നിങ്ങളുടെ മനസ്സാക്ഷി കാത്തുസൂക്ഷിക്കുക
നിങ്ങളുടെ മനസ്സാക്ഷി കാത്തുസൂക്ഷിക്കുക
തെറ്റായി പ്രോഗ്രാം ചെയ്യപ്പെട്ട ഒരു കമ്പ്യൂട്ടർ ഉപയോഗിക്കുന്ന വിമാനത്തിൽ യാത്ര ചെയ്യുക എന്ന ആശയം ഭയജനകമാണ്. എന്നാൽ ആരെങ്കിലും വിമാനത്തിന്റെ മാർഗനിർദേശക സംവിധാനത്തിനു തകരാറു വരുത്തുകയോ വിവരങ്ങളിൽ മനഃപൂർവം തിരിമറി നടത്തുകയോ ചെയ്യുന്ന ഒരു സാഹചര്യത്തെ കുറിച്ചു ചിന്തിക്കുക! കൊള്ളാം, ഒരു ആലങ്കാരിക അർഥത്തിൽ, നിങ്ങളുടെ മനസ്സാക്ഷിയോടുള്ള ബന്ധത്തിൽ അതുതന്നെ ചെയ്യാൻ ഒരാൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങളുടെ ധാർമിക മാർഗനിർദേശക സംവിധാനത്തെ തകരാറിലാക്കാൻ അവൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്. ദൈവവുമായി കൂട്ടിയിടിക്കാൻ ഇടയാക്കുന്ന പാതയിൽ നിങ്ങളെ ആക്കിവെക്കുക എന്നതാണ് അവന്റെ ഉദ്ദേശ്യം!—ഇയ്യോബ് 2:2-5; യോഹന്നാൻ 8:44.
ദുഷ്ടനായ ഈ വിധ്വംസക പ്രവർത്തകൻ ആരാണ്? ബൈബിളിൽ അവനെ ‘ഭൂതലത്തെ മുഴുവൻ തെറ്റിച്ചുകളയുന്ന പിശാചും സാത്താനും എന്ന മഹാസർപ്പമായ പഴയ പാമ്പ്’ എന്നു വിളിച്ചിരിക്കുന്നു. (വെളിപ്പാടു 12:9) ഏദെൻ തോട്ടത്തിൽ, ന്യായമെന്നു തോന്നിച്ച വാദഗതികൾ ഉപയോഗിച്ച് ശരിയെന്നു ഹവ്വായ്‌ക്ക് അറിയാമായിരുന്നതിനെ അവഗണിക്കാനും ദൈവത്തിനെതിരെ മത്സരിക്കാനും അവൻ അവളെ പ്രേരിപ്പിച്ചു. (ഉല്‌പത്തി 3:1-6, 16-19) അന്നു മുതൽ, ആളുകളെ വഞ്ചിക്കുന്നതിനും കൂട്ടത്തോടെ ദൈവത്തിനെതിരെ തിരിക്കുന്നതിനുമായി സാത്താൻ അനേകം സ്ഥാപനങ്ങൾക്കു വിദഗ്‌ധമായി രൂപം നൽകിയിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങളിൽ ഏറ്റവും നിന്ദ്യമായത് വ്യാജമതമാണ്.—2 കൊരിന്ത്യർ 11:14, 15.
വ്യാജമതം മനസ്സാക്ഷിയെ ദുഷിപ്പിക്കുന്നു
ബൈബിൾ പുസ്‌തകമായ വെളിപ്പാടിൽ വ്യാജമതത്തെ മഹാബാബിലോൺ എന്നു വിളിക്കപ്പെടുന്ന ഒരു ആലങ്കാരിക വേശ്യയായി ചിത്രീകരിച്ചിരിക്കുന്നു. അവളുടെ പഠിപ്പിക്കലുകൾ അനേകരുടെയും ധാർമിക ബോധത്തെ വികലമാക്കിയിരിക്കുന്നു. തങ്ങളുടേതിൽനിന്നു വ്യത്യസ്‌തമായ വിശ്വാസങ്ങളുള്ളവരെ ദ്വേഷിക്കുന്നതിനും അവർക്കെതിരെ അക്രമം അഴിച്ചുവിടുന്നതിനും പോലും അത് അവരെ പ്രേരിപ്പിച്ചിരിക്കുന്നു. വെളിപ്പാടു പറയുന്നതനുസരിച്ച് തന്റെ ആരാധകർ ഉൾപ്പെടെ “ഭൂമിയിൽവെച്ചു കൊന്നുകളഞ്ഞ എല്ലാവരുടെയും രക്ത”ത്തിനു മുഖ്യ ഉത്തരവാദിയായി ദൈവം കാണുന്നത് വ്യാജമതത്തെയാണ്.—വെളിപ്പാടു 17:1-6, NW; 18:3, 24.
ചിലരുടെ കാര്യത്തിൽ ധാർമിക നിലവാരങ്ങളാകുന്ന ദിഗ്‌സൂചകത്തെ വ്യാജമതം എത്രത്തോളം വികലമാക്കുമെന്ന് തന്റെ ശിഷ്യന്മാർക്കു മുന്നറിയിപ്പു നൽകിക്കൊണ്ട് യേശു പറഞ്ഞു: “നിങ്ങളെ കൊല്ലുന്നവൻ എല്ലാം ദൈവത്തിന്നു വഴിപാടു കഴിക്കുന്നു എന്നു വിചാരിക്കുന്ന നാഴിക വരുന്നു.” അക്രമാസക്തരായ അത്തരം വ്യക്തികൾ ധാർമികമായി എത്ര അന്ധരാണ്! യേശു പറഞ്ഞു: “അവർ പിതാവിനെയും എന്നെയും അറിയായ്‌കകൊണ്ടു ഇങ്ങനെ ചെയ്യും.” (ചെരിച്ചെഴുതിയിരിക്കുന്നത് ഞങ്ങൾ.) (യോഹന്നാൻ 16:2, 3) ആ വാക്കുകൾ പറഞ്ഞ് അധികം കഴിയുന്നതിനു മുമ്പ് യേശുതന്നെ ചില മതനേതാക്കന്മാരുടെ പ്രേരണയുടെ ഫലമായി വധിക്കപ്പെട്ടു. അവരുടെ കുറ്റകൃത്യം അവരുടെ മനസ്സാക്ഷിയെ യാതൊരു വിധത്തിലും അലട്ടിയില്ല. (യോഹന്നാൻ 11:47-50) അതിൽനിന്നു വ്യത്യസ്‌തമായി തന്റെ യഥാർഥ ശിഷ്യന്മാരെ അവരുടെയിടയിലുള്ള സ്‌നേഹം തിരിച്ചറിയിക്കുമെന്ന് യേശു പറഞ്ഞു. എന്നാൽ അവരുടെ സ്‌നേഹം അതിൽ ഒതുങ്ങുന്നില്ല. അതു ശത്രുക്കളിലേക്കു പോലും വ്യാപിക്കുന്നു.—മത്തായി 5:44-48; യോഹന്നാൻ 13:35.
ഇനി, നിലവിൽ പ്രചാരമുള്ള ധാർമികത അല്ലെങ്കിൽ അധാർമികത എന്തായാലും അത് അംഗീകരിക്കുന്നതിലൂടെയും വ്യാജമതം അനേകരുടെയും മനസ്സാക്ഷിക്കു തുരങ്കംവെച്ചിരിക്കുന്നു. ഇതു മുൻകൂട്ടി പറഞ്ഞുകൊണ്ട് അപ്പൊസ്‌തലനായ പൗലൊസ് എഴുതി: ‘അവർ പത്ഥ്യോപദേശം പൊറുക്കാതെ കർണ്ണരസമാകുമാറു സ്വന്ത മോഹങ്ങൾക്കൊത്തവണ്ണം ഉപദേഷ്ടാക്കന്മാരെ പെരുക്കുന്ന കാലം വരും.’—2 തിമൊഥെയൊസ് 4:3, 4.
വിവാഹത്തിനു പുറത്തുള്ള ലൈംഗികത ദൈവത്തിനു സ്വീകാര്യമായിരിക്കാം എന്നു പറഞ്ഞുകൊണ്ട് മതനേതാക്കന്മാർ ഇക്കാലത്ത് ആളുകളുടെ കർണങ്ങളെ രസിപ്പിക്കുന്നു. മറ്റുചിലർ സ്വവർഗരതിക്കു നേരെ കണ്ണടയ്‌ക്കുന്നു. ചില വൈദികർതന്നെ സ്വവർഗരതിക്കാരാണ്. “സ്വവർഗരതിക്കാരെന്ന് എല്ലാവർക്കും അറിയാവുന്ന പതിമൂന്നു വൈദികരെ” ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ പൊതു സുന്നഹദോസിലേക്കു തിരഞ്ഞെടുത്തതായി ബ്രിട്ടീഷ് വർത്തമാനപ്പത്രമായ ദ ടൈംസിൽ വന്ന ഒരു ലേഖനം പ്രസ്‌താവിച്ചു. സഭാ നേതാക്കന്മാർ ബൈബിളിന്റെ ധാർമികതയെ തള്ളിക്കളയുകയും സഭകൾ അതു സംബന്ധിച്ചു നടപടിയൊന്നും എടുക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ അവയിലെ അംഗങ്ങൾ എന്തു നിലവാരങ്ങൾ പിൻപറ്റാനാണു പ്രതീക്ഷിക്കേണ്ടത്? ദശലക്ഷങ്ങൾ അങ്ങേയറ്റം ആശയക്കുഴപ്പത്തിലായിരിക്കുന്നതിൽ അതിശയമില്ല.
ഒരു വിമാനത്തെ വഴിനയിക്കുന്ന നിർദേശങ്ങളോടു സമാനമായ ധാർമികവും ആത്മീയവുമായ ബൈബിൾ സത്യങ്ങളാൽ വഴിനയിക്കപ്പെടുന്നത് എത്ര മെച്ചമായിരിക്കും! (സങ്കീർത്തനം 43:3; യോഹന്നാൻ 17:17) ഉദാഹരണത്തിന്, ദുർന്നടപ്പുകാരോ വ്യഭിചാരികളോ “ദൈവരാജ്യം അവകാശമാക്കുകയില്ല” എന്നു ബൈബിൾ പഠിപ്പിക്കുന്നു. (1 കൊരിന്ത്യർ 6:9, 10) “സ്വാഭാവികഭോഗത്തെ സ്വഭാവവിരുദ്ധമാക്കിക്കള”യുന്ന സ്‌ത്രീപുരുഷന്മാർ ദൈവദൃഷ്ടിയിൽ “അവലക്ഷണമായതു” പ്രവർത്തിക്കുകയാണെന്ന് അതു പറയുന്നു. (റോമർ 1:26, 27, 32) ഈ ധാർമിക സത്യങ്ങൾ അപൂർണ മനുഷ്യരുടെ സൃഷ്ടികളല്ല. അവ ദൈവത്തിന്റെ നിശ്വസ്‌ത നിലവാരങ്ങളാണ്. അവൻ ഒരിക്കലും അവ റദ്ദു ചെയ്‌തിട്ടില്ല. (ഗലാത്യർ 1:8; 2 തിമൊഥെയൊസ് 3:16) എന്നാൽ മനസ്സാക്ഷിക്കു തുരങ്കം വെക്കുന്നതിന് സാത്താനു വേറെയും മാർഗങ്ങളുണ്ട്.
വിനോദം തിരഞ്ഞെടുക്കുന്നതിൽ ശ്രദ്ധയുള്ളവരായിരിക്കുക
തെറ്റായ ഒരു പ്രവൃത്തി ചെയ്യാൻ ആരെയെങ്കിലും നിർബന്ധിക്കുന്നതുതന്നെ മോശമാണ്. എന്നാൽ അത്തരമൊരു പ്രവൃത്തി ചെയ്യുന്നതിനുള്ള ആഗ്രഹം അയാളിൽ ജനിപ്പിക്കുകയാണെങ്കിലോ? അതാണ് “ഈ ലോകത്തിന്റെ ഭരണാധികാരി”യായ സാത്താന്റെ ലക്ഷ്യം. തന്റെ അധഃപതിച്ച ചിന്തകൾ അജ്ഞാനികളും അനുഭവപരിചയം കുറഞ്ഞവരുമായ വ്യക്തികളുടെ—പ്രത്യേകിച്ചും ഏറ്റവും എളുപ്പത്തിൽ സ്വാധീനിക്കാനാകുന്ന യുവജനങ്ങളുടെ—ഹൃദയത്തിലും മനസ്സിലും പതിപ്പിക്കാൻ അവൻ ചോദ്യംചെയ്യത്തക്ക സാഹിത്യങ്ങൾ, സിനിമ, സംഗീതം, കമ്പ്യൂട്ടർ ഗെയിമുകൾ, അശ്ലീല ഇന്റർനെറ്റ് സൈറ്റുകൾ എന്നിവ ഉപയോഗിക്കുന്നു.—യോഹന്നാൻ 14:30; എഫെസ്യർ 2:2.
“[ഐക്യനാടുകളിലെ] യുവജനങ്ങൾ ഒരു വർഷം ശരാശരി 10,000 അക്രമാസക്ത രംഗങ്ങൾ കാണുന്നതായി കണക്കാക്കപ്പെടുന്നു” എന്നും “കുട്ടികളുടെ പരിപാടികളാണ് ഏറ്റവും അക്രമാസക്തം” എന്നും പീഡിയാട്രിക്‌സ് എന്ന പത്രികയിൽ വന്ന ഒരു റിപ്പോർട്ടു പറഞ്ഞു. “ഓരോ വർഷവും കൗമാരപ്രായക്കാർ ഏകദേശം 15,000 ലൈംഗിക രംഗങ്ങളോ ലൈംഗിക ചുവയുള്ള ചിത്രീകരണങ്ങളോ തമാശകളോ കാണുന്നു” എന്നും റിപ്പോർട്ടു വെളിപ്പെടുത്തി. ഏറ്റവും കൂടുതൽ ആളുകൾ ടെലിവിഷൻ കാണുന്ന സമയത്തു പോലും “ഓരോ മണിക്കൂറിലും 8-ൽ കൂടുതൽ ലൈംഗിക രംഗങ്ങൾ ചിത്രീകരിക്കപ്പെടുന്നു, ഇത് 1976-ലേതിന്റെ നാലിരട്ടിയാണ്” എന്ന് അതു പറഞ്ഞു. “അശ്ലീല ഭാഷയുടെ ഉപയോഗം നാടകീയമായി വർധിച്ചിരിക്കുന്ന”തായും ആ പഠനം കണ്ടെത്തിയതിൽ അതിശയമില്ല. എന്നിരുന്നാലും, ഇത്തരം വിവരങ്ങൾ പതിവായി അകത്താക്കുന്നത് ആളുകളെ മോശമായ രീതിയിൽ ബാധിക്കുമെന്ന് ബൈബിളും അനവധി ശാസ്‌ത്രീയ പഠനങ്ങളും മുന്നറിയിപ്പു നൽകുന്നു. അതുകൊണ്ട് ദൈവത്തെ പ്രസാദിപ്പിക്കാനും നിങ്ങൾക്കുതന്നെ പ്രയോജനം നേടാനും യഥാർഥത്തിൽ ആഗ്രഹിക്കുന്നെങ്കിൽ സദൃശവാക്യങ്ങൾ 4:23-ന് ശ്രദ്ധ കൊടുക്കുക. അവിടെ ഇങ്ങനെ പറയുന്നു: “സകലജാഗ്രതയോടുംകൂടെ നിന്റെ ഹൃദയത്തെ കാത്തുകൊൾക; ജീവന്റെ ഉത്ഭവം അതിൽനിന്നല്ലോ ആകുന്നതു.”—യെശയ്യാവു 48:17.
എബ്രായർ 3:12; മത്തായി 12:33-35.
അതുപോലെ, ജനപ്രീതിയാർജിച്ച സംഗീതത്തിൽ വലിയൊരു ഭാഗവും മനസ്സാക്ഷിയെ ദുഷിപ്പിക്കുന്നു. പല പാശ്ചാത്യ നാടുകളിലും വളരെ പ്രസിദ്ധി നേടിയ ഗാനങ്ങൾ പാടിയ ഒരു വ്യക്തി “ഞെട്ടിക്കുന്നതിന് ഒരു പ്രത്യേക ശ്രമം ചെയ്യുന്നു” എന്ന് ദ സൺഡേ മെയിൽ എന്ന ഓസ്‌ട്രേലിയൻ പത്രത്തിൽ വന്ന ഒരു റിപ്പോർട്ടു മുന്നറിയിപ്പു നൽകി. “അയാളുടെ ഗാനങ്ങൾ മയക്കുമരുന്നുകളെയും നിഷിദ്ധ ബന്ധുവേഴ്‌ചയെയും ബലാത്സംഗത്തെയും പ്രകീർത്തിക്കുന്നു” എന്നും അയാൾ “തന്റെ ഭാര്യയെ കൊന്ന് ജഡം തടാകത്തിൽ എറിയുന്നതിനെ കുറിച്ചു പാടുന്നു” എന്നും ആ ലേഖനം പറയുന്നു. അതിൽ കൊടുത്തിരുന്ന മറ്റു വരികൾ ഇവിടെ ആവർത്തിക്കാൻ കഴിയാത്തത്ര മോശമാണ്. എന്നിരുന്നാലും അയാൾക്ക് ഒരു പ്രശസ്‌ത സംഗീത അവാർഡു ലഭിക്കുകയുണ്ടായി. സംഗീതം എന്ന ആകർഷകമായ പുറംചട്ടയ്‌ക്കുള്ളിലാണെങ്കിലും ഇത്തരം അപകടകരമായ ചിന്തകൾ നിങ്ങളുടെ മനസ്സിലും ഹൃദയത്തിലും വിതയ്‌ക്കാൻ നിങ്ങൾ ആഗ്രഹിക്കുമോ? ഇല്ലെന്നു പ്രതീക്ഷിക്കുന്നു. കാരണം അങ്ങനെ ചെയ്യുന്നവർ തങ്ങളുടെ മനസ്സാക്ഷിയെ ദുഷിപ്പിക്കുകയും ആത്യന്തികമായി തങ്ങളെ ദൈവത്തിന്റെ ശത്രുക്കളാക്കിത്തീർക്കുന്ന ഒരു “ദുഷ്ടഹൃദയം” ഉള്ളിൽ വളർന്നുവരാൻ ഇടയാക്കുകയും ചെയ്യുന്നു.—അതുകൊണ്ട് വിനോദത്തിന്റെ കാര്യത്തിൽ ജ്ഞാനപൂർവം തിരഞ്ഞെടുപ്പുകൾ നടത്തുക. ബൈബിൾ ഇപ്രകാരം പ്രോത്സാഹിപ്പിക്കുന്നു: “സത്യമായതു ഒക്കെയും ഘനമായതു ഒക്കെയും നീതിയായതു ഒക്കെയും നിർമ്മലമായതു ഒക്കെയും രമ്യമായതു ഒക്കെയും സല്‌ക്കീർത്തിയായതു ഒക്കെയും സൽഗുണമോ പുകഴ്‌ചയോ അതു ഒക്കെയും ചിന്തിച്ചുകൊൾവിൻ.”—ഫിലിപ്പിയർ 4:8.
സഹവാസങ്ങൾ നിങ്ങളുടെ മനസ്സാക്ഷിയെ ബാധിക്കുന്നു
കുട്ടികളായിരുന്നപ്പോൾ നീലും ഫ്രാൻസും സത്യക്രിസ്‌ത്യാനികളുമായുള്ള ആരോഗ്യാവഹമായ സഹവാസം ആസ്വദിച്ചു. * എന്നാൽ കാലം കടന്നുപോയപ്പോൾ എന്തു സംഭവിച്ചു? നീൽ ഇങ്ങനെ പറയുന്നു: “ഞാൻ തെറ്റായ കൂട്ടവുമായി സഹവസിക്കാൻ തുടങ്ങി.” കുറ്റകൃത്യവും ജയിലും ആയിരുന്നു അനന്തരഫലങ്ങൾ. നീൽ ഇപ്പോൾ അതിനെക്കുറിച്ച് ഓർത്തു ദുഃഖിക്കുന്നു. സമാനമായ കഥയാണ് ഫ്രാൻസിനും പറയാനുള്ളത്: “ലോകത്തിലെ യുവജനങ്ങളാൽ സ്വാധീനിക്കപ്പെടാതെ അവരോടൊപ്പം സമയം ചെലവഴിക്കാൻ കഴിയുമെന്നു ഞാൻ കരുതി,” ഫ്രാൻസ് വിലപിക്കുന്നു. “എന്നാൽ ഗലാത്യർ 6:7 പറയുന്നതുപോലെ ‘ദൈവത്തെ പരിഹസിച്ചുകൂടാ; മനുഷ്യൻ വിതെക്കുന്നതു തന്നേ കൊയ്യും.’ എന്റെ ചിന്തകൾ തെറ്റായിരുന്നെന്നും യഹോവ പറയുന്നതാണു ശരിയെന്നും കയ്‌പേറിയ അനുഭവത്തിലൂടെ ഞാൻ മനസ്സിലാക്കി. ചെയ്‌ത കുറ്റത്തിന് ജീവപര്യന്തം ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് ഞാനിപ്പോൾ.”
നീലിനെയും ഫ്രാൻസിനെയും പോലുള്ളവർ സാധാരണഗതിയിൽ പെട്ടെന്നൊരു ദിവസം കുറ്റവാളികൾ ആയിത്തീരുന്നതല്ല; ആദ്യമൊക്കെ, കുറ്റകൃത്യം ചെയ്യുന്നതിനെ കുറിച്ചു ചിന്തിക്കാൻ പോലും അവർക്കു കഴിയില്ലായിരിക്കാം. അവർ മെല്ലെ, പടിപടിയായി അതിലേക്കു വഴുതിവീഴുന്നു. മിക്കപ്പോഴും ചീത്ത കൂട്ടുകെട്ടാണ് ആദ്യ പടി. (1 കൊരിന്ത്യർ 15:33) പിന്നീട് മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ദുരുപയോഗം തുടങ്ങിയേക്കാം. “മദ്യത്തിൽ അലിഞ്ഞുപോകുന്ന വ്യക്തിത്വത്തിന്റെ ഭാഗം” എന്നു മനസ്സാക്ഷിയെ വിശേഷിപ്പിച്ചിരിക്കുന്നത് എത്ര ശരിയാണ്. ഈ അവസ്ഥയുടെ അടുത്ത പടിയാണ് കുറ്റകൃത്യവും അധാർമികതയും.
അങ്ങനെയെങ്കിൽ ആദ്യ പടിതന്നെ ഒഴിവാക്കുന്നതല്ലേ നല്ലത്? പകരം ദൈവത്തെ യഥാർഥമായി സ്‌നേഹിക്കുന്ന ജ്ഞാനികളായ വ്യക്തികളുമായി സഹവസിക്കുക. നിങ്ങളെ ശരിയായ വിധത്തിൽ വഴിനയിക്കാൻ തക്കവണ്ണം നിങ്ങളുടെ മനസ്സാക്ഷിയെ ശക്തിപ്പെടുത്താൻ അവർ നിങ്ങളെ സഹായിക്കും. അങ്ങനെ വളരെയധികം വേദന ഒഴിവാക്കാൻ നിങ്ങൾക്കു സാധിക്കും. (സദൃശവാക്യങ്ങൾ ) ഇപ്പോഴും തടവുശിക്ഷ അനുഭവിക്കുകയാണെങ്കിലും നീലും ഫ്രാൻസും ഇപ്പോൾ തങ്ങളുടെ മനസ്സാക്ഷിയെ ശരിയായ വിധത്തിൽ പരിശീലിപ്പിക്കുകയും അമൂല്യമായി കണക്കാക്കുകയും ചെയ്യേണ്ട ഒരു ദിവ്യദാനമായി കാണുന്നു. കൂടാതെ തങ്ങളുടെ ദൈവമായ യഹോവയുമായി ഒരു നല്ല ബന്ധം വളർത്തിയെടുക്കാൻ അവർ കഠിനശ്രമം ചെയ്യുകയുമാണ്. വിവേകമുള്ളവരായി അവരുടെ പിഴവുകളിൽനിന്നു പഠിക്കുക.— 13:20സദൃശവാക്യങ്ങൾ 22:3.
നിങ്ങളുടെ മനസ്സാക്ഷിയെ സംരക്ഷിക്കുക
ദൈവത്തോടുള്ള സ്‌നേഹവും അവനിലുള്ള വിശ്വാസവും അവനോടുള്ള ആരോഗ്യാവഹമായ ഭയവും നട്ടുവളർത്തുമ്പോൾ നമ്മുടെ മനസ്സാക്ഷിയെ സംരക്ഷിക്കാൻ നാം ആഗ്രഹിക്കുന്നുവെന്ന് നാം പ്രകടമാക്കുന്നു. (സദൃശവാക്യങ്ങൾ 8:13, NW; 1 യോഹന്നാൻ 5:3) ഈ സ്വാധീനങ്ങൾ ഇല്ലാത്ത ഒരു മനസ്സാക്ഷിക്ക് മിക്കപ്പോഴും ധാർമിക സ്ഥിരത ഉണ്ടായിരിക്കുകയില്ല എന്നു ബൈബിൾ വെളിപ്പെടുത്തുന്നു. ഉദാഹരണത്തിന്, “ദൈവം ഇല്ല” എന്നു ഹൃദയത്തിൽ പറയുന്നവരെ കുറിച്ച് സങ്കീർത്തനം 14:1 പറയുന്നു. ഈ അവിശ്വാസം അവരുടെ പ്രവർത്തനത്തെ ഏതു വിധത്തിലാണു ബാധിക്കുന്നത്? വാക്യം തുടർന്ന് ഇങ്ങനെ പറയുന്നു: “അവർ വഷളന്മാരായി മ്ലേച്ഛത പ്രവർത്തിക്കുന്നു.”
കൂടാതെ ദൈവത്തിൽ യഥാർഥ വിശ്വാസം ഇല്ലാത്ത ആളുകൾക്ക് മെച്ചപ്പെട്ട ഒരു ഭാവിയെ കുറിച്ചുള്ള ഉറച്ച പ്രത്യാശയുമില്ല. അതുകൊണ്ട് അവർ വർത്തമാനകാലത്തെ കുറിച്ചു മാത്രമേ ചിന്തിക്കുന്നുള്ളൂ. തങ്ങളുടെ ജഡിക അഭിലാഷങ്ങളെല്ലാം തൃപ്‌തിപ്പെടുത്താൻ അവർ ശ്രമിക്കുന്നു. “തിന്നുക, കുടിക്ക നാളെ ചാകുമല്ലോ” എന്നതാണ് അവരുടെ തത്ത്വശാസ്‌ത്രം. (1 കൊരിന്ത്യർ 15:32) നേരെ മറിച്ച് നിത്യജീവൻ എന്ന സമ്മാനത്തിൽ ദൃഷ്ടി പതിപ്പിച്ചിട്ടുള്ളവരെ തങ്ങളുടെ സഞ്ചാരപഥത്തിൽനിന്നു വ്യതിചലിപ്പിക്കാൻ ലോകത്തിലെ ക്ഷണിക ഉല്ലാസങ്ങൾക്കു കഴിയുകയില്ല. കൃത്യമായ ഒരു നാവിക കമ്പ്യൂട്ടർ പോലെ, അവരുടെ പരിശീലിത മനസ്സാക്ഷി ദൈവത്തോടുള്ള വിശ്വസ്‌ത അനുസരണത്തിന്റെ പാതയിൽത്തന്നെ മുന്നോട്ടു പോകാൻ അവരെ സഹായിക്കുന്നു.—ഫിലിപ്പിയർ 3:7, 8.
നിങ്ങളുടെ മനസ്സാക്ഷി അതിന്റെ ശക്തിയും കൃത്യതയും നിലനിറുത്തണമെങ്കിൽ അതിന് ദൈവവചനത്തിൽനിന്നുള്ള നിരന്തര മാർഗനിർദേശം ലഭിക്കേണ്ടതുണ്ട്. ഇപ്രകാരം പറഞ്ഞുകൊണ്ട് അത്തരം മാർഗനിർദേശം ലഭ്യമാണെന്നു ബൈബിൾ വ്യക്തമായി ചിത്രീകരിക്കുന്നു: “നിങ്ങൾ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോൾ: വഴി ഇതാകുന്നു, ഇതിൽ നടന്നുകൊൾവിൻ എന്നൊരു വാക്കു പിറകിൽനിന്നു കേൾക്കും.” (യെശയ്യാവു 30:21) അതുകൊണ്ട്, ദിവസവും ബൈബിൾ വായനയ്‌ക്കു സമയം മാറ്റിവെക്കുക. ശരി ചെയ്യാൻ കഠിനപോരാട്ടം നടത്തുമ്പോൾ അല്ലെങ്കിൽ ഉത്‌കണ്‌ഠയുടെയും ആശങ്കയുടെയും മേഘങ്ങൾ നിങ്ങൾക്കു മുകളിൽ ഉരുണ്ടുകൂടുമ്പോൾ ഇത് നിങ്ങളെ ശക്തീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. നിങ്ങൾ യഹോവയിൽ പൂർണമായി ആശ്രയിക്കുകയാണെങ്കിൽ അവൻ നിങ്ങളെ ധാർമികവും ആത്മീയവുമായി വഴിനടത്തും എന്ന കാര്യം സംബന്ധിച്ച് ഉറപ്പുണ്ടായിരിക്കുക. അതേ, “ഞാൻ യഹോവയെ എപ്പോഴും എന്റെ മുമ്പിൽ വെച്ചിരിക്കുന്നു; അവൻ എന്റെ വലത്തുഭാഗത്തുള്ളതുകൊണ്ടു ഞാൻ കുലുങ്ങിപ്പോകയില്ല” എന്ന് എഴുതിയ സങ്കീർത്തനക്കാരനെ അനുകരിക്കുക.—സങ്കീർത്തനം 16:8; 55:22.
[അടിക്കുറിപ്പുകൾ]
^ ഖ. 16 യഥാർഥ പേരുകളല്ല.
[5-ാം പേജിലെ ചിത്രങ്ങൾ]
അനേകരുടെയും മനസ്സാക്ഷി മരവിച്ചു പോയിരിക്കുന്നതിന്റെ ഉത്തരവാദിത്വം “മഹാബാബിലോൺ” എന്നു ബൈബിളിൽ വിളിച്ചിരിക്കുന്ന വ്യാജമതത്തിനാണ്
[കടപ്പാട്]
വൈദികൻ സൈന്യത്തെ ആശീർവദിക്കുന്നു: U.S. Army photo
[6-ാം പേജിലെ ചിത്രങ്ങൾ]
അക്രമവും അധാർമികതയും വീക്ഷിക്കുന്നത് നിങ്ങളുടെ മനസ്സാക്ഷിയുടെ പ്രവർത്തനം തകരാറിലാക്കും
[7-ാം പേജിലെ ചിത്രം]
ദൈവവചനത്തിൽനിന്നുള്ള നിരന്തരമായ മാർഗനിർദേശം നിങ്ങളുടെ മനസ്സാക്ഷിയെ കാത്തുസൂക്ഷിക്കും