വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

നന്മതിന്മകളെ കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തെ സംബന്ധിച്ച ദൈവനിയമം ലംഘിക്കുകയെന്ന ആശയം ഏദെൻ തോട്ടത്തിൽവെച്ച്‌ പാമ്പ്‌ എങ്ങനെയാണ്‌ ഹവ്വായെ അറിയിച്ചത്‌?

ഉല്‌പത്തി 3:1 ഇപ്രകാരം പ്രസ്‌താവിക്കുന്നു: “യഹോവയായ ദൈവം ഉണ്ടാക്കിയ എല്ലാ കാട്ടുജന്തുക്കളെക്കാളും പാമ്പു കൌശലമേറിയതായിരുന്നു. അതു സ്‌ത്രീയോടു: തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും നിങ്ങൾ തിന്നരുതെന്നു ദൈവം വാസ്‌തവമായി കല്‌പിച്ചിട്ടുണ്ടോ എന്നു ചോദിച്ചു.” പാമ്പ്‌ ഹവ്വായുമായി എങ്ങനെ ആശയവിനിമയം നടത്തി എന്നതു സംബന്ധിച്ച്‌ വിവിധ അഭിപ്രായങ്ങൾ നിലവിലുണ്ട്‌. അതിലൊന്ന്‌, പാമ്പ്‌ ശരീരഭാഷ അഥവാ ആംഗ്യഭാഷ ഉപയോഗിച്ചു എന്നതാണ്‌. ഉദാഹരണത്തിന്‌, ഇംഗ്ലണ്ടിലെ ഒരു പുരോഹിതനായ ജോസഫ്‌ ബെൻസൺ ഇങ്ങനെ പറഞ്ഞു: “ചില ആംഗ്യങ്ങളിലൂടെ ആയിരിക്കാം അത്‌ അങ്ങനെ ചെയ്‌തതെന്നു തോന്നുന്നു. വാസ്‌തവത്തിൽ, അന്നു പാമ്പുകൾക്ക്‌ ചിന്താപ്രാപ്‌തിയും അതുപോലെ സംസാരപ്രാപ്‌തിയും ഉണ്ടായിരുന്നതായി ചിലർ നിർദേശിച്ചിട്ടുണ്ട്‌, . . . എന്നാൽ അതു സംബന്ധിച്ച്‌ യാതൊരു തെളിവും ഇല്ല.”

എന്നാൽ, ശരീരഭാഷ മാത്രം ഉപയോഗിച്ച്‌ പാമ്പ്‌ എങ്ങനെയാണ്‌, വിലക്കപ്പെട്ട കനി ഭക്ഷിക്കുന്നതിലൂടെ ഹവ്വാ ദൈവത്തെപ്പോലെ ആയിത്തീരുമെന്നും നന്മ എന്താണെന്നും തിന്മ എന്താണെന്നും തീരുമാനിക്കാൻ അവൾക്കു കഴിയുമെന്നുമുള്ള ആശയം അവളെ അറിയിച്ചത്‌? മാത്രമല്ല, പാമ്പ്‌ ഉന്നയിച്ച ചോദ്യത്തിനു മറുപടി പറഞ്ഞുകൊണ്ട്‌ ഹവ്വാ സംഭാഷണത്തിൽ പങ്കെടുക്കുകയും ചെയ്‌തു. (ഉല്‌പത്തി 3:2-5) അംഗചലനത്തിലൂടെയും ആംഗ്യത്തിലൂടെയും മാത്രമാണ്‌ പാമ്പ്‌ ആശയവിനിമയം നടത്തിയതെന്നു കരുതിയാൽ ഹവ്വായും അങ്ങനെ ആംഗ്യങ്ങളാൽ മറുപടി പറഞ്ഞെന്നു നിഗമനം ചെയ്യേണ്ടിവരും. എന്നാൽ ബൈബിൾ പറയുന്നത്‌ അവൾ സംസാരിച്ചു എന്നാണ്‌.

ഈ സംഭവത്തെ പരാമർശിച്ചുകൊണ്ട്‌ പൗലൊസ്‌ അപ്പൊസ്‌തലൻ സഹക്രിസ്‌ത്യാനികൾക്കു മുന്നറിയിപ്പു നൽകി: “സർപ്പം ഹവ്വയെ ഉപായത്താൽ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സു ക്രിസ്‌തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ടു വഷളായിപ്പോകുമോ എന്നു ഞാൻ ഭയപ്പെടുന്നു.” പൗലൊസ്‌ പറഞ്ഞ അപകടം “കള്ളയപ്പൊസ്‌തലന്മാർ, കപടവേലക്കാർ” എന്നിവരിൽനിന്നു വന്നതാണ്‌. അത്തരം ‘അതിശ്രേഷ്‌ഠ അപ്പൊസ്‌തലന്മാർ’ മൂലമുള്ള ഭീഷണി ആംഗ്യഭാഷകളിൽ മാത്രം ഒതുങ്ങിനിന്നില്ല. അവരുടെ സംഭാഷണം, മറ്റുള്ളവരെ വഴിതെറ്റിക്കാൻ ഉദ്ദേശിച്ചുള്ള കുടിലമായ വാക്കുകൾ ഉൾപ്പെട്ടിരുന്നതാണ്‌.​—⁠2 കൊരിന്ത്യർ 11:3-5, 13.

ഏദെൻതോട്ടത്തിൽവെച്ച്‌ ഹവ്വായെ വഴിതെറ്റിക്കാൻ സംഭാഷണം ഉപയോഗിക്കപ്പെട്ടെങ്കിലും, അക്ഷരീയ പാമ്പിന്‌ സ്വനതന്തുക്കൾ ഉള്ളതായി സൂചിപ്പിക്കുന്ന യാതൊന്നുമില്ല. വാസ്‌തവത്തിൽ, അതിന്‌ അവ ആവശ്യമില്ലായിരുന്നുതാനും. ഒരു പെൺകഴുത മുഖാന്തരം ദൈവദൂതൻ ബിലെയാമിനോടു സംസാരിച്ചപ്പോൾ, അതിനു മനുഷ്യരുടേതിനു സമാനമായ ഒരു സങ്കീർണ സ്വനപേടകം ഉണ്ടായിരിക്കേണ്ട ആവശ്യമില്ലായിരുന്നു. (സംഖ്യാപുസ്‌തകം 22:26-31) വ്യക്തമായും, ആ “ഉരിയാടാക്കഴുത മനുഷ്യവാക്കായി ഉരിയാടി”യപ്പോൾ അതിനുള്ള പ്രാപ്‌തി ലഭിച്ചത്‌ ആത്മ മണ്ഡലത്തിൽ നിന്നാണ്‌.​—⁠2 പത്രൊസ്‌ 2:⁠16.

ഹവ്വായോടു സംസാരിച്ച പാമ്പിന്റെ പിന്നിൽ പ്രവർത്തിച്ച ആത്മജീവിയെ ‘പിശാചും സാത്താനും എന്ന മഹാസർപ്പമായ പഴയ പാമ്പ്‌’ എന്നാണ്‌ ബൈബിളിൽ വിളിച്ചിരിക്കുന്നത്‌. (വെളിപ്പാടു 12:9) ഹവ്വാ കേട്ടതും അവൾ മറുപടി പറഞ്ഞതുമായ ശബ്ദം “വെളിച്ചദൂതന്റെ വേഷം ധരിക്കുന്ന” സാത്താന്റെ പ്രചോദനത്താലാണ്‌ വന്നത്‌.​—⁠2 കൊരിന്ത്യർ 11:⁠14.

[27-ാം പേജിലെ ചിത്രം]

‘നിങ്ങൾ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകും’