വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘ദീർഘക്ഷമ ധരിപ്പിൻ’

‘ദീർഘക്ഷമ ധരിപ്പിൻ’

‘ദീർഘക്ഷമ ധരിപ്പിൻ’

‘മനസ്സലിവും ദീർഘക്ഷമയും ധരിപ്പിൻ.’​—⁠കൊലൊസ്സ്യർ 3:12.

1. ദീർഘക്ഷമയുടെ ഒരു നല്ല ദൃഷ്ടാന്തം നൽകുക.

ഫ്രാൻസിന്റെ തെക്കുപടിഞ്ഞാറുള്ള ഒരു പ്രദേശത്തു താമസിക്കുന്ന റേഷിസ്‌ 1952-ൽ യഹോവയുടെ സ്‌നാപനമേറ്റ ഒരു സാക്ഷി ആയിത്തീർന്നു. യഹോവയെ സേവിക്കുന്നതിൽനിന്ന്‌ അദ്ദേഹത്തെ തടയാൻ ഭാര്യ വർഷങ്ങളോളം തന്നാൽ ആകുന്നതെല്ലാം ചെയ്‌തു. അദ്ദേഹം യോഗങ്ങളിൽ സംബന്ധിക്കുന്നതു തടയാൻ ആ സ്‌ത്രീ അദ്ദേഹത്തിന്റെ വാഹനത്തിന്റെ ടയറിലെ കാറ്റ്‌ അഴിച്ചുവിടാൻ നോക്കി. മറ്റൊരു അവസരത്തിൽ, റേഷിസ്‌ വീടുതോറും രാജ്യത്തിന്റെ സുവാർത്ത പ്രസംഗിക്കവേ ഭാര്യ പിന്നാലെ ചെന്ന്‌ അദ്ദേഹത്തെ പരിഹസിച്ചു. നിരന്തരമായ എതിർപ്പു നേരിട്ടിട്ടും റേഷിസ്‌ ദീർഘക്ഷമയോടെ തന്റെ പ്രവർത്തനം തുടർന്നു. അദ്ദേഹം എല്ലാ ക്രിസ്‌ത്യാനികൾക്കും മാതൃകയാണ്‌. കാരണം, യഹോവയുടെ എല്ലാ ദാസരും മറ്റുള്ളവരുമായുള്ള ഇടപെടലുകളിൽ ദീർഘക്ഷമ ഉള്ളവരായിരിക്കാൻ അവൻ ആവശ്യപ്പെടുന്നു.

2. “ദീർഘക്ഷമ” എന്നതിനുള്ള ഗ്രീക്കു പദത്തിന്റെ അക്ഷരീയ അർഥം എന്ത്‌, ആ പദത്തിൽ എന്ത്‌ ആശയം അടങ്ങിയിരിക്കുന്നു?

2 “ദീർഘക്ഷമ” എന്നതിനുള്ള ഗ്രീക്കു പദത്തിന്റെ അക്ഷരീയ അർഥം “മനോഭാവത്തിന്റെ ദൈർഘ്യം” എന്നാണ്‌. സത്യവേദപുസ്‌തകത്തിൽ ഈ പദം പതിമൂന്നു പ്രാവശ്യം “ദീർഘക്ഷമ” എന്നും ഒരു പ്രാവശ്യം “ദീർഘക്ഷാന്തി” എന്നും വിവർത്തനം ചെയ്‌തിരിക്കുന്നു. “ദീർഘക്ഷമ” എന്നു വിവർത്തനം ചെയ്‌തിരിക്കുന്ന എബ്രായ, ഗ്രീക്കു പദങ്ങൾ ക്ഷമ, സഹനം, കോപത്തിനു താമസം എന്ന ആശയം നൽകുന്നതാണ്‌.

3. ദീർഘക്ഷമ സംബന്ധിച്ച ക്രിസ്‌തീയ വീക്ഷണം ഒന്നാം നൂറ്റാണ്ടിലെ ഗ്രീക്കുകാരുടെ വീക്ഷണത്തിൽനിന്നു വ്യത്യസ്‌തമായിരുന്നത്‌ എങ്ങനെ?

3 ഒന്നാം നൂറ്റാണ്ടിലെ ഗ്രീക്കുകാർ ദീർഘക്ഷമയെ ഒരു സദ്‌ഗുണമായി വീക്ഷിച്ചിരുന്നില്ല. സ്റ്റോയിക്‌ തത്ത്വചിന്തകരും ആ പദം ഒരിക്കലും ഉപയോഗിച്ചിരുന്നില്ല. ബൈബിൾ പണ്ഡിതനായ വില്യം ബാർക്ലെ പറയുന്നതനുസരിച്ച്‌, “അപമാനമോ നിന്ദയോ സഹിക്കാനുള്ള വിസമ്മത”ത്തെയും മറ്റും ശ്രേഷ്‌ഠമായി വീക്ഷിച്ചിരുന്ന “ഗ്രീക്കു സദ്‌ഗുണത്തിനു നേർവിപരീതം” ആണ്‌ ദീർഘക്ഷമ. അദ്ദേഹം ഇങ്ങനെ പ്രസ്‌താവിക്കുന്നു: “ഗ്രീക്കുകാരെ സംബന്ധിച്ചിടത്തോളം എങ്ങനെയും പ്രതികാരം ചെയ്യുന്ന ഒരുവനായിരുന്നു നല്ലവൻ. എന്നാൽ ക്രിസ്‌ത്യാനികളെ സംബന്ധിച്ചിടത്തോളം, പ്രതികാരം ചെയ്യാൻ കഴിയുമ്പോൾ പോലും അതിനു വിസമ്മതിക്കുന്നവനാണ്‌ നല്ലവൻ.” ഗ്രീക്കുകാർ ദീർഘക്ഷമയെ ബലഹീനതയുടെ ഒരു ലക്ഷണമായി കണക്കാക്കിയിരിക്കാം. എന്നാൽ, മറ്റു കാര്യങ്ങളിലെന്ന പോലെ ഇതിലും “ദൈവത്തിന്റെ ഭോഷത്വം മനുഷ്യരെക്കാൾ ജ്ഞാനമേറിയതും ദൈവത്തിന്റെ ബലഹീനത മനുഷ്യരെക്കാൾ ബലമേറിയതും ആകുന്നു.”​—⁠1 കൊരിന്ത്യർ 1:⁠25.

ദീർഘക്ഷമ സംബന്ധിച്ച ക്രിസ്‌തുവിന്റെ മാതൃക

4, 5. ദീർഘക്ഷമ സംബന്ധിച്ച്‌ എത്ര വിസ്‌മയകരമായ ദൃഷ്ടാന്തമാണ്‌ യേശു വെച്ചത്‌?

4 യഹോവ കഴിഞ്ഞാൽ അടുത്ത സ്ഥാനമുള്ള യേശുക്രിസ്‌തു ദീർഘക്ഷമ സംബന്ധിച്ച്‌ ഒരു മികച്ച മാതൃക വെച്ചു. കടുത്ത സമ്മർദത്തിൻ കീഴിലായിരുന്നപ്പോൾ യേശു അമ്പരപ്പിക്കുന്ന നിയന്ത്രണം പ്രകടമാക്കി. അവനെ കുറിച്ച്‌ ഇങ്ങനെ പ്രവചിച്ചിരുന്നു: “തന്നെത്താൻ താഴ്‌ത്തി വായെ തുറക്കാതെയിരുന്നിട്ടും അവൻ പീഡിപ്പിക്കപ്പെട്ടു; കൊല്ലുവാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുമ്പാകെ മിണ്ടാതെയിരിക്കുന്ന ആടിനെപ്പോലെയും അവൻ വായെ തുറക്കാതിരുന്നു.”​—⁠യെശയ്യാവു 53:⁠7.

5 ഭൂമിയിൽ തന്റെ ശുശ്രൂഷക്കാലത്ത്‌ ഉടനീളം എത്ര വലിയ ദീർഘക്ഷമയാണ്‌ യേശു പ്രകടമാക്കിയത്‌! ശത്രുക്കളിൽ നിന്നുള്ള കുടിലമായ ചോദ്യശരങ്ങളും എതിരാളികളിൽ നിന്നുള്ള അപമാനവും അവൻ സഹിച്ചു. (മത്തായി 22:15-46; 1 പത്രൊസ്‌ 2:23) തങ്ങളിൽ ഏറ്റവും വലിയവൻ ആരാണ്‌ എന്നതു സംബന്ധിച്ച്‌ ശിഷ്യന്മാർ തുടർച്ചയായി വഴക്കടിച്ചപ്പോൾ പോലും അവൻ അവരോടു ക്ഷമയുള്ളവൻ ആയിരുന്നു. (മർക്കൊസ്‌ 9:33-37; 10:35-45; ലൂക്കൊസ്‌ 22:24-27) തന്നെ ഒറ്റിക്കൊടുത്ത രാത്രിയിൽ, “ഉണർന്നിരുന്നു പ്രാർത്ഥിപ്പിൻ” എന്ന്‌ ആഹ്വാനം നൽകിയിട്ടും പത്രൊസും യോഹന്നാനും ഉറങ്ങുന്നതു കണ്ടപ്പോൾ യേശു എത്ര ശ്രദ്ധേയമായ നിയന്ത്രണമാണു പ്രകടമാക്കിയത്‌!​—⁠മത്തായി 26:36-41.

6. യേശുവിന്റെ ദീർഘക്ഷമയിൽനിന്ന്‌ പൗലൊസ്‌ എങ്ങനെ പ്രയോജനം നേടി, നാം അതിൽനിന്ന്‌ എന്തു പഠിക്കുന്നു?

6 മരണത്തിനും പുനരുത്ഥാനത്തിനും ശേഷവും യേശു ദീർഘക്ഷമ കാട്ടുന്നതിൽ തുടർന്നു. പൗലൊസ്‌ അപ്പൊസ്‌തലൻ ഇതു സംബന്ധിച്ച്‌ വിശേഷാൽ ബോധവാനായിരുന്നു. കാരണം, അവൻ മുമ്പ്‌ ക്രിസ്‌ത്യാനികളെ പീഡിപ്പിച്ചിരുന്നു. പൗലൊസ്‌ ഇങ്ങനെ എഴുതി: “ക്രിസ്‌തുയേശു പാപികളെ രക്ഷിപ്പാൻ ലോകത്തിൽ വന്നു എന്നുള്ളതു വിശ്വാസ്യവും എല്ലാവരും അംഗീകരിപ്പാൻ യോഗ്യവുമായ വചനം തന്നേ; ആ പാപികളിൽ ഞാൻ ഒന്നാമൻ. എന്നിട്ടും യേശുക്രിസ്‌തു നിത്യജീവന്നായിക്കൊണ്ടു തന്നിൽ വിശ്വസിപ്പാനുള്ളവർക്കു ദൃഷ്ടാന്തത്തിന്നായി സകല ദീർഘക്ഷമയും ഒന്നാമനായ എന്നിൽ കാണിക്കേണ്ടതിന്നു എനിക്കു കരുണ ലഭിച്ചു.” (1 തിമൊഥെയൊസ്‌ 1:15, 16) നമ്മുടെ കഴിഞ്ഞകാല ഗതി എന്തായിരുന്നാലും, നാം യേശുവിൽ വിശ്വാസം അർപ്പിക്കുന്നെങ്കിൽ നാം “മാനസാന്തരത്തിന്നു യോഗ്യമായ പ്രവൃത്തികൾ” ഉളവാക്കാൻ പ്രതീക്ഷിച്ചുകൊണ്ട്‌ അവൻ നമ്മോടു ദീർഘക്ഷമ കാണിക്കും. (പ്രവൃത്തികൾ 26:20; റോമർ 2:4) യേശു ദീർഘക്ഷമ ഉള്ളവൻ ആയിരിക്കുമ്പോൾത്തന്നെ, നാം പുരോഗമിക്കാൻ അവൻ പ്രതീക്ഷിക്കുന്നതായി ഏഷ്യാമൈനറിലെ ഏഴു സഭകൾക്ക്‌ അവൻ അയച്ച സന്ദേശങ്ങൾ പ്രകടമാക്കുന്നു.​—⁠വെളിപ്പാടു 2-ഉം 3-ഉം അധ്യായങ്ങൾ.

ആത്മാവിന്റെ ഒരു ഫലം

7. ദീർഘക്ഷമയും പരിശുദ്ധാത്മാവും തമ്മിലുള്ള ബന്ധമെന്ത്‌?

7 ഗലാത്യർക്കുള്ള ലേഖനത്തിന്റെ അഞ്ചാം അധ്യായത്തിൽ, പൗലൊസ്‌ ജഡത്തിന്റെ പ്രവൃത്തികളെ ആത്മാവിന്റെ ഫലവുമായി വിപരീത താരതമ്യം ചെയ്യുന്നു. (ഗലാത്യർ 5:19-23) ദീർഘക്ഷമ യഹോവയുടെ ഗുണങ്ങളിൽ ഒന്നായതുകൊണ്ട്‌ അവനിൽനിന്ന്‌ ഉത്ഭവിക്കുന്ന ആ ഗുണം അവന്റെ ആത്മാവിന്റെ ഒരു ഫലമാണ്‌. (പുറപ്പാടു 34:6, 7) ആത്മാവിന്റെ ഫലത്തെ കുറിച്ചുള്ള വിവരണത്തിൽ ദീർഘക്ഷമയെ “സ്‌നേഹം, സന്തോഷം, സമാധാനം, . . . ദയ, പരോപകാരം, വിശ്വസ്‌തത, സൌമ്യത, ഇന്ദ്രിയജയം” എന്നിവയുടെ കൂട്ടത്തിൽ നാലാമതായി പട്ടികപ്പെടുത്തിയിരിക്കുന്നു. (ഗലാത്യർ 5:22, 23) അതുകൊണ്ട്‌, ദൈവദാസന്മാർ ദീർഘക്ഷമ പ്രകടമാക്കുമ്പോൾ അവർ പരിശുദ്ധാത്മാവിന്റെ സ്വാധീനത്തിലാണ്‌ അങ്ങനെ ചെയ്യുന്നത്‌.

8. ദീർഘക്ഷമ ഉൾപ്പെടെ ആത്മാവിന്റെ ഫലം നട്ടുവളർത്താൻ നമ്മെ എന്തു സഹായിക്കും?

8 എന്നാൽ, യഹോവ തന്റെ ആത്മാവിനെ ഒരു വ്യക്തിയുടെമേൽ അടിച്ചേൽപ്പിക്കുന്നു എന്ന്‌ അതിനർഥമില്ല. നാം അതിന്റെ സ്വാധീനത്തിനു സ്വമനസ്സാലെ കീഴ്‌പെടേണ്ടതുണ്ട്‌. (2 കൊരിന്ത്യർ 3:17; എഫെസ്യർ 4:30) നാം ചെയ്യുന്ന സകലത്തിലും ആത്മാവിന്റെ ഫലങ്ങൾ നട്ടുവളർത്തിക്കൊണ്ട്‌ ആത്മാവ്‌ നമ്മുടെ ജീവിതത്തിൽ പ്രവർത്തിക്കാൻ നാം അനുവദിക്കുന്നു. ജഡത്തിന്റെ പ്രവൃത്തികളെയും ആത്മാവിന്റെ ഫലത്തെയും പട്ടികപ്പെടുത്തിയ ശേഷം പൗലൊസ്‌ ഇങ്ങനെ കൂട്ടിച്ചേർത്തു: “ആത്മാവിനാൽ നാം ജീവിക്കുന്നു എങ്കിൽ ആത്മാവിനെ അനുസരിച്ചു നടക്കുകയും ചെയ്‌ക. വഞ്ചനപ്പെടാതിരിപ്പിൻ; ദൈവത്തെ പരിഹസിച്ചുകൂടാ; മനുഷ്യൻ വിതെക്കുന്നതു തന്നേ കൊയ്യും. ജഡത്തിൽ വിതെക്കുന്നവൻ ജഡത്തിൽനിന്നു നാശം കൊയ്യും; ആത്മാവിൽ വിതെക്കുന്നവൻ ആത്മാവിൽനിന്നു നിത്യജീവനെ കൊയ്യും.” (ഗലാത്യർ 5:25; 6:7, 8) നാം ദീർഘക്ഷമ നട്ടുവളർത്തുന്നതിൽ വിജയിക്കണമെങ്കിൽ, പരിശുദ്ധാത്മാവ്‌ ക്രിസ്‌ത്യാനികളിൽ ഉളവാക്കുന്ന ആത്മാവിന്റെ മറ്റു ഫലങ്ങളും നാം നട്ടുവളർത്തേണ്ടതുണ്ട്‌.

‘സ്‌നേഹം ദീർഘമായി ക്ഷമിക്കുന്നു’

9. സാധ്യതയനുസരിച്ച്‌, ‘സ്‌നേഹം ദീർഘമായി ക്ഷമിക്കുന്നു’ എന്നു പൗലൊസ്‌ കൊരിന്ത്യരോടു പറഞ്ഞത്‌ എന്തുകൊണ്ട്‌?

9 ‘സ്‌നേഹം ദീർഘമായി ക്ഷമിക്കുന്നു’ എന്നു പ്രസ്‌താവിച്ചതിലൂടെ സ്‌നേഹവും ദീർഘക്ഷമയും പ്രത്യേകമായ ഒരു വിധത്തിൽ ബന്ധപ്പെട്ടിരിക്കുന്നു എന്ന്‌ പൗലൊസ്‌ പ്രകടമാക്കി. (1 കൊരിന്ത്യർ 13:4) കൊരിന്തിലെ ക്രിസ്‌തീയ സഭയിൽ നിലവിലിരുന്ന ശണ്‌ഠയും വിദ്വേഷവും കണക്കിലെടുത്തുകൊണ്ടാണ്‌ പൗലൊസ്‌ അതിന്‌ ഊന്നൽ നൽകിയതെന്ന്‌ ഒരു ബൈബിൾ പണ്ഡിതനായ ആൽബെർട്ട്‌ ബാൺസ്‌ പറയുന്നു. (1 കൊരിന്ത്യർ 1:11, 12) അദ്ദേഹം ഇങ്ങനെ പറയുന്നു: “[ദീർഘക്ഷമ എന്നതിന്‌] ഇവിടെ ഉപയോഗിച്ചിരിക്കുന്ന പദം വിചാരശൂന്യമായ പ്രവൃത്തിക്ക്‌ വിരുദ്ധമാണ്‌. അത്‌ കോപിഷ്‌ഠമായ സംസാരത്തിനും ചിന്തകൾക്കും വിക്ഷോഭത്തിനും നേർവിപരീതമാണ്‌. ഞെരുക്കം അനുഭവിക്കുമ്പോൾ, പ്രകോപിപ്പിക്കപ്പെടുമ്പോൾ ദീർഘമായി സഹിച്ചുനിൽക്കാൻ കഴിവുള്ള മാനസികാവസ്ഥയെ അതു സൂചിപ്പിക്കുന്നു.” ക്രിസ്‌തീയ സഭയുടെ സമാധാനത്തിൽ ഇപ്പോഴും വലിയ പങ്കു വഹിക്കുന്ന രണ്ടു ഘടകങ്ങളാണ്‌ സ്‌നേഹവും ദീർഘക്ഷമയും.

10. (എ) ദീർഘക്ഷമ ഉള്ളവരായിരിക്കാൻ സ്‌നേഹം നമ്മെ സഹായിക്കുന്നത്‌ എങ്ങനെ, ഇക്കാര്യത്തിൽ പൗലൊസ്‌ അപ്പൊസ്‌തലൻ എന്തു ബുദ്ധിയുപദേശം നൽകുന്നു? (ബി) ദീർഘക്ഷമയും ദയയും സംബന്ധിച്ച്‌ ഒരു ബൈബിൾ പണ്ഡിതൻ എന്തു പറഞ്ഞു? (അടിക്കുറിപ്പ്‌ കാണുക.)

10 “സ്‌നേഹം ദീർഘമായി ക്ഷമിക്കയും ദയ കാണിക്കയും ചെയ്യുന്നു; സ്‌നേഹം . . . സ്വാർത്ഥം അന്വേഷിക്കുന്നില്ല, ദ്വേഷ്യപ്പെടുന്നില്ല.” അതുകൊണ്ട്‌, ദീർഘക്ഷമ ഉള്ളവരായിരിക്കാൻ സ്‌നേഹം പല വിധങ്ങളിൽ നമ്മെ സഹായിക്കുന്നു. * (1 കൊരിന്ത്യർ 13:4, 5) ക്ഷമയോടെ അന്യോന്യം പൊറുക്കാനും നാമെല്ലാം അപൂർണരും തെറ്റുകുറ്റങ്ങൾ ഉള്ളവരും ആണെന്ന്‌ ഓർക്കാനും സ്‌നേഹം നമ്മെ സഹായിക്കുന്നു. പരിഗണനയും ക്ഷമയും ഉള്ളവരായിരിക്കാൻ അത്‌ ഇടയാക്കുന്നു. “പൂർണ്ണവിനയത്തോടും സൌമ്യതയോടും ദീർഘക്ഷമയോടുംകൂടെ നടക്കയും സ്‌നേഹത്തിൽ അന്യോന്യം പൊറുക്കയും ആത്മാവിന്റെ ഐക്യത സമാധാനബന്ധത്തിൽ കാപ്പാൻ ശ്രമിക്കയും ചെയ്‌വിൻ” എന്ന്‌ പൗലൊസ്‌ അപ്പൊസ്‌തലൻ നമ്മെ പ്രോത്സാഹിപ്പിക്കുന്നു.​—⁠എഫെസ്യർ 4:1-3.

11. വിവിധ ഇടങ്ങളിലെ ക്രിസ്‌തീയ കൂട്ടങ്ങൾക്കിടയിൽ ദീർഘക്ഷമ പ്രത്യേകിച്ചും പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

11 സഭകളിലോ ബെഥേൽ ഭവനങ്ങളിലോ മിഷനറി ഭവനങ്ങളിലോ നിർമാണ പ്രവർത്തനങ്ങളിലോ വിദ്യാലയങ്ങളിലോ ആയിരുന്നാലും, ക്രിസ്‌ത്യാനികൾ പ്രകടമാക്കുന്ന ദീർഘക്ഷമ അവരുടെ സമൂഹങ്ങളിൽ സമാധാനവും സന്തുഷ്ടിയും ഉണ്ടായിരിക്കാൻ സഹായിക്കുന്നു. വ്യക്തിത്വം, അഭിരുചി, ബാല്യകാല പരിശീലനം, മര്യാദ സംബന്ധിച്ച മാനദണ്ഡങ്ങൾ, ഉയർന്ന ശുചിത്വം എന്നിവയിലെ വൈജാത്യങ്ങൾ നിമിത്തം അലോസരപ്പെടുത്തുന്ന സാഹചര്യങ്ങൾ ഇടയ്‌ക്കിടെ ഉടലെടുത്തേക്കാം. കുടുംബങ്ങളുടെ കാര്യത്തിലും ഇതു ശരിയാണ്‌. കോപിക്കാൻ താമസമുള്ളവർ ആയിരിക്കുന്നതു വളരെ പ്രധാനമാണ്‌. (സദൃശവാക്യങ്ങൾ 14:29; 15:18; 19:11) ദീർഘക്ഷമ​—⁠കാര്യങ്ങൾ മെച്ചപ്പെടുമെന്ന പ്രതീക്ഷയോടെ ക്ഷമാപൂർവം പുലർത്തുന്ന സഹിഷ്‌ണുത​—⁠എല്ലാവർക്കും അനിവാര്യമാണ്‌.​—⁠റോമർ 15:1-6.

സഹിച്ചുനിൽക്കാൻ ദീർഘക്ഷമ സഹായിക്കുന്നു

12. ദുഷ്‌കരമായ സാഹചര്യങ്ങളിൽ ദീർഘക്ഷമ പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

12 അവസാനിക്കാത്തതെന്നോ പെട്ടെന്നൊരു പരിഹാരം ഇല്ലാത്തതെന്നോ തോന്നിക്കുന്ന ദുഷ്‌കരമായ സാഹചര്യങ്ങളിൽ സഹിച്ചുനിൽക്കാൻ ദീർഘക്ഷമ നമ്മെ സഹായിക്കുന്നു. തുടക്കത്തിൽ പരാമർശിച്ച റേഷിസിന്റെ കാര്യത്തിൽ അതു സത്യമായിരുന്നു. യഹോവയെ സേവിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളെ വർഷങ്ങളോളം ഭാര്യ എതിർത്തു. എന്നാൽ ഒരിക്കൽ കരഞ്ഞുകൊണ്ട്‌ അവൾ അദ്ദേഹത്തോട്‌ ഇപ്രകാരം പറഞ്ഞു: “ഇതു സത്യമാണെന്ന്‌ എനിക്ക്‌ അറിയാം. എന്നെ സഹായിക്കൂ. എനിക്കു ബൈബിൾ പഠിക്കണം.” ഒടുവിൽ അദ്ദേഹത്തിന്റെ ഭാര്യ ഒരു സാക്ഷിയായി സ്‌നാപനമേറ്റു. റേഷിസ്‌ പറയുന്നു: “കഷ്ടപ്പാടിന്റെയും ക്ഷമയുടെയും സഹിഷ്‌ണുതയുടെയും ആ വർഷങ്ങളെ യഹോവ അനുഗ്രഹിച്ചു എന്നതിന്റെ തെളിവാണ്‌ ഇത്‌.” അദ്ദേഹത്തിന്റെ ദീർഘക്ഷമയ്‌ക്കു പ്രതിഫലം കിട്ടി.

13. സഹിച്ചുനിൽക്കാൻ പൗലൊസിനെ പ്രാപ്‌തനാക്കിയത്‌ എന്ത്‌, അവന്റെ ദൃഷ്ടാന്തത്തിന്‌ സഹിച്ചുനിൽക്കാൻ നമ്മെ എങ്ങനെ സഹായിക്കാനാകും?

13 പൊ.യു. ഒന്നാം നൂറ്റാണ്ടിൽ, പൗലൊസ്‌ അപ്പൊസ്‌തലൻ ദീർഘക്ഷമ പ്രകടമാക്കുന്നതിൽ ഒരു നല്ല മാതൃക ആയിരുന്നു. (2 കൊരിന്ത്യർ 6:3-10; 1 തിമൊഥെയൊസ്‌ 1:16) തന്റെ ജീവകാലത്തിന്റെ അവസാനത്തോടടുത്ത്‌, യുവസുഹൃത്തായ തിമൊഥെയൊസിനു ബുദ്ധിയുപദേശം കൊടുത്തപ്പോൾ എല്ലാ ക്രിസ്‌ത്യാനികളും കഷ്ടം സഹിക്കേണ്ടിവരുമെന്ന്‌ പൗലൊസ്‌ മുന്നറിയിപ്പു നൽകി. പൗലൊസ്‌ തന്റെ സ്വന്തം ദൃഷ്ടാന്തം പരാമർശിക്കുകയും സഹിഷ്‌ണുതയ്‌ക്ക്‌ അനിവാര്യമായ അടിസ്ഥാന ക്രിസ്‌തീയ ഗുണങ്ങൾ ശുപാർശ ചെയ്യുകയും ചെയ്‌തു. അവൻ ഇപ്രകാരം എഴുതി: “നീയോ എന്റെ ഉപദേശം, നടപ്പു, ഉദ്ദേശം, വിശ്വാസം, ദീർഘക്ഷമ, സ്‌നേഹം, സഹിഷ്‌ണുത എന്നിവയും അന്ത്യൊക്ക്യയിലും ഇക്കൊന്യയിലും ലുസ്‌ത്രയിലും എനിക്കു സംഭവിച്ച ഉപദ്രവവും കഷ്ടാനുഭവവും കണ്ടറിഞ്ഞിരിക്കുന്നു; ഞാൻ എന്തെല്ലാം ഉപദ്രവം സഹിച്ചു; അതിലെല്ലാററിൽ നിന്നും കർത്താവു എന്നെ വിടുവിച്ചു. എന്നാൽ ക്രിസ്‌തുയേശുവിൽ ഭക്തിയോടെ ജീവിപ്പാൻ മനസ്സുള്ളവർക്കു എല്ലാം ഉപദ്രവം ഉണ്ടാകും.” (2 തിമൊഥെയൊസ്‌ 3:10-12; പ്രവൃത്തികൾ 13:49-51; 14:19-22) സഹിച്ചുനിൽക്കാൻ നമുക്കു വിശ്വാസവും സ്‌നേഹവും ദീർഘക്ഷമയും ആവശ്യമാണ്‌.

ദീർഘക്ഷമ ധരിച്ച്‌

14. ദീർഘക്ഷമ പോലുള്ള ദൈവിക ഗുണങ്ങളെ പൗലൊസ്‌ എന്തിനോട്‌ ഉപമിച്ചു, കൊലൊസ്യ ക്രിസ്‌ത്യാനികൾക്ക്‌ അവൻ എന്തു ബുദ്ധിയുപദേശം നൽകി?

14 “പഴയ വ്യക്തിത്വ”ത്തിന്റെ ഭാഗമായിരുന്ന പ്രവൃത്തികൾ ഉരിഞ്ഞുകളഞ്ഞശേഷം ക്രിസ്‌ത്യാനികൾ ധരിക്കേണ്ട വസ്‌ത്രങ്ങളോട്‌ ദീർഘക്ഷമയെയും മറ്റു ദൈവിക ഗുണങ്ങളെയും പൗലൊസ്‌ അപ്പൊസ്‌തലൻ ഉപമിച്ചു. (കൊലൊസ്സ്യർ 3:5-10, NW) അവൻ ഇങ്ങനെ എഴുതി: “ദൈവത്തിന്റെ വൃതന്മാരും വിശുദ്ധന്മാരും പ്രിയരുമായി മനസ്സലിവു, ദയ, താഴ്‌മ, സൌമ്യത, ദീർഘക്ഷമ എന്നിവ ധരിച്ചുകൊണ്ടു അന്യോന്യം പൊറുക്കയും ഒരുവനോടു ഒരുവന്നു വഴക്കുണ്ടായാൽ തമ്മിൽ ക്ഷമിക്കയും ചെയ്‌വിൻ; കർത്താവു നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും ചെയ്‌വിൻ. എല്ലാററിന്നും മീതെ സമ്പൂർണ്ണതയുടെ ബന്ധമായ സ്‌നേഹം ധരിപ്പിൻ.”​—⁠കൊലൊസ്സ്യർ 3:12-14.

15. ക്രിസ്‌ത്യാനികൾ ദീർഘക്ഷമയും മറ്റു ദൈവിക ഗുണങ്ങളും ‘ധരിക്കുന്ന’തിന്റെ ഫലം എന്താണ്‌?

15 ഒരു സഭയിലെ അംഗങ്ങൾ മനസ്സലിവ്‌, ദയ, താഴ്‌മ, സൗമ്യത, ദീർഘക്ഷമ, സ്‌നേഹം എന്നീ ഗുണങ്ങൾ ‘ധരിക്കു’മ്പോൾ പ്രശ്‌നങ്ങൾ പരിഹരിച്ചുകൊണ്ട്‌ യഹോവയുടെ സേവനത്തിൽ ഐക്യത്തോടെ മുന്നേറാൻ അവർക്കു സാധിക്കും. വിശേഷിച്ചും ക്രിസ്‌തീയ മേൽവിചാരകന്മാർ ദീർഘക്ഷമയുള്ളവർ ആയിരിക്കണം. അവർ മറ്റൊരു ക്രിസ്‌ത്യാനിയെ ശാസിക്കേണ്ട സമയങ്ങൾ ഉണ്ടായിരിക്കാം. എന്നാൽ, അതു ചെയ്യുന്നതിന്‌ വ്യത്യസ്‌ത രീതികൾ ഉണ്ട്‌. തിമൊഥെയൊസിന്‌ എഴുതവേ, ഉണ്ടായിരിക്കേണ്ട ഏറ്റവും നല്ല മനോഭാവത്തെ കുറിച്ചു പൗലൊസ്‌ വിവരിച്ചു: “സകല ദീർഘക്ഷമയോടും പഠിപ്പിക്കൽ കലയോടും കൂടെ ശാസിക്കുകയും താക്കീതു നൽകുകയും പ്രബോധിപ്പിക്കുകയും ചെയ്യുക.” (2 തിമൊഥെയൊസ്‌ 4:​2, NW) അതേ, ദീർഘക്ഷമയോടും മാന്യതയോടും ആർദ്രതയോടും കൂടെ വേണം യഹോവയുടെ ആടുകളോട്‌ എപ്പോഴും ഇടപെടാൻ.​—⁠മത്തായി 7:12; 11:28; പ്രവൃത്തികൾ 20:28, 29; റോമർ 12:⁠10.

“എല്ലാവരോടും ദീർഘക്ഷമ കാണിപ്പിൻ”

16. നാം ‘എല്ലാവരോടും ദീർഘക്ഷമ കാണിക്കു’ന്നതിന്റെ ഫലം എന്തായിരിക്കാം?

16 യഹോവ മനുഷ്യവർഗത്തോടു ദീർഘക്ഷമ കാണിക്കുന്നു എന്ന വസ്‌തുത, ‘എല്ലാവരോടും ദീർഘക്ഷമ കാണിക്കാ’നുള്ള ഒരു ധാർമിക ചുമതല നമ്മുടെമേൽ വരുത്തിവെക്കുന്നു. (1 തെസ്സലൊനീക്യർ 5:14) സാക്ഷികളല്ലാത്ത കുടുംബാംഗങ്ങളോടും അയൽക്കാരോടും സഹജോലിക്കാരോടും സഹപാഠികളോടുമൊക്കെ നാം ക്ഷമയുള്ളവർ ആയിരിക്കണം എന്നാണ്‌ അതിന്റെ അർഥം. ജോലിസ്ഥലത്തോ സ്‌കൂളിലോ ആളുകളിൽനിന്നു പരിഹാസമോ കടുത്ത എതിർപ്പോ, ചിലപ്പോൾ വർഷങ്ങളോളം പോലും, സഹിക്കേണ്ടിവന്ന സാക്ഷികൾക്കു പല മുൻവിധികളെയും തരണം ചെയ്യാൻ സാധിച്ചിട്ടുണ്ട്‌. (കൊലൊസ്സ്യർ 4:5, 6) പത്രൊസ്‌ അപ്പൊസ്‌തലൻ ഇങ്ങനെ എഴുതി: “നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടറിഞ്ഞിട്ടു സന്ദർശനദിവസത്തിൽ ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിന്നു അവരുടെ ഇടയിൽ നിങ്ങളുടെ നടപ്പു നന്നായിരിക്കേണം.”​—⁠1 പത്രൊസ്‌ 2:12.

17. യഹോവയുടെ സ്‌നേഹത്തെയും ദീർഘക്ഷമയെയും നമുക്ക്‌ എങ്ങനെ അനുകരിക്കാൻ കഴിയും, നാം അങ്ങനെ ചെയ്യേണ്ടത്‌ എന്തുകൊണ്ട്‌?

17 യഹോവയുടെ ദീർഘക്ഷമ ദശലക്ഷക്കണക്കിന്‌ ആളുകൾക്കു രക്ഷയെ അർഥമാക്കും. (2 പത്രൊസ്‌ 3:9, 15) യഹോവയുടെ സ്‌നേഹവും ദീർഘക്ഷമയും നാം അനുകരിക്കുന്നെങ്കിൽ, ദൈവരാജ്യ സുവാർത്ത പ്രസംഗിക്കുന്നതിലും ക്രിസ്‌തുവിന്റെ രാജ്യഭരണത്തിനു കീഴ്‌പെടാൻ മറ്റുള്ളവരെ പഠിപ്പിക്കുന്നതിലും നാം ക്ഷമയോടെ തുടരും. (മത്തായി 28:18-20; മർക്കൊസ്‌ 13:10) നാം സുവാർത്ത പ്രസംഗിക്കുന്നത്‌ നിറുത്തിയാൽ, യഹോവയുടെ ദീർഘക്ഷമയെ പരിമിതപ്പെടുത്താൻ നാം ആഗ്രഹിക്കുകയും ആളുകളെ അനുതാപത്തിലേക്കു കൊണ്ടുവരിക എന്ന അതിന്റെ ഉദ്ദേശ്യം തിരിച്ചറിയാൻ പരാജയപ്പെടുകയും ചെയ്‌തതിനു തുല്യമായിരിക്കും.​—⁠റോമർ 2:⁠4.

18. കൊലൊസ്യർക്കായി പൗലൊസ്‌ എന്തു പ്രാർഥിച്ചു?

18 ഏഷ്യാ മൈനറിലെ കൊലൊസ്യ ക്രിസ്‌ത്യാനികൾക്കുള്ള കത്തിൽ പൗലൊസ്‌ ഇപ്രകാരം എഴുതി: “അതുകൊണ്ടു ഞങ്ങൾ അതു കേട്ട നാൾമുതൽ നിങ്ങൾക്കു വേണ്ടി ഇടവിടാതെ പ്രാർത്ഥിക്കുന്നു. നിങ്ങൾ പൂർണ്ണപ്രസാദത്തിന്നായി കർത്താവിന്നു യോഗ്യമാകുംവണ്ണം നടന്നു, ആത്മികമായ സകല ജ്ഞാനത്തിലും വിവേകത്തിലും അവന്റെ ഇഷ്ടത്തിന്റെ പരിജ്ഞാനംകൊണ്ടു നിറഞ്ഞുവരേണം എന്നും സകല സൽപ്രവൃത്തിയിലും ഫലം കായിച്ചു ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ വളരേണമെന്നും സകല സഹിഷ്‌ണുതെക്കും ദീർഘക്ഷമെക്കുമായി അവന്റെ മഹത്വത്തിന്റെ വലഭത്വത്തിന്നു ഒത്തവണ്ണം പൂർണ്ണശക്തിയോടെ ബലപ്പെടേണമെന്നും . . . അപേക്ഷിക്കുന്നു.”​—⁠കൊലൊസ്സ്യർ 1:9-13.

19, 20. (എ) യഹോവ തുടർച്ചയായി ദീർഘക്ഷമ കാണിക്കുന്നതിനെ ഒരു പരിശോധന ആയി വീക്ഷിക്കുന്നത്‌ ഒഴിവാക്കാൻ നമുക്ക്‌ എങ്ങനെ സാധിക്കും? (ബി) നാം ദീർഘക്ഷമ പ്രകടമാക്കുന്നതിന്‌ എന്തെല്ലാം പ്രയോജനങ്ങൾ ഉണ്ട്‌?

19 നാം ‘സകല മനുഷ്യരും രക്ഷ പ്രാപിക്കുകയും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുകയും’ ചെയ്യുകയെന്ന ‘ദൈവേഷ്ടത്തിന്റെ പരിജ്ഞാനത്താൽ നിറഞ്ഞാൽ’ യഹോവയുടെ തുടർച്ചയായുള്ള ദീർഘക്ഷമ നമുക്ക്‌ ഒരു പരിശോധന ആയിരിക്കുകയില്ല. (1 തിമൊഥെയൊസ്‌ 2:4) “സകല സൽപ്രവൃത്തിയിലും,” പ്രത്യേകിച്ച്‌ ‘രാജ്യത്തിന്റെ സുവിശേഷം’ ഘോഷിക്കുന്ന കാര്യത്തിൽ, നാം ‘ഫലം കായിച്ചുകൊണ്ടിരിക്കും.’ (മത്തായി 24:14) നാം അതു ചെയ്യുന്നതിൽ വിശ്വസ്‌തമായി തുടർന്നാൽ, സസന്തോഷം ‘സകല സഹിഷ്‌ണുതയോടും ദീർഘക്ഷമയോടും’ കൂടെ സഹിച്ചുനിൽക്കാൻ കഴിയത്തക്കവണ്ണം യഹോവ ‘പൂർണ്ണശക്തിയോടെ നമ്മെ ബലപ്പെടുമാറാക്കും.’ അങ്ങനെ ചെയ്യുമ്പോൾ നാം ‘കർത്താവിന്നു യോഗ്യമാകുംവണ്ണം നടക്കുക’ ആയിരിക്കും ചെയ്യുന്നത്‌. നാം അവനെ ‘പൂർണമായി പ്രസാദിപ്പിക്കുക’ ആണെന്ന അറിവിൽനിന്നു വരുന്ന സമാധാനവും നമുക്ക്‌ ഉണ്ടായിരിക്കും.

20 യഹോവയുടെ ദീർഘക്ഷമയുടെ ജ്ഞാനം സംബന്ധിച്ച്‌ നമുക്കു പൂർണ ബോധ്യമുള്ളവർ ആയിരിക്കാം. അതു നമ്മുടെയും നമ്മുടെ പ്രസംഗവും പഠിപ്പിക്കലും കേൾക്കുന്നവരുടെയും രക്ഷയിൽ കലാശിക്കും. (1 തിമൊഥെയൊസ്‌ 4:16) ആത്മാവിന്റെ ഫലങ്ങളായ സ്‌നേഹവും ദയയും പരോപകാരവും സൗമ്യതയും ഇന്ദ്രിയജയവും നട്ടുവളർത്തുന്നത്‌ സന്തോഷപൂർവം ദീർഘക്ഷമ പ്രകടമാക്കാൻ നമ്മെ പ്രാപ്‌തരാക്കും. നമ്മുടെ കുടുംബത്തിലെ അംഗങ്ങളുമായും അതുപോലെ സഭയിലെ സഹോദരീസഹോദരന്മാരുമായും സമാധാനത്തിൽ കഴിയാൻ അതു നമ്മെ മെച്ചമായി പ്രാപ്‌തരാക്കും. സഹജോലിക്കാരോടും സഹപാഠികളോടും പ്രകോപിതരാകാതെ ഇടപെടാനും ദീർഘക്ഷമ നമ്മെ സഹായിക്കും. നമ്മുടെ ദീർഘക്ഷമയ്‌ക്ക്‌, ദുഷ്‌പ്രവൃത്തിക്കാരെ രക്ഷിക്കുകയും ദീർഘക്ഷമയുള്ള ദൈവമായ യഹോവയെ മഹത്ത്വപ്പെടുത്തുകയും ചെയ്യുക എന്ന ഉദ്ദേശ്യം ഉണ്ടായിരിക്കും.

[അടിക്കുറിപ്പുകൾ]

^ ഖ. 10 “സ്‌നേഹം ദീർഘമായി ക്ഷമിക്കയും ദയ കാണിക്കയും ചെയ്യുന്നു” എന്ന പൗലൊസിന്റെ പ്രസ്‌താവനയെ കുറിച്ച്‌ ബൈബിൾ പണ്ഡിതനായ ഗോർഡൻ ഡി. ഫീ ഇങ്ങനെ എഴുതുന്നു: “പൗലൊസിന്റെ ദൈവശാസ്‌ത്രത്തിൽ അവ [ദീർഘക്ഷമയും ദയയും] മനുഷ്യവർഗത്തോടുള്ള ദിവ്യ മനോഭാവത്തിന്റെ രണ്ടു വശങ്ങളെ പ്രതിനിധാനം ചെയ്യുന്നു (റോമ. 2:4 താരതമ്യം ചെയ്യുക). ഒരു വശത്ത്‌, മനുഷ്യ മത്സരത്തോടു കോപം പ്രകടിപ്പിക്കാതെ അതിനെ അടക്കിനിറുത്തുകവഴി ദൈവത്തിന്റെ സ്‌നേഹപുരസ്സരമായ സഹനം പ്രകടമാകുന്നു; മറുവശത്ത്‌, അവന്റെ കരുണാപ്രവൃത്തികളിൽ ആയിരക്കണക്കിനു മടങ്ങായി അവന്റെ ദയ കാണപ്പെടുന്നു. അതുകൊണ്ട്‌, സ്‌നേഹത്തെ കുറിച്ചുള്ള പൗലൊസിന്റെ വിവരണം, ദിവ്യ ന്യായവിധി അർഹിക്കുന്നവരോട്‌ ക്രിസ്‌തു മുഖാന്തരം സഹനവും ദയയും പ്രകടമാക്കിയിരിക്കുന്ന ദൈവത്തെ കുറിച്ചുള്ള ഇരട്ട വിവരണത്തോടെ തുടങ്ങുന്നു.”

നിങ്ങൾക്കു വിശദീകരിക്കാമോ?

• ക്രിസ്‌തു ഏതു വിധങ്ങളിൽ ദീർഘക്ഷമയുടെ വിശിഷ്ടമായ ഒരു ദൃഷ്ടാന്തമാണ്‌?

• ദീർഘക്ഷമ നട്ടുവളർത്താൻ നമ്മെ എന്തു സഹായിക്കും?

• ദീർഘക്ഷമ കുടുംബങ്ങളെയും ക്രിസ്‌തീയ കൂട്ടങ്ങളെയും മൂപ്പന്മാരെയും സഹായിക്കുന്നത്‌ എങ്ങനെ?

• നാം ദീർഘക്ഷമ പ്രകടമാക്കുന്നത്‌ നമുക്കും മറ്റുള്ളവർക്കും പ്രയോജനങ്ങൾ കൈവരുത്തുന്നത്‌ എങ്ങനെ?

[അധ്യയന ചോദ്യങ്ങൾ]

[15-ാം പേജിലെ ചിത്രം]

വലിയ സമ്മർദത്തിൻ കീഴിൽ ആയിരുന്നപ്പോൾ പോലും യേശു തന്റെ ശിഷ്യന്മാരോടു ക്ഷമയോടെ ഇടപെട്ടു

[16-ാം പേജിലെ ചിത്രം]

സഹോദരങ്ങളുമായുള്ള ഇടപെടലിൽ ദീർഘക്ഷമയുടെ നല്ല മാതൃക വെക്കാൻ ക്രിസ്‌തീയ മേൽവിചാരകന്മാരെ പ്രോത്സാഹിപ്പിച്ചിരിക്കുന്നു

[17-ാം പേജിലെ ചിത്രം]

യഹോവയുടെ സ്‌നേഹവും ദീർഘക്ഷമയും അനുകരിക്കുന്നെങ്കിൽ, നാം സുവാർത്ത പ്രസംഗിക്കുന്നതിൽ തുടരും

[18-ാം പേജിലെ ചിത്രം]

ക്രിസ്‌ത്യാനികൾ സസന്തോഷം ‘ദീർഘക്ഷമ’ പ്രകടമാക്കുമാറാകട്ടെയെന്ന്‌ പൗലൊസ്‌ പ്രാർഥിച്ചു