വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“നിന്നിൽ നിന്നുള്ള പ്രകാശത്താൽ ഞങ്ങൾ പ്രകാശം കാണുന്നു”

“നിന്നിൽ നിന്നുള്ള പ്രകാശത്താൽ ഞങ്ങൾ പ്രകാശം കാണുന്നു”

“നിന്നിൽ നിന്നുള്ള പ്രകാശത്താൽ ഞങ്ങൾ പ്രകാശം കാണുന്നു”

പ്രകാശത്തെ നാം പലപ്പോഴും നിസ്സാരമായിട്ട്‌ എടുക്കുന്നു. എന്നാൽ പെട്ടെന്നു വൈദ്യുതിപ്രവാഹം നിലയ്‌ക്കുകയും എല്ലാം അന്ധകാരത്തിലാവുകയും ചെയ്യുമ്പോൾ നാം അതിന്റെ വില മനസ്സിലാക്കുന്നു. സന്തോഷകരമെന്നു പറയട്ടെ, നമ്മുടെ വാന “വൈദ്യുത നിലയമായ” സൂര്യനെ നമുക്കു പൂർണമായി ആശ്രയിക്കാൻ കഴിയും. സൂര്യപ്രകാശം ഉള്ളതുകൊണ്ട്‌ നമുക്കു കാണാനും ഭക്ഷിക്കാനും ശ്വസിക്കാനും ജീവിക്കാനും കഴിയുന്നു.

വെളിച്ചം ജീവന്‌ അനിവാര്യമായതിനാൽ ഒന്നാമത്തെ സൃഷ്ടി ദിവസംതന്നെ വെളിച്ചം പ്രത്യക്ഷമായി എന്ന ഉല്‌പത്തി പുസ്‌തകത്തിലെ വിവരണം നമ്മെ അതിശയിപ്പിക്കേണ്ടതില്ല. “വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്‌പിച്ചു; വെളിച്ചം ഉണ്ടായി.” (ഉല്‌പത്തി 1:⁠3) ദാവീദു രാജാവിനെ പോലെയുള്ള ദൈവഭക്തർ എല്ലായ്‌പോഴും യഹോവയെ ജീവന്റെയും വെളിച്ചത്തിന്റെയും ഉറവായി തിരിച്ചറിഞ്ഞിരുന്നു. ദാവീദ്‌ എഴുതി: “നിന്റെ പക്കൽ ജീവന്റെ ഉറവുണ്ടല്ലോ; നിന്റെ പ്രകാശത്തിൽ [“നിന്നിൽ നിന്നുള്ള പ്രകാശത്താൽ,” NW] ഞങ്ങൾ പ്രകാശം കാണുന്നു.”​—⁠സങ്കീർത്തനം 36:⁠9.

ദാവീദിന്റെ വാക്കുകൾ അക്ഷരീയ അർഥത്തിലും ആലങ്കാരിക അർഥത്തിലും ശരിയാണ്‌. എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക ഇപ്രകാരം പറയുന്നു: “കാഴ്‌ച സാധ്യമാക്കുന്നതിൽ പ്രകാശം തീർച്ചയായും പങ്കു വഹിക്കുന്നു.” അത്‌ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “മറ്റേതൊരു ഇന്ദ്രിയത്തെക്കാളും ഉപരിയായി വിവരങ്ങൾ മനുഷ്യ മസ്‌തിഷ്‌കത്തിൽ എത്തിക്കുന്നതു നേത്രങ്ങളാണ്‌.” നാം പഠിക്കുന്ന കാര്യങ്ങളിൽ അധികവും കാഴ്‌ചശക്തിയെ​—⁠നന്നായി കാണാൻ കഴിയണമെങ്കിൽ വെളിച്ചം ആവശ്യമാണ്‌​—⁠ആശ്രയിച്ചിരിക്കുന്നതിനാൽ തിരുവെഴുത്തുകളിൽ വെളിച്ചത്തെ ആലങ്കാരിക അർഥത്തിലും ഉപയോഗിച്ചിരിക്കുന്നു.

അതുകൊണ്ട്‌ യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു: “ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവൻ ആകും.” (യോഹന്നാൻ 8:12) യേശു പരാമർശിച്ച ആലങ്കാരിക വെളിച്ചം അവൻ പ്രസംഗിച്ച സത്യത്തിന്റെ സന്ദേശമായിരുന്നു. അതിനു ശ്രോതാക്കളുടെ മനസ്സും ഹൃദയവും പ്രകാശപൂരിതമാക്കാൻ കഴിയുമായിരുന്നു. അനേകം വർഷം ആത്മീയ അന്ധകാരത്തിൽ കഴിഞ്ഞശേഷം യേശുവിന്റെ ശിഷ്യന്മാർക്ക്‌ ഒടുവിൽ മനുഷ്യവർഗത്തെ സംബന്ധിച്ച ദൈവോദ്ദേശ്യത്തെയും രാജ്യപ്രത്യാശയെയും കുറിച്ച്‌ അറിവു ലഭിച്ചു. ഈ അറിവിന്‌ നിത്യജീവനിലേക്കു നയിക്കാൻ കഴിയുമായിരുന്നതിനാൽ ഇതു തീർച്ചയായും ‘ജീവന്റെ വെളിച്ചം’ ആയിരുന്നു. യേശു തന്റെ സ്വർഗീയ പിതാവിനോടുള്ള പ്രാർഥനയിൽ പറഞ്ഞു: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്‌തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹന്നാൻ 17:⁠3) നമുക്ക്‌ ഒരിക്കലും ഈ ആത്മീയ വെളിച്ചത്തെ നിസ്സാരമായിട്ട്‌ എടുക്കാതിരിക്കാം!