വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശ്വസ്‌തരായിരിക്കുക എന്നതിന്റെ അർഥമെന്ത്‌?

വിശ്വസ്‌തരായിരിക്കുക എന്നതിന്റെ അർഥമെന്ത്‌?

വിശ്വസ്‌തരായിരിക്കുക എന്നതിന്റെ അർഥമെന്ത്‌?

പൊ.യു.മു. രണ്ടാം നൂറ്റാണ്ടിലെ യഹൂദ ഹാസിദേയർ, തങ്ങൾ യഥാർഥ വിശ്വസ്‌തരാണെന്നു സ്വയം കരുതിയിരുന്നു. “വിശ്വസ്‌തതയുള്ള” എന്നതിന്റെ മൂല എബ്രായ പദമായ ഹാസിദ്‌ എന്നതിൽനിന്നാണ്‌ അവരുടെ ആ പേരു വന്നിരിക്കുന്നത്‌. “സ്‌നേഹദയ,” “വിശ്വസ്‌ത സ്‌നേഹം,” “ദയ,” “നന്മ,” “കരുണ” എന്നൊക്കെ മിക്കപ്പോഴും വിവർത്തനം ചെയ്യാറുള്ള ഹെസെദ്‌ എന്ന നാമപദത്തിൽനിന്ന്‌ ഉരുത്തിരിഞ്ഞതാണ്‌ ഹാസിദ്‌. പഴയനിയമ ദൈവശാസ്‌ത്ര നിഘണ്ടു (ഇംഗ്ലീഷ്‌) പറയുന്നപ്രകാരം, ഹെസെദ്‌ “പ്രവർത്തനനിരതവും സംസർഗശീലതയുള്ളതും നിലനിൽക്കുന്നതുമാണ്‌. അത്‌ ഒരു മാനുഷിക മനോഭാവത്തെ മാത്രമല്ല, പിന്നെയോ ആ മനോഭാവത്തിൽനിന്ന്‌ ഉടലെടുക്കുന്ന നടപടിയെ കൂടെ സൂചിപ്പിക്കുന്നു. ജീവനെ പരിരക്ഷിക്കുന്ന അല്ലെങ്കിൽ ഉന്നമിപ്പിക്കുന്ന ഒരു നടപടിയാണ്‌ അത്‌. അത്‌ കഷ്ടപ്പാടോ ദുരിതമോ അനുഭവിക്കുന്ന ഒരാളുടെ കാര്യത്തിലുള്ള ഇടപെടലാണ്‌. അത്‌ സുഹൃദ്‌ബന്ധത്തിന്റെ ഒരു പ്രകടനമാണ്‌.”

ഈ എബ്രായ പദത്തിന്‌ ബൈബിളിൽ കൽപ്പിച്ചിരിക്കുന്ന അർഥത്തെ പൂർണമായി പ്രതിഫലിപ്പിക്കാൻ പര്യാപ്‌തമായ ഒരു ഒറ്റപ്പദം പല ഭാഷകളിലും ഇല്ലെന്നുള്ളതു വ്യക്തമാണ്‌. ബൈബിൾപരമായ അർഥത്തിലുള്ള വിശ്വസ്‌തതയിൽ, പ്രതിബദ്ധതകളോട്‌ വിശ്വസ്‌തതയോടെ പറ്റിനിൽക്കുന്നതിനെക്കാൾ അധികം ഉൾപ്പെട്ടിട്ടുണ്ട്‌. സ്‌നേഹപൂർവകമായ താത്‌പര്യത്തോടൊപ്പം മറ്റുള്ളവർക്കു പ്രയോജനം ചെയ്യത്തക്കവിധം ക്രിയാത്മക നടപടികൾ സ്വീകരിക്കുന്നതും അതിൽ ഉൾപ്പെട്ടിരിക്കുന്നു. യഥാർഥ വിശ്വസ്‌തതയുടെ അർഥം മനസ്സിലാക്കുന്നതിന്‌, അബ്രാഹാമിനോടും മോശെയോടും ദാവീദിനോടും ഇസ്രായേൽ ജനതയോടും മനുഷ്യവർഗത്തോട്‌ ഒന്നാകെയും യഹോവ അത്‌ എങ്ങനെ പ്രകടമാക്കിയെന്നു പരിചിന്തിക്കാം.

യഹോവ വിശ്വസ്‌തത പ്രകടമാക്കി

‘ഞാൻ നിന്റെ പരിച ആകുന്നു’ എന്ന്‌ യഹോവ തന്റെ സ്‌നേഹിതനായ അബ്രാഹാമിനോടു പറഞ്ഞു. (ഉല്‌പത്തി 15:1; യെശയ്യാവു 41:8) ആ വാഗ്‌ദാനം വാക്കുകളിൽ മാത്രമായി ഒതുങ്ങിയില്ല. യഹോവ അബ്രാഹാമിനെയും അവന്റെ കുടുംബത്തെയും ഫറവോന്റെയും അബീമേലെക്കിന്റെയും കയ്യിൽനിന്നു വിടുവിച്ചു. നാലു രാജാക്കന്മാർ കൂട്ടുചേർന്ന്‌ ലോത്തിനെ പിടിച്ചുകൊണ്ടുപോയപ്പോൾ അവനെ അവരുടെ പക്കൽനിന്നു രക്ഷിക്കാൻ യഹോവ അബ്രാഹാമിനെ സഹായിച്ചു. 100 വയസ്സെത്തിയ അബ്രാഹാമിനും 90 വയസ്സെത്തിയ സാറായ്‌ക്കും പുനരുത്‌പാദന ശേഷി തിരികെ നൽകിക്കൊണ്ട്‌ വാഗ്‌ദത്ത സന്തതി അവരിലൂടെ വരാൻ യഹോവ ഇടയാക്കി. ദർശനങ്ങളിലൂടെയും സ്വപ്‌നങ്ങളിലൂടെയും ദൈവദൂതന്മാരിലൂടെയും യഹോവ നിരന്തരം അബ്രാഹാമുമായി സമ്പർക്കം പുലർത്തി. അബ്രാഹാം ജീവിച്ചിരുന്നപ്പോഴും അവന്റെ മരണത്തിന്‌ ഏറെ കാലത്തിനു ശേഷവും യഹോവ അവനോടു വിശ്വസ്‌തത പ്രകടമാക്കി. അബ്രാഹാമിന്റെ പിൻതലമുറക്കാരായ ഇസ്രായേൽ ജനത വഴിപിഴച്ച ഗതിയിലൂടെ സഞ്ചരിച്ചിട്ടും അവർക്കു നൽകിയ വാഗ്‌ദാനങ്ങൾ യഹോവ നൂറ്റാണ്ടുകളിലുടനീളം നിറവേറ്റി. അബ്രാഹാമുമായുള്ള യഹോവയുടെ ബന്ധം യഥാർഥ വിശ്വസ്‌തതയുടെ​—⁠പ്രവൃത്തികളാലുള്ള സ്‌നേഹത്തിന്റെ​—⁠ഒരു പ്രകടനമായിരുന്നു.​—⁠ഉല്‌പത്തി 12-25 അധ്യായങ്ങൾ.

“ഒരുത്തൻ തന്റെ സ്‌നേഹിതനോടു സംസാരിക്കുന്നതുപോലെ യഹോവ മോശെയോടു അഭിമുഖമായി സംസാരിച്ചു” എന്നു പറഞ്ഞിരിക്കുന്നു. (ചെരിച്ചെഴുതിയിരിക്കുന്നത്‌ ഞങ്ങൾ.) (പുറപ്പാടു 33:11) അതേ, യേശുക്രിസ്‌തുവിനു മുമ്പുണ്ടായിരുന്ന മറ്റ്‌ ഏതൊരു പ്രവാചകന്മാർക്കും ഉണ്ടായിരുന്നതിനെക്കാൾ അടുത്ത ഒരു ബന്ധം മോശെക്ക്‌ യഹോവയുമായി ഉണ്ടായിരുന്നു. യഹോവ മോശെയോട്‌ വിശ്വസ്‌തത പ്രകടമാക്കിയത്‌ എങ്ങനെയാണ്‌?

ശക്തനും പ്രാപ്‌തനുമായ ഒരു 40 വയസ്സുകാരൻ എന്ന നിലയിൽ മോശെ തന്റെ ജനത്തെ വിടുവിക്കാനുള്ള ചുമതല ധിക്കാരപൂർവം സ്വയം ഏറ്റെടുത്തു. എന്നാൽ അപ്പോൾ അതിനുള്ള ദൈവത്തിന്റെ സമയം വന്നെത്തിയിരുന്നില്ല. അവനു ജീവരക്ഷാർഥം പലായനം ചെയ്യേണ്ടിവന്നു. 40 വർഷം അവൻ മിദ്യാനിൽ ആടുകളെ മേയിച്ചു കഴിഞ്ഞു. (പ്രവൃത്തികൾ 7:23-30) എങ്കിലും യഹോവ അവനെ കൈവെടിഞ്ഞില്ല. തക്കസമയം വന്നപ്പോൾ ഈജിപ്‌തിൽനിന്ന്‌ ഇസ്രായേല്യരെ നയിച്ചുകൊണ്ടുപോകാൻ യഹോവ മോശെയെ തിരിച്ചുവരുത്തി.

സമാനമായി, ഇസ്രായേലിലെ അറിയപ്പെടുന്ന രണ്ടാമത്തെ രാജാവായ ദാവീദിനോട്‌ യഹോവ വിശ്വസ്‌തത പ്രകടമാക്കി. ദാവീദ്‌ വെറും ഒരു യുവാവായിരിക്കെയാണ്‌ യഹോവ പ്രവാചകനായ ശമൂവേലിനോട്‌ ഇപ്രകാരം പറഞ്ഞത്‌: “എഴുന്നേററു ഇവനെ അഭിഷേകം ചെയ്‌ക; ഇവൻ തന്നേ ആകുന്നു.” അന്നുമുതൽ, ദാവീദ്‌ മുഴു ഇസ്രായേലിന്റെയും രാജാവ്‌ എന്ന നിലയിൽ പക്വത പ്രാപിക്കുന്നതു വരെയുള്ള നാളുകളിൽ യഹോവ അവനെ വിശ്വസ്‌തതയോടെ സംരക്ഷിക്കുകയും വഴിനടത്തുകയും ചെയ്‌തു. യഹോവ അവനെ “സിംഹത്തിന്റെ കയ്യിൽനിന്നും കരടിയുടെ കയ്യിൽനിന്നും” ഫെലിസ്‌ത്യ മല്ലനായ ഗൊല്യാത്തിന്റെ കയ്യിൽനിന്നും രക്ഷിച്ചു. അവൻ ദാവീദിന്‌ ഇസ്രായേലിന്റെ ശത്രുക്കളുടെമേൽ ഒന്നിനു പുറകേ ഒന്നായി ജയം നൽകി. കൂടാതെ വിദ്രോഹിയും അസൂയാലുവുമായ ശൗലിന്റെ കുന്തമുനയിൽനിന്ന്‌ യഹോവ ദാവീദിനെ വിടുവിച്ചു.​—⁠1 ശമൂവേൽ 16:12; 17:37; 18:11; 19:10.

ദാവീദ്‌ പൂർണനായിരുന്നില്ല. വാസ്‌തവത്തിൽ, അവൻ കൊടിയ പാപം ചെയ്‌തിട്ടുണ്ട്‌. എങ്കിലും, ദാവീദിനെ കൈവെടിയുന്നതിനു പകരം ആഴമായ പശ്ചാത്താപം പ്രകടമാക്കിയ അവനോടു ദൈവം വിശ്വസ്‌ത സ്‌നേഹം കാട്ടി. ദാവീദിന്റെ ജീവിതകാലം മുഴുവൻ, യഹോവ ജീവന്റെ പരിരക്ഷണത്തിനും പരിപുഷ്ടിക്കും വേണ്ടി നിരന്തരം പ്രവർത്തിച്ചു. ദുരിതം അനുഭവിക്കുന്നവനു വേണ്ടി അവൻ ഇടപെട്ടു. തീർച്ചയായും സ്‌നേഹദയതന്നെ!​—⁠2 ശമൂവേൽ 11:​1–12:25; 24:​1-17.

സീനായ്‌ മലയിങ്കൽവെച്ച്‌ മോശൈക ന്യായപ്രമാണത്തിലെ നിബന്ധനകൾ അനുസരിച്ചുകൊള്ളാമെന്ന്‌ സമ്മതിച്ചപ്പോൾ ഇസ്രായേൽ ജനത ഒന്നടങ്കം യഹോവയുമായി ഒരു പ്രത്യേക സമർപ്പിത ബന്ധത്തിൽ പ്രവേശിച്ചു. (പുറപ്പാടു 19:3-8) അതുകൊണ്ട്‌, ഇസ്രായേൽ യഹോവയുമായി ഒരു വിവാഹബന്ധത്തിൽ ആയിരിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു. “ഒരു ഭാര്യയെ എന്നപോലെ യഹോവ നിന്നെ വിളിച്ചിരിക്കുന്നു” എന്ന്‌ ഇസ്രായേലിനോടു പറയപ്പെട്ടു. യഹോവ അവളോട്‌ ഇങ്ങനെ പറഞ്ഞു: “നിത്യദയയോടെ ഞാൻ നിന്നോടു കരുണകാണിക്കും.” (യെശയ്യാവു 54:6, 8) ഈ പ്രത്യേക ബന്ധത്തിൽ യഹോവ വിശ്വസ്‌തത പ്രകടമാക്കിയത്‌ എങ്ങനെയാണ്‌?

ഇസ്രായേല്യരുടെ ആവശ്യങ്ങൾക്കായി കരുതാനും താനുമായുള്ള അവരുടെ ബന്ധത്തെ ഈടുറ്റതാക്കാനും യഹോവ മുൻകൈ എടുത്തു പ്രവർത്തിച്ചു. അവൻ അവരെ ഈജിപ്‌തിൽനിന്നു വിടുവിച്ചു, ഒരു ജനത എന്ന നിലയിൽ സംഘടിപ്പിച്ചു, “പാലും തേനും ഒഴുകുന്ന ദേശത്തേക്കു” കൊണ്ടുവന്നു. (പുറപ്പാടു 3:8) പുരോഹിതന്മാരിലൂടെയും ലേവ്യരിലൂടെയും ഒന്നിനുപുറകേ ഒന്നായി പ്രവാചകന്മാരിലൂടെയും സന്ദേശവാഹകരിലൂടെയും അവൻ അവർക്കു നിരന്തരം ആത്മീയ പ്രബോധനം നൽകി. (2 ദിനവൃത്താന്തം 17:7-9; നെഹെമ്യാവു 8:7-9; യിരെമ്യാവു 7:25) ഇസ്രായേൽ ജനത മറ്റു ദൈവങ്ങളിലേക്കു തിരിഞ്ഞപ്പോൾ യഹോവ അവരെ തിരുത്തി. അവർ അനുതപിച്ചപ്പോൾ അവൻ അവർക്കു മാപ്പു നൽകി. ഇസ്രായേൽ ജനത ദുശ്ശാഠ്യമുള്ള ഒരു “ഭാര്യ”യായിരുന്നു എന്നതു ശരിതന്നെ. എങ്കിലും യഹോവ അവളെ ഉപേക്ഷിക്കാൻ തിടുക്കം കാട്ടിയില്ല. അബ്രാഹാമിനോടുള്ള വാഗ്‌ദാനങ്ങളുടെ അടിസ്ഥാനത്തിൽ, ഇസ്രായേൽ ജനതയുമായി ബന്ധപ്പെട്ട തന്റെ ഉദ്ദേശ്യങ്ങൾ പൂർത്തിയാകുന്നതുവരെ അവൻ വിശ്വസ്‌തതയോടെ ആ ജനതയോടു പറ്റിനിന്നു. (ആവർത്തനപുസ്‌തകം 7:7-9) വിവാഹിതർക്ക്‌ ഇന്ന്‌ എത്ര ഉത്തമമായ മാതൃക!

കൂടാതെ, യഹോവ മനുഷ്യവർഗത്തോട്‌ ഒന്നാകെയും വിശ്വസ്‌തത പ്രകടമാക്കുന്നു. അങ്ങനെ സകല മനുഷ്യർക്കും, നീതിമാന്മാർക്കും നീതികെട്ടവർക്കും, ജീവനു വേണ്ട അടിസ്ഥാന ആവശ്യങ്ങൾ അവൻ പ്രദാനം ചെയ്യുന്നു. (മത്തായി 5:45; പ്രവൃത്തികൾ 17:25) അതിലുപരി, മുഴു മനുഷ്യവർഗത്തിനും പാപത്തിന്റെയും മരണത്തിന്റെയും അടിമത്തത്തിൽനിന്ന്‌ വിടുതൽ പ്രാപിച്ച്‌ പറുദീസയിലെ പൂർണതയുള്ള, നിത്യജീവന്റെ മഹത്തായ പ്രത്യാശ ആസ്വദിക്കാൻ അവസരം ലഭിക്കുമാറ്‌ അവൻ തന്റെ പുത്രനെ മറുവിലയായി നൽകിയിരിക്കുന്നു. (മത്തായി 20:28; യോഹന്നാൻ 3:16) മറുവില യാഗമാകുന്ന കരുതൽ ആയിരുന്നു ജീവന്റെ പരിരക്ഷണത്തിനും പരിപുഷ്‌ടിക്കുമായി യഹോവ കൈക്കൊണ്ട അതിമഹത്തായ നടപടി. തീർച്ചയായും അത്‌ ‘കഷ്ടപ്പാടോ ദുരിതമോ അനുഭവിക്കുന്ന ഒരാളുടെ കാര്യത്തിലുള്ള ഇടപെടൽ’ ആയിരുന്നു.

ക്രിയാത്മക നടപടികളിലൂടെ നിങ്ങളുടെ വിശ്വസ്‌തത തെളിയിക്കുക

സ്‌നേഹദയയുടെ ഒരു പര്യായമായിരിക്കുന്നതിനു പുറമേ, വിശ്വസ്‌തത പരസ്‌പര പ്രതിബദ്ധത എന്ന ആശയത്തെ വ്യക്തമായി എടുത്തുകാണിക്കുകയും ചെയ്യുന്നു. ആരെങ്കിലും നിങ്ങളോട്‌ സ്‌നേഹദയ പ്രകടമാക്കിയാൽ അതു തിരിച്ചു പ്രകടിപ്പിക്കാൻ നിങ്ങൾ ബാധ്യസ്ഥനാണ്‌. വിശ്വസ്‌തതയ്‌ക്കു തുല്യമായിട്ടുള്ളത്‌ വിശ്വസ്‌തത മാത്രമാണ്‌. ഹെസെദ്‌ എന്നതിന്റെ ആന്തരാർഥങ്ങൾ ദാവീദിന്‌ മനസ്സിലായി എന്ന്‌ അവന്റെ പിൻവരുന്ന വാക്കുകൾ തെളിയിക്കുന്നു: “ഞാൻ നിന്റെ വിശുദ്ധമന്ദിരത്തെ നോക്കി നമസ്‌കരിച്ചു, . . . തിരുനാമത്തിന്നു സ്‌തോത്രം ചെയ്യും.” കാരണം? “നിന്റെ ദയയും വിശ്വസ്‌തതയും [“സ്‌നേഹദയയും സത്യതയും,” NW] നിമിത്തം.” (സങ്കീർത്തനം 138:2) യഹോവയുടെ സ്‌നേഹദയ ലഭിച്ച ഒരു വ്യക്തിയെന്ന നിലയിൽ, അവനെ ആരാധിക്കാനും സ്‌തുതിക്കാനും ദാവീദ്‌ തീർച്ചയായും പ്രേരിതനായി. യഹോവ നമ്മോടു പ്രകടമാക്കിയിരിക്കുന്ന സ്‌നേഹദയയെ കുറിച്ചു ധ്യാനിക്കുമ്പോൾ അതിനോടു പ്രതികരിക്കാൻ നാം പ്രചോദിതരാകുന്നുണ്ടോ? ഉദാഹരണത്തിന്‌, യഹോവയുടെ നാമം നിന്ദിക്കപ്പെടുന്നതായി കാണുമ്പോൾ അവന്റെ നാമത്തോടുള്ള സ്‌നേഹം അവനു വേണ്ടി സംസാരിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്നുവോ?

ക്രിസ്‌ത്യാനിത്വം സ്വീകരിച്ച്‌ അധികമായിട്ടില്ലായിരുന്ന ഒരു ദമ്പതികളുടെ കാര്യത്തിൽ സംഭവിച്ചത്‌ അതാണ്‌. ബൈക്ക്‌ അപകടത്തിൽ കൊല്ലപ്പെട്ട ഒരു ബന്ധുവിന്റെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അവർ. മതപരമായ ഒരു ചടങ്ങായിരുന്നില്ല അത്‌. മരിച്ച ആളെ കുറിച്ച്‌ എന്തെങ്കിലും പറയാൻ അവിടെ കൂടിവന്നിരുന്നവർക്ക്‌ അനുവാദം നൽകുകയുണ്ടായി. ഒരു പ്രസംഗകൻ, മരണമടഞ്ഞ യുവാവിന്റെ അകാലമരണത്തിന്‌ ദൈവത്തെ കുറ്റപ്പെടുത്തിക്കൊണ്ട്‌, ‘ദൈവത്തിന്‌ അവനെ സ്വർഗത്തിൽ ആവശ്യമുണ്ടായിരുന്നു, അതുകൊണ്ടാണ്‌ അവനെ നേരത്തേ അങ്ങു വിളിച്ചത്‌’ എന്ന്‌ പറഞ്ഞു. നമ്മുടെ ക്രിസ്‌തീയ സഹോദരന്‌ മൗനം പാലിക്കാനായില്ല. കൈവശം ബൈബിളോ കുറിപ്പുകളോ ഒന്നും ഇല്ലായിരുന്നെങ്കിലും അദ്ദേഹം വേദിയിലേക്കു ചെന്നു. “കരുണയും സഹാനുഭൂതിയും ഉള്ള സർവശക്തനായ ഒരു ദൈവം ഇത്തരം സംഭവങ്ങൾ ഉണ്ടാകാൻ ആഗ്രഹിക്കുമെന്നു നിങ്ങൾ കരുതുന്നുണ്ടോ?” അദ്ദേഹം ചോദിച്ചു. തുടർന്ന്‌ അദ്ദേഹം പത്തു മിനിട്ട്‌ നീണ്ടുനിന്ന ഒരു ചെറിയ പ്രസംഗം നടത്തി. മുൻകൂട്ടി തയ്യാറായി വന്നതല്ലെങ്കിലും തിരുവെഴുത്തുകൾ ഉദ്ധരിച്ചുകൊണ്ട്‌ നാം മരിക്കുന്നതിന്റെ കാരണത്തെയും മരണത്തിൽനിന്ന്‌ മനുഷ്യവർഗത്തെ രക്ഷിക്കാൻ ദൈവം ചെയ്‌തിരിക്കുന്ന ക്രമീകരണത്തെയും പറുദീസാ ഭൂമിയിലെ നിത്യജീവനിലേക്കുള്ള പുനരുത്ഥാനത്തിന്റെ അത്ഭുതകരമായ പ്രത്യാശയെയും കുറിച്ച്‌ അദ്ദേഹം വിവരിച്ചു. അവിടെ കൂടിയിരുന്ന 100-ലധികം വരുന്ന ആളുകൾ നിറുത്താതെ കരഘോഷം മുഴക്കി. ആ സഹോദരൻ പിന്നീട്‌ ഇങ്ങനെ പറഞ്ഞു: “മുമ്പൊരിക്കലും തോന്നിയിട്ടില്ലാത്ത വിധത്തിലുള്ള ഒരു ആന്തരിക സന്തോഷം എനിക്ക്‌ അനുഭവപ്പെട്ടു. യഹോവ അവന്റെ ജ്ഞാനം നൽകി എന്നെ പ്രബോധിപ്പിച്ചിരിക്കുന്നതിനും അവന്റെ വിശുദ്ധനാമത്തെ ഉയർത്തിപ്പിടിക്കാൻ അവസരം നൽകിയതിനും ഞാൻ അവനോടു നന്ദിയുള്ളവനാണ്‌.”

യഹോവയോടുള്ള വിശ്വസ്‌തതയിൽ അവന്റെ വചനമായ ബൈബിളിനോടുള്ള വിശ്വസ്‌തതയും ഉൾപ്പെടുന്നു. എന്തുകൊണ്ട്‌? എന്തുകൊണ്ടെന്നാൽ, നാം ജീവിക്കേണ്ടത്‌ എങ്ങനെയെന്ന്‌ ബൈബിൾ താളുകളിലൂടെ യഹോവ നമ്മെ പഠിപ്പിക്കുന്നു. അതിലെ നിയമങ്ങളും തത്ത്വങ്ങളും ജീവിതത്തിന്‌ ഏറ്റവുമധികം പ്രയോജനം ചെയ്യുന്ന അതുല്യമായ ചട്ടങ്ങളാണ്‌. (യെശയ്യാവു 48:17) യഹോവയുടെ നിയമങ്ങളിൽനിന്നു വ്യതിചലിക്കാൻ മറ്റുള്ളവരിൽനിന്നുള്ള സമ്മർദങ്ങളെയോ നിങ്ങളുടെതന്നെ ബലഹീനതകളെയോ അനുവദിക്കരുത്‌. ദൈവവചനത്തോടു വിശ്വസ്‌തരായിരിക്കുക.

ദൈവത്തോടുള്ള വിശ്വസ്‌തതയിൽ അവന്റെ സംഘടനയോടുള്ള വിശ്വസ്‌തതയും ഉൾപ്പെടുന്നു. വർഷങ്ങളിലുടനീളം, ചില തിരുവെഴുത്തുകൾ സംബന്ധിച്ച നമ്മുടെ ഗ്രാഹ്യത്തിന്‌ തിരുത്തലുകളും പൊരുത്തപ്പെടുത്തലുകളും വരുത്തേണ്ടി വന്നിട്ടുണ്ട്‌. എന്നാൽ, നമ്മെപ്പോലെ മറ്റാരും ആത്മീയമായി ഇത്ര നന്നായി പോഷിപ്പിക്കപ്പെടുന്നില്ല എന്നതാണു വാസ്‌തവം. (മത്തായി 24:45-47, NW) യഹോവ തന്റെ ആധുനികകാല സംഘടനയെ വിശ്വസ്‌തതയോടെ പിന്തുണച്ചിരിക്കുന്നു എന്നതിനു സംശയമില്ല. നമുക്കും അങ്ങനെ ചെയ്യാൻ കഴിയുമോ? എ. എച്ച്‌. മാക്‌മില്ലൻ അങ്ങനെ ചെയ്‌തു. തന്റെ മരണത്തിന്‌ അൽപ്പകാലം മുമ്പ്‌ അദ്ദേഹം പറഞ്ഞു: “1900 സെപ്‌റ്റംബറിൽ ഇരുപത്തിമൂന്നാമത്തെ വയസ്സിലാണ്‌ ഞാൻ എന്നെത്തന്നെ ദൈവത്തിനു സമർപ്പിച്ചത്‌. അന്നുമുതൽ, ഒരു ചെറിയ തുടക്കത്തിൽനിന്നുള്ള ദൈവസംഘടനയുടെ വളർച്ചയ്‌ക്കു ഞാൻ സാക്ഷ്യം വഹിച്ചിരിക്കുന്നു. ഇന്ന്‌ അത്‌, ദൈവത്തിന്റെ സത്യങ്ങൾ സതീക്ഷ്‌ണം ഘോഷിക്കുന്ന സന്തുഷ്ടരായ ആളുകളുടെ ഒരു ലോകവ്യാപക സമൂഹമായി വളർന്നിരിക്കുന്നു. . . . ഭൂമിയിലെ എന്റെ ദൈവസേവനത്തിന്റെ അവസാനം സമീപിച്ചുകൊണ്ടിരിക്കെ, യഹോവ തന്റെ ജനത്തെ വഴിനയിച്ചിരിക്കുന്നുവെന്നും അവർക്ക്‌ ആവശ്യമായ സംഗതികൾ തക്കസമയത്ത്‌ പ്രദാനം ചെയ്‌തിരിക്കുന്നുവെന്നും എന്നത്തെക്കാളുമധികം ഞാൻ ഉറച്ചു വിശ്വസിക്കുന്നു.” 1966 ഓഗസ്റ്റ്‌ 26-ന്‌ മരിക്കുന്നതുവരെ മാക്‌മില്ലൻ സഹോദരൻ 66 വർഷത്തോളം യഹോവയെ വിശ്വസ്‌തതയോടെ സേവിച്ചു. ദൈവത്തിന്റെ ദൃശ്യസംഘടനയോടുള്ള വിശ്വസ്‌തതയുടെ ഒരു നല്ല മാതൃകയായിരുന്നു അദ്ദേഹം.

സംഘടനയോട്‌ വിശ്വസ്‌തരായിരിക്കുന്നതിനു പുറമേ നാം പരസ്‌പരവും വിശ്വസ്‌തത പുലർത്തുമോ? മൃഗീയമായ പീഡനത്തിന്റെ ഭീഷണി നേരിടുമ്പോൾ നാം നമ്മുടെ സഹോദരങ്ങളോട്‌ വിശ്വസ്‌തരായിരിക്കുമോ? രണ്ടാം ലോകമഹായുദ്ധ കാലത്ത്‌ നെതർലൻഡ്‌സിലെ നമ്മുടെ സഹോദരങ്ങൾ വിശ്വസ്‌തതയുടെ നല്ല മാതൃക വെച്ചു. ഗ്രോണിങ്കൻ സഭയിലെ ക്‌ളാസ്‌ ദെ വ്രിസ്‌ എന്ന ഒരു മൂപ്പനെ നാസി രഹസ്യപ്പോലീസ്‌ നിഷ്‌ഠൂരമായ ചോദ്യം ചെയ്യലിനു വിധേയനാക്കി. അവർ അദ്ദേഹത്തെ 12 ദിവസത്തേക്ക്‌ ഏകാന്ത തടവിലാക്കി. അദ്ദേഹത്തിനു ഭക്ഷിക്കാൻ കൊടുത്തതോ വെള്ളവും റൊട്ടിയും മാത്രം. അവർ അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്‌തു. അദ്ദേഹത്തിനു നേരെ തോക്കു ചൂണ്ടിക്കൊണ്ട്‌ ഉത്തരവാദിത്വപ്പെട്ട സഹോദരങ്ങളെ കുറിച്ചുള്ള വിവരങ്ങളും മറ്റും നൽകാൻ ആവശ്യപ്പെട്ടു. രണ്ടു മിനിട്ടിനുള്ളിൽ അവ നൽകിയില്ലെങ്കിൽ വെടിവെച്ചു കൊല്ലുമെന്ന്‌ ഭീഷണിപ്പെടുത്തി. ക്‌ളാസ്‌ ഇത്രമാത്രം പറഞ്ഞു: “എന്നിൽനിന്ന്‌ നിങ്ങൾക്ക്‌ ഒരു വിവരവും ലഭിക്കുകയില്ല. . . . ഞാൻ ഒരിക്കലും വഞ്ചന കാണിക്കുകയില്ല.” മൂന്ന്‌ പ്രാവശ്യം അവർ അദ്ദേഹത്തെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി. ഒടുവിൽ രഹസ്യപ്പോലീസ്‌ തങ്ങളുടെ ശ്രമം മതിയാക്കി, ക്‌ളാസിനെ മറ്റൊരു ജയിലിലേക്ക്‌ അയച്ചു. എന്നിരുന്നാലും, ഒരിക്കൽപ്പോലും അദ്ദേഹം തന്റെ സഹോദരങ്ങളെ ഒറ്റിക്കൊടുത്തില്ല.

നമ്മുടെ ഏറ്റവും അടുത്ത ബന്ധുവിനോട്‌, അതായത്‌ നമ്മുടെ വിവാഹിത ഇണയോട്‌, നാം വിശ്വസ്‌തർ ആയിരിക്കുമോ? യഹോവ ഇസ്രായേൽ ജനതയുമായുള്ള തന്റെ ഉടമ്പടി ബന്ധത്തെ ആദരിച്ചതുപോലെ നമ്മുടെ വിവാഹ പ്രതിജ്ഞയോട്‌ നാം വിശ്വസ്‌തരാണോ? ഇണയോട്‌ ദൃഢമായ വിശ്വസ്‌തത പുലർത്തുന്നതിനു പുറമേ, ഇണയുമായി ഒരു അടുത്ത ബന്ധം കാത്തുസൂക്ഷിക്കാനും ശ്രമിക്കുക. നിങ്ങളുടെ വിവാഹബന്ധം ഭദ്രമാക്കാൻ മുൻകൈ എടുക്കുക. ഒരുമിച്ചു സമയം ചെലവഴിക്കുക, പരസ്‌പരം ഹൃദയം തുറന്ന്‌ ആശയവിനിമയം നടത്തുക, പരസ്‌പരം പിന്തുണയ്‌ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക, മറ്റേയാൾക്കു പറയാനുള്ളതു ശ്രദ്ധിച്ചു കേൾക്കുക, ഒരുമിച്ചു ചിരിക്കുക, ഒരുമിച്ചു കരയുക, ഒരുമിച്ചു വിനോദങ്ങളിൽ ഏർപ്പെടുക, ലക്ഷ്യങ്ങളിൽ എത്തിച്ചേരാൻ അന്യോന്യം സഹായിക്കുക, പരസ്‌പരം സന്തോഷിപ്പിക്കുക, സുഹൃത്തുക്കളായിരിക്കുക. മറ്റുള്ളവരോട്‌ മനസ്സിൽ അനുരാഗം വളർന്നുവരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. വിവാഹബന്ധത്തിനു പുറത്തുള്ളവരുമായി പരിചയമോ അടുത്ത സുഹൃദ്‌ബന്ധമോ വളർത്തിയെടുക്കുന്നതിൽ തെറ്റില്ലെങ്കിലും അനുരാഗം ഇണയിൽ ഒതുക്കിനിറുത്തേണ്ട ഒന്നാണ്‌. നിങ്ങൾക്കും ഇണയ്‌ക്കും ഇടയിൽ കടന്നുവരാൻ മറ്റാരെയും അനുവദിക്കരുത്‌.​—⁠സദൃശവാക്യങ്ങൾ 5:15-20.

സഹവിശ്വാസികളായ സുഹൃത്തുക്കളോടും കുടുംബത്തോടും വിശ്വസ്‌തത പുലർത്തുക. വർഷങ്ങൾ കടന്നുപോകവേ, അവരെ മറന്നുകളയരുത്‌. അവരുമായി സമ്പർക്കം പുലർത്തുക, കത്തുകൾ എഴുതുക, ഫോൺ വിളിക്കുക, സന്ദർശിക്കുക. നിങ്ങളുടെ സാഹചര്യം എന്തുമായിക്കൊള്ളട്ടെ, അവരെ നിരാശപ്പെടുത്താതിരിക്കാൻ ശ്രമിക്കുക. അവർക്കു നിങ്ങളെ അറിയാമെന്ന്‌ അല്ലെങ്കിൽ നിങ്ങളുമായി ബന്ധമുണ്ടെന്ന്‌ സന്തോഷത്തോടെ പറയാൻ ഇടനൽകുക. അവരോടുള്ള വിശ്വസ്‌തത, ശരിയായതു ചെയ്യാൻ നിങ്ങളെ ദൃഢചിത്തരാക്കും, അത്‌ നിങ്ങൾക്കു പ്രോത്സാഹനത്തിന്റെ ഒരു ഉറവുമായിരിക്കും.​—⁠എസ്ഥേർ 4:6-16.

അതേ, യഥാർഥ വിശ്വസ്‌തതയിൽ മൂല്യവത്തായ ബന്ധങ്ങൾ പരിരക്ഷിക്കാൻ കൈക്കൊള്ളുന്ന ക്രിയാത്മക നടപടികൾ ഉൾപ്പെടുന്നു. യഹോവയുടെ സ്‌നേഹദയയോടു പ്രതികരിക്കാൻ ആകുന്നതെല്ലാം ചെയ്യുക. ക്രിസ്‌തീയ സഭയിലുള്ളവരുമായും വിവാഹിത ഇണയുമായും കുടുംബവുമായും സുഹൃത്തുക്കളുമായും ഉള്ള ഇടപെടലിൽ യഹോവയുടെ വിശ്വസ്‌തത അനുകരിക്കുക. യഹോവയുടെ സദ്‌ഗുണങ്ങളെ കുറിച്ച്‌ അയൽക്കാരോട്‌ വിശ്വസ്‌തതയോടെ ഘോഷിക്കുക. സങ്കീർത്തനക്കാരൻ ഉചിതമായും ഇങ്ങനെ പ്രസ്‌താവിച്ചു: “യഹോവയുടെ കൃപകളെക്കുറിച്ചു ഞാൻ എന്നേക്കും പാടും; തലമുറതലമുറയോളം എന്റെ വായ്‌കൊണ്ടു നിന്റെ വിശ്വസ്‌തതയെ അറിയിക്കും.” (സങ്കീർത്തനം 89:1) അത്തരം ഒരു ദൈവത്തിലേക്കു നാം ആകർഷിക്കപ്പെടുന്നില്ലേ? തീർച്ചയായും “അവന്റെ സ്‌നേഹദയ എന്നേക്കുമുള്ള”താണ്‌.​—⁠സങ്കീർത്തനം 100:⁠5, NW.

[23-ാം പേജിലെ ചിത്രം]

എ. എച്ച്‌. മാക്‌മില്ലൻ