“മതസഹിഷ്‌ണുതാ ദിനം”
“മതസഹിഷ്‌ണുതാ ദിനം”
യഹോവയുടെ സാക്ഷികളുമായി നടത്തിയ ഒരു ചർച്ചയാൽ പ്രേരിതയായി, പോളണ്ടിലുള്ള ഒരു സ്‌കൂളിലെ പ്രധാന അധ്യാപിക തന്റെ സ്‌കൂളിൽ ഒരു “മതസഹിഷ്‌ണുതാ ദിനം” ആചരിക്കാൻ തീരുമാനിച്ചു. കത്തോലിക്കരും ബുദ്ധമതക്കാരും യഹോവയുടെ സാക്ഷികളും അടങ്ങുന്ന വിദ്യാർഥികളിൽ സന്നദ്ധതയുള്ളവരോട് തങ്ങളുടെ വിശ്വാസങ്ങളും ആചാര രീതികളും മറ്റു വിദ്യാർഥികൾക്കു പരിചയപ്പെടുത്തി കൊടുക്കുന്നതിന് ചെറിയ അവതരണങ്ങൾ തയ്യാറാക്കാൻ അവർ നിർദേശിച്ചു. യഹോവയുടെ സാക്ഷികളായ, കൗമാരപ്രായത്തിലുള്ള മൂന്നു കുട്ടികൾ സത്വരം സ്വമേധയാ മുന്നോട്ടു വന്നു.
ആ ദിനം വന്നെത്തിയപ്പോൾ, ആദ്യം സംസാരിച്ചത് 15 വയസ്സുള്ള മാൽവിനയാണ്. അവൾ പറഞ്ഞതിന്റെ ഒരു ഭാഗം ഇതാണ്: “ഞങ്ങൾ ഈ സ്‌കൂളിൽ വരുന്നതിനു മുമ്പ്, നിങ്ങളിൽ പലർക്കും ഞങ്ങളെ അറിയാമായിരുന്നു. കാരണം, ഞങ്ങൾ നിങ്ങളുടെ വീടുകൾ സന്ദർശിക്കുകയുണ്ടായി. അതു ചെയ്യുന്നത് എന്തിനാണെന്ന് ഒരുപക്ഷേ നിങ്ങൾ വിചാരിക്കുന്നുണ്ടാകാം. ഞങ്ങൾ ക്രിസ്‌ത്യാനിത്വത്തിന്റെ സ്ഥാപകനായ യേശുവിന്റെ മാതൃക പിൻപറ്റുന്നതുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത്. ആളുകളെ കണ്ടെത്താൻ കഴിഞ്ഞ എല്ലാ സ്ഥലങ്ങളിലും അവൻ ദൈവരാജ്യത്തെ കുറിച്ചുള്ള സുവാർത്ത ഘോഷിച്ചു. അപ്പൊസ്‌തലന്മാരും മറ്റ് ആദിമ ക്രിസ്‌ത്യാനികളും അതുതന്നെ ചെയ്‌തു. പലയിടങ്ങളിലും യഹോവയുടെ സാക്ഷികൾക്ക് വിശ്വാസത്തിന്റെ പരിശോധനകൾ അനുഭവിക്കേണ്ടിവരുന്നു. എന്നാൽ, ഈ സ്‌കൂളിൽ ഞങ്ങൾക്ക് സമാധാനപൂർണമായ ഒരു അന്തരീക്ഷം ഉള്ളതിൽ ഞങ്ങൾ സന്തോഷിക്കുന്നു, അതിൽ നിങ്ങൾക്കെല്ലാം ഒരു പങ്കുണ്ട്. അതിനു നിങ്ങൾക്കു നന്ദി!”
തന്റെ അവതരണത്തിന്റെ ഒടുവിൽ മാൽവിന ഇങ്ങനെ പ്രസ്‌താവിച്ചു: “ഞങ്ങൾ നിങ്ങളുടെ വീടുകൾ സന്ദർശിക്കുന്നതിനു മറ്റൊരു കാരണമുണ്ട്. നിങ്ങളുടെ ക്ഷേമത്തിൽ ഞങ്ങൾ തത്‌പരരാണ്. ലോകത്തെ പിടിച്ചുലയ്‌ക്കുന്ന സംഭവങ്ങൾ മനുഷ്യവർഗത്തിന് ഉടൻതന്നെ നേരിടുമെന്നു ബൈബിൾ പ്രസ്‌താവിക്കുന്നു. അതുകൊണ്ട് അടുത്ത തവണ ഞങ്ങൾ സന്ദർശിക്കുമ്പോൾ, ഞങ്ങൾക്കു പറയാനുള്ളത് ദയവായി ശ്രദ്ധിക്കുക. നമുക്കെല്ലാവർക്കും ഒത്തൊരുമിച്ച് ഒരു പറുദീസാ ഭൂമിയിൽ എന്നേക്കും ജീവിക്കാൻ എങ്ങനെ കഴിയുമെന്നു നിങ്ങളോടു പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.”
പതിനഞ്ച് വയസ്സുള്ള മാത്തേയൂഷിന്റേതായിരുന്നു അടുത്ത ഊഴം. വർഷങ്ങളായി യഹോവയുടെ സാക്ഷികൾ സുവാർത്ത പ്രചരിപ്പിക്കാൻ വിവിധ മാർഗങ്ങൾ ഉപയോഗിച്ചിട്ടുണ്ട് എന്ന് മാത്തേയൂഷ് തന്റെ ശ്രോതാക്കളോടു പറഞ്ഞു. ഉദാഹരണത്തിന്, നിശ്ശബ്ദ ചലച്ചിത്രത്തിന്റെ കാലഘട്ടമായ 1914-ൽ സാക്ഷികൾ “സൃഷ്ടിപ്പിൻ ഫോട്ടോ നാടകം” പ്രദർശിപ്പിച്ചു. ശബ്ദസമന്വയം സഹിതമുള്ള ചലച്ചിത്രവും സ്ലൈഡ് പ്രദർശനവും ആയിരുന്നു അത്.
തുടർന്ന് മാത്തേയൂഷ്, രാജ്യസന്ദേശം വ്യാപിപ്പിക്കുന്നതിൽ റേഡിയോ വഹിച്ച പങ്കിനെ കുറിച്ചു ചർച്ച
ചെയ്യുകയും യഹോവയുടെ സാക്ഷികൾ വികസിപ്പിച്ചെടുത്ത കമ്പ്യൂട്ടർവത്‌കൃത ‘ബഹുഭാഷാ ഇലക്‌ട്രോണിക് ഫോട്ടോടൈപ്‌സെറ്റിങ് സംവിധാന’ത്തെ (MEPS) കുറിച്ചു വിവരിക്കുകയും ചെയ്‌തു. രക്തരഹിത ചികിത്സാ രീതികളെ കുറിച്ച് ഡോക്ടർമാരെ വിജ്ഞരാക്കാൻ യഹോവയുടെ സാക്ഷികൾ സഹായിച്ചിരിക്കുന്നത് എങ്ങനെയെന്നും മാത്തേയൂഷ് പറഞ്ഞു. “ഇപ്പോൾ, ഞങ്ങളുടെ നിലപാടിനെ കുറിച്ച് പോളണ്ടിലെ പ്രമുഖ ഡോക്ടർമാർ അനുകൂല മനോഭാവം പുലർത്തുന്നു. മാത്രമല്ല, ഓരോ വർഷവും രക്തം കൂടാതെയുള്ള ഓപ്പറേഷനു വിധേയരാകുന്ന സാക്ഷികളല്ലാത്ത രോഗികളുടെ എണ്ണം വർധിച്ചുവരികയാണെന്ന് അവർ അഭിപ്രായപ്പെടുകയും ചെയ്യുന്നു,” അവൻ പറഞ്ഞു.രാജ്യഹാളുകളുടെ നിർമാണത്തെ കുറിച്ചു പറഞ്ഞുകൊണ്ട് മാത്തേയൂഷ് ഇങ്ങനെ ഉപസംഹരിച്ചു: “ഞങ്ങൾ കൂടിവരുന്ന സ്ഥലം സന്ദർശിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? പ്രവേശനം സൗജന്യമാണ്, യാതൊരു പണപ്പിരിവും ഇല്ല.” സോസ്‌നോവിയെറ്റ്‌സിലെ കൺവെൻഷൻ സെന്ററിനെ കുറിച്ച് മാത്തേയൂഷ് പറഞ്ഞു: “വലുതും ഉദ്ദേശ്യലക്ഷ്യത്തിന് പ്രായോഗികമായ രീതിയിൽ നിർമിച്ചതുമായ ആ കെട്ടിടം നിങ്ങൾ ഒന്നു കാണേണ്ടതാണ്. നമുക്കൊന്നിച്ച് അവിടം സന്ദർശിക്കരുതോ? അതു സംബന്ധിച്ച് ചിലതു പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അതേക്കുറിച്ച് നമ്മുടെ സുഹൃത്തായ കാത്താർഷേന ഇപ്പോൾ നിങ്ങളോടു പറയുന്നതാണ്.”
തുടർന്ന്, 15 വയസ്സുള്ള കാത്താർഷേന ഉത്സാഹപൂർവം ഇങ്ങനെ പറഞ്ഞു: “യഹോവയുടെ സാക്ഷികളുടെ സോസ്‌നോവിയെറ്റ്‌സിലെ ഡിസ്‌ട്രിക്‌റ്റ് കൺവെൻഷനിലേക്കു നിങ്ങൾക്കെല്ലാം സ്വാഗതം! യുവജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ അവിടെ ചർച്ച ചെയ്യപ്പെടും.” ക്രിസ്‌ത്യാനികളുടെ പ്രധാന ആഘോഷമായ യേശുക്രിസ്‌തുവിന്റെ മരണത്തിന്റെ സ്‌മാരകത്തെ കുറിച്ചും കാത്താർഷേന പറഞ്ഞു. അവൾ ശ്രോതാക്കളെ ഇങ്ങനെ ഉദ്‌ബോധിപ്പിച്ചു: “കഴിഞ്ഞ വർഷം ലോകവ്യാപകമായി 1 കോടി 40 ലക്ഷത്തിലധികം ആളുകളാണ് അതിൽ സംബന്ധിച്ചത്. അടുത്ത തവണ നിങ്ങൾക്കും സംബന്ധിക്കരുതോ?”
തങ്ങളുടെ അവതരണങ്ങൾക്കു ശേഷം, മാൽവിനയും മാത്തേയൂഷും കാത്താർഷേനയും അധ്യാപകർക്ക് യഹോവയുടെ സാക്ഷികൾ—ദൈവരാജ്യ ഘോഷകർ എന്ന പുസ്‌തകവും യഹോവയുടെ സാക്ഷികളുടെ വിശ്വാസങ്ങളെയും പ്രവർത്തനങ്ങളെയും കുറിച്ചു പ്രതിപാദിക്കുന്ന രണ്ടു വീഡിയോ കാസെറ്റുകളും സമർപ്പിച്ചു. * അധ്യാപകർ വിലമതിപ്പോടെ അവ സ്വീകരിക്കുകയും ചരിത്ര ക്ലാസ്സുകളിൽ അവ ഉപയോഗിക്കുമെന്ന് ഉറപ്പു കൊടുക്കുകയും ചെയ്‌തു.
ആ പരിപാടിയുടെ ഒടുവിൽ, 12 വയസ്സുള്ള മാർട്ടിന സന്നിഹിതരായ എല്ലാവരെയും “യഹോവെ, നിനക്കു ഞങ്ങൾ നന്ദിപറയുന്നു” എന്ന ഗീതം ഒരു സംഗീതോപകരണം ഉപയോഗിച്ച് പാടി കേൾപ്പിച്ചു. ഈ യുവസാക്ഷികൾ ‘ദൈവത്താൽ ധൈര്യപ്പെട്ട്’ നല്ലൊരു സാക്ഷ്യം നൽകി. (1 തെസ്സലൊനീക്യർ 2:2) എല്ലായിടത്തുമുള്ള യുവസാക്ഷികൾക്ക് എത്ര നല്ല ദൃഷ്ടാന്തം!
[അടിക്കുറിപ്പുകൾ]
^ ഖ. 9 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്.
[26-ാം പേജിലെ ചിത്രം]
സ്‌കൂളിൽ തന്റെ അവതരണം നടത്തുന്നതിന് ഏതാനും ദിവസം മുമ്പ് മാൽവിന അതു തയ്യാറാകുന്നു
[26-ാം പേജിലെ ചിത്രം]
കാത്താർഷേന തന്റെ അവതരണത്തിനുള്ള തിരുവെഴുത്തുകൾ തിരഞ്ഞെടുക്കുന്നു