യഹോവ നമ്മുടെ സങ്കേതം
യഹോവ നമ്മുടെ സങ്കേതം
“‘യഹോവ എന്റെ സങ്കേതമാകുന്നു’ എന്നു നീ പറഞ്ഞതിനാൽ . . . യാതൊരു അനർഥവും നിനക്കു ഭവിക്കുകയില്ല.” —സങ്കീർത്തനം 91:9, 10, NW.
1. യഹോവ നമ്മുടെ സങ്കേതമാകുന്നു എന്നു പറയാൻ കഴിയുന്നത് എന്തുകൊണ്ട്?
യഹോവ തന്റെ ജനത്തിന്റെ യഥാർഥ സങ്കേതമാണ്. നാം അവനു പൂർണമായും അർപ്പിതരാണെങ്കിൽ നാം ‘സകലവിധത്തിലും കഷ്ടം സഹിക്കുന്നവർ എങ്കിലും ഇടുങ്ങിയിരിക്കില്ല; ബുദ്ധിമുട്ടുന്നവർ എങ്കിലും നിരാശപ്പെടില്ല; ഉപദ്രവം അനുഭവിക്കുന്നവർ എങ്കിലും ഉപേക്ഷിക്കപ്പെടില്ല; വീണുകിടക്കുന്നവർ എങ്കിലും നശിച്ചുപോകില്ല.’ എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ യഹോവ നമുക്ക് “അത്യന്തശക്തി” നൽകുന്നു. (2 കൊരിന്ത്യർ 4:7-9) അതേ, നമ്മുടെ സ്വർഗീയ പിതാവ് ദൈവഭക്തിയോടു കൂടിയ ജീവിതം നയിക്കാൻ നമ്മെ സഹായിക്കുന്നു. അതുകൊണ്ട് സങ്കീർത്തനക്കാരന്റെ വാക്കുകൾ നമുക്കു ഗൗരവമായി എടുക്കാൻ കഴിയും: “‘യഹോവ എന്റെ സങ്കേതമാകുന്നു’ എന്നു നീ പറഞ്ഞതിനാൽ അത്യുന്നതനെത്തന്നെ നീ നിന്റെ വാസസ്ഥാനം ആക്കിയിരിക്കുന്നു; യാതൊരു അനർഥവും നിനക്കു ഭവിക്കുകയില്ല.”—സങ്കീർത്തനം 91:9, 10, NW.
2. തൊണ്ണൂറ്റൊന്നാം സങ്കീർത്തനത്തെ കുറിച്ചും അതു വാഗ്‌ദാനം ചെയ്യുന്നതിനെ കുറിച്ചും എന്തു പറയാൻ കഴിയും?
2 സങ്കീർത്തനം 91-ലെ ആ വാക്കുകൾ മോശെ എഴുതിയതായിരിക്കാം. 90-ാം സങ്കീർത്തനത്തിന്റെ മേലെഴുത്ത് സൂചിപ്പിക്കുന്നത് അതു രചിച്ചത് അവൻ ആണെന്നാണ്. ഇടയ്‌ക്ക് മറ്റൊരു എഴുത്തുകാരനെ കുറിച്ചുള്ള യാതൊരു പരാമർശവും കൂടാതെ 91-ാം സങ്കീർത്തനം തുടരുകയാണു ചെയ്യുന്നത്. 91-ാം സങ്കീർത്തനം ദ്വൈഗീതാത്മകമായിട്ട്—ആദ്യം ഒരാളുടെ ആലാപനം, (91:1, 2) തുടർന്ന് ഒരു ഗായകസംഘത്തിന്റെ ആലാപനം (91:3-8) എന്ന രീതിയിൽ—ആയിരിക്കാം ഒരുപക്ഷേ പാടിയിരുന്നത്. അതു കഴിഞ്ഞ് ഒരാൾ പാടുന്നു (91:9എ), തുടർന്ന് ഒരു സംഘം പ്രതിവചിക്കുന്നു (91:9ബി-13). അവസാന വരികൾ (91:14-16) ഒരു ഗായകൻ തനിയെ ആയിരിക്കാം പാടിയത്. വാസ്‌തവം എന്തായിരുന്നാലും, 91-ാം സങ്കീർത്തനം ഒരു വർഗമെന്ന നിലയിൽ അഭിഷിക്ത ക്രിസ്‌ത്യാനികൾക്ക് ആത്മീയ സുരക്ഷിതത്വം വാഗ്‌ദാനം ചെയ്യുന്നു, മാത്രമല്ല, ഒരു കൂട്ടമെന്ന നിലയിൽ അവരുടെ സമർപ്പിത കൂട്ടാളികൾക്കും സമാനമായ ഉറപ്പു നൽകുന്നു. * യഹോവയുടെ അത്തരം എല്ലാ ദാസന്മാരുടെയും വീക്ഷണത്തിൽനിന്ന് നമുക്ക് ഈ സങ്കീർത്തനം പരിശോധിക്കാം.
‘ദൈവത്തിന്റെ മറവിൽ’ സുരക്ഷിതർ
3. (എ) ‘അത്യുന്നതന്റെ മറവ്’ എന്താണ്? (ബി) ‘സർവ്വശക്തന്റെ നിഴലിൻ കീഴിൽ പാർക്കുക’വഴി നാം എന്ത് അനുഭവിക്കുന്നു?
3 സങ്കീർത്തനക്കാരൻ പാടുന്നു: “അത്യുന്നതന്റെ മറവിൽ വസിക്കയും സർവ്വശക്തന്റെ നിഴലിൻ കീഴിൽ പാർക്കയും ചെയ്യുന്നവൻ യഹോവയെക്കുറിച്ചു: അവൻ എന്റെ സങ്കേതവും കോട്ടയും ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും എന്നു പറയുന്നു.” (സങ്കീർത്തനം 91:1, 2) ‘അത്യുന്നതന്റെ മറവ്’ നമുക്കു സംരക്ഷണം നൽകുന്ന ഒരു ആലങ്കാരിക ഇടമാണ്, സാത്താൻ പ്രത്യേകാൽ ലക്ഷ്യമിട്ടിരിക്കുന്ന അഭിഷിക്തരുടെ കാര്യത്തിൽ വിശേഷിച്ചും. (വെളിപ്പാടു 12:15-17) ആത്മീയ അതിഥികളായി ദൈവത്തോടൊപ്പം വസിക്കുന്നവർ എന്നനിലയിലുള്ള സംരക്ഷണം ഇല്ലായിരുന്നെങ്കിൽ, സാത്താൻ നമ്മെയെല്ലാം നശിപ്പിക്കുമായിരുന്നു. ‘സർവ്വശക്തന്റെ നിഴലിൻ കീഴിൽ പാർക്കുക’വഴി ദൈവത്തിന്റെ സംരക്ഷണാത്മക തണൽ അഥവാ നിഴൽ നാം അനുഭവിച്ചറിയുന്നു. (സങ്കീർത്തനം 15:1, 2; 121:5) നമ്മുടെ പരമാധീശ കർത്താവായ യഹോവയെക്കാൾ ഏറെ സുരക്ഷിതവും പ്രബലവുമായ ഒരു രക്ഷാദുർഗവും ഇല്ല.—സദൃശവാക്യങ്ങൾ 18:10.
4. “വേട്ടക്കാര”നായ സാത്താൻ ഏതെല്ലാം കെണികൾ ഉപയോഗിക്കുന്നു, നാം രക്ഷപ്പെടുന്നത് എങ്ങനെ?
4 സങ്കീർത്തനക്കാരൻ കൂട്ടിച്ചേർക്കുന്നു: ‘അവൻ [യഹോവ] നിന്നെ വേട്ടക്കാരന്റെ കെണിയിൽ നിന്നും നാശകരമായ മഹാമാരിയിൽനിന്നും വിടുവിക്കും.’ (സങ്കീർത്തനം 91:3) പുരാതന ഇസ്രായേലിൽ ഒരു വേട്ടക്കാരൻ സാധാരണഗതിയിൽ പക്ഷികളെ പിടിച്ചിരുന്നത് കെണികൾ അല്ലെങ്കിൽ കുരുക്കുകൾ വെച്ചാണ്. ‘വേട്ടക്കാരനായ’ സാത്താന്റെ കെണികളിൽ അവന്റെ ദുഷ്ട സംഘടനയും ‘കുതന്ത്രങ്ങളും’ ഉൾപ്പെടുന്നു. (എഫെസ്യർ 6:11) നമ്മെ ദുഷ്ടതയിലേക്കു വലിച്ചിഴയ്‌ക്കാനും നമുക്ക് ആത്മീയ ഹാനി വരുത്തിവെക്കാനും നമ്മുടെ പാതയിൽ അവൻ കുടിലമായ കെണികൾ വെച്ചിരിക്കുന്നു. (സങ്കീർത്തനം 142:3) എന്നാൽ, നാം അനീതി വർജിച്ചിരിക്കുന്നതിനാൽ ‘കെണിയിൽനിന്നു വഴുതിപ്പോകുന്ന ഒരു പക്ഷിയെ പോലെയാണ് നമ്മുടെ പ്രാണൻ.’ (സങ്കീർത്തനം 124:7, 8) ദുഷ്ടനായ “വേട്ടക്കാര”നിൽനിന്നു നമ്മെ രക്ഷിക്കുന്നതിൽ നാം യഹോവയോട് എത്ര നന്ദിയുള്ളവരാണ്!—മത്തായി 6:13.
5, 6. എന്തു “മഹാമാരി”യാണ് ‘നാശം’ വരുത്തിവെച്ചിരിക്കുന്നത്, യഹോവയുടെ ജനം അതിനു വഴിപ്പെടാത്തത് എന്തുകൊണ്ട്?
5 “നാശകരമായ മഹാമാരി”യെ കുറിച്ചും സങ്കീർത്തനക്കാരൻ പറയുന്നു. ഒരു മഹാമാരിപോലെ, മനുഷ്യ കുടുംബത്തിനും യഹോവയുടെ പരമാധികാരം ഉയർത്തിപ്പിടിക്കുന്നവർക്കും ‘നാശം’ വരുത്തിവെക്കുന്ന ഒന്നുണ്ട്. ഇതിനോടുള്ള ബന്ധത്തിൽ ചരിത്രകാരനായ ആർനൊൾഡ് ടോയിൻബി ഇപ്രകാരം എഴുതി: “രണ്ടാം ലോകമഹായുദ്ധശേഷം പ്രാദേശിക പരമാധികാരമുള്ള സ്വതന്ത്ര രാഷ്‌ട്രങ്ങളുടെ എണ്ണം ഇരട്ടിയായി വർധിക്കാൻ ദേശീയത്വ ചിന്താഗതി ഇടയാക്കിയിരിക്കുന്നു . . . ഒന്നിനൊന്ന് ഭിന്നിപ്പിക്കുന്ന തരത്തിലുള്ളതാണ് മനുഷ്യവർഗത്തിന്റെ ഇപ്പോഴത്തെ മനോഭാവം.”
6 കഴിഞ്ഞുപോയ നൂറ്റാണ്ടുകളിൽ ചില ഭരണാധിപന്മാർ ഭിന്നിപ്പിക്കുന്ന സാർവദേശീയ വിദ്വേഷത്തിന്റെ തീ ആളിക്കത്തിക്കുകയുണ്ടായി. ഭക്ത്യാദരവ് തങ്ങൾക്കോ നാനാതരം പ്രതിബിംബങ്ങൾക്കോ പ്രതീകങ്ങൾക്കോ അർപ്പിക്കാനും അവർ ആവശ്യപ്പെട്ടിരിക്കുന്നു. എന്നാൽ അത്തരം “മഹാമാരി”യാൽ ബാധിക്കപ്പെടാൻ യഹോവ തന്റെ വിശ്വസ്‌ത ജനത്തെ ഒരിക്കലും അനുവദിച്ചിട്ടില്ല. (ദാനീയേൽ 3:1, 2, 20-27; 6:7-10, 16-22) സ്‌നേഹമുള്ള ഒരു സാർവദേശീയ സഹോദര സമൂഹം എന്നനിലയിൽ നാം യഹോവയ്‌ക്ക് അനന്യഭക്തി നൽകുകയും തിരുവെഴുത്തുപരമായ നിഷ്‌പക്ഷത പാലിക്കുകയും ‘ഏതു ജാതിയിലും [ദൈവത്തെ] ഭയപ്പെട്ടു നീതി പ്രവർത്തിക്കുന്നവനെ അവൻ അംഗീകരിക്കുന്നു’ എന്ന് യാതൊരു മുൻവിധിയും കൂടാതെ സമ്മതിക്കുകയും ചെയ്യുന്നു. (പ്രവൃത്തികൾ 10:34, 35; പുറപ്പാടു 20:4-6; യോഹന്നാൻ 13:34, 35; 17:16; 1 പത്രൊസ് 5:8, 9) ക്രിസ്‌ത്യാനികൾ എന്ന നിലയിൽ നമുക്കു പീഡനത്തിന്റെ രൂപത്തിൽ പല തരത്തിലുള്ള ‘നാശം’ ഉണ്ടാകുന്നെങ്കിലും, നാം സന്തോഷമുള്ളവരും “അത്യുന്നതന്റെ മറവിൽ” ആത്മീയ സുരക്ഷിതത്വം അനുഭവിക്കുന്നവരുമാണ്.
7. യഹോവ “തന്റെ തൂവലുകൾകൊണ്ടു” നമ്മെ എങ്ങനെ സംരക്ഷിക്കുന്നു?
7 നമ്മുടെ സങ്കേതം എന്നനിലയിൽ യഹോവ ഉള്ളതിൽ, പിൻവരുന്ന വാക്കുകളിൽനിന്ന് നാം ആശ്വാസം കണ്ടെത്തുന്നു: “തന്റെ തൂവലുകൾകൊണ്ടു അവൻ സങ്കീർത്തനം 91:4) ഒരു തള്ളപ്പക്ഷി അതിന്റെ കുഞ്ഞുങ്ങളുടെമേൽ പറന്നുനിൽക്കുന്നതു പോലെ, ദൈവം നമ്മെ സംരക്ഷിക്കുന്നു. (യെശയ്യാവു 31:5) ‘തന്റെ തൂവലുകൾകൊണ്ട് അവൻ നമ്മെ മറെക്കുന്നു.’ വിശാലമായ ഒരു അർഥത്തിൽ പറഞ്ഞാൽ, ഒരു പക്ഷിയുടെ “തൂവലുകൾ” അതിന്റെ ചിറകുകളാണ്. അവ ഉപയോഗിച്ച് ഒരു പക്ഷി അതിന്റെ കുഞ്ഞുങ്ങളെ മറയ്‌ക്കുകയും അങ്ങനെ അവയെ ഇരപിടിയന്മാരിൽനിന്നു സംരക്ഷിക്കുകയും ചെയ്യുന്നു. പക്ഷിക്കുഞ്ഞുങ്ങളെ പോലെ നാം യഹോവയുടെ പ്രതീകാത്മക തൂവലുകൾക്കു കീഴെ സുരക്ഷിതരാണ്. കാരണം, അവന്റെ യഥാർഥ ക്രിസ്‌തീയ സംഘടനയ്‌ക്കുള്ളിൽ നാം അഭയം കണ്ടെത്തിയിരിക്കുന്നു.—രൂത്ത് 2:12; സങ്കീർത്തനം 5:1, 11.
നിന്നെ മറെക്കും; അവന്റെ ചിറകിൻ കീഴിൽ നീ ശരണം പ്രാപിക്കും; അവന്റെ വിശ്വസ്‌തത നിനക്കു പരിചയും പലകയും [“കൊത്തളം,” NW] ആകുന്നു.” (8. യഹോവയുടെ “വിശ്വസ്‌തത” ഒരു വലിയ പരിചയും കൊത്തളവും ആയിരിക്കുന്നത് എങ്ങനെ?
8 നാം “വിശ്വസ്‌തത”യിൽ ആശ്രയിക്കുന്നു. അതു പ്രാചീനകാലത്തെ ഒരു പരിച പോലെയാണ്, മിക്കപ്പോഴും അതിന് ഒരു വാതിലിന്റെ രൂപവും ഒരുവന്റെ മുഴുശരീരവും മറയ്‌ക്കാനുള്ള വലിപ്പവും ഉണ്ടായിരുന്നു. (സങ്കീർത്തനം 5:12) അത്തരം സംരക്ഷണത്തിലുള്ള വിശ്വാസം ഭയത്തിൽനിന്നു നമ്മെ സ്വതന്ത്രരാക്കുന്നു. (ഉല്‌പത്തി 15:1; സങ്കീർത്തനം 84:11) നമ്മുടെ വിശ്വാസംപോലെ, ദൈവത്തിന്റെ വിശ്വസ്‌തത സാത്താന്റെ തീയമ്പുകളെ പ്രതിരോധിക്കുകയും ശത്രുവിന്റെ പ്രഹരങ്ങളെ തടുക്കുകയും ചെയ്യുന്ന വലിയ ഒരു സംരക്ഷണാത്മക പരിചയാണ്. (എഫെസ്യർ 6:16) അത് ഒരു കൊത്തളം, പ്രതിരോധത്തിനായി ഉപയോഗിക്കുന്ന ശക്തമായ ഒരു മൺകൂന ആണ്. അതിനു പിന്നിൽ നാം ഉറച്ചുനിൽക്കുന്നു.
‘നാം പേടിക്കയില്ല’
9. രാത്രി ഭയപ്പെടുത്തുന്ന സമയം ആയിരിക്കാവുന്നത് എന്തുകൊണ്ട്, എന്നാൽ നാം ഭയപ്പെടാത്തത് എന്തുകൊണ്ട്?
9 ദൈവത്തിന്റെ സംരക്ഷണത്തിന്റെ വീക്ഷണത്തിൽ സങ്കീർത്തനക്കാരൻ ഇങ്ങനെ പറയുന്നു: “രാത്രിയിലെ ഭയത്തെയും പകൽ പറക്കുന്ന അസ്‌ത്രത്തെയും ഇരുട്ടിൽ സഞ്ചരിക്കുന്ന മഹാമാരിയെയും ഉച്ചെക്കു നശിപ്പിക്കുന്ന സംഹാരത്തെയും നിനക്കു പേടിപ്പാനില്ല.” (സങ്കീർത്തനം 91:5, 6) ഇരുട്ടിന്റെ മറവിൽ പല ഘോരകൃത്യങ്ങളും നടക്കുന്നതിനാൽ, രാത്രി ഭയപ്പെടുത്തുന്ന ഒരു സമയമായിരിക്കാൻ കഴിയും. ഇന്നു ഭൂമിയെ ഗ്രസിച്ചിരിക്കുന്ന ആത്മീയ അന്ധകാരത്തിൽ, നമ്മുടെ ആത്മീയത തകർക്കാനും നമ്മുടെ പ്രസംഗപ്രവർത്തനത്തിനു തടയിടാനും ശത്രുക്കൾ കുടില മാർഗങ്ങൾ അവലംബിക്കുന്നു. നമ്മെ സംരക്ഷിക്കാൻ യഹോവ ഉള്ളതിനാൽ, ‘രാത്രിയിലെ യാതൊരു ഭയത്തെയും നാം പേടിക്കുന്നില്ല.’—സങ്കീർത്തനം 64:1, 2; 121:4; യെശയ്യാവു 60:2.
10. (എ) ‘പകൽ പറക്കുന്ന അസ്‌ത്രം’ എന്തിനെ സൂചിപ്പിക്കുന്നതായി തോന്നുന്നു, അതിനോടു നാം എങ്ങനെ പ്രതികരിക്കുന്നു? (ബി) “ഇരുട്ടിൽ സഞ്ചരിക്കുന്ന മഹാമാരി”യുടെ സ്വഭാവം എന്ത്, നാം അതു ഭയപ്പെടാത്തത് എന്തുകൊണ്ട്?
10 ‘പകൽ പറക്കുന്ന അസ്‌ത്രം’ വാക്കുകൾ കൊണ്ടുള്ള ആക്രമണത്തെ സൂചിപ്പിക്കുന്നതായി തോന്നുന്നു. (സങ്കീർത്തനം 64:3-5; 94:20) സത്യമായ വിവരങ്ങൾ അറിയിക്കുന്നതിൽ നാം തുടരുന്നതിനാൽ, നമ്മുടെ വിശുദ്ധ സേവനത്തോടു പ്രകടമാക്കുന്ന അത്തരം തുറന്ന എതിർപ്പ് നിഷ്‌ഫലമായിത്തീരുന്നു. മാത്രമല്ല, “ഇരുട്ടിൽ സഞ്ചരിക്കുന്ന മഹാമാരിയെയും” നാം ഭയപ്പെടുന്നില്ല. ഇത് സാത്താന്റെ അധികാരത്തിൽ കിടക്കുന്ന ധാർമികവും മതപരവുമായി രോഗഗ്രസ്‌തമായ ഈ ലോകത്തിന്റെ ഇരുട്ടിൽ വിതയ്‌ക്കപ്പെടുന്ന ഒരു ആലങ്കാരിക മഹാമാരിയാണ്. (1 യോഹന്നാൻ 5:19) അത് മനസ്സിന്റെയും ഹൃദയത്തിന്റെയും മാരകമായ ഒരു അവസ്ഥ ഉളവാക്കുകയും യഹോവയെയും അവന്റെ ഉദ്ദേശ്യങ്ങളെയും സ്‌നേഹപൂർവകമായ കരുതലുകളെയും സംബന്ധിച്ച അന്ധകാരത്തിൽ ആളുകളെ ആക്കിവെക്കുകയും ചെയ്യുന്നു. (1 തിമൊഥെയൊസ് 6:4, 5) ഈ അന്ധകാരത്തിൻ മധ്യേ നാം ഭയപ്പെടുന്നില്ല. കാരണം, നാം ആത്മീയ വെളിച്ചം സമൃദ്ധമായി ആസ്വദിക്കുന്നു.—സങ്കീർത്തനം 43:3.
11. ‘ഉച്ചെക്കു നാശം’ അനുഭവിക്കുന്നവർക്ക് എന്തു സംഭവിക്കുന്നു?
11 ഇനി, ‘ഉച്ചെക്കു നശിപ്പിക്കുന്ന സംഹാരവും’ നമ്മെ ഭയപ്പെടുത്തുന്നില്ല. ‘ഉച്ച’ എന്നതിനാൽ ഇവിടെ ഈ ലോകത്തിന്റെ പ്രബുദ്ധതയെ ആകാം പരാമർശിക്കുന്നത്. അതിന്റെ ഭൗതികത്വ വീക്ഷണങ്ങൾക്കു വഴിപ്പെടുന്നവർക്ക് ആത്മീയ സംഹാരം സംഭവിക്കുന്നു. (1 തിമൊഥെയൊസ് 6:20, 21) രാജ്യസന്ദേശം ധൈര്യപൂർവം ഘോഷിക്കവേ, നാം യാതൊരു ശത്രുക്കളെയും ഭയപ്പെടുന്നില്ല. കാരണം, യഹോവയാണ് നമ്മുടെ സംരക്ഷകൻ.—സങ്കീർത്തനം 64:1; സദൃശവാക്യങ്ങൾ 3:25, 26.
12. ആരുടെ വശത്ത് ആയിരങ്ങൾ ‘വീഴുന്നു,’ ഏതു വിധത്തിൽ?
12 സങ്കീർത്തനക്കാരൻ തുടരുന്നു: “നിന്റെ വശത്തു ആയിരം പേരും നിന്റെ വലത്തുവശത്തു പതിനായിരം പേരും വീഴും, എങ്കിലും അതു നിന്നോടു അടുത്തുവരികയില്ല. നിന്റെ കണ്ണുകൊണ്ടു തന്നേ നീ നോക്കി ദുഷ്ടന്മാർക്കു വരുന്ന പ്രതിഫലം കാണും.” (സങ്കീർത്തനം 91:7, 8) യഹോവയെ തങ്ങളുടെ സങ്കേതം ആക്കുന്നതിൽ പരാജയപ്പെടുന്നതു നിമിത്തം പലരും നമ്മുടെ “വശത്തു” ആത്മീയ മരണത്തിലേക്ക് “വീഴും.” ഫലത്തിൽ, ഇന്നത്തെ ആത്മീയ ഇസ്രായേല്യരുടെ ‘വലത്തുവശത്ത് പതിനായിരം പേർ’ വീണിരിക്കുന്നു. (ഗലാത്യർ 6:16) അഭിഷിക്ത ക്രിസ്‌ത്യാനികൾ ആയിരുന്നാലും അവരുടെ സമർപ്പിത കൂട്ടാളികൾ ആയിരുന്നാലും ദൈവത്തിന്റെ “മറവിൽ” നാം സുരക്ഷിതരാണ്. നാം ‘നോക്കി ദുഷ്ടന്മാർക്കു വരുന്ന പ്രതിഫലം കാണുന്നു,’ അവർ വാണിജ്യ രംഗത്തും മതപരമായ മണ്ഡലത്തിലും മറ്റ് വിധങ്ങളിലും കുഴപ്പം കൊയ്യുകയാണ്.—ഗലാത്യർ 6:7.
‘യാതൊരു അനർഥവും നമുക്കു ഭവിക്കുകയില്ല’
13. എന്ത് അനർഥങ്ങൾ നമുക്ക് ഉണ്ടാകുന്നില്ല, എന്തുകൊണ്ട്?
13 ഈ ലോകത്തിന്റെ സുരക്ഷിതത്വം തകരുകയാണെങ്കിലും, നാം ദൈവത്തെ ഒന്നാമതു വെക്കുകയും സങ്കീർത്തനക്കാരന്റെ പിൻവരുന്ന വാക്കുകളിൽനിന്നു ധൈര്യം ആർജിക്കുകയും ചെയ്യുന്നു: “‘യഹോവ എന്റെ സങ്കേതമാകുന്നു’ എന്നു നീ പറഞ്ഞതിനാൽ അത്യുന്നതനെത്തന്നെ നീ നിന്റെ വാസസ്ഥാനം ആക്കിയിരിക്കുന്നു; യാതൊരു അനർഥവും നിനക്കു ഭവിക്കുകയില്ല; ഒരു ബാധ പോലും നിന്റെ കൂടാരത്തിനടുത്തു വരികയില്ല.” (സങ്കീർത്തനം 91:9, 10, NW) അതേ, യഹോവ നമ്മുടെ സങ്കേതമാണ്. അത്യുന്നത ദൈവത്തെ നാം ‘നമ്മുടെ വാസസ്ഥാനം’ ആക്കുകയും അതിൽ നാം സുരക്ഷിതത്വം കണ്ടെത്തുകയും ചെയ്യുന്നു. അഖിലാണ്ഡ പരമാധികാരി എന്ന നിലയിൽ നാം യഹോവയെ സ്‌തുതിക്കുകയും നമ്മുടെ സുരക്ഷിതത്വത്തിന്റെ ഉറവ് എന്ന നിലയിൽ അവനിൽ ‘വസിക്കു’കയും അവന്റെ രാജ്യത്തെ കുറിച്ചുള്ള സുവാർത്ത ഘോഷിക്കുകയും ചെയ്യുന്നു. (മത്തായി 24:14) അതുകൊണ്ട്, ഈ സങ്കീർത്തനത്തിൽ മുമ്പ് വിവരിച്ച ‘യാതൊരു അനർഥവും നമുക്കു ഭവിക്കുകയില്ല.’ മറ്റുള്ളവരെ പോലെതന്നെ നമുക്കും ഭൂകമ്പത്തിന്റെയും ചുഴലിക്കാറ്റിന്റെയും വെള്ളപ്പൊക്കത്തിന്റെയും യുദ്ധത്തിന്റെയും കെടുതികൾ ഉണ്ടാകുന്നെങ്കിലും, അവ നമ്മുടെ വിശ്വാസത്തെയോ ആത്മീയ സുരക്ഷിതത്വത്തെയോ നശിപ്പിക്കുന്നില്ല.
14. യഹോവയുടെ ദാസന്മാർ എന്നനിലയിൽ, ഏതെല്ലാം മാരകമായ ബാധകൾ നമ്മെ ബാധിക്കുന്നില്ല?
14 ഈ വ്യവസ്ഥിതിയിൽനിന്ന് അകലെ കൂടാരങ്ങളിൽ വസിക്കുന്ന പരദേശികളെ പോലെയാണ് അഭിഷിക്ത ക്രിസ്‌ത്യാനികൾ. (1 പത്രൊസ് 2:11) ‘ഒരു ബാധ പോലും അവരുടെ കൂടാരത്തിനടുത്തു വരുന്നില്ല.’ നമ്മുടെ പ്രത്യാശ സ്വർഗീയമോ ഭൗമികമോ ആയിരുന്നാലും, ഈ ലോകത്തിന്റെ അധാർമികത, ഭൗതികാസക്തി, വ്യാജമതം, “മൃഗ”ത്തിന്റെയും അതിന്റെ “പ്രതിമ”യുടെയും ആരാധന എന്നിങ്ങനെയുള്ള ആത്മീയമായി മാരകമായ ബാധകൾ നമ്മെ ബാധിക്കുന്നില്ല.—വെളിപ്പാടു 9:20, 21; 13:1-18; യോഹന്നാൻ 17:16.
15. ഏതെല്ലാം വിധങ്ങളിൽ നാം ദൂതന്മാരുടെ സഹായം ആസ്വദിക്കുന്നു?
15 നാം ആസ്വദിക്കുന്ന സംരക്ഷണത്തെ കുറിച്ച് സങ്കീർത്തനക്കാരൻ ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: ‘നിന്റെ എല്ലാവഴികളിലും നിന്നെ കാക്കേണ്ടതിന്നു [യഹോവ] നിന്നെക്കുറിച്ചു തന്റെ ദൂതന്മാരോടു കല്‌പിക്കും; നിന്റെ കാൽ കല്ലിൽ തട്ടിപ്പോകാതിരിക്കേണ്ടതിന്നു അവർ നിന്നെ കൈകളിൽ വഹിച്ചുകൊള്ളും.’ (സങ്കീർത്തനം 91:11, 12) നമ്മെ സംരക്ഷിക്കാനുള്ള അധികാരം ദൂതന്മാർക്കു നൽകിയിട്ടുണ്ട്. (2 രാജാക്കന്മാർ 6:17; സങ്കീർത്തനം 34:7-9; 104:4; മത്തായി 26:53; ലൂക്കൊസ് 1:19) ‘നമ്മുടെ എല്ലാ വഴികളിലും’ അവർ നമ്മെ സംരക്ഷിക്കുന്നു. (മത്തായി 18:10) രാജ്യഘോഷകർ എന്ന നിലയിൽ നാം ദൂതന്മാരുടെ വഴിനടത്തിപ്പും സംരക്ഷണവും ആസ്വദിക്കുന്നു, ആത്മീയമായി ഇടറിപ്പോകുന്നുമില്ല. (വെളിപ്പാടു 14:6, 7) നമ്മുടെ വേലയ്‌ക്ക് എതിരെയുള്ള നിരോധനങ്ങൾ പോലുള്ള ‘കല്ലുകൾ’ ഇടറാനും ദിവ്യപ്രീതിയിൽനിന്നു വീണുപോകാനും ഇടയാക്കിയിട്ടില്ല.
16. ‘ബാലസിംഹവും മൂർഖനും’ ആക്രമണങ്ങൾ നടത്തുന്നത് എങ്ങനെ, അവയോടു നാം എങ്ങനെ പ്രതികരിക്കുന്നു?
16 സങ്കീർത്തനക്കാരൻ തുടരുന്നു: “സിംഹത്തിന്മേലും അണലിമേലും [“ബാലസിംഹത്തെയും മൂർഖനെയും,” NW] നീ ചവിട്ടും; ബാലസിംഹത്തെയും പെരുമ്പാമ്പിനെയും നീ മെതിച്ചുകളയും.” (സങ്കീർത്തനം 91:13) ഒരു ബാലസിംഹം മുന്നിൽനിന്ന്, നേരിട്ട് ആക്രമിക്കുന്നതുപോലെ നമ്മുടെ പ്രസംഗപ്രവർത്തനത്തെ തടയാൻ ഉദ്ദേശിച്ചുള്ള നിയമങ്ങൾ പാസാക്കിക്കൊണ്ട് നമ്മുടെ ചില ശത്രുക്കൾ തങ്ങളുടെ എതിർപ്പു പരസ്യമായി പ്രകടമാക്കുന്നു. മൂർഖൻ പതിയിരുന്ന് കൊത്തുന്നതു പോലെ, അപ്രതീക്ഷിത ആക്രമണങ്ങളും നമുക്കു നേരിട്ടേക്കാം. രംഗത്തുനിന്ന് മറഞ്ഞിരുന്നുകൊണ്ട് നിയമനിർമാതാക്കളെയും ജഡ്‌ജിമാരെയും മറ്റുള്ളവരെയുമൊക്കെ ഉപയോഗിച്ചുകൊണ്ട് പുരോഹിതന്മാർ ചിലപ്പോൾ നമ്മുടെമേൽ ആക്രമണം നടത്തുന്നു. എന്നാൽ, യഹോവയുടെ പിന്തുണയോടെ നാം സമാധാനപരമായി കോടതികളിൽ പരിഹാരം തേടിക്കൊണ്ട് ‘സുവാർത്തയ്‌ക്കു വേണ്ടി പ്രതിവാദം നടത്താനും അതു നിയമപരമായി സ്ഥാപിക്കാനും’ ശ്രമിക്കുന്നു.—ഫിലിപ്പിയർ 1:7, NW; സങ്കീർത്തനം 94:14, 20-22.
17. “ബാലസിംഹത്തെ” നാം മെതിച്ചുകളയുന്നത് എങ്ങനെ?
17 “ബാലസിംഹത്തെയും പെരുമ്പാമ്പിനെയും” മെതിച്ചുകളയുന്നതിനെ കുറിച്ച് സങ്കീർത്തനക്കാരൻ പറയുന്നു. ബാലസിംഹം രൗദ്രഭാവമുള്ളതും പെരുമ്പാമ്പ് വളരെ വലിപ്പമുള്ളതും ആയിരിക്കാൻ കഴിയും. (യെശയ്യാവു 31:4) നേരിട്ടുള്ള ആക്രമണം നടത്തുമ്പോൾ ബാലസിംഹം എത്ര രൗദ്രമായിരുന്നാലും, സിംഹസമാന മനുഷ്യരെയോ സംഘടനകളെയോ അനുസരിക്കുന്നതിനു പകരം ദൈവത്തെ അനുസരിച്ചുകൊണ്ട് നാം അതിനെ ആലങ്കാരികമായി ചവിട്ടിമെതിക്കുന്നു. (പ്രവൃത്തികൾ 5:29) അങ്ങനെ, ഭയം ജനിപ്പിക്കുന്ന ആ “സിംഹം” നമുക്ക് ആത്മീയ ഹാനി വരുത്തിവെക്കുന്നില്ല.
18. ‘പെരുമ്പാമ്പ്’ എന്ന പ്രയോഗം ആരെക്കുറിച്ച് നമ്മെ ഓർമിപ്പിച്ചേക്കാം, ആക്രമിക്കപ്പെടുന്നെങ്കിൽ നാം എന്തു ചെയ്യേണ്ടതുണ്ട്?
18 ഗ്രീക്കു സെപ്‌റ്റുവജിന്റിൽ ഈ ‘പെരുമ്പാമ്പി’നെ ‘മഹാസർപ്പം’ എന്നാണ് വിളിച്ചിരിക്കുന്നത്. ഇത് “പിശാചും സാത്താനും എന്ന മഹാസർപ്പമായ പഴയ പാമ്പിനെ” നമ്മുടെ ഓർമയിലേക്കു കൊണ്ടുവന്നേക്കാം. (വെളിപ്പാടു 12:7-9; ഉല്‌പത്തി 3:15) ഇരയെ വരിഞ്ഞുമുറുക്കാനും വിഴുങ്ങാനും കഴിവുള്ള ഒരു ഭീമാകാര ഇഴജന്തു പോലെയാണ് അവൻ. (യിരെമ്യാവു 51:34) സാത്താൻ നമ്മെ കെണിയിലാക്കി ലോകസമ്മർദങ്ങൾകൊണ്ട് വരിഞ്ഞുമുറുക്കാനും വിഴുങ്ങാനും ശ്രമിക്കുമ്പോൾ, അതിന്റെ പിടിയിൽനിന്നു മുക്തരായി ആ “പെരുമ്പാമ്പിനെ” നമുക്കു ചവിട്ടിമെതിക്കാം. (1 പത്രൊസ് 5:8) റോമർ 16:20-ന്റെ നിവൃത്തിയിൽ പങ്കുള്ളവർ ആയിരിക്കണമെങ്കിൽ, അഭിഷിക്ത ശേഷിപ്പ് ഇതു ചെയ്‌തേ മതിയാകൂ.
യഹോവ—നമ്മുടെ രക്ഷയുടെ ഉറവ്
19. നാം യഹോവയെ സങ്കേതമാക്കുന്നത് എന്തുകൊണ്ട്?
19 സത്യാരാധകനെ കുറിച്ച് ദൈവം പിൻവരുന്നപ്രകാരം പറയുന്നതായി സങ്കീർത്തനക്കാരൻ പ്രസ്‌താവിക്കുന്നു: “അവൻ എന്നോടു പററിയിരിക്കയാൽ ഞാൻ അവനെ വിടുവിക്കും; അവൻ എന്റെ നാമത്തെ അറികയാൽ ഞാൻ അവനെ ഉയർത്തും.” (സങ്കീർത്തനം 91:14) “ഞാൻ അവനെ ഉയർത്തും” എന്നത് അക്ഷരീയമായി കയ്യെത്താ ദൂരത്തോളം ഉയർത്തുന്നതിനെ അർഥമാക്കുന്നു. യഹോവയുടെ ആരാധകർ എന്ന നിലയിൽ, വിശേഷാൽ നാം അവനെ സങ്കേതമാക്കുന്നു. കാരണം, ‘നാം അവനോടു പറ്റിയിരിക്കുന്നു.’ (മർക്കൊസ് 12:29, 30; 1 യോഹന്നാൻ 4:19) തന്മൂലം, ശത്രുക്കളിൽനിന്ന് ദൈവം ‘നമ്മെ വിടുവിക്കുന്നു.’ നാം ഭൂമിയിൽനിന്ന് ഒരിക്കലും തുടച്ചുമാറ്റപ്പെടുകയില്ല. പകരം, നാം രക്ഷിക്കപ്പെടും. കാരണം, നമുക്കു ദിവ്യനാമം അറിയാം. വിശ്വാസത്തോടെ അതു വിളിച്ചപേക്ഷിക്കുകയും ചെയ്യുന്നു. (റോമർ 10:11-13) മാത്രമല്ല, ‘യഹോവയുടെ നാമത്തിൽ എന്നേക്കും’ നടക്കാൻ നാം ദൃഢചിത്തരുമാണ്.—മീഖാ 4:5; യെശയ്യാവു 43:10-12.
20. 91-ാം സങ്കീർത്തനം അവസാനിക്കവേ, തന്റെ വിശ്വസ്‌ത ദാസന് യഹോവ എന്തു വാഗ്‌ദാനം ചെയ്യുന്നു?
20 തൊണ്ണൂറ്റൊന്നാം സങ്കീർത്തനം അവസാനിക്കവേ, യഹോവ തന്റെ വിശ്വസ്‌ത ദാസനെ സംബന്ധിച്ച് ഇങ്ങനെ പറയുന്നു: “അവൻ എന്നെ വിളിച്ചപേക്ഷിക്കും; ഞാൻ അവന്നു ഉത്തരമരുളും; കഷ്ടകാലത്തു ഞാൻ അവനോടുകൂടെ ഇരിക്കും; ഞാൻ അവനെ വിടുവിച്ചു മഹത്വപ്പെടുത്തും. ദീർഘായുസ്സുകൊണ്ടു ഞാൻ അവന്നു തൃപ്‌തിവരുത്തും; എന്റെ രക്ഷയെ അവന്നു കാണിച്ചുകൊടുക്കും.” (സങ്കീർത്തനം 91:15, 16) ദൈവത്തിന്റെ ഹിതപ്രകാരം നാം അവനോട് അപേക്ഷിക്കുമ്പോൾ, അവൻ നമുക്ക് ഉത്തരമരുളുന്നു. (1 യോഹന്നാൻ 5:13-15) സാത്താൻ ഇളക്കിവിടുന്ന ശത്രുത നിമിത്തം നാം ഇപ്പോൾത്തന്നെ വളരെയധികം കഷ്ടത്തിൽ കൂടി കടന്നുപോയിരിക്കുന്നു. എന്നാൽ “കഷ്ടകാലത്തു ഞാൻ അവനോടുകൂടെ ഇരിക്കും” എന്ന വാക്കുകൾ ഭാവിയിൽ വരാനിരിക്കുന്ന പരിശോധനകൾക്കായി നമ്മെ ഒരുക്കുകയും ഈ ദുഷ്‌ട വ്യവസ്ഥിതി നശിപ്പിക്കപ്പെടുമ്പോൾ ദൈവം നമ്മെ കാത്തുകൊള്ളുമെന്ന് ഉറപ്പു നൽകുകയും ചെയ്യുന്നു.
21. അഭിഷിക്തർ ഇപ്പോൾത്തന്നെ മഹത്ത്വീകരിക്കപ്പെട്ടിരിക്കുന്നത് എങ്ങനെ?
21 സാത്താന്റെ ശക്തമായ എതിർപ്പ് ഉണ്ടെങ്കിലും, നമ്മുടെ ഇടയിലുള്ള മുഴുവൻ അഭിഷിക്ത അംഗങ്ങളും ഭൂമിയിലെ ഒരു ‘ദീർഘായുസ്സിന്’ ശേഷം യഹോവയുടെ തക്കസമയത്ത് സ്വർഗത്തിൽ മഹത്ത്വീകരിക്കപ്പെടും. എന്നാൽ, ദൈവത്തിന്റെ ശ്രദ്ധേയമായ വിടുതലുകൾ അഭിഷിക്തർക്ക് ഇപ്പോൾത്തന്നെ ആത്മീയ മഹത്ത്വം കൈവരുത്തിയിരിക്കുന്നു. ഈ അന്ത്യനാളുകളിൽ ഭൂമിയിൽ യഹോവയുടെ സാക്ഷികൾക്കു നേതൃത്വം നൽകുകയെന്ന എത്ര മഹത്തായ ബഹുമതിയാണ് അവർക്കുള്ളത്! (യെശയ്യാവു 43:10-12) മഹായുദ്ധമായ അർമഗെദോന്റെ സമയത്തായിരിക്കും യഹോവ തന്റെ ജനത്തിനു വേണ്ടി ഏറ്റവും മഹത്തായ വിടുതൽ കൈവരുത്തുന്നത്. അപ്പോൾ അവൻ തന്റെ പരമാധികാരം സംസ്ഥാപിക്കുകയും തന്റെ പവിത്ര നാമത്തെ വിശുദ്ധീകരിക്കുകയും ചെയ്യും.—സങ്കീർത്തനം 83:18; യെഹെസ്‌കേൽ 38:23; വെളിപ്പാടു 16:14, 16.
22. ‘യഹോവയാലുള്ള രക്ഷ’ ആർ കാണും?
22 നാം അഭിഷിക്ത ക്രിസ്‌ത്യാനികളെ അവരുടെ സമർപ്പിത കൂട്ടാളികളോ ആയിരുന്നാലും, രക്ഷയ്‌ക്കായി നാം ദൈവത്തിലേക്കു നോക്കുന്നു. ദൈവത്തെ വിശ്വസ്‌തമായി സേവിക്കുന്നവർ “യഹോവയുടെ വലുതും ഭയങ്കരവുമായുള്ള ദിവസ”ത്തിൽ രക്ഷിക്കപ്പെടും. (യോവേൽ 2:30-32) ദൈവത്തിന്റെ പുതിയ ലോകത്തിലേക്ക് അതിജീവിക്കുകയും അന്തിമ പരിശോധനയുടെ സമയത്തും വിശ്വസ്‌തരായി നിലകൊള്ളുകയും ചെയ്യുന്ന “മഹാപുരുഷാര”ത്തിൽ പെട്ടവർക്ക് “ദീർഘായുസ്സുകൊണ്ടു”—അനന്തമായ ജീവൻകൊണ്ട്—‘തൃപ്‌തിവരും.’ മാത്രമല്ല, അനവധി പേരെ അവൻ പുനരുത്ഥാനത്തിൽ കൊണ്ടുവരികയും ചെയ്യും. (വെളിപ്പാടു 7:9; 20:7-15) യേശുക്രിസ്‌തു മുഖാന്തരം ‘നമുക്കു രക്ഷ കാണിച്ചുതരുന്ന’തിൽ യഹോവ വലിയ സന്തോഷം കണ്ടെത്തും. (സങ്കീർത്തനം 3:8) നമുക്കു മുന്നിൽ ഇത്ര മഹത്തായ പ്രതീക്ഷകൾ ഉള്ളതിനാൽ, ദൈവത്തിന്റെ മഹത്ത്വത്തിനായി നമ്മുടെ നാളുകളെ എണ്ണുന്നതിനുള്ള സഹായത്തിനായി നമുക്ക് അവനിലേക്കു നോക്കുന്നതിൽ തുടരാം. യഹോവയാണ് നമ്മുടെ സങ്കേതം എന്നു വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും തെളിയിക്കുന്നതിൽ നമുക്കു തുടരാം.
[അടിക്കുറിപ്പുകൾ]
^ ഖ. 2 ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകൾ എഴുതിയവർ മിശിഹൈക പ്രവചനത്തിന്റെ വീക്ഷണത്തിൽനിന്ന് സങ്കീർത്തനം 91 ചർച്ച ചെയ്‌തില്ല. തീർച്ചയായും, മനുഷ്യനായ യേശുക്രിസ്‌തുവിന് യഹോവ ഒരു സങ്കേതവും ശക്തിദുർഗവും ആയിരുന്നു. ഈ ‘അന്ത്യകാലത്ത്’ യേശുവിന്റെ അഭിഷിക്ത അനുഗാമികൾക്കും ഒരു കൂട്ടമെന്ന നിലയിൽ അവരുടെ സമർപ്പിത കൂട്ടാളികൾക്കും അവൻ അങ്ങനെതന്നെ ആണ്.—ദാനീയേൽ 12:4.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
• ‘അത്യുന്നതന്റെ മറവ്’ എന്താണ്?
• നാം ഭയപ്പെടുന്നില്ലാത്തത് എന്തുകൊണ്ട്?
• ‘യാതൊരു അനർഥവും നമുക്കു ഭവിക്കുകയില്ലാത്തത്’ എങ്ങനെ?
• നമ്മുടെ രക്ഷയുടെ ഉറവാണ് യഹോവ എന്നു നമുക്കു പറയാൻ കഴിയുന്നത് എന്തുകൊണ്ട്?
[അധ്യയന ചോദ്യങ്ങൾ]
[17-ാം പേജിലെ ചിത്രം]
യഹോവയുടെ വിശ്വസ്‌തത നമുക്ക് ഒരു വലിയ പരിച ആയിരിക്കുന്നത് എങ്ങനെയെന്ന് നിങ്ങൾക്ക് അറിയാമോ?
[18-ാം പേജിലെ ചിത്രം]
നേരിട്ടുള്ള എതിർപ്പും അപ്രതീക്ഷിതമായ ആക്രമണങ്ങളും ഉണ്ടെങ്കിലും, തങ്ങളുടെ ശുശ്രൂഷ നിർവഹിക്കാൻ യഹോവ തന്റെ ദാസന്മാരെ സഹായിക്കുന്നു
[കടപ്പാട്]
മൂർഖൻ: A. N. Jagannatha Rao, Trustee, Madras Snake Park Trust