വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകം മെച്ചപ്പെട്ട ഒരു ഇടമാക്കാൻ നിങ്ങൾക്കു കഴിയുമോ?

ലോകം മെച്ചപ്പെട്ട ഒരു ഇടമാക്കാൻ നിങ്ങൾക്കു കഴിയുമോ?

ലോകം മെച്ചപ്പെട്ട ഒരു ഇടമാക്കാൻ നിങ്ങൾക്കു കഴിയുമോ?

“സമൂഹത്തിന്‌ അതിന്റെ അടിസ്ഥാന ചട്ടക്കൂട്‌ തിരികെ നൽകാൻ രാഷ്‌ട്രീയത്തെക്കൊണ്ട്‌ ആവില്ല. പരമ്പരാഗത ധാർമിക വിശ്വാസങ്ങളെ പുനഃപ്രതിഷ്‌ഠിക്കാൻ അതു പര്യാപ്‌തമല്ല. ഏറ്റവും മെച്ചപ്പെട്ട നയങ്ങൾക്കുപോലും പ്രണയബന്ധങ്ങൾക്കും ദാമ്പത്യബന്ധങ്ങൾക്കും മുമ്പു കൽപ്പിക്കപ്പെട്ടിരുന്ന മൂല്യങ്ങളെ വീണ്ടെടുക്കാനോ പിതാക്കന്മാരെ തങ്ങളുടെ മക്കളെ കുറിച്ച്‌ ഉത്തരവാദിത്വബോധം ഉള്ളവരാക്കാനോ മുൻകാലങ്ങളിലേതു പോലെ ആളുകളിൽ ഞെട്ടലോ നാണക്കേടോ ഉളവാക്കാനോ കഴിയുകയില്ല . . . നമ്മെ അലട്ടുന്ന ധാർമിക പ്രശ്‌നങ്ങളിൽ ബഹുഭൂരിഭാഗവും നിയമംകൊണ്ട്‌ നീക്കാനാവാത്തവയാണ്‌.”

ഒരു മുൻ യു.എ⁠സ്‌. ഗവൺമെന്റ്‌ ഉദ്യോഗസ്ഥന്റെ ഈ പ്രസ്‌താവനയോടു നിങ്ങൾ യോജിക്കുന്നുണ്ടോ? അങ്ങനെയെങ്കിൽ, അത്യാഗ്രഹം, കുടുംബങ്ങളിലെ സ്വാഭാവിക പ്രിയത്തിന്റെ അഭാവം, അധാർമികത, അജ്ഞത തുടങ്ങി സമൂഹത്തിന്റെ ചട്ടക്കൂടിനെ കാർന്നുതിന്നുന്ന അനവധി ഘടകങ്ങളിൽനിന്ന്‌ ഉടലെടുക്കുന്ന പ്രശ്‌നങ്ങൾക്കുള്ള പരിഹാരം എന്താണ്‌? ഇവയ്‌ക്കൊന്നും പരിഹാരം ഇല്ല എന്ന്‌ ചിലർ കരുതുന്നു. അതുകൊണ്ട്‌ സ്വന്തം കാര്യം നോക്കി പറ്റുന്നതുപോലെ ജീവിക്കാൻ അവർ ശ്രമിക്കുന്നു. മറ്റു ചിലരാകട്ടെ, ധൈഷണികനും പ്രഭാവശാലിയുമായ ഒരു നേതാവ്‌, ഒരുപക്ഷേ ഒരു മതനേതാവുതന്നെ, പ്രത്യക്ഷനായി അവരെ ശരിയായ മാർഗത്തിലേക്കു നയിക്കുമെന്നു വിശ്വസിക്കുന്നു.

രണ്ടായിരം വർഷങ്ങൾക്കു മുമ്പ്‌, യേശുക്രിസ്‌തുവിനെ തങ്ങളുടെ രാജാവാക്കാൻ ജനങ്ങൾ ആഗ്രഹിച്ചു. യേശു ദൈവത്താൽ അയയ്‌ക്കപ്പെട്ടവനാണെന്നു മനസ്സിലാക്കിയ അവർ, അവൻ ഏറ്റവും പ്രാപ്‌തനായ ഭരണാധിപൻ ആയിരിക്കുമെന്നു വിശ്വസിച്ചു. എന്നാൽ, അവരുടെ ഉദ്ദേശ്യം തിരിച്ചറിഞ്ഞ യേശു ഉടൻ അവിടം വിട്ടു. (യോഹന്നാൻ 6:14, 15) “എന്റെ രാജ്യം ഈ ലോകത്തിന്റെ ഭാഗമല്ല” എന്ന്‌ യേശു പിന്നീട്‌ ഒരു റോമൻ ഗവർണർക്കു വ്യക്തമാക്കിക്കൊടുത്തു. (യോഹന്നാൻ 18:​36, NW) എന്നാൽ, ഇന്ന്‌ അധികമാരും​—⁠യേശുവിന്റെ അനുഗാമികളെന്ന്‌ അവകാശപ്പെടുന്ന മതനേതാക്കന്മാർ പോലും​—⁠യേശുവിന്റേതു പോലുള്ള നിലപാടു സ്വീകരിക്കുന്നില്ല. ഇവരിൽ ചിലർ, ലൗകിക ഭരണാധിപന്മാരെ സ്വാധീനിച്ചുകൊണ്ടോ രാഷ്‌ട്രീയ സ്ഥാനങ്ങൾ വഹിച്ചുകൊണ്ടോ ലോകത്തെ മെച്ചപ്പെട്ട ഒരു ഇടമാക്കാൻ ശ്രമിച്ചിട്ടുണ്ട്‌. 1960-കളിലും ’70-കളിലും നടന്ന സംഭവങ്ങൾ നോക്കിയാൽ അതു മനസ്സിലാകും.

ലോകത്തെ മെച്ചപ്പെടുത്താനുള്ള മതപരമായ ശ്രമങ്ങൾ

ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലെ ചില ദൈവശാസ്‌ത്രജ്ഞന്മാർ ദരിദ്രർക്കും അടിച്ചമർത്തപ്പെട്ടവർക്കും വേണ്ടി പോരാടാൻ 1960-കളുടെ അവസാന ഭാഗത്ത്‌ ഇറങ്ങിത്തിരിച്ചു. അതിനായി അവർ വിമോചന ദൈവശാസ്‌ത്രം ആവിഷ്‌കരിച്ചു. അതനുസരിച്ച്‌, യേശുക്രിസ്‌തു മേലാൽ ബൈബിൾ പറയുന്ന അർഥത്തിൽ മാത്രമല്ല, രാഷ്‌ട്രീയവും സാമ്പത്തികവുമായ അർഥത്തിലും ഒരു രക്ഷകൻ ആണെന്നായിരുന്നു അവരുടെ പക്ഷം. ഐക്യനാടുകളിൽ, സദാചാരങ്ങളുടെ മൂല്യച്യുതിയെ കുറിച്ച്‌ ഉത്‌കണ്‌ഠാകുലരായിത്തീർന്ന ഒട്ടേറെ സഭാനേതാക്കന്മാർ ‘മോറൽ മജോരിറ്റി’ എന്നൊരു സംഘടനയ്‌ക്കു രൂപം നൽകി. ആരോഗ്യാവഹമായ കുടുംബമൂല്യങ്ങൾ സംബന്ധിച്ച നിയമങ്ങൾ ആവിഷ്‌കരിക്കാൻ പറ്റിയ ആളുകളെ രാഷ്‌ട്രീയ സ്ഥാനങ്ങളിലേക്കു കയറ്റുക എന്നതായിരുന്നു ഈ സംഘടനയുടെ ലക്ഷ്യം. സമാനമായി, പല മുസ്ലീം ദേശങ്ങളിലും ഖുറാൻ അടുത്തു പിൻപറ്റാൻ പ്രോത്സാഹിപ്പിച്ചുകൊണ്ട്‌ അഴിമതിക്കും ധാരാളിത്തത്തിനും കടിഞ്ഞാണിടാൻ ചില സംഘടനകൾ ശ്രമിച്ചിരിക്കുന്നു.

ഇത്തരം ശ്രമങ്ങൾ നിമിത്തം ലോകം മെച്ചപ്പെട്ട ഒരു ഇടമായിരിക്കുന്നുവെന്നു നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? മൊത്തത്തിൽ ധാർമിക മൂല്യങ്ങൾക്ക്‌ അപക്ഷയം സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും വിമോചന ദൈവശാസ്‌ത്രം പ്രാബല്യത്തിലിരുന്ന രാജ്യങ്ങളിൽ പോലും സമ്പന്നർക്കും ദരിദ്രർക്കും ഇടയിലുള്ള വിടവ്‌ വർധിച്ചുകൊണ്ടിരിക്കുകയാണെന്നും വസ്‌തുതകൾ തെളിയിക്കുന്നു.

‘മോറൽ മജോരിറ്റി’ ഐക്യനാടുകളിൽ അതിന്റെ പ്രധാന ലക്ഷ്യങ്ങൾ കൈവരിക്കാൻ പരാജയപ്പെട്ടപ്പോൾ പ്രസ്‌തുത സംഘടനയുടെ സ്ഥാപകനായ ജെറി ഫോൾവെൽ 1989-ൽ അത്‌ പിരിച്ചുവിട്ടു. ഇപ്പോൾ അതിന്റെ സ്ഥാനത്തു മറ്റു സംഘടനകൾ വന്നിരിക്കുന്നു. “മോറൽ മജോരിറ്റി” എന്ന പ്രയോഗത്തിനു രൂപംകൊടുത്ത പോൾ വെയ്‌റിച്ച്‌ ക്രിസ്റ്റ്യാനിറ്റി ടുഡേ എന്ന മാസികയിൽ ഇപ്രകാരം എഴുതി: “രാഷ്‌ട്രീയത്തിൽ നാം വിജയിച്ചാൽത്തന്നെ സുപ്രധാനമെന്നു നാം കരുതുന്ന നയങ്ങൾ നടപ്പിലാക്കാൻ അതു പര്യാപ്‌തമല്ല.” അദ്ദേഹം ഇങ്ങനെയും എഴുതി: “സംസ്‌കാരം വലിപ്പമേറുന്ന ഒരു അഴുക്കുചാലായി മാറിക്കൊണ്ടിരിക്കുന്നു. ഒരു വൻ സാംസ്‌കാരിക തകർച്ചയുടെ, രാഷ്‌ട്രീയ രംഗത്തെ ഒന്നടങ്കം പിടിച്ചുലയ്‌ക്കുന്ന അതിഭയങ്കരമായ ഒരു തകർച്ചയുടെ അവശിഷ്ടങ്ങൾക്കിടയിൽ നാം കുരുങ്ങിപ്പോയിരിക്കുന്നു.”

രാഷ്‌ട്രീയത്തിന്റെ സഹായത്താൽ സമൂഹത്തെ ഉദ്ധരിക്കാൻ ശ്രമിക്കുന്നതിലെ ഒരു അടിസ്ഥാന പാളിച്ചയായി താൻ വീക്ഷിക്കുന്ന ഒരു കാര്യത്തെ കുറിച്ച്‌ പംക്തിയെഴുത്തുകാരനും ഗ്രന്ഥകർത്താവുമായ കാൾ തോമസ്‌ ഇപ്രകാരം എഴുതി: “യഥാർഥ മാറ്റം കൈവരണമെങ്കിൽ, വ്യക്തികൾക്കു മാറ്റം വരണം. തെരഞ്ഞെടുപ്പിലെ ജയത്തിലൂടെ അതു സാധിക്കുകയില്ല. കാരണം, നമ്മുടെ പ്രാഥമിക പ്രശ്‌നങ്ങൾ സാമ്പത്തികമോ രാഷ്‌ട്രീയമോ അല്ല, പിന്നെയോ ധാർമികവും ആത്മീയവുമാണ്‌.”

എന്നാൽ, ആത്യന്തിക മാനദണ്ഡങ്ങൾ ഇല്ലാത്ത, ശരിയും തെറ്റും ആളുകൾ സ്വയം തീരുമാനിക്കുന്ന, ഒരു ലോകത്തിൽ ധാർമികവും ആത്മീയവുമായ പ്രശ്‌നങ്ങൾ നിങ്ങൾ എങ്ങനെ പരിഹരിക്കും? ഈ ലോകത്തെ യഥാർഥത്തിൽ മെച്ചപ്പെട്ട ഒരു ഇടമാക്കാൻ സ്വാധീനശക്തിയും സദുദ്ദേശ്യങ്ങളും ഉള്ള വ്യക്തികൾക്കു​—⁠മതഭക്തരും അല്ലാത്തവരും ഉൾപ്പെടെ​—⁠സാധിക്കുന്നില്ലെന്നിരിക്കെ, അതിനു കഴിയുന്ന ആരെങ്കിലുമുണ്ടോ? അതിനുള്ള ഉത്തരം അടുത്ത ലേഖനത്തിൽ കാണാം. വാസ്‌തവത്തിൽ, ആ ഉത്തരം തന്റെ രാജ്യം ഈ ലോകത്തിന്റെ ഭാഗമല്ല എന്ന്‌ യേശുക്രിസ്‌തു പറഞ്ഞതിന്റെ കാരണവുമായി ബന്ധപ്പെട്ടിരിക്കുന്നു.

[2-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

COVER: Dirty water: WHO/UNICEF photo; globe: Mountain High Maps® Copyright © 1997 Digital Wisdom, Inc.

[3-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

കുട്ടികൾ: UN photo; ഭൂഗോളം: Mountain High Maps® Copyright © 1997 Digital Wisdom, Inc.