വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവാഭയമുള്ള ഒരു ഹൃദയം വളർത്തിയെടുക്കുക

യഹോവാഭയമുള്ള ഒരു ഹൃദയം വളർത്തിയെടുക്കുക

യഹോവാഭയമുള്ള ഒരു ഹൃദയം വളർത്തിയെടുക്കുക

“എന്നെ ഭയപ്പെടേണ്ടതിന്നും എന്റെ കല്‌പനകളൊക്കെയും പ്രമാണിക്കേണ്ടതിന്നും ഇങ്ങനെയുള്ള ഹൃദയം അവർക്കു എപ്പോഴും ഉണ്ടായിരുന്നുവെങ്കിൽ എത്ര നന്നു.”​—⁠ആവർത്തനപുസ്‌തകം 5:29.

1. മനുഷ്യനു ഭയത്തിൽനിന്നുള്ള സ്വാതന്ത്ര്യം ആസ്വദിക്കാൻ കഴിയുന്ന ഒരു കാലം വരുമെന്ന്‌ നമുക്ക്‌ ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നത്‌ എന്തുകൊണ്ട്‌?

നൂറ്റാണ്ടുകളായി ഭയം മനുഷ്യവർഗത്തെ ഗ്രസിച്ചിരിക്കുന്നു. പട്ടിണി, രോഗം, കുറ്റകൃത്യം, യുദ്ധം എന്നിവയെ കുറിച്ചുള്ള ഭയം ലക്ഷക്കണക്കിന്‌ ആളുകളെ സദാ വേട്ടയാടുന്നു. സാർവലൗകിക മനുഷ്യാവകാശ പ്രഖ്യാപന’ത്തിന്റെ ആമുഖത്തിൽ സകല മനുഷ്യർക്കും ഭയത്തിൽനിന്നുള്ള സ്വാതന്ത്ര്യം ആസ്വദിക്കാൻ കഴിയുന്ന ഒരു ലോകം സൃഷ്‌ടിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്‌ ഈ കാരണത്താലാണ്‌. * സന്തോഷകരമെന്നു പറയട്ടെ, അത്തരമൊരു ലോകം വരുമെന്ന്‌ ദൈവം നമുക്ക്‌ ഉറപ്പു നൽകുന്നു, മനുഷ്യ ശ്രമങ്ങളാൽ ആയിരിക്കില്ല എന്നു മാത്രം. തന്റെ നീതിനിഷ്‌ഠമായ പുതിയ ലോകത്തിൽ ‘ആരും [ദൈവജനത്തെ] ഭയപ്പെടുത്തുകയില്ല’ എന്ന്‌ യഹോവ തന്റെ പ്രവാചകനായ മീഖാ മുഖാന്തരം വാഗ്‌ദാനം ചെയ്യുന്നു.​—⁠മീഖാ 4:⁠4.

2. (എ) ദൈവത്തെ ഭയപ്പെടാൻ തിരുവെഴുത്തുകൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നത്‌ എങ്ങനെ? (ബി) ദൈവത്തെ ഭയപ്പെടാനുള്ള കടപ്പാടിനെ കുറിച്ചു ചിന്തിക്കുമ്പോൾ ഏതു ചോദ്യങ്ങൾ ഉയർന്നുവന്നേക്കാം?

2 എന്നാൽ, ഭയത്തിന്‌ ക്രിയാത്മകമായ ഒരു സ്വാധീനം ആയിരിക്കാനും കഴിയും. തിരുവെഴുത്തുകളിൽ ദൈവദാസരോട്‌ യഹോവയെ ഭയപ്പെടാൻ ആവർത്തിച്ച്‌ ആഹ്വാനം ചെയ്‌തിരിക്കുന്നു. മോശെ ഇസ്രായേല്യരോടു പറഞ്ഞു: “നിന്റെ ദൈവമായ യഹോവയെ ഭയപ്പെട്ടു അവനെ സേവിക്കേണം.” (ആവർത്തനപുസ്‌തകം 6:13) നൂറ്റാണ്ടുകൾ കഴിഞ്ഞ്‌ ശലോമോൻ എഴുതി: “ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്‌പനകളെ പ്രമാണിച്ചുകൊൾക; അതു ആകുന്നു സകലമനുഷ്യർക്കും വേണ്ടുന്നതു.” (സഭാപ്രസംഗി 12:13) അതുപോലെ ദൂതനടത്തിപ്പിൻ കീഴിൽ ചെയ്യപ്പെടുന്ന സാക്ഷീകരണ വേലയിലൂടെ നാമും ‘ദൈവത്തെ ഭയപ്പെട്ട്‌ അവനു മഹത്വം കൊടുക്കാൻ’ സകലരെയും പ്രോത്സാഹിപ്പിക്കുന്നു. (വെളിപ്പാടു 14:​6, 7) യഹോവയെ ഭയപ്പെടുന്നതോടൊപ്പം ക്രിസ്‌ത്യാനികൾ അവനെ പൂർണ ഹൃദയത്തോടെ സ്‌നേഹിക്കുകയും വേണം. (മത്തായി 22:​37, 38) എന്നാൽ ദൈവത്തെ സ്‌നേഹിക്കാനും അതേസമയം അവനെ ഭയപ്പെടാനും നമുക്ക്‌ എങ്ങനെ കഴിയും? സ്‌നേഹവാനായ ഒരു ദൈവത്തെ ഭയപ്പെടേണ്ടത്‌ എന്തുകൊണ്ടാണ്‌? ദൈവഭയം നട്ടുവളർത്തുന്നതിന്റെ പ്രയോജനങ്ങൾ എന്തെല്ലാമാണ്‌? ഈ ചോദ്യങ്ങൾക്ക്‌ ഉത്തരം ലഭിക്കുന്നതിന്‌ ആദ്യം ദൈവഭയം എന്താണെന്നും ഈ ഭയം യഹോവയുമായുള്ള നമ്മുടെ ബന്ധത്തിലെ ഒരു അടിസ്ഥാന ഘടകം ആയിരിക്കുന്നത്‌ എങ്ങനെയെന്നും നാം മനസ്സിലാക്കേണ്ടതുണ്ട്‌.

ഭയാശ്ചര്യം, ഭക്ത്യാദരവ്‌, ഭയം

3. എന്താണ്‌ ദൈവഭയം?

3 ദൈവഭയം ക്രിസ്‌ത്യാനികൾക്കു തങ്ങളുടെ സ്രഷ്ടാവിനോട്‌ ഉണ്ടായിരിക്കേണ്ട ഒരു വികാരമാണ്‌. ഈ ഭയത്തിനു നൽകിയിരിക്കുന്ന ഒരു നിർവചനം “സ്രഷ്‌ടാവിനോടു തോന്നുന്ന ഭയാശ്ചര്യവും ആഴമായ ഭക്ത്യാദരവും അവനെ അപ്രീതിപ്പെടുത്തുന്നതിലുള്ള ആരോഗ്യാവഹമായ ഭയവും” എന്നാണ്‌. അതുകൊണ്ട്‌, ദൈവഭയം നമ്മുടെ ജീവിതത്തിന്റെ രണ്ടു പ്രധാനപ്പെട്ട മണ്ഡലങ്ങളെ സ്വാധീനിക്കുന്നു: ദൈവത്തോടുള്ള നമ്മുടെ മനോഭാവത്തെയും, അവൻ വെറുക്കുന്ന നടത്തയോടുള്ള മനോഭാവത്തെയും. വ്യക്തമായും ഈ രണ്ടു മണ്ഡലങ്ങളും വളരെ പ്രധാനവും നമ്മുടെ ശ്രദ്ധാപൂർവമായ പരിചിന്തനം അർഹിക്കുന്നവയുമാണ്‌. ഡബ്ല്യു. ഇ. വൈൻ എഴുതിയ പുതിയനിയമ പദങ്ങളുടെ വിശദീകരണ നിഘണ്ടു (ഇംഗ്ലീഷ്‌) പറയുന്നതു പോലെ, ക്രിസ്‌ത്യാനികളെ സംബന്ധിച്ചിടത്തോളം ഭക്ത്യാദരപൂർവകമായ ഈ ഭയം ‘ജീവിതത്തിന്റെ ആത്മീയവും ധാർമികവുമായ വശങ്ങളെ നിയന്ത്രിക്കുന്ന ഒരു സ്വാധീന ഘടകമായി വർത്തിക്കുന്നു.’

4. നമുക്ക്‌ എങ്ങനെ സ്രഷ്ടാവിനോടു ഭയാശ്ചര്യവും ഭക്ത്യാദരവും വളർത്തിയെടുക്കാൻ കഴിയും?

4 നമുക്ക്‌ എങ്ങനെ സ്രഷ്ടാവിനോടു ഭയാശ്ചര്യവും ഭക്ത്യാദരവും വളർത്തിയെടുക്കാൻ കഴിയും? മനോഹരമായ ഒരു പ്രകൃതിദൃശ്യമോ ഗംഭീരമായ വെള്ളച്ചാട്ടമോ സുന്ദരമായ സൂര്യാസ്‌തമയമോ കാണുമ്പോൾ നാം പലപ്പോഴും ഭയാശ്ചര്യത്തോടെ നോക്കിനിന്നു പോകാറുണ്ട്‌. ഇത്തരം സൃഷ്ടിക്രിയകൾക്കു പിന്നിലെ ദൈവത്തിന്റെ കരങ്ങൾ വിശ്വാസ നേത്രങ്ങൾകൊണ്ടു കാണുമ്പോൾ നമ്മുടെ ആ വികാരം വർധിക്കുന്നു. ദാവീദു രാജാവ്‌ തിരിച്ചറിഞ്ഞതു പോലെ, യഹോവയുടെ ഭയഗംഭീര സൃഷ്ടികളോടുള്ള താരതമ്യത്തിൽ നാം ഒന്നുമല്ല എന്നും നാം തിരിച്ചറിയുന്നു. “നിന്റെ വിരലുകളുടെ പണിയായ ആകാശത്തെയും നീ ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കുമ്പോൾ, മർത്യനെ നീ ഓർക്കേണ്ടതിന്നു അവൻ എന്തു?” (സങ്കീർത്തനം 8:​3, 4) ആഴമായ ഈ ഭയാശ്ചര്യം ഭക്ത്യാദരവിലേക്കു നയിക്കുന്നു. അത്‌ യഹോവ നമുക്കായി ചെയ്യുന്ന എല്ലാറ്റിനെയും പ്രതി അവനു നന്ദിയും സ്‌തുതിയും നൽകാൻ നമ്മെ പ്രേരിപ്പിക്കുന്നു. ദാവീദ്‌ ഇങ്ങനെയും എഴുതി: “ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്ടിച്ചിരിക്കയാൽ ഞാൻ നിനക്കു സ്‌തോത്രം ചെയ്യുന്നു; നിന്റെ പ്രവൃത്തികൾ അത്ഭുതകരമാകുന്നു; അതു എന്റെ ഉള്ളം നല്ലവണ്ണം അറിയുന്നു.”​—⁠സങ്കീർത്തനം 139:14.

5. നാം യഹോവയെ ഭയപ്പെടേണ്ടത്‌ എന്തുകൊണ്ട്‌, ഈ കാര്യത്തിൽ നമുക്കുള്ള മികച്ച ദൃഷ്ടാന്തം ആരാണ്‌?

5 ഭയാശ്ചര്യവും ഭക്ത്യാദരവും സ്രഷ്ടാവെന്ന നിലയിലുള്ള ദൈവത്തിന്റെ ശക്തിയോടും പ്രപഞ്ചത്തെ ഭരിക്കാൻ ന്യായമായ അവകാശമുള്ളവൻ എന്ന നിലയിലുള്ള അവന്റെ അധികാരത്തോടും ആരോഗ്യാവഹവും ആദരപൂർവകവുമായ ഒരു ഭയം ജനിപ്പിക്കുന്നു. അപ്പൊസ്‌തലനായ യോഹന്നാൻ കണ്ട ഒരു ദർശനത്തിൽ ‘മൃഗത്തോടും അതിന്റെ പ്രതിമയോടും ജയിച്ചവർ’​—⁠തങ്ങളുടെ സ്വർഗീയ സ്ഥാനം വഹിക്കുന്ന ക്രിസ്‌തുവിന്റെ അഭിഷിക്ത അനുയായികൾ​—⁠ഇങ്ങനെ പ്രഖ്യാപിക്കുന്നു: “സർവ്വശക്തിയുള്ള ദൈവമായ കർത്താവേ, നിന്റെ പ്രവൃത്തികൾ വലുതും അത്ഭുതവുമായവ; സർവ്വജാതികളുടെയും രാജാവേ, നിന്റെ വഴികൾ നീതിയും സത്യവുമുള്ളവ. കർത്താവേ, ആർ നിന്റെ നാമത്തെ ഭയപ്പെടാതെയും മഹത്വപ്പെടുത്താതെയും ഇരിക്കും?” (വെളിപ്പാടു 15:​2-4) ദൈവത്തിന്റെ മാഹാത്മ്യത്തോടുള്ള ആഴമായ ഭക്ത്യാദരവിൽനിന്ന്‌ ഉളവാകുന്ന ദൈവഭയം, പരമാധികാരി എന്ന നിലയിൽ അവനെ ബഹുമാനിക്കാൻ സ്വർഗീയ രാജ്യത്തിലെ ക്രിസ്‌തുവിന്റെ ഈ സഹഭരണാധിപന്മാരെ പ്രേരിപ്പിക്കുന്നു. യഹോവ ചെയ്‌തിരിക്കുന്ന എല്ലാ കാര്യങ്ങളും അവൻ പ്രപഞ്ചത്തെ ഭരിക്കുന്ന നീതിനിഷ്‌ഠമായ വിധവും പരിചിന്തിക്കുമ്പോൾ അവനെ ഭയപ്പെടാൻ നമുക്കു മതിയായ കാരണമില്ലേ?​—⁠സങ്കീർത്തനം 2:11; യിരെമ്യാവു 10:⁠7.

6. യഹോവയെ അപ്രീതിപ്പെടുത്താതിരിക്കാൻ പ്രേരിപ്പിക്കുന്ന ആരോഗ്യാവഹമായ ഭയം നമുക്ക്‌ ഉണ്ടായിരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

6 എന്നാൽ ഭയാശ്ചര്യവും ഭക്ത്യാദരവും തോന്നുന്നതിനു പുറമേ, ദൈവഭയത്തിൽ അവനെ അപ്രീതിപ്പെടുത്തുകയോ അവനോട്‌ അനുസരണക്കേടു കാണിക്കുകയോ ചെയ്യാതിരിക്കാൻ പ്രേരിപ്പിക്കുന്ന ആരോഗ്യാവഹമായ ഒരു ഭയവും ഉൾപ്പെട്ടിരിക്കുന്നു. എന്തുകൊണ്ട്‌? എന്തുകൊണ്ടെന്നാൽ യഹോവ “ദീർഘക്ഷമയും മഹാദയയും” ഉള്ളവനാണെങ്കിലും അവൻ ‘കുററമുള്ളവനെ വെറുതെ വിടുകയില്ല’ എന്ന സംഗതി നാം മനസ്സിൽ പിടിക്കേണ്ടതാണ്‌. (പുറപ്പാടു 34:​6, 7) സ്‌നേഹവാനും കരുണാമയനും ആണെങ്കിലും യഹോവ അനീതിക്കും മനഃപൂർവ പാപത്തിനും നേരെ കണ്ണടയ്‌ക്കുകയില്ല. (സങ്കീർത്തനം 5:​4, 5; ഹബക്കൂക്‌ 1:13) മനഃപൂർവം, അനുതാപമില്ലാതെ യഹോവയുടെ ദൃഷ്ടിയിൽ ദുഷ്ടമായതു പ്രവർത്തിക്കുന്നവർ തങ്ങളെത്തന്നെ അവന്റെ ശത്രുക്കൾ ആക്കിത്തീർക്കുകയാണ്‌. അവർക്കു ശിക്ഷ ലഭിക്കാതിരിക്കുകയില്ല. അപ്പൊസ്‌തലനായ പൗലൊസ്‌ പറഞ്ഞതുപോലെ, “ജീവനുള്ള ദൈവത്തിന്റെ കയ്യിൽ വീഴുന്നതു ഭയങ്കരം” ആണ്‌. അത്തരമൊരു അവസ്ഥയിൽ അകപ്പെടാതിരിക്കാൻ പ്രേരിപ്പിക്കുന്ന ആരോഗ്യാവഹമായ ഒരു ഭയം ആത്യന്തികമായി നമ്മുടെ സംരക്ഷണത്തിന്‌ ഉതകും.​—⁠എബ്രായർ 10:31.

‘അവനോടു ചേർന്നിരിക്കുക’

7. യഹോവയുടെ രക്ഷാശക്തിയിൽ ആശ്രയിക്കുന്നതിനു നമുക്ക്‌ എന്തെല്ലാം കാരണങ്ങൾ ഉണ്ട്‌?

7 യഹോവയോടുള്ള ഭക്ത്യാദരപൂർവകമായ ഭയവും അവന്റെ അതിഭയങ്കര ശക്തി സംബന്ധിച്ച അറിവും അവനിൽ പൂർണ വിശ്വാസവും ആശ്രയവും വളർത്തിയെടുക്കാൻ സഹായിക്കുന്ന അടിസ്ഥാന ഘടകങ്ങളാണ്‌. പിതാവ്‌ അടുത്തുള്ളപ്പോൾ ഒരു കൊച്ചു കുട്ടിക്ക്‌ താൻ സുരക്ഷിതനാണെന്നു തോന്നുന്നതുപോലെ, യഹോവയുടെ മാർഗനിർദേശക കരങ്ങളിൻകീഴിൽ നമുക്കു സുരക്ഷിതത്വം അനുഭവപ്പെടുന്നു. യഹോവ ഇസ്രായേല്യരെ ഈജിപ്‌തിൽനിന്നു വിടുവിച്ച ശേഷം അവർ എങ്ങനെയാണു പ്രതികരിച്ചതെന്നു ശ്രദ്ധിക്കുക: ‘യഹോവ മിസ്രയീമ്യരിൽ ചെയ്‌ത ഈ മഹാപ്രവൃത്തി യിസ്രായേല്യർ കണ്ടു; ജനം യഹോവയെ ഭയപ്പെട്ടു, യഹോവയിൽ വിശ്വസിച്ചു.’ (പുറപ്പാടു 14:31) “യഹോവയുടെ ദൂതൻ അവന്റെ ഭക്തന്മാരുടെ [“അവനെ ഭയപ്പെടുന്നവരുടെ,” NW] ചുററും പാളയമിറങ്ങി അവരെ വിടുവിക്കുന്നു” എന്ന വസ്‌തുതയ്‌ക്ക്‌ എലീശായുടെ അനുഭവവും തെളിവു നൽകുന്നു. (സങ്കീർത്തനം 34:7; 2 രാജാക്കന്മാർ 6:​15-17) യഹോവയുടെ ജനത്തിന്റെ ആധുനികകാല ചരിത്രവും സാധ്യതയനുസരിച്ച്‌ നമ്മുടെ സ്വന്തം അനുഭവവും, തന്നെ സേവിക്കുന്നവർക്കായി ദൈവം തന്റെ ശക്തി പ്രയോഗിക്കുന്നു എന്ന സംഗതി ഉറപ്പാക്കുന്നു. (2 ദിനവൃത്താന്തം 16:⁠9) അങ്ങനെ, “യഹോവാഭക്തന്നു [“യഹോവയെ ഭയപ്പെടുന്നവനു” NW] ദൃഢധൈര്യം ഉണ്ടു” എന്ന വസ്‌തുത നാം വിലമതിക്കാൻ ഇടയാകുന്നു.​—⁠സദൃശവാക്യങ്ങൾ 14:26.

8. (എ) ദൈവഭയം അവന്റെ വഴികളിൽ നടക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത്‌ എന്തുകൊണ്ട്‌? (ബി) നാം യഹോവയോട്‌ ‘ചേർന്നിരിക്കേണ്ടത്‌’ എങ്ങനെയെന്നു വിശദീകരിക്കുക.

8 ആരോഗ്യാവഹമായ ദൈവഭയം ദൈവത്തിലുള്ള വിശ്വാസവും ആശ്രയത്വവും നമ്മിൽ ജനിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്‌. അത്‌ അവന്റെ വഴികളിൽ നടക്കാൻ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ആലയത്തിന്റെ സമർപ്പണവേളയിൽ ശലോമോൻ യഹോവയോട്‌ ഇങ്ങനെ പ്രാർഥിച്ചു: ‘തങ്ങളുടെ പിതാക്കന്മാർക്കു കൊടുത്ത ദേശത്തു അവർ ജീവിച്ചിരിക്കും കാലത്തൊക്കെയും നിന്റെ വഴികളിൽ നടപ്പാൻ തക്കവണ്ണം [ഇസ്രായേൽ] നിന്നെ ഭയപ്പെടുമാറാകട്ടെ.’ (2 ദിനവൃത്താന്തം 6:31) അതിനു മുമ്പ്‌ മോശെ ഇസ്രായേല്യരെ ഇപ്രകാരം പ്രബോധിപ്പിച്ചു: “നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ അനുസരിച്ചു ഭയപ്പെടുകയും അവന്റെ കല്‌പന പ്രമാണിച്ചു അവന്റെ വാക്കു കേൾക്കയും അവനെ സേവിച്ചു അവനോടു ചേർന്നിരിക്കയും വേണം.” (ആവർത്തനപുസ്‌തകം 13:⁠5) യഹോവയിലുള്ള വിശ്വാസവും ആശ്രയവും അവന്റെ വഴികളിൽ നടക്കാനും അവനോടു ‘ചേർന്നിരിക്കാനും’ ഉള്ള ആഗ്രഹം ഉളവാക്കുന്നുവെന്ന്‌ ഈ വാക്യങ്ങൾ വ്യക്തമാക്കുന്നു. അതേ, യഹോവാഭയം അവനെ അനുസരിക്കാനും സേവിക്കാനും, താൻ പൂർണമായും വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യുന്ന തന്റെ പിതാവിനോട്‌ ഒരു കൊച്ചുകുട്ടി ചേർന്നിരിക്കുന്നതുപോലെ അവനോടു ചേർന്നിരിക്കാനും ഇടയാക്കുന്നു.​—⁠സങ്കീർത്തനം 63:8; യെശയ്യാവു 41:13.

ദൈവത്തെ സ്‌നേഹിക്കുന്നവൻ അവനെ ഭയപ്പെടുന്നു

9. ദൈവസ്‌നേഹവും ദൈവഭയവും തമ്മിലുള്ള ബന്ധമെന്ത്‌?

9 തിരുവെഴുത്തുകൾ പ്രകടമാക്കുന്നത്‌ അനുസരിച്ച്‌, ദൈവഭയം അവനെ സ്‌നേഹിക്കുന്നതിന്‌ യാതൊരു വിധത്തിലും ഒരു തടസ്സമാകുന്നില്ല. നേരെ മറിച്ച്‌ ‘അവന്റെ എല്ലാ വഴികളിലും നടക്കാനും അവനെ സ്‌നേഹിക്കാനും കഴിയേണ്ടതിന്‌ യഹോവയെ ഭയപ്പെടാൻ’ ഇസ്രായേല്യർക്കു നിർദേശം ലഭിച്ചിരുന്നു. (ആവർത്തനപുസ്‌തകം 10:​12, NW) അതുകൊണ്ട്‌, ദൈവഭയവും ദൈവസ്‌നേഹവും വളരെ അടുത്തു ബന്ധപ്പെട്ടിരിക്കുന്നു. ദൈവഭയം അവന്റെ വഴികളിൽ നടക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. അതാകട്ടെ അവനോടുള്ള നമ്മുടെ സ്‌നേഹത്തിന്റെ തെളിവാണുതാനും. (1 യോഹന്നാൻ 5:⁠3) ഇത്‌ യുക്തിപൂർവകമാണ്‌. കാരണം നാം സ്‌നേഹിക്കുന്ന ഒരാളെ വേദനിപ്പിക്കാൻ നാം ന്യായമായും ഭയപ്പെടും. മരുഭൂമിയിൽ ആയിരുന്നപ്പോൾ പ്രകടമാക്കിയ മത്സരഗതിയിലൂടെ യിസ്രായേല്യർ യഹോവയെ വേദനിപ്പിച്ചു. നമ്മുടെ സ്വർഗീയ പിതാവിന്‌ അത്തരം ദുഃഖം വരുത്തുന്ന എന്തെങ്കിലും ചെയ്യാൻ നാം തീർച്ചയായും ആഗ്രഹിക്കുകയില്ല. (സങ്കീർത്തനം 78:​40, 41) നേരെ മറിച്ച്‌, ‘തന്നെ ഭയപ്പെടുന്നവരിൽ യഹോവ പ്രസാദിക്കുന്നതിനാൽ’ നമ്മുടെ അനുസരണവും വിശ്വസ്‌തതയും അവന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു. (സങ്കീർത്തനം 147:11; സദൃശവാക്യങ്ങൾ 27:11) ദൈവസ്‌നേഹം അവനെ പ്രസാദിപ്പിക്കാൻ നമ്മെ പ്രേരിപ്പിക്കുമ്പോൾ, ദൈവഭയം അവനെ വേദനിപ്പിക്കുന്നതിൽനിന്ന്‌ നമ്മെ തടയുന്നു. അവ പരസ്‌പരം ബന്ധപ്പെട്ട ഗുണങ്ങളാണ്‌, പരസ്‌പര വിരുദ്ധങ്ങളല്ല.

10. യഹോവയെ ഭയപ്പെടുന്നതു തനിക്ക്‌ ആനന്ദം കൈവരുത്തിയെന്ന്‌ യേശു പ്രകടമാക്കിയത്‌ എങ്ങനെ?

10 നമുക്കെങ്ങനെ ഒരേസമയം ദൈവത്തെ സ്‌നേഹിക്കാനും ഭയപ്പെടാനും കഴിയുമെന്ന്‌ യേശുക്രിസ്‌തുവിന്റെ ജീവിതഗതി വ്യക്തമാക്കുന്നു. യേശുവിനെ കുറിച്ച്‌ യെശയ്യാ പ്രവാചകൻ ഇങ്ങനെ എഴുതി: “അവന്റെ മേൽ യഹോവയുടെ ആത്മാവു ആവസിക്കും; ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവു, ആലോചനയുടെയും ബലത്തിന്റെയും ആത്മാവു, പരിജ്ഞാനത്തിന്റെയും യഹോവാഭക്തിയുടെയും [“യഹോവാഭയത്തിന്റെയും,” NW] ആത്മാവു തന്നേ. അവന്റെ പ്രമോദം യഹോവാഭക്തിയിൽ [“യഹോവാഭയത്തിൽ,” NW] ആയിരിക്കും.” (യെശയ്യാവു 11:​2, 3) ഈ പ്രവചനം അനുസരിച്ച്‌, തന്റെ സ്വർഗീയ പിതാവിനെ ഭയപ്പെടാൻ ദൈവാത്മാവ്‌ യേശുവിനെ പ്രേരിപ്പിച്ചു. എന്നാൽ ഈ ഭയം അവന്‌ ഒരു കൂച്ചുവിലങ്ങ്‌ ആയിരിക്കുന്നതിനു പകരം സംതൃപ്‌തിയുടെ ഉറവ്‌ ആയിരുന്നു എന്നും നാം കാണുന്നു. ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നതിലും അവനെ പ്രീതിപ്പെടുത്തുന്നതിലും യേശു ആനന്ദം കണ്ടെത്തി, ഏറ്റവും ദുഷ്‌കരമായ സാഹചര്യങ്ങളിൽപ്പോലും. ക്രൂശിലെ മരണം മുന്നിൽ കണ്ട സന്ദർഭത്തിൽ അവൻ യഹോവയോടു പറഞ്ഞു: “ഞാൻ ഇച്ഛിക്കുംപോലെ അല്ല, നീ ഇച്ഛിക്കുംപോലെ ആകട്ടെ.” (മത്തായി 26:39) തന്റെ പുത്രന്റെ ഈ ദൈവഭയം കാരണം യഹോവ അവന്റെ അപേക്ഷകൾ ചെവിക്കൊള്ളുകയും അവനെ ശക്തീകരിക്കുകയും മരണത്തിന്റെ പിടിയിൽനിന്നു വിടുവിക്കുകയും ചെയ്‌തു.​—⁠എബ്രായർ 5:⁠7, NW.

യഹോവയെ ഭയപ്പെടാൻ പഠിക്കൽ

11, 12. (എ) ദൈവത്തെ ഭയപ്പെടാൻ നാം പഠിക്കേണ്ടത്‌ എന്തുകൊണ്ട്‌? (ബി) യഹോവയെ ഭയപ്പെടാൻ യേശു നമ്മെ പഠിപ്പിക്കുന്നത്‌ എങ്ങനെ?

11 പ്രകൃതിയുടെ ശക്തിയും ഗാംഭീര്യവും ദർശിക്കുമ്പോൾ നമ്മിൽ ഭയാശ്ചര്യം തനിയെ ഉണ്ടാകുന്നു. എന്നാൽ ദൈവഭയം അതുപോലെ തനിയെ ഉണ്ടാകുന്ന ഒന്നല്ല. അതുകൊണ്ടാണ്‌ വലിയ ദാവീദായ യേശുക്രിസ്‌തു പ്രാവചനികമായി നമുക്ക്‌ ഈ ക്ഷണം വെച്ചുനീട്ടുന്നത്‌: “മക്കളേ, വന്നു എനിക്കു ചെവിതരുവിൻ; യഹോവയോടുള്ള ഭക്തിയെ [“യഹോവാഭയത്തെ,” NW] ഞാൻ ഉപദേശിച്ചുതരാം.” (സങ്കീർത്തനം 34:11) യഹോവയെ ഭയപ്പെടാൻ യേശുവിൽനിന്നു നമുക്ക്‌ എങ്ങനെ പഠിക്കാൻ കഴിയും?

12 നമ്മുടെ സ്വർഗീയ പിതാവിന്റെ അത്ഭുതകരമായ വ്യക്തിത്വം മനസ്സിലാക്കാൻ സഹായിച്ചുകൊണ്ട്‌ യഹോവയെ ഭയപ്പെടാൻ യേശു നമ്മെ പഠിപ്പിക്കുന്നു. (യോഹന്നാൻ 1:18) യേശുവിന്റെ സ്വന്തം ദൃഷ്ടാന്തം ദൈവം എങ്ങനെ ചിന്തിക്കുന്നുവെന്നും അവൻ മറ്റുള്ളവരോട്‌ എങ്ങനെ ഇടപെടുന്നുവെന്നും വെളിപ്പെടുത്തുന്നു. കാരണം, യേശു തന്റെ പിതാവിന്റെ വ്യക്തിത്വം പൂർണമായി പ്രതിഫലിപ്പിക്കുന്നു. (യോഹന്നാൻ 14:​9, 10) കൂടാതെ, നമ്മുടെ പാപങ്ങൾ ക്ഷമിച്ചു കിട്ടുന്നതിന്‌ യഹോവയെ പ്രാർഥനയിൽ സമീപിക്കാനുള്ള വാതിൽ യേശുവിന്റെ മറുവില യാഗത്തിലൂടെ നമുക്കു തുറന്നു കിട്ടിയിരിക്കുന്നു. ദൈവത്തിന്റെ കരുണയുടെ ഈ ശ്രേഷ്‌ഠ പ്രകടനംതന്നെ അവനെ ഭയപ്പെടുന്നതിനു നമുക്കു ശക്തമായ കാരണം നൽകുന്നു. സങ്കീർത്തനക്കാരൻ എഴുതി: “എങ്കിലും അവിടുത്തെ ഭയപ്പെടുവാൻ തക്കവണ്ണം ക്ഷമ അങ്ങയുടെ പക്കൽ ഉണ്ട്‌.”​—⁠സങ്കീർത്തനം 130:⁠4, ന്യൂ ഇൻഡ്യാ ബൈബിൾ ഭാഷാന്തരം.

13. സദൃശവാക്യങ്ങളുടെ പുസ്‌തകത്തിൽ പട്ടികപ്പെടുത്തിയിരിക്കുന്ന ഏതു പടികൾ യഹോവയെ ഭയപ്പെടാൻ നമ്മെ സഹായിക്കുന്നു?

13 ദൈവഭയം വളർത്തിയെടുക്കാൻ നമ്മെ സഹായിക്കുന്ന ഏതാനും പടികൾ സദൃശവാക്യങ്ങളുടെ പുസ്‌തകം പട്ടികപ്പെടുത്തുന്നു. “മകനേ, ജ്ഞാനത്തിന്നു ചെവികൊടുക്കയും ബോധത്തിന്നു നിന്റെ ഹൃദയം ചായിക്കയും ചെയ്യേണ്ടതിന്നു എന്റെ വചനങ്ങളെ കൈക്കൊണ്ടു എന്റെ കല്‌പനകളെ നിന്റെ ഉള്ളിൽ സംഗ്രഹിച്ചാൽ, നീ ബോധത്തിന്നായി വിളിച്ചു വിവേകത്തിന്നായി ശബ്ദം ഉയർത്തുന്നു എങ്കിൽ . . . നീ യഹോവാഭക്തി [“യഹോവാഭയം,” NW] ഗ്രഹിക്കയും ദൈവപരിജ്ഞാനം കണ്ടെത്തുകയും ചെയ്യും.” (സദൃശവാക്യങ്ങൾ 2:​1-5) അതുകൊണ്ട്‌, ദൈവത്തെ ഭയപ്പെടുന്നതിന്‌ നാം അവന്റെ വചനം പഠിക്കുകയും അതിലെ നിർദേശങ്ങൾ മനസ്സിലാക്കാൻ ആത്മാർഥമായി ശ്രമിക്കുകയും അവ ശ്രദ്ധാപൂർവം ബാധകമാക്കുകയും വേണം.

14. ഇസ്രായേൽ രാജാക്കന്മാർക്കു നൽകപ്പെട്ട ബുദ്ധിയുപദേശം നമുക്ക്‌ എങ്ങനെ പിൻപറ്റാനാകും?

14 പുരാതന ഇസ്രായേലിലെ ഓരോ രാജാവും ന്യായപ്രമാണത്തിന്റെ ഒരു പകർപ്പ്‌ ഉണ്ടാക്കി ‘ന്യായപ്രമാണത്തിലെ സകലവചനങ്ങളും ചട്ടങ്ങളും പ്രമാണിച്ചുനടന്നു തന്റെ ദൈവമായ യഹോവയെ ഭയപ്പെടുവാൻ പഠിക്കേണ്ടതിന്നു തന്റെ ആയുഷ്‌കാലം ഒക്കെയും അതു വായിക്ക’ണമായിരുന്നു. (ആവർത്തനപുസ്‌തകം 17:​18-20) യഹോവയെ ഭയപ്പെടാൻ പഠിക്കുന്നതിന്‌ ബൈബിൾ വായനയും പഠനവും നമ്മുടെ കാര്യത്തിലും അത്രതന്നെ പ്രധാനമാണ്‌. നാം ജീവിതത്തിൽ ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കുമ്പോൾ ക്രമേണ ദിവ്യ പരിജ്ഞാനവും അറിവും സമ്പാദിക്കും. ‘യഹോവാഭയം’ നമ്മുടെ ജീവിതത്തിൽ ഉളവാക്കുന്ന നല്ല ഫലങ്ങൾ കാണുന്നതിനാൽ നാം ആ ഭയം ‘ഗ്രഹിക്കാൻ’ ഇടയാകും. ദൈവവുമായുള്ള നമ്മുടെ ബന്ധം നാം അമൂല്യമായി വീക്ഷിക്കുകയും ചെയ്യും. കൂടാതെ, സഹവിശ്വാസികളുമൊത്ത്‌ ക്രമമായി കൂടിവരുന്നതിനാൽ പ്രായമായവർക്കും ചെറുപ്പക്കാർക്കും ഒരുപോലെ ദിവ്യപ്രബോധനത്തിനു ചെവികൊടുക്കാനും ദൈവത്തെ ഭയപ്പെടാൻ പഠിക്കാനും അവന്റെ വഴികളിൽ നടക്കാനും കഴിയും.​—⁠ആവർത്തനപുസ്‌തകം 31:12.

യഹോവയെ ഭയപ്പെടുന്ന ഏവനും സന്തുഷ്ടൻ

15. യഹോവാഭയം ദൈവത്തോടുള്ള നമ്മുടെ ആരാധനയുമായി ബന്ധപ്പെട്ടിരിക്കുന്നത്‌ ഏതു വിധങ്ങളിൽ?

15 ഇതിൽനിന്നെല്ലാം, ദൈവഭയം യഹോവയെ ആരാധിക്കുന്നതിലെ ഒരു അടിസ്ഥാന ഘടകം ആയതിനാൽ നാമെല്ലാം ആരോഗ്യാവഹമായ ആ മനോഭാവം നട്ടുവളർത്തേണ്ടതാണെന്നു കാണാൻ കഴിയും. അത്‌ അവനിൽ പൂർണമായി ആശ്രയിക്കുന്നതിനും അവന്റെ വഴികളിൽ നടക്കുന്നതിനും അവനോടു ചേർന്നിരിക്കുന്നതിനും നമ്മെ പ്രേരിപ്പിക്കുന്നു. കൂടാതെ, യേശുക്രിസ്‌തുവിന്റെ കാര്യത്തിൽ സത്യമായിരുന്നതു പോലെ, ദൈവഭയത്തിന്‌ ഇന്നും എന്നും നമ്മുടെ സമർപ്പണ പ്രതിജ്ഞയ്‌ക്കു ചേർച്ചയിൽ ജീവിക്കാൻ നമ്മെ പ്രേരിപ്പിക്കാനാകും.

16. തന്നെ ഭയപ്പെടാൻ യഹോവ നമ്മെ പ്രോത്സാഹിപ്പിക്കുന്നത്‌ എന്തുകൊണ്ട്‌?

16 ദൈവഭയം ഒരിക്കലും ഭീതിദമോ കൂച്ചുവിലങ്ങിടുന്നതോ അല്ല. “യഹോവയെ ഭയപ്പെട്ടു, അവന്റെ വഴികളിൽ നടക്കുന്ന ഏവനും ഭാഗ്യവാൻ [“സന്തുഷ്ടൻ,” NW]” എന്നു ബൈബിൾ ഉറപ്പു നൽകുന്നു. (സങ്കീർത്തനം 128:⁠1) ദൈവഭയം നമുക്ക്‌ ഒരു സംരക്ഷണമായിരിക്കുമെന്ന്‌ അറിയാവുന്നതിനാൽ ആ ഗുണം നട്ടുവളർത്താൻ യഹോവ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. മോശെയോടുള്ള പിൻവരുന്ന വാക്കുകളിൽ അവന്റെ സ്‌നേഹപൂർവകമായ കരുതൽ പ്രകടമാണ്‌: “അവർക്കും [ഇസ്രായേല്യർക്കും] അവരുടെ മക്കൾക്കും എന്നേക്കും നന്നായിരിപ്പാൻ അവർ എന്നെ ഭയപ്പെടേണ്ടതിന്നും എന്റെ കല്‌പനകളൊക്കെയും പ്രമാണിക്കേണ്ടതിന്നും ഇങ്ങനെയുള്ള ഹൃദയം അവർക്കു എപ്പോഴും ഉണ്ടായിരുന്നുവെങ്കിൽ എത്ര നന്നു.”​—⁠ആവർത്തനപുസ്‌തകം 5:29.

17. (എ) ദൈവത്തെ ഭയപ്പെടുന്നതിൽനിന്നു നമുക്ക്‌ എന്തെല്ലാം പ്രയോജനങ്ങൾ ലഭിക്കുന്നു? (ബി) ദൈവഭയത്തിന്റെ ഏതു വശങ്ങൾ അടുത്ത ലേഖനത്തിൽ പരിചിന്തിക്കുന്നതാണ്‌?

17 സമാനമായി, യഹോവാഭയമുള്ള ഒരു ഹൃദയം നാം വളർത്തിയെടുക്കുന്നത്‌ നമ്മുടെ നന്മയിൽ കലാശിക്കും. എങ്ങനെ? ഒന്നാമതായി, അത്തരമൊരു മനോഭാവം ദൈവത്തെ പ്രസാദിപ്പിക്കുകയും നമ്മെ അവനോട്‌ അടുപ്പിക്കുകയും ചെയ്യും. “തന്റെ ഭക്തന്മാരുടെ [“തന്നെ ഭയപ്പെടുന്നവരുടെ,” NW] ആഗ്രഹം അവൻ സാധിപ്പിക്കും; അവരുടെ നിലവിളി കേട്ടു അവരെ രക്ഷിക്കും” എന്ന്‌ ദാവീദിന്‌ സ്വന്തം അനുഭവത്തിൽനിന്ന്‌ അറിയാമായിരുന്നു. (സങ്കീർത്തനം 145:19) രണ്ടാമത്‌, ദൈവഭയം ദോഷത്തോടുള്ള നമ്മുടെ മനോഭാവത്തെ സ്വാധീനിക്കുമെന്നതിനാൽ അതു നമുക്കു പ്രയോജനം ചെയ്യും. (സദൃശവാക്യങ്ങൾ 3:⁠7) ഈ ഭയം നമ്മെ ആത്മീയ അപകടത്തിൽനിന്നു രക്ഷിക്കുന്നത്‌ എങ്ങനെയെന്ന്‌ അടുത്ത ലേഖനം ചർച്ച ചെയ്യും. കൂടാതെ, ദൈവത്തെ ഭയപ്പെട്ട്‌ ദോഷത്തിൽനിന്നു വിട്ടുമാറിയ ചിലരുടെ തിരുവെഴുത്തു ദൃഷ്ടാന്തങ്ങളും അതു പരിചിന്തിക്കും.

[അടിക്കുറിപ്പ്‌]

^ ഖ. 1 ഐക്യരാഷ്‌ട്ര പൊതുസഭ 1948 ഡിസംബർ 10-ന്‌ സാർവലൗകിക മനുഷ്യാവകാശ പ്രഖ്യാപനം അംഗീകരിച്ചു.

നിങ്ങൾക്ക്‌ ഉത്തരം നൽകാമോ?

• എന്താണ്‌ ദൈവഭയം, അതു നമ്മെ എങ്ങനെ ബാധിക്കുന്നു?

• ദൈവത്തെ ഭയപ്പെടുന്നതും അവനോടുകൂടെ നടക്കുന്നതും തമ്മിലുള്ള ബന്ധമെന്ത്‌?

• ദൈവഭയം ദൈവത്തോടുള്ള സ്‌നേഹവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന്‌ യേശുവിന്റെ ദൃഷ്ടാന്തം എങ്ങനെ പ്രകടമാക്കുന്നു?

• നമുക്ക്‌ ഏതെല്ലാം വിധങ്ങളിൽ ദൈവഭയമുള്ള ഒരു ഹൃദയം വളർത്തിയെടുക്കാൻ കഴിയും?

[അധ്യയന ചോദ്യങ്ങൾ]

[17-ാം പേജിലെ ചിത്രം]

ന്യായപ്രമാണത്തിന്റെ വ്യക്തിപരമായ ഒരു പകർപ്പ്‌ ഉണ്ടാക്കി അതു ദിവസവും വായിക്കാൻ ഇസ്രായേല്യ രാജാക്കന്മാരോടു കൽപ്പിച്ചിരുന്നു

[18-ാം പേജിലെ ചിത്രം]

ഒരു കുട്ടി തന്റെ പിതാവിൽ ആശ്രയിക്കുന്നതു പോലെ യഹോവയിൽ ആശ്രയിക്കാൻ ദൈവഭയം നമ്മെ പ്രേരിപ്പിക്കുന്നു

[15-ാം പേജിലെ ചിത്രത്തിന്‌ കടപ്പാട്‌]

നക്ഷത്രങ്ങൾ: Photo by Malin, © IAC/RGO 1991