വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

നിയമപെട്ടകം വഹിക്കുന്നതിനുള്ള തണ്ടുകൾ വിശുദ്ധ മന്ദിരത്തിൽനിന്നു കാണാൻ കഴിയുമായിരുന്നെന്ന്‌ 1 രാജാക്കന്മാർ 8:8 പറയുന്നു. അങ്ങനെയെങ്കിൽ അവ സ്ഥാപിക്കപ്പെട്ടിരുന്നത്‌ എങ്ങനെയാണ്‌?

മരുഭൂമിയിൽവെച്ച്‌ യഹോവ മോശെക്ക്‌ സമാഗമന കൂടാരത്തിന്റെ മാതൃക നൽകിയപ്പോൾ അതിലെ പ്രമുഖ സവിശേഷതകളിൽ ഒന്നായിരുന്നു നിയമപെട്ടകം. സ്വർണം പൊതിഞ്ഞ, ദീർഘചതുരാകൃതിയിലുള്ള ഈ പെട്ടകത്തിലാണ്‌ ന്യായപ്രമാണം എഴുതിയ ഫലകങ്ങളും മറ്റും സൂക്ഷിച്ചിരുന്നത്‌. അത്‌ ഏറ്റവും ഉള്ളിലെ മുറിയായ അതിവിശുദ്ധത്തിൽ ആണ്‌ സൂക്ഷിച്ചിരുന്നത്‌. പെട്ടകത്തിന്റെ കൃപാസനത്തിന്മേൽ (മൂടിയിന്മേൽ) ചിറകു വിടർത്തി നിൽക്കുന്ന രണ്ട്‌ കെരൂബുകളുടെ, സ്വർണ രൂപങ്ങൾ ഉണ്ടായിരുന്നു. രണ്ടു തണ്ടുകളിന്മേൽ പെട്ടകം താങ്ങിനിറുത്താനായി അതിന്റെ ഓരോ വശങ്ങളിലും വളയങ്ങൾ പിടിപ്പിച്ചിരുന്നു. സ്വർണത്തിൽ പൊതിഞ്ഞ, ഖദിരമരം കൊണ്ടുണ്ടാക്കിയ രണ്ടു തണ്ടുകളും ന്യായയുക്തമായും ആ വളയങ്ങൾക്കുള്ളിലൂടെ പെട്ടകത്തിന്റെ നീളത്തിനു സമാന്തരമായി കടന്നുപോയിരുന്നു. അങ്ങനെ, സമാഗമന കൂടാരത്തിന്റെ അതിവിശുദ്ധ സ്ഥലത്ത്‌ കിഴക്കോട്ട്‌ അഭിമുഖമായി വെച്ചിരുന്ന പെട്ടകത്തിന്റെ തണ്ടുകളുടെ നീളപ്പാടുദിശ വടക്കു-തെക്ക്‌ ആയിരുന്നു. പിന്നീട്‌ ശലോമോൻ പണികഴിപ്പിച്ച ആലയത്തിലും പെട്ടകം ഇതേ വിധത്തിലാണ്‌ വെച്ചിരുന്നത്‌.​—⁠പുറപ്പാടു 25:10-22; 37:4-9; 40:17-21. *

ഒരു തിരശ്ശീല അതിവിശുദ്ധത്തെ വിശുദ്ധത്തിൽനിന്ന്‌ (പുറത്തെ മുറി) മറച്ചിരുന്നു. വിശുദ്ധത്തിലെ പുരോഹിതന്മാർക്ക്‌ അതിവിശുദ്ധത്തിലെ പെട്ടകം കാണാൻ കഴിയുമായിരുന്നില്ല. (എബ്രായർ 9:1-7) അതുകൊണ്ട്‌ 1 രാജാക്കന്മാർ 8:​8-ലെ വിവരണം ആശയക്കുഴപ്പം ഉണ്ടാക്കുന്നതായി തോന്നിയേക്കാം: “തണ്ടുകൾ നീണ്ടിരിക്കയാൽ തണ്ടുകളുടെ അററങ്ങൾ അന്തർമ്മന്ദിരത്തിന്റെ മുമ്പിലുള്ള വിശുദ്ധമന്ദിരത്തിൽ നിന്നു കാണും; എങ്കിലും പുറത്തുനിന്നു കാണുകയില്ല.” 2 ദിനവൃത്താന്തം 5:​9-ലും ഇതേ ആശയംതന്നെ കാണാം. ആലയത്തിന്റെ വിശുദ്ധ സ്ഥലത്ത്‌ നിൽക്കുന്നവർക്ക്‌ തണ്ടുകൾ കാണാൻ കഴിയുമായിരുന്നത്‌ എങ്ങനെ?

തണ്ടുകൾ തിരശ്ശീലയെ തൊടുകയും അങ്ങനെ ആ ഭാഗങ്ങൾ മുഴച്ചുനിൽക്കുകയും ചെയ്‌തിരുന്നിരിക്കാം എന്നു ചിലർ കരുതിയിട്ടുണ്ട്‌. എന്നാൽ, തണ്ടുകളുടെ നീളപ്പാടു ദിശ തെക്കു-വടക്കും തിരശ്ശീല തണ്ടുകൾക്കു സമാന്തരവും ആയിരുന്നെങ്കിൽ അങ്ങനെ സംഭവിക്കില്ല. (സംഖ്യാപുസ്‌തകം 3:38) അതിനെക്കാൾ ഏറെ ന്യായയുക്തമായ ഒരു വിശദീകരണമുണ്ട്‌. തിരശ്ശീലയ്‌ക്കും ആലയത്തിന്റെ ചുവരിനും ഇടയ്‌ക്ക്‌ ചെറിയൊരു വിടവുണ്ടായിരുന്നെങ്കിൽ തണ്ടുകൾ കാണാമായിരുന്നിരിക്കണം, അല്ലെങ്കിൽ മഹാപുരോഹിതൻ അതിവിശുദ്ധത്തിലേക്ക്‌ പ്രവേശിക്കുമ്പോൾ അവ കാണാമായിരുന്നു. തിരശ്ശീല പെട്ടകത്തെ മറച്ചിരുന്നെങ്കിലും ഇരു വശങ്ങളിലേക്കും നീണ്ടുനിൽക്കുന്ന തണ്ടുകൾ വിടവിലൂടെ കാണാൻ കഴിയുമായിരുന്നിരിക്കണം. ഈ വിശദീകരണം യുക്തിസഹമാണെങ്കിലും അത്‌ അങ്ങനെതന്നെയാണെന്ന്‌ നമുക്ക്‌ ശഠിക്കാനാവില്ല.

വ്യക്തമായും, നമുക്കു പഠിക്കാൻ ഇനിയും കൂടുതൽ വിശദാംശങ്ങൾ ഉണ്ട്‌. അപ്പൊസ്‌തലനായ പൗലൊസ്‌ അതേ കുറിച്ചുള്ള ചില കാര്യങ്ങൾ എബ്രായർക്കുള്ള തന്റെ ലേഖനത്തിൽ പരാമർശിക്കുകയുണ്ടായി. എന്നിട്ട്‌ അവൻ ഇങ്ങനെ കൂട്ടിച്ചേർത്തു: “ക്രമപ്പെടുത്തിയിരുന്ന ഓരോന്നിനെയുംകുറിച്ചു പറയാനുള്ള സമയമല്ലല്ലോ ഇത്‌.” (എബ്രായർ 9:​5, പ്‌ശീത്താ പുതിയ നിയമം) വിശ്വസ്‌തരായവരുടെ വരാൻ പോകുന്ന പുനരുത്ഥാനത്തിൽ മോശെ, അഹരോൻ, ബെസലേൽ തുടങ്ങി സമാഗമന കൂടാരത്തിന്റെ രൂപകൽപ്പനയും പ്രവർത്തനവുമായി വ്യക്തിപരമായി ബന്ധമുണ്ടായിരുന്ന പുരുഷന്മാരോട്‌ അതേ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയാൻ അവസരം ലഭിക്കേണ്ടതാണ്‌.​—⁠പുറപ്പാടു 36:⁠1.

[അടിക്കുറിപ്പുകൾ]

^ ഖ. 3 പെട്ടകം സമാഗമന കൂടാരത്തിൽ ആയിരിക്കുമ്പോൾ പോലും തണ്ടുകൾ വളയങ്ങൾക്കുള്ളിൽനിന്ന്‌ നീക്കാൻ പാടില്ലായിരുന്നു. അതുകൊണ്ടുതന്നെ, ആ തണ്ടുകൾ മറ്റേതെങ്കിലും ആവശ്യങ്ങൾക്ക്‌ ഉപയോഗിക്കാൻ സാധിക്കുമായിരുന്നില്ല. കൂടാതെ, ആർക്കും പെട്ടകം കൈകൊണ്ട്‌ തൊടാൻ അനുവാദമില്ലായിരുന്നു; തണ്ടുകൾ വളയങ്ങളിൽനിന്ന്‌ ഊരിയെടുത്താൽ വിശുദ്ധ പെട്ടകം ചുമന്നുകൊണ്ടുപോകേണ്ടി വരുന്ന ഓരോ അവസരത്തിലും തണ്ടുകൾ വീണ്ടും വളയങ്ങളിലൂടെ കടത്താനായി പെട്ടകം കൈകൊണ്ട്‌ തൊടേണ്ടിവരും. സംഖ്യാപുസ്‌തകം 4:​6-ലെ ‘തണ്ടു ചെലുത്തുക’ എന്ന പരാമർശം, നല്ല ഭാരമുള്ള പെട്ടകം പുതിയ പാളയത്തിലേക്കു ചുമന്നുകൊണ്ടുപോകാൻ തണ്ടുകൾ ക്രമപ്പെടുത്തുന്നതിനെ ആയിരിക്കാം പരാമർശിക്കുന്നത്‌.