വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

യിരെമ്യാവു 7:​16-ൽ രേഖപ്പെടുത്തിയിരിക്കുന്ന ദൈവത്തിന്റെ നിർദേശം, തന്റെ പാപഗതി സംബന്ധിച്ച്‌ അനുതാപമില്ലാഞ്ഞതിനാൽ സഭയിൽനിന്നു പുറത്താക്കപ്പെട്ട ഒരു വ്യക്തിക്കു വേണ്ടി ക്രിസ്‌ത്യാനികൾ പ്രാർഥിക്കരുതെന്ന്‌ അർഥമാക്കുന്നുണ്ടോ?

അവിശ്വസ്‌ത യഹൂദയ്‌ക്കെതിരെ ന്യായവിധി പ്രഖ്യാപിച്ച ശേഷം യഹോവ യിരെമ്യാവിനോടു പറഞ്ഞു: “നീ ഈ ജനത്തിന്നു വേണ്ടി പ്രാർത്ഥിക്കരുതു; അവർക്കു വേണ്ടി യാചനയും പ്രാർത്ഥനയും കഴിക്കരുതു; എന്നോടു പക്ഷവാദം ചെയ്‌കയുമരുതു; ഞാൻ നിന്റെ അപേക്ഷ കേൾക്കയില്ല.”​—⁠യിരെമ്യാവു 7:16.

ഇസ്രായേല്യർക്കായി പ്രാർഥിക്കരുതെന്ന്‌ യഹോവ യിരെമ്യാവിനോടു പറഞ്ഞത്‌ എന്തുകൊണ്ടാണ്‌? വ്യക്തമായും, ന്യായപ്രമാണത്തോടുള്ള അവരുടെ കടുത്ത അനുസരണക്കേടായിരുന്നു അതിനു കാരണം. അവർ പരസ്യമായി, നിർലജ്ജം ‘മോഷ്ടിക്കയും കൊലചെയ്‌കയും വ്യഭിചരിക്കയും കള്ളസ്സത്യം ചെയ്‌കയും ബാലിന്നു ധൂപം കാട്ടുകയും തങ്ങൾ അറിയാത്ത ദേവന്മാരോടു ചെന്നു ചേരുകയും ചെയ്‌തു.’ തത്‌ഫലമായി യഹോവ അവിശ്വസ്‌ത യഹൂദന്മാരോടു പറഞ്ഞു: “നിങ്ങളുടെ സകലസഹോദരന്മാരുമായ എഫ്രയീംസന്തതിയെ ഒക്കെയും ഞാൻ തള്ളിക്കളഞ്ഞതുപോലെ നിങ്ങളെയും എന്റെ മുമ്പിൽനിന്നു തള്ളിക്കളയും.” ഈ ന്യായവിധിക്കു മാറ്റം വരുത്താൻ യിരെമ്യാവോ മറ്റാരെങ്കിലുമോ പ്രാർഥിക്കുന്നത്‌ തീർച്ചയായും ഉചിതമായിരിക്കുമായിരുന്നില്ല.​—⁠യിരെമ്യാവു 7:​9, 15.

ഇതിനോടുള്ള ചേർച്ചയിൽ ദൈവത്തോടുള്ള ഉചിതമായ പ്രാർഥന ഏതു വിധത്തിൽ ഉള്ളതായിരിക്കണം എന്നതു സംബന്ധിച്ച്‌ അപ്പൊസ്‌തലനായ യോഹന്നാൻ എഴുതി. ആദ്യം അവൻ ക്രിസ്‌ത്യാനികൾക്ക്‌ ഈ ഉറപ്പു നൽകി: “അവന്റെ ഇഷ്ടപ്രകാരം നാം എന്തെങ്കിലും അപേക്ഷിച്ചാൽ അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു.” (1 യോഹന്നാൻ 5:14) തുടർന്ന്‌, മറ്റുള്ളവർക്കുവേണ്ടി പ്രാർഥിക്കുന്നതിനെ കുറിച്ച്‌ യോഹന്നാൻ ഇങ്ങനെ പറഞ്ഞു: “സഹോദരൻ മരണത്തിന്നല്ലാത്ത പാപം ചെയ്യുന്നതു ആരെങ്കിലും കണ്ടാൽ അപേക്ഷിക്കാം; ദൈവം അവന്നു ജീവനെ കൊടുക്കും; മരണത്തിന്നല്ലാത്ത പാപം ചെയ്യുന്നവർക്കു തന്നേ; മരണത്തിന്നുള്ള പാപം ഉണ്ടു; അതിനെക്കുറിച്ചു അപേക്ഷിക്കേണം എന്നു ഞാൻ പറയുന്നില്ല.” (1 യോഹന്നാൻ 5:16) ക്ഷമ ലഭിക്കുകയില്ലാത്ത പാപത്തെ കുറിച്ച്‌, അതായത്‌ പരിശുദ്ധാത്മാവിന്‌ എതിരെയുള്ള പാപത്തെ കുറിച്ച്‌, യേശുവും പറയുകയുണ്ടായി.​—⁠മത്തായി 12:​31, 32.

അനുതാപമില്ലാതെ പാപഗതിയിൽ തുടർന്നതിന്റെ പേരിൽ ക്രിസ്‌തീയ സഭയിൽനിന്നു പുറത്താക്കപ്പെട്ടവരെല്ലാം “മരണത്തിന്നുള്ള പാപം” ചെയ്‌തവരാണെന്നും അവർക്കായി പ്രാർഥിക്കരുതെന്നും ഇത്‌ അർഥമാക്കുന്നുവോ? അവശ്യം അങ്ങനെ ആയിരിക്കുന്നില്ല. എന്തുകൊണ്ടെന്നാൽ ചില സാഹചര്യങ്ങളിൽ അവരുടെ പാപങ്ങൾ മരണത്തിന്നുള്ള പാപം അല്ല. വാസ്‌തവത്തിൽ, അവ അങ്ങനെയാണോ അല്ലയോ എന്നു പറയുക ബുദ്ധിമുട്ടാണ്‌. യഹൂദ രാജാവായിരുന്ന മനശ്ശെയുടെ ദൃഷ്ടാന്തം അതു വ്യക്തമാക്കുന്നു. അവൻ വ്യാജ ദൈവങ്ങൾക്കു ബലിപീഠങ്ങൾ പണിതു, സ്വന്തം പുത്രന്മാരെ അഗ്നിപ്രവേശം ചെയ്യിച്ചു, ആത്മവിദ്യയിൽ ഏർപ്പെട്ടു, യഹോവയുടെ ആലയത്തിൽ ഒരു വിഗ്രഹം പ്രതിഷ്‌ഠിച്ചു. എന്തിന്‌, മനശ്ശെയും അവന്റെ ജനവും “യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു നശിപ്പിച്ച ജാതികളെക്കാളും അധികം ദോഷം” ചെയ്‌തുവെന്ന്‌ ബൈബിൾ പറയുന്നു. ഇതെല്ലാം നിമിത്തം യഹോവ മനശ്ശെയെ ശിക്ഷിച്ചു. അവനെ ചങ്ങലകൊണ്ടു ബന്ധിച്ചു ബാബിലോണിലേക്കു കൊണ്ടുപോകാൻ യഹോവ ഇടയാക്കി.​—⁠2 രാജാക്കന്മാർ 21:​1-9; 2 ദിനവൃത്താന്തം 33:​1-11.

മനശ്ശെയുടെ പാപങ്ങൾ വളരെ ഗുരുതരം ആയിരുന്നെങ്കിലും, മരണത്തിനുള്ളവ ആയിരുന്നോ? അല്ലായിരുന്നു. കാരണം അവനെ കുറിച്ചുള്ള വിവരണം തുടർന്ന്‌ ഇങ്ങനെ പറയുന്നു: “കഷ്ടത്തിൽ ആയപ്പോൾ അവൻ തന്റെ ദൈവമായ യഹോവയോടു അപേക്ഷിച്ചു. തന്റെ പിതാക്കന്മാരുടെ ദൈവത്തിന്റെ മുമ്പിൽ തന്നെത്താൻ ഏററവും താഴ്‌ത്തി അവനോടു പ്രാർത്ഥിച്ചു. അവൻ അവന്റെ പ്രാർത്ഥന കൈക്കൊണ്ടു അവന്റെ യാചന കേട്ടു അവനെ വീണ്ടും യെരൂശലേമിൽ അവന്റെ രാജത്വത്തിന്നു തിരിച്ചു വരുത്തി; യഹോവതന്നേ ദൈവം എന്നു മനശ്ശെക്കു ബോധമായി.”​—⁠2 ദിനവൃത്താന്തം 33:​12, 13.

അതുകൊണ്ട്‌, ഒരാളെ സഭയിൽനിന്നു പുറത്താക്കി എന്ന കാരണത്താൽ അയാൾ മരണത്തിനുള്ള പാപമാണ്‌ ചെയ്‌തിരിക്കുന്നതെന്നു നമുക്കു നിഗമനം ചെയ്യാനാവില്ല. വ്യക്തിയുടെ യഥാർഥ ഹൃദയനില വെളിപ്പെട്ടുവരാൻ സമയം എടുത്തേക്കാം. വാസ്‌തവത്തിൽ, പലപ്പോഴും വ്യക്തമാക്കിയിട്ടുള്ളതു പോലെ, ഒരു വ്യക്തിയെ പുറത്താക്കുന്നതിന്റെ ഉദ്ദേശ്യം അയാളെ തന്റെ തെറ്റു സംബന്ധിച്ച്‌ ബോധവാനാക്കി മാനസാന്തരപ്പെട്ടു തിരിഞ്ഞുവരാൻ പ്രേരിപ്പിക്കുക എന്നതാണ്‌.

വ്യക്തി മേലാൽ സഭയുമായി സഹവസിക്കാത്തതിനാൽ അയാളുടെ ഹൃദയനിലയിലോ മനോഭാവത്തിലോ ഉണ്ടാകുന്ന ഏതെങ്കിലും മാറ്റം ആദ്യം കാണുന്നത്‌ അയാളുടെ ഇണയോ മറ്റ്‌ അടുത്ത കുടുംബാംഗങ്ങളോ ആയിരിക്കാം. അത്തരം മാറ്റങ്ങൾ നിരീക്ഷിക്കുന്നവർ അയാളുടേത്‌ മരണത്തിനുള്ള പാപമല്ല എന്നു നിഗമനം ചെയ്‌തേക്കാം. പാപി ദൈവത്തിന്റെ നിശ്വസ്‌ത വചനത്തിൽനിന്നു ശക്തി ഉൾക്കൊള്ളാൻ ഇടയാകേണമേയെന്നും യഹോവ തന്റെ ഹിതപ്രകാരം അയാളോട്‌ ഇടപെടേണമേയെന്നും പ്രാർഥിക്കാൻ അവർ പ്രേരിതരായേക്കാം.​—⁠സങ്കീർത്തനം 44:21; സഭാപ്രസംഗി 12:14.

പാപി അനുതപിച്ചു എന്നുള്ളതിന്‌ തക്കതായ തെളിവുകൾ കാണാൻ കഴിയുന്ന ഒരു സാഹചര്യത്തിലായിരിക്കാം ചിലരെങ്കിലും, മൊത്തം സഭയുടെ കാര്യത്തിൽ അത്‌ അങ്ങനെയായിരിക്കണമെന്നില്ല. പുറത്താക്കപ്പെട്ട വ്യക്തിക്കായി പരസ്യമായി പ്രാർഥിക്കുന്നെങ്കിൽ, അത്‌ അവരെ ആശയക്കുഴപ്പത്തിലാക്കുകയോ വിഷമിപ്പിക്കുകയോ ഇടറിക്കുക പോലുമോ ചെയ്‌തേക്കാം. അതുകൊണ്ട്‌ പാപിക്കുവേണ്ടി പ്രാർഥിക്കാൻ പ്രേരണ തോന്നുന്നവർ അതു സ്വകാര്യമായി മാത്രം ചെയ്യാൻ ശ്രദ്ധിക്കേണ്ടതാണ്‌. മറ്റു കാര്യങ്ങൾ സഭയിൽ ഉത്തരവാദിത്വം വഹിക്കുന്ന മൂപ്പന്മാർക്കു വിട്ടുകൊടുക്കാവുന്നതാണ്‌.

[31-ാം പേജിലെ ചിത്രം]

മനശ്ശെ യഹോവയുടെ മുമ്പാകെ തന്നെത്തന്നെ താഴ്‌ത്തിയപ്പോൾ അവന്റെ കടുത്ത പാപങ്ങൾക്കു ക്ഷമ ലഭിച്ചു

[30-ാം പേജിലെ ചിത്രത്തിന്‌ കടപ്പാട്‌]

Reproduced from Illustrierte Pracht - Bibel/Heilige Schrift des Alten und Neuen Testaments, nach der deutschen Uebersetzung D. Martin Luther’s