വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആത്മീയ ഹൃദയാഘാതം നിങ്ങൾക്ക്‌ അതു തടയാനാകും

ആത്മീയ ഹൃദയാഘാതം നിങ്ങൾക്ക്‌ അതു തടയാനാകും

ആത്മീയ ഹൃദയാഘാതം നിങ്ങൾക്ക്‌ അതു തടയാനാകും

ലോകോത്തര നിലവാരമുള്ള പ്രഗത്ഭനായ ഒരു കായികതാരം. പ്രത്യക്ഷത്തിൽ മികച്ച ആരോഗ്യത്തിന്‌ ഉടമ. എന്നാൽ ഒരു ദിവസം പരിശീലനത്തിനിടയിൽ അദ്ദേഹം പെട്ടെന്നു കുഴഞ്ഞുവീണു മരിച്ചു. ഐസ്‌ സ്‌കേറ്റിങ്ങിൽ രണ്ടു വട്ടം ഒളിമ്പിക്‌ സ്വർണ മെഡൽ നേടിയ സിർഗ്യേ ഗ്രിൻക്കോഫിന്റെ കായിക ജീവിതത്തിനാണ്‌ ഇങ്ങനെ തിരശ്ശീല വീണത്‌, അതും അതു പച്ചപിടിച്ചു തുടങ്ങിയപ്പോൾത്തന്നെ. അദ്ദേഹത്തിന്‌ 28 വയസ്സേ ഉണ്ടായിരുന്നുള്ളൂ. എത്ര ദാരുണം! എന്തായിരുന്നു മരണ കാരണം? ഹൃദയാഘാതം. ഹൃദ്രോഗത്തിന്റെ യാതൊരു സൂചനയും ഇല്ലാഞ്ഞതിനാൽ അദ്ദേഹത്തിന്റെ മരണം തികച്ചും അപ്രതീക്ഷിതമായിരുന്നെന്നു പറയപ്പെട്ടു. എന്നിരുന്നാലും, പിന്നീടുള്ള പരിശോധനകളിൽനിന്നും അദ്ദേഹത്തിന്റെ ഹൃദയത്തിനു വീക്കമുണ്ടായിരുന്നെന്നും ഹൃദയ ധമനികൾ കൊഴുപ്പുകൊണ്ട്‌ വളരെയധികം അടഞ്ഞിരുന്നെന്നും വ്യക്തമായി.

അനേകം ഹൃദയാഘാതങ്ങളും യാതൊരു മുന്നറിയിപ്പും കൂടാതെ ഉണ്ടാകുന്നതായി തോന്നിയേക്കാമെങ്കിലും, പലപ്പോഴും വാസ്‌തവം അതല്ലെന്ന്‌ വൈദ്യശാസ്‌ത്രജ്ഞർ പറയുന്നു. ശ്വാസതടസ്സം, നെഞ്ചുവേദന എന്നിങ്ങനെയുള്ള ലക്ഷണങ്ങളും ഹൃദയാഘാതത്തിന്‌ ഇടയാക്കുന്ന അമിതതൂക്കം പോലുള്ള ഘടകങ്ങളും പലപ്പോഴും അവഗണിക്കപ്പെടുന്നു എന്നതാണു സത്യം. അതിന്റെ ഫലമായി, ഹൃദയാഘാതം മൂലം വ്യക്തി മരിക്കുന്നില്ലെങ്കിൽ പോലും ശിഷ്ടകാലം വളരെ പരിമിതികളോടുകൂടിയ ഒരു ജീവിതം നയിക്കേണ്ടി വന്നേക്കാം.

ഹൃദയാഘാതം ഉണ്ടാകാതിരിക്കാൻ ഒരുവന്റെ ഭക്ഷണശീലങ്ങളും ജീവിതശൈലിയും സംബന്ധിച്ചു നിതാന്ത ജാഗ്രത പുലർത്തുകയും ക്രമമായി വൈദ്യ പരിശോധനകൾ നടത്തുകയും ചെയ്യേണ്ടത്‌ ആവശ്യമാണ്‌ എന്നതിനോട്‌ വൈദ്യശാസ്‌ത്ര രംഗത്തെ മിക്കവരും ഇന്നു യോജിക്കുന്നു. * ഇത്തരം നടപടികളും ആവശ്യമായ മാറ്റങ്ങൾ വരുത്താനുള്ള സന്നദ്ധതയും ഹൃദയാഘാതത്തിന്റെ ദുരന്തഫലങ്ങളിൽനിന്ന്‌ ഒരുവനെ രക്ഷിക്കുന്നതിൽ വലിയ പങ്കു വഹിക്കുന്നു.

എന്നാൽ ഹൃദയത്തിന്റെ മറ്റൊരു വശത്തിനു നാം കൂടുതലായ ശ്രദ്ധ നൽകേണ്ടതുണ്ട്‌. ബൈബിൾ നമുക്ക്‌ ഈ മുന്നറിയിപ്പു നൽകുന്നു: “സകലജാഗ്രതയോടുംകൂടെ നിന്റെ ഹൃദയത്തെ കാത്തുകൊൾക; ജീവന്റെ ഉത്ഭവം അതിൽനിന്നല്ലോ ആകുന്നതു.” (സദൃശവാക്യങ്ങൾ 4:23) ഈ വാക്യം മുഖ്യമായും ആലങ്കാരിക ഹൃദയത്തെയാണു പരാമർശിക്കുന്നത്‌. നമ്മുടെ അക്ഷരീയ ഹൃദയത്തെ കാത്തുസൂക്ഷിക്കാൻ ജാഗ്രത ആവശ്യമാണ്‌. എന്നാൽ ആത്മീയ മരണത്തിലേക്കു നയിച്ചേക്കാവുന്ന രോഗങ്ങളിൽനിന്ന്‌ നമ്മുടെ ആലങ്കാരിക ഹൃദയത്തെ സംരക്ഷിക്കുന്നതിന്‌ ജാഗ്രത പുലർത്തേണ്ടത്‌ അതിലേറെ പ്രധാനമാണ്‌.

ആലങ്കാരിക ഹൃദയാഘാതം ​—⁠ഒരു അപഗ്രഥനം

ശാരീരിക ഹൃദ്രോഗത്തിന്റെ കാര്യത്തിലെന്നപോലെ, ആത്മീയ അർഥത്തിലുള്ള ഹൃദയാഘാതം ഉണ്ടാകുന്നതു തടയാനുള്ള ഏറ്റവും നല്ല ഒരു മാർഗം അതിന്റെ കാരണങ്ങൾ തിരിച്ചറിഞ്ഞ്‌ അവ ഒഴിവാക്കാൻ നടപടികൾ സ്വീകരിക്കുക എന്നതാണ്‌. അതുകൊണ്ട്‌ അക്ഷരീയവും ആലങ്കാരികവുമായ ഹൃദയ തകരാറുകൾക്ക്‌ ഇടയാക്കുന്ന ചില അടിസ്ഥാന ഘടകങ്ങൾ നമുക്കു പരിചിന്തിക്കാം.

ഭക്ഷണശീലം. പോഷകഗുണം കുറഞ്ഞ ആഹാരം രുചികരമായിരുന്നേക്കാമെങ്കിലും അതിന്‌ ആരോഗ്യപരമായ ഗുണം വളരെ കുറവാണ്‌ അല്ലെങ്കിൽ ഒട്ടുംതന്നെ ഇല്ല എന്നത്‌ പൊതുവേ അംഗീകരിക്കപ്പെടുന്ന ഒരു വസ്‌തുതയാണ്‌. സമാനമായി, സുലഭവും ആകർഷകവുമായ, എന്നാൽ പോഷകഗുണമില്ലാത്ത ആഹാരംകൊണ്ടു മനസ്സിനെ നിറയ്‌ക്കുന്നത്‌ ഒരുവന്റെ ആത്മീയ ആരോഗ്യത്തിനു ഹാനികരമാണ്‌. ലൈംഗിക അധാർമികത, മയക്കുമരുന്നു ദുരുപയോഗം, അക്രമം, ആത്മവിദ്യ എന്നിവ വിശേഷവത്‌കരിക്കുന്ന വിവരങ്ങളുടെ ഒരു കുത്തൊഴുക്കുതന്നെ ഇന്നു മാധ്യമങ്ങളിൽ കാണാനാകും. വളരെ തന്ത്രപരമായാണ്‌ ഇവ ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കപ്പെടുന്നത്‌. ഇത്തരം കാര്യങ്ങൾകൊണ്ട്‌ ഒരുവന്റെ മനസ്സു നിറയ്‌ക്കുന്നത്‌ ആലങ്കാരിക ഹൃദയത്തെ അപകടത്തിലാക്കുന്നു. ദൈവവചനം മുന്നറിയിപ്പു നൽകുന്നു: “ജഡമോഹം, കണ്മോഹം, ജീവനത്തിന്റെ പ്രതാപം ഇങ്ങനെ ലോകത്തിലുള്ളതു എല്ലാം പിതാവിൽനിന്നല്ല, ലോകത്തിൽനിന്നത്രേ ആകുന്നു. ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു.”​—⁠1 യോഹന്നാൻ 2:​16, 17.

പഴവർഗങ്ങളും പച്ചക്കറികളും പോലെയുള്ള ആരോഗ്യപ്രദമായ ഭക്ഷണം പോഷകഗുണം കുറഞ്ഞ ആഹാരം കഴിച്ചു ശീലിച്ചിട്ടുള്ളവർക്കു പ്രിയങ്കരമായിരിക്കില്ല. സമാനമായി, തന്റെ മനസ്സിനെയും ഹൃദയത്തെയും ലൗകിക വിവരങ്ങൾകൊണ്ടു നിറച്ചു ശീലിച്ചിരിക്കുന്ന ഒരാൾക്ക്‌ പോഷകഗുണമുള്ള ആരോഗ്യാവഹമായ ആത്മീയാഹാരം ആകർഷകമായി തോന്നിയെന്നു വരില്ല. കുറച്ചുകാലം ദൈവവചനത്തിൽനിന്നുള്ള “പാൽ” കുടിക്കുന്നതിൽ അയാൾ തുടർന്നേക്കാം. (എബ്രായർ 5:13) എന്നാൽ, ആത്യന്തികമായി ക്രിസ്‌തീയ സഭയിലെയും ശുശ്രൂഷയിലെയും അടിസ്ഥാന ആത്മീയ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിന്‌ ആവശ്യമായ ആത്മീയ പക്വത അയാൾ കൈവരിക്കുന്നില്ല. (മത്തായി 24:14; 28:19; എബ്രായർ 10:​24, 25) ആ സാഹചര്യത്തിലുള്ള ചില സാക്ഷികൾ ക്രിസ്‌തീയ പ്രവർത്തനങ്ങൾ നിറുത്തിക്കളയുന്ന അളവോളം പോലും തങ്ങളുടെ ആത്മീയത ദുർബലമാകാൻ അനുവദിച്ചിരിക്കുന്നു!

ബാഹ്യമായ പ്രത്യക്ഷതയ്‌ക്ക്‌ വഞ്ചനാത്മകമായിരിക്കാൻ കഴിയും എന്നതാണ്‌ മറ്റൊരു അപകടം. ക്രിസ്‌തീയ കടമകൾ നിർവഹിക്കുന്നതിന്റെ ബാഹ്യമായ ഒരു പ്രകടനത്തിന്‌ ഭൗതികത്വ തത്ത്വചിന്തകളാലോ ലൈംഗിക അധാർമികത, അക്രമം, ആത്മവിദ്യ എന്നിവ ചിത്രീകരിക്കുന്ന വിനോദത്താലോ ദുർബലമായിരിക്കുന്ന ആലങ്കാരിക ഹൃദയത്തിന്റെ മൂർച്ഛിച്ചുവരുന്ന രോഗാവസ്ഥയെ മറയ്‌ക്കാൻ കഴിയും. ഇത്തരം മോശമായ ആത്മീയ ഭക്ഷണശീലങ്ങൾ ഒരുവന്റെ ആത്മീയതയെ കാര്യമായി ബാധിക്കുന്നില്ല എന്നു തോന്നിയേക്കാം. എന്നാൽ അതിന്‌ ആലങ്കാരിക ഹൃദയത്തിന്റെ പ്രവർത്തനം നിലയ്‌ക്കുന്നതിലേക്കു നയിക്കാൻ കഴിയും. മോശമായ ഭക്ഷണശീലങ്ങൾക്ക്‌ ഹൃദയ ധമനികൾ കഠിനമായിത്തീരുന്നതിനും അങ്ങനെ അക്ഷരീയ ഹൃദയം തകരാറിലാകുന്നതിനും ഇടയാക്കാനാവുന്നതു പോലെയാണ്‌ അത്‌. അനുചിത ആഗ്രഹങ്ങൾ ഹൃദയത്തിൽ ഉടലെടുക്കാൻ അനുവദിക്കുന്നതിനെതിരെ യേശു മുന്നറിയിപ്പു നൽകി. അവൻ പറഞ്ഞു: “സ്‌ത്രീയെ മോഹിക്കേണ്ടതിന്നു അവളെ നോക്കുന്നവൻ എല്ലാം ഹൃദയംകൊണ്ടു അവളോടു വ്യഭിചാരം ചെയ്‌തുപോയി.” (മത്തായി 5:28) അതേ, മോശമായ ആത്മീയ ഭക്ഷണശീലങ്ങൾക്ക്‌ ആത്മീയ ഹൃദയാഘാതത്തിലേക്കു നയിക്കാൻ കഴിയും. എന്നാൽ ശ്രദ്ധ നൽകേണ്ട മറ്റു ഘടകങ്ങളും ഉണ്ട്‌.

വ്യായാമം. അലസമായ ഒരു ജീവിതരീതി അക്ഷരീയ ഹൃദയാഘാതത്തിന്‌ ഇടയാക്കിയേക്കാം എന്നുള്ളത്‌ അംഗീകരിക്കപ്പെട്ടിരിക്കുന്ന വസ്‌തുതയാണ്‌. സമാനമായി, ആത്മീയമായി അലസമായ ഒരു ജീവിതരീതിയും ഗുരുതരമായ അനന്തരഫലങ്ങൾ കൈവരുത്തും. ഉദാഹരണത്തിന്‌, ഒരു വ്യക്തി ക്രിസ്‌തീയ ശുശ്രൂഷയിൽ പങ്കെടുത്തേക്കാമെങ്കിലും തനിക്ക്‌ യാതൊരു അസൗകര്യവും വരാത്ത വിധത്തിൽ അതു ചെയ്യാൻ അയാൾ ആഗ്രഹിച്ചേക്കാം. “സത്യവചനത്തെ യഥാർത്ഥമായി പ്രസംഗിച്ചുകൊണ്ടു ലജ്ജിപ്പാൻ സംഗതിയില്ലാത്ത വേലക്കാരനായി” നിലകൊള്ളാൻ അയാൾ യാതൊരു ശ്രമവും ചെയ്യുന്നില്ലായിരിക്കാം. (2 തിമൊഥെയൊസ്‌ 2:15) അല്ലെങ്കിൽ ഇനി, ക്രിസ്‌തീയ യോഗങ്ങൾക്ക്‌ ഹാജരാകുന്നെങ്കിലും അവയ്‌ക്കായി തയ്യാറാകാനോ അതിൽ പങ്കുപറ്റാനോ അയാൾ ശ്രമിക്കുന്നില്ലായിരിക്കാം. ആത്മീയ ലക്ഷ്യങ്ങളോ ആത്മീയ സംഗതികൾക്കായുള്ള ആഗ്രഹമോ അവ സംബന്ധിച്ച്‌ ഉത്സാഹമോ അയാൾക്ക്‌ ഇല്ലായിരിക്കാം. ആത്മീയ വ്യായാമത്തിന്റെ അഭാവം അയാൾക്ക്‌ ഒരിക്കൽ ഉണ്ടായിരുന്നിരിക്കാവുന്ന വിശ്വാസത്തെ ദുർബലമാക്കുന്നു. ഒരുപക്ഷേ ആ വിശ്വാസം നിർജീവമായിത്തീരാൻ പോലും അത്‌ ഇടയാക്കിയേക്കാം. (യാക്കോബ്‌ 2:26) എബ്രായ ക്രിസ്‌ത്യാനികൾക്ക്‌ എഴുതവേ അപ്പൊസ്‌തലനായ പൗലൊസ്‌ ഈ അപകടത്തെ കുറിച്ചു മുന്നറിയിപ്പു നൽകി. അവരിൽ ചിലർ ആത്മീയമായി അലസമായ ഒരു ജീവിതരീതിയിലേക്കു വഴുതിവീണതായി കാണപ്പെട്ടു. ഇത്‌ അവരുടെ ആത്മീയതയെ കഠിനമാക്കിത്തീർക്കാനുള്ള സാധ്യതയെ കുറിച്ച്‌ പൗലൊസ്‌ എങ്ങനെയാണു മുന്നറിയിപ്പു നൽകിയതെന്നു ശ്രദ്ധിക്കുക: ‘സഹോദരന്മാരേ, ജീവനുള്ള ദൈവത്തെ ത്യജിച്ചുകളയാതിരിക്കേണ്ടതിന്നു അവിശ്വാസമുള്ള ദുഷ്ടഹൃദയം നിങ്ങളിൽ ആർക്കും ഉണ്ടാകാതിരിപ്പാൻ നോക്കുവിൻ. നിങ്ങൾ ആരും പാപത്തിന്റെ ചതിയാൽ കഠിനപ്പെടാതിരിക്കേണ്ടതിന്നു “ഇന്നു” എന്നു പറയുന്നേടത്തോളം നാൾതോറും അന്യോന്യം പ്രബോധിപ്പിച്ചുകൊൾവിൻ.’​—⁠എബ്രായർ 3:​12, 13.

സമ്മർദം. ഇനി, അക്ഷരീയ ഹൃദയാഘാതത്തിന്‌ ഇടയാക്കുന്ന മറ്റൊരു മുഖ്യ ഘടകം അമിത സമ്മർദമാണ്‌. അതുപോലെ, സമ്മർദത്തിന്‌ അഥവാ “ജീവിതോത്‌കണ്‌ഠകൾക്ക്‌” ആലങ്കാരിക ഹൃദയത്തെ മാരകമായി ബാധിക്കാനാകും. ഒരുവൻ ദൈവസേവനം പാടേ നിറുത്തിക്കളയുന്നതിന്‌ ഇടയാക്കാൻ പോലും അതിനു കഴിയും. ഇതിനോടുള്ള ബന്ധത്തിൽ യേശു നൽകിയ മുന്നറിയിപ്പു വളരെ കാലോചിതമാണ്‌: “നിങ്ങളുടെ ഹൃദയം അതിഭക്ഷണത്താലും മദ്യപാനത്താലും ഉപജീവനചിന്തകളാലും [“ജീവിതോത്‌കണ്‌ഠകളാലും,” NW] ഭാരപ്പെട്ടിട്ടു ആ ദിവസം നിങ്ങൾക്കു പെട്ടെന്നു കണിപോലെ വരാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.” (ലൂക്കൊസ്‌ 21:​34, 35) കൂടാതെ, ഒരു രഹസ്യ പാപത്തെ കുറിച്ചുള്ള ദീർഘകാല ആകുലതയ്‌ക്കും ആലങ്കാരിക ഹൃദയത്തെ പ്രതികൂലമായി ബാധിക്കാൻ കഴിയും. അത്തരത്തിലുള്ള ദോഷകരമായ സമ്മർദം കൈവരുത്തുന്ന വേദനയെ കുറിച്ച്‌ ദാവീദ്‌ രാജാവ്‌ അനുഭവത്തിൽനിന്നു മനസ്സിലാക്കി. അവൻ പറഞ്ഞു: ‘എന്റെ പാപം ഹേതുവായി എന്റെ അസ്ഥികളിൽ സ്വസ്ഥതയില്ല. എന്റെ അകൃത്യങ്ങൾ എന്റെ തലെക്കുമീതെ കവിഞ്ഞിരിക്കുന്നു; ഭാരമുള്ള ചുമടുപോലെ അവ എനിക്ക്‌ അതിഘനമായിരിക്കുന്നു.’​—⁠സങ്കീർത്തനം 38:​3, 4.

അമിത ആത്മവിശ്വാസം. ഹൃദയാഘാതം ഉണ്ടായിട്ടുള്ള മിക്കവരുടെയും കാര്യത്തിൽ അതിനു തൊട്ടു മുമ്പു വരെ തങ്ങളുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച്‌ അവർക്കു നല്ല ആത്മവിശ്വാസം ഉണ്ടായിരുന്നതായി കാണാൻ കഴിയും. പലപ്പോഴും വൈദ്യപരിശോധനകളെ തീർത്തും അനാവശ്യമെന്നു പറഞ്ഞ്‌ അവർ ചിരിച്ചു തള്ളിയിരുന്നു. സമാനമായ വിധത്തിൽ, ഏറെക്കാലമായി ക്രിസ്‌ത്യാനികൾ ആയിരിക്കുന്നതിനാൽ തങ്ങൾക്ക്‌ ഒന്നും സംഭവിക്കുകയില്ല എന്നു ചിലർ വിശ്വസിച്ചേക്കാം. ഒരു ദുരന്തം ഉണ്ടാകുന്നതുവരെ ആത്മീയ വൈദ്യപരിശോധനകൾ അല്ലെങ്കിൽ ആത്മപരിശോധനകൾ നടത്താൻ അവർ കൂട്ടാക്കാതെയിരുന്നേക്കാം. അമിത ആത്മവിശ്വാസത്തിനെതിരെ അപ്പൊസ്‌തലനായ പൗലൊസ്‌ നൽകിയ ഉത്തമമായ ബുദ്ധിയുപദേശം മനസ്സിൽപ്പിടിക്കുന്നതു പ്രധാനമാണ്‌. “ആകയാൽ താൻ നില്‌ക്കുന്നു എന്നു തോന്നുന്നവൻ വീഴാതിരിപ്പാൻ നോക്കിക്കൊള്ളട്ടെ.” നാം അപൂർണരാണെന്ന്‌ അംഗീകരിച്ചുകൊണ്ട്‌ ക്രമമായി നമ്മുടെ ആത്മീയതയെ പരിശോധിക്കുന്നതാണ്‌ ജ്ഞാനപൂർവകമായ ഗതി.​—⁠1 കൊരിന്ത്യർ 10:12; സദൃശവാക്യങ്ങൾ 28:14.

മുന്നറിയിപ്പിൻ സൂചനകൾ അവഗണിക്കരുത

ആലങ്കാരിക ഹൃദയത്തിന്റെ അവസ്ഥയ്‌ക്ക്‌ തിരുവെഴുത്തുകൾ വളരെ പ്രാധാന്യം നൽകുന്നതിന്‌ തക്ക കാരണമുണ്ട്‌. യിരെമ്യാവു 17:​9, 10-ൽ നാം വായിക്കുന്നു: “ഹൃദയം എല്ലാററിനെക്കാളും കപടവും വിഷമവുമുള്ളതു; അതു ആരാഞ്ഞറിയുന്നവൻ ആർ? യഹോവയായ ഞാൻ ഹൃദയത്തെ ശോധനചെയ്‌തു അന്തരംഗങ്ങളെ പരീക്ഷിച്ചു ഓരോരുത്തന്നു അവനവന്റെ നടപ്പിന്നും പ്രവൃത്തിയുടെ ഫലത്തിന്നും തക്കവണ്ണം കൊടുക്കുന്നു.” യഹോവ നമ്മുടെ ഹൃദയത്തെ ശോധന ചെയ്യുന്നതിനു പുറമേ, നമുക്കു സ്വന്തമായി പരിശോധന നടത്താൻ ആവശ്യമായ ക്രമീകരണവും അവൻ സ്‌നേഹപൂർവം ചെയ്‌തുതരുന്നു.

“വിശ്വസ്‌തനും വിവേകിയുമായ അടിമ” മുഖാന്തരം നമുക്കു കാലോചിതമായ ഓർമിപ്പിക്കലുകൾ ലഭിക്കുന്നു. (മത്തായി 24:​45, NW) ഉദാഹരണത്തിന്‌, ലോകത്തിന്റെ മിഥ്യാസങ്കൽപ്പങ്ങളിൽ മുഴുകാൻ നാം പ്രേരിതരായേക്കാം. അതു നമ്മുടെ ആലങ്കാരിക ഹൃദയം നമ്മെ വഞ്ചിച്ചേക്കാവുന്ന ഒരു മുഖ്യ വിധമാണ്‌. ഇവയിൽ അയഥാർഥ മനോവിലാസങ്ങൾ, ദിവാസ്വപ്‌നം കാണൽ, കെട്ടഴിഞ്ഞ ചിന്ത എന്നിവ ഉൾപ്പെടുന്നു. ഇവയ്‌ക്കു വളരെ ഹാനികരമായിരിക്കാൻ കഴിയും, വിശേഷിച്ചും അവ അശുദ്ധമായ ചിന്തകളെ ഉണർത്തുന്നെങ്കിൽ. അതുകൊണ്ട്‌, നാം അവയെ പൂർണമായി ത്യജിക്കേണ്ടതാണ്‌. യേശുവിനെ പോലെ നാം ദുഷ്ടതയെ ദ്വേഷിക്കുന്നെങ്കിൽ ലോകത്തിന്റെ മിഥ്യാസങ്കൽപ്പങ്ങളിൽ മുഴുകുന്നതിനെതിരെ നാം നമ്മുടെ ഹൃദയത്തെ കാത്തുസൂക്ഷിക്കും.​—⁠എബ്രായർ 1:​8, 9.

കൂടാതെ, ക്രിസ്‌തീയ സഭയിലെ സ്‌നേഹമുള്ള മൂപ്പന്മാരുടെ സഹായവും നമുക്കുണ്ട്‌. മറ്റുള്ളവരുടെ സഹായം നാം തീർച്ചയായും വിലമതിക്കുന്നുണ്ടെങ്കിലും നമ്മുടെ ആലങ്കാരിക ഹൃദയത്തിനായി കരുതാനുള്ള പ്രാഥമിക ഉത്തരവാദിത്വം നമുക്ക്‌ ഓരോരുത്തർക്കുമാണ്‌. ‘സകലവും ശോധന ചെയ്യേണ്ടതും’ ‘നാം വിശ്വാസത്തിൽത്തന്നെ ഇരിക്കുന്നുവോ എന്നു പരീക്ഷിക്കേണ്ടതും’ നാം തന്നെയാണ്‌.​—⁠1 തെസ്സലൊനീക്യർ 5:21; 2 കൊരിന്ത്യർ 13:⁠5.

ഹൃദയത്തെ കാത്തുസൂക്ഷിക്കുക

“മനുഷ്യൻ വിതെക്കുന്നതു തന്നേ കൊയ്യും” എന്ന ബൈബിൾ തത്ത്വം നമ്മുടെ ആലങ്കാരിക ഹൃദയത്തിന്റെ ആരോഗ്യനിലയുടെ കാര്യത്തിലും സത്യമാണ്‌. (ഗലാത്യർ 6:⁠7) പെട്ടെന്നു സംഭവിച്ച ഒരു ആത്മീയ ദുരന്തം എന്നു തോന്നുന്ന ഒന്ന്‌ പലപ്പോഴും അശ്ലീല ചിത്രങ്ങൾ കാണൽ, ഭൗതികത്വത്തിലുള്ള അമിതമായ താത്‌പര്യം, പദവിക്കും അധികാരത്തിനുമായുള്ള ആഗ്രഹം എന്നിങ്ങനെ വളരെ കാലമായി തുടർന്നുപോന്ന ആത്മീയമായി ഹാനികരമായ നടപടികളുടെയോ മനോഭാവങ്ങളുടെയോ ഫലമാണ്‌.

അതുകൊണ്ട്‌, ഒരുവന്റെ ഹൃദയത്തെ സംരക്ഷിക്കുന്നതിന്‌ ആത്മീയ ഭക്ഷണശീലങ്ങൾക്കു ശ്രദ്ധ നൽകേണ്ടതുണ്ട്‌. ദൈവവചനത്തിലെ വിവരങ്ങൾകൊണ്ട്‌ ഹൃദയവും മനസ്സും നിറയ്‌ക്കുക. വളരെ ആകർഷകവും സുലഭവുമാണെങ്കിലും പോഷകഗുണമില്ലാത്ത ആഹാരം കൊണ്ടു മനസ്സു നിറയ്‌ക്കുന്നത്‌ ഒഴിവാക്കുക. അല്ലെങ്കിൽ അത്‌ ആലങ്കാരിക ഹൃദയത്തെ കഠിനമാക്കിത്തീർക്കും. വൈദ്യശാസ്‌ത്രപരമായി കൃത്യതയുള്ളതും വളരെ യോജിച്ചതുമായ വാക്കുകളിലൂടെ സങ്കീർത്തനക്കാരൻ മുന്നറിയിപ്പു നൽകുന്നു: “അവരുടെ ഹൃദയം കൊഴുപ്പുപോലെ തടിച്ചിരിക്കുന്നു.”​—⁠സങ്കീർത്തനം 119:​70.

വളരെക്കാലമായി നിങ്ങൾ രഹസ്യ പാപങ്ങൾ ചെയ്‌തു വരികയാണെങ്കിൽ അത്‌ ഒഴിവാക്കാൻ കഠിനമായി യത്‌നിക്കുക. ഇല്ലെങ്കിൽ അത്‌ നിങ്ങളുടെ ആലങ്കാരിക ഹൃദയ ധമനികൾ അടഞ്ഞുപോകാൻ ഇടയാക്കിയേക്കാം. ലോകം ആകർഷകമാണെന്നും അതിനു വളരെ സന്തോഷവും ഉല്ലാസവും പ്രദാനം ചെയ്യാൻ കഴിയുമെന്നും തോന്നുന്നെങ്കിൽ അപ്പൊസ്‌തലനായ പൗലൊസ്‌ നൽകിയ ജ്ഞാനപൂർവകമായ ബുദ്ധിയുപദേശത്തെ കുറിച്ചു ധ്യാനിക്കുക. അവൻ എഴുതി: ‘എന്നാൽ സഹോദരന്മാരേ, ഇതൊന്നു ഞാൻ പറയുന്നു: കാലം ചുരുങ്ങിയിരിക്കുന്നു. ഇനി ലോകത്തെ അനുഭവിക്കുന്നവർ അതിനെ അനുഭവിക്കാത്തവരെപ്പോലെ ആയിരിക്കേണം. ഈ ലോകത്തിന്റെ രൂപം ഒഴിഞ്ഞുപോകുന്നുവല്ലോ [“രംഗം മാറിക്കൊണ്ടിരിക്കുന്നു,” NW].’ (1 കൊരിന്ത്യർ 7:​29-31) ഭൗതിക സമ്പത്ത്‌ ആകർഷകമായി തോന്നിത്തുടങ്ങുന്നെങ്കിൽ ഇയ്യോബിന്റെ വാക്കുകൾക്കു ശ്രദ്ധ കൊടുക്കുക: “ഞാൻ പൊന്നു എന്റെ ശരണമാക്കിയെങ്കിൽ, തങ്കത്തോടു നീ എന്റെ ആശ്രയം എന്നു പറഞ്ഞുവെങ്കിൽ, അതു ന്യായാധിപന്മാർ ശിക്ഷിക്കേണ്ടുന്ന കുററം അത്രെ; അതിനാൽ ഉയരത്തിലെ ദൈവത്തെ ഞാൻ നിഷേധിച്ചു എന്നു വരുമല്ലോ.”​—⁠ഇയ്യോബ്‌ 31:​24, 28; സങ്കീർത്തനം 62:10; 1 തിമൊഥെയൊസ്‌ 6:​9, 10.

ബൈബിൾ ബുദ്ധിയുപദേശം തള്ളിക്കളയുന്ന ശീലം എത്ര ഗൗരവമുള്ളതാണെന്നു കാണിച്ചുകൊണ്ട്‌ അത്‌ ഇങ്ങനെ മുന്നറിയിപ്പു നൽകുന്നു: “കൂടെക്കൂടെ ശാസന കേട്ടിട്ടും ശാഠ്യം കാണിക്കുന്നവൻ നീക്കുപോക്കില്ലാതെ പെട്ടെന്നു നശിച്ചു പോകും.” (സദൃശവാക്യങ്ങൾ 29:⁠1) നേരെ മറിച്ച്‌, നമ്മുടെ ആലങ്കാരിക ഹൃദയത്തെ നന്നായി പരിപാലിക്കുന്നതിനാൽ ലളിതവും ചിട്ടയോടു കൂടിയതുമായ ഒരു ജീവിതം നയിക്കുന്നതിൽനിന്നു വരുന്ന സന്തോഷവും മനസ്സമാധാനവും നാം ആസ്വദിക്കും. സത്യ ക്രിസ്‌ത്യാനിത്വം എല്ലായ്‌പോഴും ശുപാർശ ചെയ്‌തിരിക്കുന്ന ജീവിതഗതി ഇതാണ്‌. അപ്പൊസ്‌തലനായ പൗലൊസ്‌ നിശ്വസ്‌തതയിൽ എഴുതി: “അലംഭാവത്തോടുകൂടിയ ദൈവഭക്തി വലുതായ ആദായം ആകുന്നുതാനും. ഇഹലോകത്തിലേക്കു നാം ഒന്നും കൊണ്ടുവന്നിട്ടില്ല; ഇവിടെനിന്നു യാതൊന്നും കൊണ്ടുപോകുവാൻ കഴിയുന്നതുമല്ല. ഉണ്മാനും ഉടുപ്പാനും ഉണ്ടെങ്കിൽ മതി എന്നു നാം വിചാരിക്ക.”​—⁠1 തിമൊഥെയൊസ്‌ 6:​6-8.

അതേ, ദൈവിക ഭക്തി നട്ടുവളർത്തുകയും അതു പ്രകടമാക്കുകയും ചെയ്യുന്നതിലൂടെ നമ്മുടെ ആലങ്കാരിക ഹൃദയം ആരോഗ്യമുള്ളതും ശക്തവുമാണെന്ന്‌ നമുക്ക്‌ ഉറപ്പു വരുത്താൻ കഴിയും. ആത്മീയ ഭക്ഷണശീലങ്ങൾ സംബന്ധിച്ച്‌ അതീവ ശ്രദ്ധ പുലർത്തുന്നതിലൂടെ നമ്മുടെ ആത്മീയതയെ മോശമായി ബാധിക്കാൻ ലോകത്തിന്റെ വിനാശക വഴികളെയും ചിന്തയെയും നാം അനുവദിക്കില്ല. പരമപ്രധാനമായി യഹോവ തന്റെ സംഘടന മുഖാന്തരം ലഭ്യമാക്കുന്ന കരുതലുകൾ പ്രയോജനപ്പെടുത്തിക്കൊണ്ട്‌ നമുക്ക്‌ നമ്മുടെ ആലങ്കാരിക ഹൃദയത്തെ ക്രമമായ പരിശോധനയ്‌ക്കു വിധേയമാക്കാം. ഉത്സാഹപൂർവം ഇതു ചെയ്യുന്നത്‌ ആത്മീയ ഹൃദയാഘാതത്തിന്റെ സങ്കടകരമായ അനന്തരഫലങ്ങളിൽനിന്നു നമ്മെത്തന്നെ രക്ഷിക്കുന്നതിൽ വലിയ ഒരു പങ്കു വഹിക്കും.

[അടിക്കുറിപ്പ്‌]

^ ഖ. 4 കൂടുതൽ വിവരങ്ങൾക്ക്‌ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച 1996 ഡിസംബർ 8, ഉണരുക!യിലെ “ഹൃദയാഘാതം—എന്തു ചെയ്യാൻ കഴിയും?” എന്ന ലേഖനപരമ്പര ദയവായി കാണുക.

[10-ാം പേജിലെ ആകർഷക വാക്യം]

മോശമായ ഭക്ഷണശീലങ്ങൾക്ക്‌ ധമനികൾ കഠിനമായിത്തീരുന്നതിനും, അങ്ങനെ അക്ഷരീയ ഹൃദയം തകരാറിലാകുന്നതിനും ഇടയാക്കാനാവുന്നതു പോലെ, മോശമായ ആത്മീയ ഭക്ഷണശീലങ്ങൾക്ക്‌ ആലങ്കാരിക ഹൃദയത്തിന്റെ സ്‌തംഭനത്തിലേക്കു നയിക്കാനാകും

[10-ാം പേജിലെ ആകർഷക വാക്യം]

ആത്മീയമായി അലസമായ ഒരു ജീവിതരീതി ഗുരുതരമായ അനന്തരഫലങ്ങൾ വരുത്തിവെക്കും

[11-ാം പേജിലെ ആകർഷക വാക്യം]

‘ജീവിതോത്‌കണ്‌ഠകൾക്ക്‌’ ആലങ്കാരിക ഹൃദയത്തെ മാരകമായി ബാധിക്കാനാകും

[11-ാം പേജിലെ ചിത്രം]

നമ്മുടെ ആത്മീയ ആരോഗ്യത്തെ അവഗണിക്കുന്നത്‌ വലിയ വേദനയ്‌ക്ക്‌ ഇടയാക്കിയേക്കാം

[13-ാം പേജിലെ ചിത്രങ്ങൾ]

നല്ല ആത്മീയ ശീലങ്ങൾ നട്ടുവളർത്തുന്നത്‌ ആലങ്കാരിക ഹൃദയത്തെ കാത്തുസൂക്ഷിക്കും

[9-ാം പേജിലെ ചിത്രത്തിന്‌ കടപ്പാട്‌]

AP Photo/David Longstreath