വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവസ്‌നേഹത്തിൽനിന്ന്‌ ആർ നമ്മെ വേർപിരിക്കും?

ദൈവസ്‌നേഹത്തിൽനിന്ന്‌ ആർ നമ്മെ വേർപിരിക്കും?

ദൈവസ്‌നേഹത്തിൽനിന്ന്‌ ആർ നമ്മെ വേർപിരിക്കും?

“അവൻ ആദ്യം നമ്മെ സ്‌നേഹിച്ചതുകൊണ്ടു നാം സ്‌നേഹിക്കുന്നു.”​—⁠1 യോഹന്നാൻ 4:⁠19.

1, 2. (എ) നാം സ്‌നേഹിക്കപ്പെടുന്നു എന്ന അറിവ്‌ പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌? (ബി) ആരുടെ സ്‌നേഹമാണ്‌ നമുക്ക്‌ ഏറ്റവും ആവശ്യമായിരിക്കുന്നത്‌?

സ്‌നേഹിക്കപ്പെടുന്നു എന്ന അറിവ്‌ നിങ്ങളെ സംബന്ധിച്ചിടത്തോളം എത്ര പ്രധാനമാണ്‌? ശൈശവദശയിൽനിന്ന്‌ മുതിർന്ന അവസ്ഥയിലേക്കുള്ള മനുഷ്യന്റെ വിജയകരമായ വളർച്ചയ്‌ക്ക്‌ സ്‌നേഹം കൂടിയേതീരൂ. ഒരു ശിശു സ്‌നേഹമയിയായ അമ്മയുടെ കരങ്ങളിൽ ഇരിക്കുന്നത്‌ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? മിക്കപ്പോഴും, ചുറ്റും എന്തു സംഭവിച്ചാലും അത്‌ അമ്മയുടെ പുഞ്ചിരിതൂകുന്ന മുഖത്തേക്ക്‌ ഉറ്റുനോക്കിക്കൊണ്ട്‌ സ്വസ്ഥമായി ഇരുന്നുകൊള്ളും. അല്ലെങ്കിൽ, ചിലപ്പോഴൊക്കെ പ്രക്ഷുബ്‌ധമായിരുന്ന നിങ്ങളുടെ കൗമാരവർഷങ്ങളെ കുറിച്ച്‌ ഓർക്കുക. (1 തെസ്സലൊനീക്യർ 2:7) നിങ്ങളുടെ ആവശ്യങ്ങളോ വികാരങ്ങൾ പോലുമോ മനസ്സിലാക്കാൻ കഴിയാഞ്ഞ സമയങ്ങൾ നിങ്ങൾക്ക്‌ ഉണ്ടായിട്ടുണ്ടാകാം. അപ്പോഴൊക്കെ, അച്ഛനും അമ്മയും നിങ്ങളെ സ്‌നേഹിക്കുന്നുവെന്ന അറിവ്‌ നിങ്ങളെ സംബന്ധിച്ചിടത്തോളം എത്ര പ്രധാനമായിരുന്നു! എന്തു പ്രശ്‌നങ്ങൾ ഉണ്ടായിരുന്നാലും എന്തു ചോദ്യങ്ങൾ ഉണ്ടായിരുന്നാലും, നിസ്സങ്കോചം അവരെ സമീപിക്കാൻ കഴിയുമെന്ന അറിവ്‌ നിങ്ങൾക്ക്‌ ആശ്വാസം പകർന്നിരുന്നില്ലേ? വാസ്‌തവത്തിൽ, ജീവിതത്തിലുടനീളം നമ്മുടെ ഏറ്റവും വലിയ ആവശ്യങ്ങളിൽ ഒന്ന്‌ സ്‌നേഹിക്കപ്പെടുക എന്നതാണ്‌. അത്തരം സ്‌നേഹം നാം വിലപ്പെട്ടവരാണെന്ന ഉറപ്പ്‌ നമുക്കു നൽകുന്നു.

2 ശരിയായ തരത്തിലുള്ള വ്യക്തിത്വ വികാസവും സമനിലയും കൈവരിക്കുന്നതിൽ മാതാപിതാക്കളിൽനിന്നു ലഭിക്കുന്ന നിരന്തര സ്‌നേഹം തീർച്ചയായും ഒരു വലിയ പങ്കു വഹിക്കുന്നു. എന്നാൽ, നമ്മുടെ സ്‌നേഹവാനാം സ്വർഗീയ പിതാവായ യഹോവ നമ്മെ സ്‌നേഹിക്കുന്നു എന്ന ബോധ്യമാണ്‌ നമ്മുടെ ആത്മീയവും വൈകാരികവുമായ ക്ഷേമത്തിന്റെ കാര്യത്തിൽ ഏറ്റവും പ്രധാനമായിരിക്കുന്നത്‌. ഈ മാസികയുടെ ചില വായനക്കാർക്ക്‌ മാതാപിതാക്കളിൽ നിന്നുള്ള പരിപാലനം ഒരുപക്ഷേ ലഭിച്ചിട്ടില്ലായിരിക്കാം. നിങ്ങളുടെ കാര്യത്തിൽ ഇതു സത്യമാണെങ്കിൽ, നിരുത്സാഹപ്പെടരുത്‌. നിങ്ങൾക്ക്‌ മാതാപിതാക്കളിൽനിന്ന്‌ സ്‌നേഹം ലഭിച്ചിട്ടില്ലെങ്കിലും, ദൈവത്തിന്റെ വിശ്വസ്‌ത സ്‌നേഹം ആ കുറവു നികത്തുന്നു.

3. തന്റെ സ്‌നേഹം സംബന്ധിച്ച്‌ യഹോവ തന്റെ ജനത്തിന്‌ എന്ത്‌ ഉറപ്പു കൊടുത്തിരിക്കുന്നു?

3 ഒരു സ്‌ത്രീ തന്റെ കുഞ്ഞിനെ ‘മറന്നാ’ലും, തന്റെ ജനത്തെ താൻ മറക്കുകയില്ലെന്ന്‌ യെശയ്യാ പ്രവാചകൻ മുഖാന്തരം യഹോവ അരുളിച്ചെയ്‌തു. (യെശയ്യാവു 49:15) സമാനമായി ദാവീദ്‌ ഉറപ്പോടെ ഇങ്ങനെ പ്രസ്‌താവിച്ചു: “എന്റെ അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചിരിക്കുന്നു; എങ്കിലും യഹോവ എന്നെ ചേർത്തുകൊള്ളും.” (സങ്കീർത്തനം 27:10) എത്ര ആശ്വാസകരം! നിങ്ങളുടെ സാഹചര്യങ്ങൾ എന്തായിരുന്നാലും, നിങ്ങൾ യഹോവയുമായി ഒരു സമർപ്പിത ബന്ധത്തിലേക്കു വന്നിട്ടുണ്ടെങ്കിൽ, അവനു നിങ്ങളോടുള്ള സ്‌നേഹം ഏതു മനുഷ്യന്റെ സ്‌നേഹത്തെക്കാളും ശ്രേഷ്‌ഠമാണെന്ന കാര്യം എപ്പോഴും മനസ്സിൽ പിടിക്കണം!

ദൈവസ്‌നേഹത്തിൽ വസിക്കുക

4. ദൈവസ്‌നേഹം സംബന്ധിച്ച്‌ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികൾക്ക്‌ എന്ത്‌ ഉറപ്പു ലഭിച്ചു?

4 യഹോവയുടെ സ്‌നേഹത്തെ കുറിച്ച്‌ നിങ്ങൾ ആദ്യം അറിഞ്ഞത്‌ എപ്പോഴാണ്‌? നിങ്ങളുടെ അനുഭവം ഒരുപക്ഷേ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികളുടേതിനു സമാനമായിരിക്കാം. ഒരിക്കൽ ദൈവത്തിൽനിന്ന്‌ അകന്നുപോയ പാപികൾ യഹോവയുടെ സ്‌നേഹം അറിയാൻ ഇടയായത്‌ എങ്ങനെയെന്ന്‌ റോമർക്കുള്ള പൗലൊസിന്റെ ലേഖനത്തിന്റെ 5-ാം അധ്യായത്തിൽ കാണാം. അതിന്റെ 5-ാം വാക്യത്തിൽ നാം ഇപ്രകാരം വായിക്കുന്നു: “ദൈവത്തിന്റെ സ്‌നേഹം നമുക്കു നല്‌കപ്പെട്ട പരിശുദ്ധാത്മാവിനാൽ നമ്മുടെ ഹൃദയങ്ങളിൽ പകർന്നിരിക്കുന്നു.” 8-ാം വാക്യത്തിൽ പൗലൊസ്‌ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ക്രിസ്‌തുവോ നാം പാപികൾ ആയിരിക്കുമ്പോൾ തന്നേ നമുക്കു വേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്‌നേഹത്തെ പ്രദർശിപ്പിക്കുന്നു.”

5. ദൈവസ്‌നേഹത്തിന്റെ പ്രാധാന്യം നിങ്ങൾ വിലമതിക്കാൻ ഇടയായത്‌ എങ്ങനെ?

5 സമാനമായി, ദൈവവചനത്തിൽ നിന്നുള്ള സത്യം നിങ്ങൾക്കു ലഭിക്കുകയും നിങ്ങൾ വിശ്വാസം പ്രകടമാക്കാൻ തുടങ്ങുകയും ചെയ്‌തപ്പോൾ യഹോവയുടെ പരിശുദ്ധാത്മാവ്‌ നിങ്ങളുടെ ഹൃദയത്തിൽ പ്രവർത്തിക്കാൻ തുടങ്ങി. അങ്ങനെ നിങ്ങൾക്കു വേണ്ടി മരിക്കാൻ ദൈവം തന്റെ പ്രിയപുത്രനെ അയച്ചതിന്റെ പ്രാധാന്യം നിങ്ങൾ മനസ്സിലാക്കാൻ തുടങ്ങി. യഹോവ മനുഷ്യവർഗത്തെ എത്രത്തോളം സ്‌നേഹിക്കുന്നു എന്നതു സംബന്ധിച്ച ഒരു ധാരണ ഉണ്ടായിരിക്കാൻ യഹോവ അതിലൂടെ നിങ്ങളെ സഹായിച്ചു. ദൈവത്തിൽനിന്ന്‌ അകന്ന ഒരു പാപിയായിട്ടാണ്‌ നിങ്ങൾ ജനിച്ചതെങ്കിലും, അനന്തജീവന്റെ പ്രത്യാശ സഹിതം മനുഷ്യർ നീതിമാന്മാരായി പ്രഖ്യാപിക്കപ്പെടുന്നതിനുള്ള ഒരു മാർഗം യഹോവ തുറന്നിരിക്കുന്നു എന്നു മനസ്സിലാക്കിയപ്പോൾ, അതു നിങ്ങളുടെ ഹൃദയത്തെ സ്‌പർശിക്കുകയുണ്ടായില്ലേ? നിങ്ങൾക്ക്‌ യഹോവയോട്‌ സ്‌നേഹം തോന്നിയില്ലേ?​—⁠റോമർ 5:⁠10.

6. ചിലപ്പോഴൊക്കെ യഹോവയുടെ സ്‌നേഹത്തിൽനിന്ന്‌ അകന്നുപോയിരിക്കുന്നതായി നമുക്കു തോന്നുന്നത്‌ എന്തുകൊണ്ട്‌?

6 നിങ്ങളുടെ സ്വർഗീയ പിതാവിന്റെ സ്‌നേഹത്താൽ ആകർഷിക്കപ്പെടുകയും അവനു സ്വീകാര്യമായ വിധത്തിൽ നിങ്ങളുടെ ജീവിതത്തെ ക്രമപ്പെടുത്തുകയും ചെയ്യുകവഴി, നിങ്ങൾ സ്വന്തം ജീവിതം ദൈവത്തിനു സമർപ്പിച്ചു. ഇപ്പോൾ നിങ്ങൾ ദൈവവുമായി സമാധാനം ആസ്വദിക്കുന്നു. എന്നാൽ, അവനിൽനിന്ന്‌ അൽപ്പം അകന്നുപോയിരിക്കുന്നതായി ചിലപ്പോൾ നിങ്ങൾക്കു തോന്നാറുണ്ടോ? ഏതൊരാൾക്കും അങ്ങനെ സംഭവിക്കാം. എന്നാൽ ദൈവത്തിനു മാറ്റമില്ലെന്ന കാര്യം എപ്പോഴും ഓർക്കുക. ഊഷ്‌മളമായ പ്രകാശ രശ്‌മികൾ ഭൂമിയിലേക്ക്‌ അയയ്‌ക്കുന്നതിൽ ഒരിക്കലും പിഴവു വരുത്താത്ത സൂര്യനെപ്പോലെ ക്രമമുള്ളതും സ്ഥിരവുമാണ്‌ അവന്റെ സ്‌നേഹം. (മലാഖി 3:6; യാക്കോബ്‌ 1:17) എന്നാൽ, നമുക്ക്‌ മാറ്റം വരാം​—⁠താത്‌കാലികമായിട്ടാണെങ്കിലും. ഭൂമി കറങ്ങുമ്പോൾ അതിന്റെ പകുതിഭാഗം അന്ധകാരത്തിലായിരിക്കുന്നതു പോലെ, ഒരു ചുരുങ്ങിയ സമയത്തേക്കു പോലും നാം ദൈവത്തിൽനിന്ന്‌ അകലുകയാണെങ്കിൽ, അവനുമായുള്ള നമ്മുടെ ബന്ധത്തിൽ നമുക്ക്‌ ഒരു മരവിപ്പു തോന്നാം. ആ അവസ്ഥയ്‌ക്കു മാറ്റം വരുത്താൻ നമുക്ക്‌ എന്തു ചെയ്യാനാകും?

7. ദൈവസ്‌നേഹത്തിൽ നിലനിൽക്കാൻ ആത്മപരിശോധന എങ്ങനെ സഹായിക്കുന്നു?

7 ദൈവസ്‌നേഹത്തിൽനിന്ന്‌ അൽപ്പം അകന്നുപോയിരിക്കുന്നതായി തോന്നുന്നെങ്കിൽ, നമ്മോടുതന്നെ ഇങ്ങനെ ചോദിക്കുക: ‘ദൈവസ്‌നേഹത്തെ ഞാൻ നിസ്സാരമായി എടുത്തിരിക്കുന്നുവോ? വിശ്വാസത്തിൽ ബലഹീനൻ ആയിത്തീർന്നിരിക്കുന്നുവെന്ന്‌ നാനാ വിധങ്ങളിൽ പ്രകടമാക്കിക്കൊണ്ട്‌ ജീവനുള്ള സ്‌നേഹവാനാം ദൈവത്തിൽനിന്നു ഞാൻ ക്രമേണ അകന്നുപോയിരിക്കുന്നുവോ? “ആത്മാവിന്നുള്ള” കാര്യങ്ങൾക്കു പകരം “ജഡത്തിന്നുള്ള” കാര്യങ്ങളിലാണോ ഞാൻ ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്‌?’ (റോമർ 8:5-8; എബ്രായർ 3:12) നാം യഹോവയിൽനിന്ന്‌ അകന്നുപോയിരിക്കുന്നെങ്കിൽ, കാര്യങ്ങൾ നേരെയാക്കിക്കൊണ്ട്‌ അവനുമായുള്ള ഊഷ്‌മളമായ ഒരു അടുത്ത ബന്ധത്തിലേക്കു വരാൻ നമുക്കു പടികൾ സ്വീകരിക്കാം. യാക്കോബ്‌ നമ്മെ ഇങ്ങനെ ഉദ്‌ബോധിപ്പിക്കുന്നു: “ദൈവത്തോടു അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുവരും.” (യാക്കോബ്‌ 4:8) യൂദായുടെ വാക്കുകൾ ഗൗരവപൂർവം ചെവിക്കൊള്ളുക: “പ്രിയമുള്ളവരേ; നിങ്ങളുടെ അതിവിശുദ്ധ വിശ്വാസത്തെ ആധാരമാക്കി നിങ്ങൾക്കു തന്നേ ആത്മികവർദ്ധന വരുത്തിയും പരിശുദ്ധാത്മാവിൽ പ്രാർത്ഥിച്ചും . . . ദൈവസ്‌നേഹത്തിൽ നിങ്ങളെത്തന്നെ സൂക്ഷിച്ചുകൊൾവിൻ.”​—⁠യൂദാ 20, 21.

മാറിയ സാഹചര്യങ്ങൾ ദൈവസ്‌നേഹത്തെ ബാധിക്കുന്നില്ല

8. നമ്മുടെ ജീവിതത്തിൽ എന്തു മാറ്റങ്ങൾ പെട്ടെന്നു സംഭവിച്ചേക്കാം?

8 ഈ വ്യവസ്ഥിതിയിലെ നമ്മുടെ ജീവിതം പല മാറ്റങ്ങൾക്കും വിധേയമാണ്‌. ‘[നമ്മുടെ]മേലെല്ലാം കാലവും മുൻകൂട്ടിക്കാണാൻ കഴിയാത്ത സംഭവങ്ങളും വന്നുഭവിക്കുന്നു’ എന്ന്‌ ശലോമോൻ രാജാവ്‌ അഭിപ്രായപ്പെട്ടു. (സഭാപ്രസംഗി 9:​11, NW) നമ്മുടെ ജീവിതത്തിനു പെട്ടെന്നു സമൂല മാറ്റം വന്നേക്കാം. ഇന്ന്‌ നല്ല ആരോഗ്യമുള്ള നമുക്ക്‌ നാളെ ഗുരുതരമായ അസുഖം പിടിപെടാം. ഇന്നു സ്ഥിരമായ ഒരു തൊഴിൽ ഉണ്ടെന്ന്‌ നമുക്ക്‌ തോന്നിയാലും, നാളെ നമുക്കത്‌ നഷ്ടപ്പെടാം. നമ്മുടെ പ്രിയപ്പെട്ട ഒരാൾക്ക്‌ അപ്രതീക്ഷിതമായ മരണം സംഭവിക്കാം. ക്രിസ്‌ത്യാനികൾക്ക്‌ ഒരു ദേശത്ത്‌ കുറെ കാലത്തേക്കു സമാധാനപരമായ അവസ്ഥകൾ ഉണ്ടെങ്കിലും, ഉഗ്രമായ പീഡനം പൊട്ടിപ്പുറപ്പെടാൻ അധിക സമയമൊന്നും വേണ്ട. ഒരുപക്ഷേ നാം ദുരാരോപണങ്ങൾക്കു പാത്രമായേക്കാം. തന്മൂലം നമുക്ക്‌ അനീതി സഹിക്കേണ്ടതായും വന്നേക്കാം. അതേ, ഇന്നത്തെ മനുഷ്യജീവിതം സുസ്ഥിരമോ സുരക്ഷിതമോ അല്ല.​—⁠യാക്കോബ്‌ 4:13-15.

9. റോമർ 8-ാം അധ്യായത്തിന്റെ ഒരു ഭാഗം പരിചിന്തിക്കുന്നത്‌ നല്ലതായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

9 ദുഃഖകരമായ സംഗതികൾ നേരിടുമ്പോൾ, നാം ഉപേക്ഷിക്കപ്പെട്ടതുപോലെ, നമ്മോടുള്ള ദൈവസ്‌നേഹം കുറഞ്ഞുപോയതുപോലെ ചിലപ്പോൾ നമുക്കു തോന്നിയേക്കാം. അത്തരം കാര്യങ്ങൾ ആർക്കും സംഭവിക്കാം എന്നതുകൊണ്ട്‌, റോമർ 8-ാം അധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന പൗലൊസ്‌ അപ്പൊസ്‌തലന്റെ വളരെ ആശ്വാസകരമായ വാക്കുകൾ നാം ശ്രദ്ധാപൂർവം പരിചിന്തിക്കേണ്ടതാണ്‌. ആ വാക്കുകൾ ആത്മാഭിഷിക്ത ക്രിസ്‌ത്യാനികളെ ഉദ്ദേശിച്ച്‌ എഴുതപ്പെട്ടതാണ്‌. എങ്കിലും അവ, തത്ത്വത്തിൽ ക്രിസ്‌തീയപൂർവ കാലത്തെ അബ്രാഹാമിനെ പോലെ ദൈവത്തിന്റെ സ്‌നേഹിതർ എന്ന നിലയിൽ നീതിമാന്മാരായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന വേറെ ആടുകളിൽ പെട്ടവർക്കും ബാധകമാണ്‌.​—⁠റോമർ 4:20-22; യാക്കോബ്‌ 2:21-23.

10, 11. (എ) ശത്രുക്കൾ ചിലപ്പോൾ ദൈവജനത്തിനെതിരെ എന്ത്‌ ആരോപണങ്ങൾ ഉന്നയിക്കുന്നു? (ബി) അത്തരം ആരോപണങ്ങൾ ക്രിസ്‌ത്യാനികളെ സംബന്ധിച്ചിടത്തോളം പ്രസക്തമല്ലാത്തത്‌ എന്തുകൊണ്ട്‌?

10 റോമർ 8:31-34 വായിക്കുക. പൗലൊസ്‌ ഇങ്ങനെ ചോദിക്കുന്നു: “ദൈവം നമുക്കു അനുകൂലം എങ്കിൽ നമുക്കു പ്രതികൂലം ആർ?” സാത്താനും അവന്റെ ദുഷ്‌ടലോകവും നമുക്ക്‌ എതിരാണെന്നതു ശരിതന്നെ. ശത്രുക്കൾ നമുക്കെതിരെ ദുഷ്‌പ്രചാരണങ്ങൾ നടത്തിയേക്കാം, കോടതികളിൽ പോലും. ദൈവനിയമത്തെ ലംഘിക്കുന്ന ചികിത്സാനടപടികൾ തങ്ങളുടെ കുട്ടികൾക്കു വിലക്കിയതിനാലോ പുറജാതീയ ആഘോഷങ്ങളിൽ ഏർപ്പെടാൻ അവരെ അനുവദിക്കാതിരിക്കുന്നതിനാലോ ക്രിസ്‌തീയ മാതാപിതാക്കൾക്കു മക്കളോടു സ്‌നേഹമില്ല എന്ന്‌ ആരോപിക്കപ്പെട്ടിട്ടുണ്ട്‌. (പ്രവൃത്തികൾ 15:28, 29; 2 കൊരിന്ത്യർ 6:14-16) മറ്റുചില ക്രിസ്‌ത്യാനികളുടെമേൽ അന്യായമായി രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടുണ്ട്‌, കാരണം അവർ യുദ്ധത്തിൽ ഏർപ്പെട്ടുകൊണ്ട്‌ സഹമനുഷ്യരെ കൊല്ലുകയോ രാഷ്‌ട്രീയത്തിൽ ഉൾപ്പെടുകയോ ചെയ്യുന്നില്ല. (യോഹന്നാൻ 17:16) യഹോവയുടെ സാക്ഷികൾ അപകടകരമായ ഒരു മതഭേദമാണെന്ന്‌ വ്യാജാരോപണം ഉന്നയിച്ച്‌ ചില ശത്രുക്കൾ അവരെ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്‌.

11 അപ്പൊസ്‌തലന്മാരുടെ നാളുകളിൽ ആളുകൾ ഇങ്ങനെ പറഞ്ഞുവെന്ന്‌ ഓർക്കുക: “ഈ മതഭേദത്തിന്നു എല്ലായിടത്തും വിരോധം പറയുന്നു.” (പ്രവൃത്തികൾ 28:22) വാസ്‌തവത്തിൽ വ്യാജാരോപണങ്ങൾക്ക്‌ പ്രസക്തിയുണ്ടോ? സത്യക്രിസ്‌ത്യാനികളെ യേശുക്രിസ്‌തുവിന്റെ യാഗത്തിലുള്ള വിശ്വാസത്തിൽ അധിഷ്‌ഠിതമായി നീതിമാന്മാരായി പ്രഖ്യാപിക്കുന്നത്‌ ദൈവമാണ്‌. തനിക്ക്‌ ഏറ്റവും വിലപ്പെട്ട സമ്മാനം​—⁠തന്റെ പ്രിയപുത്രനെ​—⁠നൽകിയശേഷം തന്റെ ആരാധകരെ യഹോവ സ്‌നേഹിക്കുന്നത്‌ എന്തിനു നിറുത്തണം? (1 യോഹന്നാൻ 4:10) മരിച്ചവരിൽനിന്ന്‌ ഉയിർപ്പിക്കപ്പെട്ട്‌ ദൈവത്തിന്റെ വലത്തുഭാഗത്ത്‌ ഇരിക്കുന്ന ക്രിസ്‌തു ഇപ്പോൾ ക്രിസ്‌ത്യാനികൾക്കായി വാദിക്കുന്നു. തന്റെ അനുഗാമികളെ പ്രതിയുള്ള ക്രിസ്‌തുവിന്റെ പ്രതിവാദത്തെ ഉചിതമായി ഖണ്ഡിക്കാനോ തന്റെ വിശ്വസ്‌തരുടെമേൽ ദൈവം നടത്തിയിരിക്കുന്ന അനുകൂലമായ ന്യായവിധിയെ വിജയകരമായി വെല്ലുവിളിക്കാനോ ആർക്കു കഴിയും? ആർക്കും കഴിയില്ല!​—⁠യെശയ്യാവു 50:8, 9; എബ്രായർ 4:15, 16.

12, 13. (എ) ഏത്‌ അവസ്ഥകൾക്കും സാഹചര്യങ്ങൾക്കും ദൈവസ്‌നേഹത്തിൽനിന്ന്‌ നമ്മെ വേർപിരിക്കാനാവില്ല? (ബി) നമ്മുടെമേൽ കഷ്‌ടതകൾ വരുത്തിവെക്കുന്നതിൽ സാത്താന്റെ ലക്ഷ്യമെന്ത്‌? (സി) ക്രിസ്‌ത്യാനികൾ പൂർണ വിജയം കൈവരിക്കുന്നത്‌ എന്തുകൊണ്ട്‌?

12 റോമർ 8:35-37 വായിക്കുക. യഹോവയുടെയും അവന്റെ പുത്രനായ യേശുക്രിസ്‌തുവിന്റെയും സ്‌നേഹത്തിൽനിന്നു നമ്മെ വേർപിരിക്കാൻ നമുക്കല്ലാതെ ആർക്കു കഴിയും? ക്രിസ്‌ത്യാനികളുടെമേൽ കുഴപ്പങ്ങൾ വരുത്തിവെക്കാൻ സാത്താൻ ഭൗമിക ഘടകങ്ങളെ ഉപയോഗിച്ചേക്കാം. കഴിഞ്ഞ നൂറ്റാണ്ടിൽ, പല ദേശങ്ങളിലും നമ്മുടെ ക്രിസ്‌തീയ സഹോദരീസഹോദരന്മാർ ഉഗ്രമായ പീഡനത്തിന്‌ ഇരകളായിട്ടുണ്ട്‌. ഇന്ന്‌ ചില ഇടങ്ങളിൽ നമ്മുടെ സഹോദരങ്ങൾ സാമ്പത്തിക ക്ലേശങ്ങൾ അനുഭവിക്കുന്നു. ആവശ്യത്തിന്‌ ആഹാരമോ വസ്‌ത്രമോ ഇല്ലാത്ത അവസ്ഥയിലാണ്‌ ചിലർ. ഈ കഷ്ടതകൾ വരുത്തിവെക്കുന്നതിൽ പിശാചിന്റെ ലക്ഷ്യം എന്താണ്‌? ചുരുങ്ങിയപക്ഷം, യഹോവയുടെ സത്യാരാധനയെ നിരുത്സാഹപ്പെടുത്തുക എന്നതുതന്നെ. ദൈവത്തിനു നമ്മോടുള്ള സ്‌നേഹം തണുത്തുപോയിരിക്കുന്നു എന്നു നാം വിശ്വസിക്കാൻ സാത്താൻ ആഗ്രഹിക്കുന്നു. എന്നാൽ, അതാണോ സത്യം?

13 സങ്കീർത്തനം 44:22 ഉദ്ധരിച്ച പൗലൊസിനെ പോലെ, നാം ദൈവത്തിന്റെ ലിഖിത വചനം പഠിച്ചിരിക്കുന്നു. ദൈവത്തിന്റെ നാമം നിമിത്തമാണ്‌ അവന്റെ ‘ആടുകളായ’ നമുക്ക്‌ ഈ കാര്യങ്ങൾ സംഭവിക്കുന്നത്‌ എന്നു നമുക്ക്‌ അറിയാം. ദൈവത്തിന്റെ നാമവിശുദ്ധീകരണവും അവന്റെ സാർവത്രിക പരമാധികാരത്തിന്റെ സംസ്ഥാപനവും അതിൽ ഉൾപ്പെട്ടിരിക്കുന്നു. അത്തരം പ്രമുഖമായ വിവാദ വിഷയങ്ങൾ നിമിത്തമാണു ദൈവം പരിശോധനകൾ അനുവദിച്ചിരിക്കുന്നത്‌, അല്ലാതെ അവനു നമ്മോട്‌ സ്‌നേഹം ഇല്ലാത്തതുകൊണ്ടല്ല. നമുക്ക്‌ അരിഷ്ടത ഉണ്ടാക്കുന്ന സാഹചര്യങ്ങൾ എന്തായിരുന്നാലും, തന്റെ ജനത്തോടുള്ള, നമ്മിൽ ഓരോരുത്തരോടുമുള്ള, ദൈവസ്‌നേഹത്തിനു മാറ്റം വന്നിട്ടില്ല എന്ന്‌ നമുക്ക്‌ ഉറപ്പുണ്ട്‌. നാം അചഞ്ചലമായ വിശ്വസ്‌തതയോടെ നിലകൊള്ളുന്നെങ്കിൽ, പ്രത്യക്ഷമായ ഏതു പരാജയവും വിജയമായി മാറും. ദൈവത്തിന്റെ അഭേദ്യമായ സ്‌നേഹം സംബന്ധിച്ച ഉറപ്പ്‌ നമ്മെ ശക്തീകരിക്കുകയും താങ്ങിനിറുത്തുകയും ചെയ്യുന്നു.

14. ക്രിസ്‌ത്യാനികൾക്ക്‌ കഷ്‌ടതകൾ നേരിടുമ്പോൾ പോലും ദൈവത്തിന്‌ അവരോടു സ്‌നേഹം ഉണ്ടായിരിക്കുമെന്ന ബോധ്യം പൗലൊസിന്‌ ഉണ്ടായിരുന്നത്‌ എന്തുകൊണ്ട്‌?

14 റോമർ 8:38, 39 വായിക്കുക. യാതൊന്നിനും ക്രിസ്‌ത്യാനികളെ ദൈവസ്‌നേഹത്തിൽനിന്നു വേർപിരിക്കാൻ കഴിയില്ലെന്ന ബോധ്യം പൗലൊസിന്‌ ഉണ്ടായിരുന്നത്‌ എന്തുകൊണ്ടാണ്‌? ശുശ്രൂഷയിൽ പൗലൊസിന്‌ ഉണ്ടായ വ്യക്തിപരമായ അനുഭവങ്ങൾ, കഷ്‌ടതകൾക്കു നമ്മോടുള്ള ദൈവസ്‌നേഹത്തെ ബാധിക്കാൻ കഴിയില്ല എന്ന അവന്റെ ബോധ്യത്തെ ബലിഷ്‌ഠമാക്കി എന്നതിനു യാതൊരു സംശയവുമില്ല. (2 കൊരിന്ത്യർ 11:23-27; ഫിലിപ്പിയർ 4:13) മാത്രമല്ല, യഹോവയുടെ നിത്യമായ ഉദ്ദേശ്യവും തന്റെ ജനത്തോടുള്ള അവന്റെ കഴിഞ്ഞകാല ഇടപെടലുകളും സംബന്ധിച്ച്‌ പൗലൊസിന്‌ അറിവുണ്ടായിരുന്നു. ദൈവത്തെ വിശ്വസ്‌തമായി സേവിച്ചിട്ടുള്ളവരോട്‌ അവനുള്ള സ്‌നേഹത്തെ ജയിച്ചടക്കാൻ മരണത്തിനു കഴിയുമോ? തീർച്ചയായും ഇല്ല! അത്തരം വിശ്വസ്‌തർ ദൈവത്തിന്റെ പരിപൂർണമായ സ്‌മരണയിൽ ജീവിച്ചിരിക്കും, തന്റെ തക്കസമയത്ത്‌ അവൻ അവരെ ഉയിർപ്പിക്കും.​—⁠ലൂക്കൊസ്‌ 20:37, 38; 1 കൊരിന്ത്യർ 15:22-26.

15, 16. തന്റെ വിശ്വസ്‌ത ദാസന്മാരെ സ്‌നേഹിക്കുന്നതിൽനിന്നു ദൈവത്തെ ഒരിക്കലും തടയുകയില്ലാത്ത ചില കാര്യങ്ങൾ ഏവ?

15 ഇന്നത്തെ ജീവിതം നമുക്ക്‌ എന്തെല്ലാം കഷ്‌ടതകൾ വരുത്തിവെച്ചാലും, വലിയ അപകടമോ മാരകമായ രോഗമോ സാമ്പത്തിക പ്രതിസന്ധിയോ നേരിട്ടാലും, യാതൊന്നിനും തന്റെ ജനത്തോടു ദൈവത്തിനുള്ള സ്‌നേഹത്തെ നശിപ്പിക്കാനാവില്ല. അനുസരണക്കേടു മൂലം സാത്താൻ ആയിത്തീർന്ന ദൂതനെ പോലുള്ള ശക്തരായ ദൂതന്മാർക്ക്‌ ദൈവത്തിന്റെ ദാസന്മാരോടുള്ള അവന്റെ സ്‌നേഹത്തെ തടയാൻ സാധിക്കില്ല. (ഇയ്യോബ്‌ 2:3) ഗവൺമെന്റുകൾ ദൈവദാസരുടെമേൽ നിരോധനം ഏർപ്പെടുത്തുകയോ അവരെ തടവിലാക്കുകയോ ദ്രോഹിക്കുകയോ “അനഭിമത വ്യക്തികൾ” (“Persona non grata”) എന്നു മുദ്ര കുത്തുകയോ പോലും ചെയ്‌തേക്കാം. (1 കൊരിന്ത്യർ 4:13) രാഷ്‌ട്രങ്ങളുടെ പക്ഷത്തുനിന്നുള്ള അന്യായമായ അത്തരം വിദ്വേഷം മൂലം ആളുകൾ നമുക്കെതിരെ തിരിഞ്ഞേക്കാം. എന്നാൽ അതൊന്നും അഖിലാണ്ഡ പരമാധികാരി നമ്മെ ഉപേക്ഷിക്കാൻ ഇടയാക്കുകയില്ല.

16 ക്രിസ്‌ത്യാനികൾ എന്ന നിലയിൽ ‘ഇപ്പോഴുള്ളത്‌’ എന്ന്‌ പൗലൊസ്‌ വിളിച്ച യാതൊന്നിനും, അതായത്‌ ഈ വ്യവസ്ഥിതിയിലെ സംഭവങ്ങൾക്കോ അവസ്ഥകൾക്കോ സാഹചര്യങ്ങൾക്കോ, ഭാവിയിൽ ‘വരുവാനുള്ളതിനും’ ദൈവത്തിനു തന്റെ ജനത്തോടുള്ള ബന്ധത്തെ തകർക്കാൻ കഴിയുമെന്ന്‌ നാം ഭയക്കേണ്ടതില്ല. സ്വർഗീയവും ഭൗമികവുമായ ശക്തികൾ നമുക്കെതിരെ പോരാടുന്നുണ്ടെങ്കിലും, നമ്മെ താങ്ങിനിറുത്താൻ ദൈവസ്‌നേഹം ഉണ്ടായിരിക്കും. പൗലൊസ്‌ ഊന്നിപ്പറഞ്ഞതുപോലെ “ഉയരത്തിന്നോ ആഴത്തിന്നോ” ദൈവസ്‌നേഹത്തെ തടഞ്ഞുനിറുത്താനാവില്ല. അതേ, നമ്മെ നിരുത്സാഹപ്പെടുത്താൻ ശ്രമിക്കുന്ന യാതൊന്നിനും, നമ്മുടെമേൽ അധീശത്വം നേടാൻ ശ്രമിക്കുന്ന ഒരു ഘടകത്തിനും, ദൈവസ്‌നേഹത്തിൽനിന്നു നമ്മെ വേർപിരിക്കാനാവില്ല; തന്റെ വിശ്വസ്‌ത ദാസന്മാരോടുള്ള സ്രഷ്ടാവിന്റെ ബന്ധത്തിനു ഭംഗം വരുത്താൻ യാതൊരു സൃഷ്ടിക്കും സാധ്യമല്ല. ദൈവസ്‌നേഹം ഒരിക്കലും നിലച്ചുപോകുന്നില്ല, അതു നിത്യമാണ്‌.​—⁠1 കൊരിന്ത്യർ 13:⁠8.

ദൈവത്തിന്റെ സ്‌നേഹദയ എന്നെന്നും അമൂല്യമായി കരുതുക

17. (എ) ദൈവസ്‌നേഹം ‘ജീവനെക്കാൾ നല്ലതായിരിക്കുന്നത്‌’ എന്തുകൊണ്ട്‌? (ബി) ദൈവത്തിന്റെ സ്‌നേഹദയയെ അമൂല്യമായി കരുതുന്നു എന്ന്‌ നമുക്ക്‌ എങ്ങനെ പ്രകടമാക്കാൻ കഴിയും?

17 ദൈവസ്‌നേഹം നിങ്ങൾക്ക്‌ എത്ര പ്രധാനമാണ്‌? “നിന്റെ ദയ [“സ്‌നേഹദയ,” NW] ജീവനെക്കാൾ നല്ലതാകുന്നു; എന്റെ അധരങ്ങൾ നിന്നെ സ്‌തുതിക്കും. എന്റെ ജീവകാലം ഒക്കെയും ഞാൻ അങ്ങനെ നിന്നെ വാഴ്‌ത്തും; നിന്റെ നാമത്തിൽ ഞാൻ എന്റെ കൈകളെ മലർത്തും” എന്ന്‌ എഴുതിയ ദാവീദിനെ പോലെ നിങ്ങൾക്കു തോന്നുന്നുവോ? (സങ്കീർത്തനം 63:3, 4) വാസ്‌തവത്തിൽ, ദൈവത്തിന്റെ സ്‌നേഹത്തെക്കാളും വിശ്വസ്‌ത സഖിത്വത്തെക്കാളും മെച്ചമായ എന്തെങ്കിലും ഈ ലോകത്തിനു നൽകാൻ കഴിയുമോ? ഉദാഹരണത്തിന്‌, നല്ല വരുമാനമുള്ള ഒരു ലൗകിക ജോലി ഉണ്ടായിരിക്കുന്നത്‌, ദൈവവുമായുള്ള അടുത്ത ബന്ധത്തിൽനിന്ന്‌ ലഭിക്കുന്ന മനസ്സമാധാനത്തെക്കാളും സന്തോഷത്തെക്കാളും വലുതാണോ? (ലൂക്കൊസ്‌ 12:15) യഹോവയെ ഉപേക്ഷിക്കുക, അല്ലെങ്കിൽ മരണം വരിക്കുക എന്ന അവസ്ഥ ചില ക്രിസ്‌ത്യാനികൾ അഭിമുഖീകരിച്ചിട്ടുണ്ട്‌. രണ്ടാം ലോകമഹായുദ്ധ കാലത്ത്‌ നാസി തടങ്കൽപ്പാളയത്തിൽ ആയിരുന്ന യഹോവയുടെ സാക്ഷികളായ നിരവധി പേർക്ക്‌ അതു സംഭവിച്ചു. നമ്മുടെ ആ ക്രിസ്‌തീയ സഹോദരങ്ങളിൽ ചുരുക്കം പേരൊഴികെ എല്ലാവരും ദൈവസ്‌നേഹത്തിൽ നിലകൊള്ളാൻ തീരുമാനിച്ചു. ആവശ്യമെങ്കിൽ, മരിക്കാൻ പോലും അവർ ഒരുക്കമായിരുന്നു. ദൈവസ്‌നേഹത്തിൽ വിശ്വസ്‌തരായി നിലകൊള്ളുന്നവർക്ക്‌, ലോകത്തിനു നൽകാൻ കഴിയാത്ത ഒന്ന്‌​—⁠ഒരു നിത്യഭാവി​—⁠അവൻ നൽകുമെന്ന്‌ ഉറപ്പുണ്ടായിരിക്കാൻ കഴിയും. (മർക്കൊസ്‌ 8:34-36) എന്നാൽ നിത്യജീവനെക്കാൾ കൂടുതൽ കാര്യങ്ങൾ ഉൾപ്പെട്ടിരിക്കുന്നു.

18. നിത്യജീവൻ അഭിലഷണീയമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

18 യഹോവയെ കൂടാതെ നിത്യമായി ജീവിക്കുക സാധ്യമല്ലെങ്കിലും, നമ്മുടെ സ്രഷ്ടാവില്ലാത്ത അനന്തജീവിതം എങ്ങനെയുള്ളത്‌ ആയിരിക്കുമെന്നു ചിന്തിക്കുക. അത്‌ ശൂന്യമായിരിക്കും, യഥാർഥ ഉദ്ദേശ്യമില്ലാത്തത്‌ ആയിരിക്കും. ഈ അന്ത്യനാളുകളിൽ, യഹോവ തന്റെ ജനത്തിനു സംതൃപ്‌തികരമായ ഒരു വേല കൊടുത്തിരിക്കുന്നു. തന്റെ ഉദ്ദേശ്യങ്ങൾ നിവർത്തിക്കുന്ന മഹാ ദൈവമായ യഹോവ നിത്യജീവൻ നൽകുമ്പോൾ, പഠിക്കാനും ചെയ്യാനും സുന്ദരമായ, മൂല്യവത്തായ അനേകം കാര്യങ്ങൾ ഉണ്ടായിരിക്കുമെന്ന്‌ നമുക്ക്‌ ഉറപ്പുണ്ടായിരിക്കാനാകും. (സഭാപ്രസംഗി 3:11) വരാനിരിക്കുന്ന സഹസ്രാബ്‌ദങ്ങളിലുടനീളം നാം എത്രമാത്രം ഗവേഷണം നടത്തിയാലും, ‘ദൈവത്തിന്റെ ധനം, ജ്ഞാനം, അറിവു എന്നിവയുടെ ആഴം’ പൂർണമായി അളക്കാൻ നമുക്കാവില്ല.​—⁠റോമർ 11:⁠33.

പിതാവ്‌ നിങ്ങളെ സ്‌നേഹിക്കുന്നു

19. വിടവാങ്ങൽ സമയത്ത്‌ യേശുക്രിസ്‌തു തന്റെ ശിഷ്യന്മാർക്ക്‌ എന്ത്‌ ഉറപ്പ്‌ നൽകി?

19 പൊതുയുഗം 33 നീസാൻ 14-ന്‌, തന്റെ വിശ്വസ്‌തരായ 11 അപ്പൊസ്‌തലന്മാരോടൊപ്പം കൂടിവന്ന അവസാന രാത്രിയിൽ, വരാനിരിക്കുന്ന കാര്യങ്ങളെ നേരിടാൻ അവരെ ബലിഷ്‌ഠരാക്കുന്നതിന്‌ യേശു പല കാര്യങ്ങളും പറഞ്ഞു. യേശുവിന്റെ പീഡാനുഭവങ്ങളിൽ അവർ അവനോടു പറ്റിനിന്നിരുന്നു, തങ്ങളോടുള്ള അവന്റെ സ്‌നേഹം വ്യക്തിപരമായി അനുഭവിച്ചറിയാനും അവർക്കു കഴിഞ്ഞിരുന്നു. (ലൂക്കൊസ്‌ 22:28, 30; യോഹന്നാൻ 1:16; 13:1) അതുകൊണ്ട്‌ പ്രസ്‌തുത അവസരത്തിൽ യേശു അവർക്ക്‌ ഈ ഉറപ്പു നൽകി: ‘പിതാവ്‌ നിങ്ങളെ സ്‌നേഹിക്കുന്നു.’ (യോഹന്നാൻ 16:27) തങ്ങളുടെ സ്വർഗീയ പിതാവിന്‌ തങ്ങളോടുള്ള ആർദ്രമായ വികാരങ്ങൾ മനസ്സിലാക്കാൻ ആ വാക്കുകൾ യേശുവിന്റെ ശിഷ്യന്മാരെ എത്രയധികം സഹായിച്ചിരിക്കാം!

20. എന്തു ചെയ്യാൻ നിങ്ങൾ ദൃഢചിത്തരാണ്‌, നിങ്ങൾക്ക്‌ എന്തു സംബന്ധിച്ച്‌ ഉറപ്പുണ്ടായിരിക്കാൻ കഴിയും?

20 ഇപ്പോൾ ജീവിച്ചിരിക്കുന്ന പലരും ദശാബ്‌ദങ്ങളോളം യഹോവയെ വിശ്വസ്‌തമായി സേവിച്ചിട്ടുള്ളവരാണ്‌. ഈ ദുഷ്‌ട വ്യവസ്ഥിതിയുടെ അവസാനത്തിനു മുമ്പ്‌ നമുക്ക്‌ ഇനിയും നിരവധി പരിശോധനകൾ നേരിടുമെന്ന കാര്യത്തിൽ സംശയം വേണ്ട. അത്തരം പരിശോധനകളോ കഷ്ടതകളോ നിങ്ങളോടുള്ള ദൈവത്തിന്റെ വിശ്വസ്‌ത സ്‌നേഹം സംബന്ധിച്ച്‌ നിങ്ങളിൽ യാതൊരു സംശയവും ഉണ്ടാക്കാതിരിക്കട്ടെ. യഹോവ നിങ്ങളെ സ്‌നേഹിക്കുന്നു എന്ന വസ്‌തുത എത്രമാത്രം ഊന്നിപ്പറഞ്ഞാലും മതിയാവില്ല. (യാക്കോബ്‌ 5:11) ദൈവകൽപ്പനകൾ വിശ്വസ്‌തമായി അനുസരിച്ചുകൊണ്ട്‌ നമുക്കു നമ്മുടെ ഭാഗം നിവർത്തിക്കുന്നതിൽ തുടരാം. (യോഹന്നാൻ 15:8-10) അവന്റെ നാമത്തെ സ്‌തുതിക്കാൻ നമുക്ക്‌ എല്ലാ അവസരവും വിനിയോഗിക്കാം. പ്രാർഥനയിൽ യഹോവയോട്‌ അടുത്തുവരുന്നതിലും അതുപോലെ അവന്റെ വചനം പഠിക്കുന്നതിലും തുടരാനുള്ള നമ്മുടെ നിശ്ചയദാർഢ്യത്തെ നാം ബലിഷ്‌ഠമാക്കണം. ഭാവിയിൽ എന്തു സംഭവിച്ചാലും, യഹോവയെ പ്രസാദിപ്പിക്കാൻ നാം പരമാവധി ചെയ്യുന്നപക്ഷം നമുക്കു സമാധാനത്തിൽ കഴിയാൻ സാധിക്കും. മാത്രമല്ല, ഒരിക്കലും വറ്റിപ്പോകാത്ത അവന്റെ സ്‌നേഹം സംബന്ധിച്ച്‌ നാം പൂർണ ഉറപ്പുള്ളവരും ആയിരിക്കും.​—⁠2 പത്രൊസ്‌ 3:⁠14.

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

• നമ്മുടെ ആത്മീയവും വൈകാരികവുമായ സമനില കാത്തുസൂക്ഷിക്കാൻ ആരുടെ സ്‌നേഹം നമുക്കു വിശേഷാൽ അനിവാര്യമാണ്‌?

• തന്റെ ദാസന്മാരെ സ്‌നേഹിക്കുന്നതിൽനിന്ന്‌ ഏതു കാര്യങ്ങൾ യഹോവയെ തടയുകയില്ല?

• യഹോവയുടെ സ്‌നേഹം അനുഭവിക്കുന്നത്‌ ‘ജീവനെക്കാൾ നല്ലതായിരിക്കുന്നത്‌’ എന്തുകൊണ്ട്‌?

[അധ്യയന ചോദ്യങ്ങൾ]

[13-ാം പേജിലെ ചിത്രങ്ങൾ]

നാം ദൈവസ്‌നേഹത്തിൽനിന്ന്‌ അകന്നുപോയിരിക്കുന്നതായി തോന്നുന്നെങ്കിൽ, കാര്യങ്ങൾ നേരെയാക്കാൻ നമുക്കു പടികൾ സ്വീകരിക്കാം

[15-ാം പേജിലെ ചിത്രം]

തനിക്ക്‌ എന്തുകൊണ്ടാണ്‌ പീഡനങ്ങൾ ഉണ്ടാകുന്നതെന്ന്‌ പൗലൊസിന്‌ അറിയാമായിരുന്നു