വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒരു സന്തുഷ്ട ലോകത്തിന്റെ താക്കോൽ

ഒരു സന്തുഷ്ട ലോകത്തിന്റെ താക്കോൽ

ഒരു സന്തുഷ്ട ലോകത്തിന്റെ താക്കോൽ

“ഈ രണ്ടു സഹസ്രാബ്ദങ്ങളിലെ മാത്രമല്ല, മുഴു മാനവചരിത്രത്തിലെയും ഏറ്റവും പ്രഭാവശാലിയായ വ്യക്തി നസറായനായ യേശുവാണ്‌,” ടൈം മാസിക പറയുന്നു. യേശു ഭൂമിയിലായിരുന്നപ്പോൾ ആത്മാർഥഹൃദയരായ ആയിരക്കണക്കിന്‌ ആളുകൾ അവന്റെ മാഹാത്മ്യത്തെ മാത്രമല്ല മറ്റുള്ളവരിലുള്ള അവന്റെ താത്‌പര്യത്തെയും തിരിച്ചറിഞ്ഞു. അതുകൊണ്ടുതന്നെ അവനെ രാജാവാക്കാൻ അവർ ആഗ്രഹിച്ചതിൽ അതിശയിക്കാനില്ല. (യോഹന്നാൻ 6:10, 14, 15) എന്നാൽ, കഴിഞ്ഞ ലേഖനത്തിൽ പ്രതിപാദിച്ചതുപോലെ രാഷ്‌ട്രീയത്തിൽ ഉൾപ്പെടാൻ യേശു വിസമ്മതിച്ചു.

യേശുവിന്റെ ആ പ്രതികരണം ചുരുങ്ങിയത്‌ മൂന്നു ഘടകങ്ങളെ എങ്കിലും അടിസ്ഥാനപ്പെടുത്തിയുള്ളത്‌ ആയിരുന്നു: മനുഷ്യന്റെ തന്നിഷ്‌ടപ്രകാരമുള്ള തിരഞ്ഞെടുപ്പുകൾ​—⁠മനുഷ്യഭരണവും അതിൽ ഉൾപ്പെടും​—⁠സംബന്ധിച്ച അവന്റെ പിതാവിന്റെ വീക്ഷണം; ഭരണപരമായ ഏറ്റവും നല്ല ശ്രമങ്ങൾക്കെതിരെ പോലും പ്രവർത്തിക്കുന്ന പ്രബലമായ അദൃശ്യ ശക്തികൾ ഉണ്ടെന്നുള്ള അവന്റെ തിരിച്ചറിവ്‌; മുഴു ഭൂമിമേലും ഭരിക്കുന്ന ഒരു സ്വർഗീയ ഗവൺമെന്റ്‌ സ്ഥാപിക്കാനുള്ള ദൈവോദ്ദേശ്യം. ഈ മൂന്നു ഘടകങ്ങളെ കുറിച്ച്‌ സൂക്ഷ്‌മമായി പരിശോധിക്കവേ, ലോകത്തെ മെച്ചപ്പെട്ട ഒരു ഇടമാക്കി മാറ്റാനുള്ള മനുഷ്യന്റെ ശ്രമങ്ങൾ പരാജയപ്പെട്ടിരിക്കുന്നത്‌ എന്തുകൊണ്ടെന്നു നമുക്കു മനസ്സിലാകും. ഇക്കാര്യത്തിൽ എങ്ങനെ വിജയം കൈവരിക്കാനാകുമെന്നും നാം കാണും.

മനുഷ്യർക്കു സ്വയം ഭരിക്കാൻ കഴിയുമോ?

ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോൾ അവൻ അവർക്ക്‌ ജന്തുലോകത്തിന്മേൽ ആധിപത്യം നൽകി. (ഉല്‌പത്തി 1:26) എന്നാൽ മനുഷ്യവർഗം ദൈവത്തിന്റെ പരമാധികാരത്തിനു കീഴിലായിരുന്നു. “നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തി”ന്റെ ഫലം ഭക്ഷിക്കരുത്‌ എന്ന ദൈവകൽപ്പന അനുസരിച്ചുകൊണ്ട്‌ ആദ്യ മനുഷ്യനും സ്‌ത്രീയും ദൈവത്തോടുള്ള തങ്ങളുടെ കീഴ്‌പെടൽ തെളിയിക്കണമായിരുന്നു. (ഉല്‌പത്തി 2:17) സങ്കടകരമെന്നു പറയട്ടെ, ആദാമും ഹവ്വായും തങ്ങളുടെ ഇച്ഛാസ്വാതന്ത്ര്യത്തെ ദുരുപയോഗപ്പെടുത്തിക്കൊണ്ട്‌ ദൈവത്തോട്‌ അനുസരണക്കേടു കാട്ടി. വിലക്കപ്പെട്ട കനി പറിച്ചത്‌ വെറുമൊരു മോഷണം ആയിരുന്നില്ല. അത്‌ ദൈവത്തിന്റെ പരമാധികാരത്തിന്‌ എതിരെയുള്ള ഒരു മത്സരമായിരുന്നു. ആദാമും ഹവ്വായും തങ്ങൾക്ക്‌ “സമ്പൂർണ ധാർമിക സ്വാതന്ത്ര്യം വേണം” എന്ന അവകാശവാദം ഉന്നയിച്ചു, “തന്മൂലം താൻ സൃഷ്ടിക്കപ്പെട്ട ഒരു വ്യക്തിയാണെന്ന്‌ അംഗീകരിക്കാൻ മനുഷ്യൻ കൂട്ടാക്കുന്നില്ല . . . ഈ ആദ്യപാപം ദൈവത്തിന്റെ പരമാധികാരത്തിന്മേലുള്ള ഒരു കടന്നാക്രമണം ആയിരുന്നു” എന്ന്‌ ദ ന്യൂ ജറൂസലേം ബൈബിളിഉല്‌പത്തി 2:​17-ന്റെ ഒരു അടിക്കുറിപ്പ്‌ പറയുന്നു.

നിർണായകമായ ധാർമിക വിവാദവിഷയങ്ങൾ ഉൾപ്പെട്ടിരുന്നതുകൊണ്ട്‌, തങ്ങൾക്കിഷ്ടമുള്ള ജീവിതഗതി തിരഞ്ഞെടുക്കാൻ ആദാമിനെയും ഹവ്വായെയും അവരുടെ സന്തതികളെയും ദൈവം അനുവദിച്ചു, ശരിയും തെറ്റും സംബന്ധിച്ച്‌ അവർ സ്വന്തമായ മാനദണ്ഡങ്ങൾ വെക്കുകയും ചെയ്‌തു. (സങ്കീർത്തനം 147:19, 20; റോമർ 2:14) തന്നിഷ്‌ടപ്രകാരം തീരുമാനങ്ങൾ ചെയ്യുന്നതിലുള്ള മനുഷ്യന്റെ പരീക്ഷണം അവിടെനിന്ന്‌ ആരംഭിച്ചു. അവൻ അതിൽ വിജയിച്ചോ? ആയിരക്കണക്കിനു വർഷങ്ങളിലെ അനുഭവങ്ങൾ പരിചിന്തിക്കുമ്പോൾ ഇല്ല എന്നു നമുക്കു തറപ്പിച്ചു പറയാനാകും! ‘മനുഷ്യൻ അവന്റെ ദോഷത്തിനായി മനുഷ്യന്റെമേൽ അധികാരം നടത്തിയിരിക്കുന്നു’ എന്ന്‌ സഭാപ്രസംഗി 8:​9 (NW) പറയുന്നു. മനുഷ്യന്റെ സ്വയം ഭരണത്തിന്റെ പരിതാപകരമായ ചരിത്രം, യിരെമ്യാവു 10:​23-ന്റെ സത്യതയ്‌ക്ക്‌ അടിവരയിടുന്നു: “യഹോവേ, മനുഷ്യന്നു തന്റെ വഴിയും നടക്കുന്നവന്നു തന്റെ കാലടികളെ നേരെ ആക്കുന്നതും സ്വാധീനമല്ല എന്നു ഞാൻ അറിയുന്നു.” തങ്ങളുടെ സ്രഷ്ടാവിനെ കൂടാതെ വിജയകരമായി ഭരിക്കാനുള്ള പ്രാപ്‌തി മനുഷ്യർക്കില്ലെന്നു ചരിത്രം സാക്ഷ്യപ്പെടുത്തിയിരിക്കുന്നു.

യേശുവും അതു പൂർണമായി ശരിവെച്ചു. ദൈവത്തെ കൂടാതെയുള്ള സ്വാതന്ത്ര്യം അവനെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം അറപ്പുളവാക്കുന്നതായിരുന്നു. “ഞാൻ സ്വയമായിട്ടു ഒന്നും ചെയ്യാതെ” “എല്ലായ്‌പോഴും [ദൈവത്തിനു] പ്രസാദമുള്ളതു” ചെയ്യുന്നു എന്ന്‌ യേശു പറഞ്ഞു. (യോഹന്നാൻ 4:34; 8:​28, 29) അതുകൊണ്ട്‌ ദിവ്യാനുമതി ഇല്ലാതെ മനുഷ്യരിൽനിന്ന്‌ രാജത്വം സ്വീകരിക്കുന്നതിനെ കുറിച്ച്‌ അവൻ ചിന്തിച്ചതുപോലുമില്ല. എന്നാൽ, സഹമനുഷ്യരെ സഹായിക്കാൻ അവൻ വൈമുഖ്യം കാണിച്ചുവെന്നല്ല അതിന്റെ അർഥം. ഈ ജീവിതത്തിലും വരുവാനുള്ള ജീവിതത്തിലും ഏറ്റവും വലിയ സന്തോഷം കണ്ടെത്താൻ ആളുകളെ സഹായിക്കുന്നതിന്‌ അവൻ തന്റെ പരമാവധി ചെയ്‌തു. തന്റെ ജീവൻപോലും അവൻ മനുഷ്യവർഗത്തിനായി നൽകി. (മത്തായി 5:3-11; 7:​24-27; യോഹന്നാൻ 3:16) എന്നാൽ, മനുഷ്യവർഗത്തിന്മേൽ ദൈവം തന്റെ പരമാധികാരം സംസ്ഥാപിക്കുന്നത്‌ ഉൾപ്പെടെ, ‘എല്ലാറ്റിന്നും ഒരു സമയമുണ്ട്‌’ എന്ന്‌ യേശുവിന്‌ അറിയാമായിരുന്നു. (സഭാപ്രസംഗി 3:1; മത്തായി 24:14, 21, 22, 36-39) ഏദെനിൽവെച്ച്‌ നമ്മുടെ ആദിമാതാപിതാക്കൾ, ഒരു സർപ്പം മുഖാന്തരം തങ്ങളോടു സംസാരിച്ച ഒരു ദുഷ്ട ആത്മജീവിയുടെ ഹിതത്തിനു വഴങ്ങിയ കാര്യം നിങ്ങൾ ഓർക്കുന്നുണ്ടാകുമല്ലോ? യേശു രാഷ്‌ട്രീയത്തിൽനിന്നു പിന്മാറിനിന്നതിന്റെ രണ്ടാമത്തെ കാരണത്തിലേക്ക്‌ അതു വിരൽചൂണ്ടുന്നു.

ലോകത്തിന്റെ അദൃശ്യ ഭരണാധിപൻ

ഒരൊറ്റ ആരാധനാക്രിയയ്‌ക്കു പകരമായി “ലോകത്തിലുള്ള സകല രാജ്യങ്ങളെയും അവയുടെ മഹത്വത്തെയും” നൽകാമെന്ന്‌ സാത്താൻ യേശുവിനോടു വാഗ്‌ദാനം ചെയ്‌തു. (മത്തായി 4:8-10) വാസ്‌തവത്തിൽ, പിശാച്‌ വാഗ്‌ദാനം ചെയ്‌തത്‌ ഭരണാധിപത്യമാണ്‌, തന്റെ വ്യവസ്ഥകൾ പാലിക്കുന്നപക്ഷം മാത്രം. യേശു ആ പ്രലോഭനത്തിനു വശംവദനായില്ല. എന്നാൽ അത്‌ യഥാർഥത്തിൽ ഒരു പ്രലോഭനം തന്നെയായിരുന്നോ? ഇത്രയും വലിയൊരു വാഗ്‌ദാനം ചെയ്യാൻ സാത്താന്‌ കഴിയുമായിരുന്നോ? തീർച്ചയായും, കാരണം യേശുതന്നെ പിശാചിനെ “ലോകത്തിന്റെ പ്രഭു” എന്നു വിളിക്കുകയുണ്ടായി. അപ്പൊസ്‌തലനായ പൗലൊസാകട്ടെ, അവനെ “ഈ ലോകത്തിന്റെ ദൈവം” എന്നും വിളിച്ചു.​—⁠യോഹന്നാൻ 14:30; 2 കൊരിന്ത്യർ 4:4; എഫെസ്യർ 6:⁠12.

പിശാചിന്‌ മനുഷ്യന്റെ ക്ഷേമത്തിൽ യഥാർഥ താത്‌പര്യമില്ലെന്ന്‌ യേശുവിന്‌ അറിയാമായിരുന്നു. അവൻ സാത്താനെ “ഒരു ഘാതകൻ” എന്നും “ഭോഷ്‌കുകളുടെയും വ്യാജമായ സകലത്തിന്റെയും പിതാവ്‌” എന്നും വിശേഷിപ്പിച്ചു. (യോഹന്നാൻ 8:​44, ദി ആംപ്ലിഫൈഡ്‌ ബൈബിൾ) അത്തരം ഒരു ദുഷ്ടാത്മാവിന്റെ “അധീനതയിൽ കിടക്കുന്ന” ഒരു ലോകത്തിന്‌ യഥാർഥത്തിൽ സന്തുഷ്‌ടമായിരിക്കാൻ കഴിയില്ലെന്നു വ്യക്തമാണ്‌. (1 യോഹന്നാൻ 5:19) എന്നാൽ എല്ലാ കാലത്തും പിശാചിന്‌ ഈ അധികാരം ഉണ്ടായിരിക്കുകയില്ല. ഇപ്പോൾ ശക്തനായ ഒരു ആത്മജീവി ആയിരിക്കുന്ന യേശു, താമസിയാതെ സാത്താനെയും അവന്റെ എല്ലാ സ്വാധീനങ്ങളെയും പൂർണമായി നശിപ്പിക്കും.​—⁠എബ്രായർ 2:​14, പി.ഒ.സി. ബൈബിൾ; വെളിപ്പാടു 20:1-3.

ലോക ഭരണാധിപൻ എന്ന നിലയിലുള്ള തന്റെ ദിവസങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞിരിക്കുന്നുവെന്ന്‌ സാത്താനും അറിയാം. അതുകൊണ്ട്‌, മനുഷ്യരെ നേരെയാക്കാൻ കഴിയാത്തവിധം ദുഷിപ്പിക്കാൻ അവൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ്‌, നോഹയുടെ നാളിലെ പ്രളയത്തിനു മുമ്പ്‌ അവൻ ചെയ്‌തതുപോലെതന്നെ. (ഉല്‌പത്തി 6:1-5; യൂദാ 6) “ഭൂമിക്കും സമുദ്രത്തിന്നും അയ്യോ കഷ്ടം; പിശാചു തനിക്കു അല്‌പകാലമേയുള്ളു എന്നു അറിഞ്ഞു മഹാക്രോധത്തോടെ നിങ്ങളുടെ അടുക്കൽ ഇറങ്ങിവന്നിരിക്കുന്നു” എന്ന്‌ വെളിപ്പാടു 12:12 പറയുന്നു. ഈ “അൽപകാല”ത്തിന്റെ അവസാന സമയത്താണ്‌ നാം ജീവിക്കുന്നതെന്ന്‌ ബൈബിൾ പ്രവചനങ്ങളും ലോകസംഭവങ്ങളും കാണിക്കുന്നു. (2 തിമൊഥെയൊസ്‌ 3:1-5) അതേ, വിടുതൽ അടുത്തിരിക്കുന്നു.

സന്തോഷം കൈവരുത്തുന്ന ഒരു ഗവൺമെന്റ്‌

യേശു രാഷ്‌ട്രീയത്തിൽനിന്നു വിട്ടുനിൽക്കാനുള്ള മൂന്നാമത്തെ കാരണം, ഭാവിയിൽ ഒരു നിശ്ചയിക്കപ്പെട്ട സമയത്ത്‌ ഭൂമിമേൽ ഭരണം നടത്താനുള്ള ഒരു സ്വർഗീയ ഗവൺമെന്റ്‌ ദൈവം സ്ഥാപിക്കുമെന്ന്‌ അവന്‌ അറിയാമായിരുന്നു എന്നതാണ്‌. ബൈബിൾ ഈ ഗവൺമെന്റിനെ ദൈവരാജ്യം എന്നു വിളിക്കുന്നു. യേശുക്രിസ്‌തുവിന്റെ പഠിപ്പിക്കലിന്റെ മുഖ്യവിഷയവും ഈ ഗവൺമെന്റ്‌ ആയിരുന്നു. (ലൂക്കൊസ്‌ 4:43; വെളിപ്പാടു 11:15) ആ രാജ്യം വരാനായി പ്രാർഥിക്കാൻ യേശു തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചു. കാരണം, ആ ഭരണത്തിൻ കീഴിൽ മാത്രമേ, ‘ദൈവത്തിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകുകയുള്ളൂ.’ (മത്തായി 6:9, 10) ‘ഈ രാജ്യം മുഴു ഭൂമിമേലും ഭരിക്കാൻ പോകുകയാണെങ്കിൽ മാനുഷ ഗവൺമെന്റുകൾക്ക്‌ എന്തു സംഭവിക്കും’ എന്നു നിങ്ങൾ ചിന്തിച്ചേക്കാം.

അതിനുള്ള ഉത്തരം ദാനീയേൽ 2:​44-ൽ കാണാൻ കഴിയും: “[ഇന്നത്തെ വ്യവസ്ഥിതിയുടെ സമാപനകാലത്തു ഭരിച്ചുകൊണ്ടിരിക്കുന്ന] ഈ രാജാക്കന്മാരുടെ കാലത്തു സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്‌പിക്കപ്പെടുകയില്ല; അതു ഈ [മനുഷ്യനിർമിത] രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനില്‌ക്കയും ചെയ്യും.” (ചെരിച്ചെഴുതിയിരിക്കുന്നത്‌ ഞങ്ങൾ.) എന്തിനാണ്‌ ദൈവരാജ്യം ഭൗമിക രാജത്വങ്ങളെ “തകർക്കു”ന്നത്‌? കാരണം, ഏദെനിൽവെച്ച്‌ സാത്താൻ തിരികൊളുത്തിയ, ദൈവത്തെ അവഗണിച്ചുകൊണ്ട്‌ തന്നിഷ്‌ടപ്രകാരം തീരുമാനങ്ങൾ എടുക്കാനുള്ള പ്രവണതയെ ഇവ പ്രോത്സാഹിപ്പിക്കുന്നു. അത്തരം പ്രവണതയെ പ്രോത്സാഹിപ്പിക്കുന്നവർ, മനുഷ്യവർഗത്തിന്റെ ക്ഷേമത്തിനു വിരുദ്ധമായി പ്രവർത്തിക്കുന്നതിനു പുറമേ, സ്രഷ്‌ടാവുമായുള്ള ഏറ്റുമുട്ടലിന്റെ ഒരു ഗതിയിലൂടെ മുന്നേറുകയാണ്‌. (സങ്കീർത്തനം 2:6-12; വെളിപ്പാടു 16:14, 16) അതുകൊണ്ട്‌ നാം നമ്മോടുതന്നെ ചോദിക്കേണ്ടിയിരിക്കുന്നു, ‘നാം ദൈവത്തിന്റെ ഭരണാധിപത്യത്തെ അനുകൂലിക്കുന്നുവോ അതോ പ്രതികൂലിക്കുന്നുവോ?’

നിങ്ങൾ ആരുടെ പരമാധികാരം തിരഞ്ഞെടുക്കും?

സൂക്ഷ്‌മപരിജ്ഞാനത്തിൽ അധിഷ്‌ഠിതമായ ഒരു തീരുമാനം എടുക്കുന്നതിന്‌ ആളുകളെ സഹായിക്കാൻ, ഈ വ്യവസ്ഥിതി അവസാനിക്കുന്നതിനു മുമ്പ്‌ “രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗി”ക്കാൻ യേശു തന്റെ ശിഷ്യന്മാരെ നിയോഗിച്ചു. (മത്തായി 24:14) ഇന്ന്‌ ദൈവരാജ്യത്തെ കുറിച്ചു പ്രസംഗിക്കുന്നതിൽ ലോകവ്യാപകമായി അറിയപ്പെടുന്നവർ ആരാണ്‌? യഹോവയുടെ സാക്ഷികൾ. “യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു” എന്ന വാക്കുകൾ ഈ മാസികയുടെ മുഖപേജിൽ വർഷങ്ങളായി അച്ചടിച്ചുപോന്നിരിക്കുന്നു. ഇന്ന്‌ 230-ലധികം ദേശങ്ങളിലായി 60 ലക്ഷത്തോളം സാക്ഷികൾ, ആ രാജ്യത്തെ കുറിച്ചുള്ള സൂക്ഷ്‌മപരിജ്ഞാനം സമ്പാദിക്കാൻ ആളുകളെ സഹായിക്കുന്നു. *

രാജ്യത്തിന്റെ പ്രജകൾക്ക്‌ അനുഗ്രഹങ്ങൾ

യേശു എല്ലായ്‌പോഴും ദൈവത്തിനു ഹിതകരമായ വിധത്തിൽ കാര്യങ്ങൾ ചെയ്‌തു. അതുകൊണ്ട്‌, സ്വന്തമായ വഴിയിലൂടെ ആളുകളെ സഹായിക്കാനോ നിലവിലുള്ള കാര്യങ്ങൾ രാഷ്‌ട്രീയപരമായി പരിഹരിക്കാനോ ശ്രമിക്കുന്നതിനു പകരം ലോകത്തിന്റെ പ്രശ്‌നങ്ങൾക്കുള്ള ഏക പരിഹാരമായ ദൈവരാജ്യത്തിന്റെ താത്‌പര്യങ്ങൾ ഉന്നമിപ്പിക്കാൻ അവൻ കഠിനമായി യത്‌നിച്ചു. അവന്റെ വിശ്വസ്‌തതയ്‌ക്കുള്ള പ്രതിഫലമായി അവൻ ആ രാജ്യത്തിന്റെ രാജാവായി സ്വർഗത്തിൽ അവരോധിക്കപ്പെട്ടു. ദൈവത്തോടുള്ള കീഴ്‌പെടലിന്‌ അവനു ലഭിച്ച എത്ര മഹത്തായ പ്രതിഫലം!​—⁠ദാനീയേൽ 7:13, 14.

ഇന്ന്‌, യേശുവിനെ അനുകരിച്ചുകൊണ്ട്‌ ദൈവരാജ്യത്തിനു പ്രഥമ സ്ഥാനം നൽകുകയും ദൈവേഷ്ടത്തിനു കീഴ്‌പെടുകയും ചെയ്യുന്ന ദശലക്ഷക്കണക്കിന്‌ ആളുകൾക്കും മഹത്തായ ഒരു സമ്മാനം​—⁠ദൈവരാജ്യത്തിന്റെ ഭൗമിക പ്രജകൾ ആയിരിക്കാനുള്ള പദവി​—⁠ലഭിക്കും. (മത്തായി 6:33) അതിന്റെ സ്‌നേഹനിർഭരമായ ഭരണത്തിൻ കീഴിൽ അവർ മാനുഷ പൂർണത കൈവരിക്കും, നിത്യജീവന്റെ പ്രത്യാശയും അവർക്ക്‌ ഉണ്ടായിരിക്കും. (വെളിപ്പാടു 21:​3-5എ) 1 യോഹന്നാൻ 2:17 ഇപ്രകാരം പറയുന്നു: “ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു.” സാത്താനും അവന്റെ അനുയായികളും നീക്കം ചെയ്യപ്പെടുകയും ഭിന്നിപ്പിക്കുന്ന ദേശീയതയോ അഴിമതി നിറഞ്ഞ വാണിജ്യ വ്യവസ്ഥിതിയോ വ്യാജ മതങ്ങളോ ഇല്ലാത്ത ഒരു ആഗോള പറുദീസയായി ഭൂമി മാറുകയും ചെയ്യുമ്പോൾ അതിൽ എന്നേക്കും ജീവിക്കുക എത്ര സന്തോഷപ്രദമായിരിക്കും!​—⁠സങ്കീർത്തനം 37:29; 72:⁠16.

അതേ, യഥാർഥ സന്തുഷ്ട ലോകത്തിന്റെ താക്കോൽ ദൈവരാജ്യമാണ്‌. അക്കാരണത്താൽത്തന്നെ അതിനെ പ്രസിദ്ധമാക്കുന്ന സന്ദേശത്തെ സുവാർത്ത എന്നു വിശേഷിപ്പിക്കുന്നത്‌ തികച്ചും ഉചിതമാണ്‌. ഈ സുവാർത്ത നിങ്ങൾ ഇതുവരെ സ്വീകരിച്ചിട്ടില്ലെങ്കിൽ അടുത്ത തവണ യഹോവയുടെ സാക്ഷികൾ നിങ്ങളെ സന്ദർശിക്കുമ്പോൾ അപ്രകാരം ചെയ്യരുതോ?

[അടിക്കുറിപ്പുകൾ]

^ ഖ. 16 ദൈവരാജ്യത്തെ പ്രസിദ്ധമാക്കുന്നതിന്റെ ഭാഗമായി യഹോവയുടെ സാക്ഷികൾ രാഷ്‌ട്രീയത്തിൽ ഇടപെടുകയോ ലൗകിക ഗവൺമെന്റുകൾക്കെതിരെ വിപ്ലവം അഴിച്ചുവിടുകയോ ചെയ്യുന്നില്ല. യഹോവയുടെ സാക്ഷികളെ നിരോധിക്കുകയോ പീഡിപ്പിക്കുകയോ ചെയ്യുന്ന ദേശങ്ങളിൽപ്പോലും അവർ അങ്ങനെ ചെയ്യുന്നില്ല. (തീത്തൊസ്‌ 3:​1, 2) പകരം, യേശുവും ഒന്നാം നൂറ്റാണ്ടിലെ അവന്റെ ശിഷ്യന്മാരും ചെയ്‌തതുപോലെ പ്രയോജനപ്രദവും ആത്മീയവും രാഷ്‌ട്രീയേതരവുമായ വിധത്തിൽ മനുഷ്യരാശിയുടെ ക്ഷേമത്തിനു സംഭാവന ചെയ്യാൻ അവർ ശ്രമിക്കുന്നു. സാക്ഷികൾ തങ്ങളുടെ സമുദായത്തിലെ നീതിപ്രിയരായ ആളുകളുടെ മനസ്സിൽ കുടുംബസ്‌നേഹം, സത്യസന്ധത, ധാർമികശുദ്ധി, അധ്വാനശീലം തുടങ്ങിയ ആരോഗ്യാവഹമായ ബൈബിൾ മൂല്യങ്ങൾ ഉൾനടാൻ ശ്രമിക്കുന്നു. മുഖ്യമായും, ബൈബിൾ തത്ത്വങ്ങൾ പിൻപറ്റാനും മനുഷ്യവർഗത്തിന്റെ യഥാർഥ പ്രത്യാശ എന്ന നിലയിൽ ദൈവരാജ്യത്തിൽ വിശ്വാസം അർപ്പിക്കാനും അവർ ആളുകളെ പഠിപ്പിക്കുന്നു.

[5-ാം പേജിലെ ചിത്രങ്ങൾ]

ദൈവത്തെ കൂടാതെ വിജയകരമായി ഭരിക്കാൻ മനുഷ്യർക്കു സാധ്യമല്ല എന്നതിന്‌ ചരിത്രം സാക്ഷ്യം വഹിക്കുന്നു

[5-ാം പേജിലെ ചിത്രം]

ഇപ്പോഴത്തെ “വ്യവസ്ഥിതി”യെ സാത്താൻ ഭരിക്കുന്നതുകൊണ്ട്‌ “ലോകത്തിലുള്ള സകല രാജ്യങ്ങളെയും” യേശുവിനു വാഗ്‌ദാനം ചെയ്യാൻ അവനു കഴിഞ്ഞു

[7-ാം പേജിലെ ചിത്രങ്ങൾ]

ദൈവരാജ്യ ക്രമീകരണത്തിനു കീഴിൽ, ലോകം അത്യന്തം വിസ്‌മയകരമായ ഒരു ഇടം ആയിരിക്കുമെന്ന്‌ യേശു പഠിപ്പിച്ചു