വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

യഹോവ അബ്രാഹാമുമായി ഉടമ്പടി ചെയ്‌തത്‌ എവിടെവെച്ചാണ്‌, ഊർദേശത്തുവെച്ചോ അതോ ഹാരാനിൽവെച്ചോ?

അബ്രാഹാമുമായുള്ള യഹോവയുടെ ഉടമ്പടിയെ കുറിച്ചുള്ള ഏറ്റവും ആദ്യത്തെ വിവരണം ഉല്‌പത്തി 12:1-3-ൽ കാണാം. അവിടെ ഇങ്ങനെ പറയുന്നു: “യഹോവ അബ്രാമിനോടു അരുളിച്ചെയ്‌തതെന്തെന്നാൽ: നീ നിന്റെ ദേശത്തെയും ചാർച്ചക്കാരെയും പിതൃഭവനത്തെയും വിട്ടു പുറപ്പെട്ടു ഞാൻ നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തേക്കു പോക. ഞാൻ നിന്നെ വലിയോരു ജാതിയാക്കും; . . . നിന്നിൽ ഭൂമിയിലെ സകലവംശങ്ങളും അനുഗ്രഹിക്കപ്പെടും.” * അബ്രാഹാം ഊർദേശത്ത്‌ ആയിരുന്നപ്പോൾ യഹോവ അവനുമായി ഈ ഉടമ്പടി ചെയ്‌തിരിക്കാനും പിന്നീട്‌ അവൻ ഹാരാനിൽ ആയിരുന്നപ്പോൾ അതു സംബന്ധിച്ച്‌ വീണ്ടും ഉറപ്പു കൊടുത്തിരിക്കാനുമാണ്‌ ഏറെ സാധ്യത.

അബ്രാഹാം കനാൻദേശത്തേക്കു മാറിപ്പാർക്കണം എന്ന യഹോവയുടെ കൽപ്പനയെ കുറിച്ച്‌ ഒന്നാം നൂറ്റാണ്ടിൽ സ്‌തെഫാനൊസ്‌ പരാമർശിക്കുകയുണ്ടായി. സൻഹെദ്രിമിനെ അഭിസംബോധന ചെയ്‌തുകൊണ്ട്‌ അവൻ ഇങ്ങനെ പറഞ്ഞു: ‘നമ്മുടെ പിതാവായ അബ്രാഹാം ഹാരാനിൽ വന്നു പാർക്കുംമുമ്പെ മെസൊപ്പൊത്താമ്യയിൽ ഇരിക്കുമ്പോൾതന്നേ തേജോമയനായ ദൈവം അവന്നു പ്രത്യക്ഷനായി: നിന്റെ ദേശത്തെയും നിന്റെ ചാർച്ചക്കാരെയും വിട്ടു ഞാൻ നിനക്കു കാണിച്ചുതരുന്ന ദേശത്തിലേക്കു ചെല്ലുക എന്നു പറഞ്ഞു.’ (പ്രവൃത്തികൾ 7:2, 3) സ്‌തെഫാനൊസ്‌ സൂചിപ്പിച്ചതുപോലെ, അബ്രാഹാം ഊർദേശത്തു നിന്നുള്ളവൻ ആയിരുന്നു. അവിടെവെച്ചാണ്‌ കനാനിലേക്കു പോകാനുള്ള കൽപ്പന അവൻ ആദ്യമായി കേട്ടത്‌. (ഉല്‌പത്തി 15:7; നെഹെമ്യാവു 9:7) സ്‌തെഫാനൊസ്‌ അബ്രാഹാമിനോടുള്ള ദൈവത്തിന്റെ ഉടമ്പടിയെ കുറിച്ചു പരാമർശിച്ചില്ല. എന്നാൽ, ഉല്‌പത്തി 12:1-3 പറയുന്നതനുസരിച്ച്‌ ആ ഉടമ്പടി കനാനിലേക്കു പോകാനുള്ള കൽപ്പനയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട്‌ അബ്രാഹാം ഊർദേശത്ത്‌ ആയിരിക്കെ യഹോവ അവനുമായി ഉടമ്പടി ചെയ്‌തു എന്നു വിശ്വസിക്കുന്നതു ന്യായയുക്തമാണ്‌.

എന്നാൽ, അബ്രാഹാം ഹാരാനിൽ ആയിരിക്കുമ്പോൾ യഹോവ തന്റെ ഉടമ്പടി വീണ്ടും പ്രസ്‌താവിക്കുന്നതായി ഉല്‌പത്തി ശ്രദ്ധാപൂർവം വായിക്കുമ്പോൾ മനസ്സിലാക്കാൻ കഴിയും. കൂടാതെ, കനാനിൽവെച്ച്‌ പല തവണ അതിന്റെ വ്യത്യസ്‌ത വശങ്ങൾ അവൻ ആവർത്തിക്കുകയും വിപുലമാക്കുകയും ചെയ്യുകയുണ്ടായി. (ഉല്‌പത്തി 15:5; 17:1-5; 18:18; 22:16-18) ഉല്‌പത്തി 11:31, 32 പറയുന്നതനുസരിച്ച്‌, അബ്രാഹാം, സാറാ, ലോത്ത്‌ എന്നിവരോടൊപ്പം അബ്രാഹാമിന്റെ പിതാവായ തേരഹ്‌ ഊർദേശം വിട്ട്‌ കനാനിലേക്കു പോയതായി കാണാം. ഹാരാനിൽ എത്തിയ അവർ തേരഹിന്റെ മരണംവരെ അവിടെ പാർത്തു. വളരെ സമ്പത്ത്‌ സ്വരൂപിക്കാൻ തക്കവണ്ണം ദീർഘകാലം അബ്രാഹാം ഹാരാനിൽ വസിച്ചു. (ഉല്‌പത്തി 12:5) പിന്നീട്‌ എപ്പോഴോ അബ്രാഹാമിന്റെ സഹോദരനായ നാഹോരും അവിടേക്കു താമസം മാറ്റി.

തേരഹിന്റെ മരണശേഷം, ബൈബിൾ അബ്രാഹാമിനോടുള്ള യഹോവയുടെ വാക്കുകൾ റിപ്പോർട്ടു ചെയ്‌തിട്ട്‌ ഇങ്ങനെ പറയുന്നു: “യഹോവ തന്നോടു കല്‌പിച്ചതുപോലെ അബ്രാം പുറപ്പെട്ടു.” (ഉല്‌പത്തി 12:⁠4) അതിനാൽ, ഉല്‌പത്തി 12:1-3-ൽ രേഖപ്പെടുത്തിയിരിക്കുന്ന വാക്കുകൾ യഹോവ അബ്രാഹാമിനോടു പറഞ്ഞത്‌ തേരഹിന്റെ മരണശേഷം ആയിരിക്കണമെന്നതിന്റെ ശക്തമായ സൂചനയാണ്‌ ഉല്‌പത്തി 11:​31–12:​4-ൽ നാം കാണുന്നത്‌. വാസ്‌തവം അതാണെങ്കിൽ, തനിക്ക്‌ അപ്പോൾ ലഭിച്ച കൽപ്പനയും വർഷങ്ങൾക്കു മുമ്പ്‌ ഊർദേശത്തുവെച്ചു ലഭിച്ച കൽപ്പനയും അനുസരിച്ചുകൊണ്ട്‌ അബ്രാഹാം ഹാരാൻ വിട്ട്‌ യഹോവ സൂചിപ്പിച്ച ദേശത്തേക്കു പുറപ്പെട്ടു.

ഉല്‌പത്തി 12:​1 പറയുന്നതനുസരിച്ച്‌, യഹോവ അബ്രാഹാമിനോട്‌ ഇങ്ങനെ കൽപ്പിച്ചു: ‘നീ നിന്റെ ദേശത്തെയും ചാർച്ചക്കാരെയും പിതൃഭവനത്തെയും വിട്ടു പുറപ്പെട്ടു പോക.’ ഒരു കാലത്ത്‌ അബ്രാഹാമിന്റെ ദേശം ഊർ ആയിരുന്നു, പിതാവിന്റെ ‘ഭവന’വും അവിടെ ആയിരുന്നു. എന്നാൽ, അബ്രാഹാമിന്റെ പിതാവ്‌ തന്റെ ഭവനത്തിലുള്ളവരോടൊപ്പം ഹാരാനിലേക്കു താമസം മാറ്റി. ആ സ്ഥലത്തെ അബ്രാഹാം തന്റെ ദേശം എന്നു വിളിക്കാനിടയായി. കനാനിൽ വന്ന്‌ വർഷങ്ങൾക്കുശേഷം, ഇസ്‌ഹാക്കിന്‌ ഒരു ഭാര്യയെ കണ്ടെത്താൻ അവൻ കാര്യവിചാരകനെ ‘തന്റെ ദേശത്തും തന്റെ ചാർച്ചക്കാരുടെ അടുക്കലും’ അയച്ചു. ആ വിചാരകൻ “നാഹോരിന്റെ പട്ടണത്തി”ലേക്കു (ഹാരാനോ അതിനടുത്തുള്ള ഒരു സ്ഥലമോ) പോയി. (ഉല്‌പത്തി 24:4, 10) അവിടെ അബ്രാഹാമിന്റെ ബന്ധുക്കളുടെ ഇടയിൽ, നാഹോരിന്റെ വലിയ കുടുംബത്തിൽ, ആ കാര്യവിചാരകൻ റിബെക്കയെ കണ്ടെത്തി.​—⁠ഉല്‌പത്തി 22:20-24; 24:15, 24, 29; 27:42, 43.

സൻഹെദ്രിമിനോടുള്ള തന്റെ പ്രസംഗത്തിൽ സ്‌തെഫാനൊസ്‌ അബ്രാഹാമിനെ കുറിച്ച്‌ ഇപ്രകാരം പറഞ്ഞു: “അവന്റെ അപ്പൻ മരിച്ചശേഷം ദൈവം അവനെ അവിടെനിന്നു നിങ്ങൾ ഇപ്പോൾ പാർക്കുന്ന ഈ ദേശത്തിൽ കൊണ്ടുവന്നു പാർപ്പിച്ചു.” (പ്രവൃത്തികൾ 7:4) അതു സൂചിപ്പിക്കുന്നത്‌ ഹാരാനിൽവെച്ച്‌ യഹോവ അബ്രാഹാമിനോടു സംസാരിച്ചു എന്നാണ്‌. ഉല്‌പത്തി 12:1-3-ൽ റിപ്പോർട്ടു ചെയ്‌തിരിക്കുന്ന പ്രകാരമുള്ള തന്റെ ഉടമ്പടി പ്രസ്‌തുത അവസരത്തിൽ യഹോവ വീണ്ടും പ്രസ്‌താവിച്ചു എന്നു വിശ്വസിക്കുന്നതു ന്യായയുക്തമാണ്‌. കാരണം, അബ്രാഹാം കനാനിലേക്കു താമസം മാറിയപ്പോഴാണ്‌ ഉടമ്പടി പ്രാബല്യത്തിൽ വന്നത്‌. അതുകൊണ്ട്‌, എല്ലാ വസ്‌തുതകളും പരിശോധിക്കുമ്പോൾ യഹോവ അബ്രാഹാമുമായി ഉടമ്പടി ചെയ്‌തത്‌ ഊർദേശത്തുവെച്ച്‌ ആയിരുന്നുവെന്നും ഹാരാനിൽവെച്ച്‌ അവൻ അതു സംബന്ധിച്ചു വീണ്ടും ഉറപ്പു നൽകിയെന്നും നിഗമനം ചെയ്യാവുന്നതാണ്‌.

[അടിക്കുറിപ്പുകൾ]

^ ഖ. 3 അബ്രാമിന്റെ 99-ാം വയസ്സിൽ യഹോവ അവന്റെ പേര്‌ അബ്രാഹാം എന്നാക്കി മാറ്റി.​—⁠ഉല്‌പത്തി 17:1, 5.