോറുമുള്ള ശുശ്രൂഷയുടെ സമയത്ത് ഞങ്ങൾ ഒരു വീട്ടിൽ സാക്ഷീകരിച്ചശേഷം തൊട്ടടുത്ത വീട്ടിൽ കയറുന്നതിനു പകരം സാധാരണഗതിയിൽ മറ്റൊരു തെരുവിലുള്ള ഏതെങ്കിലും ഭവനമായിരുന്നു സന്ദർശിച്ചിരുന്നത്. ഒരേസമയം അടുത്തടുത്തുള്ള രണ്ടു വീടുകൾ സന്ദർശിക്കുമായിരുന്നില്ല. അതുകൊണ്ട് പോലീസിനോ വൈദികർക്കോ ഞങ്ങളെ പിടികൂടാൻ അത്ര എളുപ്പമായിരുന്നില്ല. സാക്ഷികളുടെ പ്രസംഗപ്രവർത്തനം നിരോധിക്കപ്പെട്ടിരുന്ന ഒരു ഫാസിസ്റ്റ് കത്തോലിക്കാ ഏകാധിപത്യ വ്യവസ്ഥിതിയിലാണ് ഞങ്ങൾ കഴിഞ്ഞിരുന്നത് എന്നോർക്കണം. വിദേശികളായ ഞങ്ങളെ തിരിച്ചറിയാതിരിക്കാൻ ഞങ്ങൾ സ്‌പാനിഷ് പേരുകൾ സ്വീകരിച്ചു. ഞാൻ പാബ്ലോയും ഹേസൽ ജ്വാനായും ആയി.
മാഡ്രിഡിലെ ഏതാനും മാസത്തെ സേവനത്തിനുശേഷം ഞങ്ങൾക്ക് ബാർസെലോണയിൽ സർക്കിട്ട് വേലയ്‌ക്കുള്ള നിയമനം ലഭിച്ചു. ഞങ്ങൾ നഗരത്തിലെ വിവിധ സഭകൾ സന്ദർശിച്ചു, മിക്കപ്പോഴും ഓരോ സഭയിലും രണ്ടോ മൂന്നോ ആഴ്‌ച ചെലവഴിക്കുമായിരുന്നു. ഓരോ പുസ്‌തകാധ്യയന കൂട്ടത്തെയും ഒരു സഭ എന്ന പോലെ സന്ദർശിക്കേണ്ടിയിരുന്നു, സാധാരണഗതിയിൽ ആഴ്‌ചയിൽ രണ്ടു കൂട്ടങ്ങളെ വീതം. സന്ദർശനങ്ങൾ അത്രയും നീളാൻ കാരണം അതായിരുന്നു.
ഒരു അപ്രതീക്ഷിത വെല്ലുവിളി
സ്‌പെയിനിൽ ഡിസ്‌ട്രിക്‌റ്റ് വേല ഏറ്റെടുക്കാൻ 1963-ൽ ഞങ്ങൾക്കു ക്ഷണം ലഭിച്ചു. അവിടെയുള്ള പ്രവർത്തനനിരതരായ 3,000-ത്തോളം സാക്ഷികളെ സേവിക്കാൻ ഞങ്ങൾ രാജ്യം മുഴുവൻ സഞ്ചരിക്കണമായിരുന്നു. അന്ന് അവിടെ ആകെ ഒമ്പതു സർക്കിട്ടുകളാണ് ഉണ്ടായിരുന്നത്. സർക്കിട്ട് സമ്മേളനങ്ങളിൽ ചിലത് സെവില്ലിന് അരികെയുള്ള കാട്ടിലും ജിജോനിന് അരികെയുള്ള ഒരു കൃഷിയിടത്തിലും മാഡ്രിഡ്, ബാർസെലോണ, ലൊഗ്രോന്യോ എന്നിവിടങ്ങൾക്കു സമീപമുള്ള നദിക്കരയിലുമൊക്കെയാണ് നടത്തിയത്. രഹസ്യമായി നടത്തപ്പെട്ട ഈ സമ്മേളനങ്ങൾ എന്നെന്നും ഓർമയിൽ തങ്ങിനിൽക്കും.
വീടുതോറുമുള്ള ശുശ്രൂഷയിൽ ഏർപ്പെടുമ്പോൾ ഒരു മുൻകരുതൽ എന്ന നിലയിൽ ഞാൻ അടുത്തുള്ള തെരുവുകൾ ഏതൊക്കെയാണെന്നു നോക്കിവെക്കുമായിരുന്നു, എന്തെങ്കിലും കുഴപ്പം പറ്റിയാൽ ഓടി രക്ഷപ്പെടാൻ. ഒരിക്കൽ ഞങ്ങൾ മാഡ്രിഡിൽ പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. ഞാനും കൂടെയുണ്ടായിരുന്ന സാക്ഷിയും മുകളിലത്തെ നിലയിൽ ആയിരുന്നു. പെട്ടെന്ന് താഴെ ആരൊക്കെയോ ചേർന്ന് ഒച്ച വെക്കുന്ന ശബ്ദം കേട്ടു. ഞങ്ങൾ ഉടനെ താഴേക്കു വന്നു. അപ്പോഴതാ ഒരു കൂട്ടം കൗമാരപ്രായക്കാരായ പെൺകുട്ടികൾ. ഇജാസ് ദെ മാറീയ (മറിയത്തിന്റെ പുത്രിമാർ) എന്ന ഒരു കത്തോലിക്കാ ഗ്രൂപ്പിലെ അംഗങ്ങളായിരുന്നു അവർ. അവർ അയൽക്കാർക്ക് ഞങ്ങളെ കുറിച്ചു മുന്നറിയിപ്പു കൊടുക്കുകയായിരുന്നു. അവരുമായി ന്യായവാദം ചെയ്യുന്നതിൽ യാതൊരു കാര്യവുമില്ലെന്നു മനസ്സിലായതോടെ സമയം പാഴാക്കാതെ ഞങ്ങൾ സ്ഥലം വിട്ടു. അല്ലെങ്കിൽ പോലീസിന്റെ പിടിയിലാകുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു!
സ്‌പെയിനിൽ ചെലവഴിച്ച ആ വർഷങ്ങൾ തികച്ചും ആവേശകരമായിരുന്നു. പ്രത്യേക പയനിയർ ശുശ്രൂഷകർ ഉൾപ്പെടെ അവിടത്തെ ആ നല്ല സഹോദരങ്ങളെ പ്രോത്സാഹിപ്പിക്കാൻ ഞങ്ങൾ ശ്രമിക്കുകയായിരുന്നു. ജയിൽഭീഷണിയും പരാധീനതകളും വകവെക്കാതെയാണ് അവർ ദൈവരാജ്യത്തെ കുറിച്ചുള്ള സുവാർത്ത പ്രസംഗിക്കുകയും സഭകൾ സ്ഥാപിക്കുകയും അവയെ കെട്ടുപണി ചെയ്യുകയും ചെയ്‌തത്.
ഈ കാലയളവിൽ ഞങ്ങളുടെ ജീവിതത്തിൽ ദുഃഖകരമായ ചില സംഭവങ്ങളും ഉണ്ടായി. ഹേസൽ പറയുന്നു: “1964-ൽ എന്റെ അമ്മ മരിച്ചു. ഒരു വിശ്വസ്‌ത സാക്ഷിയായിരുന്നു അവർ. അമ്മയോട് അവസാനമായി ഒരു വാക്കു പോലും സാധിച്ചില്ലെന്നുള്ളതാണ് ഏറ്റവും ദുഃഖകരം. മിഷനറി ജീവിതത്തിൽ ഇത്തരത്തിലുള്ള അനുഭവം ഉണ്ടായ മറ്റു പലരുമുണ്ട്.”
ഒടുവിൽ സ്വാതന്ത്ര്യം
വർഷങ്ങളായുള്ള പീഡനത്തിനുശേഷം, 1970 ജൂലൈയിൽ ഫ്രാങ്കോ ഗവൺമെന്റ് ഞങ്ങളുടെ വേലയ്‌ക്കു നിയമാംഗീകാരം നൽകി. രാജ്യഹാളുകൾ തുറന്നപ്പോൾ എനിക്കും ഹേസലിനും ഉണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു. ആദ്യത്തേത് മാഡ്രിഡിലും രണ്ടാമത്തേത് ബാർസെലോണയിലെ ലെസെപ്‌സിലും ആയിരുന്നു. രാജ്യഹാളുകളുടെ വെളിയിലായി എല്ലായ്‌പോഴും അവയുടെ വലിയ ബോർഡുകൾ ഉണ്ടായിരുന്നു, മിക്കപ്പോഴും ലൈറ്റുകളും മറ്റും കത്തിച്ച് അവ അലങ്കരിക്കുകയും ചെയ്‌തിരുന്നു. യഹോവയുടെ സാക്ഷികൾക്ക് നിയമാംഗീകാരം
ലഭിച്ചിരിക്കുന്നുവെന്നും ഇനി അവർ എന്നും അവിടെത്തന്നെ കാണുമെന്നും എല്ലാവരെയും അറിയിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു! അപ്പോൾ, അതായത് 1972-ൽ, സ്‌പെയിനിൽ 17,000-ത്തോളം സാക്ഷികൾ ഉണ്ടായിരുന്നു.ഏതാണ്ട് ഈ സമയത്താണ് എനിക്ക് ഇംഗ്ലണ്ടിൽനിന്ന് ഒരു സന്തോഷവാർത്ത ലഭിച്ചത്. 1969-ൽ ഞങ്ങൾ സ്‌പെയിനിൽ ആയിരുന്നപ്പോൾ ഡാഡി ഞങ്ങളെ സന്ദർശിച്ചിരുന്നു. സ്‌പെയിനിലെ സാക്ഷികളുടെ പെരുമാറ്റം അദ്ദേഹത്തിൽ വളരെയധികം മതിപ്പുളവാക്കി. അങ്ങനെ ഇംഗ്ലണ്ടിൽ മടങ്ങിച്ചെന്ന് അദ്ദേഹം ബൈബിൾ പഠിക്കാൻ തുടങ്ങി. 1971-ൽ ഡാഡി സ്‌നാപനമേറ്റതായി എനിക്കു വിവരം ലഭിച്ചു! ഞങ്ങൾ വീട്ടിൽ ചെന്ന അവസരത്തിൽ, ഒരുമിച്ചു ഭക്ഷണത്തിന് ഇരുന്നപ്പോൾ ഒരു ക്രിസ്‌തീയ സഹോദരൻ എന്ന നിലയിൽ ഡാഡി പ്രാർഥിച്ചത് എന്റെ ഹൃദയത്തെ വളരെയേറെ സ്‌പർശിച്ചു. ആ ദിവസത്തിനായി 20-തിലധികം വർഷമായി ഞാൻ കാത്തിരിക്കുകയായിരുന്നു. എന്റെ സഹോദരൻ ബോബും ഭാര്യ ഐറിസും 1958-ൽ സാക്ഷികൾ ആയിത്തീർന്നിരുന്നു. അവരുടെ മകൻ ഫിലിപ്പ് ഭാര്യ ജീനുമൊത്ത് ഇപ്പോൾ സ്‌പെയിനിൽ സർക്കിട്ട് മേൽവിചാരകനായി സേവിക്കുന്നു. അവർ ആ രാജ്യത്ത് സേവിക്കുന്നതു ഞങ്ങൾക്ക് എത്ര സന്തോഷം പകരുന്നുവെന്നോ!
ഏറ്റവും അടുത്തകാലത്ത് ഉണ്ടായ വിസ്‌മയം
ഭരണസംഘത്തിലെ ഒരംഗം മേഖലാമേൽവിചാരകനെന്ന നിലയിൽ 1980 ഫെബ്രുവരിയിൽ സ്‌പെയിൻ സന്ദർശിച്ചു. എന്നോടൊപ്പം ശുശ്രൂഷയിൽ ഏർപ്പെടാൻ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചത് എന്നെ അത്ഭുതപ്പെടുത്തി. എന്നെ നിരീക്ഷിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യമെന്ന് ഞാൻ മനസ്സിലാക്കിയതേ ഇല്ല! സെപ്‌റ്റംബറിൽ, ന്യൂയോർക്കിലെ ബ്രുക്ലിനിലുള്ള ലോകാസ്ഥാനത്തേക്കു ചെല്ലാൻ ഞങ്ങൾക്കു ക്ഷണം ലഭിച്ചു! ഞങ്ങൾ അന്തംവിട്ടുപോയി! സ്‌പെയിനിലെ സഹോദരങ്ങളെ വിട്ടുപോകുന്നത് ഹൃദയഭേദകമായിരുന്നെങ്കിലും ഞങ്ങൾ ആ ക്ഷണം സ്വീകരിച്ചു. അപ്പോൾ സ്‌പെയിനിൽ 48,000 സാക്ഷികൾ ഉണ്ടായിരുന്നു!
സ്‌പെയിൻ വിട്ടുപോരുമ്പോൾ, ഒരു സഹോദരൻ എനിക്ക് ഒരു പോക്കറ്റ് വാച്ച് സമ്മാനമായി നൽകി. അതിന്മേൽ രണ്ടു ബൈബിൾ വാക്യങ്ങൾ ആലേഖനം ചെയ്‌തിരുന്നു—“ലൂക്കാസ് 16:10; ലൂക്കാസ് 17:10.” അവ എന്റെ ആധാര വാക്യങ്ങളായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ചെറിയ കാര്യങ്ങളിൽ പോലും നാം വിശ്വസ്‌തരായിരിക്കണമെന്ന് ലൂക്കൊസ് 16:10 ഊന്നിപ്പറയുന്നു; നാം “പ്രയോജനം ഇല്ലാത്ത ദാസന്മാർ” ആണെന്നും അതുകൊണ്ടുതന്നെ നമുക്ക് വീമ്പിളക്കാനുള്ള യാതൊരു കാരണവും ഇല്ലെന്നും ലൂക്കൊസ് 17:10 പറയുന്നു. നാം യഹോവയുടെ സേവനത്തിൽ എന്തു ചെയ്‌താലും സമർപ്പിത ക്രിസ്‌ത്യാനികൾ എന്ന നിലയിലുള്ള നമ്മുടെ ഉത്തരവാദിത്വം മാത്രമാണ് അതെന്ന് ഞാൻ എല്ലായ്‌പോഴും ഓർത്തിട്ടുണ്ട്.
ആരോഗ്യസംബന്ധമായ ഒരു വിസ്‌മയം
എനിക്ക് 1990-ൽ ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടാകാൻ തുടങ്ങി. ഒടുവിൽ ഒരു സ്റ്റെന്റ് കടത്തി എന്റെ അടഞ്ഞുപോയ ഹൃദയധമനി തുറക്കേണ്ടതായിവന്നു. ശാരീരികമായി അവശത അനുഭവിച്ചിരുന്ന ഈ സമയത്തൊക്കെയും ഹേസൽ പല വിധങ്ങളിൽ എന്നെ തുണച്ചിട്ടുണ്ട്. എനിക്ക് ബാഗുകളും സൂട്ട്‌കേസുകളുമൊന്നും പിടിക്കാൻ സാധിക്കില്ലായിരുന്നതുകൊണ്ട് മിക്കപ്പോഴും അവളാണ് അവയെല്ലാം ചുമന്നിരുന്നത്. 2000 മേയിൽ എന്റെ ഹൃദയത്തോട് പേസ്‌മേക്കർ ഘടിപ്പിച്ചു. അതോടെ എന്റെ അവസ്ഥയ്‌ക്ക് എത്ര ഗണ്യമായ മാറ്റമാണു വന്നിരിക്കുന്നതെന്നോ!
കഴിഞ്ഞ 50-ലധികം വർഷമായി, ഞാനും ഹേസലും ഒട്ടേറെ കാര്യങ്ങൾ പഠിച്ചിരിക്കുന്നു. യഹോവയുടെ കൈ കുറുകീട്ടില്ലെന്നും തക്ക സമയത്ത് അവന്റെ ഉദ്ദേശ്യങ്ങൾ—നമ്മുടേതല്ല—നിറവേറുമെന്നും ഞങ്ങൾ മനസ്സിലാക്കി. (യെശയ്യാവു 59:1; ഹബക്കൂക് 2:3) ഞങ്ങളുടെ ജീവിതത്തിൽ സന്തോഷകരമായ ഒട്ടേറെ വിസ്‌മയങ്ങൾ ഉണ്ടായിട്ടുണ്ട്, ചില ദുഃഖകരമായ അനുഭവങ്ങളും. എന്നാൽ പിടിച്ചുനിൽക്കാൻ യഹോവ ഞങ്ങളെ എപ്പോഴും സഹായിച്ചിരിക്കുന്നു. ഇവിടെ, യഹോവയുടെ ജനത്തിന്റെ ലോകാസ്ഥാനത്ത് ഭരണസംഘത്തിലെ അംഗങ്ങളുമൊത്തുള്ള സഹവാസം ഞങ്ങൾക്കു ദിവസവും ആസ്വദിക്കാൻ സാധിക്കുന്നു. ചിലപ്പോൾ ഞാൻ എന്നോടുതന്നെ ചോദിക്കും, ‘ഇത് സ്വപ്‌നമാണോ യാഥാർഥ്യമാണോ?’ അത് ദൈവത്തിന്റെ അനർഹദയതന്നെയാണ്. (2 കൊരിന്ത്യർ 12:9, NW) സാത്താന്റെ തന്ത്രങ്ങളിൽനിന്ന് യഹോവ തുടർന്നും സംരക്ഷണം നൽകുമെന്നും ഭൂമിമേൽ അവന്റെ നീതിനിഷ്‌ഠമായ ഭരണം വരുന്ന ആ ദിവസം കാണാൻ ഇടയാക്കുമെന്നും ഞങ്ങൾ വിശ്വസിക്കുന്നു.—എഫെസ്യർ 6:11-18; വെളിപ്പാടു 21:1-4.
[26-ാം പേജിലെ ചിത്രം]
മാഞ്ചെസ്റ്ററിലുള്ള സ്‌ട്രെയ്‌ഞ്ച്‌വെയ്‌സ് ജയിൽ, എന്നെ ആദ്യം തടവിലിട്ട സ്ഥലം
[27-ാം പേജിലെ ചിത്രം]
ഇംഗ്ലണ്ടിൽ സർക്കിട്ട് വേലയിൽ ആയിരിക്കെ, ഓസ്റ്റിൻ സെവൻ മോഡലിലുള്ള ഞങ്ങളുടെ കാറിന്റെ സമീപം
[28-ാം പേജിലെ ചിത്രം]
1962-ൽ സ്‌പെയിനിലെ മാഡ്രിഡിലുള്ള തെർസെദില്യയിൽ രഹസ്യമായി നടത്തപ്പെട്ട ഒരു സമ്മേളനം
[29-ാം പേജിലെ ചിത്രം]
ബ്രുക്ലിനിലെ ഞങ്ങളുടെ സാക്ഷീകരണ മേശയ്‌ക്കു സമീപം