വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങളുടെ ഹൃദയത്തെ കാത്തുകൊള്ളുക

നിങ്ങളുടെ ഹൃദയത്തെ കാത്തുകൊള്ളുക

നിങ്ങളുടെ ഹൃദയത്തെ കാത്തുകൊള്ളുക

“സകലജാഗ്രതയോടുംകൂടെ നിന്റെ ഹൃദയത്തെ കാത്തുകൊൾക; ജീവന്റെ ഉത്ഭവം അതിൽനിന്നല്ലോ ആകുന്നതു.”​—⁠സദൃശവാക്യങ്ങൾ 4:23.

1, 2. നമ്മുടെ ഹൃദയത്തെ കാത്തുസൂക്ഷിക്കേണ്ടത്‌ എന്തുകൊണ്ട്‌?

ചുഴലിക്കൊടുങ്കാറ്റ്‌ ശമിച്ചപ്പോൾ ഒരു കരീബിയൻ ദ്വീപിലെ വൃദ്ധനായൊരു മനുഷ്യൻ തന്റെ രക്ഷാസ്ഥാനത്തുനിന്നു പുറത്തുവന്ന്‌ ചുറ്റും നോക്കി. പതിറ്റാണ്ടുകളായി വീടിന്റെ ഗേറ്റിനടുത്ത്‌ നിന്നിരുന്ന ഒരു കൂറ്റൻ വൃക്ഷം അവിടെ കാണാനില്ലായിരുന്നു. ‘ചുറ്റുമുള്ള ചെറിയ വൃക്ഷങ്ങൾ അവിടെത്തന്നെ ഉള്ളപ്പോൾ ഇതെങ്ങനെ സംഭവിച്ചു’ എന്ന്‌ അദ്ദേഹം അത്ഭുതപ്പെട്ടു. വൃക്ഷത്തിന്റെ കുറ്റി പരിശോധിച്ചപ്പോൾ അദ്ദേഹത്തിനു കാര്യം പിടികിട്ടി. കരുത്തുറ്റതെന്നു തോന്നിച്ച ആ വൃക്ഷത്തിന്റെ ഉൾഭാഗം മുഴുവനും ജീർണിച്ചിരിക്കുകയായിരുന്നു, മറഞ്ഞിരുന്ന ആ അവസ്ഥ കൊടുങ്കാറ്റിൽ വെളിപ്പെട്ടെന്നു മാത്രം.

2 ക്രിസ്‌തീയ മാർഗത്തിൽ വേരുറച്ചതായി കാണപ്പെടുന്ന ഒരു സത്യാരാധകൻ വിശ്വാസത്തിന്റെ പരിശോധനയ്‌ക്കു മുന്നിൽ വീണുപോകുന്നത്‌ എത്രയോ ദാരുണമാണ്‌. “മനുഷ്യന്റെ മനോനിരൂപണം ബാല്യംമുതൽ ദോഷമുള്ളതു ആകുന്നു” എന്ന്‌ ബൈബിൾ ഉചിതമായി പറയുന്നു. (ഉല്‌പത്തി 8:21) അതിന്റെ അർഥം നിതാന്ത ജാഗ്രത പുലർത്താത്തപക്ഷം, ഏറ്റവും നല്ല ഹൃദയം പോലും തെറ്റായ കാര്യങ്ങളിലേക്കു വശീകരിക്കപ്പെട്ടേക്കാം എന്നാണ്‌. ദുഷിക്കപ്പെടാൻ കഴിയാത്തതായി ഒരു അപൂർണ മനുഷ്യ ഹൃദയം പോലും ഇല്ലാത്തതിനാൽ, “സകലജാഗ്രതയോടുംകൂടെ നിന്റെ ഹൃദയത്തെ കാത്തുകൊൾക” എന്ന ബുദ്ധിയുപദേശം നാം ഗൗരവമായി എടുക്കേണ്ടതുണ്ട്‌. (സദൃശവാക്യങ്ങൾ 4:23) അതുകൊണ്ട്‌ നമ്മുടെ ആലങ്കാരിക ഹൃദയത്തെ എങ്ങനെ കാത്തുസൂക്ഷിക്കാൻ കഴിയും?

പതിവായ പരിശോധന​—⁠അനിവാര്യം

3, 4. (എ) അക്ഷരീയ ഹൃദയത്തെ കുറിച്ച്‌ എന്തു ചോദ്യങ്ങൾ ചോദിക്കാവുന്നതാണ്‌? (ബി) നമ്മുടെ ആലങ്കാരിക ഹൃദയത്തെ പരിശോധിക്കാൻ എന്തു സഹായിക്കും?

3 നിങ്ങൾ ഒരു വൈദ്യപരിശോധനയ്‌ക്ക്‌ ഡോക്‌ടറുടെ അടുക്കൽ ചെന്നാൽ, അദ്ദേഹം നിങ്ങളുടെ ഹൃദയത്തിന്റെ നില പരിശോധിക്കാൻ ഇടയുണ്ട്‌. ഹൃദയം ഉൾപ്പെടെ, നിങ്ങളുടെ ശരീരത്തിന്റെ പൊതു ആരോഗ്യസ്ഥിതി നിങ്ങൾക്കു വേണ്ടത്ര പോഷകങ്ങൾ ലഭിക്കുന്നുണ്ടെന്ന്‌ സൂചിപ്പിക്കുന്നുണ്ടോ? നിങ്ങളുടെ രക്തസമ്മർദം എങ്ങനെയുണ്ട്‌? ഹൃദയമിടിപ്പ്‌ ക്രമമുള്ളതും ശക്തവുമാണോ? നിങ്ങൾക്കു വേണ്ടത്ര വ്യായാമം കിട്ടുന്നുണ്ടോ? നിങ്ങളുടെ ഹൃദയം അമിതമായ സമ്മർദത്തിനു വിധേയമാണോ?

4 അക്ഷരീയ ഹൃദയത്തിനു പതിവായ പരിശോധന ആവശ്യമാണെങ്കിൽ, നിങ്ങളുടെ ആലങ്കാരിക ഹൃദയത്തിന്റെ കാര്യമോ? യഹോവ അതു പരിശോധിക്കുന്നു. (1 ദിനവൃത്താന്തം 29:17) നാമും അതു പരിശോധിക്കേണ്ടതാണ്‌. എങ്ങനെ? പിൻവരുന്നതു പോലുള്ള ചോദ്യങ്ങൾ ചോദിച്ചുകൊണ്ട്‌ അതു ചെയ്യാൻ കഴിയും. പതിവായ വ്യക്തിഗത പഠനത്തിലൂടെയും യോഗഹാജരിലൂടെയും ആവശ്യത്തിന്‌ ആത്മീയ ഭക്ഷണം എന്റെ ഹൃദയത്തിനു ലഭിക്കുന്നുണ്ടോ? (സങ്കീർത്തനം 1:1, 2; എബ്രായർ 10:24, 25) രാജ്യപ്രസംഗ-ശിഷ്യരാക്കൽ വേലയിൽ പങ്കെടുക്കാൻ പ്രേരിപ്പിക്കുന്ന വിധത്തിൽ ‘അസ്ഥികളിൽ അടെക്കപ്പെട്ട തീ’ പോലെ യഹോവയുടെ സന്ദേശം എന്റെ ഹൃദയത്തോടു ചേർന്നിരിക്കുന്നുവോ? (യിരെമ്യാവു 20:9; മത്തായി 28:19, 20; റോമർ 1:15, 16) സാധ്യമായിരിക്കുമ്പോൾ മുഴുസമയ ശുശ്രൂഷയുടെ ഏതെങ്കിലും വശത്ത്‌ പങ്കെടുത്തുകൊണ്ട്‌ കഠിന ശ്രമം ചെയ്യാൻ ഞാൻ പ്രേരിതനാണോ? (ലൂക്കൊസ്‌ 13:​24) എന്റെ ആലങ്കാരിക ഹൃദയത്തെ ഏതുതരം സ്വാധീനങ്ങൾക്കാണ്‌ ഞാൻ വിധേയമാക്കുന്നത്‌? സത്യാരാധനയിൽ ഏകീകരിക്കപ്പെട്ട ഹൃദയമുള്ള മറ്റുള്ളവരുമായി സഹവസിക്കാൻ ഞാൻ ശ്രമിക്കുന്നുണ്ടോ? (സദൃശവാക്യങ്ങൾ 13:20; 1 കൊരിന്ത്യർ 15:33) എന്തെങ്കിലും ന്യൂനത ഉണ്ടെങ്കിൽ അതു ശ്രദ്ധിച്ച്‌ നമുക്കു സത്വരം തിരുത്തൽ നടപടികൾ സ്വീകരിക്കാം.

5. വിശ്വാസത്തിന്റെ പരിശോധനകൾ പ്രയോജനപ്രദമായ എന്ത്‌ ഉദ്ദേശ്യം നിവർത്തിക്കുന്നു?

5 മിക്കപ്പോഴും നമുക്കു വിശ്വാസത്തിന്റെ പരിശോധനകൾ ഉണ്ടാകുന്നു. നമ്മുടെ ഹൃദയത്തിന്റെ അവസ്ഥ ശ്രദ്ധിക്കാനുള്ള അവസരം അവയിലൂടെ നമുക്കു ലഭിക്കുന്നു. ഇസ്രായേല്യർ വാഗ്‌ദത്ത ദേശത്ത്‌ പ്രവേശിക്കുന്നതിനു തൊട്ടു മുമ്പായി മോശെ അവരോട്‌ ഇങ്ങനെ പറഞ്ഞു: “നിന്റെ ദൈവമായ യഹോവ നിന്നെ താഴ്‌ത്തുവാനും തന്റെ കല്‌പനകൾ പ്രമാണിക്കുമോ ഇല്ലയോ എന്നു നിന്നെ പരീക്ഷിച്ചു നിന്റെ ഹൃദയത്തിൽ ഇരിക്കുന്നതു അറിവാനുമായി നിന്നെ ഈ നാല്‌പതു സംവത്സരം മരുഭൂമിയിൽ നടത്തിയ വിധമൊക്കെയും നീ ഓർക്കേണം.” (ആവർത്തനപുസ്‌തകം 8:2) അപ്രതീക്ഷിത സാഹചര്യങ്ങളും പ്രലോഭനങ്ങളും ഉണ്ടാകുമ്പോൾ നമ്മിൽ പ്രകടമാകുന്ന വികാരങ്ങളോ ആഗ്രഹങ്ങളോ പ്രതികരണങ്ങളോ പലപ്പോഴും നമ്മെ ആശ്ചര്യപ്പെടുത്താറില്ലേ? യഹോവ അനുവദിക്കുന്ന പരിശോധനകൾക്കു തീർച്ചയായും നമ്മുടെ കുറവുകൾ സംബന്ധിച്ച്‌ നമ്മെ ബോധവാന്മാരാക്കാനും അങ്ങനെ മെച്ചപ്പെടുന്നതിനുള്ള അവസരം നമുക്കു പ്രദാനം ചെയ്യാനും കഴിയും. (യാക്കോബ്‌ 1:2-4) പരിശോധനകളോടുള്ള നമ്മുടെ പ്രതികരണത്തെ കുറിച്ച്‌ പ്രാർഥനാപൂർവം വിചിന്തനം ചെയ്യുന്നതിൽ നമുക്ക്‌ ഒരിക്കലും വീഴ്‌ച വരുത്താതിരിക്കാം!

നമ്മുടെ വാക്കുകൾ എന്തു വെളിപ്പെടുത്തുന്നു?

6. നാം സംസാരിക്കാൻ ഇഷ്‌ടപ്പെടുന്ന വിഷയങ്ങൾ നമ്മുടെ ഹൃദയത്തെ കുറിച്ച്‌ എന്തു വെളിപ്പെടുത്തിയേക്കാം?

6 ഹൃദയത്തിൽ നാം എന്താണ്‌ സ്വരൂപിച്ചു വെച്ചിരിക്കുന്നത്‌ എന്ന്‌ നമുക്ക്‌ എങ്ങനെ നിർണയിക്കാൻ കഴിയും? യേശു പറഞ്ഞു: “നല്ലമനുഷ്യൻ തന്റെ ഹൃദയത്തിലെ നല്ല നിക്ഷേപത്തിൽ നിന്നു നല്ലതു പുറപ്പെടുവിക്കുന്നു; ദുഷ്ടൻ ദോഷമായതിൽനിന്നു ദോഷം പുറപ്പെടുവിക്കുന്നു. ഹൃദയത്തിൽ നിറഞ്ഞു കവിയുന്നതല്ലോ വായി പ്രസ്‌താവിക്കുന്നതു.” (ലൂക്കൊസ്‌ 6:45) നാം സാധാരണ സംസാരിക്കാറുള്ള കാര്യങ്ങൾ ഹൃദയത്തിലുള്ള കാര്യങ്ങളുടെ ഒരു സൂചനയാണ്‌. ഭൗതിക കാര്യങ്ങളെയും ലൗകിക നേട്ടങ്ങളെയും കുറിച്ചാണോ നാം മിക്കപ്പോഴും സംസാരിക്കുന്നത്‌? അതോ നമ്മുടെ സംഭാഷണം സാധാരണ ഗതിയിൽ ആത്മീയ കാര്യങ്ങളെയും ദിവ്യാധിപത്യ ലക്ഷ്യങ്ങളെയും കുറിച്ചാണോ? മറ്റുള്ളവരുടെ തെറ്റുകൾ കൊട്ടിഘോഷിക്കുന്നതിനു പകരം, അവയെ സ്‌നേഹപൂർവം മൂടിക്കളയാൻ നാം ചായ്‌വു കാണിക്കാറുണ്ടോ? (സദൃശവാക്യങ്ങൾ 10:11, 12) ആത്മീയവും ധാർമികവുമായ തത്ത്വങ്ങൾക്കും ആശയങ്ങൾക്കും ഉപരി ആളുകളെയും അവരുടെ ജീവിതത്തെയും കുറിച്ചു സംസാരിക്കാനാണോ നാം ഇഷ്ടപ്പെടുന്നത്‌? മറ്റുള്ളവരുടെ വ്യക്തിപരമായ കാര്യങ്ങളിൽ നാം അനുചിതമായ താത്‌പര്യം പ്രകടമാക്കുന്നു എന്നതിന്റെ സൂചന ആയിരിക്കുമോ അത്‌?​—⁠1 പത്രൊസ്‌ 4:⁠15.

7. യോസേഫിന്റെ പത്തു സഹോദരന്മാരെ കുറിച്ചുള്ള വിവരണത്തിൽനിന്ന്‌ നമ്മുടെ ഹൃദയത്തെ കാത്തുകൊള്ളുന്നതു സംബന്ധിച്ച എന്തു പാഠം നാം പഠിക്കുന്നു?

7 ഒരു വലിയ കുടുംബത്തിൽ എന്തു സംഭവിച്ചുവെന്ന്‌ പരിചിന്തിക്കുക. യാക്കോബിന്റെ മൂത്ത പത്തു പുത്രന്മാർക്ക്‌ തങ്ങളുടെ ഇളയ സഹോദരനായ യോസേഫിനോട്‌ ‘സമാധാനമായി സംസാരിപ്പാൻ കഴിഞ്ഞില്ല.’ എന്തുകൊണ്ട്‌? അവൻ തങ്ങളുടെ പിതാവിന്റെ ഇഷ്‌ടപുത്രൻ ആയിരുന്നതുകൊണ്ട്‌ അവർക്ക്‌ അവനോട്‌ അസൂയ തോന്നി. പിന്നീട്‌, യോസേഫിന്‌ യഹോവയുടെ അംഗീകാരം ഉണ്ടെന്നു തെളിയിച്ച സ്വപ്‌നങ്ങൾ അവനു ദൈവത്തിൽനിന്നു ലഭിച്ചപ്പോൾ അവർ അവനെ ‘അധികം പകെച്ചു.’ (ഉല്‌പത്തി 37:4, 5, 11) അവർ നിർദാക്ഷിണ്യം തങ്ങളുടെ സഹോദരനെ അടിമത്തത്തിലേക്കു വിറ്റുകളഞ്ഞു. എന്നിട്ട്‌, തങ്ങളുടെ ദുഷ്‌പ്രവൃത്തിയെ മറയ്‌ക്കാനുള്ള ശ്രമത്തിൽ യോസേഫ്‌ ഒരു വന്യമൃഗത്താൽ കൊല്ലപ്പെട്ടു എന്നു വിശ്വസിക്കത്തക്കവണ്ണം അവർ തങ്ങളുടെ പിതാവിനെ കബളിപ്പിച്ചു. പ്രസ്‌തുത അവസരത്തിൽ തങ്ങളുടെ ഹൃദയത്തെ കാത്തുകൊള്ളുന്നതിൽ യോസേഫിന്റെ ആ പത്തു സഹോദരന്മാർ പരാജയപ്പെട്ടു. മറ്റുള്ളവരെ വിമർശിക്കാൻ നമുക്കു പ്രവണത ഉണ്ടെങ്കിൽ, അതു നമുക്ക്‌ ഹൃദയത്തിൽ ഈർഷ്യയോ അസൂയയോ ഉണ്ടെന്നുള്ളതിന്റെ തെളിവായിരിക്കുമോ? നമ്മുടെ വായിൽനിന്ന്‌ എന്തു വരുന്നു എന്നതു പരിശോധിക്കാനും അനുചിതമായ ചായ്‌വുകൾ പെട്ടെന്നു നീക്കം ചെയ്യാനും നാം ജാഗ്രതയുള്ളവർ ആയിരിക്കണം.

8. നാം ഭോഷ്‌കു പറയുന്നപക്ഷം നമ്മുടെ ഹൃദയത്തെ പരിശോധിക്കാൻ നമ്മെ എന്തു സഹായിക്കും?

8 ‘ദൈവത്തിനു ഭോഷ്‌കു പറയാൻ കഴിയി’ല്ലെങ്കിലും, അപൂർണ മനുഷ്യർക്കു ഭോഷ്‌കു പറയാനുള്ള പ്രവണതയുണ്ട്‌. (എബ്രായർ 6:18) “സകലമനുഷ്യരും ഭോഷ്‌കു പറയുന്നു” എന്ന്‌ സങ്കീർത്തനക്കാരൻ പ്രലപിച്ചു. (സങ്കീർത്തനം 116:11) പത്രൊസ്‌ അപ്പൊസ്‌തലൻ പോലും യേശുവിനെ മൂന്നു പ്രാവശ്യം വ്യാജമായി തള്ളിപ്പറഞ്ഞു. (മത്തായി 26:69-75) വ്യക്തമായും ഭോഷ്‌ക്‌ ഒഴിവാക്കാൻ നാം ശ്രദ്ധിക്കണം. കാരണം, ‘വ്യാജമുള്ള നാവ്‌’ യഹോവ വെറുക്കുന്നു. (സദൃശവാക്യങ്ങൾ 6:16-19) നാം എപ്പോഴെങ്കിലും ഭോഷ്‌കു പറയുകയാണെങ്കിൽ, അതിന്റെ കാരണം പരിശോധിക്കുന്നതു നല്ലതാണ്‌. മനുഷ്യഭയം നിമിത്തമാണോ അതു സംഭവിച്ചത്‌? ശിക്ഷ ലഭിക്കുമെന്ന ഭയമായിരുന്നോ അതിനു കാരണം? അല്ലെങ്കിൽ മുഖം രക്ഷിക്കുകയായിരുന്നോ ലക്ഷ്യം? അതോ അടിസ്ഥാന പ്രശ്‌നം സ്വാർഥത ആയിരുന്നോ? എന്തായിരുന്നാലും, പ്രസ്‌തുത കാര്യം ശരിക്കു വിലയിരുത്തി താഴ്‌മയോടെ നമ്മുടെ തെറ്റു സമ്മതിക്കുകയും യഹോവയുടെ ക്ഷമയ്‌ക്കായി യാചിക്കുകയും ആ ബലഹീനത തരണം ചെയ്യാനുള്ള അവന്റെ സഹായം തേടുകയും ചെയ്യുന്നത്‌ എത്ര ഉചിതമാണ്‌! ആ സഹായം നൽകാൻ ഏറ്റവും ഉചിതമായ സ്ഥാനത്ത്‌ ആയിരിക്കുന്നത്‌ ‘സഭയിലെ മൂപ്പന്മാർ’ ആയിരിക്കാം.​—⁠യാക്കോബ്‌ 5:14.

9. നമ്മുടെ പ്രാർഥനകൾ ഹൃദയത്തെ കുറിച്ച്‌ എന്തു വെളിപ്പെടുത്തിയേക്കാം?

9 ജ്ഞാനത്തിനും വിവേകത്തിനും വേണ്ടിയുള്ള യുവരാജാവായ ശലോമോന്റെ അപേക്ഷയോടുള്ള പ്രതികരണമായി യഹോവ ഇങ്ങനെ പറഞ്ഞു: “സമ്പത്തോ, ധനമോ, ബഹുമതിയോ . . . നീ ചോദിച്ചില്ല . . . നിന്റെ ഹൃദയാഭിലാഷം ഇതായിരിക്കുകയാൽ ജ്ഞാനവും വിവേകവും നിനക്കു നല്‌കപ്പെടും; അതോടൊപ്പം . . . സമ്പത്തും, ധനവും, സൽക്കീർത്തിയും ഞാൻ നിനക്കു തരും.” (2 ദിനവൃത്താന്തം 1:11, 12, ന്യൂ ഇൻഡ്യാ ബൈബിൾ ഭാഷാന്തരം) ശലോമോൻ ചോദിച്ച കാര്യങ്ങളിൽനിന്നും അവൻ ചോദിക്കാതിരുന്ന കാര്യങ്ങളിൽനിന്നും അവന്റെ ഹൃദയത്തിൽ എന്തിനാണ്‌ മുഖ്യ സ്ഥാനം ഉള്ളതെന്ന്‌ യഹോവ മനസ്സിലാക്കി. ദൈവത്തോടുള്ള നമ്മുടെ പ്രാർഥനകൾ നമ്മുടെ ഹൃദയം സംബന്ധിച്ച്‌ എന്തു വെളിപ്പെടുത്തുന്നു? അറിവിനും ജ്ഞാനത്തിനും വിവേകത്തിനുമായി നാം അതിയായി വാഞ്‌ഛിക്കുന്നുവെന്ന്‌ നമ്മുടെ പ്രാർഥനകൾ വെളിപ്പെടുത്തുന്നുവോ? (സദൃശവാക്യങ്ങൾ 2:1-6; മത്തായി 5:​3, NW) രാജ്യതാത്‌പര്യങ്ങൾക്കാണോ നമ്മുടെ ഹൃദയത്തിൽ പ്രഥമ സ്ഥാനമുള്ളത്‌? (മത്തായി 6:9, 10) നമ്മുടെ പ്രാർഥനകൾ യാന്ത്രികമായി തീർന്നിരിക്കുന്നെങ്കിൽ, യഹോവയുടെ പ്രവൃത്തികളെ കുറിച്ചു ധ്യാനിക്കാൻ സമയം എടുക്കേണ്ടതുണ്ട്‌ എന്നതിന്റെ സൂചന ആയിരിക്കാം അത്‌. (സങ്കീർത്തനം 103:2) തങ്ങളുടെ പ്രാർഥനകൾ എന്തു വെളിപ്പെടുത്തുന്നുവെന്ന്‌ വിവേചിച്ചറിയാൻ എല്ലാ ക്രിസ്‌ത്യാനികളും ജാഗ്രതയുള്ളവർ ആയിരിക്കണം.

നമ്മുടെ പ്രവൃത്തികൾ എന്തു വെളിപ്പെടുത്തുന്നു?

10, 11. (എ) വ്യഭിചാരവും പരസംഗവും ഉത്ഭവിക്കുന്നത്‌ എവിടെനിന്ന്‌? (ബി) ‘ഹൃദയത്തിൽ വ്യഭിചാരം’ ചെയ്യാതിരിക്കാൻ നമ്മെ എന്തു സഹായിക്കും?

10 പ്രവൃത്തികൾ വാക്കുകളെക്കാൾ ഉച്ചത്തിൽ സംസാരിക്കുന്നു എന്നു പറയാറുണ്ട്‌. നാം അകമേ എങ്ങനെയുള്ള വ്യക്തികളാണ്‌ എന്നതു സംബന്ധിച്ച്‌ നമ്മുടെ പ്രവൃത്തികൾ തീർച്ചയായും വളരെയധികം വെളിപ്പെടുത്തുന്നു. ഉദാഹരണത്തിന്‌, ധാർമികതയുടെ കാര്യത്തിൽ നമ്മുടെ ഹൃദയത്തെ കാത്തുസൂക്ഷിക്കുന്നതിൽ പരസംഗമോ വ്യഭിചാരമോ ഒഴിവാക്കുന്നതിലധികം ഉൾപ്പെട്ടിട്ടുണ്ട്‌. തന്റെ ഗിരിപ്രഭാഷണത്തിൽ യേശു ഇങ്ങനെ പ്രസ്‌താവിച്ചു: “ഒരു സ്‌ത്രീയോട്‌ ആസക്തി തോന്നത്തക്കവണ്ണം അവളെ തുടർച്ചയായി നോക്കിക്കൊണ്ടിരിക്കുന്ന ഏവനും തന്റെ ഹൃദയത്തിൽ അവളുമായി വ്യഭിചാരം ചെയ്‌തുകഴിഞ്ഞിരിക്കുന്നു.” (മത്തായി 5:​28, NW) ഹൃദയത്തിൽ പോലും വ്യഭിചാരം ചെയ്യാതിരിക്കാൻ നമുക്ക്‌ എങ്ങനെ കഴിയും?

11 വിശ്വസ്‌ത ഗോത്രപിതാവായ ഇയ്യോബ്‌ വിവാഹിതരായ ക്രിസ്‌തീയ സ്‌ത്രീപുരുഷന്മാർക്കു വേണ്ടി നല്ല മാതൃക വെച്ചു. ഇയ്യോബ്‌ നിശ്ചയമായും പ്രായം കുറഞ്ഞ സ്‌ത്രീകളുമായി ഇടപഴകുകയും അവർക്ക്‌ സഹായം ആവശ്യമായിരുന്നപ്പോൾ അതു നൽകുകയും ചെയ്‌തിരുന്നു. എന്നാൽ നിർമലനായ ആ മനുഷ്യനെ സംബന്ധിച്ചിടത്തോളം അവരിൽ പ്രേമപൂർവകമായ താത്‌പര്യം എടുക്കുക എന്നത്‌ അചിന്തനീയമായിരുന്നു. എന്തുകൊണ്ട്‌? എന്തുകൊണ്ടെന്നാൽ സ്‌ത്രീകളെ കാമപൂർവം നോക്കാതിരിക്കാൻ അവൻ ദൃഢനിശ്ചയം ചെയ്‌തിരുന്നു. “ഞാൻ എന്റെ കണ്ണുമായി ഒരു നിയമം ചെയ്‌തു; പിന്നെ ഞാൻ ഒരു കന്യകയെ നോക്കുന്നതെങ്ങനെ?” എന്ന്‌ അവൻ പറഞ്ഞു. (ഇയ്യോബ്‌ 31:1) നമ്മുടെ കണ്ണുകളുമായി സമാനമായ ഒരു നിയമം ചെയ്‌തുകൊണ്ട്‌ നമുക്കും നമ്മുടെ ഹൃദയത്തെ കാത്തുസൂക്ഷിക്കാം.

12. ഹൃദയത്തെ കാത്തുസൂക്ഷിക്കുന്നതിൽ ലൂക്കൊസ്‌ 16:10 നിങ്ങൾ എങ്ങനെ ബാധകമാക്കും?

12 “അത്യല്‌പത്തിൽ വിശ്വസ്‌തനായവൻ അധികത്തിലും വിശ്വസ്‌തൻ; അത്യല്‌പത്തിൽ നീതികെട്ടവൻ അധികത്തിലും നീതികെട്ടവൻ” എന്ന്‌ ദൈവപുത്രൻ പ്രഖ്യാപിച്ചു. (ലൂക്കൊസ്‌ 16:10) അതേ, അനുദിന ജീവിതത്തിലെ ചെറുതെന്നു തോന്നുന്ന കാര്യങ്ങളിലും, നമ്മുടെ ഭവനത്തിലെ സ്വകാര്യതയിൽ ചെയ്യുന്ന കാര്യങ്ങളിൽ പോലും, നാം നമ്മുടെ നടത്ത പരിശോധിക്കേണ്ടതുണ്ട്‌. (സങ്കീർത്തനം 101:2) നമ്മുടെ ഭവനത്തിലിരുന്ന്‌ ടെലിവിഷൻ കാണുകയും ഇന്റർനെറ്റ്‌ ഉപയോഗിക്കുകയും ചെയ്യുമ്പോൾ, “ദുർന്നടപ്പും യാതൊരു അശുദ്ധിയും അത്യാഗ്രഹവും നിങ്ങളുടെ ഇടയിൽ പേർ പറകപോലും അരുതു; അങ്ങനെ ആകുന്നു വിശുദ്ധന്മാർക്കു ഉചിതം. ചീത്തത്തരം, പൊട്ടച്ചൊൽ, കളിവാക്കു ഇങ്ങനെ ചേർച്ചയല്ലാത്തവ ഒന്നും അരുതു” എന്ന തിരുവെഴുത്തു ബുദ്ധിയുപദേശം അനുസരിച്ചു പ്രവർത്തിക്കാൻ നാം ശ്രദ്ധിക്കാറുണ്ടോ? (എഫെസ്യർ 5:3, 4) ടെലിവിഷനിലും വീഡിയോ ഗെയിമുകളിലും മറ്റുമുള്ള അക്രമത്തിന്റെ കാര്യമോ? “യഹോവ നീതിമാനെ ശോധന ചെയ്യുന്നു; ദുഷ്ടനെയും സാഹസപ്രിയനെയും [“അക്രമം പ്രിയപ്പെടുന്നവനെയും,” NW] അവന്റെ ഉള്ളം വെറുക്കുന്നു” എന്ന്‌ സങ്കീർത്തനക്കാരൻ പറഞ്ഞു.​—⁠സങ്കീർത്തനം 11:⁠5.

13. നമ്മുടെ ഹൃദയത്തിൽനിന്ന്‌ എന്തു വരുന്നു എന്നതിനെ കുറിച്ചു ചിന്തിക്കുന്നതിനോടുള്ള ബന്ധത്തിൽ എന്തു മുന്നറിയിപ്പ്‌ ഉചിതമാണ്‌?

13 “ഹൃദയം എല്ലാററിനെക്കാളും കപടവും വിഷമവുമുള്ളതു” എന്ന്‌ യിരെമ്യാവ്‌ മുന്നറിയിപ്പു നൽകി. (യിരെമ്യാവു 17:9) നമ്മുടെ തെറ്റുകൾക്ക്‌ ഒഴികഴിവുകൾ കണ്ടെത്തുകയോ പിഴവുകളെ നിസ്സാരീകരിക്കുകയോ ഗുരുതരമായ വ്യക്തിത്വ വൈകല്യങ്ങളെ ന്യായീകരിക്കുകയോ നേട്ടങ്ങളെ വലുതാക്കി കാണിക്കുകയോ ചെയ്യുമ്പോൾ നമ്മുടെ ഹൃദയത്തിന്റെ കാപട്യമാണ്‌ വെളിവാകുന്നത്‌. കൂടാതെ, ‘വിഷമമുള്ളത്‌’ എന്നു വിശേഷിപ്പിച്ചിരിക്കുന്ന ഹൃദയത്തിന്‌ ഇരട്ടത്താപ്പ്‌ പ്രകടിപ്പിക്കാൻ, അതായത്‌ വാകൊണ്ട്‌ ഒന്നു പറയാനും മറ്റൊന്ന്‌ പ്രവൃത്തിക്കാനും കഴിയും. (സങ്കീർത്തനം 12:​2, ഓശാന ബൈബിൾ; സദൃശവാക്യങ്ങൾ 23:7) നമ്മുടെ ഹൃദയത്തിൽനിന്ന്‌ എന്തു വരുന്നു എന്നു പരിശോധിക്കുമ്പോൾ സത്യസന്ധരായിരിക്കുന്നത്‌ എത്ര പ്രധാനമാണ്‌!

നമ്മുടെ കണ്ണ്‌ ലളിതമാണോ?

14, 15. (എ) എന്താണ്‌ ‘ലളിതമായ’ കണ്ണ്‌? (ബി) നമ്മുടെ കണ്ണിനെ ലളിതമാക്കുന്നത്‌ ഹൃദയത്തെ കാത്തുസൂക്ഷിക്കാൻ സഹായിക്കുന്നത്‌ എങ്ങനെ?

14 “ശരീരത്തിന്റെ വിളക്കു കണ്ണു ആകുന്നു; കണ്ണു ചൊവ്വുള്ളതെങ്കിൽ [“ലളിതമാണെങ്കിൽ,” NW] നിന്റെ ശരീരം മുഴുവനും പ്രകാശിതമായിരിക്കും” എന്ന്‌ യേശു പറഞ്ഞു. (മത്തായി 6:22) ലളിതമായ കണ്ണ്‌ ഒരൊറ്റ ലക്ഷ്യത്തിൽ അഥവാ ഉദ്ദേശ്യത്തിൽ കേന്ദ്രീകരിച്ചിരിക്കും, അതിൽനിന്ന്‌ അതിന്റെ ശ്രദ്ധ വ്യതിചലിക്കുകയോ പതറിപ്പോകുകയോ ഇല്ല. തീർച്ചയായും, “മുമ്പെ [ദൈവത്തിന്റെ] രാജ്യവും നീതിയും അന്വേഷി”ക്കുന്നതിൽ നമ്മുടെ കണ്ണ്‌ ഏകാഗ്രമായിരിക്കണം. (മത്തായി 6:33) നമ്മുടെ കണ്ണിനെ ലളിതമായി സൂക്ഷിക്കുന്നില്ലെങ്കിൽ, ആലങ്കാരിക ഹൃദയത്തിന്‌ എന്തു സംഭവിച്ചേക്കാം?

15 ഉപജീവനമാർഗം കണ്ടെത്തുന്ന കാര്യംതന്നെ ചിന്തിക്കുക. നമ്മുടെ കുടുംബത്തിന്റെ ആവശ്യത്തിനായി കരുതുന്നത്‌ ഒരു ക്രിസ്‌തീയ കടമയാണ്‌. (1 തിമൊഥെയൊസ്‌ 5:8) എന്നാൽ, ഭക്ഷണം, വസ്‌ത്രം, പാർപ്പിടം എന്നിവയിലും മറ്റു കാര്യങ്ങളിലും ഏറ്റവും പുതിയതും ഏറ്റവും മികച്ചതും ഏറ്റവും ജനപ്രീതിയുള്ളതുമായ സംഗതികൾ ഉണ്ടായിരിക്കാനുള്ള ആഗ്രഹം ഉടലെടുക്കുന്നെങ്കിലോ? അതിനു വാസ്‌തവത്തിൽ നമ്മുടെ ഹൃദയത്തെയും മനസ്സിനെയും കീഴ്‌പെടുത്താനും നമ്മുടെ ആരാധന അർധഹൃദയത്തോടു കൂടിയത്‌ ആക്കിത്തീർക്കാനും ആവില്ലേ? (സങ്കീർത്തനം 119:​113, NW; റോമർ 16:18) നമ്മുടെ ജീവിതം കുടുംബം, ബിസിനസ്‌, ഭൗതിക വസ്‌തുക്കൾ എന്നിവയെ മാത്രം ചുറ്റിപ്പറ്റി നീങ്ങുന്ന അളവോളം ശാരീരിക ആവശ്യങ്ങൾക്കായി കരുതുന്നതിൽ നാം എന്തിനു മുഴുകണം? “നിങ്ങളുടെ ഹൃദയം അതിഭക്ഷണത്താലും മദ്യപാനത്താലും ഉപജീവനചിന്തകളാലും ഭാരപ്പെട്ടിട്ടു ആ ദിവസം നിങ്ങൾക്കു പെട്ടെന്നു കണിപോലെ വരാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. അതു സർവ്വഭൂതലത്തിലും വസിക്കുന്ന ഏവർക്കും വരും” എന്ന നിശ്വസ്‌ത ബുദ്ധിയുപദേശം മനസ്സിൽ പിടിക്കുക.​—⁠ലൂക്കൊസ്‌ 21:34, 35.

16. കണ്ണിനെ സംബന്ധിച്ച്‌ യേശു എന്ത്‌ ഉപദേശം നൽകി, എന്തുകൊണ്ട്‌?

16 മനസ്സിലേക്കും ഹൃദയത്തിലേക്കും ആശയങ്ങൾ എത്തിക്കുന്നതിനുള്ള ഒരു സുപ്രധാന സരണിയാണ്‌ കണ്ണ്‌. അതു ശ്രദ്ധ കേന്ദ്രീകരിക്കുന്ന കാര്യങ്ങൾക്ക്‌ നമ്മുടെ ചിന്തകളെയും വികാരങ്ങളെയും പ്രവൃത്തികളെയും ശക്തമായി സ്വാധീനിക്കാൻ കഴിയും. ആലങ്കാരിക ഭാഷ ഉപയോഗിച്ച്‌ പിൻവരുന്നപ്രകാരം പറഞ്ഞപ്പോൾ ദൃശ്യ പ്രലോഭനത്തിന്റെ ശക്തി യേശു വ്യക്തമാക്കുകയാണ്‌ ചെയ്‌തത്‌: “എന്നാൽ വലങ്കണ്ണു നിനക്കു ഇടർച്ചവരുത്തുന്നു എങ്കിൽ അതിനെ ചൂന്നെടുത്തു എറിഞ്ഞുകളക; നിന്റെ ശരീരം മുഴുവനും [ഗീഹെന്നയിൽ] വീഴുന്നതിനെക്കാൾ നിന്റെ അവയവങ്ങളിൽ ഒന്നു നശിക്കുന്നതു നിനക്കു പ്രയോജനമത്രേ.” (മത്തായി 5:29) അനുചിതമായ ദൃശ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാതിരിക്കാൻ കണ്ണിനെ നിയന്ത്രിക്കേണ്ടതുണ്ട്‌. ഉദാഹരണത്തിന്‌, അനുചിതമായ കാമവികാരങ്ങളും അഭിലാഷങ്ങളും ഉണർത്താൻ പോന്ന തരത്തിലുള്ള സംഗതികൾ നോക്കാൻ അതിനെ അനുവദിക്കരുത്‌.

17. കൊലൊസ്സ്യർ 3:5 ബാധകമാക്കുന്നത്‌ ഹൃദയത്തെ കാത്തുകൊള്ളാൻ എങ്ങനെ സഹായിക്കുന്നു?

17 എന്നാൽ പുറംലോകവുമായി ആശയവിനിമയം നടത്തുന്നതിനുള്ള ഏക ഇന്ദ്രിയപ്രാപ്‌തി കാഴ്‌ച അല്ല. സ്‌പർശനം, ശ്രവണം എന്നിങ്ങനെയുള്ള മറ്റ്‌ ഇന്ദ്രിയ പ്രാപ്‌തികളും അതിൽ ഒരു പങ്ക്‌ വഹിക്കുന്നു. ഇവ സാധ്യമാക്കുന്ന അവയവങ്ങളുടെ കാര്യത്തിലും നാം ആവശ്യമായ മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്‌. പൗലൊസ്‌ അപ്പൊസ്‌തലൻ ഇങ്ങനെ ഉദ്‌ബോധിപ്പിച്ചു: “ആകയാൽ ദുർന്നടപ്പു, അശുദ്ധി, അതിരാഗം, ദുർമ്മോഹം, വിഗ്രഹാരാധനയായ അത്യാഗ്രഹം ഇങ്ങനെ ഭൂമിയിലുള്ള നിങ്ങളുടെ അവയവങ്ങളെ മരിപ്പിപ്പിൻ.”​—⁠കൊലൊസ്സ്യർ 3:⁠5.

18. അനുചിതമായ ചിന്തകളോടുള്ള ബന്ധത്തിൽ നാം എന്തു നടപടികൾ കൈക്കൊള്ളണം?

18 നമ്മുടെ മനസ്സിന്റെ ഏതെങ്കിലും കോണിൽ അനുചിതമായ ഒരു മോഹം ഉടലെടുത്തേക്കാം. അതിനെ മനസ്സിലിട്ട്‌ താലോലിക്കുന്നത്‌ സാധാരണഗതിയിൽ തെറ്റായ ആ മോഹം തീവ്രമാകാനും ഹൃദയത്തെ സ്വാധീനിക്കാനും ഇടയാക്കുന്നു. തുടർന്ന്‌ “മോഹം ഗർഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു.” (യാക്കോബ്‌ 1:14, 15) മിക്കപ്പോഴും സ്വയംഭോഗത്തിനു കാരണം ഇതാണെന്ന്‌ പലരും സമ്മതിക്കുന്നു. ആത്മീയ വിഷയങ്ങൾകൊണ്ട്‌ നമ്മുടെ മനസ്സിനെ നിറച്ചുകൊണ്ടിരിക്കുന്നത്‌ എത്രയോ പ്രധാനമാണ്‌! (ഫിലിപ്പിയർ 4:8) അനുചിതമായ എന്തെങ്കിലും ചിന്ത നമ്മുടെ മനസ്സിലേക്കു കടന്നുവരുന്നെങ്കിൽ, അത്‌ ഉടൻ പിഴുതുകളയാൻ നാം ശ്രമിക്കേണ്ടതുണ്ട്‌.

‘പൂർണഹൃദയത്തോടെ യഹോവയെ സേവിക്കുക’

19, 20. പൂർണഹൃദയത്തോടെ യഹോവയെ സേവിക്കുന്നതിൽ നമുക്ക്‌ എങ്ങനെ വിജയിക്കാൻ കഴിയും?

19 വാർധക്യകാലത്ത്‌ ദാവീദ്‌ രാജാവ്‌ തന്റെ പുത്രന്‌ ഈ ഉപദേശം നൽകി: “നീയോ എന്റെ മകനേ, ശലോമോനേ, നിന്റെ അപ്പന്റെ ദൈവത്തെ അറികയും അവനെ പൂർണ്ണഹൃദയത്തോടും നല്ലമനസ്സോടും കൂടെ സേവിക്കയും ചെയ്‌ക; യഹോവ സർവ്വഹൃദയങ്ങളെയും പരിശോധിക്കയും വിചാരങ്ങളും നിരൂപണങ്ങളും എല്ലാം ഗ്രഹിക്കയും ചെയ്യുന്നു.” (1 ദിനവൃത്താന്തം 28:9) ശലോമോൻ “അനുസരണമുള്ള ഒരു ഹൃദയ”ത്തിനായി പ്രാർഥിച്ചു. (1 രാജാക്കന്മാർ 3:​9, NW) എന്നിരുന്നാലും, ജീവിതത്തിലുടനീളം അത്തരത്തിലുള്ള ഒരു ഹൃദയം നിലനിറുത്തുകയെന്ന വെല്ലുവിളി അവനുണ്ടായിരുന്നു.

20 ഇതിൽ നാം വിജയിക്കണമെങ്കിൽ, യഹോവയ്‌ക്കു ബോധിച്ച ഒരു ഹൃദയം സമ്പാദിക്കുക മാത്രമല്ല, അതിനെ കാത്തുകൊള്ളുകയും വേണം. അതിന്‌ ദൈവവചനത്തിലെ ഓർമിപ്പിക്കലുകൾ നമ്മുടെ ഹൃദയത്തിൽ​—⁠‘അതിന്റെ നടുവിൽ’​—⁠നാം സൂക്ഷിക്കേണ്ടതുണ്ട്‌. (സദൃശവാക്യങ്ങൾ 4:20-22) നമ്മുടെ വാക്കുകളും പ്രവൃത്തികളും വെളിപ്പെടുത്തുന്നത്‌ എന്താണെന്ന്‌ പ്രാർഥനാപൂർവം വിലയിരുത്തിക്കൊണ്ട്‌ ഹൃദയത്തെ പരിശോധിക്കുന്ന ഒരു ശീലം നമുക്ക്‌ ഉണ്ടായിരിക്കണം. നാം കണ്ടെത്തിയേക്കാവുന്ന ബലഹീനതകൾ തിരുത്താൻ ആത്മാർഥമായി യഹോവയുടെ സഹായം തേടുന്നില്ലെങ്കിൽ, അത്തരം പരിശോധനകൊണ്ട്‌ എന്തു ഗുണമാണ്‌ ഉള്ളത്‌? നമ്മുടെ ഇന്ദ്രിയങ്ങളിലൂടെ നാം ഉൾക്കൊള്ളുന്ന കാര്യങ്ങൾ സംബന്ധിച്ച്‌ നിതാന്ത ജാഗ്രത പുലർത്തുന്നതും എത്ര അടിയന്തിരമാണ്‌! അങ്ങനെ ചെയ്യുമ്പോൾ “സകലബുദ്ധിയേയും കവിയുന്ന ദൈവസമാധാനം [നമ്മുടെ] ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്‌തുയേശുവിങ്കൽ കാക്കും” എന്ന ഉറപ്പ്‌ നമുക്കുണ്ട്‌. (ഫിലിപ്പിയർ 4:6, 7) അതേ, സകല ജാഗ്രതയോടും കൂടെ ഹൃദയത്തെ കാത്തുകൊള്ളാനും പൂർണഹൃദയത്തോടെ യഹോവയെ സേവിക്കാനും നമുക്കു ദൃഢചിത്തരായിരിക്കാം.

നിങ്ങൾ ഓർമിക്കുന്നുവോ?

• ഹൃദയത്തെ കാത്തുകൊള്ളേണ്ടത്‌ പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

• നാം പറയുന്ന കാര്യങ്ങൾ വിശകലനം ചെയ്യുന്നത്‌ നമ്മുടെ ഹൃദയത്തെ കാത്തുകൊള്ളാൻ സഹായിക്കുന്നത്‌ എങ്ങനെ?

• നമ്മുടെ കണ്ണ്‌ ‘ലളിതമായി’ സൂക്ഷിക്കേണ്ടത്‌ എന്തുകൊണ്ട്‌?

[അധ്യയന ചോദ്യങ്ങൾ]

[23-ാം പേജിലെ ചിത്രങ്ങൾ]

വയൽസേവനത്തിലും യോഗങ്ങളിലും വീട്ടിലും ആയിരിക്കുമ്പോൾ നാം സാധാരണ എന്തിനെ കുറിച്ചാണ്‌ സംസാരിക്കാറുള്ളത്‌?

[25-ാം പേജിലെ ചിത്രങ്ങൾ]

ലളിതമായ കണ്ണിന്റെ ശ്രദ്ധ വ്യതിചലിക്കുകയില്ല