വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യേശു രക്ഷിക്കുന്നു​—⁠എങ്ങനെ?

യേശു രക്ഷിക്കുന്നു​—⁠എങ്ങനെ?

യേശു രക്ഷിക്കുന്നു​—⁠എങ്ങനെ?

“യേശു രക്ഷിക്കുന്നു!” “യേശു നമ്മുടെ രക്ഷകൻ!” എന്നിങ്ങനെയുള്ള സന്ദേശങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള കെട്ടിടങ്ങളുടെ മതിലുകളിലും മറ്റു പൊതു സ്ഥലങ്ങളിലും പ്രദർശിപ്പിച്ചിരിക്കുന്നതു കാണാം. യേശു തങ്ങളുടെ രക്ഷകനാണെന്നു ദശലക്ഷക്കണക്കിന്‌ ആളുകൾ ആത്മാർഥമായി വിശ്വസിക്കുന്നു. “യേശു എങ്ങനെയാണു നമ്മെ രക്ഷിക്കുന്നത്‌?” എന്നു ചോദിച്ചാൽ “യേശു നമുക്കു വേണ്ടി മരിച്ചു” എന്നോ “യേശു നമ്മുടെ പാപങ്ങൾക്കായി മരിച്ചു” എന്നോ അവർ ഒരുപക്ഷേ പറഞ്ഞേക്കാം. അതേ, യേശുവിന്റെ മരണമാണ്‌ നമുക്കു രക്ഷ സാധ്യമാക്കുന്നത്‌. എന്നാൽ, ഒരു വ്യക്തിയുടെ മരണത്തിന്‌ എങ്ങനെയാണ്‌ അനേകരുടെ പാപങ്ങൾക്കു പരിഹാരം വരുത്താൻ കഴിയുന്നത്‌? “ആകട്ടെ, യേശുവിന്റെ മരണം നമുക്കു രക്ഷ കൈവരുത്തുന്നത്‌ എങ്ങനെയാണ്‌?” എന്ന്‌ നിങ്ങളോടു ചോദിച്ചാൽ നിങ്ങൾ എന്ത്‌ ഉത്തരം പറയും?

ഈ ചോദ്യത്തിന്‌ ബൈബിൾ നൽകുന്ന ഉത്തരം വളരെ ലളിതവും, അതേസമയം പ്രാധാന്യമർഹിക്കുന്നതും വ്യക്തവുമാണ്‌. എന്നാൽ അതിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിന്‌, ദുഷ്‌കരമായ ഒരു പ്രശ്‌നത്തിനുള്ള പരിഹാരം എന്ന നിലയിൽ നാം യേശുവിന്റെ ജീവനെയും മരണത്തെയും കാണേണ്ടതുണ്ട്‌. അപ്പോൾ മാത്രമേ യേശുവിന്റെ മരണത്തിന്റെ വലിയ മൂല്യം നമുക്ക്‌ ഉചിതമായി മനസ്സിലാക്കാൻ കഴിയൂ.

യേശുവിന്റെ ജീവൻ നൽകുന്നതിനുള്ള ക്രമീകരണം ചെയ്യുകവഴി, ആദാം പാപം ചെയ്‌തപ്പോഴുണ്ടായ ഒരു സാഹചര്യത്തെ കൈകാര്യം ചെയ്യാൻ ദൈവം ശ്രമിക്കുകയായിരുന്നു. ആ പാപം എത്ര വലിയ ഒരു ദുരന്തം ആയിരുന്നു! ആദ്യ മനുഷ്യനായ ആദാമും അവന്റെ ഭാര്യ ഹവ്വായും പൂർണതയുള്ളവർ ആയിരുന്നു. മനോഹരമായ ഏദെൻതോട്ടം അവരുടെ ഭവനമായിരുന്നു. തങ്ങളുടെ ആ ഉദ്യാനഭവനം പരിപാലിക്കുകയെന്ന ജോലി ദൈവം അവർക്കു നൽകി. കൂടാതെ, ഭൂമിയിലെ മറ്റു ജീവജാലങ്ങളുടെ മേൽനോട്ടവും അവർക്കുണ്ടായിരുന്നു. ഭൂമിയിൽ മനുഷ്യർ പെരുകി അവരുടെ എണ്ണം കോടിക്കണക്കിന്‌ ആകുന്നതോടെ അവർ പറുദീസയെ ഭൂമിയുടെ അറ്റങ്ങളിലേക്കു വ്യാപിപ്പിക്കണമായിരുന്നു. (ഉല്‌പത്തി 1:28) എത്ര ആനന്ദകരവും ആവേശകരവുമായ വേലയാണ്‌ അവർക്കു ലഭിച്ചത്‌! മാത്രമല്ല, അവർക്കു പരസ്‌പരം ഊഷ്‌മളമായ സഖിത്വം ആസ്വദിക്കാനും കഴിയുമായിരുന്നു. (ഉല്‌പത്തി 2:18) അവർക്ക്‌ യാതൊന്നിന്റെയും കുറവ്‌ ഉണ്ടായിരുന്നില്ല. അവർക്കു മുന്നിൽ സന്തുഷ്‌ടമായ നിത്യജീവൻ ഉണ്ടായിരുന്നു.

ആദാമിനും ഹവ്വായ്‌ക്കും എങ്ങനെ പാപം ചെയ്യാൻ കഴിഞ്ഞുവെന്നു ചിന്തിക്കുന്നതു ദുഷ്‌കരമാണ്‌. എന്നാൽ ആദ്യ മനുഷ്യ ദമ്പതികൾ തങ്ങളെ സൃഷ്‌ടിച്ച യഹോവയാം ദൈവത്തിനെതിരെ മത്സരിച്ചു. ആത്മജീവിയായ പിശാചായ സാത്താൻ ഒരു പാമ്പിനെ ഉപയോഗിച്ചുകൊണ്ട്‌ യഹോവയോട്‌ അനുസരണക്കേടു കാണിക്കാൻ തക്കവണ്ണം ഹവ്വായെ വഞ്ചിച്ചു, അങ്ങനെ അവൾ പാപം ചെയ്‌തു. പിന്നീട്‌ ആദാമും അവളോടു ചേർന്നു.​—⁠ഉല്‌പത്തി 3:1-6.

ആദാമിന്റെയും ഹവ്വായുടെയും കാര്യത്തിൽ സ്രഷ്‌ടാവ്‌ എന്തു ചെയ്യും എന്നതു സംബന്ധിച്ച്‌ യാതൊരു സംശയവും ഇല്ലായിരുന്നു. അനുസരണക്കേടിന്റെ അനന്തരഫലത്തെ കുറിച്ച്‌ അവൻ നേരത്തേ ഇങ്ങനെ പറഞ്ഞിരുന്നു: “തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനക്കു ഇഷ്ടംപോലെ തിന്നാം. എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം തിന്നരുതു; തിന്നുന്ന നാളിൽ നീ മരിക്കും.” (ഉല്‌പത്തി 2:16, 17) ഉത്തരം ലഭിക്കേണ്ട വളരെ പ്രധാനപ്പെട്ട ഒരു ചോദ്യം ഇപ്പോൾ ഉയർന്നുവന്നു.

മനുഷ്യവർഗം ദുഷ്‌കരമായ ഒരു പ്രശ്‌നത്തെ അഭിമുഖീകരിക്കുന്നു

ആദ്യ പാപം മനുഷ്യവർഗത്തിന്റെമേൽ വളരെ ഗൗരവമേറിയ ഒരു പ്രശ്‌നം വരുത്തിവെച്ചു. പൂർണതയുള്ള ഒരു മനുഷ്യൻ ആയിട്ടാണ്‌ ആദാം ജീവിതം ആരംഭിച്ചത്‌. അതുകൊണ്ട്‌ അവന്റെ മക്കൾക്കു പൂർണതയുള്ള നിത്യജീവൻ ആസ്വദിക്കാൻ കഴിയുമായിരുന്നു. എന്നാൽ, മക്കളെ ജനിപ്പിക്കുന്നതിനു മുമ്പ്‌ ആദാം പാപം ചെയ്‌തു. അതിനാൽ, ‘[പൊടിയിൽ] തിരികെ ചേരുവോളം മുഖത്തെ വിയർപ്പോടെ നീ ഉപജീവനം കഴിക്കും; നീ പൊടിയാകുന്നു, പൊടിയിൽ തിരികെ ചേരും’ എന്ന ശിക്ഷാവിധി ലഭിച്ചപ്പോൾ മുഴു മനുഷ്യരാശിയും അവന്റെ കടിപ്രദേശത്ത്‌ ഉണ്ടായിരുന്നു. (ഉല്‌പത്തി 3:19) അതുകൊണ്ട്‌ ആദാം പാപം ചെയ്യുകയും ദൈവം പറഞ്ഞതുപോലെ അവൻ മരിക്കാൻ തുടങ്ങുകയും ചെയ്‌തപ്പോൾ, അവനോടൊപ്പം മുഴു മനുഷ്യവർഗവും മരണത്തിനു വിധിക്കപ്പെട്ടു.

ഉചിതമായി പൗലൊസ്‌ അപ്പൊസ്‌തലൻ പിന്നീട്‌ ഇങ്ങനെ എഴുതി: “ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്‌കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു.” (റോമർ 5:12) അതേ, അനന്ത ജീവന്റെ പ്രതീക്ഷയോടെ ജനിക്കേണ്ടവരായിരുന്ന ആദാമിന്റെ മക്കൾ ആദ്യ പാപം നിമിത്തം രോഗത്തിനും വാർധക്യത്തിനും മരണത്തിനും വിധേയരായി ജനിച്ചു.

“അതു നീതിയല്ല. ആദാമിനെ പോലെ നാം ദൈവത്തോട്‌ അനുസരണക്കേട്‌ കാണിച്ചില്ലല്ലോ. അപ്പോൾ അനന്തജീവനും സന്തുഷ്‌ടിക്കുമുള്ള അവസരം നമുക്ക്‌ എന്തിനു നഷ്ടപ്പെടണം?” എന്ന്‌ ഒരുവൻ ചോദിച്ചേക്കാം. അപ്പൻ കാറു മോഷ്ടിച്ചതിന്റെ പേരിൽ ഒരു കോടതി അയാളുടെ മകനെ പിടിച്ച്‌ ജയിലിലിട്ടാൽ “ഇതു നീതിയല്ല, ഞാൻ ഒരു കുറ്റവും ചെയ്‌തിട്ടില്ല” എന്ന്‌ ആ മകൻ ഉചിതമായും പരാതി പറഞ്ഞേക്കാം എന്നു നമുക്ക്‌ അറിയാം.​—⁠ആവർത്തനപുസ്‌തകം 24:⁠16.

ആദ്യ മനുഷ്യനെയും സ്‌ത്രീയെയും പാപം ചെയ്യാൻ പ്രേരിപ്പിക്കുകവഴി തനിക്ക്‌ ദൈവത്തെ പ്രതിസന്ധിയിൽ ആക്കാൻ കഴിയുമെന്നു സാത്താൻ നിഗമനം ചെയ്‌തിരിക്കാം. മനുഷ്യവർഗത്തിന്റെ ചരിത്രത്തിന്റെ തുടക്കത്തിൽത്തന്നെ, കുട്ടികൾ ജനിക്കുന്നതിനു മുമ്പുതന്നെ, സാത്താൻ ആക്രമണം നടത്തി. ആദാം തെറ്റു ചെയ്‌ത ഉടനെ, സുപ്രധാനമായ ഒരു ചോദ്യം ഉയർന്നുവന്നു, ‘ആദാമിനും ഹവ്വായ്‌ക്കും ജനിക്കുന്ന കുട്ടികളുടെ കാര്യത്തിൽ യഹോവ എന്തു ചെയ്യും?’

നീതിനിഷ്‌ഠവും ഉചിതവുമായ ഒരു സംഗതി യഹോവയാം ദൈവം ചെയ്‌തു. “ദൈവം ദുഷ്ടതയോ സർവ്വശക്തൻ നീതികേടോ ഒരിക്കലും ചെയ്‌കയില്ല” എന്ന്‌ നീതിമാനായ എലീഹൂ പ്രഖ്യാപിച്ചു. (ഇയ്യോബ്‌ 34:10) യഹോവയെ സംബന്ധിച്ച്‌ പ്രവാചകനായ മോശെ ഇപ്രകാരം എഴുതി: “അവൻ പാറ; അവന്റെ പ്രവൃത്തി അത്യുത്തമം. അവന്റെ വഴികൾ ഒക്കെയും ന്യായം; അവൻ വിശ്വസ്‌തതയുള്ള ദൈവം, വ്യാജമില്ലാത്തവൻ; നീതിയും നേരുമുള്ളവൻ തന്നേ.” (ആവർത്തനപുസ്‌തകം 32:4) ആദാമിന്റെ പാപം മൂലം ഉളവായ പ്രശ്‌നത്തിന്‌ സത്യദൈവം കൊണ്ടുവന്ന പരിഹാരം പറുദീസാ ഭൂമിയിൽ എന്നേക്കും ജീവിക്കാനുള്ള അവസരം നമ്മിൽനിന്ന്‌ എടുത്തുകളയുന്നില്ല.

ദൈവം പൂർണമായ പരിഹാരം കൊണ്ടുവരുന്നു

പിശാചായ സാത്താന്റെമേൽ ഉച്ചരിച്ച ന്യായവിധിയിൽ ദൈവം നൽകിയ പരിഹാരത്തെ കുറിച്ചു ചിന്തിക്കുക. യഹോവ സാത്താനോട്‌ ഇങ്ങനെ പറഞ്ഞു: “ഞാൻ നിനക്കും സ്‌ത്രീക്കും [ദൈവത്തിന്റെ സ്വർഗീയ സംഘടന] നിന്റെ സന്തതിക്കും [സാത്താന്റെ നിയന്ത്രണത്തിനു കീഴിലുള്ള ലോകം] അവളുടെ സന്തതിക്കും [യേശുക്രിസ്‌തു] തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ [സാത്താൻ] തല തകർക്കും; നീ അവന്റെ [യേശുക്രിസ്‌തു] കുതികാൽ തകർക്കും.” (ഉല്‌പത്തി 3:15) ബൈബിളിലെ ഈ ആദ്യ പ്രവചനത്തിൽ, തന്റെ സ്വർഗീയ ആത്മപുത്രൻ ഭൂമിയിൽ വന്ന്‌ പൂർണ മനുഷ്യനായ യേശുവായി ജീവിച്ച്‌ ആ പാപരഹിതമായ അവസ്ഥയിൽ മരിക്കാനുള്ള, അതായത്‌ കുതികാൽ തകർക്കപ്പെടാനുള്ള, ഉദ്ദേശ്യം യഹോവ സൂചിപ്പിക്കുകയുണ്ടായി.

പൂർണതയുള്ള ഒരു മനുഷ്യൻ മരിക്കാൻ ദൈവം ആവശ്യപ്പെട്ടത്‌ എന്തുകൊണ്ടാണ്‌? ആദാം പാപം ചെയ്‌താൽ, അതിനുള്ള ദൈവത്തിന്റെ ശിക്ഷ എന്തായിരുന്നു? അതു മരണം ആയിരുന്നില്ലേ? (ഉല്‌പത്തി 2:16, 17) “പാപത്തിന്റെ ശമ്പളം മരണമത്രേ” എന്ന്‌ പൗലൊസ്‌ അപ്പൊസ്‌തലൻ എഴുതി. (റോമർ 6:23) സ്വന്ത മരണത്താൽ ആദാം തന്റെ പാപത്തിന്റെ വില ഒടുക്കി. അവനു ജീവൻ നൽകപ്പെട്ടിരുന്നു, എന്നാൽ അവൻ പാപം തിരഞ്ഞെടുത്തു. അങ്ങനെ പാപത്തിനുള്ള ശിക്ഷയായി അവൻ മരിച്ചു. (ഉല്‌പത്തി 3:19) ആ പാപം നിമിത്തം മുഴു മനുഷ്യവർഗത്തിന്റെ മേലും വന്നിരിക്കുന്ന കുറ്റവിധിയുടെ കാര്യമോ? അവരുടെ പാപങ്ങളുടെ പരിഹാരത്തിനായി ഒരു മരണം അനിവാര്യമായിരുന്നു. എന്നാൽ എല്ലാ മനുഷ്യരുടെയും ലംഘനങ്ങൾ പരിഹരിക്കാൻ ന്യായമായി ആരുടെ മരണത്തിനു കഴിയും?

ദൈവം പുരാതന ഇസ്രായേൽ ജനതയ്‌ക്കു കൊടുത്ത നിയമം “ജീവന്നു പകരം ജീവൻ” ആവശ്യപ്പെട്ടു. (പുറപ്പാടു 21:23) ഈ നിയമാനുസൃത തത്ത്വത്തിനു ചേർച്ചയിൽ, മനുഷ്യവർഗത്തിന്റെ ലംഘനങ്ങളെ പരിഹരിക്കുന്ന മരണം ആദാം നഷ്ടപ്പെടുത്തിയതിനോടു തുല്യമായ മൂല്യം ഉള്ളത്‌ ആയിരിക്കേണ്ടിയിരുന്നു. മറ്റൊരു പൂർണ മനുഷ്യന്റെ മരണത്തിനു മാത്രമേ പാപത്തിന്റെ ശമ്പളം കൊടുക്കാൻ കഴിയുമായിരുന്നുള്ളൂ. യേശു അത്തരത്തിലുള്ള ഒരു മനുഷ്യൻ ആയിരുന്നു. തീർച്ചയായും യേശു, ആദാമിൽനിന്ന്‌ ഉളവായ, വീണ്ടെടുക്കാൻ കഴിയുന്ന മുഴു മനുഷ്യവർഗത്തിന്റെയും രക്ഷയ്‌ക്കുള്ള “തത്തുല്യമായ ഒരു മറുവില” ആയിരുന്നു.​—⁠1 തിമൊഥെയൊസ്‌ 2:​6, NW; റോമർ 5:16, 17.

യേശുവിന്റെ മരണത്തിനു വലിയ മൂല്യമുണ്ട്‌

ആദാമിന്റെ മരണത്തിന്‌ യാതൊരു മൂല്യവും ഉണ്ടായിരുന്നില്ല; കാരണം തന്റെ പാപം നിമിത്തം അവൻ മരണത്തിന്‌ അർഹനായിരുന്നു. എന്നാൽ യേശു മരിച്ചത്‌ പാപരഹിതമായ ഒരു അവസ്ഥയിൽ ആയിരുന്നതിനാൽ, അവന്റെ മരണത്തിനു വലിയ മൂല്യം ഉണ്ടായിരുന്നു. പാപിയായ ആദാമിന്റെ അനുസരണമുള്ള സന്തതികൾക്കുള്ള ഒരു മറുവില എന്ന നിലയിൽ യേശുവിന്റെ പൂർണതയുള്ള ജീവന്റെ മൂല്യം യഹോവയാം ദൈവത്തിനു സ്വീകരിക്കാൻ കഴിയുമായിരുന്നു. നമ്മുടെ കഴിഞ്ഞകാല പാപങ്ങൾക്കു പരിഹാരം ആകുന്നതോടെ യേശുവിന്റെ യാഗത്തിന്റെ മൂല്യം അവസാനിക്കുന്നില്ല. അങ്ങനെ സംഭവിച്ചാൽ നമുക്ക്‌ യാതൊരു ഭാവിയും ഉണ്ടാകുമായിരുന്നില്ല. പാപത്തിൽ ജനിച്ച നാം വീണ്ടും പാപം ചെയ്യുമെന്നത്‌ ഉറപ്പാണ്‌. (സങ്കീർത്തനം 51:⁠5) ആദാമിന്റെയും ഹവ്വായുടെയും സന്തതികൾക്കായി യഹോവ തുടക്കത്തിൽ ഉദ്ദേശിച്ച പൂർണത നേടാൻ യേശുവിന്റെ മരണം നമുക്ക്‌ അവസരം ഒരുക്കുന്നതിൽ നാം എത്ര നന്ദിയുള്ളവരാണ്‌!

നമ്മെ വലിയ സാമ്പത്തിക കടത്തിൽ (പാപത്തിൽ) ആക്കിക്കൊണ്ട്‌ മരിച്ചുപോയ ഒരു പിതാവിനോട്‌ ആദാമിനെ ഉപമിക്കാൻ കഴിയും, അവർക്ക്‌ ആ കടം വീട്ടാൻ യാതൊരു നിർവാഹവുമില്ല. നേരെ മറിച്ച്‌, നമ്മുടെമേൽ ആദാം വരുത്തിവെച്ച ഭാരിച്ച കടത്തിൽനിന്നു നമ്മെ മോചിപ്പിക്കുക മാത്രമല്ല നിത്യമായി നമുക്കു ജീവിക്കാനുള്ള വകയും കൂടി നൽകുന്ന മഹത്തായ ഒരു പൈതൃകം അവശേഷിപ്പിച്ച ഒരു നല്ല പിതാവിനെ പോലെയാണ്‌ യേശു. യേശുവിന്റെ മരണം നമ്മുടെ കഴിഞ്ഞകാല പാപങ്ങളുടെ മോചനം സാധ്യമാക്കുക മാത്രമല്ല ചെയ്യുന്നത്‌, അത്‌ നമ്മുടെ ഭാവിക്കു വേണ്ടി അത്ഭുതകരമായ ഒരു കരുതൽ കൂടി ചെയ്യുന്നു.

നമുക്കായി മരിച്ചതുകൊണ്ട്‌ യേശു നമ്മെ രക്ഷിക്കുന്നു. അവന്റെ മരണം എത്ര അമൂല്യമായ ഒരു കരുതലാണ്‌! ആദാമ്യ പാപം എന്ന സങ്കീർണ പ്രശ്‌നത്തിനുള്ള ദൈവത്തിന്റെ പരിഹാരത്തിന്റെ ഒരു ഭാഗമായി നാം അതിനെ കാണുമ്പോൾ, യഹോവയിലും അവൻ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന വിധത്തിലുമുള്ള നമ്മുടെ വിശ്വാസം ബലിഷ്‌ഠമായിത്തീരുന്നു. അതേ, “വിശ്വസിക്കുന്ന ഏവനും” പാപത്തിൽനിന്നും രോഗത്തിൽനിന്നും വാർധക്യത്തിൽനിന്നും മരണത്തിൽനിന്നു തന്നെയും രക്ഷിക്കപ്പെടുന്നതിനുള്ള ഒരു മാർഗമാണ്‌ യേശുവിന്റെ മരണം. (യോഹന്നാൻ 3:16) നമ്മുടെ രക്ഷയ്‌ക്കായി സ്‌നേഹപൂർവകമായ ഈ ക്രമീകരണം ചെയ്‌തതിനെ പ്രതി നിങ്ങൾ ദൈവത്തോടു നന്ദിയുള്ളവൻ ആണോ?

[5-ാം പേജിലെ ചിത്രം]

ആദാം മനുഷ്യവർഗത്തിന്മേൽ പാപവും മരണവും വരുത്തിവെച്ചു

[6-ാം പേജിലെ ചിത്രം]

യഹോവ പൂർണമായ ഒരു പരിഹാരം പ്രദാനം ചെയ്‌തു