യഹോവയ്‌ക്കു ബോധിച്ച ഒരു ഹൃദയം സമ്പാദിക്കുക
യഹോവയ്‌ക്കു ബോധിച്ച ഒരു ഹൃദയം സമ്പാദിക്കുക
“ദൈവമേ, നിർമ്മലമായോരു ഹൃദയം എന്നിൽ സൃഷ്ടിച്ചു സ്ഥിരമായോരാത്മാവിനെ എന്നിൽ പുതുക്കേണമേ.”—സങ്കീർത്തനം 51:10.
1, 2. നമ്മുടെ ഹൃദയത്തിന്റെ അവസ്ഥയിൽ നാം തത്‌പരർ ആയിരിക്കേണ്ടത് എന്തുകൊണ്ട്?
അവൻ ഉയരമുള്ളവനും സുമുഖനുമായിരുന്നു. അവനെ കണ്ട മാത്രയിൽ മതിപ്പു തോന്നിയ ശമൂവേൽ, യിശ്ശായിയുടെ മൂത്ത മകനായ അവൻ തന്നെയായിരിക്കും ശൗലിനുശേഷം ദൈവം തിരഞ്ഞെടുക്കുന്ന രാജാവ് എന്ന് അനുമാനിച്ചു. എന്നാൽ യഹോവ ഇങ്ങനെ പ്രഖ്യാപിച്ചു: “[ആ പുത്രന്റെ] മുഖമോ പൊക്കമോ നോക്കരുതു; ഞാൻ അവനെ തള്ളിയിരിക്കുന്നു. . . . മനുഷ്യൻ കണ്ണിന്നു കാണുന്നതു നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു.” യിശ്ശായിയുടെ ഏറ്റവും ഇളയ പുത്രനായ ദാവീദിനെ, “തനിക്കു ബോധിച്ച ഒരു പുരുഷനെ,” ആണ് യഹോവ തിരഞ്ഞെടുത്തത്.—1 ശമൂവേൽ 13:14; 16:7.
2 പിന്നീട് ദൈവംതന്നെ വ്യക്തമാക്കിയതുപോലെ, അവനു മനുഷ്യന്റെ ഹൃദയത്തിലുള്ളതു മനസ്സിലാക്കാൻ കഴിയും: “യഹോവയായ ഞാൻ ഹൃദയത്തെ ശോധനചെയ്‌തു അന്തരംഗങ്ങളെ പരീക്ഷിച്ചു ഓരോരുത്തന്നു അവനവന്റെ നടപ്പിന്നും പ്രവൃത്തിയുടെ ഫലത്തിന്നും തക്കവണ്ണം കൊടുക്കുന്നു.” (യിരെമ്യാവു 17:10) അതേ, യഹോവ ‘ഹൃദയങ്ങളെ ശോധന ചെയ്യുന്നവൻ’ ആണ്. (സദൃശവാക്യങ്ങൾ 17:3) എന്നാൽ മനുഷ്യന്റെ ഏതു ഹൃദയമാണ് യഹോവ പരിശോധിക്കുന്നത്? അവനു ബോധിച്ച ഒരു ഹൃദയം സമ്പാദിക്കാൻ നമുക്ക് എന്തു ചെയ്യാനാകും?
“ഹൃദയത്തിന്റെ ഗൂഢമനുഷ്യൻ”
3, 4. പ്രാഥമികമായ ഏത് അർഥത്തിലാണ് “ഹൃദയം” എന്ന പദം ബൈബിളിൽ ഉപയോഗിച്ചിരിക്കുന്നത്? ഉദാഹരണങ്ങൾ നൽകുക.
3 വിശുദ്ധ തിരുവെഴുത്തുകളിൽ “ഹൃദയം” എന്ന പദം ആയിരത്തോളം തവണ ഉപയോഗിച്ചിരിക്കുന്നു. മിക്കപ്പോഴും അത് ആലങ്കാരിക അർഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്. ഉദാഹരണത്തിന്, യഹോവ പ്രവാചകനായ മോശെയോട് ഇങ്ങനെ പറഞ്ഞു: “എനിക്കു വഴിപാടു കൊണ്ടുവരുവാൻ യിസ്രായേൽമക്കളോടു പറക; നല്ല മനസ്സോടെ [“ഹൃദയത്തോടെ,” NW] തരുന്ന ഏവനോടും നിങ്ങൾ എനിക്കുവേണ്ടി വഴിപാടു വാങ്ങേണം.” “ഹൃദയത്തിൽ ഉത്സാഹവും മനസ്സിൽ താല്‌പര്യവും തോന്നിയവൻ എല്ലാം . . . കൊണ്ടുവന്നു.” (പുറപ്പാടു 25:2; 35:21) വ്യക്തമായും, ആലങ്കാരിക ഹൃദയത്തിന്റെ ഒരു വശം പ്രചോദനം അഥവാ പ്രവർത്തനത്തിനു നമ്മെ പ്രേരിപ്പിക്കുന്ന ആന്തരിക ശക്തി ആണ്. നമ്മുടെ ആലങ്കാരിക ഹൃദയം നമ്മുടെ വികാരവിചാരങ്ങളെയും ആഗ്രഹാഭിലാഷങ്ങളെയും പ്രതിഫലിപ്പിക്കുക കൂടി ചെയ്യുന്നു. ഹൃദയം കോപത്താലോ ഭയത്താലോ നിറയാം, അതു ദുഃഖത്താൽ തകരാം, സന്തോഷത്താൽ ത്രസിക്കാം. (സങ്കീർത്തനം 27:3; 39:3; യോഹന്നാൻ 16:22; റോമർ 9:2) അത് ഗർവമുള്ളതോ താഴ്‌മയുള്ളതോ സ്‌നേഹമുള്ളതോ വിദ്വേഷമുള്ളതോ ആയിരുന്നേക്കാം.—സദൃശവാക്യങ്ങൾ 16:5, NW; മത്തായി 11:29; 1 പത്രൊസ് 1:22.
4 അതിനാൽ, “ഹൃദയം” പ്രചോദനത്തോടും വികാരങ്ങളോടും ബന്ധപ്പെട്ടിരിക്കാവുന്നതാണ്. എന്നാൽ “മനസ്സ്” ഏറെയും ബന്ധപ്പെട്ടിരിക്കുന്നത് ബുദ്ധിയോടാണ്. തിരുവെഴുത്തുകളിൽ ഒരേ സാഹചര്യത്തിൽ ഈ വാക്കുകൾ കാണുമ്പോൾ അവ മനസ്സിലാക്കേണ്ടത് ആ വിധത്തിലാണ്. (മത്തായി 22:37; ഫിലിപ്പിയർ 4:7, ഓശാന ബൈ.) എന്നാൽ ഹൃദയവും മനസ്സും പരസ്‌പരം വേറിട്ട രണ്ടു ഘടകങ്ങൾ അല്ല. ഉദാഹരണത്തിന്, മോശെ ഇസ്രായേല്യരെ ഇങ്ങനെ ഉദ്‌ബോധിപ്പിച്ചു: “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറെറാരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ [അല്ലെങ്കിൽ, “ഹൃദയത്തിൽ,” ഓശാന ബൈ.] വെച്ചുകൊൾക.” (ആവർത്തനപുസ്‌തകം 4:39) തനിക്കെതിരെ ഗൂഢാലോചന നടത്തിയ ശാസ്‌ത്രിമാരോട് യേശു പറഞ്ഞു: “നിങ്ങൾ ഹൃദയത്തിൽ ദോഷം നിരൂപിക്കുന്നതു എന്തു?” ‘വിവേകം,’ “പരിജ്ഞാനം” “ചിന്ത” എന്നിവയ്‌ക്കൊക്കെ ഹൃദയത്തോടു ബന്ധപ്പെട്ടിരിക്കാൻ കഴിയും. (1 രാജാക്കന്മാർ 3:12; സദൃശവാക്യങ്ങൾ 15:14; മർക്കൊസ് 2:7) അതിനാൽ, നമ്മുടെ ആലങ്കാരിക ഹൃദയത്തിൽ നമ്മുടെ ബുദ്ധി—നമ്മുടെ ചിന്തകളോ വിവേകമോ—ഉൾപ്പെട്ടിരിക്കാം.
5. ആലങ്കാരിക ഹൃദയം എന്തിനെ പ്രതിനിധാനം ചെയ്യുന്നു?
5 ഒരു പരാമർശ കൃതി പറയുന്നതനുസരിച്ച്, ആലങ്കാരിക ഹൃദയം “പൊതുവിൽ പ്രമുഖമായതിനെ, ഉള്ളിലുള്ളതിനെ” പ്രതിനിധാനം ചെയ്യുന്നു. “അതുകൊണ്ട് അത് ഒരുവന്റെ വിവിധ പ്രവർത്തനങ്ങളിൽ—ആഗ്രഹങ്ങൾ, അഭിലാഷങ്ങൾ, വികാരങ്ങൾ, അനുഭൂതികൾ, ലക്ഷ്യങ്ങൾ, ചിന്തകൾ, അവബോധങ്ങൾ, സങ്കൽപ്പങ്ങൾ എന്നിവയിലും അതുപോലെ അവന്റെ ജ്ഞാനം, അറിവ്, വൈദഗ്‌ധ്യം, വിശ്വാസങ്ങൾ, വാദമുഖങ്ങൾ, ഓർമ, ബോധം എന്നീ കാര്യങ്ങളിലുമൊക്കെ—പ്രകടമാകുന്ന അവനിലെ ആന്തരിക മനുഷ്യനെ പ്രതിനിധാനം ചെയ്യുന്നു.” നാം വാസ്‌തവത്തിൽ ഉള്ളിൽ എന്തായിരിക്കുന്നു എന്നതിന്റെ, ‘ഹൃദയത്തിന്റെ ഗൂഢമനുഷ്യന്റെ’ പ്രതീകമാണ് അത്. (1 പത്രൊസ് 3:4) യഹോവ കാണുന്നതും പരിശോധിക്കുന്നതും അതാണ്. അതുകൊണ്ട് ദാവീദിന് ഇങ്ങനെ പ്രാർഥിക്കാൻ കഴിഞ്ഞു: “ദൈവമേ, നിർമ്മലമായോരു ഹൃദയം എന്നിൽ സൃഷ്ടിച്ചു സ്ഥിരമായോരാത്മാവിനെ എന്നിൽ പുതുക്കേണമേ.” (സങ്കീർത്തനം 51:10) നിർമലമായ ഒരു ഹൃദയം നമുക്ക് എങ്ങനെ സമ്പാദിക്കാനാകും?
ദൈവവചനത്തിന് ‘ഹൃദയം അർപ്പിക്കുക’
6. മോവാബ് സമഭൂമിയിൽ പാളയമടിച്ച അവസരത്തിൽ മോശെ ഇസ്രായേലിന് എന്ത് ഉദ്‌ബോധനം നൽകി?
6 വാഗ്‌ദത്ത ദേശത്തു പ്രവേശിക്കുന്നതിനു മുമ്പ് മോവാബ് സമഭൂമിയിൽ ഒന്നിച്ചുകൂടിയിരുന്ന എല്ലാ ഇസ്രായേൽ പുത്രന്മാരെയും ഉദ്‌ബോധിപ്പിച്ചുകൊണ്ട് മോശെ പറഞ്ഞു: “ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ ഒക്കെയും പ്രമാണിച്ചുനടക്കേണ്ടതിന്നു നിങ്ങൾ നിങ്ങളുടെ മക്കളോടു കല്‌പിപ്പാന്തക്കവണ്ണം ഞാൻ ഇന്നു നിങ്ങൾക്കു സാക്ഷീകരിക്കുന്ന സകലവചനങ്ങളും മനസ്സിൽ വെച്ചുകൊൾവിൻ [“സകല വചനങ്ങൾക്കും നിങ്ങളുടെ ഹൃദയങ്ങളെ അർപ്പിക്കുവിൻ,” NW].” (ആവർത്തനപുസ്‌തകം 32:46) ഇസ്രായേല്യർ യഹോവയുടെ വചനങ്ങൾക്ക് “നല്ല ശ്രദ്ധ കൊടു”ക്കേണ്ടിയിരുന്നു. (നോക്‌സ്) ദൈവകൽപ്പനകൾ ശരിക്കും പരിചിതമായിരുന്നാൽ മാത്രമേ മക്കൾക്ക് അവ ഉപദേശിച്ചുകൊടുക്കാൻ അവർക്കു കഴിയുമായിരുന്നുള്ളൂ.—ആവർത്തനപുസ്‌തകം 6:6-8.
7. ദൈവവചനത്തിന് ‘ഹൃദയം അർപ്പിക്കുന്നതിൽ’ എന്ത് ഉൾപ്പെട്ടിരിക്കുന്നു?
7 നിർമലമായ ഒരു ഹൃദയം നേടുന്നതിലെ ഒരു പ്രധാന ഘടകം ദൈവത്തിന്റെ ഹിതവും ഉദ്ദേശ്യങ്ങളും സംബന്ധിച്ച് സൂക്ഷ്‌മമായ അറിവു നേടുക എന്നതാണ്. ആ അറിവ് പകരുന്ന ഒരു ഉറവേ ഉള്ളൂ, ദൈവത്തിന്റെ നിശ്വസ്‌ത വചനം. (2 തിമൊഥെയൊസ് 3:16, 17) യഹോവയെ പ്രസാദിപ്പിക്കുന്ന ഒരു ഹൃദയം സമ്പാദിക്കാൻ ശിരോജ്ഞാനം മാത്രം മതിയാകില്ല. നമ്മുടെ ആന്തരിക മനുഷ്യനെ ആ അറിവു സ്വാധീനിക്കണമെങ്കിൽ, നാം പഠിക്കുന്ന കാര്യങ്ങൾക്കു നമ്മുടെ ‘ഹൃദയം അർപ്പിക്കേണ്ടതുണ്ട്’ അഥവാ അവ ‘ഹൃദയത്തിൽ സൂക്ഷിക്കേ’ണ്ടതുണ്ട്. (ആവർത്തനപുസ്‌തകം 32:46, ഓശാന ബൈ.) അത് എങ്ങനെ ചെയ്യാൻ കഴിയും? സങ്കീർത്തനക്കാരനായ ദാവീദ് വിശദീകരിക്കുന്നു: “ഞാൻ പണ്ടത്തെ നാളുകളെ ഓർക്കുന്നു; നിന്റെ സകലപ്രവൃത്തികളെയും ഞാൻ ധ്യാനിക്കുന്നു; നിന്റെ കൈകളുടെ പ്രവൃത്തിയെ ഞാൻ ചിന്തിക്കുന്നു.”—സങ്കീർത്തനം 143:5.
8. നാം പഠനത്തിൽ ഏർപ്പെടുമ്പോൾ ഏതെല്ലാം ചോദ്യങ്ങൾ പരിചിന്തിക്കാനാകും?
8 യഹോവയുടെ പ്രവൃത്തിയെ കുറിച്ച് നാമും വിലമതിപ്പോടെ ധ്യാനിക്കേണ്ടതുണ്ട്. ബൈബിളോ ബൈബിളധിഷ്‌ഠിത പ്രസിദ്ധീകരണങ്ങളോ വായിക്കുമ്പോൾ, പിൻവരുന്ന ചോദ്യങ്ങൾ നാം പരിചിന്തിക്കണം: ‘യഹോവയെ കുറിച്ച് ഇത് എന്നെ എന്തു പഠിപ്പിക്കുന്നു? യഹോവയുടെ ഏതെല്ലാം ഗുണങ്ങളാണ് ഞാൻ ഇവിടെ കാണുന്നത്? യഹോവ പ്രിയപ്പെടുന്ന അല്ലെങ്കിൽ വെറുക്കുന്ന കാര്യങ്ങൾ സംബന്ധിച്ച് ഈ ഭാഗം എന്തു പറയുന്നു? യഹോവ വെറുക്കുന്ന ഗതിയിലൂടെ സഞ്ചരിക്കുമ്പോൾ ഉണ്ടാകുന്ന ഭവിഷ്യത്തുക്കളും അവൻ പ്രിയപ്പെടുന്ന മാർഗം പിൻപറ്റുന്നതിന്റെ അനുഗ്രഹങ്ങളും എന്തൊക്കെയാണ്? ഈ വിവരങ്ങൾ എനിക്ക് ഇപ്പോൾത്തന്നെ അറിയാവുന്ന കാര്യങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?’
9. നമ്മുടെ വ്യക്തിപരമായ പഠനവും ധ്യാനവും എത്ര പ്രധാനമാണ്?
9 ഉദ്ദേശ്യപൂർണമായ പഠനത്തിന്റെയും ധ്യാനത്തിന്റെയും മൂല്യം താൻ വിലമതിക്കാൻ ഇടയായത് എങ്ങനെയെന്ന് 32 വയസ്സുള്ള ലിസ * വിവരിക്കുന്നു: “1994-ൽ സ്‌നാപനമേറ്റശേഷം ഞാൻ രണ്ടു വർഷത്തോളം സത്യത്തിൽ വളരെ സജീവമായിരുന്നു. ഞാൻ ക്രിസ്‌തീയ യോഗങ്ങളൊന്നും മുടക്കിയിരുന്നില്ല, കൂടാതെ മാസം 30-40 മണിക്കൂർ വയൽശുശ്രൂഷയിൽ ഏർപ്പെടുകയും സഹക്രിസ്‌ത്യാനികളുമായി സഹവസിക്കുകയും ചെയ്‌തിരുന്നു. പിന്നീട് ഞാൻ സത്യത്തിൽനിന്ന് അകലാൻ തുടങ്ങി. എന്തിന് ഞാൻ ദൈവനിയമം ലംഘിക്കുക പോലും ചെയ്‌തു. എന്നാൽ സുബോധത്തിലേക്കു തിരിച്ചുവന്ന ഞാൻ എന്റെ ജീവിതത്തെ നേരെയാക്കാൻ തീരുമാനിച്ചു. യഹോവ എന്റെ അനുതാപത്തെ തിരിച്ചറിഞ്ഞ് എന്നെ തിരികെ സ്വീകരിച്ചതിൽ ഞാൻ എത്ര നന്ദിയുള്ളവൾ ആണെന്നോ! ‘ഞാൻ എന്തുകൊണ്ട് വീണുപോയി?’ എന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്. ഉദ്ദേശ്യപൂർണമായ പഠനവും ധ്യാനവും ഞാൻ അവഗണിച്ചു എന്ന ഒരു ഉത്തരമേ എനിക്ക് അതിനുള്ളൂ. ബൈബിൾ സത്യം എന്റെ ഹൃദയത്തിൽ എത്തിയിരുന്നില്ല. ഇനിമുതൽ, വ്യക്തിപരമായ പഠനത്തിനും ധ്യാനത്തിനും എന്റെ ജീവിതത്തിൽ എക്കാലവും പ്രമുഖ സ്ഥാനം ഉണ്ടായിരിക്കും.” യഹോവയെയും അവന്റെ പുത്രനെയും വചനത്തെയും കുറിച്ചുള്ള അറിവിൽ വളരവേ, അർഥവത്തായ ധ്യാനത്തിനു നാം സമയം കണ്ടെത്തുന്നത് എത്ര മർമപ്രധാനമാണ്!
10. വ്യക്തിപരമായ പഠനത്തിനും ധ്യാനത്തിനും നാം സമയം മാറ്റിവെക്കുന്നത് അടിയന്തിരമായിരിക്കുന്നത് എന്തുകൊണ്ട്?
10 ഇന്നത്തെ തിരക്കുപിടിച്ച ലോകത്തിൽ, പഠനത്തിനും ധ്യാനത്തിനും സമയം കണ്ടെത്തുക എന്നത് ഒരു വെല്ലുവിളിയാണ്. എന്നാൽ, ക്രിസ്‌ത്യാനികൾ ഇന്നു വിസ്‌മയകരമായ ഒരു ലോകത്തിന്റെ—ദൈവത്തിന്റെ നീതിനിഷ്‌ഠമായ പുതിയ ലോകത്തിന്റെ—പടിവാതിൽക്കലാണ് നിലകൊള്ളുന്നത്. (2 പത്രൊസ് 3:13) ‘മഹാബാബിലോണി’ന്റെ നാശവും യഹോവയുടെ ജനത്തിന്മേൽ “മാഗോഗ്‌ദേശത്തിലെ ഗോഗിന്റെ” ആക്രമണവും പോലുള്ള ഞെട്ടിക്കുന്ന സംഭവങ്ങൾ വളരെ ആസന്നമാണ്. (വെളിപ്പാടു 17:1, 2, 5, 15-17, NW; യെഹെസ്‌കേൽ 38:1-4, 14-16; 39:2) സംഭവിക്കാനിരിക്കുന്ന കാര്യങ്ങൾ യഹോവയോടുള്ള നമ്മുടെ സ്‌നേഹത്തിന്റെ ഒരു പരിശോധന ആയിത്തീർന്നേക്കാം. നാം ഇപ്പോൾ സമയം വിലയ്‌ക്കു വാങ്ങിക്കൊണ്ട് ദൈവവചനത്തിന് ഹൃദയം അർപ്പിക്കുന്നത് വളരെ അടിയന്തിരമാണ്!—എഫെസ്യർ 5:15, 16.
‘ദൈവവചനം പരിശോധിക്കാൻ ഹൃദയത്തെ ഒരുക്കുവിൻ’
11. നമ്മുടെ ഹൃദയത്തെ മണ്ണിനോട് താരതമ്യം ചെയ്യാൻ കഴിയുന്നത് എങ്ങനെ?
11 ആലങ്കാരിക ഹൃദയത്തെ സത്യത്തിന്റെ വിത്ത് നടാൻ കഴിയുന്ന മണ്ണിനോട് ഉപമിക്കാനാകും. (മത്തായി 13:18-23) വിളകൾ നന്നായി വളരുന്നതിനു വേണ്ടി അക്ഷരീയ മണ്ണ് സാധാരണഗതിയിൽ ഒരുക്കാറുണ്ട്. സമാനമായി, ദൈവവചനത്തെ കൂടുതൽ സ്വീകാര്യക്ഷമമാക്കുന്നതിന് ഹൃദയത്തെ ഒരുക്കേണ്ടതുണ്ട് അഥവാ സജ്ജമാക്കേണ്ടതുണ്ട്. പുരോഹിതനായ എസ്രാ ‘യഹോവയുടെ ന്യായപ്രമാണം പരിശോധിപ്പാനും അതു അനുസരിച്ചു നടപ്പാനും മനസ്സുവെച്ചു [“തന്റെ ഹൃദയത്തെ ഒരുക്കി,” NW].’ (എസ്രാ 7:10) നമ്മുടെ ഹൃദയത്തെ നമുക്ക് എങ്ങനെ ഒരുക്കാൻ കഴിയും?
12. അധ്യയനത്തിനായി നമ്മുടെ ഹൃദയത്തെ ഒരുക്കാൻ എന്തു നമ്മെ സഹായിക്കും?
12 ദൈവവചനം പരിശോധിക്കുമ്പോൾ നമ്മുടെ ഹൃദയത്തെ മെച്ചമായി ഒരുക്കുന്നതിനുള്ള ഒരു മാർഗമാണ് ഹൃദയംഗമമായ പ്രാർഥന. സത്യാരാധകരുടെ ക്രിസ്‌തീയ യോഗങ്ങൾ ആരംഭിക്കുന്നതും അവസാനിക്കുന്നതും പ്രാർഥനയോടെയാണ്. ഓരോ പ്രാവശ്യം നാം ബൈബിൾ പഠിക്കുമ്പോഴും അത് ആത്മാർഥമായ പ്രാർഥനയോടെ തുടങ്ങുന്നതും പഠനസമയത്ത് പ്രാർഥനാനിരതമായ ഒരു മനോഭാവം നിലനിറുത്തുന്നതും എത്ര പ്രധാനമാണ്!
13. യഹോവയ്‌ക്കു ബോധിച്ച ഒരു ഹൃദയം സമ്പാദിക്കാൻ നാം എന്തു ചെയ്യണം?
13 മുൻവിധി കലർന്ന ധാരണകൾ ഉപേക്ഷിക്കാൻ നമ്മുടെ ആലങ്കാരിക ഹൃദയത്തെ ഒരുക്കേണ്ടതുണ്ട്. യേശുവിന്റെ നാളിലെ മതനേതാക്കന്മാർ അതു ചെയ്യാൻ ഒരുക്കമുള്ളവർ ആയിരുന്നില്ല. (മത്തായി 13:14) നേരെമറിച്ച്, യേശുവിന്റെ അമ്മയായ മറിയ താൻ കേട്ട സത്യങ്ങളെ അടിസ്ഥാനമാക്കി “ഹൃദയത്തിൽ” ധ്യാനിച്ചുകൊണ്ടിരുന്നു. (ലൂക്കൊസ് 2:19, 51) അവൾ ക്രിസ്‌തുവിന്റെ ഒരു വിശ്വസ്‌ത ശിഷ്യ ആയിത്തീർന്നു. തുയത്തൈരാക്കാരി ലുദിയാ പൗലൊസ് പറഞ്ഞ കാര്യങ്ങൾക്കു ശ്രദ്ധ കൊടുത്തു, അതിനാൽ “കർത്താവു അവളുടെ ഹൃദയം തുറന്നു.” അവളും ഒരു വിശ്വാസി ആയിത്തീർന്നു. (പ്രവൃത്തികൾ 16:14, 15) വ്യക്തിപരമായ ആശയങ്ങളോ സിദ്ധാന്തപരമായ വീക്ഷണങ്ങളോ സംബന്ധിച്ച് നമുക്ക് മർക്കടമുഷ്ടി പിടിക്കാതിരിക്കാം. പകരം, “എല്ലാ മനുഷ്യരും വ്യാജം പറയുന്നവരായാലും ദൈവം സത്യവാനാണ്” എന്ന വീക്ഷണം നമുക്കു സ്വീകരിക്കാം.—റോമർ 3:4, പി.ഒ.സി. ബൈബിൾ.
14. ക്രിസ്‌തീയ യോഗങ്ങളിൽ ശ്രദ്ധ അർപ്പിക്കാൻ കഴിയുമാറ് നമുക്ക് എങ്ങനെ ഹൃദയങ്ങളെ ഒരുക്കാൻ കഴിയും?
14 ക്രിസ്‌തീയ യോഗങ്ങളിൽ ശ്രദ്ധ അർപ്പിക്കാൻ തക്കവണ്ണം നമ്മുടെ ഹൃദയങ്ങളെ ഒരുക്കുന്നതു വിശേഷാൽ പ്രധാനമാണ്. നമുക്കു ശ്രദ്ധാശൈഥില്യം ഉണ്ടെങ്കിൽ പറയുന്ന കാര്യങ്ങൾക്ക് ഏകാഗ്രമായ ശ്രദ്ധ കൊടുക്കാൻ സാധിക്കില്ല. അന്നേ ദിവസം സംഭവിച്ച കാര്യങ്ങളിൽ മുഴുകിയിരിക്കുകയോ നാളെ സംഭവിക്കാനിരിക്കുന്നതിനെ കുറിച്ച് ചിന്തിക്കുകയോ ചെയ്‌താൽ സഭായോഗങ്ങളിൽ പറയപ്പെടുന്ന കാര്യങ്ങൾക്കു നമ്മുടെമേൽ യാതൊരു ഫലവും ഉണ്ടായിരിക്കുകയില്ല. പറയപ്പെടുന്ന കാര്യങ്ങളിൽനിന്നു പ്രയോജനം നേടാൻ ആഗ്രഹിക്കുന്നെങ്കിൽ, ശ്രദ്ധിച്ചിരുന്ന് കാര്യങ്ങൾ പഠിക്കാൻ ദൃഢനിശ്ചയം ചെയ്യണം. വായിച്ചു വിശദീകരിക്കുന്ന തിരുവെഴുത്തുകൾ മനസ്സിലാക്കാൻ നാം ദൃഢചിത്തരാണെങ്കിൽ, എത്രയെത്ര പ്രയോജനങ്ങളായിരിക്കും നമുക്കു ലഭിക്കുക!—നെഹെമ്യാവു 8:5-8, 12.
15. താഴ്‌മ ഉണ്ടായിരിക്കുന്നത് പ്രബോധനം സ്വീകരിക്കുക എളുപ്പമാക്കുന്നത് എങ്ങനെ?
15 അക്ഷരീയ മണ്ണിൽ ശരിയായ തരത്തിലുള്ള വളങ്ങൾ ചേർക്കുന്നത് അതിനെ സമ്പുഷ്‌ടമാക്കുന്നതുപോലെ, താഴ്‌മ, ആത്മീയ കാര്യങ്ങളോടുള്ള വിശപ്പ്, ആശ്രയത്വം, ദൈവിക ഭക്തി, ദൈവസ്‌നേഹം എന്നിങ്ങനെയുള്ള ഗുണങ്ങൾ നട്ടുവളർത്തുന്നത് നമ്മുടെ ആലങ്കാരിക ഹൃദയത്തെ സമ്പുഷ്‌ടമാക്കും. താഴ്‌മ ഹൃദയത്തെ മൃദുവാക്കും, പ്രബോധനം സ്വീകരിക്കാൻ അതു നമ്മെ സഹായിക്കുകയും ചെയ്യും. യഹൂദാ രാജാവായ യോശീയാവിനോട് യഹോവ ഇങ്ങനെ പറഞ്ഞു: “ഞാൻ . . . അരുളിച്ചെയ്‌തതു നീ കേട്ടപ്പോൾ നിന്റെ ഹൃദയം അലിഞ്ഞു, നീ . . . എന്റെ മുമ്പാകെ കരകയും ചെയ്‌കകൊണ്ടു ഞാനും നിന്റെ അപേക്ഷ കേട്ടിരിക്കുന്നു.” (2 രാജാക്കന്മാർ 22:19) യോശീയാവിന്റെ ഹൃദയം താഴ്‌മയുള്ളതും സ്വീകാര്യക്ഷമവും ആയിരുന്നു. “ജ്ഞാനികൾക്കും വിവേകികൾക്കും” ഗ്രഹിക്കാൻ കഴിയാതിരുന്ന ആത്മീയ സത്യങ്ങൾ ഗ്രഹിക്കാൻ “പഠിപ്പില്ലാത്തവരും സാമാന്യരുമായ” യേശുവിന്റെ ശിഷ്യന്മാരെ പ്രാപ്‌തരാക്കിയത് താഴ്‌മയാണ്. (പ്രവൃത്തികൾ 4:13; ലൂക്കൊസ് 10:21) യഹോവയ്‌ക്കു ബോധിച്ച ഒരു ഹൃദയം സമ്പാദിക്കാൻ ശ്രമിക്കവേ, നമുക്കു ‘ദൈവത്തിന്റെ സന്നിധിയിൽ [നമ്മെത്തന്നെ] താഴ്‌ത്താം.’—എസ്രാ 8:21.
16. ആത്മീയ ഭക്ഷണത്തോടു നാം വിശപ്പു വളർത്തിയെടുക്കാൻ ശ്രമം ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
16 യേശു ഇങ്ങനെ പറഞ്ഞു: “തങ്ങളുടെ ആത്മീയ ആവശ്യത്തെക്കുറിച്ചു ബോധമുള്ളവർ സന്തുഷ്ടരാകുന്നു.” (മത്തായി 5:3, NW) ആത്മീയരായിരിക്കാനുള്ള കഴിവ് നമുക്കു ലഭിച്ചിട്ടുണ്ടെങ്കിലും, ഈ ദുഷ്‌ട ലോകത്തിൽ നിന്നുള്ള സമ്മർദങ്ങളും അലസത പോലുള്ള നമ്മുടെ സ്വഭാവവിശേഷങ്ങളും ആത്മീയ ആവശ്യം സംബന്ധിച്ച നമ്മുടെ ബോധത്തെ മന്ദീഭവിപ്പിച്ചേക്കാം. (മത്തായി 4:4) ആത്മീയ ഭക്ഷണത്തോടുള്ള ആരോഗ്യാവഹമായ ഒരു വിശപ്പു നാം വളർത്തിയെടുക്കേണ്ടതുണ്ട്. ബൈബിൾ വായനയിലും വ്യക്തിപരമായ പഠനത്തിലും നമുക്ക് ആദ്യമൊന്നും സന്തോഷം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും, സ്ഥിരോത്സാഹം പ്രകടമാക്കുന്നെങ്കിൽ അധ്യയന വേളകൾക്കായി ആകാംക്ഷാപൂർവം കാത്തിരിക്കുമാറ് പരിജ്ഞാനം ‘നമ്മുടെ മനസ്സിന്നു ഇമ്പമായിത്തീരും.’—സദൃശവാക്യങ്ങൾ 2:10, 11.
17. (എ) യഹോവ നമ്മുടെ സമ്പൂർണമായ ആശ്രയത്വം അർഹിക്കുന്നത് എന്തുകൊണ്ട്? (ബി) നമുക്ക് ദൈവത്തിൽ എങ്ങനെ ആശ്രയത്വം നട്ടുവളർത്താം?
17 “പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു” എന്ന് ശലോമോൻ രാജാവ് ഉദ്‌ബോധിപ്പിച്ചു. (സദൃശവാക്യങ്ങൾ 3:5) യഹോവ തന്റെ വചനത്തിലൂടെ ആവശ്യപ്പെടുന്നതോ നിർദേശിക്കുന്നതോ ആയ എന്തും എപ്പോഴും ശരിയായിരിക്കുമെന്ന് അവനിൽ ആശ്രയിക്കുന്ന ഒരു ഹൃദയത്തിന് അറിയാം. (യെശയ്യാവു 48:17) യഹോവ നമ്മുടെ സമ്പൂർണമായ ആശ്രയത്വത്തിന് തീർച്ചയായും അർഹനാണ്. താൻ ഉദ്ദേശിച്ചിരിക്കുന്ന സകലതും നിവർത്തിക്കാൻ അവൻ പ്രാപ്‌തനാണ്. (യെശയ്യാവു 40:26, 29) എന്തിന്, അവന്റെ നാമത്തിന്റെ അക്ഷരീയ അർഥംതന്നെ “ആയിത്തീരാൻ അവൻ ഇടയാക്കുന്നു” എന്നാണ്. താൻ വാഗ്‌ദാനം ചെയ്‌തിരിക്കുന്നത് നിവർത്തിക്കാനുള്ള അവന്റെ പ്രാപ്‌തി സംബന്ധിച്ച് അത് നമുക്കു ബോധ്യം നൽകുന്നു! അവൻ “തന്റെ സകലവഴികളിലും നീതിമാനും തന്റെ സകലപ്രവൃത്തികളിലും ദയാലുവും ആകുന്നു.” (സങ്കീർത്തനം 145:17) യഹോവയിൽ ആശ്രയത്വം വളർത്തിയെടുക്കുന്നതിന് ‘അവൻ നല്ലവൻ എന്നു നാം രുചിച്ചറിയ’ണം. ബൈബിളിൽനിന്ന് നാം പഠിക്കുന്നത് വ്യക്തിപരമായ ജീവിതത്തിൽ ബാധകമാക്കിക്കൊണ്ടും അത് ഉളവാക്കുന്ന നന്മകളെ കുറിച്ചു ധ്യാനിച്ചുകൊണ്ടും നമുക്ക് അതു ചെയ്യാൻ സാധിക്കും.—സങ്കീർത്തനം 34:8.
18. ദൈവത്തിന്റെ മാർഗനിർദേശം സ്വീകരിക്കാൻ ദൈവിക ഭയം നമ്മെ എങ്ങനെ സഹായിക്കുന്നു?
18 ദിവ്യ മാർഗനിർദേശം സ്വീകരിക്കാൻ നമ്മുടെ ഹൃദയത്തെ പ്രാപ്‌തമാക്കാൻ കഴിയുന്ന മറ്റൊരു മാർഗത്തെ കുറിച്ച് ശലോമോൻ ഇങ്ങനെ പ്രസ്‌താവിച്ചു: “യഹോവയെ ഭയപ്പെട്ടു ദോഷം വിട്ടുമാറുക.” (സദൃശവാക്യങ്ങൾ 3:7) പുരാതന ഇസ്രായേലിനെ സംബന്ധിച്ച് യഹോവ ഇപ്രകാരം പ്രസ്‌താവിച്ചു: “അവർക്കും അവരുടെ മക്കൾക്കും എന്നേക്കും നന്നായിരിപ്പാൻ അവർ എന്നെ ഭയപ്പെടേണ്ടതിന്നും എന്റെ കല്‌പനകളൊക്കെയും പ്രമാണിക്കേണ്ടതിന്നും ഇങ്ങനെയുള്ള ഹൃദയം അവർക്കു എപ്പോഴും ഉണ്ടായിരുന്നുവെങ്കിൽ എത്ര നന്നു.” (ആവർത്തനപുസ്‌തകം 5:29) അതേ, ദൈവത്തെ ഭയപ്പെടുന്നവർ അവനെ അനുസരിക്കുന്നു. “തന്റെ നേരെ തിരിഞ്ഞ കുററമററ ഹൃദയമുള്ളവർക്കുവേണ്ടി സ്വന്തം കരുത്തു കാട്ടാ”നും തന്നോട് അനുസരണക്കേടു കാണിക്കുന്നവരെ ശിക്ഷിക്കാനുമുള്ള കഴിവ് യഹോവയ്‌ക്കുണ്ട്. (2 ദിനവൃത്താന്തം 16:9, ഓശാന ബൈ.) ദൈവത്തെ അപ്രീതിപ്പെടുത്തുന്നതു സംബന്ധിച്ച ഭക്തിപൂർവകമായ ഭയം നമ്മുടെ സകല പ്രവർത്തനങ്ങളെയും ചിന്തകളെയും വികാരങ്ങളെയും ഭരിക്കുമാറാകട്ടെ.
‘പൂർണഹൃദയത്തോടെ യഹോവയെ സ്‌നേഹിക്കുക’
19. യഹോവയുടെ മാർഗനിർദേശം സ്വീകരിക്കാൻ നമ്മുടെ ഹൃദയത്തെ പ്രാപ്‌തമാക്കുന്നതിൽ സ്‌നേഹം എന്തു പങ്കു വഹിക്കുന്നു?
19 യഹോവയുടെ മാർഗനിർദേശം സ്വീകരിക്കാൻ നമ്മുടെ ഹൃദയത്തെ പ്രാപ്‌തമാക്കുന്നത് മറ്റേതൊരു ഗുണത്തെക്കാളുമുപരി സ്‌നേഹമാണ്. ദൈവത്തോടുള്ള സ്‌നേഹം നിറഞ്ഞ ഒരു ഹൃദയം ദൈവത്തെ പ്രീതിപ്പെടുത്തുന്നതും അവനെ അപ്രീതിപ്പെടുത്തുന്നതുമായ കാര്യങ്ങൾ മനസ്സിലാക്കാൻ ഒരുവനെ പ്രേരിപ്പിക്കുന്നു. (1 യോഹന്നാൻ 5:3) യേശു പറഞ്ഞു: “നിന്റെ ദൈവമായ [യഹോവയെ] നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടുംകൂടെ സ്‌നേഹിക്കേണം.” (മത്തായി 22:37) ദൈവത്തിന്റെ നന്മയെ കുറിച്ചു ധ്യാനിക്കുന്ന ശീലം വളർത്തിയെടുക്കുകയും ഒരു ഉറ്റ സ്‌നേഹിതനോടെന്ന പോലെ അവനോടു പതിവായി സംസാരിക്കുകയും അവനെ കുറിച്ചു മറ്റുള്ളവരോട് ഉത്സാഹപൂർവം ഘോഷിക്കുകയും ചെയ്‌തുകൊണ്ട് ദൈവത്തോടുള്ള നമ്മുടെ സ്‌നേഹത്തെ ആഴമുള്ളതാക്കാൻ കഴിയും.
20. യഹോവയ്‌ക്കു ബോധിച്ച ഒരു ഹൃദയം നമുക്ക് എങ്ങനെ സമ്പാദിക്കാൻ കഴിയും?
20 നാം പരിചിന്തിച്ചതിലെ മുഖ്യ ആശയങ്ങൾ ഒന്നുകൂടി നോക്കാം: നമ്മിലെ ആന്തരിക വ്യക്തിയെ, ഹൃദയത്തിന്റെ ഗൂഢമനുഷ്യനെ സ്വാധീനിക്കാൻ ദൈവവചനത്തെ അനുവദിക്കുന്നത് യഹോവയ്‌ക്കു ബോധിച്ച ഒരു ഹൃദയം സമ്പാദിക്കുന്നതിൽ ഉൾപ്പെടുന്നു. അർഥവത്തായ രീതിയിൽ തിരുവെഴുത്തുകൾ വ്യക്തിപരമായി പഠിക്കുന്നതും അതേക്കുറിച്ചു വിലമതിപ്പോടെ ധ്യാനിക്കുന്നതും വളരെ അനിവാര്യമാണ്. ഇത് ഏറ്റവും മെച്ചമായി ചെയ്യുന്നതിന് നമ്മുടെ ഹൃദയത്തെ ഒരുക്കേണ്ടതുണ്ട്, അഥവാ മുൻവിധികളിൽനിന്നു സ്വതന്ത്രമായ, പ്രബോധനം സ്വീകരിക്കാൻ നമ്മെ പ്രാപ്‌തരാക്കുന്ന ഗുണങ്ങൾ നിറഞ്ഞ ഒരു ഹൃദയം സമ്പാദിക്കേണ്ടതുണ്ട്! അതേ, യഹോവയുടെ സഹായത്തോടെ നല്ല ഒരു ഹൃദയം സമ്പാദിക്കാൻ കഴിയും. എന്നാൽ, നമ്മുടെ ഹൃദയത്തെ കാത്തുസൂക്ഷിക്കുന്നതിന് എന്തെല്ലാം പടികൾ നമുക്കു സ്വീകരിക്കാനാകും?
[അടിക്കുറിപ്പുകൾ]
^ ഖ. 9 ഇത് യഥാർഥ പേരല്ല.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
• യഹോവ പരിശോധിക്കുന്ന ആലങ്കാരിക ഹൃദയം എന്താണ്?
• ദൈവവചനത്തിന് എങ്ങനെ ‘നമ്മുടെ ഹൃദയം അർപ്പിക്കാൻ’ കഴിയും?
• ദൈവവചനം പരിശോധിക്കുന്നതിനായി നാം ഹൃദയത്തെ എങ്ങനെ ഒരുക്കണം?
• ഈ വിവരങ്ങളുടെ പരിചിന്തനത്തിനു ശേഷം, എന്തു ചെയ്യുന്നതിന് നിങ്ങൾക്കു പ്രചോദനം തോന്നുന്നു?
[അധ്യയന ചോദ്യങ്ങൾ]
[17-ാം പേജിലെ ചിത്രം]
ദാവീദ് ആത്മീയ കാര്യങ്ങളെ കുറിച്ചു ധ്യാനിച്ചു. നിങ്ങളോ?
[18-ാം പേജിലെ ചിത്രങ്ങൾ]
ദൈവവചനം പഠിക്കുന്നതിനു മുമ്പ് ഹൃദയത്തെ ഒരുക്കുക