വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആൻഡീസ്‌ പ്രദേശത്ത്‌ ജീവദായക ജലം ഒഴുകുന്നു

ആൻഡീസ്‌ പ്രദേശത്ത്‌ ജീവദായക ജലം ഒഴുകുന്നു

ആൻഡീസ്‌ പ്രദേശത്ത്‌ ജീവദായക ജലം ഒഴുകുന്നു

പെറുവിന്റെ നടുവിലൂടെ കടന്നുപോകുന്ന ആൻഡീസ്‌ പർവതനിര ആ രാജ്യത്തെ രണ്ടായി വിഭജിക്കുന്നു. പടിഞ്ഞാറ്‌ ഉണങ്ങിവരണ്ട തീരദേശമാണ്‌, കിഴക്കാകട്ടെ മഞ്ഞണിഞ്ഞ നിബിഡ വനവും. പെറുവിലെ 27 ദശലക്ഷം വരുന്ന ജനസംഖ്യയുടെ മൂന്നിലൊന്നിലധികം വസിക്കുന്നത്‌ ഈ മലനിരകളിലാണ്‌. ആൻഡീസിലെ ഉയർന്ന പീഠഭൂമികളിലും കുത്തനെയുള്ള മലഞ്ചെരുവുകളിലും അഗാധമായ മലയിടുക്കുകളിലും ഫലഭൂയിഷ്‌ഠമായ താഴ്‌വരകളിലുമൊക്കെ ആളുകൾ താമസമുറപ്പിച്ചിരിക്കുന്നു.

ചെങ്കുത്തായ ആൻഡീസ്‌ പർവതനിരയിലേക്ക്‌ എത്തിപ്പെടുക വളരെ ദുഷ്‌കരമാണ്‌. അതുകൊണ്ടുതന്നെ, അവിടെ വസിക്കുന്ന ദശലക്ഷങ്ങൾക്ക്‌ പുറംലോകവുമായി യാതൊരു ബന്ധവും ഇല്ലെന്നുതന്നെ പറയാം. മറ്റു സ്ഥലങ്ങളിലെ സംഭവവികാസങ്ങളൊന്നും അവരെ മിക്കപ്പോഴും ബാധിക്കുന്നേയില്ല.

അരുവികളുടെ ഇരുവശങ്ങളിലും കൊച്ചുകൊച്ചു ഗ്രാമങ്ങൾ രൂപംകൊണ്ടിരിക്കുന്നു. കൃഷി ആവശ്യത്തിനും ലാമകൾക്കും ആൽപ്പാക്കകൾക്കും വിക്കൂന്യകൾക്കും ചെമ്മരിയാടുകൾക്കുമൊക്കെ ആവശ്യമായ ജലം ഈ അരുവികൾ പ്രദാനം ചെയ്യുന്നു. എന്നാൽ ജീവദായകമായ മറ്റൊരുതരം ജലം ആൻഡീസിലൂടെ ഒഴുകുന്നുണ്ട്‌​—⁠“ജീവജലത്തിന്റെ ഉറവായ” യഹോവയാം ദൈവത്തിൽനിന്ന്‌ ഒഴുകുന്ന നവോന്മേഷദായകമായ ആത്മീയ ജലം. (യിരെമ്യാവു 2:13) തന്നെയും തന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ചുള്ള സൂക്ഷ്‌മ പരിജ്ഞാനം സമ്പാദിക്കാൻ ആൻഡീസിന്റെ ഉയരങ്ങളിൽ കുടിയേറിപ്പാർത്തിരിക്കുന്ന ജനങ്ങളെ സഹായിക്കുന്നതിന്‌ ദൈവം തന്റെ സാക്ഷികളെ ഉപയോഗിക്കുന്നു.​—⁠യെശയ്യാവു 12:3; യോഹന്നാൻ 17:⁠3.

“സകലമനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും” ദൈവം ആഗ്രഹിക്കുന്നതുകൊണ്ട്‌, എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിൽ വസിക്കുന്നവരോട്‌ ബൈബിളിൽ നിന്നുള്ള ജീവദായക സന്ദേശം അറിയിക്കാൻ ഈ ശുശ്രൂഷകർ സകല ശ്രമവും ചെയ്യുന്നു. (1 തിമൊഥെയൊസ്‌ 2:4) ഈ ബൈബിളധിഷ്‌ഠിത സന്ദേശം ശ്രേഷ്‌ഠവും പ്രബോധനാത്മകവുമാണ്‌. അത്‌ മരിച്ചവരെയും ദുഷ്ടാത്മാക്കളെയും പ്രകൃതിശക്തികളെയും ഭയപ്പെടാൻ ഇടയാക്കിയിരുന്ന അന്ധവിശ്വാസങ്ങളിൽനിന്നും ദുരാചാരങ്ങളിൽനിന്നും ആശയങ്ങളിൽനിന്നും പരമാർഥഹൃദയരായ തദ്ദേശവാസികളെ സ്വതന്ത്രരാക്കിയിരിക്കുന്നു. ഏറ്റവും പ്രധാനമായി, ഈ സന്ദേശം അവർക്ക്‌ പറുദീസാ ഭൂമിയിലെ നിത്യജീവന്റെ മഹത്തായ പ്രത്യാശ നൽകുന്നു.

ശ്രമം ചെയ്യുന്നു

ഒറ്റപ്പെട്ടു കിടക്കുന്ന ഈ പ്രദേശങ്ങൾ സന്ദർശിക്കുന്ന രാജ്യഘോഷകർക്ക്‌ വളരെയധികം പൊരുത്തപ്പെടുത്തലുകൾ വരുത്തേണ്ടതുണ്ട്‌. ആളുകളുടെ ഹൃദയത്തിൽ സുവാർത്ത എത്തിക്കാൻ ബൈബിൾ അധ്യാപകർക്ക്‌ അവിടത്തെ നാട്ടുഭാഷകളായ കെച്ച്‌വായോ ഐമറായോ അൽപ്പമെങ്കിലും വശമുണ്ടായിരിക്കണം.

ആൻഡീസിലെ ഗ്രാമങ്ങളിൽ എത്തിപ്പെടുക എളുപ്പമല്ല. അവിടങ്ങളിൽ റെയിൽപ്പാതകൾ തീരെ കുറവാണ്‌. ഗതാഗത മാർഗങ്ങൾ ആശ്രയയോഗ്യമല്ല. പ്രതികൂല കാലാവസ്ഥയും അസാധാരണ ഭൂസ്ഥിതിയും അപകടം വർധിപ്പിക്കുന്നു. അങ്ങനെയെങ്കിൽ സാക്ഷികൾ അവിടത്തുകാരുടെ പക്കൽ രാജ്യസന്ദേശം എത്തിക്കുന്നത്‌ എങ്ങനെയാണ്‌?

ധീരരായ സുവാർത്താ പ്രസംഗകർ ആ വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നു. “അടിയൻ ഇതാ അടിയനെ അയക്കേണമേ” എന്നു പറഞ്ഞ യെശയ്യാവിന്റെ മനോഭാവത്തെ അവർ പ്രതിഫലിപ്പിക്കുന്നു. (യെശയ്യാവു 6:8) ഉത്തര, മധ്യ, ദക്ഷിണ ഭാഗങ്ങളിലേക്കു യാത്ര ചെയ്യാൻ അവർ മൂന്നു മൊബൈൽ ഹോമുകൾ (സഞ്ചരിക്കുന്ന വീടുകൾ) ഉപയോഗിച്ചിരിക്കുന്നു. ബൈബിളും ബൈബിൾ സാഹിത്യങ്ങളും നിറച്ച ഡസൻ കണക്കിന്‌ കാർഡ്‌ബോർഡ്‌ പെട്ടികളുമായി തീക്ഷ്‌ണതയുള്ള പയനിയർമാർ അഥവാ മുഴുസമയ ശുശ്രൂഷകർ അവിടെയെത്തി, സൗഹൃദമനസ്‌കരും അതിഥിപ്രിയരും പരമാർഥഹൃദയരുമായ ആളുകൾക്കിടയിൽ ബൈബിൾ സത്യത്തിന്റെ വിത്തുകൾ വിതെച്ചിരിക്കുന്നു.

പർവതപ്രദേശത്തെ റോഡുകളുടെ വളവുകൾ വിശേഷിച്ചും അപകടം നിറഞ്ഞതാണ്‌. അതുകൊണ്ട്‌ ഇത്തരം ചില വളവുകളിൽ വാഹനങ്ങൾക്കു തിരിഞ്ഞു കയറിപ്പോകാൻ വേണ്ടത്ര ഇടമില്ലാത്തതിനാൽ പിന്നോട്ട്‌ കയറ്റി കൊണ്ടുപോകേണ്ടതായി വരുന്നു. ഒരു ബസ്സിന്റെ പിൻസീറ്റിൽ ഇരുന്ന്‌ അത്തരമൊരു പാതയിലൂടെ സഞ്ചരിക്കുകയായിരുന്ന ഒരു മിഷനറി പുറത്തേക്കു നോക്കിയപ്പോൾ ഭയന്നുപോയി! വണ്ടിയുടെ പിൻചക്രങ്ങളിൽ ഒന്ന്‌ 600 അടി താഴ്‌ചയുള്ള ഒരു കൊക്കയുടെ തൊട്ടുവക്കിൽ! വണ്ടി മുന്നോട്ടു നീങ്ങുന്നതുവരെ അദ്ദേഹം കണ്ണുകൾ ഇറുക്കിയടച്ചിരുന്നു.

ചില റോഡുകളുടെ സ്ഥിതി തികച്ചും ശോചനീയമാണ്‌. മാത്രമല്ല, അവ നന്നേ ഇടുങ്ങിയതുമാണ്‌. ഒരിക്കൽ മൊബൈൽ ഹോമുകളിൽ ഒന്ന്‌ അത്തരമൊരു റോഡിലൂടെ ഒരു ഇറക്കം ഇറങ്ങുകയായിരുന്നു. അപ്പോഴാണ്‌ എതിരെ ഒരു ട്രക്ക്‌ കയറി വന്നത്‌. മൊബൈൽ ഹോം പുറകോട്ടെടുക്കേണ്ടിവന്നു, ഇരുവണ്ടികൾക്കും കഷ്ടിച്ച്‌ കടന്നുപോകാൻ കഴിയുന്ന ഒരു സ്ഥലത്ത്‌ എത്തുന്നതുവരെ.

ഇങ്ങനെയൊക്കെ ആണെങ്കിലും ഇവിടത്തെ സുവാർത്താ ഘോഷകരുടെ സ്ഥിരോത്സാഹം മികച്ച ഫലങ്ങൾ കൊയ്‌തിരിക്കുന്നു. ആ ശ്രമങ്ങളെ കുറിച്ച്‌ കൂടുതൽ അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ?

റ്റിറ്റിക്കാക്ക തടാകത്തെ “പോഷിപ്പിക്കുന്നു”

സമുദ്രനിരപ്പിൽനിന്ന്‌ 3,800 മീറ്റർ ഉയരത്തിൽ ആൻഡീസ്‌ പർവതനിരയിൽ സ്ഥിതി ചെയ്യുന്ന റ്റിറ്റിക്കാക്ക ആണ്‌ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള, ഗതാഗതയോഗ്യമായ ഉൾനാടൻ തടാകം. മഞ്ഞുമൂടിയ ഗിരിശൃംഗങ്ങളാണ്‌​—⁠ഇവയിൽ ചിലതിന്‌ 6,400 മീറ്ററിലധികം ഉയരമുണ്ട്‌​—⁠റ്റിറ്റിക്കാക്ക തടാകത്തെ പോഷിപ്പിക്കുന്ന 25 നദികളിൽ മിക്കതിന്റെയും ഉത്ഭവസ്ഥാനം. സമുദ്രനിരപ്പിൽനിന്ന്‌ ഇത്ര ഉയരത്തിൽ സ്ഥിതി ചെയ്യുന്നതുകൊണ്ട്‌ ഇവിടെ കൊടും തണുപ്പാണ്‌. അതുമൂലം ഇവിടെ പുതിയതായി വരുന്നവർക്ക്‌ കാലാവസ്ഥാ സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായേക്കാം.

കുറച്ചു കാലം മുമ്പ്‌, ഐമറായും കെച്ച്‌വായും സംസാരിക്കാൻ അറിയാമായിരുന്ന ഒരു കൂട്ടം പയനിയർമാർ റ്റിറ്റിക്കാക്ക തടാകത്തിലെ ആമാന്റാനി, റ്റാക്കിലി എന്നീ ദ്വീപുകൾ സന്ദർശിച്ചു. ക്രൈസ്‌തവലോകത്തിന്റെ കാപട്യങ്ങളെ സത്യസന്ധമായി തുറന്നുകാട്ടുന്ന “സഭകൾ​—⁠ഒരു അടുത്ത വീക്ഷണത്തിൽ” എന്ന സ്ലൈഡ്‌ ഫിലിം അവർ കൂടെ കൊണ്ടുപോയി. അതിനു നല്ല പ്രതികരണം ലഭിച്ചു. ഒരു മനുഷ്യൻ സഹോദരന്മാരെ വീട്ടിലേക്കു ക്ഷണിക്കുകയും അവിടെ താമസിച്ച്‌ ബൈബിൾ പഠിപ്പിക്കാനായി ഒരു വലിയ മുറി അവർക്കു നൽകുകയും ചെയ്‌തു.

ആമാന്റാനിയിൽ നടത്തിയ ആദ്യത്തെ യോഗത്തിൽ 100 പേർ സംബന്ധിച്ചു; റ്റാക്കിലിയിൽ നടത്തിയ യോഗത്തിന്റെ ഹാജർ 140 ആയിരുന്നു. കെച്ച്‌വാ ഭാഷയിലാണ്‌ യോഗങ്ങൾ നടത്തിയത്‌. മുമ്പ്‌ വൻകരയിൽ താമസിച്ചിരുന്ന ഒരു ദമ്പതിമാർ ഇങ്ങനെ പറഞ്ഞു: “അങ്ങനെ യഹോവയുടെ സാക്ഷികളായ നിങ്ങൾക്ക്‌ ഞങ്ങളെ ഓർക്കാനുള്ള സമയമായി. നിങ്ങൾ ഇവിടെ വരാൻ വേണ്ടി ഞങ്ങൾ പ്രാർഥിക്കുകയായിരുന്നു.”

ഈ വലിയ രണ്ടു ദ്വീപുകൾക്കു പുറമേ, റ്റിറ്റിക്കാക്ക തടാകത്തിലെ 40-ഓളം വരുന്ന “ഒഴുകിനടക്കുന്ന” ദ്വീപുകളിലും സുവാർത്ത എത്തിയിരിക്കുന്നു. ഒഴുകിനടക്കുന്ന ദ്വീപുകളോ? തടാകത്തിന്റെ ആഴം കുറഞ്ഞ ഭാഗങ്ങളിൽ വളരുന്ന, റ്റൊട്ടൊറ എന്ന ഒരുതരം മുള ഉപയോഗിച്ചാണ്‌ ഈ ദ്വീപുകൾ നിർമിക്കുന്നത്‌. റ്റൊട്ടൊറ ജലപ്പരപ്പിനു മുകളിലേക്കു വളർന്നുനിൽക്കുന്നു. തദ്ദേശവാസികൾ, തടാകത്തിന്റെ അടിത്തട്ടിൽ വേരൂന്നിനിൽക്കുന്ന ഈ മുളകളുടെ മുകൾഭാഗം വളച്ച്‌ പായ്‌ നെയ്യുന്നതുപോലെ നെയ്‌ത്‌ ഒരു പ്ലാറ്റ്‌ഫോം ഉണ്ടാക്കുന്നു. പിന്നെ കൂടുതൽ മുളകൾ തലങ്ങനെയും വിലങ്ങനെയും വെച്ച്‌ മണ്ണു പാകി പ്ലാറ്റ്‌ഫോം ബലിഷ്‌ഠമാക്കുന്നു. അതിനു മുകളിലായി നിർമിച്ച മുളംകുടിലുകളിൽ ആളുകൾ വസിക്കുന്നു.

റ്റിറ്റിക്കാക്ക തടാകത്തിലെ ദ്വീപുവാസികളോടു സുവാർത്ത പ്രസംഗിക്കാനായി യഹോവയുടെ സാക്ഷികൾ 16 പേർക്ക്‌ ഇരിക്കാവുന്ന ഒരു ബോട്ട്‌ സംഘടിപ്പിച്ചു. ഒഴുകിനടക്കുന്ന ദ്വീപുകൾക്കരികിൽ ബോട്ട്‌ നിറുത്തിയിട്ടശേഷം, സാക്ഷികൾ മുളകൊണ്ടുള്ള പ്ലാറ്റ്‌ഫോമിലെ കുടിലുകൾ തോറും സന്ദർശനം നടത്തുന്നു. പ്ലാറ്റ്‌ഫോമിലൂടെ നടക്കുമ്പോൾ പാദത്തിനടിയിലായി നിലത്തിനു നേരിയ ചലനം അനുഭവപ്പെടാറുണ്ടെന്ന്‌ അവർ പറയുന്നു. യാത്രാച്ചൊരുക്ക്‌ ഉള്ളവർക്ക്‌ ഈ സ്ഥലം പറ്റിയതല്ല!

ഐമറാ ഭാഷ സംസാരിക്കുന്ന ജനങ്ങൾ, തടാകക്കരയിലുള്ള നിരവധി വരുന്ന ഗ്രാമങ്ങളിലും തടാകത്തിലേക്കു തള്ളി നിൽക്കുന്ന കരഭാഗങ്ങളിലും ഒക്കെയാണ്‌ വസിക്കുന്നത്‌. ഇവിടെ എത്തിപ്പെടാൻ കരയിലൂടെ സഞ്ചരിക്കുന്നതിനെക്കാൾ എളുപ്പം ബോട്ടിൽ സഞ്ചരിക്കുന്നതാണ്‌. ബോട്ടുകളിൽ ചെന്ന്‌ രാജ്യസന്ദേശം അറിയിക്കുന്ന പ്രദേശത്ത്‌ മൊത്തം 4,00,000-ത്തിനടുത്ത്‌ ആളുകൾ താമസിക്കുന്നതായി കണക്കാക്കപ്പെടുന്നു. ഇനിയുള്ള കുറെ കാലത്തേക്ക്‌ ഈ ബോട്ടുകൾക്കു നല്ല തിരക്കായിരിക്കും.

ആത്മീയ ദാഹം ശമിപ്പിക്കൽ

ആൻഡീസിൽ ഹൂല്യാക്കായ്‌ക്കു സമീപത്തുള്ള സാന്റാ ലൂസിയാ എന്ന ഗ്രാമത്തിലാണ്‌ ഫ്‌ളാവ്യോ താമസിച്ചിരുന്നത്‌. അദ്ദേഹം സഹവസിച്ചിരുന്ന ഇവാഞ്ചലിക്കൽ സഭ അദ്ദേഹത്തെ അഗ്നിനരകത്തെ കുറിച്ചു പഠിപ്പിച്ചിരുന്നു. വർഷങ്ങളോളം അഗ്നിനരകത്തിലെ നിത്യദണ്ഡനത്തെ ഭയന്നാണ്‌ അദ്ദേഹം ജീവിച്ചത്‌. സ്‌നേഹവാനായ ഒരു ദൈവത്തിന്‌ മനുഷ്യനെ നിത്യമായി അഗ്നിനരകത്തിൽ ദണ്ഡിപ്പിക്കാൻ കഴിയുന്നത്‌ എങ്ങനെയാണെന്ന്‌ അദ്ദേഹം മിക്കപ്പോഴും ചിന്തിച്ചിരുന്നു. യഹോവയുടെ സാക്ഷികളുടെ ഒരു മുഴുസമയ ശുശ്രൂഷകനായ റ്റിറ്റോ ആ ഗ്രാമം സന്ദർശിച്ചപ്പോൾ ഫ്‌ളാവ്യോയോടു സംസാരിച്ചു.

ഫ്‌ളാവ്യോ ചോദിച്ച ചോദ്യങ്ങളിൽ ഒന്ന്‌ ഇതായിരുന്നു: “മനുഷ്യരെ അഗ്നിനരകത്തിൽ ദണ്ഡിപ്പിക്കുന്നതായി നിങ്ങളുടെ മതം പഠിപ്പിക്കുന്നുണ്ടോ?” അത്തരമൊരു ആശയം സ്രഷ്‌ടാവിനെ സംബന്ധിച്ചിടത്തോളം വെറുപ്പുളവാക്കുന്ന ഒന്നാണ്‌, മാത്രമല്ല അത്‌ സ്‌നേഹത്തിന്റെ ദൈവമായ യഹോവയുടെ നാമത്തിന്മേൽ കളങ്കം ചാർത്തുകയും ചെയ്യുന്നു എന്ന്‌ റ്റിറ്റോ മറുപടി പറഞ്ഞു. ഫ്‌ളാവ്യോയുടെ കയ്യിലുള്ള ബൈബിൾ ഉപയോഗിച്ച്‌, മരിച്ചവർ യാതൊന്നും അറിയുന്നില്ലെന്നും ദൈവരാജ്യത്തിൻ കീഴിലുള്ള ഒരു ഭൗമിക പുനരുത്ഥാനത്തിൽ അവർ ഉയിർത്തെഴുന്നേൽക്കുമെന്നും റ്റിറ്റോ കാണിച്ചുകൊടുത്തു. (സഭാപ്രസംഗി 9:5; യോഹന്നാൻ 5:28, 29) ഇത്‌ ഫ്‌ളാവ്യോയുടെ കണ്ണു തുറപ്പിച്ചു. ഉടനടി അദ്ദേഹം ഒരു ബൈബിൾ അധ്യയനം സ്വീകരിക്കുകയും താമസിയാതെ സ്‌നാപനമേറ്റ ഒരു ക്രിസ്‌ത്യാനിയായിത്തീരുകയും ചെയ്‌തു.

വിലമതിപ്പു പ്രകടമാക്കുന്ന ഒരു ഗ്രാമം

മുമ്പൊരിക്കലും ബൈബിളിന്റെ ഒരു കോപ്പി പോലും കണ്ടിട്ടില്ലാത്ത, യഹോവയുടെ സാക്ഷികളെയും അവർ പ്രസംഗിക്കുന്ന സുവാർത്തയെയും കുറിച്ച്‌ അറിഞ്ഞിട്ടില്ലാത്ത ഗ്രാമീണരോട്‌ തിരുവെഴുത്തു സന്ദേശം എത്തിക്കുന്നതിന്റെ സന്തോഷം ഒന്നു സങ്കൽപ്പിക്കുക! മധ്യ പെറുവിൽ, സമുദ്രനിരപ്പിൽനിന്ന്‌ 3,600 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇസ്‌കൂച്ചാക്കാ, കോനൈക്കാ എന്നീ ഗ്രാമങ്ങളിൽ പ്രസംഗിച്ച റോസ, ആലിസ്യാ, സെസില്യാ എന്നീ മൂന്നു പയനിയർ സഹോദരിമാർക്ക്‌ ആ സന്തോഷം അനുഭവിക്കാൻ സാധിച്ചു.

ആദ്യത്തെ ഗ്രാമത്തിൽ എത്തിച്ചേർന്നപ്പോൾ അവർക്കു താമസിക്കാൻ ഇടം ലഭിച്ചില്ല. അവർ സ്ഥലത്തെ പൊലീസ്‌ കമാൻഡറുടെ അടുക്കൽ ചെന്ന്‌ തങ്ങളുടെ സന്ദർശന ഉദ്ദേശ്യം വ്യക്തമാക്കി. ഫലം എന്തായിരുന്നു? അന്നു രാത്രി പോലീസ്‌ സ്റ്റേഷനിൽ തങ്ങാൻ അദ്ദേഹം അവരെ അനുവദിച്ചു. അടുത്ത ദിവസം പയനിയർമാർക്ക്‌ കുറേക്കൂടെ സ്ഥിരമായ ഒരു ക്വാർട്ടേഴ്‌സ്‌ കണ്ടെത്താൻ സാധിച്ചു. പിന്നീട്‌ അത്‌ അവരുടെ പ്രവർത്തനകേന്ദ്രമായി മാറി.

താമസിയാതെ, യേശുക്രിസ്‌തുവിന്റെ മരണത്തിന്റെ സ്‌മാരകാഘോഷത്തിനുള്ള സമയം വന്നെത്തി. പയനിയർമാർ ഇസ്‌കൂച്ചാക്കാ ഗ്രാമത്തിലെ എല്ലാ വീടുകളും സന്ദർശിക്കുകയും ഒട്ടേറെ ബൈബിളുകൾ സമർപ്പിക്കുകയും നിരവധി ബൈബിൾ അധ്യയനങ്ങൾ തുടങ്ങുകയും ചെയ്‌തിരുന്നു. സ്‌മാരകത്തിനു മുമ്പ്‌ അവർ ആളുകളെ സന്ദർശിച്ച്‌ ക്ഷണക്കത്തുകൾ നൽകി, അത്‌ ആചരിക്കുന്നതിന്റെ ഉദ്ദേശ്യവും സ്‌മാരക സമയത്ത്‌ ഉപയോഗിക്കപ്പെടുന്ന ചിഹ്നങ്ങളുടെ അർഥവും അവർക്കു വിശദീകരിച്ചു കൊടുത്തു. സ്‌മാരകാചരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സഹായിക്കാൻ ഒരു കൂട്ടം സഹോദരന്മാരെയും അവർ ക്ഷണിച്ചു, അവരിൽ ഒരാളാണ്‌ പ്രസംഗം നടത്തിയത്‌. ഈ പ്രത്യേക യോഗത്തിൽ സംബന്ധിക്കാൻ ആ കൊച്ചു ഗ്രാമത്തിൽനിന്ന്‌ 50 ആളുകൾ എത്തിയത്‌ എത്ര സന്തോഷപ്രദമായിരുന്നെന്നോ! കർത്താവിന്റെ സന്ധ്യാഭക്ഷണം യഥാർഥത്തിൽ എന്താണ്‌ അർഥമാക്കുന്നത്‌ എന്ന്‌ ആദ്യമായി അവർക്കു മനസ്സിലായി. മാത്രമല്ല, തങ്ങളുടെ കൈവശമുള്ള ദൈവവചനം എത്ര അമൂല്യമാണെന്നും അവർ തിരിച്ചറിഞ്ഞു!

ഭാരിച്ച ചുമടിൽനിന്നു മോചനം

വ്യാജമതത്തിന്റെ അടിമത്തത്തിൽ കഴിയുന്നവർക്ക്‌ ബൈബിൾ സത്യത്തിന്റെ നവോന്മേഷദായകമായ ജലം പകർന്നുകൊടുക്കുന്നത്‌ എല്ലായ്‌പോഴും സന്തോഷകരമാണ്‌. പുരാതന ഇങ്കാ സാമ്രാജ്യത്തിന്റെ ശക്തികേന്ദ്രമായിരുന്നു പിസാക്ക്‌. ഇന്ന്‌ അവിടെ ജീവിക്കുന്ന മിക്ക ആളുകളും അഗ്നിനരകമെന്ന തിരുവെഴുത്തുവിരുദ്ധ ആശയം പഠിപ്പിക്കപ്പെട്ടിട്ടുള്ളവരാണ്‌. തങ്ങളുടെ മധ്യസ്ഥത ഉണ്ടെങ്കിലേ അവർക്കു സ്വർഗത്തിലെത്താൻ സാധിക്കു എന്ന്‌ പുരോഹിതന്മാർ അവരെ ധരിപ്പിക്കുന്നു.

അത്തരം ആളുകൾ ബൈബിൾ സത്യമാകുന്ന നവോന്മേഷദായകമായ ജലത്തിനായി ദാഹിക്കുന്നതു മനസ്സിലാക്കാവുന്നതേയുള്ളൂ. വീടുതോറും പ്രസംഗിക്കവേ, നീതിമാന്മാർക്ക്‌ ഒരു പറുദീസാ ഭൂമിയിലെ ജീവന്റെ പ്രത്യാശയാണ്‌ ഉള്ളതെന്ന്‌ ഒരു മനുഷ്യനോടു വിശദീകരിക്കാൻ യഹോവയുടെ സാക്ഷികളുടെ ഒരു മുഴുസമയ ശുശ്രൂഷകനായ സാന്റിയാഗോയ്‌ക്ക്‌ അവസരം ലഭിച്ചു. (സങ്കീർത്തനം 37:11) മരിച്ചവർ പുനരുത്ഥാനം ചെയ്യുമെന്നും നിത്യജീവൻ നേടുക എന്ന ലക്ഷ്യത്തോടെ മനുഷ്യവർഗം ദൈവത്തിന്റെ പൂർണതയുള്ള വഴികളെ കുറിച്ചു പഠിപ്പിക്കപ്പെടുമെന്നും സാന്റിയാഗോ ബൈബിളിൽനിന്ന്‌ അയാൾക്കു കാണിച്ചുകൊടുത്തു. (യെശയ്യാവു 11:9) ഒരു കത്തോലിക്കാ മതഭക്തനായിരുന്ന ആ മനുഷ്യൻ ആത്മവിദ്യയിൽ ഏർപ്പെട്ടിരുന്നു. മാത്രമല്ല, അയാൾ കടുത്ത മദ്യപാനിയും ആയിരുന്നു. ഇപ്പോൾ അയാൾക്ക്‌ ഒരു ബൈബിൾ അധിഷ്‌ഠിത പ്രത്യാശയും പറുദീസയിൽ ജീവിക്കുക എന്ന ലക്ഷ്യവും ഉണ്ട്‌. തന്റെ കൈവശമുള്ള, ആത്മവിദ്യയുമായി ബന്ധപ്പെട്ട എല്ലാ വസ്‌തുക്കളും അയാൾ കത്തിച്ചുകളഞ്ഞു. കൂടാതെ അയാൾ മദ്യപാനവും ഉപേക്ഷിച്ചു. അയാൾ തന്റെ വീട്ടിലുള്ളവരെ കൂട്ടിവരുത്തി ഒരു ബൈബിൾ അധ്യയനം സ്വീകരിച്ചു. കാലക്രമത്തിൽ ആ കുടുംബത്തിലെ എല്ലാവരും യഹോവയ്‌ക്കു തങ്ങളെത്തന്നെ സമർപ്പിച്ച്‌ സ്‌നാപനമേറ്റു.

ആതിഥ്യം സ്വീകരിക്കുന്നു

പർവതവാസികൾ അതിഥിപ്രിയരാണ്‌. തീരെ ചെറിയ വീടുകളാണ്‌ അവരുടേത്‌. ദരിദ്രരാണെങ്കിലും തങ്ങൾക്കുള്ളത്‌ അവർ അതിഥികളുമായി പങ്കുവെക്കുന്നു. ബൈബിളിലെ ഉന്നത നിലവാരങ്ങൾ പഠിക്കുന്നതിനു മുമ്പ്‌, ആതിഥേയൻ തന്റെ അതിഥിക്ക്‌ ചവയ്‌ക്കാനായി കോക്ക ഇലകൾ വെച്ചുനീട്ടുമായിരുന്നു. എന്നാൽ ഒരു സാക്ഷിയായശേഷം അയാൾ നൽകുന്നത്‌ ഒരു സ്‌പൂൺ പഞ്ചസാരയായിരിക്കും. ഒറ്റപ്പെട്ട ഈ പ്രദേശത്ത്‌ രണ്ടിനും ഒരേ മൂല്യമാണ്‌ ഉള്ളത്‌.

ഒരിക്കൽ, തന്നോടൊപ്പം മടക്കസന്ദർശനത്തിന്‌ വരാമോയെന്ന്‌ ഒരു സഹോദരൻ ഒരു മിഷനറിയോടു ചോദിച്ചു. കുത്തനെയുള്ള ഒരു പർവതപ്രദേശ പാതയിലൂടെ സഞ്ചരിച്ചു വേണമായിരുന്നു അവർക്ക്‌ പുല്ലുമേഞ്ഞ ആ കുടിലിലെത്താൻ. അതിനോട്‌ അടുക്കാറായപ്പോൾ, തങ്ങളുടെ ആഗമനത്തെ കുറിച്ച്‌ അറിയിക്കാനായി അവർ കൈകൊട്ടി. വീട്ടുകാരൻ അവരെ തന്റെ കുടിലിലേക്കു ക്ഷണിച്ചു. വാതിൽപ്പടിക്ക്‌ പൊക്കം കുറവായിരുന്നതിനാൽ അവർക്കു കുനിഞ്ഞു വേണമായിരുന്നു അകത്തു കടക്കാൻ. അവർ ശ്രദ്ധാപൂർവം മൺതറയുടെ മധ്യത്തിലേക്കു നീങ്ങി. ആ വീട്ടിലെ സ്‌ത്രീ തറയിൽ ഒരു കുഴി ഉണ്ടാക്കി അതിൽ ഒരു പുതപ്പു വിരിച്ച്‌ തന്റെ കുഞ്ഞിനെ കിടത്തിയിരുന്നു. കുഴിയിൽനിന്ന്‌ പുറത്തുവരാനായില്ലെങ്കിലും, മുതിർന്നവർ സംസാരിച്ചുകൊണ്ടിരിക്കെ ആ കുഞ്ഞ്‌ സന്തോഷത്തോടെ ഓരോ ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നുണ്ടായിരുന്നു. രാജ്യാനുഗ്രഹങ്ങളെ കുറിച്ചുള്ള സജീവമായ ഒരു ചർച്ചയ്‌ക്കു ശേഷം ആ സ്‌ത്രീ ഒരു വലിയ പാത്രം നിറയെ അവിടത്തുകാർ കുടിക്കുന്ന ഒരുതരം പാനീയം കൊണ്ടുവന്നു. പിന്നെ ആ സഹോദരന്മാർ മറ്റു മടക്കസന്ദർശനങ്ങൾക്കായി മലഞ്ചെരുവിലൂടെ യാത്രയായി.

ഒരു വൻ കൊയ്‌ത്ത്‌

ഇപ്പോൾ ഈ പ്രദേശത്ത്‌ ഏതാണ്ട്‌ നൂറിലധികം ഒറ്റപ്പെട്ട കൂട്ടങ്ങൾ ഉണ്ട്‌, ആയിരത്തിലധികം ആളുകൾ യഹോവയുടെ സാക്ഷികളുമൊത്ത്‌ ബൈബിൾ പഠിക്കുകയും ചെയ്യുന്നു. ഈ കൂട്ടങ്ങളെ സഭകളായി വളർത്തിക്കൊണ്ടുവരാൻ ലിമയിലെ ശുശ്രൂഷാ പരിശീലന സ്‌കൂളിൽനിന്നു ബിരുദമെടുത്തവരെ അയയ്‌ക്കുന്നു. കാലങ്ങളായി വ്യാജമതത്തിന്റെയും അന്ധവിശ്വാസങ്ങളുടെയും അടിമത്തത്തിൽ കഴിഞ്ഞിരുന്ന പരമാർഥഹൃദയരായ വ്യക്തികൾ രാജ്യ സുവാർത്ത മുഖാന്തരം സ്വാതന്ത്ര്യം കണ്ടെത്തിയിരിക്കുന്നു. (യോഹന്നാൻ 8:32) അതേ, സത്യത്തിന്റെ ജലത്തിനു വേണ്ടിയുള്ള അവരുടെ ദാഹം ഇപ്പോൾ ശമിപ്പിക്കപ്പെടുന്നു.

[10-ാം പേജിലെ ചിത്രം]

റ്റിറ്റിക്കാക്ക തടാകത്തിലെ “ഒഴുകിനടക്കുന്ന” ദ്വീപുകളിൽ സാക്ഷീകരിക്കുന്നു