വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയെ അനുകരിച്ചുകൊണ്ട്‌ മക്കളെ പരിശീലിപ്പിക്കുക

യഹോവയെ അനുകരിച്ചുകൊണ്ട്‌ മക്കളെ പരിശീലിപ്പിക്കുക

യഹോവയെ അനുകരിച്ചുകൊണ്ട്‌ മക്കളെ പരിശീലിപ്പിക്കുക

“എല്ലാ മാതാപിതാക്കളും തങ്ങളുടെ മക്കളെ തിരുത്താറില്ലേ?”​—⁠എബ്രായർ 12:​7, സമകാലീന ഇംഗ്ലീഷ്‌ ഭാഷാന്തരം.

1, 2. ഇക്കാലത്തു മക്കളെ വളർത്തിക്കൊണ്ടുവരുന്ന കാര്യത്തിൽ മാതാപിതാക്കൾക്കു ബുദ്ധിമുട്ടുള്ളത്‌ എന്തുകൊണ്ടാണ്‌?

ഏതാനും വർഷങ്ങൾക്കു മുമ്പ്‌ ജപ്പാനിൽ ഒരു സർവേ നടന്നു. അതിൽ പങ്കെടുത്ത പ്രായപൂർത്തിയായവരിൽ പകുതിയോളം പേരും, മാതാപിതാക്കളും മക്കളും തമ്മിലുള്ള ആശയവിനിമയം തീരെ കുറവാണെന്നും മാതാപിതാക്കൾ തങ്ങളുടെ മക്കളെ അമിതമായി ലാളിക്കുന്നുവെന്നും കരുതുന്നതായി അത്‌ അഭിപ്രായപ്പെട്ടു. ആ രാജ്യത്തുതന്നെ നടത്തിയ മറ്റൊരു സർവേയിൽ പങ്കെടുത്തവരിൽ ഏതാണ്ട്‌ 25 ശതമാനം പേർ, കുട്ടികളോട്‌ എങ്ങനെ ഇടപെടണമെന്ന്‌ തങ്ങൾക്ക്‌ അറിയില്ലെന്നു പറഞ്ഞു. ഇത്‌ പൗരസ്‌ത്യ ദേശത്തെ മാത്രം ഒരു പ്രശ്‌നമല്ല. “എങ്ങനെ നല്ല മാതാപിതാക്കൾ ആയിരിക്കാമെന്നു തങ്ങൾക്ക്‌ അറിയില്ലെന്ന്‌ കാനഡയിലെ പല മാതാപിതാക്കളും സമ്മതിച്ചു” എന്ന്‌ ദ ടൊറന്റോ സ്റ്റാർ റിപ്പോർട്ടു ചെയ്‌തു. തങ്ങളുടെ മക്കളെ വളർത്തിക്കൊണ്ടുവരുന്നതു ദുഷ്‌കരമാണെന്ന്‌ എല്ലായിടത്തുമുള്ള മാതാപിതാക്കൾ തിരിച്ചറിയുന്നു.

2 മക്കളെ വളർത്തിക്കൊണ്ടു വരുന്ന കാര്യത്തിൽ മാതാപിതാക്കൾക്കു ബുദ്ധിമുട്ടുള്ളത്‌ എന്തുകൊണ്ടാണ്‌? “ദുർഘടസമയങ്ങൾ” നിറഞ്ഞ “അന്ത്യകാല”ത്താണ്‌ നാം ജീവിക്കുന്നത്‌ എന്നതാണ്‌ ഒരു പ്രമുഖ കാരണം. (2 തിമൊഥെയൊസ്‌ 3:1) മാത്രമല്ല, “മനുഷ്യന്റെ മനോനിരൂപണം ബാല്യംമുതൽ ദോഷമുള്ളതു ആകുന്നു” എന്നും ബൈബിൾ പ്രസ്‌താവിക്കുന്നു. (ഉല്‌പത്തി 8:21) ഇനിയും, ഒരു “അലറുന്ന സിംഹം” എന്നപോലെ അനുഭവജ്ഞാനം കുറവുള്ളവരുടെമേൽ ചാടിവീഴുന്ന സാത്താൻ വിശേഷാൽ നോട്ടമിട്ടിരിക്കുന്നത്‌ യുവപ്രായക്കാരെയാണ്‌. (1 പത്രൊസ്‌ 5:8) മക്കളെ “യഹോവയുടെ ശിക്ഷണത്തിലും മാനസിക ക്രമവത്‌കരണത്തിലും” വളർത്തിക്കൊണ്ടുവരാൻ ദൃഢചിത്തരായ ക്രിസ്‌തീയ മാതാപിതാക്കൾക്ക്‌ തീർച്ചയായും ധാരാളം പ്രതിബന്ധങ്ങൾ ഉണ്ടാകും. (എഫെസ്യർ 6:​4, NW) “നന്മതിന്മകളെ തിരിച്ചറിവാൻ” പ്രാപ്‌തിയുള്ളവരായി, യഹോവയുടെ പക്വതയുള്ള ആരാധകരായി വളർന്നുവരാൻ മാതാപിതാക്കൾക്കു മക്കളെ എങ്ങനെ സഹായിക്കാനാകും?​—⁠എബ്രായർ 5:⁠14.

3. മാതാപിതാക്കൾ നൽകുന്ന പരിശീലനവും മാർഗനിർദേശവും കുട്ടികളുടെ വിജയകരമായ വളർച്ചയ്‌ക്ക്‌ അത്യന്താപേക്ഷിതം ആയിരിക്കുന്നത്‌ എന്തുകൊണ്ട്‌?

3 “ബാലന്റെ ഹൃദയത്തോടു ഭോഷത്വം പററിയിരിക്കുന്നു” എന്ന്‌ ജ്ഞാനിയായ ശലോമോൻ രാജാവ്‌ അഭിപ്രായപ്പെട്ടു. (സദൃശവാക്യങ്ങൾ 13:​1; 22:15) തങ്ങളുടെ ഹൃദയത്തിൽനിന്ന്‌ അത്തരം ഭോഷത്തം അകറ്റാൻ യുവജനങ്ങൾക്കു മാതാപിതാക്കളിൽ നിന്നുള്ള സ്‌നേഹപുരസ്സരമായ തിരുത്തൽ ആവശ്യമാണ്‌. എന്നാൽ, യുവജനങ്ങൾ അത്തരത്തിലുള്ള തിരുത്തൽ എപ്പോഴും സ്വീകരിക്കുന്നില്ല. ഒട്ടുമിക്കപ്പോഴും ബുദ്ധിയുപദേശം ലഭിക്കുന്നതിൽ അവർ നീരസം പ്രകടമാക്കുന്നു എന്നതാണു വാസ്‌തവം, അതു നൽകുന്നത്‌ ആരുതന്നെ ആയിരുന്നാലും. അതിനാൽ, മാതാപിതാക്കൾ “ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക”ണം. (സദൃശവാക്യങ്ങൾ 22:6) കുട്ടികൾ അത്തരം ശിക്ഷണം സ്വീകരിക്കുമ്പോൾ, അത്‌ അവർക്കു ജീവനെ അർഥമാക്കും. (സദൃശവാക്യങ്ങൾ 4:13) മക്കളെ പരിശീലിപ്പിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്നത്‌ എന്താണെന്ന്‌ മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ടത്‌ എത്ര പ്രധാനമാണ്‌!

ശിക്ഷണം​—⁠അതിന്റെ അർഥം

4. ബൈബിളിൽ ഉപയോഗിച്ചിരിക്കുന്ന പ്രകാരം “ശിക്ഷണം” എന്നതിന്റെ അടിസ്ഥാന അർഥം എന്ത്‌?

4 ചിലർ തങ്ങളുടെ കുട്ടികളെ തിരുത്തുന്നതിൽനിന്നു വിട്ടുനിൽക്കുന്നു. കാരണം, അങ്ങനെ ചെയ്യുന്നത്‌ ശാരീരികമോ വൈകാരികമോ വാചികമോ ആയ ദ്രോഹമായി കണക്കാക്കപ്പെടുമെന്ന്‌ അവർ ഭയക്കുന്നു. എന്നാൽ നമുക്ക്‌ അത്തരം ഭയത്തിന്റെ ആവശ്യമില്ല. ബൈബിളിൽ ഉപയോഗിച്ചിരിക്കുന്ന പ്രകാരം, “ശിക്ഷണം” എന്ന പദം ഏതെങ്കിലും തരത്തിലുള്ള ദ്രോഹത്തെയോ ക്രൂരതയെയോ അർഥമാക്കുന്നില്ല. “ശിക്ഷണം” എന്നതിന്റെ ഗ്രീക്കു പദം അടിസ്ഥാനപരമായി പ്രബോധനം, വിദ്യാഭ്യാസം, തിരുത്തൽ എന്നിവയോടും ചിലപ്പോൾ ഉറച്ചതും അതേസമയം സ്‌നേഹപുരസ്സരവുമായ ശിക്ഷയോടും ബന്ധപ്പെട്ടിരിക്കുന്നു.

5. യഹോവ തന്റെ ജനത്തോട്‌ ഇടപെടുന്ന വിധം പരിചിന്തിക്കുന്നത്‌ പ്രയോജനകരം ആയിരിക്കുന്നത്‌ എന്തുകൊണ്ട്‌?

5 അത്തരം ശിക്ഷണം നൽകുന്നതിൽ യഹോവയാം ദൈവം ഉത്തമ മാതൃക വെക്കുന്നു. യഹോവയെ ഒരു മനുഷ്യ പിതാവിനോടു താരതമ്യം ചെയ്‌തുകൊണ്ട്‌ പൗലൊസ്‌ അപ്പൊസ്‌തലൻ എഴുതി: “എല്ലാ മാതാപിതാക്കളും തങ്ങളുടെ മക്കളെ തിരുത്താറില്ലേ? . . . നമ്മുടെ മനുഷ്യ പിതാക്കന്മാർ ഒരു ഹ്രസ്വ കാലത്തേക്കു നമ്മെ തിരുത്തുന്നു, തങ്ങൾക്ക്‌ ഏറ്റവും മികച്ചത്‌ എന്നു തോന്നുന്ന വിധത്തിലാണ്‌ അവർ അതു ചെയ്യുന്നത്‌. എന്നാൽ ദൈവമാകട്ടെ നമ്മുടെ നന്മയ്‌ക്കായി നമ്മെ തിരുത്തുന്നു, കാരണം നാം വിശുദ്ധരായിരിക്കാൻ അവൻ ആഗ്രഹിക്കുന്നു.” (എബ്രായർ 12:7-10, സമകാലീന ഇംഗ്ലീഷ്‌ ഭാഷാന്തരം) അതേ, തന്റെ ജനം വിശുദ്ധരും നിർമലരും ആയിരിക്കാനാണ്‌ യഹോവ അവരെ ശിക്ഷിക്കുന്നത്‌. യഹോവ തന്റെ ജനത്തെ പരിശീലിപ്പിച്ചിരിക്കുന്ന വിധം പരിചിന്തിക്കുന്നതുവഴി കുട്ടികൾക്കു ശിക്ഷണം നൽകുന്നതു സംബന്ധിച്ച്‌ നമുക്കു തീർച്ചയായും വളരെ കാര്യങ്ങൾ പഠിക്കാനാകും.​—⁠ആവർത്തനപുസ്‌തകം 32:4; മത്തായി 7:11; എഫെസ്യർ 5:⁠1.

സ്‌നേഹം​—⁠പ്രേരകശക്തി

6. മാതാപിതാക്കൾക്ക്‌ യഹോവയുടെ സ്‌നേഹത്തെ അനുകരിക്കുക ദുഷ്‌കരമായിരുന്നേക്കാവുന്നത്‌ എന്തുകൊണ്ട്‌?

6 “ദൈവം സ്‌നേഹം തന്നേ” എന്നു യോഹന്നാൻ അപ്പൊസ്‌തലൻ പറയുന്നു. അപ്പോൾ യഹോവ നൽകുന്ന പരിശീലനം എപ്പോഴും സ്‌നേഹത്താൽ പ്രേരിതമായിരിക്കും. (1 യോഹന്നാൻ 4:8; സദൃശവാക്യങ്ങൾ 3:11, 12) മക്കളോടു സ്വാഭാവിക വാത്സല്യമുള്ള മാതാപിതാക്കൾക്ക്‌ ഇക്കാര്യത്തിൽ യഹോവയെ അനുകരിക്കുക എളുപ്പമായിരിക്കും എന്നാണോ അതിന്റെ അർഥം? അവശ്യം അങ്ങനെ അല്ല. ദൈവസ്‌നേഹം തത്ത്വാധിഷ്‌ഠിതമാണ്‌. അത്തരം സ്‌നേഹം “സ്വാഭാവിക ചായ്‌വുകളുമായി എല്ലായ്‌പോഴും ചേർന്നുവരുന്നില്ല” എന്ന്‌ ഒരു ഗ്രീക്കു പണ്ഡിതൻ ചൂണ്ടിക്കാട്ടുന്നു. കേവലം ലോലമായ വികാരപ്രകടനങ്ങളാൽ സ്വാധീനിക്കപ്പെടുന്നവനല്ല ദൈവം. തന്റെ ജനത്തിന്‌ ഉത്തമം ആയിരിക്കുന്നത്‌ എന്താണെന്ന്‌ അവൻ എപ്പോഴും ചിന്തിക്കുന്നു.​—⁠യെശയ്യാവു 30:20; 48:⁠17.

7, 8. (എ) തന്റെ ജനത്തോടുള്ള ഇടപെടലിൽ യഹോവ തത്ത്വാധിഷ്‌ഠിത സ്‌നേഹത്തിന്റെ എന്തു ദൃഷ്ടാന്തം വെച്ചു? (ബി) ബൈബിൾ തത്ത്വങ്ങൾ പിൻപറ്റാനുള്ള പ്രാപ്‌തി വളർത്തിയെടുക്കാൻ മക്കളെ സഹായിക്കുന്ന കാര്യത്തിൽ മാതാപിതാക്കൾക്ക്‌ എങ്ങനെ യഹോവയെ അനുകരിക്കാനാകും?

7 ഇസ്രായേല്യരോടുള്ള ഇടപെടലുകളിൽ യഹോവ പ്രകടമാക്കിയ സ്‌നേഹത്തെ കുറിച്ചു ചിന്തിക്കുക. ബാല്യാവസ്ഥയിൽ ആയിരുന്ന ഇസ്രായേൽ ജനതയോടുള്ള യഹോവയുടെ സ്‌നേഹത്തെ കുറിച്ചു വിവരിക്കാൻ മോശെ മനോഹരമായ ഒരു ഉപമ ഉപയോഗിച്ചു. അതു സംബന്ധിച്ച്‌ നാം ഇങ്ങനെ വായിക്കുന്നു: “കഴുകൻ തന്റെ കൂടു അനക്കി കുഞ്ഞുങ്ങൾക്കു മീതെ പറക്കുമ്പോലെ താൻ ചിറകു വിരിച്ചു അവനെ എടുത്തു തന്റെ ചിറകിന്മേൽ അവനെ വഹിച്ചു. യഹോവ തനിയേ [യാക്കോബിനെ] നടത്തി.” (ആവർത്തനപുസ്‌തകം 32:​9, 11, 12) കുഞ്ഞുങ്ങളെ പറക്കാൻ പഠിപ്പിക്കുന്നതിന്‌ തള്ളക്കഴുകൻ ‘കൂട്‌ അനക്കു’ന്നു. ചിറകു വിരിച്ചു നിൽക്കുകയും ചിറകിട്ടടിക്കുകയും ചെയ്‌തുകൊണ്ട്‌ അവൾ അവയെ പറക്കാൻ പ്രേരിപ്പിക്കുന്നു. സാധാരണ ഗതിയിൽ കിഴുക്കാം തൂക്കായ ഒരു പാറയുടെ മുകളിലുള്ള കൂട്ടിൽനിന്ന്‌ ഒടുവിൽ കുഞ്ഞ്‌ താഴേക്കു ചാടുമ്പോൾ, തള്ളപ്പക്ഷി അവയ്‌ക്കു ‘മീതെ പറക്കുന്നു.’ കുഞ്ഞ്‌ നിലത്തു പതിക്കുമെന്നു തോന്നിയാൽ, തള്ള താഴേക്കു പറന്നുചെന്ന്‌ അതിനെ “തന്റെ ചിറകിന്മേൽ” വഹിക്കും. യഹോവ തന്റെ നവജാത ഇസ്രായേൽ ജനതയെ സമാനമായ ഒരു വിധത്തിൽ പരിപാലിച്ചു. അവൻ ആ ജനത്തിനു മോശൈക ന്യായപ്രമാണം നൽകി. (സങ്കീർത്തനം 78:5-8) തന്റെ ജനം ആപത്തിൽ അകപ്പെടുന്നപക്ഷം, അവരുടെ രക്ഷയ്‌ക്ക്‌ എത്താൻ അവൻ സശ്രദ്ധം അവരെ കാവൽ ചെയ്‌തു.

8 ക്രിസ്‌തീയ മാതാപിതാക്കൾക്ക്‌ യഹോവയുടെ സ്‌നേഹത്തെ എങ്ങനെ അനുകരിക്കാൻ കഴിയും? ഒന്നാമത്‌, ദൈവവചനത്തിലെ തത്ത്വങ്ങളും നിലവാരങ്ങളും അവർ തങ്ങളുടെ കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ട്‌. (ആവർത്തനപുസ്‌തകം 6:4-9) ബൈബിൾ തത്ത്വങ്ങൾക്കു ചേർച്ചയിൽ തീരുമാനങ്ങളെടുക്കാൻ കുട്ടികളെ സഹായിക്കുക എന്നതാണ്‌ അവരുടെ ലക്ഷ്യം. അങ്ങനെ ചെയ്യവേ, പഠിച്ചിരിക്കുന്ന തത്ത്വങ്ങൾ അവർ എങ്ങനെ ബാധകമാക്കുന്നു എന്ന്‌ നിരീക്ഷിച്ചുകൊണ്ട്‌ സ്‌നേഹസമ്പന്നരായ മാതാപിതാക്കൾ ആലങ്കാരിക അർഥത്തിൽ കുഞ്ഞുങ്ങളുടെ ‘മീതെ പറക്കുന്നു.’ കുട്ടികൾ മുതിർന്നുവരവേ, ക്രമേണ അവർക്കു കൂടുതൽ സ്വാതന്ത്ര്യം ലഭിക്കുന്നു. എന്നാൽ, അപകടമുള്ള ഏതു സമയത്തും കരുതലുള്ള മാതാപിതാക്കൾ താഴേക്കു പറന്നുചെന്ന്‌ തങ്ങളുടെ കുട്ടികളെ ‘ചിറകിന്മേൽ വഹിക്കുന്നു.’ എങ്ങനെയുള്ള അപകടം?

9. സ്‌നേഹസമ്പന്നരായ മാതാപിതാക്കൾ എന്ത്‌ അപകടം സംബന്ധിച്ചു ജാഗ്രത പുലർത്തണം? ഉദാഹരിക്കുക.

9 തെറ്റായ സഹവാസത്തിന്റെ അനന്തരഫലങ്ങളെ കുറിച്ച്‌ യഹോവയാം ദൈവം ഇസ്രായേല്യർക്കു മുന്നറിയിപ്പു നൽകി. (സംഖ്യാപുസ്‌തകം 25:1-18; എസ്രാ 10:10-14) മോശമായ ആളുകളുമായി സഹവസിക്കുന്നത്‌ ഇക്കാലത്തും അപകടകരമാണ്‌. (1 കൊരിന്ത്യർ 15:33) ഇക്കാര്യത്തിൽ മാതാപിതാക്കൾ യഹോവയെ അനുകരിക്കേണ്ടതുണ്ട്‌. ലിസ എന്ന 15 വയസ്സുകാരി തന്റെ കുടുംബത്തിന്റെ ധാർമികവും ആത്മീയവുമായ നിലവാരങ്ങൾ പുലർത്താത്ത ഒരു യുവാവിൽ ആകൃഷ്ടയായി. “എന്റെ മനോഭാവത്തിൽ വന്ന മാറ്റം അച്ഛനും അമ്മയും ശ്രദ്ധിച്ചു. അവർ അതിൽ ഉത്‌കണ്‌ഠ പ്രകടിപ്പിക്കുകയും ചെയ്‌തു. ചിലപ്പോൾ അവർ എനിക്കു തിരുത്തൽ നൽകി, മറ്റു ചിലപ്പോൾ അവർ എനിക്ക്‌ ആർദ്രമായ പ്രോത്സാഹനം തന്നു,” ലിസ പറയുന്നു. ലിസയ്‌ക്കു പറയാനുള്ളത്‌ അവർ സശ്രദ്ധം കേൾക്കുകയും അവളുടെ അടിസ്ഥാന പ്രശ്‌നം​—⁠സമപ്രായക്കാരുടെ അംഗീകാരം നേടാനുള്ള ആഗ്രഹം​—⁠മനസ്സിലാക്കിയ അവർ അവളെ സഹായിക്കുകയും ചെയ്‌തു. *

ആശയവിനിമയ മാർഗങ്ങൾ തുറന്നിടുക

10. ഇസ്രായേല്യരുമായി ആശയവിനിമയം നടത്തുന്ന കാര്യത്തിൽ യഹോവ ഏതെല്ലാം വിധങ്ങളിൽ ദൃഷ്ടാന്തം വെച്ചു?

10 കുട്ടികളെ പരിശീലിപ്പിക്കുന്നതിൽ വിജയിക്കണമെങ്കിൽ മാതാപിതാക്കൾ അവരുമായുള്ള ആശയവിനിമയ മാർഗങ്ങൾ തുറന്നിടണം. നമ്മുടെ ഹൃദയത്തിൽ ഉള്ളത്‌ എന്താണെന്ന്‌ യഹോവയ്‌ക്കു പൂർണമായി അറിയാമെങ്കിലും, താനുമായി ആശയവിനിമയം നടത്താൻ അവൻ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. (1 ദിനവൃത്താന്തം 28:9) ഇസ്രായേല്യർക്കു ന്യായപ്രമാണം നൽകിയശേഷം അവരെ പ്രബോധിപ്പിക്കാൻ യഹോവ ലേവ്യരെ നിയമിച്ചു. കൂടാതെ, ന്യായവാദം ചെയ്‌ത്‌ അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്താനും തിരുത്താനും അവൻ അവരുടെ പക്കലേക്കു പ്രവാചകന്മാരെയും അയച്ചു. അവരുടെ പ്രാർഥനകൾ കേൾക്കാനുള്ള മനസ്സൊരുക്കവും അവൻ പ്രകടമാക്കി.​—⁠2 ദിനവൃത്താന്തം 17:7-9; സങ്കീർത്തനം 65:2; യെശയ്യാവു 1:1-3, 18-20; യിരെമ്യാവു 25:4; ഗലാത്യർ 3:22-24.

11. (എ) മാതാപിതാക്കൾക്ക്‌ എങ്ങനെ മക്കളുമായി നല്ല ആശയവിനിമയം നടത്താൻ കഴിയും? (ബി) മക്കളുമായി ആശയവിനിമയം നടത്തുമ്പോൾ മാതാപിതാക്കൾ നല്ല ശ്രോതാക്കൾ ആയിരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

11 മക്കളുമായി ആശയവിനിമയം നടത്തുമ്പോൾ മാതാപിതാക്കൾക്ക്‌ എങ്ങനെ യഹോവയെ അനുകരിക്കാൻ കഴിയും? പ്രഥമവും പ്രധാനവുമായി, അവർ മക്കൾക്കായി സമയം കണ്ടെത്തണം. “അത്‌ ഇത്രയേ ഉള്ളോ? ഞാൻ വിചാരിച്ചു എന്തോ വലിയ കാര്യമാണെന്ന്‌”; “അതോ, നിസ്സാരം”; “മറ്റെന്തു പ്രതീക്ഷിക്കാൻ, നീ വെറുമൊരു കുട്ടിയല്ലേ?” എന്നതു പോലുള്ള ചിന്താശൂന്യമായ പരിഹാസ പ്രയോഗങ്ങൾ മാതാപിതാക്കൾ ഒഴിവാക്കണം. (സദൃശവാക്യങ്ങൾ 12:18) ഹൃദയം തുറന്നു സംസാരിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന്‌ ജ്ഞാനികളായ മാതാപിതാക്കൾ നല്ല ശ്രോതാക്കൾ ആയിരിക്കാൻ ശ്രദ്ധിക്കുന്നു. ബാല്യത്തിൽ ആയിരിക്കുന്ന കുട്ടികളെ മാതാപിതാക്കൾ അവഗണിച്ചാൽ, വളർന്നുകഴിയുമ്പോൾ അവർ മാതാപിതാക്കളെയും അവഗണിച്ചേക്കാം. തന്റെ ജനത്തിനു പറയാനുള്ളതു കേൾക്കാൻ യഹോവ എപ്പോഴും മനസ്സൊരുക്കം കാട്ടിയിട്ടുണ്ട്‌. പ്രാർഥനയിൽ താഴ്‌മയോടെ തന്നിലേക്കു തിരിയുന്നവരുടെ നേർക്ക്‌ അവന്റെ കാതുകൾ തുറന്നിരിക്കുന്നു.​—⁠സങ്കീർത്തനം 91:15; യിരെമ്യാവു 29:12; ലൂക്കൊസ്‌ 11:9-13.

12. മാതാപിതാക്കളുടെ ഏതു ഗുണങ്ങൾ കുട്ടികൾക്ക്‌ അവരെ സമീപിക്കുക എളുപ്പമാക്കിത്തീർക്കും?

12 ദൈവത്തിന്റെ വ്യക്തിത്വത്തിന്റെ ചില വശങ്ങൾ, അവന്റെ ജനത്തിന്‌ മടികൂടാതെ അവനെ സമീപിക്കുക എളുപ്പമാക്കിത്തീർത്തിരിക്കുന്നത്‌ എങ്ങനെ എന്നും പരിചിന്തിക്കുക. ഉദാഹരണത്തിന്‌, പുരാതന ഇസ്രായേലിലെ ദാവീദ്‌ രാജാവ്‌ ബത്ത്‌-ശേബയുമായി വ്യഭിചാരത്തിലേർപ്പെടുകവഴി കടുത്ത പാപം ചെയ്‌തു. അപൂർണ മനുഷ്യൻ ആയിരുന്നതിനാൽ ദാവീദ്‌ തന്റെ ജീവിതത്തിൽ ഗുരുതരമായ മറ്റു പാപങ്ങളും ചെയ്യുകയുണ്ടായി. എങ്കിലും, യഹോവയെ സമീപിച്ച്‌ അവന്റെ ക്ഷമയും തിരുത്തലും തേടുന്നതിൽനിന്ന്‌ അവൻ ഒരിക്കലും പിന്മാറിനിന്നില്ല. നിസ്സംശയമായും, ദൈവത്തിന്റെ മഹാദയയും കരുണയും അവന്റെ അടുക്കലേക്കു മടങ്ങിച്ചെല്ലുക ദാവീദിന്‌ എളുപ്പമാക്കിത്തീർത്തു. (സങ്കീർത്തനം 103:8) അനുകമ്പയും കരുണയും പോലുള്ള ദൈവിക ഗുണങ്ങൾ പ്രകടമാക്കുകവഴി, കുട്ടികൾ തെറ്റു ചെയ്യുമ്പോൾ പോലും മാതാപിതാക്കൾക്ക്‌ ആശയവിനിമയ കവാടങ്ങൾ തുറന്നിടാനാകും.​—⁠സങ്കീർത്തനം 103:13; മലാഖി 3:⁠17.

ന്യായബോധമുള്ളവർ ആയിരിക്കുക

13. ന്യായബോധമുള്ളവർ ആയിരിക്കുന്നതിൽ എന്ത്‌ ഉൾപ്പെടുന്നു?

13 കുട്ടികൾക്കു പറയാനുള്ളതു ശ്രദ്ധിക്കുമ്പോൾ, മാതാപിതാക്കൾ ന്യായബോധമുള്ളവർ ആയിരുന്നുകൊണ്ട്‌ ‘ഉയരത്തിൽനിന്നുള്ള ജ്ഞാനം’ പ്രതിഫലിപ്പിക്കണം. (യാക്കോബ്‌ 3:17) “നിങ്ങളുടെ സൌമ്യത [“ന്യായബോധം,” NW] സകല മനുഷ്യരും അറിയട്ടെ” എന്നു പൗലൊസ്‌ അപ്പൊസ്‌തലൻ എഴുതി. (ഫിലിപ്പിയർ 4:5) ന്യായബോധമുള്ളവർ ആയിരിക്കുക എന്നാൽ എന്താണ്‌ അർഥം? ‘ന്യായബോധമുള്ള’ എന്നു വിവർത്തനം ചെയ്‌തിരിക്കുന്ന ഗ്രീക്കു പദത്തിന്റെ ഒരർഥം “നിയമത്തിന്റെ അക്ഷരങ്ങളിൽ കടിച്ചുതൂങ്ങാത്ത” എന്നാണ്‌. ധാർമികവും ആത്മീയവുമായ ഉന്നത നിലവാരങ്ങൾ ഉയർത്തിപ്പിടിക്കവേ, മാതാപിതാക്കൾക്ക്‌ എങ്ങനെ ന്യായബോധമുള്ളവർ ആയിരിക്കാൻ കഴിയും?

14. ലോത്തിനോട്‌ ഇടപെട്ടപ്പോൾ യഹോവ എങ്ങനെ ന്യായബോധം പ്രകടമാക്കി?

14 ന്യായബോധത്തിന്റെ കാര്യത്തിൽ യഹോവ വളരെ മികച്ച ദൃഷ്ടാന്തം വെക്കുന്നു. (സങ്കീർത്തനം 10:17) നാശത്തിനു വിധിക്കപ്പെട്ട നഗരമായ സൊദോം ഉപേക്ഷിച്ചുപോകാൻ ലോത്തിനോടും കുടുംബത്തോടും ആവശ്യപ്പെട്ടപ്പോൾ, ലോത്ത്‌ ‘താമസിച്ചു’ അഥവാ വൈകി. പിന്നീട്‌, പർവതപ്രദേശത്തേക്ക്‌ ഓടിപ്പോകാൻ യഹോവയുടെ ദൂതൻ ആവശ്യപ്പെട്ടപ്പോൾ ലോത്ത്‌ ഇങ്ങനെ പറഞ്ഞു: “പർവ്വതത്തിൽ ഓടി എത്തുവാൻ എനിക്കു കഴികയില്ല; . . . ഇതാ, ഈ പട്ടണം സമീപമാകുന്നു; അവിടേക്കു എനിക്കു ഓടാം; അതു ചെറിയതുമാകുന്നു; ഞാൻ അവിടേക്കു ഓടിപ്പോകട്ടെ. അതു ചെറിയതല്ലോ.” യഹോവ എങ്ങനെയാണ്‌ അതിനോടു പ്രതികരിച്ചത്‌? അവൻ പറഞ്ഞു: “ഇക്കാര്യത്തിലും ഞാൻ നിന്നെ കടാക്ഷിച്ചിരിക്കുന്നു; നീ പറഞ്ഞ പട്ടണം ഞാൻ മറിച്ചുകളകയില്ല.” (ഉല്‌പത്തി 19:16-21, 30) ലോത്തിന്റെ അപേക്ഷയെ മാനിക്കാൻ യഹോവ മനസ്സൊരുക്കമുള്ളവൻ ആയിരുന്നു. യഹോവ തന്റെ വചനമായ ബൈബിളിൽ വെച്ചിരിക്കുന്ന നിലവാരങ്ങളോട്‌ മാതാപിതാക്കൾ പറ്റിനിൽക്കേണ്ടതുണ്ട്‌. എന്നിരുന്നാലും, ബൈബിൾ തത്ത്വങ്ങൾ ലംഘിക്കപ്പെടാത്തപക്ഷം കുട്ടികളുടെ ആഗ്രഹങ്ങൾ കണക്കിലെടുക്കാവുന്നതാണ്‌.

15, 16. യെശയ്യാവു 28:24, 25-ൽ കാണുന്ന ദൃഷ്ടാന്തത്തിൽനിന്നു മാതാപിതാക്കൾക്ക്‌ എന്തു പഠിക്കാനാകും?

15 കുട്ടികൾ ബുദ്ധിയുപദേശം സ്വീകരിക്കാൻ സജ്ജരാകുമാറ്‌ അവരുടെ ഹൃദയത്തെ ഒരുക്കുന്നത്‌ ന്യായബോധമുള്ളവർ ആയിരിക്കുന്നതിൽ ഉൾപ്പെടുന്നു. ദൃഷ്ടാന്തരൂപത്തിൽ, യെശയ്യാവ്‌ യഹോവയെ ഒരു കർഷകനോട്‌ ഉപമിച്ചുകൊണ്ട്‌ ഇങ്ങനെ പറഞ്ഞു: “വിതെപ്പാൻ ഉഴുന്നവൻ ഇടവിടാതെ ഉഴുതുകൊണ്ടിരിക്കുന്നുവോ? അവൻ എല്ലായ്‌പോഴും നിലം കീറി കട്ട ഉടെച്ചുകൊണ്ടിരിക്കുന്നുവോ? നിലം നിരപ്പാക്കീട്ടു അവൻ കരിഞ്‌ജീരകം വിതെക്കയും ജീരകം വിതറുകയും കോതമ്പു ഉഴവുപൊളിയിലും യവം അതിന്നുള്ള സ്ഥലത്തും ചെറുകോതമ്പു അതിന്റെ അററത്തും ഇടുകയും ചെയ്യുന്നില്ലയോ?”​—⁠യെശയ്യാവു 28:24, 25.

16 യഹോവ ‘വിതപ്പാൻ ഉഴുക’യും ‘നിലം കീറി കട്ട ഉടയ്‌ക്കുക’യും ചെയ്യുന്നു. അങ്ങനെ തന്റെ ജനത്തിനു ശിക്ഷണം നൽകുന്നതിനു മുമ്പ്‌ അവൻ അവരുടെ ഹൃദയത്തെ ഒരുക്കുന്നു. മക്കളെ തിരുത്തുമ്പോൾ മാതാപിതാക്കൾക്ക്‌ എങ്ങനെ അവരുടെ ഹൃദയത്തെ ‘ഉഴാൻ’ കഴിയും? തന്റെ നാലു വയസ്സുകാരനായ മകനെ തിരുത്തുന്ന സമയത്ത്‌ ഒരു പിതാവ്‌ യഹോവയെ അനുകരിച്ചു. തന്റെ മകൻ അയൽപക്കത്തുള്ള ഒരു കുട്ടിയെ ഇടിച്ചപ്പോൾ, അങ്ങനെ ചെയ്യാനുണ്ടായ കാരണത്തെ കുറിച്ച്‌ ആ മകനു പറയാനുള്ളത്‌ പിതാവ്‌ സശ്രദ്ധം കേട്ടു. എന്നിട്ട്‌, ആ മകന്റെ ഹൃദയത്തെ ‘ഉഴുക’ എന്ന ഉദ്ദേശ്യത്തിൽ, ഒരു വഴക്കാളിയുടെ കയ്യിൽനിന്നു വളരെ കഷ്ടപ്പാടുകൾ സഹിക്കേണ്ടിവന്ന ഒരു ബാലന്റെ കഥ പിതാവ്‌ പറഞ്ഞുകേൾപ്പിച്ചു. കഥ കേട്ടപ്പോൾ, ആ വഴക്കാളി ശിക്ഷാർഹനാണെന്നു പറയാൻ കുട്ടി പ്രേരിതനായി. അത്തരത്തിലുള്ള ‘ഉഴവ്‌’ ആ ബാലന്റെ ഹൃദയത്തെ ഒരുക്കുകയും അയലത്തെ കുട്ടിയെ ഇടിച്ചതു തെറ്റാണെന്നു കാണാൻ സഹായിക്കുകയും ചെയ്‌തു.​—⁠2 ശമൂവേൽ 12:1-14.

17. മാതാപിതാക്കൾ നൽകുന്ന തിരുത്തലിന്റെ കാര്യത്തിൽ യെശയ്യാവു 28:26-29 എന്തു പാഠം പ്രദാനം ചെയ്യുന്നു?

17 യെശയ്യാവ്‌ തുടർന്ന്‌ യഹോവയുടെ തിരുത്തലിനെ കർഷകരുടെ മെതിക്കലിനോടു താരതമ്യപ്പെടുത്തി. ധാന്യക്കറ്റയുടെ കടുപ്പം അനുസരിച്ച്‌ കൃഷിക്കാരൻ വ്യത്യസ്‌ത മെതിക്കൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നു. മൃദുലമായ കരിഞ്‌ജീരകത്തിനു നേർത്ത വടിയും ജീരകത്തിനു കട്ടിയുള്ള ദണ്ഡും ഉപയോഗിക്കുന്നു. അതേസമയം, കട്ടികൂടിയ കറ്റയിൽനിന്നു ധാന്യം അടർത്തിയെടുക്കാൻ ഒരു മെതിവണ്ടി ഉപയോഗിക്കുന്നു. എന്നാൽ, ധാന്യം ചതഞ്ഞരയുന്ന വിധത്തിൽ അയാൾ അതു മെതിക്കുകയില്ല. സമാനമായി, തന്റെ ജനത്തിൽനിന്ന്‌ അനഭികാമ്യമായ എന്തെങ്കിലും നീക്കം ചെയ്യാൻ യഹോവ ആഗ്രഹിക്കുമ്പോൾ നിലവിലുള്ള ആവശ്യങ്ങളും സാഹചര്യങ്ങളും അനുസരിച്ച്‌ അവൻ തന്റെ രീതിക്കു മാറ്റം വരുത്തുന്നു. അവൻ പരുക്കനോ മർദക സ്വഭാവമുള്ളവനോ അല്ല. (യെശയ്യാവു 28:26-29) ചില കുട്ടികളെ തിരുത്താൻ മാതാപിതാക്കളുടെ ഒരു നോട്ടം മതി, മറ്റു ചില കുട്ടികൾക്ക്‌ ആവർത്തിച്ചുള്ള ഓർമിപ്പിക്കലുകൾ ആവശ്യമാണ്‌. ഇനി വേറെ ചിലരുടെ കാര്യത്തിൽ കുറെക്കൂടി ശക്തമായ തരത്തിലുള്ള നടപടികൾ ആവശ്യമായി വന്നേക്കാം. ന്യായബോധമുള്ള മാതാപിതാക്കൾ ഓരോ കുട്ടിയുടെയും ആവശ്യങ്ങൾ അനുസരിച്ചായിരിക്കും തിരുത്തൽ നൽകുക.

കുടുംബ ചർച്ചകൾ ആസ്വാദ്യമാക്കുക

18. പതിവായ കുടുംബ ബൈബിൾ അധ്യയനത്തിനു മാതാപിതാക്കൾക്ക്‌ എങ്ങനെ സമയം കണ്ടെത്താനാകും?

18 നിങ്ങളുടെ കുട്ടികളെ പഠിപ്പിക്കാൻ കഴിയുന്ന ഏറ്റവും മികച്ച വിധങ്ങളിൽ ഒന്ന്‌ പതിവായ കുടുംബ ബൈബിൾ അധ്യയനവും അനുദിന തിരുവെഴുത്തു ചർച്ചയുമാണ്‌. കുടുംബ അധ്യയനം ഏറ്റവും ഫലപ്രദമായിരിക്കുന്നത്‌ അതു പതിവായി നടത്തുമ്പോഴാണ്‌. വല്ലപ്പോഴുമോ ആസൂത്രണം ചെയ്യാതെയോ ആണ്‌ അതു നടത്തുന്നതെങ്കിൽ, ഏറ്റവും അനുയോജ്യമായ സാഹചര്യങ്ങളിൻ കീഴിൽപോലും അത്‌ ക്രമമായി നടത്താൻ സാധിച്ചെന്നു വരില്ല. അതുകൊണ്ട്‌ മാതാപിതാക്കൾ അധ്യയനത്തിനുള്ള ‘സമയം വിലയ്‌ക്കു വാങ്ങണം.’ (എഫെസ്യർ 5:15-17, NW) എല്ലാവർക്കും സൗകര്യപ്രദമായ ഒരു പ്രത്യേക സമയം നിശ്ചയിക്കുക ദുഷ്‌കരമായിരിക്കാം. കുട്ടികളുടെ പ്രായം ഏറിയതോടെ, അവരുടെ പട്ടികകൾ വ്യത്യസ്‌തമായിരുന്നതിനാൽ എല്ലാ അംഗങ്ങളെയും അധ്യയനത്തിനായി ഒന്നിച്ചുകൂട്ടുക ബുദ്ധിമുട്ടാണെന്ന്‌ ഒരു കുടുംബനാഥൻ കണ്ടെത്തി. എന്നാൽ സഭായോഗങ്ങൾ ഉള്ള രാത്രികളിൽ എല്ലാവരും ഒന്നിച്ച്‌ ഉണ്ടായിരുന്നു. അതുകൊണ്ട്‌ അങ്ങനെയുള്ള ഒരു രാത്രിയിൽ കുടുംബ അധ്യയനം നടത്താൻ ആ പിതാവ്‌ തീരുമാനിച്ചു. അതിനു നല്ല ഫലം ഉണ്ടാകുകയും ചെയ്‌തു. ഇപ്പോൾ അദ്ദേഹത്തിന്റെ മൂന്നു മക്കളും യഹോവയുടെ സ്‌നാപനമേറ്റ ദാസരാണ്‌.

19. കുടുംബ അധ്യയനം നടത്തുമ്പോൾ മാതാപിതാക്കൾക്ക്‌ എങ്ങനെ യഹോവയെ അനുകരിക്കാൻ കഴിയും?

19 എന്നാൽ, അധ്യയനസമയത്ത്‌ എന്തെങ്കിലും തിരുവെഴുത്തു വിവരങ്ങൾ വെറുതെ പരിചിന്തിച്ചുപോയാൽ പോരാ. പുരോഹിതന്മാർ മുഖാന്തരമാണ്‌ യഹോവ പുനഃസ്ഥിതീകരിക്കപ്പെട്ട ഇസ്രായേല്യരെ പഠിപ്പിച്ചത്‌, അവർ “വായിച്ചതു ഗ്രഹിപ്പാൻതക്കവണ്ണം” ജനത്തിനു ന്യായപ്രമാണത്തിന്റെ ‘അർത്ഥം പറഞ്ഞുകൊടുത്തു.’ (നെഹെമ്യാവു 8:8) തന്റെ ഏഴു മക്കളെയും യഹോവയെ സ്‌നേഹിക്കാൻ സഹായിച്ച ഒരു പിതാവ്‌, കുടുംബ അധ്യയനത്തിനു പരിചിന്തിക്കാൻ പോകുന്ന വിവരങ്ങൾ ഓരോ കുട്ടിയുടെയും ആവശ്യത്തിന്‌ ഇണങ്ങുന്ന വിധത്തിൽ അവതരിപ്പിക്കാനായി അധ്യയനത്തിനു മുമ്പ്‌ തന്റെ മുറിയിൽ ചെന്നിരുന്ന്‌ പാഠഭാഗം തയ്യാറാകുമായിരുന്നു. അദ്ദേഹം തന്റെ മക്കൾക്ക്‌ അധ്യയനം ആസ്വാദ്യമാക്കിത്തീർത്തു. അദ്ദേഹത്തിന്റെ വളർച്ചയെത്തിയ പുത്രന്മാരിൽ ഒരാൾ ഇങ്ങനെ പറയുന്നു: “അധ്യയനം എപ്പോഴും രസകരമായിരുന്നു. പുറത്തു പന്തു കളിച്ചുകൊണ്ടിരിക്കുന്ന സമയത്താണ്‌ ഞങ്ങളെ അധ്യയനത്തിനു വിളിക്കുന്നതെങ്കിൽ ഞങ്ങൾ അപ്പോൾത്തന്നെ പന്ത്‌ അവിടെ ഇട്ടിട്ട്‌ അധ്യയനത്തിനായി വരുമായിരുന്നു. അതു വാരത്തിലെ ഏറ്റവും ആസ്വാദ്യമായ സായാഹ്നങ്ങളിൽ ഒന്നായിരുന്നു.”

20. കുട്ടികളെ വളർത്തിക്കൊണ്ടുവരുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള ഏതു പ്രശ്‌നത്തെ കുറിച്ചു നാം പരിചിന്തിക്കേണ്ടതുണ്ട്‌?

20 സങ്കീർത്തനക്കാരൻ ഇങ്ങനെ പ്രഖ്യാപിച്ചു: “മക്കൾ, യഹോവ നല്‌കുന്ന അവകാശവും ഉദരഫലം, അവൻ തരുന്ന പ്രതിഫലവും തന്നേ.” (സങ്കീർത്തനം 127:3) നമ്മുടെ കുട്ടികളെ പരിശീലിപ്പിക്കുന്നതിന്‌ സമയവും ശ്രമവും ആവശ്യമാണ്‌, എന്നാൽ ഉചിതമായി അതു ചെയ്യുന്നത്‌ നമ്മുടെ കുട്ടികൾക്കു നിത്യജീവനെ അർഥമാക്കും. അത്‌ എത്ര നല്ല ഒരു പ്രതിഫലം ആയിരിക്കും! അതുകൊണ്ട്‌ കുട്ടികളെ പരിശീലിപ്പിക്കുമ്പോൾ നമുക്ക്‌ യഹോവയെ അനുകരിക്കാം. ‘മക്കളെ യഹോവയുടെ ശിക്ഷണത്തിലും മാനസിക ക്രമവത്‌കരണത്തിലും വളർത്തിക്കൊണ്ടുവരാ’നുള്ള ഉത്തരവാദിത്വം മാതാപിതാക്കൾക്ക്‌ ഉണ്ടെങ്കിലും, അവർ എല്ലായ്‌പോഴും അതിൽ വിജയിക്കണമെന്നില്ല. (എഫെസ്യർ 6:​4, NW) ഏറ്റവും നല്ല ശ്രദ്ധ നൽകിയാൽ പോലും, ഒരു കുട്ടി മത്സരി ആയിത്തീരുകയോ യഹോവയെ സേവിക്കുന്നതു നിറുത്തുകയോ ചെയ്‌തേക്കാം. അപ്പോൾ എന്തു ചെയ്യാൻ കഴിയും? അതാണ്‌ അടുത്ത ലേഖനത്തിന്റെ വിഷയം.

[അടിക്കുറിപ്പുകൾ]

^ ഖ. 9 ഈ ലേഖനത്തിലും അടുത്ത ലേഖനത്തിലുമുള്ള അനുഭവങ്ങൾ നിങ്ങളുടേതിൽനിന്നു വ്യത്യസ്‌തമായ സംസ്‌കാരങ്ങളുള്ള ദേശങ്ങളിൽ നിന്നുള്ളവ ആയിരിക്കാം. ഉൾപ്പെട്ടിരിക്കുന്ന തത്ത്വങ്ങൾ മനസ്സിലാക്കി അവ നിങ്ങളുടെ സാംസ്‌കാരിക ചുറ്റുപാടിൽ ബാധകമാക്കാൻ ശ്രമിക്കുക.

എന്താണ്‌ നിങ്ങളുടെ ഉത്തരം?

ആവർത്തനപുസ്‌തകം 32:11, 12-ൽ വിവരിച്ചിരിക്കുന്ന യഹോവയുടെ സ്‌നേഹത്തെ നമുക്ക്‌ എങ്ങനെ അനുകരിക്കാനാകും?

• യഹോവ ഇസ്രായേല്യരുമായി ആശയവിനിമയം നടത്തിയ വിധത്തിൽനിന്നു നിങ്ങൾ എന്തു പഠിച്ചിരിക്കുന്നു?

• യഹോവ ലോത്തിന്റെ അപേക്ഷ കേട്ടത്‌ നമ്മെ എന്തു പഠിപ്പിക്കുന്നു?

• മക്കളെ പരിശീലിപ്പിക്കുന്നതു സംബന്ധിച്ച്‌ യെശയ്യാവു 28:24-29-ൽനിന്ന്‌ നിങ്ങൾ എന്തു പാഠം പഠിച്ചിരിക്കുന്നു?

[അധ്യയന ചോദ്യങ്ങൾ]

[8, 9 പേജിലെ ചിത്രം]

യഹോവ തന്റെ ജനത്തെ പരിശീലിപ്പിക്കുന്ന വിധത്തെ ഒരു കഴുകൻ കുഞ്ഞുങ്ങളെ പരിശീലിപ്പിക്കുന്നതിനോട്‌ മോശെ ഉപമിച്ചു

[10-ാം പേജിലെ ചിത്രങ്ങൾ]

മാതാപിതാക്കൾ മക്കൾക്കായി സമയം കണ്ടെത്തണം

[12-ാം പേജിലെ ചിത്രം]

“അതു വാരത്തിലെ ഏറ്റവും ആസ്വാദ്യമായ സായാഹ്നങ്ങളിൽ ഒന്നായിരുന്നു”