വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

എബ്രായർ 4:9-11-ൽ പരാമർശിച്ചിരിക്കുന്ന ‘വിശ്രമം’ എന്താണ്‌, ഒരുവൻ ‘ആ വിശ്രമത്തിലേക്കു പ്രവേശിക്കുന്നത്‌’ എങ്ങനെ?

ഒന്നാം നൂറ്റാണ്ടിലെ എബ്രായ ക്രിസ്‌ത്യാനികൾക്ക്‌ പൗലൊസ്‌ അപ്പൊസ്‌തലൻ ഇങ്ങനെ എഴുതി: “അതിനാൽ, ദൈവജനത്തിന്ന്‌ ഒരു ശാബത്ത്‌വിശ്രമം ഉണ്ട്‌. ദൈവത്തിന്റെ വിശ്രമത്തിൽ പ്രവേശിക്കുന്ന ഏവനും, ദൈവം അധ്വാനത്തിൽനിന്നു വിരമിച്ചതുപോലെതന്നെ അധ്വാനത്തിൽനിന്നു [“പ്രവൃത്തികളിൽനിന്നു,” NW] വിരമിക്കുന്നു. . . . നമുക്കും ആ വിശ്രമത്തിൽ പ്രവേശിക്കാൻ തീവ്രമായി പരിശ്രമിക്കാം.”​—⁠എബ്രായർ 4:9-11, ഓശാന ബൈബിൾ.

തന്റെ പ്രവൃത്തിയിൽ നിന്നുള്ള ദൈവത്തിന്റെ വിശ്രമത്തെ കുറിച്ച്‌ പൗലൊസ്‌ സംസാരിച്ചപ്പോൾ അവൻ വ്യക്തമായും ഉല്‌പത്തി 2:​2-ൽ (ഓശാന ബൈ.) പ്രസ്‌താവിച്ചിരിക്കുന്നതിനെ പരാമർശിക്കുകയായിരുന്നു. ആ വാക്യം ഇങ്ങനെ പറയുന്നു: “ഏഴാം ദിവസം, താൻ ഏർപ്പെട്ടിരുന്ന പ്രവൃത്തി ദൈവം പൂർത്തിയാക്കി; താൻ ഏർപ്പെട്ടിരുന്ന എല്ലാ പ്രവൃത്തികളിൽ നിന്നും വിരമിച്ച്‌ ഏഴാം ദിവസം ദൈവം വിശ്രമിച്ചു.” യഹോവ എന്തുകൊണ്ടാണ്‌ ‘ഏഴാം ദിവസം വിശ്രമിച്ചത്‌’? തീർച്ചയായും, “താൻ ഏർപ്പെട്ടിരുന്ന എല്ലാ പ്രവൃത്തികളിൽ നിന്നും അവനു വിശ്രമം ആവശ്യമായിരുന്നു എന്നല്ല അതിന്റെ അർഥം. അടുത്ത വാക്യം ഇങ്ങനെയൊരു സൂചന നൽകുന്നു: “ഏഴാം ദിവസത്തെ ദൈവം അനുഗ്രഹിച്ചു പവിത്രീകരിച്ചു. കാരണം, ആ ദിവസം സൃഷ്‌ടികർമങ്ങളിൽനിന്നെല്ലാം വിരമിച്ച്‌ ദൈവം വിശ്രമിച്ചു.”​—⁠ഉല്‌പത്തി 2:​3, ഓശാന ബൈ.; യെശയ്യാവു 40:26, 28.

ദൈവം അനുഗ്രഹിച്ചു പവിത്രമാക്കിയ, അതായത്‌ ഒരു പ്രത്യേക ഉദ്ദേശ്യത്തിനായി മാറ്റിവെച്ച അഥവാ സമർപ്പിച്ച ദിവസം ആയതിനാൽ ‘ഏഴാം ദിവസം’ മുമ്പത്തെ ആറു ദിവസങ്ങളെക്കാൾ വ്യത്യസ്‌തമായിരുന്നു. എന്തായിരുന്നു ആ ഉദ്ദേശ്യം? മനുഷ്യവർഗത്തെയും ഭൂമിയെയും സംബന്ധിച്ച തന്റെ ഉദ്ദേശ്യം ദൈവം നേരത്തേ വെളിപ്പെടുത്തിയിരുന്നു. “നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെ പറവജാതിയിന്മേലും സകലഭൂചരജന്തുവിന്മേലും വാഴുവിൻ” എന്ന്‌ ദൈവം ആദ്യ മനുഷ്യനോടും സ്‌ത്രീയോടും പറയുകയുണ്ടായി. (ഉല്‌പത്തി 1:28) മാനവരാശിക്കും ഭൂമിക്കും ദൈവം പൂർണതയുള്ള ഒരു തുടക്കം നൽകിയെങ്കിലും, അവൻ ഉദ്ദേശിച്ചിരുന്നതു പോലെ മുഴു ഭൂമിയെയും കീഴടക്കി അതിനെ പൂർണതയുള്ള ഒരു മനുഷ്യ കുടുംബത്തിന്റെ വാസസ്ഥാനം ആക്കിത്തീർക്കാൻ സമയം ആവശ്യമായിരുന്നു. അങ്ങനെ, താൻ സൃഷ്ടിച്ചത്‌ തന്റെ ഹിതത്തിനു ചേർച്ചയിൽ വികാസം പ്രാപിക്കേണ്ടതിനു കൂടുതലായ ഭൗമിക സൃഷ്ടിപ്രവർത്തനങ്ങളിൽനിന്ന്‌ ദൈവം “ഏഴാം ദിവസം” വിശ്രമിച്ചു അഥവാ വിട്ടുനിന്നു. ദൈവം ഉദ്ദേശിച്ചിരുന്നതെല്ലാം ആ ‘ദിവസ’ത്തിന്റെ ഒടുവിൽ നിവൃത്തിയാകും. ആ വിശ്രമകാലം എത്ര ദൈർഘ്യമുള്ളത്‌ ആയിരിക്കും?

എബ്രായർക്കുള്ള ലേഖനത്തിലെ പൗലൊസിന്റെ പ്രസ്‌താവന നമുക്കു വീണ്ടും പരിശോധിക്കാം. “ദൈവജനത്തിന്ന്‌ ഒരു ശാബത്ത്‌വിശ്രമം ഉണ്ട്‌” എന്ന്‌ അവൻ ചൂണ്ടിക്കാട്ടുകയും ‘ആ വിശ്രമത്തിലേക്കു പ്രവേശിക്കാൻ’ ഉത്സാഹിക്കുന്നതിനു സഹക്രിസ്‌ത്യാനികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്‌തതായി നാം കാണുന്നു. അതു കാണിക്കുന്നത്‌, പൗലൊസ്‌ ആ വാക്കുകൾ എഴുതുന്നതിന്‌ ഏതാണ്ട്‌ 4,000 വർഷം മുമ്പ്‌ തുടങ്ങിയ ദൈവത്തിന്റെ വിശ്രമകാലമാകുന്ന ‘ഏഴാം ദിവസം’ അപ്പോഴും തുടരുകയായിരുന്നു എന്നാണ്‌. മനുഷ്യവർഗത്തെയും ഭൂമിയെയും സംബന്ധിച്ച ദൈവോദ്ദേശ്യം ‘ശബ്ബത്തിനു കർത്താവ്‌’ ആയ യേശുക്രിസ്‌തുവിന്റെ സഹസ്രാബ്‌ദ വാഴ്‌ചയുടെ അവസാനത്തിൽ പൂർണമായും നിവൃത്തിയേറുന്നതു വരെ ആ ദിവസം അവസാനിക്കുകയില്ല.​—⁠മത്തായി 12:8; വെളിപ്പാടു 20:1-6; 21:​1-5എ.

വിസ്‌മയകരമായ ആ പ്രതീക്ഷ മനസ്സിൽ പിടിച്ചുകൊണ്ട്‌, ഒരുവന്‌ ദൈവത്തിന്റെ വിശ്രമത്തിൽ എങ്ങനെ പ്രവേശിക്കാമെന്ന്‌ പൗലൊസ്‌ വിശദീകരിച്ചു. അവൻ ഇങ്ങനെ എഴുതി: “ദൈവത്തിന്റെ വിശ്രമത്തിൽ പ്രവേശിക്കുന്ന ഏവനും, ദൈവം അധ്വാനത്തിൽനിന്നു വിരമിച്ചതുപോലെതന്നെ അധ്വാനത്തിൽനിന്നു [“പ്രവൃത്തികളിൽനിന്നു,” NW] വിരമിക്കുന്നു.” പൂർണതയുള്ള ഒരു തുടക്കം ലഭിച്ചിട്ടും മനുഷ്യവർഗം ഒരു കൂട്ടം എന്ന നിലയിൽ ദൈവത്തിന്റെ വിശ്രമത്തിൽ പ്രവേശിച്ചില്ല എന്ന്‌ അതു നമ്മോടു പറയുന്നു. തങ്ങൾക്കു വേണ്ടിയുള്ള ദൈവത്തിന്റെ ക്രമീകരണം സ്വീകരിച്ചുകൊണ്ട്‌ ‘ഏഴാം ദിവസം’ ആദാമും ഹവ്വായും ദൈവത്തിന്റെ വിശ്രമം വേണ്ടത്ര കാലം പ്രമാണിച്ചില്ല എന്നതാണ്‌ അതിന്റെ കാരണം. പകരം അവർ മത്സരിക്കുകയും ദൈവത്തിൽനിന്നു സ്വതന്ത്രരായി ജീവിക്കാൻ ആഗ്രഹിക്കുകയും ചെയ്‌തു. ദൈവത്തിന്റെ സ്‌നേഹപുരസ്സരമായ മാർഗനിർദേശം സ്വീകരിക്കുന്നതിനു പകരം അവർ സാത്താന്റെ പദ്ധതിക്ക്‌ അനുസൃതമായാണ്‌ പ്രവർത്തിച്ചത്‌. (ഉല്‌പത്തി 2:15-17) തത്‌ഫലമായി, ഒരു പറുദീസാ ഭൂമിയിൽ എന്നേക്കും ജീവിക്കുകയെന്ന പ്രത്യാശ അവർക്കു നഷ്ടമായി. അന്നുമുതൽ മുഴു മനുഷ്യവർഗവും പാപത്തിന്റെയും മരണത്തിന്റെയും അടിമകൾ ആയിത്തീർന്നു.​—⁠റോമർ 5:12, 14.

മനുഷ്യർ ദൈവത്തോടു മത്സരിച്ചെങ്കിലും, അവന്റെ ഉദ്ദേശ്യത്തിനു മാറ്റം വന്നില്ല. അവന്റെ വിശ്രമദിവസം ഇപ്പോഴും തുടരുന്നു. എന്നാൽ, തന്റെ പുത്രനായ യേശുക്രിസ്‌തു മുഖാന്തരം യഹോവ സ്‌നേഹപുരസ്സരമായ ഒരു കരുതൽ ചെയ്‌തു​—⁠മറുവിലയാഗം. അങ്ങനെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ അതു സ്വീകരിക്കുന്നവർക്ക്‌ പാപഭാരത്തിൽ നിന്നും മരണത്തിൽ നിന്നുമുള്ള വിടുതലിനും വിശ്രമത്തിനുമായി പ്രതീക്ഷയോടെ കാത്തിരിക്കാൻ സാധിക്കും. (റോമർ 6:23) അതുകൊണ്ടാണ്‌ തങ്ങളുടെ ‘പ്രവൃത്തികളിൽനിന്നു വിരമിക്കാൻ’ പൗലൊസ്‌ സഹക്രിസ്‌ത്യാനികളെ ഉദ്‌ബോധിപ്പിച്ചത്‌. അവർ രക്ഷയ്‌ക്കായുള്ള ദൈവത്തിന്റെ കരുതൽ സ്വീകരിക്കുകയും ആദാമും ഹവ്വായും ചെയ്‌തതുപോലെ തങ്ങളുടെ ഭാവി സ്വന്തമായി രൂപപ്പെടുത്താൻ ശ്രമിക്കാതിരിക്കുകയും വേണമായിരുന്നു. അവർ സ്വയനീതീകരണത്തിന്റെ സ്വന്തം പ്രവൃത്തികൾ ഒഴിവാക്കുകയും ചെയ്യണമായിരുന്നു.

ദൈവഹിതം ചെയ്യുന്നതിനായി ഒരുവന്റെ സ്വാർഥാഭിലാഷങ്ങളും ലൗകിക അനുധാവനങ്ങളും വർജിക്കുന്നത്‌ നവോന്മേഷപ്രദവും വിശ്രമദായകവുമാണ്‌. യേശു ഈ ക്ഷണം വെച്ചുനീട്ടി: “അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും. ഞാൻ സൌമ്യതയും താഴ്‌മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏററുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്കു ആശ്വാസം കണ്ടെത്തും. എന്റെ നുകം മൃദുവും എന്റെ ചുമടു ലഘുവും ആകുന്നു.”​—⁠മത്തായി 11:28-30.

ദൈവത്തിന്റെ വിശ്രമത്തെയും ഒരുവന്‌ അതിൽ എങ്ങനെ പ്രവേശിക്കാം എന്നതിനെയും കുറിച്ചുള്ള പൗലൊസിന്റെ വിശദീകരണം, തങ്ങളുടെ വിശ്വാസത്തെ പ്രതി വളരെയധികം പീഡനവും പരിഹാസവും സഹിച്ചുനിന്നിട്ടുള്ള യെരൂശലേമിലെ എബ്രായ ക്രിസ്‌ത്യാനികൾക്കു വളരെയധികം പ്രോത്സാഹനമേകി എന്നതിനു സംശയമില്ല. (പ്രവൃത്തികൾ 8:1; 12:​1-5) അതുപോലെ പൗലൊസിന്റെ വാക്കുകൾ ഇന്നത്തെ ക്രിസ്‌ത്യാനികൾക്കും പ്രോത്സാഹനം ആയിരിക്കണം. തന്റെ നീതിനിഷ്‌ഠമായ രാജ്യത്തിൻ കീഴിൽ ഭൗമിക പറുദീസ സ്ഥാപിക്കുമെന്ന ദൈവത്തിന്റെ വാഗ്‌ദാനത്തിന്റെ നിവൃത്തി സമീപിച്ചിരിക്കുന്നു എന്നു മനസ്സിലാക്കിക്കൊണ്ട്‌ നാം നമ്മുടെ പ്രവൃത്തികളിൽനിന്നു വിശ്രമിക്കുകയും ദൈവത്തിന്റെ വിശ്രമത്തിലേക്കു പ്രവേശിക്കുകയും വേണം.​—⁠മത്തായി 6:10, 33; 2 പത്രൊസ്‌ 3:13.

[31-ാം പേജിലെ ചിത്രങ്ങൾ]

ഒരു ഭൗമിക പറുദീസ സ്ഥാപിക്കുമെന്ന ദൈവത്തിന്റെ വാഗ്‌ദാനം അവന്റെ വിശ്രമദിവസത്തിന്റെ ഒടുവിൽ നിവൃത്തിയേറും