വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞങ്ങൾ കഴിവിന്റെ പരമാവധി ചെയ്യുന്നു!

ഞങ്ങൾ കഴിവിന്റെ പരമാവധി ചെയ്യുന്നു!

ഞങ്ങൾ കഴിവിന്റെ പരമാവധി ചെയ്യുന്നു!

“നിങ്ങളുടെ കഴിവിന്റെ പരമാവധി ചെയ്യുക.” യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിലെ ഒരു അംഗം, മിഷനറിമാരിൽ ഒരാൾക്ക്‌ നൽകിയതാണ്‌ ആ പ്രായോഗിക ബുദ്ധിയുപദേശം. എന്നാൽ, പരിചയസമ്പന്നനായ ഒരു ശുശ്രൂഷകന്‌ അത്തരമൊരു അടിസ്ഥാന ഉപദേശം നൽകുന്നത്‌ എന്തിന്‌? പാമ്പുകളെയോ കീടങ്ങളെയോ ഭയപ്പെടാതെ, ചൂടിനെയോ രോഗങ്ങളെയോ കഷ്ടപ്പാടുകളെയോ വകവെക്കാതെ നിശ്ചയദാർഢ്യത്തോടെ ദൈവത്തെ സേവിക്കുന്നവരല്ലേ മിക്ക മിഷനറിമാരും?

യഹോവയുടെ സാക്ഷികളുടെ മിഷനറിമാർ സാധാരണക്കാരായ സ്‌ത്രീപുരുഷന്മാരാണ്‌. യഹോവയോടും സഹമനുഷ്യരോടും ഉള്ള ആഴമായ സ്‌നേഹമാണ്‌ ആ ക്രിസ്‌ത്യാനികളെ വിദേശ രാജ്യങ്ങളിൽ സേവിക്കാൻ പ്രേരിപ്പിക്കുന്നത്‌. അവർ ശക്തിക്കായി യഹോവയിലേക്കു നോക്കിക്കൊണ്ട്‌ അവന്റെ സേവനത്തിൽ കഴിവിന്റെ പരമാവധി ചെയ്യാൻ യത്‌നിക്കുന്നു.​—⁠എഫെസ്യർ 6:⁠10.

മിഷനറി വേലയെ കുറിച്ച്‌ കൂടുതൽ മനസ്സിലാക്കാനായി, പശ്ചിമാഫ്രിക്കയിലെ ഒരു മിഷനറി ഭവനത്തിൽ ഒരു ദിവസം ചെലവഴിക്കുന്നതായി സങ്കൽപ്പിക്കുക.

മിഷനറി വേലയിൽ ഒരു ദിവസം

രാവിലെ 7:00 മണിയാകാറായി. നാം സമയത്തിനുതന്നെ എത്തിയിരിക്കുന്നു. മിഷനറി ഭവനത്തിലുള്ളവർ ദിനവാക്യം ചർച്ചചെയ്യാൻ പോകുകയാണ്‌. അവിടെയുള്ള പത്തു മിഷനറിമാരും നമ്മെ ഊഷ്‌മളമായി സ്വാഗതം ചെയ്‌ത്‌ പ്രഭാതഭക്ഷണ മേശയ്‌ക്കരികെ ഇരുത്തുന്നു. പരസ്‌പരം പരിചയപ്പെടുന്നതിനിടയിൽ, വർഷങ്ങളായി മിഷനറി സേവനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു സഹോദരി തന്റെ ശുശ്രൂഷയിൽ ഉണ്ടായ രസകരമായ ഒരനുഭവം വിവരിക്കാൻ തുടങ്ങുന്നു. ദിനവാക്യ പരിചിന്തനത്തിനുള്ള സമയമായെന്ന്‌ ചെയർമാൻ ഓർമിപ്പിക്കുമ്പോൾ നമ്മുടെ സംഭാഷണം ഇടയ്‌ക്കുവെച്ചു നിന്നുപോകുന്നു. ചർച്ച നടക്കാൻ പോകുന്നത്‌ ഫ്രഞ്ച്‌ ഭാഷയിലാണ്‌. ആ ഭാഷ നമുക്ക്‌ അറിയില്ലെങ്കിലും, വിദേശികളായ മിഷനറിമാർ സംസാരിക്കുന്ന വിധം കണ്ടാൽ അറിയാം അവർ ആ ഭാഷ പഠിച്ചെടുക്കുന്നതിൽ നന്നായി വിജയിക്കുന്നുണ്ടെന്ന്‌.

തിരുവെഴുത്തു ചർച്ചയെ തുടർന്ന്‌ പ്രാർഥനയുണ്ട്‌. അതു കഴിഞ്ഞപ്പോൾ പ്രഭാതഭക്ഷണത്തിനുള്ള സമയമായി. നമ്മൾ പല ധാന്യങ്ങൾ അടങ്ങിയ ഒരു വിഭവം (സിരിയൽ) കഴിക്കാൻ തുടങ്ങുമ്പോൾ, അതിൽ വാഴപ്പഴം മുറിച്ചിട്ട്‌ കഴിച്ചുനോക്കാൻ തൊട്ടടുത്തിരിക്കുന്ന മിഷനറി പ്രോത്സാഹിപ്പിക്കുന്നു. വാഴപ്പഴം നമുക്ക്‌ ഇഷ്ടമില്ലെന്നു പറഞ്ഞപ്പോൾ, പ്രാദേശികമായി കൃഷി ചെയ്യുന്ന വാഴപ്പഴത്തിന്റെ രുചി അറിയുമ്പോൾ നമ്മുടെ മനസ്സു മാറുമെന്നായി അദ്ദേഹം. സിരിയലിലേക്ക്‌ ഒരൽപ്പം മുറിച്ചിട്ട്‌ കഴിച്ചപ്പോഴല്ലേ അദ്ദേഹം പറഞ്ഞത്‌ എത്ര വാസ്‌തവമാണെന്നു മനസ്സിലാകുന്നത്‌! ഐസ്‌ക്രീം പോലെ മധുരിക്കുന്ന സ്വാദേറിയ വാഴപ്പഴങ്ങൾ! നമ്മൾ കഴിക്കുന്ന ഫ്രഞ്ച്‌ ബ്രെഡ്‌ മിഷനറി ഭവനത്തിന്‌ അപ്പുറത്തുള്ള തെരുവിലെ ഒരു കടയിൽ അതിരാവിലെ ഉണ്ടാക്കിയതാണ്‌.

പ്രഭാതഭക്ഷണത്തിനുശേഷം നാം ആ ദിവസം ചെലവഴിക്കാൻ പോകുന്നത്‌ ഒരു മിഷനറി ദമ്പതിമാരോടൊപ്പമാണ്‌. നമുക്ക്‌ അവരെ ബെൻ എന്നും കാരൻ എന്നും വിളിക്കാം. ആത്മീയമായി ഫലഭൂയിഷ്‌ഠമായ ഈ പശ്ചിമാഫ്രിക്കൻ പ്രദേശത്തെ കുറിച്ച്‌ നാം മുമ്പ്‌ കേട്ടിട്ടുണ്ട്‌, എന്നാൽ അതു നേരിൽ അറിയാൻ നമുക്കു തിടുക്കമായി.

നാം ബസ്‌ സ്റ്റോപ്പിൽ എത്തുമ്പോൾ അവിടെ പത്തു-പന്ത്രണ്ട്‌ പേർ ബസ്സു കാത്ത്‌ നിൽപ്പുണ്ട്‌. അധികം കഴിഞ്ഞില്ല, നമ്മുടെ മിഷനറി സുഹൃത്തുക്കൾ ഒരു സ്‌ത്രീയെയും അവരുടെ മകനെയും ബൈബിൾ വിഷയത്തെ ആസ്‌പദമാക്കിയുള്ള ഉത്സാഹമേറിയ ഒരു സംഭാഷണത്തിൽ ഉൾപ്പെടുത്തിക്കഴിഞ്ഞു. ഫ്രഞ്ച്‌ അറിയില്ലാത്തതിനാൽ പുഞ്ചിരിയോടെ അതു നോക്കിനിൽക്കാനേ നമുക്കു കഴിയുന്നുള്ളൂ! ആ സ്‌ത്രീ വീക്ഷാഗോപുരം, ഉണരുക! മാസികകൾ സ്വീകരിക്കവേ ബസ്‌ എത്തുന്നു. തിക്കിത്തിരക്കി എല്ലാവരുംകൂടി ഒരേസമയം അതിൽ കയറാനുള്ള ശ്രമമാണ്‌. ഒരുവിധം ബസ്സിൽ കയറിപ്പറ്റാൻ ശ്രമിക്കുമ്പോഴുണ്ട്‌ പുറകിൽനിന്ന്‌ ആളുകളുടെ വല്ലാത്ത തള്ള്‌. വണ്ടിയുടെ പിൻഭാഗത്തേക്കു പോകുമ്പോൾ, നിലത്തു കാല്‌ കുത്താൻ സ്ഥലമില്ല. വണ്ടി സ്റ്റാർട്ടായി, പിന്നെ ഒരു മരണപ്പാച്ചിലാണ്‌. ഇടയ്‌ക്കുള്ള സ്റ്റോപ്പുകളിൽ വല്ലാത്ത കുലുക്കത്തോടെ വണ്ടി നിൽക്കുമ്പോൾ കൂടുതൽ ആളുകൾ അകത്തേക്കു ഞെരുങ്ങിക്കയറുന്നു. നാം യാത്രക്കാരെ നോക്കി പുഞ്ചിരിക്കവേ, അവരും തിരിച്ച്‌ പുഞ്ചിരിക്കുന്നു. അവരുമായി ദൃഷ്‌ടിസമ്പർക്കം പുലർത്താനേ കഴിയുന്നുള്ളൂ, അവരോടൊക്കെ ഒന്നു സംസാരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ!

ബസ്‌ വേഗത്തിൽ ഓടിക്കൊണ്ടിരിക്കുകയാണ്‌. തെരുവിലെല്ലാം എന്തൊരു തിരക്കാണ്‌! തലയിൽ വലിയ ഭാരവുമേന്തി ഒരുമിച്ചു നടന്നുനീങ്ങുന്ന രണ്ടു സ്‌ത്രീകൾ. ഒരാളുടെ തലയിൽ വെള്ളം നിറച്ച വലിയൊരു കുടമുണ്ട്‌. പാതയോരത്ത്‌ കാൽനട യാത്രക്കാർ നടന്നുപോകുന്ന ഇടത്തായി ഒരു വലിയ തുണിവിരിച്ച്‌ അതിന്മേൽ കൊച്ചുകൊച്ച്‌ ആഭരണങ്ങളും അലങ്കാരവസ്‌തുകളും വിൽക്കാൻ വെച്ചിരിക്കുകയാണ്‌ ഒരു കച്ചവടക്കാരൻ. എവിടെ നോക്കിയാലും ആളുകൾ പലതും വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന കാഴ്‌ച. വാങ്ങാനും വിൽക്കാനും കഴിയുന്ന എല്ലാ സാധനങ്ങളും അവിടെയുണ്ടെന്നു തോന്നുന്നു.

പെട്ടെന്ന്‌, എന്റെ അരികിലായി നിന്നിരുന്ന ബെന്നിന്‌ തന്റെ കാലിൽ എന്തോ കൊത്തുന്നതായി തോന്നുന്നു. എന്താണ്‌ അത്‌? ബസ്സിനകത്ത്‌ നിന്നുതിരിയാൻ സ്ഥലമില്ല, അതാ പിന്നെയും എന്തോ കാലിൽ കൊത്തുന്നു. പണിപ്പെട്ട്‌ അദ്ദേഹം താഴേക്കു നോക്കി. അദ്ദേഹത്തിന്റെ കാൽച്ചുവട്ടിലിരിക്കുന്ന സഞ്ചിയിൽനിന്ന്‌ ജീവനുള്ള ഒരു താറാവ്‌ ഇടയ്‌ക്കിടെ തല പുറത്തേക്കു നീട്ടി അദ്ദേഹത്തെ കൊത്തുകയാണ്‌! അതിന്റെ ഉടമ ഒരുപക്ഷേ അതിനെ ചന്തയിൽ വിൽക്കാൻ കൊണ്ടുപോകുകയാണ്‌ എന്ന്‌ ബെൻ വിവരിക്കുന്നു.

ഒടുവിൽ നമ്മുടെ പ്രദേശത്ത്‌ നാം എത്തിക്കഴിഞ്ഞു. ഒരു തനി ആഫ്രിക്കൻ പ്രദേശമാണ്‌ അത്‌ എന്നറിഞ്ഞപ്പോൾ ആകപ്പാടെ ഒരു സന്തോഷം. ആദ്യത്തെ വീട്ടിലേക്കു നടന്നടുക്കവേ വീട്ടുകാരനെ നമ്മുടെ ആഗമനത്തെ കുറിച്ച്‌ അറിയിക്കാനായി ബെൻ ഉറക്കെ കൈകൊട്ടുന്നു. ഇവിടത്തുകാർ “വാതിലിൽ മുട്ടിവിളിക്കുന്നത്‌” ഇങ്ങനെയാണ്‌. ഒരു ചെറുപ്പക്കാരൻ പുറത്ത്‌ വന്ന്‌, ഇപ്പോൾ താൻ തിരക്കിലായതുകൊണ്ട്‌ കുറേക്കൂടെ കഴിഞ്ഞുവരാൻ പറയുന്നു.

അടുത്ത വീട്ടിൽ ഒരു സ്‌ത്രീയാണ്‌, അവരുടെ ഭാഷ ബെന്നിനു വശമില്ല. അവർ തന്റെ മകനെ വിളിച്ച്‌ ബെൻ പറയുന്നത്‌ സ്വന്തം ഭാഷയിൽ പറഞ്ഞുതരാൻ ആവശ്യപ്പെടുന്നു. ബെൻ സംസാരിച്ചു കഴിഞ്ഞപ്പോൾ ആ സ്‌ത്രീ ബൈബിൾ വിഷയങ്ങളെ ആസ്‌പദമാക്കിയുള്ള ഒരു ലഘുപത്രിക സ്വീകരിക്കുന്നു, അത്‌ അവർക്കു വിവരിച്ചുകൊടുക്കാമെന്ന്‌ മകൻ സമ്മതിക്കുന്നു. മൂന്നാമത്തെ വീട്ടിൽ ചെല്ലുമ്പോൾ കുറേ ചെറുപ്പക്കാർ മുറ്റത്തിരിപ്പുണ്ട്‌. രണ്ടു പേർ ഉടനടി എഴുന്നേറ്റ്‌ തങ്ങളുടെ കസേരകൾ സന്ദർശകർക്കു കൊടുക്കുന്നു. തുടർന്ന്‌, ആരാധനയിൽ കുരിശിന്റെ ഉപയോഗം സംബന്ധിച്ച സജീവമായ ഒരു ചർച്ചയായി. പിറ്റേ ആഴ്‌ച കൂടുതലായ ചർച്ച നടത്താൻ ബെൻ ക്രമീകരണം ചെയ്യുന്നു. ആദ്യത്തെ വീട്ടിൽ കണ്ട, തിരക്കാണെന്നു പറഞ്ഞ ചെറുപ്പക്കാരന്റെ അടുക്കൽ മടങ്ങിച്ചെല്ലാൻ സമയമായി. എന്നാൽ എങ്ങനെയോ ആ ചെറുപ്പക്കാരുമായുള്ള ചർച്ചയെ കുറിച്ച്‌ അയാൾ കേട്ടറിഞ്ഞിരിക്കുന്നു. അയാൾക്ക്‌ ബൈബിൾ സംബന്ധമായ കുറേ ചോദ്യങ്ങളുണ്ട്‌, തനിക്ക്‌ ബൈബിൾ പഠിക്കണമെന്നായി അയാൾ. ബെൻ തന്റെ കലണ്ടർ പരിശോധിച്ച്‌ പിറ്റേ ആഴ്‌ച അതേ സമയത്ത്‌ മടങ്ങിച്ചെല്ലാമെന്നു സമ്മതിക്കുന്നു. ഉച്ചയൂണിന്‌ മിഷനറി ഭവനത്തിലേക്കു മടങ്ങവേ, ബൈബിൾ അധ്യയന പ്രവർത്തനം വളരെ ശ്രദ്ധാപൂർവം ആസൂത്രണം ചെയ്‌തില്ലെങ്കിൽ, നടത്താൻ സാധിക്കുന്നതിലും അധികം ബൈബിൾ അധ്യയനങ്ങൾ ലഭിക്കുമെന്ന്‌ ബെന്നും കാരനും വിവരിക്കുന്നു.

ഫ്രഞ്ച്‌ ഭാഷ ഇത്ര ഒഴുക്കോടെ സംസാരിക്കാൻ കഴിയുന്നതിന്‌ നാം അവരെ അഭിനന്ദിക്കാൻ മറക്കുന്നില്ല. താനും കാരനും മിഷനറി സേവനം തുടങ്ങിയിട്ട്‌ ആറു വർഷമായെന്നും ഏതാണ്ട്‌ ഒരുവിധം നന്നായി ഫ്രഞ്ച്‌ ഭാഷ സംസാരിക്കാൻ തങ്ങൾ പഠിച്ചുവരുന്നെന്നും ബെൻ വിവരിക്കുന്നു. അവരുടെ അഭിപ്രായത്തിൽ പുതിയൊരു ഭാഷ പഠിക്കുന്നത്‌ അത്ര എളുപ്പമായിരുന്നില്ല, എന്നാൽ അവരുടെ സ്ഥിരോത്സാഹത്തിനു ഫലം ലഭിച്ചിരിക്കുന്നു.

സമയം പന്ത്രണ്ടര ആയി. മിഷനറിമാരെല്ലാം ഉച്ചഭക്ഷണത്തിനായി മേശയ്‌ക്കരികിൽ എത്തിക്കഴിഞ്ഞു. ഓരോ ദിവസവും രാവിലെയും ഉച്ചയ്‌ക്കും ഭക്ഷണം പാകം ചെയ്യാനും പാത്രങ്ങൾ കഴുകാനും ഓരോരുത്തർക്കും മാറിമാറി നിയമനം കിട്ടും. ഇന്ന്‌ നിയമനമുള്ള ആൾ എന്താണ്‌ ഉണ്ടാക്കിയിരിക്കുന്നതെന്നോ? പൊരിച്ച കോഴിയും ഫ്രഞ്ച്‌ രീതിയിൽ വറുത്തെടുത്ത ഉരുളക്കിഴങ്ങും, തക്കാളി സാലഡും. അതു കണ്ടപ്പോൾ നമ്മുടെ വായിൽ കപ്പലോടിക്കാനുള്ള വെള്ളമുണ്ട്‌!

ഉച്ചയ്‌ക്കു ശേഷം ബെന്നിന്റെയും കാരന്റെയും പരിപാടി എന്താണ്‌? ഉച്ചയ്‌ക്ക്‌ ഒരു മണി മുതൽ മൂന്നു മണി വരെ പൊള്ളുന്ന വെയിൽ ആയതിനാൽ ആരും അപ്പോൾ പുറത്തിറങ്ങി നടക്കാറില്ലെന്ന്‌ അവർ വിവരിക്കുന്നു. അതുകൊണ്ട്‌ മിഷനറിമാർ ആ സമയം പഠനത്തിനോ ഉച്ചയുറക്കത്തിനോ ഉപയോഗിക്കുകയാണ്‌ പതിവ്‌. പുതിയ മിഷനറിമാർക്ക്‌ അതുമായി യോജിക്കാൻ അധികം സമയം വേണ്ടിവരില്ലെന്ന്‌ കാരൻ പറയുമ്പോൾ നമുക്ക്‌ അത്ഭുതം തോന്നുന്നില്ല!

ഉച്ചയുറക്കത്തിനുശേഷം തിരികെ വയൽശുശ്രൂഷയ്‌ക്ക്‌. കുറച്ചു നാളായി ബെൻ നേരിൽ കാണാൻ ശ്രമിക്കുന്ന ഒരു താത്‌പര്യക്കാരൻ ഇന്നും വീട്ടിൽ ഇല്ല, പക്ഷേ ബെൻ കൈകൊട്ടുമ്പോൾ വാതിൽക്കൽ അതാ രണ്ടു ചെറുപ്പക്കാർ. വീട്ടുകാരൻ ബെൻ വന്ന കാര്യം പറഞ്ഞിരുന്നെന്നും നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന ബൈബിൾ പഠനസഹായി സ്വീകരിക്കണമെന്ന്‌ അയാൾ ശക്തമായി ശുപാർശ ചെയ്‌തെന്നും അവർ പറയുന്നു. സന്തോഷത്തോടെ നാം ആ പുസ്‌തകത്തിന്റെ ഒരു പ്രതി അവർക്കു നൽകുന്നു. അടുത്തതായി നമുക്ക്‌ കാരൻ ഒരു താത്‌പര്യക്കാരിയുമായി നടത്തുന്ന ബൈബിൾ അധ്യയനത്തിനു പോകാം. ബസ്സിൽ വേണം പോകാൻ.

തിരക്കേറിയ തെരുവിലൂടെ ബസ്സിൽ യാത്ര ചെയ്യവേ, താൻ ആ സ്‌ത്രീയെ കണ്ടത്‌ ഒരു ടാക്‌സിയിൽ ഒരുമിച്ചു യാത്ര ചെയ്‌തപ്പോഴാണ്‌ എന്ന്‌ കാരൻ പറയുന്നു. യാത്രയ്‌ക്കിടയിൽ വായിക്കാൻ കാരൻ ആ സ്‌ത്രീക്ക്‌ ഒരു ലഘുലേഖ നൽകിയിരുന്നു. അവർ അതു വായിച്ചശേഷം മറ്റൊരെണ്ണം ആവശ്യപ്പെട്ടു. അവർ അത്‌ മുമ്പത്തേതിലും താത്‌പര്യത്തോടെ വായിച്ചു. യാത്രയുടെ അവസാനം ആ സ്‌ത്രീയെ വീട്ടിൽ ചെന്നു കാണാൻ കാരൻ ഏർപ്പാടു ചെയ്‌തു. ഇപ്പോൾ അവരുമായി, ദൈവം നമ്മിൽനിന്ന്‌ എന്ത്‌ ആവശ്യപ്പെടുന്നു? എന്ന ലഘുപത്രിക ഉപയോഗിച്ച്‌ ഫലപ്രദമായ ഒരു ബൈബിൾ അധ്യയനം നടത്തുന്നു. ഇന്ന്‌ ആ ലഘുപത്രികയിലെ അഞ്ചാമത്തെ പാഠമാണ്‌ കാരൻ അവരെ പഠിപ്പിക്കാൻ പോകുന്നത്‌.

ഇന്നത്തെ വയൽശുശ്രൂഷ നാം ശരിക്കും ആസ്വദിച്ചിരിക്കുന്നു. എന്നാൽ മിഷനറി വേലയെ കുറിച്ച്‌ ചില കാര്യങ്ങൾ നമുക്കു ചോദിക്കാനുണ്ട്‌. വീട്ടിൽ ചെന്ന്‌, നമുക്കായി ഒരു ലഘുഭക്ഷണം ഒരുക്കിയശേഷം നമ്മുടെ ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകാമെന്ന്‌ നമ്മുടെ ആതിഥേയർ ഉറപ്പു നൽകുന്നു.

അവർ ഗതിവേഗം പാലിക്കുന്ന വിധം

മുട്ട പൊരിച്ചതും ഫ്രഞ്ച്‌ ബ്രെഡും ചീസും ഭക്ഷിക്കുന്നതിനിടെ മിഷനറി ജീവിതത്തെ കുറിച്ച്‌ കൂടുതൽ കാര്യങ്ങൾ നാം മനസ്സിലാക്കുന്നു. തിങ്കളാഴ്‌ച പൊതുവേ മിഷനിമാർക്ക്‌ വിശ്രമിക്കാനും വ്യക്തിപരമായ കാര്യങ്ങൾ ചെയ്യാനുമുള്ള ദിവസമാണ്‌. മിക്ക മിഷനറിമാരും അന്ന്‌ കുറച്ചു സമയം കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും കത്തെഴുതാൻ മാറ്റിവെക്കുന്നു. വീട്ടിൽനിന്നുള്ള വാർത്തകൾ അവരെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്‌. കത്തുകൾ അയയ്‌ക്കുന്നതും ലഭിക്കുന്നതും മിഷനറിമാർക്കു സന്തോഷമുള്ള കാര്യമാണ്‌.

മിഷനറിമാർ താമസിക്കുന്നതും വേല ചെയ്യുന്നതും ഒരുമിച്ചായതിനാൽ സഹമിഷനറിമാരുമൊത്ത്‌ കൂടിവന്നും ആത്മീയ കാര്യങ്ങൾ ചർച്ച ചെയ്‌തും അവരുമായി നല്ല ആശയവിനിമയം നിലനിറുത്തുന്നത്‌ അനിവാര്യമാണ്‌. അതിനായി, വ്യക്തിപരമായ ബൈബിൾ അധ്യയനത്തിന്റെ ഒരു ക്രമമായ പട്ടിക പിൻപറ്റുന്നതിനു പുറമേ ഓരോ തിങ്കളാഴ്‌ചയും വൈകിട്ട്‌ മിഷനറിമാർ എല്ലാവരും ഒരുമിച്ച്‌ വീക്ഷാഗോപുരം മാസിക ഉപയോഗിച്ച്‌ ബൈബിൾ പഠിക്കുന്നു. വ്യത്യസ്‌ത പശ്ചാത്തലങ്ങളിൽ നിന്നുള്ള മിഷനറിമാർ ഒരുമിച്ചു താമസിക്കുമ്പോൾ ചെറിയചെറിയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുമെങ്കിലും സമാധാനത്തിന്റെയും ഐകമത്യത്തിന്റെയും അന്തരീക്ഷം നിലനിറുത്താൻ എല്ലാവരുമൊത്തുള്ള ഈ അധ്യയനം തങ്ങളെ സഹായിക്കുന്നതായി ബെൻ പറയുന്നു. തനിക്കുതന്നെ അമിതപ്രാധാന്യം നൽകാതിരിക്കാനും അത്‌ സഹായിക്കുന്നുവെന്ന്‌ അദ്ദേഹം എടുത്തുപറയുന്നു.

താഴ്‌മയും അനിവാര്യമാണ്‌. മിഷനറിമാരെ അയയ്‌ക്കുന്നത്‌ സേവിക്കാനാണ്‌ അല്ലാതെ സേവിക്കപ്പെടാനല്ല. ഏതു ഭാഷയിലായാലും ബുദ്ധിമുട്ടുള്ള ഒരു വാക്ക്‌ “ക്ഷമിക്കണം” എന്നതാണെന്ന്‌ നമ്മുടെ സുഹൃത്തുക്കൾ അഭിപ്രായപ്പെടുന്നു, വിശേഷിച്ചും താൻ അറിയാതെ ചെയ്‌തതോ പ്രവർത്തിച്ചതോ ആയ ഒരു കാര്യത്തിനായി ക്ഷമാപണം നടത്തേണ്ടി വരുമ്പോൾ. ഭർത്താവിന്റെ നിർദയമായ പെരുമാറ്റത്തെ പ്രതി ക്ഷമാപണം നടത്തുകയും അങ്ങനെ ഒരു ദുരന്തം ഒഴിവാക്കുകയും ചെയ്‌ത അബീഗയിലിന്റെ ബൈബിൾ ദൃഷ്ടാന്തം ബെൻ നമ്മെ ഓർമിപ്പിക്കുന്നു. (1 ശമൂവേൽ 25:23-28) മറ്റുള്ളവരുമായി ‘സമാധാനത്തിൽ ആയിരിക്കു’ന്നതിനുള്ള കഴിവ്‌ നല്ല ഒരു മിഷനറിക്ക്‌ ഉണ്ടായിരിക്കേണ്ട ഒരു പ്രധാന ഗുണമാണ്‌.​—⁠2 കൊരിന്ത്യർ 13:⁠11.

ഭവനത്തെ ബാധിക്കുന്ന കാര്യങ്ങളും പട്ടികയിലെ മാറ്റങ്ങളും ചർച്ച ചെയ്യാനായി മാസത്തിൽ ഒരിക്കൽ മിഷനറിമാർ ഒരു യോഗം നടത്താറുണ്ട്‌. അതിനുശേഷം എല്ലാവരും ചേർന്ന്‌ ഒരു മധുരപലഹാരം ആസ്വദിക്കും. അത്‌ പ്രായോഗികവും ഒപ്പം രുചികരവും ആയ ഒരു ക്രമീകരണമാണെന്നു നമുക്കു തോന്നുന്നു.

അത്താഴം കഴിഞ്ഞ സ്ഥിതിക്ക്‌ ഇനി മിഷനറി ഭവനമൊന്നു ചുറ്റിനടന്നു കാണാം. ഭവനം ചെറുതാണെങ്കിലും മിഷനറിമാർ സഹകരിച്ച്‌ അത്‌ അങ്ങേയറ്റം വൃത്തിയായി സൂക്ഷിക്കുന്നു. ഒരു ഫ്രിഡ്‌ജും വാഷിങ്‌ മെഷിനും സ്റ്റൗവും ഇവിടെ ഉണ്ട്‌. പശ്ചിമാഫ്രിക്കയിലെ ഈ രാജ്യംപോലുള്ള ഉഷ്‌ണമേഖലാ രാജ്യങ്ങളിൽ മിഷനറിമാർക്ക്‌ എയർകണ്ടീഷൻ സൗകര്യവും ലഭിക്കാറുണ്ടെന്ന്‌ കാരൻ പറയുന്നു. അനുയോജ്യമായ താമസസൗകര്യവും ആരോഗ്യാവഹമായ ഭക്ഷണവും ലളിതമായ ആരോഗ്യ മുൻകരുതലുകളും ആരോഗ്യമുള്ളവരും ഫലപ്രദരും ആയിരിക്കാൻ മിഷനറിമാരെ സഹായിക്കുന്നു.

നല്ല കാര്യങ്ങളിൽ ദൃഷ്ടി പതിപ്പിക്കുക

ഇവിടെ കണ്ട കാര്യങ്ങളെല്ലാം നമ്മെ വളരെയധികം ആകർഷിച്ചിരിക്കുന്നു. നമുക്കും മിഷനറി വേല ഏറ്റെടുക്കാൻ കഴിയുമോ? കഴിയുമെന്ന്‌ നമുക്ക്‌ എങ്ങനെ അറിയാം? ചിന്തിക്കേണ്ട ചില കാര്യങ്ങൾ നമ്മുടെ ആതിഥേയർ വിവരിക്കുന്നു.

ഒന്നാമതായി, ക്രിസ്‌തീയ മിഷനറിമാർ സാഹസികത തേടുന്നില്ലെന്ന്‌ അവർ പറയുന്നു. അവർ തേടുന്നത്‌ ദൈവത്തിന്റെ വിസ്‌മയകരമായ വാഗ്‌ദാനങ്ങളെ കുറിച്ചു പഠിക്കാൻ ആഗ്രഹിക്കുന്ന ആത്മാർഥഹൃദയരെ ആണ്‌. മിഷനറിമാർ മാസത്തിൽ ചുരുങ്ങിയത്‌ 140 മണിക്കൂറെങ്കിലും വയൽസേവനത്തിൽ ചെലവഴിക്കുന്നു. അതുകൊണ്ട്‌ ശുശ്രൂഷയോടുള്ള സ്‌നേഹം ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്‌.

എന്നാൽ ‘പാമ്പുകളെയും പല്ലികളെയും ക്ഷുദ്രജീവികളെയുമൊക്കെ എങ്ങനെ കൈകാര്യം ചെയ്യും’ എന്ന്‌ നാം അതിശയിക്കുന്നു. മിഷനറി നിയമനം ലഭിക്കുന്ന പല ദേശങ്ങളിലും ഇവയൊക്കെ ഉണ്ടെങ്കിലും മിഷനറിമാർ അതെല്ലാമായി പൊരുത്തപ്പെടുന്നുവെന്ന്‌ ബെൻ പറയുന്നു. ഓരോ മിഷനറി നിയമനത്തിനും തനതായ ഒരു സൗന്ദര്യം ഉണ്ടെന്നും കാലം കടന്നുപോകവേ, തങ്ങളുടെ നിയമനത്തിന്റെ നല്ല വശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ മിഷനറിമാർ പഠിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. “വ്യത്യസ്‌തം” എന്ന്‌ മുമ്പ്‌ കരുതുമായിരുന്ന സാഹചര്യങ്ങൾ താമസിയാതെ സാധാരണ കാര്യങ്ങളായി ചിലപ്പോൾ ആസ്വാദ്യം പോലുമായി മാറുന്നു. വർഷങ്ങളോളം പശ്ചിമാഫ്രിക്കയിൽ സേവിച്ചശേഷം വ്യക്തിപരമായ കടപ്പാടുകളുടെ പേരിൽ വീട്ടിലേക്കു മടങ്ങേണ്ടിവന്ന ഒരു മിഷനറി പറഞ്ഞത്‌ തന്റെ സ്വന്തം രാജ്യം വിട്ടുപോരുന്നതിനെക്കാൾ ദുഷ്‌കരമായിരുന്നു തന്റെ നിയമന പ്രദേശത്തുനിന്നു പോകുന്നത്‌ എന്നായിരുന്നു. അവരുടെ മിഷനറി നിയമന പ്രദേശം അവർക്കു സ്വന്തദേശം ആയിക്കഴിഞ്ഞിരുന്നു.

നിങ്ങൾ തയ്യാറോ?

ഒട്ടേറെ കാര്യങ്ങളെ കുറിച്ചു ചിന്തിക്കാനുള്ള വക ബെന്നും കാരനും ഞങ്ങൾക്കു നൽകി. നിങ്ങളുടെ കാര്യമോ? ഒരു വിദേശ വയലിൽ മിഷനറിയായി സേവിക്കുന്നതിനെ കുറിച്ച്‌ നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ, ആ ലക്ഷ്യത്തോട്‌ മുമ്പ്‌ സങ്കൽപ്പിച്ചിരുന്നതിനെക്കാൾ അടുത്തായിരിക്കാം നിങ്ങൾ. ആവശ്യമായിരിക്കുന്ന മുഖ്യ സംഗതികളിൽ ഒന്ന്‌ മുഴുസമയ ശുശ്രൂഷയോടു സ്‌നേഹം ഉണ്ടായിരിക്കുന്നതും ആളുകളെ സഹായിക്കുന്ന വേല ആസ്വദിക്കുന്നതും ആണ്‌. ഓർക്കുക, മിഷനറിമാർ അമാനുഷികരല്ല, വെറും സാധാരണക്കാരായ സ്‌ത്രീപുരുഷന്മാരാണ്‌. ഒരു സുപ്രധാന വേല നിർവഹിക്കുന്നതിൽ അവർ തങ്ങളുടെ കഴിവിന്റെ പരമാവധി ചെയ്യുന്നുവെന്നു മാത്രം.

[27-ാം പേജിലെ ചിത്രങ്ങൾ]

ഓരോ ദിവസവും ആരംഭിക്കുന്നത്‌ ഒരു ബൈബിൾ വാക്യത്തിന്റെ ചർച്ചയോടെയാണ്‌

[28, 29 പേജിലെ ചിത്രങ്ങൾ]

ആഫ്രിക്കയിലെ ചില ദൃശ്യങ്ങൾ

[29-ാം പേജിലെ ചിത്രം]

മിഷനറി ജീവിതം വളരെ സംതൃപ്‌തദായകമായിരിക്കാൻ കഴിയും