“ദൈവരാജ്യത്തിൽ കാണാം”
“ദൈവരാജ്യത്തിൽ കാണാം”
“പ്രിയ സുഹൃത്തായ റൂപ്പർട്ടിന്, ഇന്ന് എന്നെ മരണത്തിനു വിധിച്ചു. എന്നെ ഓർത്ത് കരയരുത്. നിനക്കും വീട്ടിൽ എല്ലാവർക്കും എന്റെ സ്‌നേഹം. നമുക്കിനി ദൈവരാജ്യത്തിൽ കാണാം.”
ജൂൺ 8, 1942. അന്ന് നാസി പടയാളികൾ വെടിവെച്ചു കൊല്ലുന്നതിന് ഏതാനും മിനിട്ടുകൾക്കു മുമ്പാണ് ഫ്രാൻസ് ഡ്രോസ്‌ഗ് ആ വാക്കുകൾ എഴുതിയത്. എന്തുകൊണ്ടാണ് അദ്ദേഹം വധിക്കപ്പെട്ടത്?
സ്ലോവേനിയയിലെ മാരിബോറിലുള്ള നാഷണൽ ലിബറേഷൻ മ്യൂസിയത്തിലെ രേഖകൾ അനുസരിച്ച്, 38 വയസ്സുള്ള ആ കൊല്ലപ്പണിക്കാരൻ ജർമൻ അധിനിവേശ പ്രദേശമായ സ്ലോവേനിയയിലെ ജർമൻ പാരാമിലിട്ടറി വിഭാഗമായ വേർമാൻഷാഫ്‌റ്റിൽ ചേരാൻ വിസമ്മതിച്ചു. അദ്ദേഹം ഒരു ബിബെൽഫോർഷർ അഥവാ ബൈബിൾ വിദ്യാർഥി ആയിരുന്നു. അക്കാലത്ത് ആ പ്രദേശത്ത് യഹോവയുടെ സാക്ഷികൾ അങ്ങനെയാണ് അറിയപ്പെട്ടിരുന്നത്. യെശയ്യാവു 2:4-ന് ചേർച്ചയിൽ പ്രവർത്തിച്ച അദ്ദേഹം നാസികളുടെ യുദ്ധശ്രമങ്ങളെ പിന്താങ്ങുമായിരുന്നില്ല. താൻ ദൈവരാജ്യത്തിന്റെ ഒരു പ്രജയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.—മത്തായി 6:33.
സ്വന്തപട്ടണമായ പ്‌റ്റ്യൂയിൽ, ദൈവരാജ്യ സുവാർത്ത സതീക്ഷ്‌ണം പ്രസംഗിക്കുന്ന ഒരുവൻ എന്ന നിലയിൽ ഫ്രാൻസ് അറിയപ്പെട്ടിരുന്നു. (മത്തായി 24:14) അനേകം കഷ്ടപ്പാടുകൾ സഹിക്കേണ്ടിവന്നിട്ടും, 1942 മേയിൽ അറസ്റ്റ് ചെയ്യപ്പെടുന്നതുവരെ അദ്ദേഹം അവിരാമം സുവാർത്ത ഘോഷിച്ചുകൊണ്ടിരുന്നു.
സ്ലോവേനിയയിൽ യഹോവയുടെ സാക്ഷികളായ മറ്റു നിരവധി പേരെയും നാസികൾ അതിക്രൂരമായി പീഡിപ്പിച്ചു. മതവിശ്വാസങ്ങളെ പ്രതി ആദ്യം വധിക്കപ്പെട്ടവരിൽ ഒരുവനായിരുന്നു ഫ്രാൻസ്. പിൻവരുന്ന വാക്കുകൾ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികളെ പോലെ അദ്ദേഹത്തിനും ശക്തി പകർന്നു: “നാം അനേകം കഷ്ടങ്ങളിൽകൂടി ദൈവരാജ്യത്തിൽ കടക്കേണ്ടതാകുന്നു.” (പ്രവൃത്തികൾ 14:22) ആ സ്വർഗീയ ഗവൺമെന്റിന്റെ യാഥാർഥ്യത്തിലുള്ള അദ്ദേഹത്തിന്റെ വിശ്വാസം അദ്ദേഹത്തിന്റെ അവസാന വാക്കുകളിൽ പ്രകടമായിരുന്നു: “ദൈവരാജ്യത്തിൽ കാണാം.”
[32-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
ഫ്രാൻസ് ഡ്രോസ്‌ഗ്: Photo Archive-Museum of National Liberation Maribor, Slovenia; കത്ത്: Original kept in Museum of National Liberation Maribor, Slovenia